
എന്റെയോര്മയിലെ ആദ്യത്തെ സിനിമ തീയേറ്റര്‍, പൊന്‍കുന്നത്തെ ദാസനാണ്. അറുപതുകളില്‍ ഞാനും ചേട്ടനും അനിയനും പഠിച്ചിരുന്നത് പൊന്‍കുന്നത്തെ സേക്രഡ് ഹാര്‍ട്ട് എലിമെന്ററി സ്‌കൂളിലാണ്. ദാസന്‍ തീയേറ്ററിനു തൊട്ടടുത്തുള്ള പഴയൊരു കെട്ടിടത്തിലായിരുന്നു അപ്പന്റെയും കൂട്ടുകാരുടെയും ചീട്ടുകളി ക്ലബ്ബ്. മിക്ക വെള്ളിയാഴ്ചകളിലും ഞങ്ങളെ തീയേറ്ററിലിരുത്തിയിട്ടാണ് അപ്പന്‍ ക്ലബ്ബ് ഹൗസിലേക്കു പോകുന്നത്. അങ്ങനെ എത്ര സിനിമകള്‍ കണ്ടിട്ടുണ്ടെന്നുള്ളതിനു കണക്കില്ല. അക്കാലത്ത് മലയാളം സിനിമകള്‍ കുറവായിരുന്നതുകൊണ്ട് അധികവും തമിഴ്, ഇംഗ്ലീഷ് സിനിമകളാണ് കണ്ടിരുന്നത്. എം.ജി ആറിന്റെയും ശിവാജി ഗണേശന്റെയും സിനിമകള്‍ കണ്ടുതുടങ്ങിയതന്നാണ്.
ദാസന്‍കുടുംബത്തിന്റെ ചരിത്രം പൊന്‍കുന്നത്തിന്റെ വളര്‍ച്ചയുടെയും ചരിത്രമായിരുന്നു. പിന്നീടത് ഇരുളടഞ്ഞതായി. നാല്‍പ്പതുകളില്‍ 47 ട്രക്കുകളുള്ള വന്‍കമ്പനിയുടെ ഉടമസ്ഥനായിരുന്നു ദാസന്‍ അന്തോണിച്ചേട്ടന്‍. ദാസന്‍ തീയേറ്റര്‍ ഉദ്ഘാടനത്തിന് ട്രാവന്‍കൂര്‍ സിസ്റ്റേഴ്‌സ് എന്നു പേരുകേട്ട നര്‍ത്തകിമാരെ കൊണ്ടുവന്ന് നൃത്തം ചെയ്യിച്ചതായി കേട്ടിട്ടുണ്ട്. അവരാണ് പില്‍ക്കാലത്തു സിനിമാതാരങ്ങളായ ലളിത-പത്മിനി-രാഗിണിമാര്‍.
ദാസന്‍ അന്തോണിച്ചേട്ടന്റെ പണം ഒരിക്കലും തീരില്ലെന്ന് ഒരു പറച്ചില്‍ അന്നൊക്കെ പൊന്‍കുന്നംകാരുടെയിടയില്‍ പ്രചരിച്ചിരുന്നു. പക്ഷേ, മക്കളുടെ കാലം വന്നപ്പോള്‍ എല്ലാം നഷ്ടപ്പെട്ടെന്നു കരുതപ്പെടുന്നു. ഇളയ മകന്‍ പാപ്പച്ചന്‍ അന്ന് ഒരുലക്ഷം രൂപയുമായി ജപ്പാനിലേക്ക് ഒളിച്ചോടിപ്പോയെന്നു കേട്ടിരുന്നു. അന്തോണിച്ചേട്ടന്‍ മരിക്കുമ്പോള്‍ മക്കള്‍ക്കെല്ലാം സാമാന്യം ജീവിക്കാനുള്ള സ്വത്തുണ്ടായിരുന്നു. അവയെല്ലാം ക്രമേണ കൈമോശംവന്നു. ദാസന്‍ ബസ്സുകള്‍ മറ്റാരോ ഏറ്റെടുത്തു. കടം കയറിയപ്പോള്‍ വാഹനങ്ങള്‍ ഒന്നൊന്നായി വിറ്റു. ബസ്സ് സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇപ്പോള്‍ കെ.കെ റോഡിലോടുന്ന സര്‍ക്കാര്‍ ബസ്‌റൂട്ടെല്ലാം ദാസന്റെതായിരുന്നത്രെ. അങ്ങനെ, ഒരിക്കലും തീരില്ലെന്നു പറഞ്ഞ പണം ഒരു തലമുറയ്ക്കപ്പുറംപോലും നിലനില്‍ക്കാതെപോയത് എല്ലാവരെയും അത്ഭുതപ്പെടുത്തി. പൊന്‍കുന്നംകാര്‍ക്ക് അതൊരു ഗുണപാഠവുമായിരുന്നു.

പൊന്‍കുന്നത്തെ ഏറ്റവും വലിയ ഹോട്ടല്‍ 'ദൈവസഹായ'മായിരുന്നു. ആദ്യകാലത്ത്, പേരുകൊണ്ടുതന്നെ കേരളത്തിലാകെ അറിയപ്പെടുന്ന ഒരു കൊച്ചു ചായക്കടയായിരുന്നു അത്. ചന്ദ്രന്‍ എന്ന ഉടമസ്ഥന്‍ ദൈവസഹായം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ഹോട്ടല്‍ വിപുലീകരിക്കുകയും ഏറ്റവും വലിയ ഹോട്ടലായിത്തീരുകയും ചെയ്‌തെങ്കിലും ഉടമസ്ഥനു മാത്രം മാറ്റങ്ങളൊന്നും വന്നില്ല. ഒരിക്കലും ഷര്‍ട്ടിടാത്ത, ആ വലിയ ശരീരത്തിന്റെയുടമ, വയറൊക്കെക്കാണിച്ച് ഹോട്ടലിന്റെ ലോബിയില്‍ പട്ടണത്തിലേക്കു നോക്കിനില്‍ക്കും. മരിക്കുന്നതുവരെ പൊന്‍കുന്നത്തുള്ള പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും സഹായിയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഇപ്പോള്‍ മകന്‍ മോഹനനാണ് കാര്യങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത്. ഇന്നു പൊന്‍കുന്നത്തെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നാണ് ദൈവസഹായം. അതുകൊണ്ടുതന്നെ പൊന്‍കുന്നത്തിന്റെ വളര്‍ച്ചയില്‍ ഈ ദൈവം നിര്‍ണായകപങ്ക് വഹിക്കുന്നു! ഞാനെഴുതി പ്രസിദ്ധീകരിച്ച ഒരു നാടകത്തിന്റെ പേരുതന്നെ ഡോക്ടര്‍ ദൈവസഹായം എന്നാണ്.
എണ്‍പതുകളില്‍ ഇവിടെ മറ്റൊരു ബാര്‍ഹോട്ടല്‍ വന്നു. അതാണ് 'മെഡാസ്'. തകടിയേല്‍, സ്വദേശി സ്റ്റോര്‍ എന്നീ ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളും എന്റെ ഓര്‍മയിലെ ആദ്യകടകളാണ്. ദാസനൊഴിച്ച് എല്ലാ കുടുംബബിസിനസ്സുകളും തലമുറകളായി നിലനില്‍ക്കുന്നു എന്നത് പൊന്‍കുന്നംകാര്‍ക്ക് സന്തോഷമുള്ള കാര്യമാണ്.
ഞങ്ങളുടെ കുടുംബബിസിനസ്സായിരുന്നു 'തെക്കേക്കുറ്റ് ബ്രദേഴ്‌സ്'. അപ്പനും ചേട്ടനും അനിയനുംകൂടി തുടങ്ങിയ മലഞ്ചരക്കുവ്യാപാരസ്ഥാപനമായിരുന്നു അത്. മറ്റു പ്രധാനകടകള്‍ സിഎംപി സ്റ്റോറും മുക്കിലിക്കാട്ട് സ്റ്റോറും സൈതണ്ണനുള്‍പ്പെടെയുള്ള തമിഴ്‌നാട്ടുകാരുടെ പലവകസ്ഥാപനങ്ങളുമായിരുന്നു. കേരളത്തില്‍ കൃഷി കുറഞ്ഞതോടെ മലഞ്ചരക്കുവ്യാപാരം മുഴുവനായി ഇല്ലാതായി.
ഒരുകാലത്ത് ചിറക്കടവ് പഞ്ചായത്തിലുള്ള പൊന്‍കുന്നം മുഴുവനും പഴയ നായര്‍ ജന്‍മിമാരായ മഞ്ഞപ്പള്ളി പുന്നാപറമ്പില്‍ കുടുംബക്കാരുടേതായിരുന്നത്രെ. വെറും മലയോരപ്രദേശമായ പൊന്‍കുന്നത്തേക്ക് കൃഷി ചെയ്യാനായി കുടിയേറിപ്പാര്‍ത്തവരാണ് ക്രിസ്ത്യാനികള്‍. അതിനുശേഷം കച്ചവടത്തിനായി വടക്കുനിന്ന് മുസ്ലീങ്ങളും വന്നു. എല്ലാവര്‍ക്കും വളരാന്‍ പറ്റിയ മണ്ണായിരുന്നു ഈ മലയോരപ്രദേശം.
അമ്പതുകളില്‍ കേരളത്തിലെ ഏറ്റവും നല്ല തീയേറ്ററുകളിലൊന്നായിരുന്നു ദാസന്‍ ടാക്കീസ്. ദാസന്‍ തകര്‍ന്നപ്പോള്‍, എഴുപതുകളില്‍ മഞ്ഞപ്പള്ളി കുടുംബക്കാര്‍ ഏറ്റെടുത്ത് 'ശ്രീകൃഷ്ണാ' എന്ന പേരില്‍ നടത്തിയെങ്കിലും വിജയം കണ്ടില്ല. അക്കാലത്താണ് പാവപ്പെട്ടവരുടെ കോളനിയില്‍ ഒരു താത്ക്കാലിക തീയേറ്റര്‍ വന്നത്. അതും താമസിയാതെ നിന്നുപോയി. പിന്നീടാണ് ആധുനികരീതിയിലുള്ള 'ലീലാമഹല്‍' തീയേറ്ററുണ്ടാകുന്നത്. എന്റെ മൂത്ത സഹോദരി ലീലച്ചേച്ചിയുടെ ഭര്‍ത്താവ് പുല്ലിയില്‍ കുര്യാക്കോസ് 1982 ല്‍ പണികഴിപ്പിച്ചതാണതെന്ന് മുന്‍ അധ്യായത്തില്‍ സൂചിപ്പിച്ചിരുന്നു. പൊന്‍കുന്നത്തുകാരുടെ സ്വകാര്യ അഹങ്കാരവും എന്റെ ഇളയ സഹോദരനുമായ ബാബു ആന്റണിയുടെ വൈശാലിയും മറ്റ് ആക്ഷന്‍ പടങ്ങളും ഞാന്‍ കണ്ടത് ലീലാമഹലില്‍ നിന്നാണ്. തുടക്കത്തില്‍ നല്ല രീതിയില്‍ നടത്തിയെങ്കിലും കേരളത്തിലെ സിനിമാപ്രതിസന്ധിയില്‍പ്പെട്ട് അടച്ചുപോയ തീയേറ്ററുകളുടെ കൂട്ടത്തില്‍ അതുംപെട്ടുപോയി. അത് പിന്നീട് ലീലാമഹല്‍ കല്യാണമണ്ഡപമായിമാറി. അങ്ങനെ കേരളത്തില്‍ തീയേറ്ററുകളില്ലാത്ത നഗരങ്ങളുടെ പട്ടികയിലായി പൊന്‍കുന്നവും. അടുത്ത കാലത്ത് ആധുനികരീതിയിലുള്ള ഒരു തീയേറ്റര്‍ അവിടെ പ്രവര്‍ത്തിച്ചുതുടങ്ങിയത് സന്തോഷമുള്ള കാര്യമാണ്.
പൊന്‍കുന്നത്തിന്റെ പില്‍ക്കാലവളര്‍ച്ചയില്‍ നാഴികക്കല്ലുകളായി മാറിയത് സര്‍ക്കാര്‍വക ഹൈസ്‌കൂളും ആശുപത്രികളുമാണ്. ആദ്യം ശാന്തി ഹോസ്പിറ്റലും പിന്നീട് കെവിഎം ഹോസ്പിറ്റലും ഒടുവിലായി ഡോക്ടര്‍ ജോണിന്റെ ഗുഡ് ഷെപ്പേഡും വന്നു.
എല്ലാ ജാതിമതസ്ഥരും എല്ലാക്കാലത്തും സൗഹാര്‍ദത്തോടെ കഴിയുന്ന നഗരമാണ് പൊന്‍കുന്നം. നഗരത്തിന്റെ നടുക്ക്തന്നെയാണ് ഹിന്ദുക്ഷേത്രം. ആദ്യകാലത്ത് പൊന്നമ്പലം എന്നറിയപ്പെട്ടിരുന്ന ആ ക്ഷേത്രനാമത്തില്‍നിന്നാണ് പൊന്‍കുന്നമെന്ന പേരുണ്ടായതെന്ന് പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ചിറക്കടവ് റോഡിലുള്ള മുസ്ലീം പള്ളിയും മലമുകളിലെ ക്രിസ്ത്യന്‍ ദേവാലയും മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകങ്ങളാണെന്നതില്‍ സന്ദേഹമില്ല.
സേക്രഡ് ഹാര്‍ട്ട്
പൊന്‍കുന്നം സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ അഞ്ചാം ഗ്രേഡില്‍ എന്റെ ക്ലാസ്സ്ടീച്ചറായിരുന്നു ഓമനടീച്ചര്‍. എനിക്കും കൂട്ടുകാര്‍ക്കും ഏറ്റവുമിഷ്ടമുള്ള അധ്യാപിക. എന്നോടു സവിശേഷമായൊരു വാത്സല്യവും സ്‌നേഹവുമുണ്ടായിരുന്നു. സ്ത്രീകള്‍ എങ്ങനെയിരുന്നാലാണ് സുന്ദരിമാരാവുക എന്നൊന്നും അന്നറിയില്ലായിരുന്നു. എങ്കിലും ഓമനടീച്ചര്‍ സുന്ദരിയായിരുന്നു എന്ന കാര്യം മുതിര്‍ന്നവരുടെ സംസാരത്തില്‍നിന്നും പെരുമാറ്റത്തില്‍നിന്നും മനസ്സിലാക്കി. മറ്റുള്ള പലരെയുംപോലെ സ്‌കൂളിലെതന്നെ ജോസഫ്‌സാറിനും ടീച്ചറെ ഇഷ്ടമായിരുന്നുവെന്ന് കൂട്ടുകാര്‍ പറഞ്ഞറിഞ്ഞു. വെളുത്തിരുന്നാല്‍ സുന്ദരനോ സുന്ദരിയോ ആകുമെന്ന് ചിലര്‍ പറഞ്ഞു. അങ്ങനെ നോക്കിയാലും ടീച്ചര്‍ സുന്ദരിയായിരുന്നു!
ജോസഫ്‌സാര്‍ ഇടയ്ക്കിടെ സ്‌കൂള്‍ വരാന്തയില്‍വച്ച് ടീച്ചറിന്റെ കൈയില്‍ കടലാസുകള്‍ കൊടുക്കുന്നത് കൂട്ടുകാര്‍ക്കൊപ്പം ഞാനും കണ്ടിട്ടുണ്ട്. അതു 'ലൗ ലെറ്ററു'കളാണെന്ന് ആരോ പറഞ്ഞറിഞ്ഞു. എന്റെയോര്‍മയില്‍ ആദ്യം കണ്ട പ്രേമം അവരുടേതായിരുന്നു. പക്ഷേ, അതു പ്രേമമായിരുന്നെന്ന് അന്നറിയില്ലായിരുന്നു. ഓമനടീച്ചറും ക്രിസ്ത്യാനിയായിരുന്നതുകൊണ്ട് വലിയ കോളിളക്കമില്ലാതെ അവരുടെ കല്യാണം നടന്നുവെന്നു പിന്നീടു കേട്ടു.
അന്നൊക്കെ പ്രേമിക്കണമെങ്കില്‍ ആദ്യം എഴുത്ത് കൊടുക്കണമെന്നു മനസ്സിലായി! ഇന്ന് ഫെയ്‌സ്ബുക്കും ഇന്റര്‍നെറ്റ് ചാറ്റിംഗുമൊക്കെയായി, പ്രേമിക്കുന്നവര്‍ മറ്റൊരു ലോകത്താണ്. അതുകൊണ്ട് ഒരേ സമയം ഒന്നിലധികംപേരോട് സംസാരിക്കാനും ഇടപഴകാനും ഒരു പ്രശ്‌നവുമില്ല. സമയവും സൗകര്യവും പറഞ്ഞുറപ്പിച്ച് എവിടെവച്ചു വേണമെങ്കിലും കണ്ടുമുട്ടാം! പണ്ടൊക്കെ കണ്ണില്‍ക്കണ്ണില്‍ നോക്കിയുള്ള മൂകപ്രണയം മാത്രം. അവയില്‍ യാഥാര്‍ത്ഥ്യമാകുന്നത് വളരെക്കുറച്ചേയുണ്ടാകൂ. ഇന്നത്തെ സൗകര്യങ്ങള്‍ അന്നുണ്ടായിരുന്നെങ്കില്‍ നമ്മുടെയൊക്കെ ജീവിതത്തിന്റെ ഗതികള്‍തന്നെ മാറിപ്പോയേനേ!
ജീവിതമങ്ങനെയാണ്. നമ്മുടെ തീരുമാനങ്ങള്‍ തെറ്റാണെങ്കിലും ശരിയാണെങ്കിലും ജീവിതത്തിന്റെ ഭാവി ആ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു. തീരുമാനങ്ങളാകട്ടെ, നമ്മുടെ സ്വഭാവത്തിന്റെ പ്രതിഫലനങ്ങളാണ്. മഹാനായ പുരാതനഗ്രീക്ക് ചിന്തകന്‍ ഹെരാക്ലിറ്റസ് പറഞ്ഞതുപോലെ, 'Character is the destiny'!
Content Highlights: swapnangalkkum cinemakkum idayil Thampi Antony column
Published: 30 Jan 2025, 10:45 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented