മേരിക്കയില്‍ നിന്നുള്ള സിനിമാവിശേഷങ്ങളെഴുതുമ്പോള്‍ മറക്കാനാവാത്ത മറ്റൊരു സിനിമയാണ് എബിസിഡി. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് അമേരിക്കയില്‍ ഷൂട്ട് ചെയ്യുന്ന ആദ്യത്തെ മലയാളം സിനിമകൂടിയാണത്. ദുല്‍ഖര്‍ സല്‍മാനായിരുന്നു നായകന്‍. നായിക അപര്‍ണ. ഒരു ചെറിയ വേഷം ചെയ്യാന്‍ ഞാനുമുണ്ടായിരുന്നു. വേഷം ചെറുതായിരുന്നെങ്കിലും നവംബറിലെ തണുപ്പില്‍ കൂടുതല്‍ ദിവസങ്ങള്‍ ന്യൂജേഴ്‌സി ഭാഗങ്ങളില്‍ തങ്ങേണ്ടിവന്നു. എന്റെ ഷൂട്ട് അധികവും അമേരിക്കക്കാരന്‍ ഡേവിഡ് കയ്‌സിന്റെ വലിയ ബംഗ്ലാവില്‍വച്ചായിരുന്നു. ന്യൂജേഴ്‌സിയില്‍ത്തന്നെ വര്‍ഷങ്ങളായി താമസിക്കുന്ന ദിലീപ് വര്‍ഗീസാണ് ആ വീട് ഏര്‍പ്പാടാക്കിത്തന്നത്. എന്‍ജിനീയറായ അദ്ദേഹമിപ്പോള്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുടമയാണ്.

To advertise here,

ദുല്‍ഖര്‍ സല്‍മാനും ലാലു അലക്‌സും അമേരിക്കയിലുള്ള മറ്റു താരങ്ങളായ സജിനിയും ഗ്രിഗറിയും ജോസ്‌കുട്ടിയുമൊക്കെ അവിടെയുണ്ടായിരുന്നു. തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഗാരേജില്‍ ഒരു ഹീറ്ററുണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ മാത്രമല്ല, ഷൂട്ടിങ്ങിന്റെ ഇടവേളകളിലും എല്ലാവരും ആ ഹീറ്ററിനു ചുറ്റും കൂടിയിരിക്കും. നാട്ടില്‍ നിന്ന് വരുന്നവര്‍ക്ക് അവിടുത്തെ ചെറിയ തണുപ്പുപോലും അസഹനീയമായിരുന്നു. 

Also Read

placeholder
എബിസിഡിയുടെ ലൊക്കേഷനില്‍ ലാലുഅലക്‌സ്, സജിനി സക്കറിയ
എന്നിവരോടൊപ്പം തമ്പി ആന്റണി

വീട്ടുടമ അവിടെയില്ലാത്ത കുറച്ചു കാലത്തേയ്ക്കാണ് വീട് ഷൂട്ടിങ്ങിന്  കൊടുത്തിരുന്നത്. ആ നിശ്ചിതസമയം കഴിഞ്ഞ് ഷൂട്ടിങ് തുടർന്നാൽ അയാള്‍ക്ക് ഇഷ്ടമാവില്ലെന്ന് ഇടനിലക്കാരനായിരുന്ന അനിയന്‍ ജോര്‍ജ്ജ് പറഞ്ഞിരുന്നു. നമ്മൾ ഇന്ത്യക്കാരുടെ ഉപബോധമനസ്സില്‍പ്പോലും അങ്ങനെയൊരു സമയനിഷ്ഠയില്ലല്ലോ! ആദ്യ ദിവസം വൈകുന്നേരം അയാള്‍ വന്നപ്പോള്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ആക്ഷനും കട്ടും പറഞ്ഞുതുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഷൂട്ടിങ് പല കാരണങ്ങള്‍കൊണ്ട് അപ്പോഴാണ്  തുടങ്ങാന്‍ സാധിച്ചത്. നമ്മുടെ സിനിമയ്ക്ക് അതൊന്നും പുതുമയല്ലെന്ന് അമേരിക്കക്കാരന് അറിയില്ലല്ലോ! അയാള്‍ കോപിച്ച്, 'ഗെറ്റൗട്ട് ബാസ്റ്റാഡ്‌സ്' എന്നലറി. അവസാനം കാലുപിടിച്ച്, ദിലീപ് വര്‍ഗീസിനെ വിളിച്ച്പറഞ്ഞു.  അങ്ങനെ ഒരുവിധം എടുക്കാനിരുന്ന രണ്ടു സീന്‍ പൂര്‍ത്തിയായി. അടുത്ത ദിവസം ഇതു പാടില്ല, കൃത്യം അഞ്ചുമണിക്ക് അയാളെത്തുമ്പോഴേക്കും സ്ഥലം കാലിയാക്കണമെന്നൊരു താക്കീതും കൊടുത്തു. ഉടമയുടെ മകള്‍ കാതി കയ്‌സ് സിനിമയില്‍ ഒരു വേഷം ചെയ്യാമെന്നേറ്റിരുന്നു. അവള്‍ ഒരുവര്‍ഷം മിസ് ന്യൂജേഴ്‌സിയായിരുന്നുവെന്ന് സജിനി പറഞ്ഞു. അവളുടെ ചിത്രം മാര്‍ട്ടിന്‍ പ്രക്കാട്ട് നേരത്തെ കണ്ടിരുന്നു. അതുകൊണ്ട് ഉടമയെ സോപ്പിടാമെന്നാണ് എല്ലാവരും കരുതിയത്. എന്തായാലും അവള്‍കൂടി ഇടപെട്ടതുകൊണ്ട് ആദ്യദിവസം അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. പിറ്റേ ദിവസമാണ്  പ്രശ്‌നം ഗുരുതരമായത്. അയാള്‍ വന്നപ്പോള്‍ ഷൂട്ടിങ് തകര്‍ത്തുനടക്കുകയാണ്. മാത്രമല്ല, അയാളുടെ   ഒരുലക്ഷം ഡോളർ വിലവരുന്ന ഡൈനിങ് ടേബിളില്‍ കമിഴ്ന്നുകിടന്ന് ആരൊക്കെയോ ഉറങ്ങുന്നു! അതോടെ ഡേവിഡിന് ദേഷ്യമായി. വിലകൂടിയ മേശയ്ക്ക് ചെറിയ പോറല്‍ വീണതുപോലും അയാള്‍ കണ്ടുപിടിച്ചിരുന്നു. ക്ഷുഭിതനായ ഡേവിഡ് അലറിക്കൊണ്ട് ബേസ്‌മെന്റില്‍പ്പോയി തോക്കെടുത്തുകൊണ്ടുവന്നു! 
'ഓള്‍ ഓഫ് യു ഗെറ്റൗട്ട് നൗ ഓര്‍ ഐ വില്‍ ഷൂട്ട് യൂ ബാസ്റ്റാഡ്‌സ്!' എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അയാൾ അലറി.

അപ്രതീക്ഷിതമായിരുന്നു അയാളുടെ ആ പെരുമാറ്റം. എല്ലാവരും അന്തംവിട്ടുപോയി. ദുല്‍ഖര്‍ ഒന്നുമറിയാത്ത മട്ടില്‍ നിലത്തിരുന്നു ലാപ്‌ടോപ്പില്‍ എന്തോ കാണുകയായിരുന്നു. പടത്തിലെ നായകനല്ലേ, അവിടെത്തന്നെ ഇരുന്നാലും വലിയ കുഴപ്പമില്ലെന്ന് ഓര്‍ത്തിരിക്കാം. ബാക്കിയുള്ളവരെല്ലാം പേടിച്ച് വീടിന് വെളിയിലിറങ്ങി തണുത്ത കാറ്റില്‍ മരവിച്ചു നില്‍ക്കുകയായിരുന്നു. ഉടമ അലറിക്കൊണ്ട് ദുല്‍ഖറിനോട്, 'വൈ ആര്‍ യു ഹിയര്‍' എന്നു ചോദിച്ചു. ദുല്‍ഖര്‍ വിനയപൂര്‍വം, പടത്തിലെ നായകനാണെന്ന് പറഞ്ഞു. ഉടനെ ദുല്‍ഖറിനുനേരെ തോക്ക്ചൂണ്ടി അയാള്‍ പ്രഖ്യാപിച്ചു: 

'ഐ ഡോണ്ട് കെയര്‍ ഹു യൂ ആര്‍. ഐ വില്‍ ഷൂട്ട് യു ഇഫ് യു സ്റ്റേ ഇന്‍സൈഡ് ദ ഹൗസ്!'

അതു കേട്ടപ്പോള്‍ത്തന്നെ മാര്‍ട്ടിന്‍ ദുല്‍ഖറിനെയും ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണിനെയുംകൂട്ടി പുറത്തിറങ്ങി. പടത്തിന്റെ കോസ്റ്റ്യൂമര്‍ രഞ്ജിത് അമ്പാടി അവിടെ മുറിയുടെ മൂലയില്‍ നിന്ന് തുണികള്‍ തേയ്ക്കുന്ന തിരക്കിലായിരുന്നു. തോക്ക് കണ്ടപ്പോള്‍ത്തന്നെ അമ്പാടിയും എല്ലാമിട്ടെറിഞ്ഞ്, ഗാരേജിലേക്കോടി. ആകെപ്പാടെ നന്നായി ഒന്നു ചിരിക്കാനുള്ള വകയുണ്ടായിരുന്നു. പക്ഷേ ചിരിച്ചുപോയാല്‍ അയാള്‍ വെടിവയ്ക്കുമെന്ന് ഉറപ്പ്. അത്രയ്ക്കു ദേഷ്യത്തിലായിരുന്നു അയാൾ! അമേരിക്കക്കാര്‍ക്കു സമയനിഷ്ഠ പാലിക്കുന്നത് വളരെ നിര്‍ബന്ധമുള്ള കാര്യമാണെന്നറിയാമായിരുന്നു. എങ്കിലും അതു നേരിട്ടനുഭവിച്ചത് അന്നാണ്.

തോക്കൊക്കെ വെറുതെ പേടിപ്പിക്കാനായിരുന്നുവെന്നാണ് അസോസിയേറ്റായിരുന്ന ലിനു ആന്റണി അന്ന് പറഞ്ഞത്. ഞങ്ങളും അങ്ങനെതന്നെയാണ് കരുതിയത്. പക്ഷേ സത്യമതല്ല. ഡേവിഡ് കയ്‌സ് അരക്കിറുക്കനാണെന്നും വേണ്ടിവന്നാല്‍ വെടിവയ്ക്കുക തന്നെ ചെയ്യുമെന്നും അങ്ങനെ ഏതോ ജോലിക്കാരനെ കൊന്നിട്ടുണ്ടെന്നുമൊക്കെ പിന്നീട് കേട്ടു. ആരെക്കൊന്നാലും അയാള്‍ പുല്ലുപോലെ രക്ഷപ്പെടുമെന്ന് അനിയന്‍ ജോര്‍ജ്ജ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിന്റെ അടുത്ത കൂട്ടുകാരനാണത്രേ! അത്രയും രാഷ്ട്രീയ പിടിപാടുണ്ട്. അതൊന്നും ഞങ്ങള്‍ വിശ്വസിച്ചില്ല. അമേരിക്കയില്‍ നിയമം കൈയിലെടുക്കാന്‍ പ്രസിഡന്റിനുപോലും അവകാശമില്ലെന്ന് ആര്‍ക്കാണറിയാത്തത്!  എന്തായാലും ഒന്നും സംഭവിക്കാതിരുന്നത് ഭാഗ്യം. അല്ലെങ്കില്‍ നമുക്ക് നമ്മുടെ കൊച്ചു സൂപ്പര്‍സ്റ്റാറിനെപ്പോലും നഷ്ടപ്പെടുമായിരുന്നെന്ന് അന്ന് ഞങ്ങൾ ഭയന്നിരുന്നു. 

placeholder
അപര്‍ണ,  മാര്‍ട്ടിന്‍ പ്രക്കാട്,  ജോമോന്‍ ടി ജോണ്‍, ജേക്കബ് ഗ്രിഗറി എന്നിവർ എബിസിഡിയുടെ സെറ്റിൽ

അടുത്ത ദിവസങ്ങളില്‍ എല്ലാം കൃത്യമായി നടന്നു! മറ്റു നിവൃത്തിയൊന്നുമില്ലെങ്കില്‍ സമയത്തിന്  കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് അന്നാണ് എല്ലാവര്‍ക്കും മനസ്സിലായത്! വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്നല്ലേ! 

ഡേവിഡിന്റെ ബംഗ്ലാവിന്റെ ബേസ്‌മെന്റില്‍ തോക്കുകളുടെ വലിയൊരു ശേഖരംതന്നെയുണ്ടായിരുന്നു! അയാളറിയാതെ ഞങ്ങള്‍ താഴെപ്പോയി നോക്കിക്കണ്ടതാണ്. അപ്പോഴാണ് സംഗതിയുടെ ഗൗരവം മനസ്സിലായത്. ഡേവിഡ് കയ്‌സ് എന്ന വെള്ളക്കാരനായ ആജാനുബാഹു ഒന്നാന്തരമൊരു കടുവയാണെന്നും തിരിച്ചറിഞ്ഞു! 

അങ്ങനെ കൊച്ചുകൊച്ചു കുഴപ്പങ്ങളുണ്ടായെങ്കിലും ഷൂട്ടിങ് നിശ്ചിതസമയത്തുതന്നെ കഴിഞ്ഞു. ചിത്രം മാത്രമല്ല, ന്യൂയോര്‍ക്ക് നഗരത്തില്‍വെച്ചു കഷ്ടപ്പെട്ട് ചിത്രീകരിച്ചതും ദുല്‍ഖര്‍ സല്‍മാന്‍തന്നെ ആലപിച്ചതുമായ 'ജോണീ മോനേ' എന്ന പാട്ടും സൂപ്പര്‍ ഹിറ്റായിരുന്നു. ഗോപിസുന്ദറായിരുന്നു സംഗീതം. ചിത്രത്തിന്റെ നിര്‍മാതാവ് ഷിബു തമീന്‍സ്. 

വരും, വരാതിരിക്കില്ല അമ്പിളിച്ചേട്ടൻ

ഒരു സൂപ്പർതാരത്തിന് ജീവൻ തിരിച്ചുകിട്ടിയത് മാത്രമല്ല, മറ്റൊരു മഹാനടൻ ജീവിതത്തിലേയ്ക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ കൂടി പങ്കുവെയ്ക്കാക്കേണ്ടതുണ്ട് ഇതിനോടൊപ്പം. 'ജഗതിക്കെങ്ങനെയുണ്ട്' എന്നോ 'ജഗതി സിനിമയിലേക്ക് എന്നു തിരിച്ചുവരും' എന്നോ ചോദിക്കാത്ത ആരും ആ വലിയ കലാകാരനെ സ്‌നേഹിക്കുന്നുവരുടെ കൂട്ടത്തിലുണ്ടാവില്ല. നാട്ടില്‍ വരുമ്പോള്‍ പോയിക്കാണണമെന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള അവസരമുണ്ടായത് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന്റെ തലേന്നാണ്. തിരുവനന്തപുരത്തേക്ക് പോകുന്നതിനുമുമ്പ് ആദ്യം വിളിച്ചത് സംവിധായകന്‍ ആര്‍.ശരത്തിനെയാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ കൈരളി ചാനലിന്റെ ഡയറക്ടര്‍ ഇ.എം അഷറഫുമുണ്ടായിരുന്നു. അഷറഫും ഞങ്ങളോടൊപ്പം വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഉടന്‍തന്നെ, 'ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി' എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനായ തൊടുപുഴയില്‍നിന്ന് ഞാന്‍ യാത്രതിരിച്ചു. ആ സമയത്ത് ഏഷ്യാനെറ്റില്‍നിന്ന് അനില്‍ അടൂര്‍ വിളിച്ചു. തിരക്കുമൂലം അദ്ദേഹത്തിന് വരാന്‍ പറ്റില്ലെന്നറിയിച്ചെങ്കിലും സ്റ്റുഡിയോയിലുണ്ടായിരുന്ന, പ്രസിദ്ധനായ മോഹനവീണാ വിദഗ്ദ്ധന്‍ പോളി വര്‍ഗീസ് ഞങ്ങള്‍ക്കൊപ്പം വരുന്നുണ്ടെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ രണ്ടു സംഘങ്ങളായി ജഗതി ശ്രീകുമാറിന്റെ വീട്ടിലേക്കു തിരിച്ചു. 

placeholder
ജഗതിശ്രീകുമാറിന് മുന്നിൽ പോളി വർഗീസ് മോഹനവീണ മീട്ടുന്നു. തമ്പി ആന്റണി, ആർ.ശരത് എന്നിവർ സമീപം

ഇത്രയധികംപേര്‍ ഒന്നിച്ചുചെന്നാല്‍ എന്തായിരിക്കും അദ്ദേഹത്തിന്റെ പ്രതികരണമെന്നു ചിന്തിച്ച് ആകുലതപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്നു തോന്നി. എങ്കിലും മരുമകന്‍ ഷോണിനെ വിളിച്ച് ഞങ്ങളുടെ സന്ദര്‍ശനത്തിന്റെ വിവരമറിയിക്കണമെന്ന് പറഞ്ഞിരുന്നു. കാരണം, വീട്ടുകാര്‍ക്ക് വെറുതെ ബുദ്ധിമുട്ടുണ്ടാക്കുന്നത് ശരിയല്ലല്ലോ! 

ഏതാണ്ടു മൂന്നരമണിക്കാണ് ഞങ്ങളാ വീട്ടുമുറ്റത്തെത്തിയത്. ആഗതരെ പ്രതീക്ഷിച്ചിട്ടെന്നതുപോലെ ജോലിക്കാരിലാരോ വാതില്‍ക്കല്‍ നില്‍പ്പുണ്ടായിരുന്നു. ഞങ്ങളെ ആദരപൂര്‍വം അകത്തേക്കു വിളിച്ച്, ഇരിക്കാന്‍ പറഞ്ഞു. ഭാര്യ ശോഭ വന്ന്, 'ഉടനെ വരും, ഒന്നു റെഡിയാകുന്നു' എന്നു പറഞ്ഞു. അഞ്ചു മിനിറ്റിനകം, ആദ്യം കണ്ട ജോലിക്കാരന്‍ വീല്‍ച്ചെയറിലിരുത്തി അദ്ദേഹത്തെ കൊണ്ടുവന്നു. കണ്ടപ്പോള്‍ത്തന്നെ ജഗതി ശ്രീകുമാറെന്ന ഞങ്ങളുടെ അമ്പിളിച്ചേട്ടന്റെ മുഖത്ത് ഒരു ചെറുപുഞ്ചിരിയുണ്ടായിരുന്നതുപോലെ തോന്നി. പിന്നീട് വലിയ ഭാവവ്യത്യാസമൊന്നും മുഖത്തുണ്ടാകാതിരുന്നതുകൊണ്ട് എനിക്കല്‍പ്പം വിഷമം തോന്നി. പിന്നീട് അടുത്തുചെന്ന് കൈ പിടിച്ച് ഞാനുറക്കെ പേരുപറഞ്ഞ്, മനസ്സിലായോ എന്നു ചോദിച്ചു. അപ്പോള്‍ നന്നായി പുഞ്ചിരിച്ച് തലയാട്ടി. എന്റെ സിനിമാജീവിതത്തില്‍ വളരെ സന്തോഷം നല്‍കിയ സംഭവമായിരുന്നു ആ പരിചയംപുതുക്കല്‍. എങ്കിലും ഏതു വിഷയത്തെക്കുറിച്ചും വാതോരാതെ സംസാരിച്ചിരുന്ന അമ്പിളിച്ചേട്ടന്റെ ഇപ്പോഴത്തെ അവസ്ഥകണ്ട് ഞങ്ങളുടെയെല്ലാം മനസ്സുകള്‍ തേങ്ങി. അത് ആര്‍ക്കും സഹിക്കാവുന്നതിനപ്പുറമാണ്. ഓരോരുത്തരായി പരിചയം പുതുക്കിയപ്പോഴൊക്കെയും ഓരോ പുഞ്ചിരി സമ്മാനിച്ചു. അതുകൊണ്ടുതന്നെ എല്ലാമറിയുന്നുണ്ടെന്ന് എനിക്കു മനസ്സിലായി. അങ്ങനെയെങ്കില്‍ ആ വലിയ മനസ്സിന് എങ്ങനെ ഇതെല്ലാം താങ്ങാന്‍ കഴിയുന്നുവെന്നാണ് എല്ലാവരും സ്വയം ചോദിച്ചത്. 

എഴുതാന്‍ കഴിയുന്നുണ്ടോ എന്നു ഞാന്‍ ശോഭയോടു ചോദിച്ചു. ഇടതുകൈകൊണ്ടു കഷ്ടിച്ചു തുടങ്ങിവയ്ക്കും, പക്ഷേ പൂര്‍ത്തിയാക്കാന്‍ പറ്റില്ല എന്നു പറഞ്ഞു. എങ്കിലുമത് പ്രതീക്ഷയ്ക്ക്  വകനല്‍കുന്നു. പൂര്‍ണാരോഗ്യവാനായി തിരിച്ചുവന്നില്ലെങ്കില്‍പ്പോലും സ്വന്തം കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവെങ്കിലുമുണ്ടായാല്‍ മതിയെന്നാണ് അവരുടെ പ്രാര്‍ഥന. കഷ്ടിച്ച് എഴുന്നേറ്റുനില്‍ക്കും. വടി കുത്തി നടക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. വെല്ലൂരില്‍നിന്നുള്ള ചികിത്സയുടെ ഭാഗമായി അവിടെനിന്നുള്ള ഒരു അറ്റന്‍ഡര്‍ കൂടെയുണ്ട്. ഫിസിയോതെറാപ്പിസ്റ്റ് എന്നും നാലരയാകുമ്പോള്‍ എത്തുമെന്നു പറഞ്ഞു. അതിനുമുമ്പ് അവിടെനിന്നിറങ്ങാനുള്ള തയ്യാറെടുപ്പിലായി, ഞങ്ങള്‍.

പോളി വര്‍ഗീസ് നേരത്തേ പ്ലാന്‍ ചെയ്തതുപോലെ മോഹനവീണ ബാഗില്‍നിന്നു പുറത്തെടുത്തു. അമ്പിളിച്ചേട്ടനോടു പാടാന്‍ പോകുന്ന പാട്ടിന്റെ ഭാഗം പറഞ്ഞു. അപ്പോഴും ചെറുതായൊന്നു തലയാട്ടി. വീണ വായിച്ചപ്പോള്‍ അതാസ്വദിക്കുന്നതുപോലെ തോന്നി. ഇടയ്ക്കിടെ കണ്ണടയ്ക്കുന്നുണ്ടായിരുന്നു. അങ്ങനെ സംഗീതമയമായ അന്തരീക്ഷത്തില്‍ ഞങ്ങളെല്ലാവരും മതിമറന്നു. പിന്നീടാണ് ഫോട്ടോകളെടുത്തത്. അതിനും അദ്ദേഹത്തിന്റെ മൗനാനുവാദമുണ്ടായിരുന്നു. 

placeholder
പറുദീസ സിനിമയുടെ ലൊക്കേഷനില്‍ ശ്രീനിവാസന്‍, ജഗതി ശ്രീകുമാര്‍
എന്നിവരോടൊപ്പം തമ്പി ആന്റണി

എല്ലാംകൊണ്ടും അവിസ്മരണീയമായ ആ സായാഹ്നം സന്തോഷകരമായി അവസാനിച്ചു. എങ്കിലും സാഗരഗര്‍ജ്ജനംപോലെയുള്ള ആ സംഭാഷണത്തിന്റെ അഭാവം ഞങ്ങളെയെല്ലാം വേദനിപ്പിച്ചു. ഒരു നിശ്ശബ്ദസങ്കടത്തോടെയാണ് ഞങ്ങള്‍ പടിയിറങ്ങിയത്. നമ്മുടെയെല്ലാവരുടെയും അമ്പിളിച്ചേട്ടന്‍ എന്നെങ്കിലും ആരോഗ്യവാനായി തിരിച്ചുവരുമെന്നുതന്നെ പ്രതീക്ഷിക്കുന്നു.

(തുടരും)