
ആനന്ദ് ജോൺ ആരാണെന്നറിയാത്ത മലയാളി അമേരിക്കയിലുണ്ടോ എന്നറിയില്ല. അറിയാത്തവരായി നടിക്കുന്നവരുണ്ടാകാം. വർഷങ്ങളായി ആനന്ദ് അമേരിക്കയിൽ ജയിൽശിക്ഷ അനുഭവിക്കുന്നു. ഇനിയും മുപ്പത്തിനാല് വർഷംകൂടി കഴിയണം, പുറത്തുവരാൻ! ഒരു മനുഷ്യജീവിതത്തിന്റെ ഏതാണ്ട് മുഴുവൻ സമയവും ജയിലിൽ.
ഇത്രയും പ്രതിഭയുള്ള മലയാളി, ഫാഷൻ ലോകത്ത് ഇന്ത്യക്ക് മുഴുവൻ അഭിമാനമായേക്കാമായിരുന്ന ആനന്ദ് എന്തു തെറ്റുചെയ്തിട്ടാണ് ഇത്ര വലിയ ശിക്ഷ അനുഭവിക്കുന്നത്? തെറ്റു ചെയ്താൽ തീർച്ചയായും ശിക്ഷയനുഭവിക്കണം. അനുഭവിക്കട്ടെ എന്നു വിചാരിച്ചവരായിരുന്നു മലയാളികളിൽ കൂടുതലും. എന്നാൽ ഇപ്പോൾ ആ ചിന്താഗതിക്ക് മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. കാരണം മറ്റൊന്നുമല്ല, ഫാഷൻ രംഗത്തുള്ളവർ മനഃപൂർവ്വം ആനന്ദ് ജോണിനെ പ്രതിക്കൂട്ടിലാക്കുകയായിരുന്നു എന്ന സംശയം പലരിലും ഉടലെടുത്തു തുടങ്ങി.
ആനന്ദിനെതിരേ ന്യൂയോർക്കിൽ 59 കുറ്റങ്ങൾ ആരോപിച്ചതിൽ തൊണ്ണൂറു ശതമാനവും സംശയാസ്പദമായ സാഹചര്യത്തിൽ തള്ളി. ഇനിയുള്ള കുറ്റാരോപണം കാലിഫോർണിയയിലാണ്. അതിന്റെ വിചാരണയ്ക്കാണ് അയാളെ കാലിഫോർണിയയിലെ ജയിലിലേക്കു മാറ്റിയിരിക്കുന്നത്. ഒന്നു ചിന്തിച്ചുനോക്കിയാൽ, സാധാരണ ഫാഷൻ രംഗത്തും മോഡലിംഗ് രംഗത്തും സംഭവിക്കാവുന്ന കാര്യങ്ങളെ ഇവിടെയും സംഭവിച്ചിട്ടുള്ളു. പക്ഷേ അമേരിക്കയിലെ കർശനമായ നിയമക്കുരുക്കുകളിൽ അറിഞ്ഞോ അറിയാതെയോ പെട്ടുപോയി എന്നുള്ളതാണ് വാസ്തവം.
ഇത്രയും പറഞ്ഞതുകൊണ്ട് ഞാൻ ആനന്ദ് ജോണിനെ ന്യായീകരിക്കുകയാണെന്ന് കരുതുന്നവരുണ്ടാവാം. അതിനൊന്നും ഇപ്പോഴൊരു പ്രസക്തിയുമില്ല. ഇതിലും വലിയ തെറ്റുകൾ ചെയ്തിട്ടുള്ളവർ നാടു ഭരിക്കുക പോലും ചെയ്യുന്നുണ്ട്! പിന്നെയെന്തുകൊണ്ട് ആനന്ദ് ജോൺ മാത്രം എന്നതാണ് എന്റെ ചോദ്യം. അമേരിക്കയിലായിരുന്നതുകൊണ്ട് മാത്രമാണ് അദ്ദേഹം പെട്ടുപോയതെന്ന് എല്ലാവർക്കുമറിയാവുന്ന കാര്യം.
ഇതെല്ലാമോർത്തുകൊണ്ട് എന്നെങ്കിലും മകന് മോചനം കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന ഒരമ്മയുടെ ദുഃഖം കൂടി കണക്കിലെടുക്കണം. കഷ്ടപ്പാടുകളുണ്ടങ്കിലും മകൻ ജീവിച്ചിരിക്കുന്നു എന്നത് മാത്രമാണ് ആ അമ്മയുടെ ആശ്വാസം.
പതിനെട്ട് വർഷമായി, ആനന്ദിന്റെ അമ്മ ശശി അമേരിക്കയിൽ വന്നുംപോയുമിരിക്കുന്നു. ആ അമ്മയ്ക്ക് ഏകമകനെയല്ലാതെ മറ്റാരെയും പ്രതീക്ഷിക്കാനില്ല. ഒരമ്മയുടെ സ്ഥാനത്തുനിന്ന് ചിന്തിക്കുന്നവർക്കേ അതു മനസ്സിലാക്കാൻ പറ്റൂ. ആനന്ദ് ജോണിന്റെ ഏക സഹോദരി സഞ്ജനയും അങ്കിൾ ഗാനഗന്ധർവൻ യേശുദാസും പ്രഭ യേശുദാസും മകൻ വിജയ് യേശുദാസും അമ്മയോടൊപ്പം നിന്ന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.
നിയമത്തിനു മുന്നിൽ എല്ലാവരും നിസ്സഹായരാണ്. തെറ്റ് തെളിയിക്കപ്പെട്ടിട്ടും കൊലയാളികൾപോലും സ്വതന്ത്രരായി സമൂഹത്തിലൂടെ നെഞ്ചുവിരിച്ചു നടക്കുമ്പോൾ എന്തുകൊണ്ട് ആനന്ദ് ജോൺ മാത്രമെന്ന ചോദ്യമാണിന്ന് പലരും ചോദിക്കുന്നത്. ഒരു മലയാളിയെന്ന പരിഗണനയെങ്കിലും നൽകിയിരുന്നെങ്കിലെന്ന് മാത്രമാണ് ഞാനാശിക്കുന്നത്.
തെഹാചാപ്പിയിലെ കാരാഗൃഹം
തെഹാചാപ്പി എവിടെയാണെന്നോ അവിടെയൊരു സ്റ്റേറ്റ് സെക്യൂരിറ്റി പ്രിസൺ ഉണ്ടെന്നോ ഒന്നും ഈയടുത്ത കാലംവരെ എനിക്കറിയില്ലായിരുന്നു. ആനന്ദ് ജോണിനെ ന്യൂയോർക്കിൽനിന്ന് കാലിഫോർണിയയിലെ തെഹാചാപ്പിയിലേക്കു മാറ്റുന്നു എന്നറിഞ്ഞതിൽപ്പിന്നെയാണ് ആ സ്ഥലനാമം പരിചിതമായത്. സാൻഫ്രാൻസിസ്‌കോയിൽനിന്ന് ആറു മണിക്കൂർ കാറിൽ യാത്ര ചെയ്താലെത്താവുന്ന തെഹാചാപ്പി കാലിഫോർണിയയുടെ തെക്കേയറ്റമാണ്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം മൂവായിരമടിയോളം മുകളിൽ, മൊട്ടക്കുന്നുകൾ ചിതറിക്കിടക്കുന്ന ഒരു മരുഭൂമിയാണെന്നേ ഒറ്റനോട്ടത്തിൽ ആർക്കും തോന്നൂ. ഞങ്ങൾ ചെന്നത് വേനൽക്കാലത്തായിരുന്നതിനാൽ പൊള്ളുന്ന ചൂടായിരുന്നു. ഒരു തണൽമരം പോലുമില്ലാത്ത ഈ സ്ഥലമെന്തിനാണ് സർക്കാർ തിരഞ്ഞെടുത്തതെന്ന് മനസ്സിലായില്ല. ജയിൽപ്പുള്ളികൾ വെയിൽകൊണ്ടനുഭവിക്കട്ടെ എന്നതാണോ ഉദ്ദേശ്യമെന്ന് ആരും ചിന്തിച്ചുപോകും, അവിടം കണ്ടാൽ.
സ്വപ്നങ്ങൾക്കും സിനിമയ്ക്കും ഇടയിൽ കോളത്തിന്റെ മുൻലക്കങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
തെഹാചാപ്പി എന്ന കൊച്ചുപട്ടണത്തിൽനിന്ന് അഞ്ചു മൈലോളം വിജനമായ ടാർ റോഡിലൂടെ ചെറുകുന്നുകൾ കയറിയുമിറങ്ങിയും ഞാനും പ്രേമയും ശശിയും പ്രിസൺ പരിസരത്തെത്തിയപ്പോൾ ഒൻപതു മണി കഴിഞ്ഞിരുന്നു. കാർ പാർക്ക് ചെയ്തു തിടുക്കത്തിലിറങ്ങി മെയിൻ എൻട്രൻസിലെത്തിയപ്പോൾ 9.20. അവർ പറഞ്ഞിരുന്ന അപ്പോയിന്റ്‌മെന്റ് സമയം കഴിഞ്ഞിരുന്നതിനാൽ അല്പം അങ്കലാപ്പിലായിരുന്നു ഞങ്ങൾ. പക്ഷേ അതൊരു പ്രശ്‌നമേയല്ലായിരുന്നു.കാരണം, അവിടെനിന്ന് അവരുടെ ബസിൽ കയറ്റിയേ സന്ദർശകരെ ഉള്ളിലേക്കു വിടുകയുള്ളൂ. അതുകൊണ്ട് വരുന്നവരെ ഒരു ഗ്രൂപ്പാകുന്നതുവരെ വെയിറ്റിംഗ് റൂമിലിരുത്തും. പ്രധാന കടമ്പ സുരക്ഷാ പരിശോധനയാണ്. ചില കടുംനിറങ്ങളും മഞ്ഞനിറവും അനുവദനീയമല്ല. കൈയിൽ വാലറ്റുപോലും ഉണ്ടാവരുത്. ഇതൊന്നും ഞങ്ങൾക്കറിയില്ലായിരുന്നു.
അതുകൊണ്ടു ഞങ്ങൾക്ക് പലപ്രാവശ്യം പാർക്കിങ് ലോട്ടിലേക്കു ഷട്ടിലടിക്കേണ്ടി വന്നു, എല്ലാം ക്ലിയർ ചെയ്യാൻ. ഒരുവിധത്തിൽ പരിശോധന കഴിഞ്ഞ് മൂന്നുപേരും അകത്തു കയറി. അടുത്ത ബസ് വരാനായി മറ്റൊരു കൂട്ടർക്കൊപ്പം കാത്തിരുന്നു. ശശിയുടെ കൈകൾ രണ്ടും അവിടത്തെ ചൂടിലും വല്ലാതെ തണുത്തിരുന്നു. പ്രിയപുത്രനെ കാണാനുള്ള ആകാംക്ഷയോ അങ്കലാപ്പോ തിടുക്കമോ ഒക്കെക്കൊണ്ടാവാം. ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ ബസ് എത്തി.
ഇന്ത്യൻ വംശജനായ ഒരു പഞ്ചാബിയായിരുന്നു ബസ്സ് ഡ്രൈവറെന്നത് അത്ഭുതവും ആവേശവുംനൽകി. ആംസ്‌ട്രോങ്ങ് ചന്ദ്രനിൽ ചെന്നിറങ്ങിയപ്പോൾ അവിടെയും ഒരു മലയാളി ഹോട്ടലുടമ ചിരിച്ചുകൊണ്ടു വരവേറ്റു എന്ന് വടക്കേ ഇന്ത്യക്കാർ നമ്മളെ കളിയാക്കുന്ന കാര്യമൊക്കെ ഓർത്തങ്കിലും, ആ മരുഭൂമിയിൽ ഒരു പഞ്ചാബുകാരൻ ചിരിച്ചുകൊണ്ടു വരവേൽക്കുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല. ഞങ്ങളെക്കണ്ടപ്പോൾ അയാളുമൊരു പക്ഷേ അങ്ങനെയൊക്കെത്തന്നെയാവും ചിന്തിച്ചിട്ടുണ്ടാവുക.
ഇന്ത്യക്കാരായി മറ്റാരും അവിടെയില്ലായിരുന്നു. കൂടുതലും സ്പാനിഷുകാരും ആഫ്രിക്കനമേരിക്കൻ വംശക്കാരും കുറച്ചു വെള്ളക്കാരുമായിരുന്നു ബസിലുണ്ടായിരുന്നത്. ഞങ്ങളുടെ ഗ്രൂപ്പിനെയുംകൊണ്ട് ബസ് പതുക്കെ ഒരു കുന്നു കയറി ജയിലിന്റെ പ്രധാന കവാടത്തിലെ പാർക്കിങ് ലോട്ടിലെത്തി. വലിയ മതിലുകളും അതിനു മുകളിൽ മുള്ളുകമ്പികളുമുള്ള ഒറ്റപ്പെട്ട കെട്ടിടങ്ങളാണ് കാണുന്നത്. രണ്ടു വശങ്ങളിലായി, നല്ല ഉയരത്തിലുള്ള രണ്ട് നിരീക്ഷണ ടവറുകളുണ്ട്. അവ കുറ്റവാളികളെ നിരീക്ഷിക്കാനായിരിക്കണം.
പ്രീമിയം ലേഖനങ്ങൾ തത്സമയം വായിക്കാനുള്ള വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ മറ്റൊരു പരിശോധനയ്ക്കുകൂടി വിധേയരായി. അവസാനം ഒരു ഗ്രൂപ്പായി, ഒരു മെറ്റൽ ഗെയ്റ്റിനടുത്തെത്തി. ആ ഗെയ്റ്റ്, അകത്തുനിന്ന സെക്യൂരിറ്റി ഗാർഡാണ് തുറന്നത്. രണ്ടാമത് മറ്റൊരു ഗെയ്റ്റും കൂടി തുറന്ന്, 'ലെവൽ 3' എന്നെഴുതിവച്ച ഒരു കെട്ടിടത്തിന്റെ വാതിൽക്കലെത്തി. അത്ര തീവ്രമല്ലാത്ത കുറ്റങ്ങൾ ചെയ്തിട്ടുള്ള കുറ്റവാളികളെ പാർപ്പിക്കുന്ന സ്ഥലമാണ് ലെവൽ 3. പിന്നെയെന്തിനാണ് അമ്പത്തിരണ്ടു വർഷമെന്ന ചോദ്യം എന്റെ മനസ്സിലൂടെ കടന്നുപോയി. ആ കെട്ടിടത്തിന്റെ ലോബിയിൽ ഒന്നുകൂടി എല്ലാവരുടെയും ഡ്രൈവർ ലൈസൻസ് പരിശോധിച്ചു. കാണാൻ ചെല്ലുന്നവർ എത്ര നല്ലവരാണെങ്കിലും അവരെയും ക്രിമിനലുകളായിത്തന്നെ കാണുന്നതായാണ് അപ്പോൾ അനുഭവപ്പെട്ടത്!
പിന്നെ കണ്ടത് വിശാലമായൊരു ഹാളാണ്. അവിടെ നേരത്തെയെത്തിയ കുടുംബാംഗങ്ങൾ ജയിൽപ്പുള്ളികളുമായി സംസാരിച്ചിരിക്കുന്നു. എല്ലാവരും പ്രത്യേകം പ്രത്യേകം മേശയിലാണ്. ഒറ്റനോട്ടത്തിൽ വലിയൊരു ഭക്ഷണമുറിയാണെന്നേ തോന്നൂ. ഞങ്ങളവിടെ ഒരു മേശയ്ക്കു ചുറ്റുമുള്ള കസേരകളിൽ ആകാംക്ഷയോടെ കാത്തിരുന്നു.
ആനന്ദ് ജോൺ ഇറങ്ങിവരാൻ പിന്നെയും പത്തു മിനിറ്റെടുത്തു. അവിടെയും ചില ഫോർമാലിറ്റികളുണ്ടെന്ന് സെക്യൂരിറ്റി ഗാർഡ് ക്ഷമാപണപൂർവം അറിയിച്ചു. താമസിയാതെ ആനന്ദ് വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. ഞാനും പ്രേമയും ആദ്യമായാണ് ആനന്ദിനെ കാണുന്നത്.

ജയിലില്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍
ആരെയും പെട്ടെന്നാകർഷിക്കുന്ന പൗരുഷം. അടുത്തേക്കു വന്ന മകനെ അമ്മ ആലിംഗനം ചെയ്യുന്നത് ഞാനും പ്രേമയും ഒരുനിമിഷം നോക്കിനിന്നു. ശശിയുടെ കണ്ണുകൾ തുളുമ്പിയപ്പോൾ പ്രേമയും കരയുന്നത് ഞാൻ ശ്രദ്ധിച്ചു. അങ്ങനെയൊരു സാഹചര്യത്തിൽ ഏതമ്മയ്ക്കാണ് കരയാതിരിക്കാൻ കഴിയുക! എന്റെ ഹൃദയവും ഒന്നു പിടച്ചെങ്കിലും കരയാതെ പിടിച്ചുനിന്നു. പിന്നെ ഞങ്ങൾ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് കുറെനേരം സംസാരിച്ചു.
അത്ഭുതപ്പെടുത്തിയത് ആനന്ദിന്റെ ആത്മവിശ്വാസമാണ്. എന്തു വന്നാലും നേരിടാനുള്ള മനസ്സാന്നിധ്യം. കഴിഞ്ഞ ആറുവർഷംകൊണ്ട് ജീവിതത്തെ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തതുകൊണ്ട് ആർജ്ജിച്ച മനോധൈര്യമാകാം. നീലനിറമുള്ള യൂണിഫോമിന്റെ പിന്നിൽ മഞ്ഞനിറത്തിൽ 'പ്രിസണർ' എന്നു വലിയ അക്ഷരത്തിൽ എഴുതിയിട്ടുണ്ട്. ഹാളിന്റെ രണ്ടു വശങ്ങളിലൂമായി മൂന്നുനാലു വെൻഡിംഗ് മെഷീനുകളുണ്ട്. അവയിൽ ഒറ്റ ഡോളറുകളിട്ടു വേണം ഫുഡും ഡ്രിങ്ക്‌സും എടുക്കാൻ. അതറിയാമായിരുന്നതുകൊണ്ട് കുറെ ഒറ്റ ഡോളറുകൾ കരുതിയിരുന്നു. കുറ്റവാളികൾക്ക് മെഷീനിന്റെയടുത്തേക്കു വരാൻ അനുവാദമില്ല. അതിനുള്ള നീണ്ട മഞ്ഞവര മെഷീനു സമീപം നാലടി അകലത്തിൽ വരച്ചിട്ടുണ്ട്.
ജൂലായ് നാലിന് അമേരിക്കയുടെ സ്വാതന്ത്ര്യദിനമായിരുന്നതിനാൽ സന്ദർശകരുടെ തിരക്കില്ലായിരുന്നു. അമേരിക്ക മുഴുവനും സ്വാതന്ത്ര്യം ആഘോഷിക്കുന്ന ആ ദിവസംതന്നെ സ്വാതന്ത്ര്യമില്ലാത്തവരെ കാണാൻപോയത് തികച്ചും യാദൃച്ഛികം. എങ്കിലും സന്ദർശനം കഴിഞ്ഞപ്പോൾ ഞങ്ങൾക്കു വളരെയധികം സന്തോഷം തോന്നി. സ്വാതന്ത്ര്യമില്ലായ്മകൊണ്ടാണ് സ്വാതന്ത്ര്യത്തിന്റെ വിലയറിയേണ്ടതെന്ന് തിരിച്ചറിഞ്ഞു. ശബ്ദമില്ലാത്ത അവരുടെ ശബ്ദം കേൾക്കാൻ ആരെങ്കിലുമുണ്ടാവുക എന്നത് അവർക്കും ആവേശം പകരുന്ന കാര്യമായിരുന്നു.
അടിസ്ഥാനപരമായി മനുഷ്യനുവേണ്ടത് സ്വാതന്ത്ര്യം തന്നെയാണ്. അത് നിഷേധിച്ചുകൊണ്ടുള്ള ലളിതമായ ശിക്ഷപോലും അതികഠിനമാണ്. സ്വന്തം വീട്ടിൽ എല്ലാ സുഖസൗകര്യങ്ങളോടുംകൂടി രണ്ടോ മൂന്നോ ദിവസമിരുന്നു നോക്കുക. അപ്പോൾ മനസ്സിലാകും. ഒരാഴ്ചയിൽ കൂടുതൽ ആർക്കെങ്കിലും അങ്ങനെയിരിക്കാൻ പറ്റുമോ? അപ്പോൾപ്പിന്നെ പതിനെട്ട് വർഷം യാതൊരുവിധ മാനുഷിക പരിഗണനകളുമില്ലാതെ ജീവിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലല്ലോ!
അതുകൊണ്ടും തീരുന്നില്ല. നീണ്ട അമ്പത്തൊമ്പത് വർഷങ്ങളാണ് അതനുഭവിക്കേണ്ടത്. ഒരു മനുഷ്യായുസ്സിന്റെ പകുതിയിൽ കൂടുതൽ. ജൂറിയംഗങ്ങൾ ഒരു തീരുമാനത്തിലെത്താൻ ഒമ്പത് ദിവസമെടുത്തെന്നാണ് കേട്ടത്. ആനന്ദ് ജോണിന്റെ ബിസിനസ്സ് എതിരാളികൾ ജഡ്ജിമാരെപ്പോലും സ്വാധീനിച്ചു എന്നതാണ് സത്യം. ദശലക്ഷക്കണക്കിന് ഡോളറിന്റെ കരാർ ഒപ്പിടുന്നതിനു രണ്ടുദിവസം മുമ്പാണ് ആനന്ദ് ജോണിനെ അറസ്റ്റ് ചെയ്തത്. ജാമ്യത്തിലിറങ്ങിയ ആനന്ദ് എന്തുകൊണ്ട് ഇന്ത്യയിലേക്കു പോയില്ല എന്നാണ് എല്ലാവരും ചോദിച്ചത്.
ഞാനത് ആനന്ദിനോടുതന്നെ ചോദിച്ചു. 'തെറ്റ് ചെയ്തിട്ടില്ലെങ്കിൽപ്പിന്നെ എന്തിനു പോകണം' എന്ന മറുചോദ്യമായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം! തെറ്റു ചെയ്യാത്തവരെ അമേരിക്കൻ നീതിപീഠം ഒരിക്കലും ശിക്ഷിക്കില്ലെന്ന ആത്മവിശ്വാസമായിരുന്നു ആനന്ദിനെ ഇവിടെത്തന്നെ നിൽക്കാൻ പ്രേരിപ്പിച്ചത്. സ്വന്തം നിരപരാധിത്വം തെളിയിക്കേണ്ടത് ആവശ്യവുമായിരുന്നു. എതിരാളികൾക്കുപോലും ആനന്ദിനെ ഒരു പാഠം പഠിപ്പിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. ഇത്ര വലിയ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരിക്കില്ല. അവരതിൽ ദുഃഖിതരുമാണ്. എന്നാൽ, ഒരിക്കൽ ശിക്ഷിച്ചുകഴിഞ്ഞാൽപ്പിന്നെ വീണ്ടും അപ്പീൽ കൊടുത്ത് ട്രയൽ കിട്ടുക എന്നത് അത്രയെളുപ്പമുള്ള കാര്യമല്ല. അതിനുവേണ്ടിയുള്ള ശ്രമമാണ് 'ജസ്റ്റിസ് ഫോർ ഓൾ (ജെ. എഫ്.എ.)' എന്ന സംഘടന നടത്തുന്നത്. ആനന്ദ് ജോണിനു വേണ്ടി മാത്രമല്ല, ഇങ്ങനെ ജയിലിൽ കിടക്കുന്നവർക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് സംഘടന രൂപപ്പെടുത്തിയിരിക്കുന്നത്.
ഏതാണ്ട് നാലര മണിക്കൂറോളം ഞങ്ങൾ ആനന്ദ് ജോണിനൊപ്പം ഉണ്ടായിരുന്നു. പല കാര്യങ്ങളും സംസാരിച്ചു. സ്വാഭാവികമായും അപ്പീൽ കൊടുക്കുന്നതിനെപ്പറ്റിയും അവിടത്തെ ജീവിതത്തെപ്പറ്റിയുമാണ് പറഞ്ഞത്. മൂന്നു മണിയായപ്പോൾ സെക്യൂരിറ്റി ഗാർഡ് പോകാനുള്ള മണിയടിച്ചു. ഒന്നിച്ചാഹാരം കഴിച്ചും വർത്തമാനം പറഞ്ഞും സമയം പോയതറിഞ്ഞേയില്ല. ശശിക്ക് വീണ്ടും കണ്ണീർ വന്നെങ്കിലും ആനന്ദ് വികാരം പുറത്തുകാണിക്കാതെ പെട്ടെന്ന് നടന്നുപോയി. തിരിഞ്ഞൊന്നു നോക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഒരുപക്ഷേ കണ്ണു നിറയുന്നത് ഞങ്ങൾ കാണേണ്ടെന്ന് ആനന്ദ് വിചാരിച്ചിട്ടുണ്ടാകും.
ഞങ്ങൾക്ക് ഒരു കാര്യത്തിൽ സംതൃപ്തി തോന്നി. അമേരിക്കയുടെ സ്വാതന്ത്ര്യദിനത്തിൽ ആനന്ദ് ജോണിന് നാലര മണിക്കൂർ സ്വതന്ത്രമായി സംസാരിക്കാനുള്ള അവസരമെങ്കിലും കിട്ടാൻ ഞങ്ങളുടെ സന്ദർശനം ഉപകരിച്ചല്ലോ! അതു ചെറിയ കാര്യമല്ല. വീണ്ടും സെക്യൂരിറ്റി ഗെയ്റ്റുകൾ കടന്ന് പുറത്തിറങ്ങി. അപ്പോൾ പഞ്ചാബി ഡ്രൈവർ ചിരിച്ചുകൊണ്ടു കാത്തുനിൽക്കുന്നുണ്ടായിരുന്നു. ബസ് മൊട്ടക്കുന്നുകളിൽനിന്നു താഴ്‌വാരത്തേക്ക് ഇറങ്ങിയപ്പോൾ മനസ്സിൽ വീണ്ടും ആ ചോദ്യമുയർന്നു: എന്തുകൊണ്ട് ആനന്ദ് ജോൺ മാത്രം?
ആനന്ദ് ജോണിനുവേണ്ടിയോ അല്ലെങ്കിൽ അതുപോലെയുള്ള ഇന്ത്യക്കാർക്കു വേണ്ടിയോ സഹായത്തിനായിട്ടാണ് ജെ.എഫ്.എ. പ്രവർത്തിക്കുന്നത്. ആനന്ദിന് നിയമയുദ്ധം ചെയ്യണമെങ്കിൽ നല്ലൊരു തുക ചെലവാക്കേണ്ടിവരും. അതിനായി ആർക്കും ഇന്റർനെറ്റിലൂടെ സംഭാവന നൽകാവുന്ന വിധത്തിലാണ് ആ സംഘടനയുടെ പ്രവർത്തനം. ഈ സംഘടനയെ ശക്തിപ്പെടുത്തേണ്ടത് എല്ലാ ഇന്ത്യക്കാരുടെയും ആവശ്യമാണ്. ആനന്ദ് ജോണിനെ ഇന്ത്യയിലേക്ക് മാറ്റാനുള്ള നിയമസംവിധാനമൊന്നും നിലവിലില്ല. ഇങ്ങനെ നിയമക്കുരുക്കുകളിൽപ്പെട്ട് പല മലയാളികളും അമേരിക്കൻ ജയിലുകളിലുണ്ട്. അവരിൽ പലരും ആനന്ദിനെപ്പോലെതന്നെ അർഹിക്കുന്നതിൽ കൂടുതൽ ശിക്ഷ അനുഭവിക്കുന്നവരുമാണ്. അവരെയും ഇന്ത്യയിലേക്ക് തേടിപ്പിടിച്ച് രക്ഷപ്പെടുത്താനുള്ള മാർഗമാണ് ജെ.എഫ്.എയുടെ ലഷ്യം.
ഇപ്പോഴത്തെ അവസ്ഥ
വർഷങ്ങൾക്കുശേഷം ആനന്ദ് ജോൺ ഇപ്പോഴും ജയിലിൽ തുടരുന്നു. പതിനെട്ട് വർഷം കഴിഞ്ഞിരിക്കുന്നു. ഇനി മുപ്പത്തിനാലു വർഷംകൂടി! ഇപ്പോൾ വീണ്ടും അപ്പീൽ കൊടുക്കുന്നു. ട്രംപ് കനിഞ്ഞാൽ പരിഹാരമുണ്ടായേക്കും.
സതേൺ കാലിഫോർണിയയിലെ തീവ്ര സെക്യൂരിറ്റിയുള്ള തടവറയിൽനിന്ന് സാൻഫ്രാൻസിസ്‌കോയിലുള്ള സാൻക്യുന്റൻ ജയിലിലേക്ക് മൂന്ന് വർഷം മുമ്പാണ് ആനന്ദിനെ മാറ്റിയത്. അന്ന് മുതൽജെ.എഫ്.എയുടെ സെക്രട്ടറി പ്രേമ തെക്കേക്ക് (എന്റെ ഭാര്യ) ആയിരുന്നു. ചെയർമാനായ ന്യൂയോർക്കിൽ ിന്നുള്ള തോമസ് ജെ. കൂവെള്ളൂരിന്റെ സഹായസഹകരണങ്ങളും ഉണ്ടായിരുന്നു. കേസ് ഓപ്പൺ ചെയ്യാനുള്ള പെറ്റീഷൻ കൊടുക്കുന്നതിനുള്ള സൗകര്യാർത്ഥമാണ് ആ ചുമതല ഞങ്ങൾ ഏറ്റെടുത്തത്.
കഴിഞ്ഞ വർഷം, ആനന്ദിന്റെ സഹോദരി സഞ്ജനയുമൊത്ത് ഞങ്ങൾ വീണ്ടും ജയിലിൽപ്പോയി. തെഹാചാപ്പി ജയിലിനെക്കാൾ കൂടുതൽ സൗകര്യങ്ങളുള്ള ജയിലാണ്.
'എനിക്കിപ്പോൾ ജനാലയിൽക്കൂടി നോക്കിയാൽ ആകാശവും സാൻ ഫ്രാൻസിസ്‌കോയുടെ മനോഹരമായ ഉൾക്കടലും കാണാം.' ആനന്ദ് പറഞ്ഞു. ആ കണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കമുണ്ടായിരുന്നു. അങ്ങനെയുള്ള കൊച്ചുകൊച്ചു സന്തോഷങ്ങളിൽ അഭിരമിക്കുകയല്ലാതെ മറ്റു നിവൃത്തിയൊന്നുമില്ലല്ലോ!
സാൻ ഫ്രാൻസിസ്‌കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ മാസ്റ്റേഴ്‌സിനുള്ള കറസ്‌പോണ്ടൻസ് കോഴ്‌സിന് ചേർന്നതായി ആനന്ദ് അറിയിച്ചു. മോദി ഗവൺമെന്റ് വിചാരിച്ചാൽ, രാജ്യാന്തരതലത്തിൽ എന്തെങ്കിലും നീക്കുപോക്ക് ഉണ്ടാക്കാൻ കഴിയുമോ എന്ന ആലോചനയുണ്ട്. എന്തായാലും വല്ലാത്തൊരു വിഷമഘട്ടത്തിലാണ് മലയാളികളുടെ സ്വന്തം ഗാനഗന്ധർവന്റെ കുടുംബക്കാർ!
Content Highlights: swapnangalkkum cinemakkum idayil Thampi Antony column
Published: 20 Mar 2025, 03:15 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented