
ബോംബെയാത്രകള്‍ ജീവിതത്തിലെ വലിയ വഴിത്തിരിവുകളായിരുന്നു. ലീലച്ചേച്ചിയുടെ ഭര്‍ത്താവ് കുര്യാക്കോസളിയന്‍ ബോംബെയില്‍ എന്‍ജിനീയറായിരുന്നു. അതുകൊണ്ട് ഹൈസ്‌കൂള്‍ പഠനകാലത്ത് മിക്കവാറും വേനലവധികളില്‍ അവിടെയായിരുന്നു.
അക്കാലത്ത് അവര്‍ താനെയിലെ ഒരു ഫ്‌ളാറ്റിലായിരുന്നു താമസിച്ചിരുന്നത്. രണ്ടു വയസ്സുള്ള താരമോള്‍ മാത്രമാണ് അന്നുണ്ടായിരുന്നത്. എനിക്കൊരു സ്വപ്നഭൂമി പോലെയായിരുന്നു ബോംബെ. വന്‍കെട്ടിടങ്ങള്‍, ചേരികള്‍, ആള്‍ത്തിരക്ക്, ഇലക്ട്രിക് ട്രെയിന്‍, ഭാഷകള്‍, വേഷങ്ങള്‍, ആചാരങ്ങള്‍ എന്നുതുടങ്ങി എല്ലാംകൊണ്ടും ഒരു പുതിയ ലോകം!
ഇടയ്ക്കിടെ അളിയന്റെകൂടെ ബോംബെ-താനെ ഹൈവേയിലൂടെയുള്ള മോട്ടോര്‍സൈക്കിള്‍ യാത്രകള്‍ ആനന്ദകരമായിരുന്നു. കുര്യാക്കോസളിയന്റെ ഇളയ സഹോദരന്‍ ജോര്‍ജ്ജ് ഇടയ്ക്കിടെ വരും. ജോര്‍ജ് ചേട്ടന്‍ വരുന്ന ദിവസം രസകരമാണ്. മിക്കവാറും എന്നെയുംകൊണ്ട് കറങ്ങാന്‍ പോകും. എനിക്ക് ഇലക്ട്രിക് ട്രെയിനിലുള്ള യാത്രയായിരുന്നു ഏറ്റവുമിഷ്ടം. താനെയില്‍നിന്ന് കയറിയാല്‍, മുളന്ദ്, കഞ്ജൂര്‍ മാര്‍ഗ്, ചെമ്പൂര്‍, ഘാട്‌കോപ്പര്‍ എന്നിങ്ങനെ വിക്ടോറിയ ടെര്‍മിനസ് വരെയുള്ള എല്ലാ സ്റ്റേഷനുകളും ക്രമമനുസരിച്ചു കാണാപ്പാഠമായിരുന്നു.
ഒരുതവണ ജോര്‍ജ് ചേട്ടന്‍ വന്നപ്പോള്‍ ഞങ്ങളിരുവരുംകൂടി ഘാട്‌കോപ്പറില്‍ ഷോപ്പിംഗിനു പോയി. അന്നത്തെ ഫാഷനായിരുന്ന ടെര്‍ലിന്‍ ഷര്‍ട്ടും പാന്റ്‌സും ഷൂസും വാങ്ങി. ഷൂവിന്റെ സൈസനുസരിച്ചു മേടിക്കാനറിയാഞ്ഞിട്ടോ ഷൂസിട്ടു പരിചയമില്ലാഞ്ഞിട്ടോ ആവാം, കാലിനു ഭയങ്കര വേദനയുമായാണ് വീട്ടിലെത്തിയത്!
ഒരുദിവസം അളിയനും ലീലച്ചേച്ചിയുംകൂടി താരമോളെ എന്റെയടുത്താക്കി ഏതോ സിനിമയ്ക്കു പോയി. അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ മോള്‍ വലിയവായില്‍ കരയാന്‍ തുടങ്ങി! ഞാനാകെ പേടിച്ചുപോയി. കുറെ നേരം കരഞ്ഞുകരഞ്ഞു മടുത്ത്, തനിയെ ഉറങ്ങിപ്പോയി. അങ്ങനെ എന്റെ ജീവിതത്തിലെ ആദ്യത്തെ ബേബി സിറ്റിംഗ് അനുഭവം അവിടെവച്ചായി. വര്‍ഷങ്ങള്‍ക്കുശേഷം അമേരിക്കയില്‍ വന്നപ്പോള്‍ അതു നല്ലതുപോലെ പ്രയോജനപ്പെട്ടു!

ലീലച്ചേച്ചി വലിയ വായനക്കാരിയാണ്. മിക്കവാറും എല്ലാ മലയാളപ്രസിദ്ധീകരണങ്ങളും വാങ്ങും. എല്ലായിടവും പുസ്തകങ്ങളും മാഗസിനുകളും അടുക്കും ചിട്ടയുമില്ലാതെ കിടക്കും. ഇടയ്ക്കിടെ ഞാനുമതൊക്കെയെടുത്തു വെറുതെ വായിച്ചുതുടങ്ങി. വൈക്കം ചന്ദ്രശേഖരന്‍നായരുടെ 'നഖങ്ങള്‍' കുങ്കുമം വാരികയിലാണ് വായിച്ചതെന്നോര്‍ക്കുന്നു. എസ് കെ നായരുടെ 'മലയാളനാ'ടും മാധവിക്കുട്ടിയുമൊക്കെ കത്തിനില്‍ക്കുന്ന കാലം. അങ്ങനെയാണു വായനശീലം തുടങ്ങിയത്. ഒരെഴുത്തുകാരനാവണമെന്ന് ആദ്യമായി സ്വപ്നംകണ്ടുതുടങ്ങിയതും അക്കാലത്താണ്. എങ്ങനെ കാണാതിരിക്കും? എം.ടി കേരളത്തിലിരുന്നും ഒ.വി വിജയനും കാക്കനാടനും എം.മുകുന്ദനും സക്കറിയയും ഡല്‍ഹിയുള്‍പ്പെടെയുള്ള മറുനാടുകളിലിരുന്നും മലയാളസാഹിത്യത്തില്‍ വസന്തം വിരിയിച്ചത് അന്നാണല്ലോ! സ്വാധീനിച്ച മറ്റൊരാള്‍ മഹാകവി പി കുഞ്ഞിരാമന്‍നായരായിരുന്നു. പിന്നീട് എന്‍ജിനീയറാവുക എന്ന സ്വപ്നത്തില്‍ അതെല്ലാം മറന്നുപോയി! എങ്കിലും കോളജ് മാഗസിനുകളില്‍ കവിതകളെഴുതി. കൊച്ചുകൊച്ചു നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്തു.
അമേരിക്കയില്‍ വന്നപ്പോള്‍ കലാപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിച്ചു. മങ്ക (MANCA) എന്ന മലയാളി അസോസിയേഷനുമായി ചേര്‍ന്ന് നല്ല കുറെ നാടകങ്ങളില്‍ അഭിനയിക്കുകയും കുറച്ചു നാടകങ്ങളെഴുതുകയും ചെയ്തു. എം.കെ.ഷാന്‍ദാസ്, പോള്‍ പഴയാറ്റില്‍ എന്നിവരായിരുന്നു സംവിധായകര്‍. യഥാര്‍ത്ഥത്തില്‍ സിനിമയ്ക്കുവേണ്ടിയുള്ള പരിശീലനക്കളരികളായിരുന്നു അവയെന്ന് ഇപ്പോള്‍ തോന്നുന്നു!
എല്ലാ കലാപ്രവര്‍ത്തനങ്ങളും ഉള്ളിന്റെയുള്ളില്‍ ആരംഭിച്ചത് വായനശീലത്തില്‍നിന്നാണ്. അതു തുടങ്ങിയതാവട്ടെ, ബോംബെയില്‍നിന്നും. ഇന്നത്തെ മുംബൈ വളരെയേറെ മാറിപ്പോയിട്ടുണ്ട്. എങ്കിലും എന്റെയോര്‍മകളില്‍, താനെ എന്ന ചെറുനഗരത്തിലെ 'ദത്താമന്ദിര്‍ കാ ഓപ്പോസി'റ്റിലുള്ള ദാമാനി എസ്റ്റേറ്റിലെ നാലാംനിലയിലെ, ലീലച്ചേച്ചിയുടെയും കുര്യാക്കോസളിയന്റെയും ഫ്‌ളാറ്റാണുള്ളത്. അതിന്റെ ബാല്‍ക്കണിയിലിരുന്ന് ചുറ്റുപാടുമുള്ള ജീവിതങ്ങള്‍ നോക്കിക്കണ്ടിരുന്നതു വെറും നേരമ്പോക്കായി മാത്രമായിരുന്നില്ല. പാഠപുസ്തകങ്ങളായിരുന്നു അവയെല്ലാം. കൂലിപ്പണിക്കാരും പണക്കാരുമായുള്ള അവിശ്വസനീയമായ അകല്‍ച്ച നേരില്‍ക്കാണുന്നത് അവിടെവച്ചാണ്. പൊന്‍കുന്നത്തെ എന്റെ തറവാട്ടില്‍ കൂലിപ്പണിക്കാരെ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല. അപ്പനും അമ്മയുമെല്ലാം അവരെ സ്വന്തം കുടുംബാംഗങ്ങളായാണ് കരുതിയിരുന്നത്.
ദമാനി എസ്റ്റേറ്റിലെ വന്‍കെട്ടിടങ്ങള്‍ എനിക്ക് ഒരുപാടനുഭവങ്ങള്‍ നല്‍കിയിട്ടുണ്ട്. അവ കണ്ട് ഒരു കെട്ടിടത്തിന്റെ പടം വെറുതെ കടലാസില്‍ സ്‌കെച്ച് ചെയ്തു. എന്‍ജിനീയര്‍കൂടിയായ അളിയന് അതിഷ്ടപ്പെട്ടു. അത് അന്നത്തെ വിനോദമായിരുന്നെങ്കിലും ഭാവിയിലൊരു സിവില്‍ എന്‍ജിനീയറാകുന്നതിന്റെ സൂചനയായിരുന്നിരിക്കാം.
അന്നത്തെ ഫ്‌ളാറ്റുകളെല്ലാം തകര്‍ത്ത്, ഇപ്പോള്‍ അതിലും വമ്പന്‍കെട്ടിടങ്ങള്‍ വന്നു. അതങ്ങനെയാണ്. വന്‍നഗരങ്ങളുടെ വളര്‍ച്ച ഇങ്ങനെയുള്ള ദുരന്തങ്ങളിലൂടെയാവാതെ പറ്റില്ല. എന്നാലും എന്റെ മനസ്സില്‍ ദമാനി എസ്റ്റേറ്റ് മായാതെ നില്‍ക്കുന്നു.
ലീലാമഹല്‍
1982 ലാണ് ലീലച്ചേച്ചിയുടെ പേരിലുള്ള 'ലീലാമഹല്‍' പണിതത്. ഉദ്ഘാടനത്തിനു പൊന്‍കുന്നം വര്‍ക്കിതന്നെ വേണമെന്നാഗ്രഹിച്ചത് മറ്റൊന്നുംകൊണ്ടല്ല; പൊന്‍കുന്നം പുറംലോകത്ത് ആദ്യമായി അറിയപ്പെട്ടത് അദ്ദേഹത്തിലൂടെയായിരുന്നതിനാലാണ്. പൊന്‍കുന്നം ദാമോദരന്‍ അറിയപ്പെടുന്ന കവിയായിരുന്നെങ്കിലും അന്നദ്ദേഹം ജീവിച്ചിരുന്നില്ലെന്നാണോര്‍മ. അന്നത്തെ എംഎല്‍എ കാനം രാജേന്ദ്രനും കോട്ടയം പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദും അതിഥികളായെത്തി. കമ്യൂണിസ്റ്റുകാരനായ എഴുത്തുകാരനെ വിളിച്ചതില്‍ കത്തോലിക്കാസഭയ്ക്കു ചെറിയ നീരസമുണ്ടായിരുന്നെങ്കിലും സഭാധ്യക്ഷനായ പള്ളീലച്ചനും ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. പൊന്‍കുന്നംകാര്‍ക്ക് വളരെ സന്തോഷം തോന്നിയ ദിവസമായിരുന്നു അത്. കാരണം, ശ്രീകൃഷ്ണാ തിയേറ്റര്‍ അടച്ചതിനുശേഷം നല്ലൊരു തിയേറ്റര്‍ വന്നത് അന്നാണ്.

ഉദ്ഘാടനചിത്രം കെ.ജി ജോര്‍ജ്ജിന്റെ സൂപ്പര്‍ഹിറ്റായ 'യവനിക'യായിരുന്നു. പൊന്‍കുന്നത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം അതായിരുന്നെന്നാണറിവ്.
അളിയന്‍ പുല്ലിയില്‍ കുര്യാക്കോസിന്റെയും എന്റെ മൂത്ത സഹോദരി ലീലച്ചേച്ചിയുടെയും സ്വപ്നമായിരുന്നു പൊന്‍കുന്നത്തൊരു നല്ല തിയേറ്റര്‍ എന്നത്. അന്നു കോതമംഗലത്തുനിന്ന് എന്‍ജിനീയറിംഗ് പാസ്സായ ഞാന്‍തന്നെയായിരുന്നു പണിയുടെ മേല്‍നോട്ടം വഹിച്ചത്. അപ്പന്റെ ഭാഗത്തുനിന്നു നല്ല പ്രോത്സാഹനംകൂടിയായപ്പോള്‍ എല്ലാം വളരെ ഭംഗിയായി മുന്നോട്ടുപോയി. ആര്‍ക്കിടെക്ട്, കോഴിക്കോട്ടുള്ള ജോസ്, രമേഷ്, ബാബു എന്നിവരായിരുന്നു. അതില്‍ ജോസ് എന്റെ കസിനും രമേഷും ബാബുവും സുഹൃത്തുക്കളുമായിരുന്നു.
രണ്ടായിരാമാണ്ടിനു മുമ്പുതന്നെ കേരളത്തിലെ സിനിമാപ്രതിസന്ധി കാരണം അടയ്‌ക്കേണ്ടിവന്ന തിയേറ്റര്‍, 'ലീലാമഹല്‍' എന്നപേരില്‍ത്തന്നെ കല്യാണമണ്ഡപമായി.
തുടക്കത്തില്‍ ടി വി ചാനലുകളുടെ അതിപ്രസരമായിരുന്നു തിയേറ്ററുകളെ നഷ്ടത്തിലാക്കിയതെങ്കിലും വ്യാജവീഡിയോകളും ഡിജിറ്റല്‍ ഡിവിഡികളുമാണ് അവ അടച്ചിടുന്നതിനിടയാക്കിയത്. ക്രമേണ ബി ക്ലാസ്സ് തിയേറ്ററുകള്‍ ഒന്നൊന്നായി ഇല്ലാതായി. നാലഞ്ചുവര്‍ഷങ്ങള്‍കൊണ്ട് കേരളത്തിലെ തിയേറ്ററുകള്‍ പകുതിയായിക്കുറഞ്ഞു. ഇന്നിപ്പോള്‍ ഫിലിമോ അതു പ്രദര്‍ശിപ്പിക്കാനുള്ള പ്രൊജക്ടറോ വേണ്ട. അതുകൊണ്ടുതന്നെ സിനിമകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. എങ്കിലും ബി ക്ലാസ് തിയേറ്ററുകളില്‍ ആളുകള്‍ വരാനുള്ള സാധ്യതയില്ല. കാരണം ഇന്നത്തെ ഡിജിറ്റല്‍ ടെക്‌നോളജിതന്നെ. നല്ലൊരു ടി വിയും ഒ ടി ടി പ്ലാറ്റ്‌ഫോം കണക്ഷനുമുണ്ടെങ്കില്‍ വീട്ടിലിരുന്ന്, ക്ലാരിറ്റി ഒട്ടും നഷ്ടപ്പെടാതെ പുതിയ സിനിമകള്‍ കാണാം. റിലീസായി അധികം വൈകുംമുമ്പ് ഒടിടിയില്‍ വരുന്നതുകൊണ്ട് സാധാരണക്കാര്‍ അതിനാണു പ്രാമുഖ്യം കൊടുക്കുന്നത്. കൂടാതെ ചാനലുകളുടെ ബാഹുല്യവുമുണ്ട്. അങ്ങനെ എല്ലാംകൊണ്ടും തിയേറ്ററുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുമ്പോഴാണ് കൊച്ചുകൊച്ചു മള്‍ട്ടിപ്ലക്‌സുകളുടെ വരവ്. അവയാണെങ്കില്‍ വലിയ സിറ്റികളില്‍മാത്രമാണിപ്പോഴുള്ളത്. വലിയ ഷോപ്പിംഗ് കോപ്ലക്‌സുകളുടെ പ്രധാന ആകര്‍ഷണം അവയാണ്. കൂടുതലാളുകളെ സിനിമകളിലേക്കാകര്‍ഷിക്കാന്‍ ഈ മള്‍ട്ടിപ്ലക്‌സ് സംസ്‌കാരം സഹായിക്കുന്നുണ്ട്. അങ്ങനെയെങ്കിലും മലയാളസിനിമാവ്യവസായം പുഷ്ടിപ്പെടുമെന്ന് നമുക്കാശിക്കാം.
Content Highlights: cinemayum njanum Thampi Antony column
Published: 22 Jan 2025, 03:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented