
'അമേരിക്ക, അമേരിക്ക'. ഇതൊരു പഴയ മലയാളം സിനിമയുടെ പേരാണ്. അമേരിക്കന്‍ ജീവിതത്തെപ്പറ്റി പറയുന്ന ആദ്യ സിനിമ ഇതാണെന്നു തോന്നുന്നു. അതൊക്കെ സിനിമയില്‍. യാഥാര്‍ത്ഥ്യത്തിലേക്ക് ഒന്നെത്തിനോക്കാം.
ആദ്യമാദ്യം അമേരിക്കയിലേക്കു കുടിയേറിയവരിലധികവും പഞ്ചാബികളായ കൃഷിക്കാരായിരുന്നു. കാലിഫോര്‍ണിയയില്‍ അവരില്‍ ഭൂരിപക്ഷവും തിങ്ങിപ്പാര്‍ക്കുന്ന ഒരു സിറ്റിയുണ്ട്: യുബാ സിറ്റി. അതൊരു പഞ്ചാബി ഗ്രാമമാണെന്നേ ഇപ്പോഴും അവിടെച്ചെന്നാല്‍ തോന്നുകയുള്ളൂ. ആദ്യകാല കുടിയേറ്റക്കാരില്‍ ഇംഗ്ലീഷറിയാത്തവര്‍ ഇപ്പോഴുമുണ്ടെന്നത് അവിശ്വസനീയമായിത്തോന്നാം. എന്നാല്‍, അവരുടെ രണ്ടാമത്തെയും മൂന്നാമത്തെയും തലമുറകള്‍ പഠിച്ചു മിടുക്കരായി. അവര്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞരുമൊക്കെയായി അമേരിക്കയുടെ പല ഭാഗങ്ങളിലായി സ്ഥിരതാമസമാക്കിയിരിക്കുന്നു.
പിന്നീടു വന്ന ഗുജറാത്തികള്‍ കൂടുതലും ഹോട്ടല്‍ ബിസിനസ്സിലാണ് താത്പര്യം കാണിച്ചത്. ഏതാണ്ട് അതേ സമയത്തുതന്നെ, അറുപതുകളുടെ തുടക്കംതൊട്ടാണ് കേരളത്തില്‍നിന്ന് അമേരിക്കയിലേക്കുള്ള കുടിയേറ്റമാരംഭിച്ചത്. ആദ്യകാലത്ത്, എന്‍ജിനീയറിംഗ്-മെഡിക്കല്‍ മേഖലകളില്‍ പഠിക്കാന്‍ വന്നവരായിരുന്നു അധികവും. അവരൊരു ന്യൂനപക്ഷമായിരുന്നു. പിന്നീടാണ് പാതിരിമാരുടെ പരിശ്രമംകൊണ്ട് ഇറ്റലിവഴി അമേരിക്കയിലേക്കൊഴുകിയ നഴ്‌സുമാരുടെ യുഗമാരംഭിക്കുന്നത്. അത് രണ്ടായിരംവരെ തുടര്‍ന്നുപോന്നു. അതായിരുന്നു ആ സമയത്തെ ഏറ്റവും വലിയ കുടിയേറ്റം. അതുംകഴിഞ്ഞ് ഐടിക്കാര്‍ വന്നതോടുകൂടി യുവജനങ്ങളുടെ കുടിയേറ്റം എല്ലാവരെയും പിന്തള്ളി ശക്തി പ്രാപിച്ചു. എണ്ണത്തില്‍ തെലുങ്കരും തമിഴരുമാണ് മുന്നിലെങ്കിലും മലയാളികളുടെ ശക്തമായ സാന്നിധ്യമുണ്ട്. ആ കുടിയേറ്റം ഇപ്പോഴും തുടരുന്നു. അതുകൊണ്ട് ഇന്ത്യക്കാരുടെയും, വിശേഷിച്ച് മലയാളികളുടെയും റസ്റ്റോറന്റുകളുടെ എണ്ണം വളരെയേറെ വര്‍ദ്ധിച്ചിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങള്‍ നമുക്കായി എല്ലാ വാതിലുകളും തുറന്നിട്ടപ്പോഴും അമേരിക്കയായിരുന്നു അഭ്യസ്തവിദ്യരായ മലയാളികളുടെ സ്വര്‍ഗഭൂമി. അമേരിക്കയിലെത്തിയ കാലത്ത് ഇതൊരു സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്നു തിരിച്ചറിയാന്‍ ഞാന്‍ കുറച്ചു സമയമെടുത്തു!
എണ്‍പതുകളില്‍ ഇവിടെ പഠിക്കാന്‍ വന്നവരുടെ സ്റ്റാറ്റസായിരുന്നു 'പുവര്‍ സ്റ്റുഡന്റ്' അഥവാ ദരിദ്രവിദ്യാര്‍ത്ഥി! അതിന് അതിന്റെതായ കാരണങ്ങളുണ്ട്. അക്കഥകളൊക്കെ സ്റ്റുഡന്റ്‌സ് വിസയില്‍ അമേരിക്കയിലെത്തിയ എന്റെ ഭാര്യ പ്രേമ പറഞ്ഞ് കുറച്ചൊക്കെ എനിക്കറിയാം. താമസം ആരുടെകൂടെയെങ്കിലും ഷെയര്‍ ചെയ്യാമെന്നു കരുതിയാല്‍പ്പോലും ജോലിയും കൂലിയുമില്ലാത്ത ഒരു വിദ്യാര്‍ഥിക്ക് സ്‌കോളര്‍ഷിപ്പോ വീട്ടുകാരുടെ പിന്തുണയോ അത്യാവശ്യമാണ്. കോളേജ് ഡോര്‍മെറ്ററിയില്‍ പലപ്പോഴും വിദേശവിദ്യാര്‍ഥികള്‍ക്ക് മുറി കിട്ടാറില്ല. ഒറ്റയ്ക്കു താമസിക്കാമെന്നു തീരുമാനിച്ചാല്‍, വാടക താങ്ങാവുന്നതിനപ്പുറമാണ്. ആണുങ്ങളാണെങ്കില്‍ ഒളിച്ചും പാത്തും വല്ല പെട്രോള്‍ ബങ്കിലോ ഇന്ത്യക്കാരുടെ ഹോട്ടലുകളിലോ ജോലിചെയ്യാം. എന്നാല്‍ പെണ്‍കുട്ടികളുടെ കാര്യം കഷ്ടമാണ്. ഒറ്റയ്ക്കാവുമ്പോള്‍ സുരക്ഷിതത്വവും പ്രധാനപ്രശ്‌നമാണ്. അതുകൊണ്ടവര്‍ ഏതെങ്കിലും പണക്കാരായ വല്യപ്പന്റെയോ വല്യമ്മയുടെയോ വീട്ടുജോലിക്കായി ശ്രമിക്കുന്നു. താമസിക്കാനൊരു കുടുസ്സുമുറിയും അത്യാവശ്യം പോക്കറ്റ്മണിയും കിട്ടാന്‍ മറ്റു മാര്‍ഗങ്ങൾ ഒന്നുംതന്നെയില്ല. നല്ല അമ്മച്ചിമാരല്ലെങ്കില്‍ അമ്മായിയമ്മപ്പോരിനെക്കാള്‍ കഷ്ടമായിരിക്കും. എന്തു ചെയ്താലും പിറകേനടന്നു കുറ്റം കണ്ടുപിടിക്കും. ശാപവാക്കുകള്‍ക്ക് ഒരു കുറവുമുണ്ടാവില്ല. എന്നാല്‍ പ്രേമയ്ക്കു കിട്ടിയ നെല്ലിവല്യമ്മ അങ്ങനെയായിരുന്നില്ല. അവര്‍ സ്വന്തം മകളെപ്പോലെ പരിരക്ഷിച്ചിരുന്നു. നല്ലതുപോലെ സോപ്പിടാനറിയാമെങ്കില്‍ ആര്‍ക്കും സാധിക്കാവുന്ന കാര്യമാണത്!
പിന്നെ, സ്വന്തമായി കാറില്ലാത്തതൊരു ദുരവസ്ഥയാണ്. സിറ്റിയില്‍ ഫലപ്രദമായ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനമുണ്ടെങ്കിലും മറ്റെവിടെയെങ്കിലും പോകണമെങ്കില്‍ ആരെയെങ്കിലും ആശ്രയിക്കാതെ പറ്റില്ല. അതുകൊണ്ടും പഠിക്കാന്‍ ധാരാളമുള്ളതുകൊണ്ടും സോഷ്യല്‍ ലൈഫ് തീരെയില്ലെന്നുതന്നെ പറയാം. എല്ലാംകൊണ്ടും ഒറ്റപ്പെടലിന്റെ വേദന ഈ പുവര്‍ സ്റ്റുഡന്റ്‌സ് കുടിച്ചിറക്കുന്നു!
അങ്ങനെയൊരു അസന്തുലിതാവസ്ഥയിലാണ് അടിയന്തരമായി പ്രേമ നാട്ടിലെത്തിയത്. അതുകൊണ്ടാണ് ഞങ്ങള്‍ കണ്ടുമുട്ടാനുള്ള സാഹചര്യമുണ്ടായത്. പ്രേമ അന്ന് യൂണിവേഴ്‌സിറ്റി ഓഫ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ പഠിക്കുന്നു. ഞാന്‍ കോഴിക്കോട് പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്‌മെന്റില്‍ അസിസ്റ്റന്റ് എന്‍ജിനീയറാണ്. താമസം ആര്‍ഇസിയിലെ ഗസ്റ്റ്ഹൗസിലായിരുന്നെങ്കിലും ഫീല്‍ഡ് ഓഫീസ് വാഴക്കാടായിരുന്നു. അവിടെയെത്തുക എന്നത് ദുര്‍ഘടമായിരുന്നു. മാവൂരില്‍ ബസ്സിറങ്ങി ചാലിയാര്‍പ്പുഴ കടത്തു കടന്ന് നാലഞ്ചു കിലോമീറ്റര്‍ നടക്കണം. ഞങ്ങള്‍ മൂന്ന് എന്‍ജിനീയർമാരാണ് ചാലിയാര്‍ ഡാമിന്റെ ഇന്‍വെസ്റ്റിഗേഷനിലുണ്ടായിരുന്നത്. അരീക്കോട് ഇറിഗേഷന്‍ പ്രോജക്ട് എന്നായിരുന്നു ഒരിക്കലും നടക്കാതിരുന്ന ആ പദ്ധതിയുടെ പേര്.
അന്ന് എന്റെ സീനിയറായ രാമചന്ദ്രന്‍ കോഴിക്കോട് പരിസ്ഥിതിവിഭാഗത്തിന്റെ ചീഫ് എന്‍ജിനീയറാണ്. അതുകൊണ്ടുതന്നെ രാമചന്ദ്രന്‍ മിക്കപ്പോഴും ഞങ്ങളുടെ സൗഹൃദക്കൂട്ടായ്മകളില്‍ സജീവമായിരുന്നു. എന്‍ജിനീയര്‍മാരായിട്ടും സ്ഥിരമായി നടക്കേണ്ടിവരുന്നതിലും കഷ്ടപ്പാടുകളിലും രാമചന്ദ്രന് ഞങ്ങളോടു സഹതാപം തോന്നിയിരുന്നു. എനിക്കതൊന്നും ഒരിക്കലും ബുദ്ധിമുട്ടുകളായി തോന്നിയിട്ടില്ലെന്നതാണ് സത്യം. വാരാന്ത്യങ്ങളിലെ വൈകുന്നേരങ്ങളില്‍ മിക്കവാറും ആര്‍ക്കിടെക്ട് ജോസും രമേശും ബാബുവുമുണ്ടാകും. അതില്‍ ജോസ് ഫിലിപ്പ് എന്ന ജോസ് എന്റെ കസിനാണ്. ഹോട്ടല്‍ മഹാറാണിയുടെ ലോണിലും അവരുടെ വീടുകളിലുമൊക്കെയുള്ള കൂട്ടായ്മകള്‍ ആഹ്ളാദകരമായിരുന്നു.
രാമചന്ദ്രന്‍ അവധിയെടുത്ത്, പ്രേമ പഠിക്കുന്ന സാന്‍ഫ്രാന്‍സിസ്‌കോ യൂണിവേഴ്‌സിറ്റിയില്‍ത്തന്നെ പോയാണ് ഡോക്ടറേറ്റെടുത്തത്. അവിടെ രാമചന്ദ്രനെക്കൂടാതെ ആകെയുണ്ടായിരുന്ന മലയാളി പ്രേമയായിരുന്നു. എന്റെ അമേരിക്കന്‍ സ്വപ്നത്തെപ്പറ്റിയറിയാവുന്ന രാമചന്ദ്രനാണ് പ്രേമയുടെ കാര്യം ആദ്യം എന്നോടു പറയുന്നത്. എനിക്കില്ലാത്ത സദ്ഗുണങ്ങള്‍ പ്രേമയോടു പൊലിപ്പിച്ചു വിശദീകരിച്ചതും അദ്ദേഹമാണ്. എന്റെ വീട്ടില്‍നിന്ന് ഫോണ്‍ വിളിച്ചപ്പോള്‍ പ്രേമയെപ്പറ്റി നല്ല അഭിപ്രായം രാമന്‍ പറഞ്ഞു. രാമന്‍ സാക്ഷാല്‍ ശ്രീരാമന്‍തന്നെയാണ്. ആരെപ്പറ്റിയും മോശമായി ഒന്നും പറയില്ല. ഏതു കാര്യത്തിലും ഇത്തിരി റിസ്‌ക്കെടുത്തില്ലെങ്കില്‍ ഒന്നും നേടാനാവില്ലെന്നാണല്ലോ പ്രമാണം! അപ്പോള്‍പ്പിന്നെ കല്യാണത്തിന്റെ കാര്യത്തില്‍ മാത്രം അതെന്തിനു പാലിക്കാതിരിക്കണം?! എന്തായാലും സംഗതി കുറിക്കുകൊണ്ടു. രാമചന്ദ്രന്‍ പറഞ്ഞ ഗുണഗണങ്ങള്‍ കേട്ടിട്ട് ആ 'പാവപ്പെട്ട വിദ്യാര്‍ഥിനി'യെ പരിചയപ്പെടാന്‍ തീരുമാനിച്ചു.
ഇതിനിടെ മാര്യേജ് ബ്യൂറോയിലെ ജമാല്‍ പറഞ്ഞതനുസരിച്ച് ഞാനൊരു പെണ്ണുകാണാന്‍ പോയി. ഒരു അയ്യപ്പന്‍കോളിന്, തിങ്ങിനിറഞ്ഞ ട്രെയിനില്‍, മുഴുവന്‍ സമയവും ഉറക്കമിളച്ചുനിന്നാണ് കോഴിക്കോട്ടുനിന്ന് എറണാകുളം വരെയെത്തിയത്. സാക്ഷാല്‍ ജമാല്‍, ആ ശീതകാലക്കുളിരില്‍ തലയിലൊരു തോര്‍ത്തുകെട്ടി പ്ലാറ്റ്‌ഫോമില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ആദ്യമെനിക്ക് ആളെ മനസ്സിലായില്ല. അതു തിരിച്ചറിഞ്ഞ ജമാല്‍ തോര്‍ത്ത് തലയില്‍നിന്നു മാറ്റി, 'വാ, പോകാം' എന്നു കല്‍പ്പിച്ചു. അങ്ങനെ അയാളുടെ ബുള്ളറ്റില്‍ക്കയറി യാത്രയായി. അയാള്‍ പറഞ്ഞ പെണ്‍കുട്ടിയും രാമന്‍ പറഞ്ഞ പ്രേമയും ഒരാള്‍തന്നെയാണെന്നു പിറവത്ത് ചെന്ന് പെണ്ണിനെ കണ്ടപ്പോഴാണ് മനസ്സിലായത്! അതിനൊക്കെയാവാം നിമിത്തമെന്നു പറയുന്നത്. എന്തായാലും അവിടെവച്ചു തമ്മില്‍ക്കണ്ടപ്പോള്‍ 'ലൗ അറ്റ് ഫസ്റ്റ് സൈറ്റ്' എന്നൊക്കെ പറയുന്നതുപോലെ അതങ്ങു സംഭവിച്ചു. ആര്‍ക്ക് ആരോടായിരുന്ന ആദ്യം ലൗ വന്നതെന്ന് ഇപ്പോള്‍ പറയുന്നില്ല. അന്നുമുതല്‍ ഇപ്പോള്‍വരെ ആള്‍ കൂടെത്തന്നെയുണ്ട്! ഏതായാലും വിവാഹം കഴിഞ്ഞപ്പോള്‍ അങ്കലാപ്പ് മുഴുവന്‍ രാമചന്ദ്രനായിരുന്നു. അത്ര പെട്ടെന്ന് കല്യാണത്തില്‍ കലാശിക്കുമെന്ന് അദ്ദേഹം വിചാരിച്ചില്ല. അങ്ങനെ സംഭവിക്കാന്‍ ഒരേയൊരു കാരണം, പ്രേമയ്ക്ക് അവധിയില്ലാത്തതായിരുന്നു. വിവാഹമുറപ്പിച്ച വിവരംപോലും രാമചന്ദ്രനോടു പറയാന്‍ വിട്ടുപോയി.
എന്തായാലും രാമചന്ദ്രന്‍ പരിസ്ഥിതിമന്ത്രാലയത്തിലെ ജോലി രാജിവച്ചു. ഏതാണ്ടു പത്തു വര്‍ഷം കഴിഞ്ഞാണു പിന്നെ പൊങ്ങിയത്! അമേരിക്കയില്‍ ഏതോ കോണ്‍ഫറന്‍സിനു വന്നപ്പോള്‍ എന്നെ വിളിച്ചു. അതും ഞങ്ങളെല്ലാം സുഖമായിരിക്കുന്നു എന്നു കൂട്ടുകാരെ വിളിച്ചുറപ്പിച്ചശേഷമായിരുന്നു. അപ്പോഴേക്കും രണ്ടു കുട്ടികളായിരുന്നു. നദിയും സന്ധ്യയും. ആണ്‍കുട്ടി കായലെത്തിയത് പന്ത്രണ്ടാമത്തെ വര്‍ഷമാണ്.
ഇതൊക്കെ പറഞ്ഞത് അന്നത്തെ അമേരിക്കന്‍ കല്യാണത്തിന്റെ സാഹസികത വിശദമാക്കാനാണ്. അമേരിക്കയില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെക്കുറിച്ച് കൂടുതലറിയാന്‍ ഇന്നത്തെപ്പോലെ ഇന്റര്‍നെറ്റോ മറ്റു മലയാളികളോ അന്നില്ല. അമേരിക്കയില്‍ പഠിക്കുന്നൊരു പെണ്ണ് എന്നൊക്കെക്കേട്ടാല്‍ കല്യാണം കഴിക്കാന്‍ ആരും തയ്യാറാകുമായിരുന്നില്ല. എന്റെ കാര്യത്തില്‍, അറിയാവുന്ന ഒരാളെങ്കിലുമുണ്ടായിരുന്നല്ലോ.

കല്യാണമൊക്കെ പെട്ടെന്നു കഴിഞ്ഞെങ്കിലും പുവര്‍ സ്റ്റുഡന്റ് വിസയായിരുന്നതിനാല്‍ രണ്ടു വര്‍ഷത്തോളമെടുത്തു ഞാനിക്കരെയെത്താന്‍. ഇതിനിടയ്ക്ക് പല ഗള്‍ഫ് ഓഫറുകളും വേണ്ടെന്നുവച്ച്, പിഡബ്ല്യുഡിയില്‍ത്തന്നെ പിടിച്ചുനിന്നു. അസിസ്റ്റന്റ് എന്‍ജിനീയര്‍, ആര്‍ഇസി ഗസ്റ്റ് ഹൗസില്‍ താമസം, കുട്ടികളുടെ കൂടെയുള്ള കളികള്‍, വൈകുന്നേരം സാറന്‍മാരുടെ കൂടെ ചീട്ടുകളി, അത്യാവശ്യം മദ്യപാനം, സാഹിത്യചര്‍ച്ചകള്‍ എന്നിങ്ങനെ അടിപൊളി സെറ്റപ്പ്! ഒരു മലയാളിക്കു സന്തോഷിക്കാന്‍ അതൊക്കെ മതിയായിരുന്നല്ലോ!
നാട്ടുവിശേഷങ്ങള്‍ അവിടെ നില്‍ക്കട്ടെ. പറയാന്‍ വന്നത് അമേരിക്കന്‍ വിശേഷങ്ങളാണ്. വിമാനയാത്രയില്‍ തുടങ്ങാം. അന്ന് കുറഞ്ഞത് മൂന്നു വിമാനമെങ്കിലും കയറണം, ഏഴു കടലും കടക്കാന്‍. സാമ്പത്തികഞെരുക്കംകാരണം ഏറ്റവും വിലകുറഞ്ഞ വണ്‍വേ ടിക്കറ്റാണെടുത്തത്. സിംഗപ്പൂര്‍, ഹോണോലുലു വഴിയായിരുന്നു കന്നിയാത്ര. ജീവിതത്തില്‍ ആദ്യം കാണുന്ന വിദേശരാജ്യം സിംഗപ്പൂരായിരുന്നു. അന്നു സിംഗപ്പൂരില്‍ എന്റെ കസിന്‍ ആന്റണി ജോസഫ് ഉണ്ടായിരുന്നതുകൊണ്ട് ഒരു ദിവസം അവിടെത്തങ്ങിയിട്ടാണ് പോകുന്നത്. സി.എക്കാരനായിരുന്ന ആന്റണി ജോസഫ് അന്ന് ബിസ്‌കറ്റ് രാജാവ് രാജന്‍പിള്ളയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ടയാളായിരുന്നു.

കേരളത്തില്‍നിന്നെത്തിയതുകൊണ്ടാവാം, അന്നു സിംഗപ്പൂര്‍ ഒരത്ഭുതനഗരമായാണ് തോന്നിയത്. അടുക്കും ചിട്ടയുമുള്ള കെട്ടിടങ്ങള്‍, ഗതാഗതത്തിലെ മാന്യത, സുരക്ഷിതത്വം, ആള്‍ക്കാരുടെ നല്ല പെരുമാറ്റം തുടങ്ങിയവയെല്ലാം എന്നെ ആകര്‍ഷിച്ചു. നമ്മുടെ കൊച്ചുകേരളം വിദ്യാഭ്യാസംകൊണ്ട് അവരെക്കാള്‍ മുന്നിലായിരുന്നെങ്കിലും ഇന്‍ഫ്രാസ്ട്രക്ചറുള്‍പ്പെടെ മറ്റു പല കാര്യങ്ങളിലും ഒരന്‍പതു കൊല്ലം പിറകിലായിരുന്നെന്ന് തോന്നി. ഇപ്പോള്‍ നാല്‍പ്പതു കൊല്ലത്തിനുശേഷവും ആ തോന്നലിന് അല്‍പ്പംപോലും കുറവില്ല! 'എന്നെ തല്ലേണ്ടമ്മാവാ, ഞാന്‍ നന്നാവില്ല' എന്ന മട്ടിലാണ് നമ്മുടെ പോക്ക്.
ആന്റണിയുടെ കൂടെ കുറെ കറങ്ങി. രാത്രിയില്‍ ഡാന്‍സ് ഫ്‌ളോറിലും പബ്ബിലും പോയി. എന്നാലും എങ്ങനെയെങ്കിലും അമേരിക്ക എന്ന സ്വപ്നഭൂമിയിലെത്തുക എന്നതുതന്നെയായിരുന്നു എന്റെ മോഹം. അതുകൊണ്ടാണ് ആരുടെയും അഭിപ്രായമാരായാതെ സര്‍ക്കാരുദ്യോഗം രാജിവച്ചത്. അല്ലെങ്കില്‍ തിരിച്ചുവരാനുള്ള സാധ്യത കൂടും. അതുവേണ്ടെന്നുതന്നെ തീരുമാനിച്ചു. അങ്ങനെ രണ്ടു വള്ളത്തില്‍ ചവിട്ടിയാല്‍ ഒന്നും ശരിയാവില്ല. ഈ ഉപദേശം അമേരിക്കയില്‍ വരുന്ന എല്ലാവരോടും ഞാന്‍ പറയാറുണ്ടായിരുന്നു. കുറച്ചുകാലം അമേരിക്കയില്‍ വന്നുനോക്കിയിട്ട് തിരിച്ചുപോകണമെന്നു വിചാരിക്കുന്നവരൊക്കെ പരാജയപ്പെടും. കാരണം അവരൊരിക്കലും കഠിനാധ്വാനം ചെയ്യില്ല. 'അമേരിക്ക ഈസ് എ ലാന്‍ഡ് ഓഫ് ഓപ്പര്‍ച്യൂണിറ്റീസ് ഫോര്‍ ദ പീപ്പിള്‍ ഹു വര്‍ക്ക് ഹാര്‍ഡ്'!
സിംഗപ്പൂര്‍ കണ്ടതിനുശേഷം ഹോണോലുലു വഴി സാന്‍ഫ്രാന്‍സിസ്‌ക്കോയിലേക്കാണ് പോകേണ്ടത്. ആ ദൂരയാത്രയ്ക്കുള്ള മാനസികമായ തയ്യാറെടുപ്പ് നടത്തിയിരുന്നു. ആദ്യമായിട്ടായിരുന്നല്ലോ, എല്ലാവരെയും പിരിഞ്ഞുള്ള ആ യാത്ര! അവിടെയെത്തിയ രാത്രി ഇന്നെന്നപോലെ ഓര്‍ക്കുന്നു. ഏതാണ്ടു പതിനൊന്നുമണിക്കോമറ്റോ ആണ് വിമാനമിറങ്ങുന്നത്. ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജും പ്രകാശപൂരിതമായ സാന്‍ഫ്രാന്‍സിസ്‌കോ നഗരവും കാണാന്‍ വിന്‍ഡോയിലൂടെ എത്തിവലിഞ്ഞു നോക്കി. ആകാശത്തുനിന്ന് നോക്കിയപ്പോള്‍ ആദ്യം കണ്ടത് ഉള്‍ക്കടലാണ്. ഉള്ളൊന്നു കത്തി. പൈലറ്റിന് എന്തോ അബദ്ധംപറ്റി വെള്ളത്തിലാണോ ലാന്‍ഡ് ചെയ്യാന്‍ പോകുന്നതെന്നൊരു ഭീതി. അങ്ങനെയുള്ള പല കഥകളും പത്രങ്ങളില്‍ വായിച്ചതറിയാം. പിന്നീട്, പതുക്കെപ്പതുക്കെ പ്രകാശപൂരിതമായ കര കാണാന്‍ തുടങ്ങി. ലൈറ്റുകളുടെയെല്ലാം പ്രതിബിംബങ്ങള്‍ വെള്ളത്തില്‍ കണ്ടതോടെ ഈ സ്വപ്നഭൂമിയിലേക്കാണല്ലോ പാതിരാത്രിയിലിറങ്ങുന്നത് എന്നൊരാഹ്ലു്ദം വന്നു. ഭാര്യ താഴെ കാത്തുനില്‍ക്കുന്നുണ്ടല്ലോ എന്ന സന്തോഷവും ആകാംക്ഷയുമുണ്ടായിരുന്നു. പഠിത്തമൊക്കെക്കഴിഞ്ഞ് അവള്‍ക്കു ജോലി കിട്ടിയെന്നറിഞ്ഞുകൊണ്ടാണ് നാട്ടില്‍നിന്ന് തിരിച്ചത്. എങ്കിലും ആദ്യമായി നാടുവിടുന്നയാളിന്റെ അങ്കലാപ്പുകളില്ലാതിരിക്കുമോ?! ഇവിടെ ജീവിച്ചുതുടങ്ങിയപ്പോഴാണ് എല്ലാം മനസ്സിലാക്കിയത്.
വിശാലമായ ഗോള്‍ഡന്‍ ഗേറ്റ് പാര്‍ക്കിന്റെ തൊട്ടടുത്തുള്ള 9 വേ സ്ട്രീറ്റിലെ ഒരപ്പാര്‍ട്‌മെന്റിലേക്കാണ് ആ രാത്രി പോയത്. അവിടെയാണ് ആദ്യം ഒന്നിച്ച് താമസിച്ചുതുടങ്ങിയത്. അമേരിക്കയിലെ ആദ്യരാത്രി ഉറങ്ങാതെയുറങ്ങിയെഴുന്നേറ്റു. ജനാലയിലൂടെ 'ഇതാണോ മാമീ പൂലോകം' എന്ന മട്ടില്‍ പട്ടണത്തിലേക്കു നോക്കി. പ്രശസ്തമായ ഗോള്‍ഡന്‍ ഗേറ്റ് പാര്‍ക്ക് തൊട്ടടുത്തായതുകൊണ്ട് എപ്പോഴും വിനോദസഞ്ചാരികളുടെ നല്ല തിരക്കായിരുന്നു. ആ മഹാനഗരത്തിന്റെ നടുക്ക് അയിരത്തിയിരുന്നൂറേക്കറില്‍ പരന്നുകിടക്കുന്ന പാര്‍ക്ക് ഒരത്ഭുതംതന്നെയായിരുന്നു.
വൈകുന്നേരങ്ങളില്‍ പാര്‍ക്കില്‍ ഓടാന്‍ പോകുമായിരുന്നു. പോകുമ്പോഴും വരുമ്പോഴും വഴിയില്‍ സുന്ദരികളായ പെണ്‍കുട്ടികളും സ്ത്രീകളും വെറുതെ മുഖത്തുനോക്കി ചിരിക്കുന്നു! അതൊക്കെക്കണ്ട് ആദ്യമൊന്നു ഭ്രമിച്ചെങ്കിലും പിന്നീടു പ്രേമ പറഞ്ഞാണ് മനസ്സിലാക്കിയത്: അതവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്! അങ്ങനെയാണ് ഏതപരിചിതരെക്കണ്ടാലും ആദ്യമൊന്നു പുഞ്ചിരിക്കാന്‍ ഞാനും പഠിച്ചത്. പക്ഷേ നാട്ടില്‍ വരുമ്പോള്‍ ആ നിയമം അപകടമാണ്! എങ്കിലും അതൊരു നല്ല ശീലമാണെന്ന് എനിക്കു തോന്നിത്തുടങ്ങി. നമ്മുടെ സംസ്‌കാരത്തില്‍ അപരിചിതര്‍ എതിരെ വന്നാല്‍ ഒന്നു നോക്കുകപോലുമില്ല! വിശേഷിച്ച് പെണ്‍കുട്ടികളാണ് ആദ്യം ചിരിക്കുന്നതെങ്കില്‍ അതുകൊണ്ട് പല പൊല്ലാപ്പുകളുമുണ്ടായേക്കാം. ഓരോ രാജ്യത്ത് ഓരോ രീതി!
അമേരിക്ക സ്വപ്നഭൂമിതന്നെയാണെന്നാണ് ആദ്യം തോന്നിയത്. പക്ഷേ കുറച്ചു ദുഃസ്വപ്നങ്ങള്‍കൂടി കാണേണ്ടിവന്നു. ആദ്യത്തെ കടമ്പ ഡ്രൈവിംഗ് ലൈസന്‍സാണ്. അടുത്ത ദിവസംതന്നെ ഡ്രൈവിംഗ് ടെസ്റ്റിനു പോയി. ആദ്യം തിയറി പാസ്സാകണം. അതു വളരെ നിസ്സാരമായാണ് തോന്നിയത്. ഇത്രയേയുള്ളു അമേരിക്കയിലെ പരീക്ഷയൊക്കെ എന്നൊരഹങ്കാരത്തോടെയാണ് റോഡ് ടെസ്റ്റിനു പോയത്. നാട്ടില്‍ ജീപ്പൊക്കെയോടിക്കുന്നതല്ലേ, അതൊക്കെ പുല്ലുപോലെ കിട്ടും എന്നൊരാത്മവിശ്വാസമുണ്ടായിരുന്നു. ഡ്രൈവിംഗ് മാസ്റ്ററെ പുഷ്പംപോലെ ഓടിച്ചു കാണിച്ചുകൊടുത്തു. എന്നിട്ടു ഞാന്‍ അഹങ്കാരത്തിന്റെ ഒരു ചിരി ചിരിച്ചു. 'മലയാളികളോടാണോ ഇവന്റെയൊക്കെ കളി' എന്ന മട്ടില്‍ അയാളെ ഒന്നൊളികണ്ണിട്ടു നോക്കി. പക്ഷേ തോറ്റു എന്ന് ഇംഗ്ലീഷിലെഴുതിയ ഒരു വെള്ളപ്പേപ്പര്‍ സായിപ്പ് കൈയില്‍ത്തന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. രണ്ടു തെറ്റുകളാണു മാര്‍ക്ക് ചെയ്തിരുന്നത്. ഒന്ന്, പിറകോട്ടെടുത്തപ്പോള്‍ തിരിഞ്ഞുനോക്കിയില്ല. അങ്ങനെയൊരു സ്വഭാവം നമ്മുടെ ഡിക്ഷണറിയിലില്ലല്ലോ! രണ്ടാമത്തേതാണ് രസം. സ്പീഡ് അല്‍പ്പം കൂടുതലാണത്രേ! ഗള്‍ഫിലൊക്കെ അങ്ങനെയോടിച്ചാലേ ലൈസന്‍സ് കിട്ടുകയുള്ളെന്ന് ആരോ പറഞ്ഞറിയാം. അതുകൊണ്ടാണ് അങ്ങനെയൊരു ചവിട്ടു ചവിട്ടിയത്! ഇടയ്‌ക്കെപ്പോഴോ സായിപ്പു കുരിശു വരയ്ക്കുന്നതു ഞാന്‍ ശ്രദ്ധിച്ചിരുന്നു. പേടിച്ചിട്ട് കര്‍ത്താവിനെ വിളിച്ചതായിരുന്നെന്ന് അപ്പോഴാണു മനസ്സിലായത്! പിന്നീട് സുഹൃത്തും എന്‍ജിനീയറുമായ പാട്രിക്കാണ് ആ രഹസ്യം പറഞ്ഞത്: അമേരിക്കയില്‍ ലൈസന്‍സ് കിട്ടണമെങ്കില്‍ ഒരു സ്റ്റുഡന്റ്‌ഡ്രൈവറെപ്പോലെ വിറച്ചുവിറച്ചോടിക്കണം പോലും! അതൊന്നും പ്രേമപോലും എന്നോടു പറഞ്ഞുതന്നിരുന്നില്ല. ഭര്‍ത്താവ് ഒന്നു തോല്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണെന്നു ഭാര്യയ്ക്കു തോന്നിയിരിക്കണം! അമ്പടീ ഭയങ്കരീ! എന്തായാലും രണ്ടാമത്തെ ശ്രമത്തില്‍ നിയമങ്ങളനുസരിച്ച് പതുക്കെയോടിച്ചു. അല്‍പ്പം നെര്‍വസായിരുന്നതുകൊണ്ട് കൈയും ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. അന്നൊരു ചൈനക്കാരനായിരുന്നു. അയാള്‍ ചിരിച്ചുകൊണ്ട് പാസ്സെഴുതിത്തന്നു. ചുമ്മാതല്ല നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രി ചാച്ചാ നെഹ്രു, 'ഇന്തോ ചൈനാ ഭായി ഭായി' എന്നു പറഞ്ഞത്! അങ്ങനെ ആ ചടങ്ങ് കഴിഞ്ഞു.
അടുത്ത ഉദ്യമം ജോലിക്കുള്ള ശ്രമമാണ്. അതിനാദ്യം ഒരു കാറു വേണം. കാറില്ലാതെ ജോലി കിട്ടില്ല. കാരണം ബസ്സില്‍ കയറിയാല്‍ ഒരിക്കലും സമയത്തെത്തില്ല. കാറിനുവേണ്ടിയുള്ള നെട്ടോട്ടമാണ് ആദ്യം നടത്തിയത്. ആകെയുള്ളത് പ്രേമ ഒരു പാകിസ്താന്‍കാരനോടു വാങ്ങിയ തുക്കടാ ഫോര്‍ഡ് മസ്റ്റാങ് ആണ്. കണ്ടാല്‍ സുന്ദരന്‍ സ്‌പോര്‍ട്‌സ് മോഡല്‍. പക്ഷേ 'കാണാന്‍ നല്ലതു തിന്നാന്‍ കൊള്ളില്ല' എന്ന പഴഞ്ചൊല്ലില്‍ പതിരില്ലെന്ന് എനിക്കു മനസ്സിലായി. അന്നൊക്കെ ഫോര്‍ഡിന് അമേരിക്കക്കാര്‍തന്നെ പറയുന്നൊരു ഫുള്‍ഫോമുണ്ട്: ഫൗണ്ട് ഓണ്‍ ദ റോഡ് ഡെഡ്! എത്രദൂരമോടുമ്പോഴാണ് ഈ ഫോര്‍ഡ് നില്‍ക്കുന്നതെന്ന് ദൈവത്തിനുപോലും പ്രവചിക്കാന്‍ കഴിയില്ല. എന്തായാലും അമേരിക്കയില്‍ വരുന്ന എല്ലാ ഭര്‍ത്താക്കന്‍മാരെയുംപോലെ, ഡ്രൈവര്‍ എന്ന ആദ്യജോലി ഞാന്‍ സന്തോഷപൂര്‍വം സ്വീകരിച്ചു. രാവിലെ പ്രേമയെ ജോലിക്കു വിട്ടിട്ടുവേണം ജോലിയന്വേഷിച്ച് പോകാന്‍. പിന്നെ അഞ്ചുമണിക്കോ ആറുമണിക്കോ തിരിച്ചു കൊണ്ടുവരാനും പോകണം. ഇതിനിടയ്ക്കുള്ള സമയത്താണു ജോലിതെണ്ടല്‍.
പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ഭരിച്ചുമുടിച്ച അമേരിക്കയെ റൊണാള്‍ഡ് റീഗന്‍ ഏറ്റെടുത്ത സമയം. അമേരിക്ക കടക്കെണിയിലായ കാലമായിരുന്നു അത്. മക്‌ഡോണാള്‍ഡ്‌സില്‍പ്പോലും ജോലിയില്ലാത്ത അവസ്ഥ! കുറെ തപ്പിനടന്ന്, ആരുടെയോ ഭാഗ്യത്തിന് അടുത്തുള്ള സിറ്റിയില്‍ സ്‌കൈറൂഫുണ്ടാക്കുന്ന ഒരു ഫാക്ടറിയില്‍ ഇന്റര്‍വ്യൂവിനു വിളിച്ചു. അധികം ശമ്പളം ചോദിക്കാത്ത ഒരെന്‍ജിനീയറെ അവര്‍ക്കത്യാവശ്യമുണ്ടായിരുന്നതുകൊണ്ടു മാത്രം ഞാന്‍ കടന്നുകൂടി. സ്‌കൈറൂഫിന്റെ പ്ലാന്‍ വരച്ച് എസ്റ്റിമേറ്റെടുക്കുന്ന ജോലി കിട്ടി. വരയ്ക്കാന്‍ താത്പര്യമുണ്ടായിരുന്നതുകൊണ്ട് പണിയൊക്കെ എനിക്കിഷ്ടമായിരുന്നു. പക്ഷേ പ്രശ്‌നമതല്ല. അതിത്തിരി അകലത്തായിരുന്നതുകൊണ്ട് പുലിവാലു പിടിച്ചതുപോലെയായി! ആകെയുള്ളൊരു തുക്കടാ കാറുകൊണ്ടെങ്ങനെ രണ്ടുപേര്‍ ജോലിചെയ്യും? അതുകൊണ്ടു ഞാന്‍ തത്കാലം ബസ്സില്‍ പോകാന്‍ തീരുമാനിച്ചു. പക്ഷേ ബസ്സ് വ്യവസായമേഖലയിലേക്ക് പോകില്ല. ഇറങ്ങുന്നിടത്തുനിന്ന് ഒന്നുരണ്ടു കിലോമീറ്റര്‍ നടക്കണം. നാട്ടില്‍ ഏതൊക്കെ കാട്ടിലൂടെ നടന്നിരിക്കുന്നു! ചാലിയാര്‍പ്പുഴ കടന്ന് വാഴക്കാടു ഫീല്‍ഡ് ഓഫീസിലേക്കു വെയിലുംകൊണ്ടുള്ള നടപ്പൊക്കെയാണ് അപ്പോഴോര്‍ത്തത്. അതുകൊണ്ട് നടപ്പ് അത്ര ബുദ്ധിമുട്ടുള്ള കാര്യമായി തോന്നിയില്ല. പക്ഷേ, ഇതു വാഴക്കാടല്ലല്ലോ, സാന്‍ഫ്രാന്‍സിസ്‌കോയല്ലേ! ഡിസംബര്‍ മാസത്തിലെ കടുത്ത തണുപ്പും മഴയും. ആ തണുപ്പില്‍ വലിയ ജാക്കറ്റിട്ടു തല മൂടി, മൂക്കൊലിപ്പിച്ചു വേഗത്തില്‍ നടക്കും. ആ ഭൂപ്രദേശത്തു കാല്‍നടയായിപ്പോകുന്ന ഒരേയൊരാള്‍ ഞാന്‍ മാത്രമായിരുന്നെന്ന് അന്നെനിക്കറിയില്ലായിരുന്നു. ഇടയ്‌ക്കൊക്കെ കാറില്‍ അതുവഴി പോകുന്ന സായിപ്പന്‍മാരൊക്കെ ഈ കാഴ്ചകണ്ട് 'ഇയാള്‍ക്കെന്താ, ഭ്രാന്താണോ' എന്ന മട്ടില്‍ എത്തിനോക്കാറുണ്ടായിരുന്നു. കാറുണ്ടെന്ന് നുണ പറഞ്ഞാണ് ജോലിക്ക് കയറിയത്. അതുകൊണ്ട് കാറില്ലെന്ന് ആരുമറിയാതിരിക്കാന്‍ ഓഫീസിന്റെ പിറകുവശത്തുകൂടിയാണ് പലപ്പോഴും കയറാറുണ്ടായിരുന്നത്. മൂന്നു മാസത്തോളം അങ്ങനെ പോയെങ്കിലും പതിവായി അല്‍പ്പം ലേറ്റായാണ് ഓഫീസിലെത്തിയിരുന്നത്. അതത്ര ഗൗരവമുള്ള കാര്യമാണെന്ന് നമുക്കറിയില്ല. അല്ലെങ്കിലും അങ്ങനെ കൃത്യസമയത്ത് എവിടെയെങ്കിലുമെത്തുന്ന ശീലമൊന്നും നമുക്കില്ലല്ലോ! അക്കാരണത്താല്‍ത്തന്നെ ഒരുദിവസം ബോസായ ഡോണ്‍ ലിയോണ്‍ ഓഫീസിലേക്കു വിളിപ്പിച്ച്, വളരെ സൗമ്യമായി പറഞ്ഞു:
'ആന്റണി, ഐ വില്‍ ലെറ്റ് യു ഗോ!'
എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ അന്തംവിട്ട്, ഒരു ചമ്മിയ ചിരിയോടെ അയാളുടെ മുഖത്തേക്കു നോക്കി. അപ്പോള്‍ അയാള്‍ക്കും കാര്യം പിടികിട്ടി; എനിക്കൊന്നും മനസ്സിലായില്ലെന്ന കാര്യം! അതങ്ങനെയാണല്ലോ! അവിശ്വസനീയമായ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ മനസ്സിലാക്കാന്‍ ആരും കുറച്ചു സമയമെടുക്കും. ഞാനൊന്നും മിണ്ടാതിരുന്നപ്പോള്‍ അയാള്‍ സാവകാശം പറഞ്ഞു:
'സോറി ആന്റണി... ഐ നോ യുവര്‍ സിറ്റ്വേഷന്‍. ബട്ട് ഐ ഹാവ് നോ ചോയ്‌സ്. പ്ലീസ് ഗെറ്റ് ദ ഫൈനല്‍ ചെക്ക് ആന്‍ഡ് ലീവ്!'
ചുരുക്കിപ്പറഞ്ഞാല്‍ പറഞ്ഞുവിട്ടു! 'ഫയറിംഗ്' എന്ന് അമേരിക്കന്‍ ഭാഷയില്‍ പറയും. സായിപ്പിനു കരുണ തോന്നിയിട്ടാവണം, ഒരു മാസത്തെ ശമ്പളം കൂടുതല്‍ തന്നു! ഒരു കാറുണ്ടായിരുന്നെങ്കില്‍ ആ ജോലി നഷ്ടപ്പെടുമായിരുന്നില്ല. സമയത്ത് ചെല്ലാഞ്ഞതുകൊണ്ടാണ് ജോലി പോയതെന്നു പ്രേമയോടുപോലും പറഞ്ഞില്ല. ആരെയും വിഷമിപ്പിക്കുന്നതു ശരിയല്ലല്ലോ!
ആ പടിയിറക്കത്തിനുശേഷം ജോലിയില്ലാതെ ദിവസങ്ങള്‍ തള്ളിനീക്കുമ്പോഴാണ് മറ്റൊരു ട്രാജഡി. മുമ്പു പറഞ്ഞതുപോലെതന്നെ ഫോര്‍ഡ് മസ്റ്റാങ് ഒരുദിവസം വഴിയില്‍ നിന്നുപോയി. നല്ല വണ്ടിയാണെന്നുപറഞ്ഞു വിശ്വസിപ്പിച്ച്, പാകിസ്താന്‍കാരന്‍ പ്രേമയുടെ തലയില്‍ വച്ചുകൊടുത്തതാണത്. ഞാന്‍ മനസ്സുനൊന്ത് അവനെയൊന്നു പ്രാകി! ചുമ്മാതല്ല ഇവനൊക്കെ ഇന്ത്യയോട് ക്രിക്കറ്റില്‍പ്പോലും ജയിക്കാത്തത്! കൊടുത്താല്‍ കൊല്ലത്തും കിട്ടണമല്ലോ! തത്കാലം അത് കിട്ടുന്ന വിലയ്ക്ക് വില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. പുതിയ ഒന്നല്ല, രണ്ടു കാറുകളില്ലാതെ ജീവിക്കാന്‍ നിവൃത്തിയില്ല. അപ്പോഴാണു പ്രേമയ്‌ക്കൊരാശയമുദിച്ചത്. നേരത്തേ ജോലിചെയ്തിരുന്ന വീട്ടിലെ മദാമ്മ നെല്ലിവല്യമ്മയെ പോയിക്കാണുക. അവര്‍ക്കു പ്രേമ സ്വന്തം മകളെപ്പോലെയാണെന്ന് പറഞ്ഞറിയാം. അവരോട് ഡോളര്‍ പലിശയ്‌ക്കെടുക്കാന്‍ തീരുമാനിച്ചു. നെല്ലിവല്യമ്മയെ ഞാനും കണ്ടിട്ടുണ്ട്. പാവം സ്ത്രീ. എന്നെ പരിചയപ്പെടുത്താനും കാണിക്കാനുമായി ഒരിക്കല്‍ പ്രേമയെന്നെ അവിടെക്കൊണ്ടുപോയിട്ടുണ്ട്. വിളിക്കാനൊരു രസത്തിന് ഞാനവര്‍ക്കിട്ട പേര് നെല്ലിക്കയെന്നായിരുന്നു. അതു പ്രേമയ്ക്കിഷ്ടപ്പെട്ടിരുന്നില്ല. അവരുടെ സ്വഭാവം നെല്ലിക്കയുടേതുപോലെയാണെന്നു പ്രേമയുടെ വിശദീകരണത്തിലൂടെ തോന്നിയിരുന്നു. ആദ്യം കൈയ്ക്കും; പിന്നെ മധുരിക്കും! എന്തു ചെയ്താലും ആദ്യം ദേഷ്യപ്പെടും; പിന്നെ തണുക്കും. ഡോളര്‍ വേണമെന്നു പറഞ്ഞപ്പോഴും ആദ്യം ഒന്നു പൊട്ടിത്തെറിച്ചെങ്കിലും അവസാനം ചോദിച്ചതില്‍ കൂടുതല്‍ തന്നു. സാക്ഷാല്‍ നെല്ലിക്കതന്നെ!
ഏതായാലും അവരുടെ സഹതാപം ഞങ്ങള്‍ക്കനുഗ്രഹമായി. നെല്ലിക്കയുടെ സഹായത്താല്‍ കാര്യങ്ങള്‍ക്കു തീരുമാനമായി. ഒരു പുതിയ ടൊയോട്ട കാറും അമേരിക്കന്‍കാറും മേടിച്ചു. ഫോര്‍ഡല്ല, പഴയൊരു മോണ്ടേ കാര്‍ലോ. അതുമായി കുറെ ജോലിയന്വേഷിച്ചുനടന്നു. അവസാനം മറ്റൊരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലികിട്ടി. അതും തൊണ്ണൂറു കിലോമീറ്ററകലെ! അതായത്, ദിവസവും നൂറ്റിയെണ്‍പതു കിലോമീറ്റര്‍ കാറോടിക്കണം. അതുകൂടാതെ ചിലപ്പോള്‍ സൈറ്റിലേക്കും പോകേണ്ടിവരും. അങ്ങനെ ഓട്ടത്തോടോട്ടംതന്നെ! അതുകൊണ്ടു ഞാന്‍ പുതിയ കാറുതന്നെയാണുപയോഗിച്ചത്. ദിവസവും കൊച്ചുവെളുപ്പാന്‍കാലത്ത് ഓട്ടം തുടങ്ങും. അതൊക്കെ പിന്നീടു ശീലമായി. അതിനിടയില്‍ സാന്‍ഫ്രാന്‍സിസ്‌കോ സിറ്റി കോളേജില്‍ എന്‍ജിനീയറിംഗ് ഡിസൈന്‍ പഠിക്കാന്‍ ഈവനിംഗ് ക്ലാസ്സില്‍പ്പോയി. അതും തിരക്കുകള്‍ക്കിടയില്‍ പൂര്‍ത്തിയാക്കി. അങ്ങനെ ഓടിയോടി എവിടെയൊക്കെയോ എത്തി. പിന്നെ കുട്ടികളായി. കുട്ടികളെ വളര്‍ത്തല്‍, ഷോപ്പിംഗ്, ജോലിക്കുപോക്ക്, വീട്ടുജോലികള്‍ എന്നിങ്ങനെ ഒരുപാടു കഷ്ടപ്പാടുകള്‍ രണ്ടുപേരുംകൂടി പങ്കുവച്ചു. ഇവിടെയെല്ലാം താന്‍ പാതി, അവള്‍ പാതിയെന്നാണല്ലോ. നാട്ടിലാണെങ്കില്‍ വല്ലതുമറിയണോ? കൈയും കഴുകി വന്നിരുന്നാല്‍ അമ്മ ഒരു പരാതിയുമില്ലാതെ വിളമ്പിത്തരും. പക്ഷേ, ഇതമേരിക്കയാണ്, അമേരിക്ക! സ്വര്‍ഗലോകം! എല്ലാം സമം സമം. സത്യത്തില്‍ ഞങ്ങളും അറിയാതെതന്നെ അമേരിക്കന്‍ജീവിതത്തിന്റെ മുഖ്യധാരയിലെത്തുകയായിരുന്നു.
ഇനിയുമുണ്ട് കദനകഥകള്‍. അതൊക്കെയെഴുതിയാല്‍ ഒരിക്കലും തീരില്ല. എന്തുതന്നെയായാലും കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് ഇവിടെ അതിരുകള്‍ ആകാശത്തിനുമപ്പുറമാണ്. തീര്‍ച്ചയായും അവസരങ്ങളുടെ പറുദീസതന്നെയാണ് മാനവസ്വാതന്ത്ര്യത്തിന്റെ പ്രതീകങ്ങളായ ഈ ഐക്യനാടുകള്‍!
Content Highlights: swapnangalkkum cinemakkum idayil Thampi Antony column
Published: 13 Feb 2025, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented