ജാനകിയുടെ ജനനം:  സിനിമകള്‍ പലപ്പോഴും നമ്മളറിയാതെ ജനിക്കുകയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. 'സൂഫി പറഞ്ഞ കഥ'യ്ക്കു ശേഷം എനിക്ക് പുതിയ സിനിമകളില്‍ നല്ല വേഷങ്ങള്‍ കിട്ടി. ഒരഭിനേതാവ് എന്ന നിലയില്‍ വളരെ സന്തോഷിക്കുകയും അതിനെ അംഗീകാരമായി കരുതുകയും ചെയ്തു. താമസമില്ലാതെ 'യുഗപുരുഷ'നില്‍ നമ്പൂരിവേഷം ചെയ്യാന്‍ വിളിച്ചു. വരിക്കാശ്ശേരി മനയില്‍വച്ച് ആ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് പ്രശസ്തസംവിധായകന്‍ എം.ജി. ശശി 'ജാനകി' എന്ന പ്രോജക്ടുമായി വന്നത്. ഒരു ബംഗാളിക്കഥയെ ആസ്പദമാക്കിയുള്ളതായിരുന്നു സിനിമ. അതിലെ മുല്ലയ്ക്കല്‍ ശേഖരന്‍ എന്ന ശക്തമായ കഥാപാത്രത്തെയാണ് അദ്ദേഹം എനിക്കായി ഉദ്ദേശിച്ചത്. എന്റെ ശരീരഭാഷ ആ കഥാപാത്രത്തിന് യോജിച്ചതാണെന്ന് ശശി കരുതി. എഴുപത് വയസുണ്ടെങ്കിലും വളരെ ആരോഗ്യവാനായ കഥാപാത്രം. ഇന്നത്തെക്കാലത്ത് എഴുപത് വയസ്സിലും പലരും ചെറുപ്പമാണ്. അതുകൊണ്ട് മുഖത്തു ചുളിവുകള്‍പോലും പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മഹാനടനായ കമലഹാസന്റെ കാര്യം ഞാനോര്‍ത്തു. എഴുപത് വയസ്സുള്ള മുഖത്തിന്‌വേണ്ടി അമേരിക്കയില്‍ നിന്നുപോലും കോടികള്‍ മുടക്കി മേക്കപ്പ് സാധനങ്ങള്‍ വാങ്ങി പരീക്ഷണങ്ങള്‍ നടത്തി. മേക്കപ്പിനോടുള്ള ഒബ്‌സഷനാണതെന്നാണ് എനിക്കു തോന്നിയത്. നടപ്പിലും ശരീരഭാഷയിലും പ്രായം തോന്നിച്ചാല്‍ മതിയെന്നാണ് ശശിയുദ്ദേശിച്ചത്. 

To advertise here,
placeholder
മുല്ലയ്ക്കല്‍ ശേഖരന്‍ എന്ന തമ്പി ആന്റണിയുടെ കഥാപാത്രവും
സതി പ്രേംജിയും (നടന്‍ പ്രേംജിയുടെ മകള്‍) ജാനകി സിനിമയിലെ രംഗം

കഥ കേട്ടപ്പോള്‍ എനിക്ക് കിട്ടാവുന്നതില്‍വച്ച് ഏറ്റവും നല്ല വേഷമായിത്തോന്നി. വേശ്യത്തെരുവില്‍നിന്ന് ജാനകിയെന്നൊരു പെണ്‍കുട്ടി മുല്ലയ്ക്കല്‍ തറവാട്ടില്‍ അഭയം തേടുന്നതാണ് തുടക്കം. അതുകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ക്കൂടിയാണ് കഥ നീങ്ങുന്നത്. അവസാനം തെരുവിലേക്കുതന്നെ വലിച്ചെറിയപ്പെടുന്ന പെണ്‍കുട്ടിയുടെ യാത്രയോടുകൂടി സിനിമ തീരുകയാണ്. ഏതൊരു നടനെയും ആവേശം കൊള്ളിക്കുന്ന രീതിയിലാണ് ശശി കഥ പറഞ്ഞത്. അതിന്റെയോളത്തില്‍ പടം ചെയ്യാമെന്നു പറഞ്ഞു. പിന്നീടു പ്രകാശ് ബാരെയുമായി ആലോചിച്ച് തീരുമാനമെടുത്തു. അങ്ങനെ ശശിതന്നെ സ്‌ക്രിപ്‌റ്റെഴുതി. പക്ഷേ, പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായി കഥ ശേഖരന്‍മാഷില്‍നിന്ന് ജാനകിയെന്ന കൊച്ചുകുട്ടിയിലേക്ക് ഫോക്കസ് ചെയ്തു. അങ്ങനെ അതു കുട്ടികളുടെ കഥയായി മാറി.

എനിക്കതിനോട് അല്‍പ്പംപോലും യോജിപ്പില്ലായിരുന്നു. എങ്കിലും പ്രകാശിന്റെയും ശശിയുടെയും ആഗ്രഹത്തിന് എതിരുനിന്നില്ല. അപ്പോള്‍പ്പിന്നെ ജാനകിയായി വരുന്ന കുട്ടിക്ക് പതിനൊന്നു വയസ്സില്‍ കൂടാന്‍ പാടില്ലെന്ന് ശശി പറഞ്ഞു. അതിനായി ഓഡീഷന്‍ നടത്തി കണ്ടെത്തിയതാണ് കൃഷ്ണ എന്ന പെണ്‍കുട്ടിയെ. കൃഷ്ണ വളരെ നന്നായി അഭിനയിച്ചു എന്നതിനുള്ള തെളിവാണ് ആ വര്‍ഷത്തെ സ്റ്റേറ്റ് അവാര്‍ഡ്. ഏറ്റവും നല്ല ബാലതാരത്തിനുള്ള 2011-ലെ അവാര്‍ഡ് കൃഷ്ണ പത്മകുമാറിനായിരുന്നു. ടി.ജി. രവിയും മകന്‍ ശ്രീജിത്തും മറ്റു പല സ്റ്റേജ് നടന്‍മാരും എന്റെകൂടെ അഭിനയിച്ചിരുന്നു. 'സൂഫി പറഞ്ഞ കഥ'യില്‍ എന്നോടൊപ്പം നായകവേഷം ചെയ്ത പ്രകാശ് ബാരെ വില്ലന്‍വേഷം ചെയ്ത ആദ്യത്തെ സിനിമയായിരുന്നു 'ജാനകി'. പ്രകാശ്, എം.ജി ശശിയോടൊപ്പം അസിസ്റ്റന്റായും ജോലിചെയ്തു. 

placeholder

കുട്ടികളുടെ സിനിമയെന്ന നിലയില്‍ പ്രശസ്തി വന്നതുകൊണ്ട് പടം ബിസിനസ്സായില്ല. കെനിയ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല കുട്ടികളുടെ ചിത്രത്തിനുള്ള അംഗീകാരം കിട്ടി. അതുപോലെ കേരള ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷനും കിട്ടിയിരുന്നു എന്നതൊഴിച്ചാല്‍ മറ്റു നേട്ടങ്ങളൊന്നുമുണ്ടായില്ല. റിലീസ് ചെയ്യാന്‍ സര്‍ക്കാര്‍പോലും സഹായിച്ചില്ല. കുട്ടികളുടെ ചിത്രമായതിനാല്‍ ടിവിക്കാരും കൈയൊഴിഞ്ഞു. പിന്നെയാര്‍ക്കു വേണ്ടിയാണ് ചിത്രമെടുക്കുന്നതെന്ന് ചിന്തിച്ചുപോയി. എന്നിട്ടും നല്ല ചിത്രങ്ങള്‍ നിര്‍മിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് എന്റെ കായല്‍ ഫിലിംസും പ്രകാശ് ബാരെയുടെ സിലിക്കോണ്‍ മീഡിയയുംകൂടി കവി പി. കുഞ്ഞിരാമന്‍നായരുടെ ജീവിതകഥ പറയുന്ന ചിത്രം ബാലേട്ടന്റെ (പി.ബാലചന്ദ്രന്‍) സംവിധാനത്തില്‍ നിര്‍മിച്ചത്. കഷ്ടിച്ചു റിലീസ് ചെയ്യാന്‍ സാധിച്ചെങ്കിലും ആ വര്‍ഷത്തെ (2012) മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയതല്ലാതെ മറ്റൊരു നേട്ടവുമുണ്ടായില്ല. പി.കുഞ്ഞിരാമന്‍നായരായി വന്ന പ്രകാശ് ബാരെയുടെ നായകവേഷമാണ് ഒരേയൊരു നേട്ടമായിത്തോന്നിയത്. ഞാന്‍ ചെയ്തത് പ്രസാധകന്റെ ഒരു ചെറിയ വേഷമാണ്. അതും എന്റെ ശ്രദ്ധിക്കപ്പെട്ടൊരു വേഷമാണെന്നു പറയാം. 

placeholder

ഒരിക്കല്‍ കൊല്ലത്തുവച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു, എന്തിനാണിങ്ങനെ കൊച്ചുകൊച്ചു സിനിമകള്‍ ചെയ്യുന്നതെന്ന്. ഞാന്‍ മറുപടി നല്‍കി: 'ചെറിയ നല്ല സിനിമകള്‍ ചെയ്താല്‍ ചെറിയ നഷ്ടം; വലിയ സിനിമകള്‍ ചെയ്താല്‍ വലിയ നഷ്ടം!'  

ദിലീപിനെയും തമിഴ്‌നടന്‍ മാധവനെയുംവെച്ചു വലിയ സിനിമകള്‍ ചെയ്ത് വലിയ നഷ്ടങ്ങള്‍ സഹിച്ച ഞാന്‍ മറ്റെന്തു മറുപടിയാണ് കൊടുക്കേണ്ടത്! ഞാന്‍ സിനിമയില്‍ ബിസിനസ്സ് ചെയ്യാന്‍ വന്നയാളല്ല. സിനിമയ്ക്കു പുറത്തു നന്നായി ബിസിനസ്സ് ചെയ്യാന്‍ എനിക്കറിയാം. ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ചില സൗഹൃദങ്ങളിലൂടെ അറിയാതെ സംഭവിച്ചു പോകുന്നതാണു സിനിമകള്‍. 'ജാനകി'യും അങ്ങനെയാണു ജനിച്ചത്!