ഭിനയത്തിന്റെ മികച്ചൊരു അനുഭവമായിരുന്നു 'ബിയോണ്ട് ദ സോ'ളിലേത്. അത്രയൊന്നും അഭിനയിച്ചു പരിചയമില്ലാത്ത എന്നോട് ഇത്രയും ശക്തമായ കഥാപാത്രം ചെയ്യാനാവശ്യപ്പെട്ട, രാജീവ് അഞ്ചല്‍ എന്ന സംവിധായകനാണ് ഞാന്‍ ഫുള്‍ ക്രെഡിറ്റ് നല്‍കുന്നത്; അതിന്റെ പിന്നിലുള്ള ചേതോവികാരം എന്തുതന്നെയായാലും. 

To advertise here,

ചാരുഹാസനെയും യേശുദാസിനെയുമൊക്കെ മനസ്സില്‍ക്കണ്ടിരുന്നെങ്കിലും എന്റെ  രൂപംതന്നെയാണ് ഏറ്റവും യോജിച്ചതെന്ന് രാജീവിനു തോന്നി. അതെന്റെ ഭാഗ്യം. അല്ലെങ്കില്‍ ആ ചിത്രത്തിലെ പ്രൊഫസര്‍ ആചാര്യ എന്ന കഥാപാത്രത്തിലൂടെ ഹോണോലുലു രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ നല്ല നടനുള്ള അവാര്‍ഡ് ഒരിക്കലും കിട്ടുമായിരുന്നില്ല. ഇന്ത്യയില്‍ മറ്റൊരു നടനും കിട്ടാത്ത അംഗീകാരമായിരുന്നു അതെന്ന് ഇന്നു ഞാന്‍ മനസ്സിലാക്കുന്നു. 

അവാര്‍ഡിനെപ്പോഴും ഭാഗ്യത്തിന്റെ തുണകൂടി വേണമെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ടുതന്നെ അവാര്‍ഡ് കിട്ടാത്തവരാരുംതന്നെ മോശം നടന്‍മാരല്ല. അഭിനയിച്ച സിനിമ മത്സരത്തിനെത്തുക എന്നതാണ് ഏറ്റവും വലിയ കടമ്പ. ജൂറിക്കിഷ്ടപ്പെടുന്നതൊക്കെ അവരുടെ മാനസികാവസ്ഥയ്ക്കനുസരിച്ചായിരിക്കും. അതുകൊണ്ട് അവര്‍ക്കിഷ്ടപ്പെടുന്നതാണ് ഏറ്റവും ഉത്തമം എന്നു പറയുന്നതിൽ അര്‍ഥമില്ല. ന്യൂയോര്‍ക്കിലെ മറ്റൊരു ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല തിരക്കഥയ്ക്കും ചിത്രത്തിനും സംവിധാനത്തിനും രാജീവ് അഞ്ചലിന് അവാര്‍ഡ് കിട്ടി. 

എല്ലാ രീതിയിലും തകര്‍ന്നൊരു ഘട്ടത്തിലാണ് രാജീവ് എന്നെ പരിചയപ്പെടുന്നത്. ന്യൂയോര്‍ക്കില്‍വെച്ച് ഒരു ടെലിഫിലിം ചെയ്യുമ്പോഴായിരുന്നു അത്. ന്യൂയോര്‍ക്കിലെ തന്നെ കുറെ കൂട്ടുകാര്‍ ചേര്‍ന്നു നിര്‍മിച്ച ആ ഫിലിമിലെ നായകനായിരുന്ന സിബി ഡേവിഡായിരുന്നു എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തിക്കൊടുത്തത്. 'ഇലകൊഴിയുമ്പോലെ' എന്ന ആ ടെലിഫിലിമില്‍ ഒരു പുരോഹിതന്റെ വേഷം ചെയ്യാനാണ് എന്നെ വിളിച്ചത്. ചിത്രത്തിന്റെ എഡിറ്റിംഗ് വേളയിലാണ് പ്രൊഫസര്‍ ആചാര്യ എന്ന കഥാപാത്രത്തെ ഞാന്‍തന്നെ അവതരിപ്പിച്ചാല്‍ നന്നാവുമെന്ന് രാജീവിനു തോന്നിയത്. രാജീവിനെ ഒരു നല്ല സിനിമയെടുക്കാന്‍ സഹായിക്കണമെന്ന ചിന്തയിലാണ് ചിത്രം നിര്‍മിക്കാന്‍ ഞാന്‍ തീരുമാനിച്ചത്.

രാജീവിന്റെ അസോസിയേറ്റായി അന്നുണ്ടായിരുന്നത് ഷിക്കാഗോയില്‍നിന്നുള്ള നവീന്‍ ചാത്തപുരമായിരുന്നു. കൊളംബിയ ഫിലിം സ്‌കൂളില്‍നിന്ന് വന്ന നവീനായിരുന്നു പിന്നീടെന്റെ ഹോളിവുഡ് ചിത്രമായ 'ക്യാഷ്' ഉള്‍പ്പെടെയുള്ള പല ചിത്രങ്ങളിലെയും വഴികാട്ടി. 

placeholder
രാമചന്ദ്രബാബുവും തമ്പി ആന്റണിയും

കോവളത്തും അമേരിക്കയിലെ ഷിക്കാഗോയിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കോവളത്തിന്റെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുത്തത് പ്രശസ്തഛായാഗ്രാഹകനായിരുന്ന രാമചന്ദ്രബാബുവാണ്. അമേരിക്കയിലെ ഭാഗമെടുത്തത് ഹോളിവുഡ് സിനിമാട്ടോഗ്രാഫറായ കീത്ത് ഗുര്‍ഷാലയും. പൂര്‍ണമായും ഇംഗ്ലീഷില്‍ ചിത്രീകരിച്ച 'ബിയോണ്ട് ദ സോ'ളിലെ ഏക ഇന്ത്യന്‍ കഥാപാത്രം ഞാനായിരുന്നു. മുണ്ടും അരക്കൈയന്‍ ജൂബ്ബയുമിട്ട തനിമലയാളിവേഷം, ഹോളിവുഡ്ഡില്‍ ഒരു പുത്തന്‍ അനുഭവമായിരുന്നു. പ്രശസ്ത എഴുത്തുകാരന്‍ ഒ.വി വിജയന്റെ സ്ഥിരം വേഷമായിരുന്നു അത്. അദ്ദേഹത്തിന്റെ  അനുമതിയോടെയാണ് രാജീവ് അഞ്ചല്‍ ആ വേഷം തിരഞ്ഞെടുത്തത്. വിജയന്റെ ഫിലോസഫിയും കുറെയൊക്കെ ആ കഥാപാത്രത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹോദരി ഒ.വി ഉഷയും തിരക്കഥയെഴുതുമ്പോള്‍ ഒപ്പമുണ്ടായിരുന്നതിനാല്‍ അതിലത്ഭുതപ്പെടാനൊന്നുമില്ല.

placeholder
ബ്ലെസ്സിയും തമ്പി ആന്റണിയും

'ബിയോണ്ട് ദ സോ'ളിന്റെ അസോസിയേറ്റ് സംവിധായകന്‍ ഇന്നത്തെ പ്രശസ്തസംവിധായകന്‍ ബ്ലെസ്സിയായിരുന്നു. അദ്ദേഹം പിന്നീട് സ്വതന്ത്രസംവിധായകനായപ്പോള്‍ എനിക്കു നല്ലനല്ല കഥാപാത്രങ്ങൾ തന്നു. മലയാളത്തില്‍ എനിക്കുള്ള അംഗീകാരങ്ങളായിരുന്നു അവയെല്ലാം. ബ്ലെസ്സിയുടെ 'കല്‍ക്കട്ടാ ന്യൂസ്' എന്ന മലയാളചിത്രം ഞാൻ നിര്‍മിച്ചത് ആ സൗഹൃദം കാരണമാണ്. 

രാജീവ് അഞ്ചലുമായുള്ള രണ്ടാമത്തെ ചിത്രം മലയാളത്തിലും ഇംഗ്ലീഷിലുമായി നിര്‍മിച്ച 'മെയ്ഡ് ഇന്‍ യുഎസ്എ' ആയിരുന്നു. മാധവനെ മലയാളത്തില്‍ കൊണ്ടുവന്ന ആ ചിത്രം വലിയ പരാജയമേറ്റുവാങ്ങി. അങ്ങനെ രാജീവ് അഞ്ചലിനെ മലയാളത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചെങ്കിലും പിന്നീട് അദ്ദേഹം പുതിയ സിനിമകള്‍ ചെയ്തപ്പോള്‍ മറ്റു പല സംവിധായകരെയുംപോലെ എന്നെ മറന്നത് വല്ലാതെ വേദനിപ്പിച്ചിരുന്നു. 'സിനിമയല്ലേ, അങ്ങനെയൊക്കെയാണ്' എന്നു സമാധാനിക്കുകയല്ലാതെ മറ്റു വഴികളില്ല!.

എന്തുതന്നെയായാലും 'ബിയോണ്ട് ദ സോ'ളിലൂടെയാണ് ഞാന്‍ ഹോളിവുഡ്ഡിലെത്തുന്നത്. 'ക്യാഷ്' എന്ന ഹോളിവുഡ് ചിത്രത്തിലൂടെ ഷോണ്‍ ബീന്‍, ക്രിസ് ഹെംസ്വര്‍ത്ത് എന്നീ പ്രശസ്തരുടെകൂടെ അഭിനയിക്കാനുള്ള ഭാഗ്യവും വന്നുചേര്‍ന്നു. ഇപ്പോള്‍ ഹോളിവുഡ് താരസംഘടനയായ 'സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗ്രി'ഡില്‍ ഞാനംഗമാണ്. അതൊക്കെ ഒരു മലയാളിക്കു കിട്ടുന്ന അപൂര്‍വനേട്ടമായി കരുതുന്നു. 

കല്‍ക്കട്ട എന്ന കനല്‍ക്കട്ട

കൊൽക്കത്ത വൈരുദ്ധ്യങ്ങളുടെ നഗരമാണ്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പാദരക്ഷകളില്ലാതെ റിക്ഷ വലിക്കുന്നവര്‍, ചുമടെടുക്കുന്നവര്‍, പാതയോരങ്ങളില്‍ നിന്നു സ്‌നാനം ചെയ്യുന്ന ബംഗ്ലാദേശികള്‍ എന്നിവരെയൊക്കെ അവിടെക്കാണാം. ഭരണകൂടങ്ങള്‍ കാണിച്ച സ്വപ്നലോകം കണ്ട് കൊതിച്ചൊരു ജനവിഭാഗം. അവിടത്തെ തൊഴിലാളിവര്‍ഗത്തെക്കാണുമ്പോള്‍ ഏതു മലയാളിയും മൂക്കത്തു വിരല്‍വച്ചുപോകും! 

placeholder

ഒരു ഭാഗത്ത് ആഡംബരങ്ങളില്‍ മുഴുകി ജീവിക്കുന്ന മുതലാളിവര്‍ഗം. മറുഭാഗത്ത് വഴിയോരങ്ങളിലും ചേരികളിലും സമത്വസുന്ദരമായ ലോകം കെട്ടിപ്പടുക്കാമെന്ന വിശ്വാസത്തില്‍ ജീവിക്കാന്‍ മറന്നുപോയ തൊഴിലാളികള്‍. ബ്രിട്ടീഷ് പ്രതാപകാലത്തിന്റെ ബാക്കിപത്രങ്ങളായ കൊട്ടാരങ്ങള്‍, തകര്‍ന്നുവീഴാറായ കെട്ടിടങ്ങള്‍, തുരുമ്പെടുത്ത ട്രാമുകള്‍ തുടങ്ങിയവ പലയിടങ്ങളിലായി കാണാം. പിന്നെ, ആഘോഷങ്ങളുടെ ആഘോഷമായ ദുര്‍ഗാപൂജ. എവിടെ നോക്കിയാലും എണ്ണിയാല്‍ തീരാത്ത ദൈവങ്ങള്‍. പാപനാശിനിയെന്ന് അവര്‍ വിശ്വസിക്കുന്ന, ഹൂഗ്ലി നദിയിലെ വൃത്തികെട്ട വെള്ളം. നഗരം നിറഞ്ഞോടുന്ന മഞ്ഞയടിച്ച ടാക്‌സി കാറുകള്‍. പ്രസിദ്ധമായ ഹൗറ പാലം. പുരാതന റെയില്‍വേസ്റ്റേഷന്‍. ആധുനികതയുടെയും ആഡംബരത്തിന്റെയും മുഖംമൂടിയണിഞ്ഞ സോള്‍ട്ട്‌ലേക്ക് പ്രദേശം. ഇടുങ്ങിയതും ഇരുണ്ടതുമായ തെരുവുകള്‍. ഏഷ്യയിലെ ഏറ്റവും വലിയ വേശ്യത്തെരുവായ സോനാഗച്ചി. മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി. ഇത്രയൊക്കെയായാല്‍ കൊൽക്കത്ത എന്ന നഗരത്തിന്റെ ഏകദേശരൂപമായി. ഇതൊക്കെ കൊൽക്കത്തയിലെത്തുന്ന ഏതൊരു സന്ദര്‍ശകന്റെയും മനസ്സില്‍ മായാതെ നില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 

placeholder

ഇങ്ങനെയുള്ള ചരിത്രപ്രധാനമായ നഗരത്തിലാണ്, ഞാനും ബ്ലെസ്സിയുമടങ്ങുന്ന 'കായല്‍ ഫിലിം'സിന്റെ സംഘമെത്തുന്നത്. 'കല്‍ക്കട്ടാ ന്യൂസ്' എന്നൊരു സിനിമ നിര്‍മിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഞാനൊരിക്കലും ആ മഹാനഗരം കാണുമായിരുന്നില്ല. തീര്‍ത്തും അപരിചിതമായ അന്തരീക്ഷം. അപ്രതീക്ഷിതമായി ഓടിയെത്തുന്ന പേമാരി, വെള്ളപ്പൊക്കം, അത്യുഷ്ണം. ഒരിടത്തും കാണാത്ത ആള്‍ത്തിരക്ക്, സമരങ്ങള്‍, ബ്യൂറോക്രസിയുടെ തേര്‍വാഴ്ച. അങ്ങനെയുള്ള കഷ്ടപ്പാടുകള്‍ക്ക് നടുവില്‍ ഒരു സിനിമ നിര്‍മിക്കുക- അതായിരുന്നു പ്രതിസന്ധി! ഇതൊന്നും ഒരുപക്ഷേ കല്‍ക്കട്ടാ ന്യൂസിന്റെ തിരക്കഥ രചിച്ച ബ്ലെസ്സിപോലും ചിന്തിച്ചിട്ടുണ്ടാവില്ല. ഇത്രയേറെ വെല്ലുവിളികള്‍ നേരിട്ട ഒരു സിനിമയും മലയാളത്തിലുണ്ടാവാന്‍ വഴിയില്ല! ഇതൊക്കെ എനിക്കോ ബ്ലെസ്സിക്കോ മുന്‍കൂട്ടിയറിയാമായിരുന്നെങ്കില്‍ ഒരിക്കലും ഇങ്ങനെയൊരു ബൃഹദ്‌സംരഭത്തിനു ഞങ്ങള്‍ മുതിരുമായിരുന്നില്ല.

ചിലപ്പോള്‍ ആലോചിക്കാറുണ്ട്, ശാന്തസുന്ദരമായ കാലിഫോര്‍ണിയയില്‍നിന്ന് എന്തിനിങ്ങനെ കൊൽക്കത്തയെന്ന കനല്‍ക്കട്ടയിലേക്ക് എടുത്തുചാടി എന്ന്! പടം റിലീസാകുന്നതിനുമുമ്പ് അതു ഫ്‌ളോപ്പാകുമെന്ന് നെഗറ്റീവ് പബ്ലിസിറ്റി കൊടുത്ത് അതില്‍ ആനന്ദം കണ്ടെത്തുന്നവരാണ് സിനിമയ്ക്കകത്തും പുറത്തുമുള്ളവര്‍. അങ്ങനെ പ്രചരിപ്പിച്ച് നഷ്ടങ്ങളുടെ കണക്കെടുക്കാന്‍ ഒരുങ്ങിയിരിക്കുകയാണവര്‍. മലയാളസിനിമയുടെ ഏറ്റവും വലിയ ശാപവും അതുതന്നെ! ഭീമമായ തുക മുടക്കി മലയാളം സിനിമയെടുത്താല്‍ ലാഭമുണ്ടാക്കാന്‍ പറ്റില്ലെന്നു മനസ്സിലാക്കാന്‍ വെറും സാധാരണബുദ്ധി മതി. ഷൂട്ടിങ് ദിവസങ്ങള്‍ കൂടിയതുകൊണ്ട് അതു മറ്റുള്ളവരുടെ തലയില്‍വച്ചു രക്ഷപ്പെടാമെന്ന വ്യാമോഹമൊന്നും എനിക്കില്ല. അതൊക്കെ അങ്ങനെ സംഭവിച്ചുപോയെന്ന് വിശ്വസിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. പ്രൊഡക്ഷന്‍ യൂണിറ്റിലെ ആരോടും ഒരു പരാതിയുമില്ല. എല്ലാവരും വളരെ ആത്മാര്‍ത്ഥതയോടെ സഹകരിച്ച സിനിമയാണത്. കുറച്ചുകൂടി നന്നായി ആസൂത്രണം ചെയ്തിരുന്നെങ്കില്‍ ഷൂട്ടിങ് ദിവസങ്ങള്‍ കുറയ്ക്കാമായിരുന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അങ്ങനെ ചെയ്യാവുന്ന ഒരവസ്ഥയായിരുന്നില്ല അന്ന്. കൊൽക്കത്തയെന്ന മഹാനഗരത്തില്‍. മഴയും വെള്ളപ്പൊക്കവുമൊന്നും ആരോടും പറഞ്ഞിട്ടല്ലല്ലോ വരുന്നത്!

placeholder

ഒരു വലിയ പടത്തിന്റെ നിര്‍മാണത്തില്‍ സംവിധായകനുള്‍പ്പെടെ എല്ലാവരുടെയും പരിചയക്കുറവും കുറെയൊക്കെ അനാവശ്യച്ചെലവുകള്‍ക്ക് കാരണമായിട്ടുണ്ട്. ദിലീപ് ഇടയ്ക്കിടെ എന്നെ ഓര്‍മിപ്പിക്കാറുണ്ടായിരുന്നു, 'തമ്പിച്ചായാ, ഇത് കല്‍ക്കട്ടയല്ല കനല്‍ക്കട്ടയാണ്' എന്ന്. അതിപ്പോഴും ഓര്‍മയില്‍നിന്നു മാഞ്ഞിട്ടില്ല. സിനിമാസമരവും കൂടി വന്നപ്പോള്‍ എല്ലാം കൈവിട്ടുപോയി. തുഴയില്ലാത്ത തോണിപോലെ എവിടെയുമില്ലാതെ സിനിമാനിര്‍മാണം ഒഴുകിക്കൊണ്ടിരുന്നു. ഒന്നും സംഭവിക്കാത്ത ദിവസങ്ങള്‍ വെറുതെ ഇഴഞ്ഞിഴഞ്ഞുനീങ്ങി. കൊൽക്കത്തയിലെ ഉറക്കമില്ലാത്ത രാത്രികളില്‍ ഇന്നസെന്റ് ചേട്ടന്റെ നര്‍മഭാഷണങ്ങളാണ് അല്‍പ്പമെങ്കിലും ആശ്വാസം തന്നിരുന്നത്. പിന്നെ എല്ലാ സഹായവാഗ്ദാനങ്ങളും തന്ന് സഹകരിച്ച അവിടത്തെ മലയാളിസമാജം അധ്യക്ഷന്‍ വേണുവേട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റോയ് ഫിലിപ്പിന്റെ സ്‌നേഹിതനായ അന്നത്തെ ബംഗാള്‍ പൊതുമരാമത്തു വകുപ്പുമന്ത്രി സ്വാഗത് ഹോട്ടല്‍ മാനേജര്‍ രവി എന്നിവരെയും മറക്കാന്‍ പറ്റില്ല. ചരിത്രത്തിലാദ്യമായി ഹൗറ പാലവും ഏഷ്യയിലെ ഏറ്റവും വലിയ വേശ്യത്തെരുവായ സോനാഗച്ചിയും മുഴുവനായി ഷൂട്ടിംഗിനു വിട്ടുതന്നത് അവരുടെയൊക്കെ സഹകരണംകൊണ്ടു മാത്രമാണ്. അവിടത്തെ പ്രധാന ഗതാഗതസൗകര്യമായ ട്രാം പോലും രണ്ടു മണിക്കൂര്‍ ഷൂട്ടിംഗിനായ നിര്‍ത്തിവെച്ചുതന്നു എന്നു പറഞ്ഞാല്‍ ഇപ്പോള്‍ അവിശ്വസനീയമായിത്തോന്നാം. 

എല്ലാ അര്‍ത്ഥത്തിലും മലയാളത്തിലെ ഒന്നാം നമ്പര്‍ കൂട്ടായ്മയായിരുന്നു കല്‍ക്കട്ടാ ന്യൂസില്‍ പ്രവര്‍ത്തിച്ചത്. സാമ്പത്തികമായി ഏറ്റവും കൂടുതല്‍ വിട്ടുവീഴ്ചകള്‍ ചെയ്ത സിനിമയായിരുന്നു. എന്നിട്ടും മലയാളികള്‍ക്ക് എന്നെന്നും അഭിമാനിക്കാവുന്ന ഒരു സിനിമയുണ്ടായില്ലെങ്കില്‍ ആരെയാണ്  പഴിക്കേണ്ടത്? അങ്ങനെയൊരു സിനിമയ്ക്കുവേണ്ടിത്തന്നെയാണ് ഈ ത്യാഗങ്ങളൊക്കെ സഹിച്ചത്. ഇന്ന് കച്ചവട സിനിമകള്‍പോലും പുറത്തിറക്കാന്‍ കഴിയാതെ പെട്ടിയില്‍ക്കയറുന്ന അവസ്ഥയാണ്. ബംഗാളില്‍ സംഭവിക്കുന്നതുതന്നെ താമസിയാതെ ഇവിടെ മലയാളത്തിലും സംഭവിക്കും. കച്ചവട സിനിമകളുടെ ചരമമാണ് അവിടെയിപ്പോള്‍ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. 

placeholder

ഇപ്പോഴാണ് നല്ല സിനിമകളുടെ തുടക്കക്കാരായ അടൂരിന്റെയും അരവിന്ദന്റെയുമൊക്കെ പ്രസക്തി. ചിരിപ്പിക്കാനും മിമിക്രി കാണിക്കാനും മാത്രമല്ല, മറ്റേതൊരു കലാരൂപത്തെയുംപോലെ ചിന്തിപ്പിക്കാനുംകൂടിയുള്ളതാണ് സിനിമയെന്ന കാര്യം മലയാളികള്‍ പാടേ മറന്നതുപോലെ തോന്നുന്നു. അതു മനസ്സിലാകുന്ന കാലത്തേ സാക്ഷരതയില്‍ ഊറ്റംകൊള്ളുന്ന മലയാളികള്‍ നല്ല സിനിമകള്‍ നിര്‍മിക്കുകയും വിജയിപ്പിക്കുകയും ചെയ്യും. അങ്ങനെയൊരു സിനിമാ സംസ്‌കാരമുണ്ടാകാമെന്നു പ്രതീക്ഷിച്ച് കാത്തിരിക്കുകയേ മാര്‍ഗമുള്ളൂ. 

ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ഞാനുള്‍പ്പെടെയുള്ള പ്രവാസികള്‍ സിനിമയ്ക്കുവേണ്ടി ചെലവാക്കുന്ന ഓരോ രൂപയും സിനിമയെന്ന വ്യവസായത്തിലേക്കു നിക്ഷേപിക്കുകയാണ്. സിനിമകൊണ്ടു മാത്രം ജീവിക്കുന്ന എത്രയോ കുടുംബങ്ങളുണ്ട്! കച്ചവടസിനിമയുടെ മരണത്തോടുകൂടി ആ കുടുംബങ്ങളൊക്കെയും കടക്കെണിയിലാകും. അവരെ ആരു രക്ഷിക്കും? സര്‍ക്കാറെന്നല്ല, ദൈവത്തിനുപോലും രക്ഷിക്കുന്ന കാര്യത്തില്‍ പരിമിതികളുണ്ട്. താന്‍ പാതി, ദൈവം പാതിയെന്നല്ലേ? 

ഒന്നോര്‍ക്കുക: എത്രയോ കോടീശ്വരന്‍മാര്‍ സിനിമ നിര്‍മിക്കുന്നില്ല! പാവം സിനിമാനിര്‍മാതാക്കള്‍ മണ്ടന്‍മാര്‍! വിശേഷിച്ച് പ്രവാസികള്‍. സിനിമ നിര്‍മിക്കുന്നതിലും എത്രയോ ബുദ്ധിമുട്ടുള്ള കാര്യമാണ്, അന്യനാട്ടില്‍ച്ചെന്നു പണമുണ്ടാക്കുന്നത്! അങ്ങനെ രാപ്പകല്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം സിനിമയിലേക്കിറക്കുന്ന നിര്‍മാതാവിന് പുല്ലുവിലപോലും കല്‍പ്പിക്കുന്നില്ലെന്നത് പകല്‍പോലെ സത്യമാണ്. വലിയ താരങ്ങളെ വെച്ച് സിനിമയെടുത്തത് എട്ടുനിലയില്‍ പൊട്ടിയാല്‍ ആ  നിര്‍മാതാക്കളെ ആരും പിന്നീട് തിരിഞ്ഞുനോക്കാറില്ല; ആരുമവരെക്കുറിച്ചറിയാറുപോലുമില്ല. ഒരു നടന്‍ കൂടിയല്ലായിരുന്നെങ്കില്‍ എന്റെ കാര്യവും വിഭിന്നമാകുമായിരുന്നില്ല. ഇന്ന് ഒട്ടും കഷ്ടപ്പെടാതെതന്നെ നടന്‍മാരാകുന്നവരുണ്ട്. മദ്രാസിലെ പൈപ്പുവെള്ളം കുടിച്ച്, കോടമ്പാക്കത്ത് താമസിച്ചാലേ സിനിമാനടനാകൂ എന്ന് ഇന്നാരും പറയുമെന്നു തോന്നുന്നില്ല. അതൊക്കെ പഴയ കാലം. പുതിയ തലമുറയില്‍ പലരും താരങ്ങളായി ജനിച്ചവരാണ്. അങ്ങനെ ജനിക്കുന്നവരുടെ ഒരു സംസ്‌കാരം ഇവിടെ തുടങ്ങിക്കഴിഞ്ഞു. ഹോളിവുഡ് മുതല്‍ മോളിവുഡ് വരെ അങ്ങനെയൊക്കെയേ ഇനി സംഭവിക്കാന്‍ സാധ്യതയുള്ളു! 

നാടകത്തില്‍നിന്ന് ഒരു നടനാകാന്‍ വന്ന താരസഹോദരനാണ് ഞാന്‍. ബാബു ആന്റണിയുടെ 'അറേബ്യ' എന്ന സിനിമയുടെ ഷൂട്ടിങ് കാണാന്‍ മൈസൂറില്‍ പോയതാണ്. അവിടെവച്ചാണ് ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നത്. പിന്നീട് പല സൗഹൃദങ്ങളിലൂടെയും നിര്‍മാതാവാകുകയായിരുന്നു. അതില്‍ അല്‍പംപോലും പരിഭവമില്ല. അഭിനയത്തിന് രാജ്യാന്തരപുരസ്‌കാരം നേടിയതും ഹോളിവുഡ്ഡില്‍ അഭിനയിച്ചതുമൊക്കെ അതുകൊണ്ടാണല്ലോ. ഇതൊക്കെ ഓരോ കര്‍മഫലമാണെന്ന് വിശ്വസിക്കുന്നതില്‍ ഒരപാകതയുമുണ്ടെന്ന് തോന്നുന്നില്ല. 

കച്ചവടസിനിമയുടെ തട്ടകത്തില്‍നിന്ന് സിനിമ ചെയ്യുമ്പോഴും പലരും സ്വന്തം അവാര്‍ഡിലാണ് കൂടുതല്‍ ശ്രദ്ധിച്ചത്. പല കാരണങ്ങള്‍കൊണ്ട് ഷൂട്ടിങ് ദിവസങ്ങള്‍ കൂടിയപ്പോള്‍ മിക്ക താരങ്ങളും കൂടുതല്‍ പ്രതിഫലം ചോദിച്ചു. എത്ര പറഞ്ഞിട്ടും നിര്‍മാതാവിനു പണമുണ്ടല്ലോ, പോരട്ടെ എന്ന മനോഭാവത്തില്‍ പാറപോലെ ഉറച്ചുനിന്നു. അവരുടെ നഷ്ടങ്ങളുടെ കണക്കുകള്‍ പറഞ്ഞുകൊണ്ടിരുന്നു. ഇനിയും ഒരു പടംപോലുമെടുക്കാനാവാത്ത അവസ്ഥയില്‍ നിര്‍മാതാവിനെ എത്തിച്ചെന്ന സമാധാനംകൊണ്ടാവാം, ഷൂട്ടിങ് തുടങ്ങുന്നതിനുമുമ്പ് എയര്‍പോര്‍ട്ടു മുതല്‍ എന്നെ ആനയിച്ചു കൊണ്ടുനടന്നിരുന്ന പല സിനിമാമാന്യന്‍മാരുടെയും പൊടിപോലും കാണാനില്ലായിരുന്നു! ഇവരൊക്കെ ഒരു കാര്യം ചിന്തിക്കണം: നിര്‍മാതാക്കള്‍ക്കു പണമുണ്ടാക്കാന്‍ സിനിമ ചെയ്യണമെന്നില്ല. പക്ഷേ ആരെങ്കിലും പടം ചെയ്തില്ലെങ്കില്‍ സിനിമകൊണ്ടു ജീവിക്കുന്നവരെന്തുചെയ്യും? 

മഹാകവി ചങ്ങമ്പുഴ പാടിയതുപോലെ, 'ആത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണ്' എന്റെയും പരാജയം!