
ഹോളിവുഡ് ഒരു മാസ്മരികലോകമാണ്. എന്നെപ്പോലെയുള്ളൊരു സാധാരണ മലയാളിക്ക് അതിന്റെ പടികടക്കാമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്നാല്‍ രാജീവ് അഞ്ചലിന്റെ 'ബിയോണ്ട് ദ സോള്‍' അത്തരമൊരു സ്വപ്നത്തിലേക്കുള്ള വഴി തെളിക്കുകയായിരുന്നു. അതിനു കാരണക്കാരനായത് രാജീവിന്റെ അസോസിയേറ്റായി അന്നു ഞങ്ങളുടെ കൂടെക്കൂടിയ നവീന്‍ ചാത്തപ്പുറമാണ്.
നവീന്‍, ഷിക്കാഗോ കൊളംബിയ ഫിലിം സ്‌കൂളില്‍ നിന്ന് സിനിമാമോഹവുമായി വന്നതാണ്. വളരെ ചെറുപ്പത്തിലേ അമേരിക്കയിലെത്തിയെങ്കിലും മലപ്പുറംകാരനായ നവീന് നന്നായി മലയാളമറിയാമായിരുന്നു. അതുകൊണ്ടാണ് പിന്നീടയാള്‍ക്ക് മലയാള സിനിമാലോകവുമായി കൂടുതല്‍ ബന്ധപ്പെടാന്‍ സാധിച്ചത്.
Also Read
ന്യൂ മെക്‌സിക്കോയില്‍വച്ച് വളരെ യാദൃച്ഛികമായാണ് നവീന്‍ ഹോളിവുഡ്ഡില്‍നിന്ന് മാറിനിന്നിരുന്ന തിരക്കഥാകൃത്തും സംവിധായകനുമായ സ്റ്റീഫന്‍ ആന്‍ഡേഴ്‌സണുമായി പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ 'സൗത്ത് സെന്‍ട്രല്‍' എന്ന ആദ്യചിത്രംതന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒലിവര്‍ സ്റ്റോണ്‍ നിര്‍മിച്ച രണ്ടാമത്തെ ചിത്രത്തോടുകൂടി ഹോളിവുഡ്ഡുമായി പൊരുത്തപ്പെടാനാവാതെ ന്യൂ മെക്‌സിക്കോയിലെ ആല്‍ബുര്‍ക്കര്‍ക്കിയിലേക്കു താമസം മാറി സ്വന്തം എഴുത്തുലോകത്തേക്ക് ചേക്കേറുകയായിരുന്നു. നല്ലൊരു എഴുത്തുകാരന്‍കൂടിയായ സ്റ്റീഫന്‍ കൂടുതലും എഴുതിക്കൊണ്ടിരുന്നത് തിരക്കഥകളായിരുന്നു. നവീന്‍ സ്റ്റീഫനെക്കുറിച്ച് എന്നോടു പറഞ്ഞപ്പോള്‍ എനിക്കും അദ്ദേഹത്തെ പരിചയപ്പെടണമെന്നു തോന്നി. ഞാനും ആല്‍ബുക്കര്‍ക്കിയില്‍ സ്റ്റീഫന്റെ വീട്ടില്‍പ്പോയി. അദ്ദേഹം തന്നെയാണ് എന്നെ എയര്‍പോര്‍ട്ടില്‍നിന്നു പിക്കപ്പ് ചെയ്തത്. നഗരത്തില്‍ നിന്ന് കുറെ ദൂരം യാത്ര ചെയ്താലെത്തുന്ന, അധികം ആള്‍പ്പാര്‍പ്പില്ലാത്ത ഒരു നാട്ടിന്‍പുറത്തായിരുന്നു വീട്. മനോഹരമായ ഒരു കൊച്ചു ഗ്രാമം. മനോഹരമായ ഗ്രാമമാകുമ്പോള്‍ ഒരു പുഴയുണ്ടാകണമല്ലോ! ഉണ്ടെന്ന് മാത്രമല്ല, നിറഞ്ഞൊഴുകുന്ന പുഴയായിരുന്നു അത്. മൂന്നുനാലു ദിവസം സ്റ്റീഫന്റെ വീട്ടില്‍ത്തന്നെ കൂടി. വൈകുന്നേരങ്ങളില്‍ പുഴയോരത്തുകൂടി നടക്കാനിറങ്ങുമായിരുന്നു. ഒരുദിവസം നടന്നുമടുത്തപ്പോള്‍, കൈയില്‍ കരുതിയിരുന്ന ഭക്ഷണവും കഴിച്ചുകൊണ്ട്, പുഴയിലേക്കു ചാഞ്ഞുനില്‍ക്കുന്ന ഒരു മരക്കൊമ്പിലിരുന്നു വളരെനേരം സംസാരിച്ചു. ശാന്തമായൊഴുകുന്ന പുഴയില്‍ നോക്കിയിരുന്നപ്പോള്‍, നമ്മുടെ ഭാരതപ്പുഴയുടെ തീരത്താണോ ഇരിക്കുന്നതെന്ന് സംശയിച്ചുപോയി. സമയംപോയതറിഞ്ഞില്ല.
അവിടെവച്ചു പറഞ്ഞ ഒരു കഥ ഞങ്ങള്‍ക്കിഷ്ടപ്പെട്ടു. അതിന്റെ തിരക്കഥ സിനിമയാക്കാന്‍ തീരുമാനിച്ചു. അറിയപ്പെടുന്നൊരു താരമുണ്ടെങ്കില്‍ ഇന്‍വെസ്റ്റ്‌മെന്റിന് അത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്ന് സ്റ്റീഫന്‍ പറഞ്ഞു. അങ്ങനെ ആ പുഴയോരത്താണ് 'ക്യാഷ്' എന്ന സിനിമയുടെ ജനനം. ആദ്യം പ്രശസ്ത ഹോളിവുഡ്‌നടന്‍ ഷോണ്‍ ബീനിന്റെ ഏജന്റിനു കഥ വായിക്കാന്‍ കൊടുത്തു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടതിനുശേഷമാണ് മറ്റൊരു പ്രധാന കഥാപാത്രമായ ഉപനായകനുവേണ്ടിയുള്ള അന്വേഷണമാരംഭിച്ചത്. ഓസ്‌ട്രേലിയയിലെ ടിവി താരം ക്രിസ് ഹെംസ്വെര്‍ത്തിന്റെ പേര് മറ്റൊരു ഏജന്റ് മുഖാന്തരമറിഞ്ഞു. പുതിയ താരമാകുമ്പോള്‍ നന്നാകുമെന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ക്രിസ് കാണാന്‍ വരുന്നത്. രൂപംകൊണ്ടു നല്ലൊരു ഹീറോയുടെ ലുക്കുണ്ടെങ്കിലും ഓസ്‌ട്രേലിയന്‍ രീതിയിലുള്ള സംസാരം സംവിധായകന്‍ സ്റ്റീഫന് ഇഷ്ടപ്പെട്ടില്ല.

നവീനിനും എനിക്കുമിഷ്ടപ്പെട്ടതുകൊണ്ട് പ്രേമയുടെയും കുട്ടികളുടെയും താത്പര്യമറിയാനായി ഫോട്ടോ ഇ-മെയില്‍ ചെയ്തു. അയച്ചുകൊടുത്തത് സ്റ്റീഫനിഷ്ടപ്പെട്ട മൂന്നു താരങ്ങളുടെ പടങ്ങളായിരുന്നു. എന്റെ കുട്ടികള്‍ മൂന്നുപേരും ക്രിസ് ഹെംസ്വെര്‍ത്ത് തന്നെ വേണമെന്ന് നിര്‍ബന്ധം പിടിച്ചു. അത് പുതിയ തലമുറയുടെ ശബ്ദംതന്നെയായിരുന്നുവെന്ന് പിന്നീട് 'തോര്‍' എന്ന സിനിമയിലൂടെ തെളിഞ്ഞു. എന്റെയും നവീനിന്റെയും അഭിപ്രായംകൂടി കണക്കിലെടുത്ത് സംവിധായകന്‍ സമ്മതിക്കുകയായിരുന്നു. ഹോളിവുഡ്ഡില്‍ എത്ര വലിയ സംവിധായകനായാലും മറ്റുള്ളവരുടെ അഭിപ്രായത്തിനു വില കല്‍പ്പിക്കുമെന്നതിനുള്ള തെളിവായിരുന്നു അത്.
ലോകത്തിലെവിടെയായാലും സിനിമയുടെ നിര്‍മാണത്തിനുവേണ്ട പ്രാഥമിക കാര്യങ്ങള്‍ ഒരുപോലെയാണ്. അറിയപ്പെടുന്ന സംവിധായകന്റെയോ താരത്തിന്റെയോ ഡേറ്റുണ്ടെങ്കില്‍ പണം മുടക്കാനും വിതരണം നടത്താനും ആളെ കണ്ടെത്തുന്നത് എളുപ്പമാണ്. അതുകൊണ്ടുതന്നെ 'ക്യാഷ്' വലിയ കുഴപ്പങ്ങളൊന്നുംകൂടാതെ ഒറ്റ ഷെഡ്യൂളില്‍, ഷിക്കാഗോ എന്ന മഹാനഗരത്തില്‍വച്ചു പൂര്‍ത്തിയായി. ഏതാണ്ട് രണ്ടു വര്‍ഷത്തെ പ്ലാനിങ്ങായിരുന്നു. നമ്മുടെ സിനിമാ നിര്‍മാണത്തില്‍നിന്നു വ്യത്യസ്തമായിത്തോന്നിയത് അതായിരുന്നു. ഒരേസമയത്ത് താരങ്ങള്‍ ഒന്നില്‍ക്കൂടുതല്‍ ചിത്രങ്ങളിൽ അഭിനയിക്കുന്ന രീതിയും ഹോളിവുഡ്ഡിലില്ല. ആവറേജ് ഷൂട്ടിംഗ് നാല്‍പ്പതു മുതല്‍ അമ്പതു ദിവസങ്ങളാണ്. ഇക്കാര്യത്തില്‍ മലയാളം സിനിമപോലെതന്നെയാണ്.
ക്യാഷ് റിലീസാകുന്നതിനു മുമ്പുതന്നെ അതിന്റെ പേരില്‍ ക്രിസ് പല ഓഡീഷനും പോയിരുന്നു. അങ്ങനെ ആദ്യം സ്റ്റാര്‍സ് ട്രാക്കിലഭിനയിച്ചു. അപ്പോഴാണ് വാര്‍ണര്‍ ബ്രദേഴ്‌സിന്റെ പുതിയ പടമായ തോറിനുവേണ്ടി ഓഡീഷനു വിളിച്ചത്. ക്യാഷിന്റെ ട്രെയ്‌ലര്‍ കണ്ടിട്ട് അവര്‍ ക്രിസിനെതന്നെ തിരഞ്ഞെടുത്തു. ക്യാഷ് നല്ല ചിത്രമെന്നു പേരെടുത്തെങ്കിലും മാര്‍ക്കറ്റിംഗിന് അധികം ബജറ്റില്ലാതിരുന്നതിനാല്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ, അതോടുകൂടി ഹോളിവുഡ്ഡില്‍ പുതിയൊരു താരോദയമുണ്ടായി: ക്രിസ് ഹെംസ്വെർത്ത്! ക്യാഷില്‍ എന്റെകൂടെ അഭിനയിച്ച ക്രിസ് ഇപ്പോള്‍ ഏറ്റവും പുതിയ ചിത്രത്തിനു പതിനഞ്ചു മില്യണ്‍ ഡോളറാണ് വാങ്ങുന്നത്. ഇന്ന് അമേരിക്കയിലെ ചെറുപ്പക്കാരുടെ ഹരമായി മാറിയ ക്രിസിന്റെ വിജയത്തിനു പിന്നില്‍ മലയാളികളാണെന്നത് നമുക്കെല്ലാം അഭിമാനിക്കാവുന്ന കാര്യമാണ്. അമേരിക്കയിലെ ഹോണോലുലു ഫിലിം ഫെസ്റ്റിവലില്‍ എനിക്ക് ഏറ്റവും നല്ല നടനുള്ള രാജ്യാന്തര പുരസ്‌കാരം നേടിത്തന്ന 'ബിയോണ്ട് ദ സോള്‍' സ്റ്റീഫന്‍ ആന്‍ഡേഴ്‌സണ്‍ നേരത്തേതന്നെ കണ്ടിരുന്നു. അതുകൊണ്ട് എന്നെക്കൂടി അഭിനയിപ്പിക്കാന്‍ സംവിധായകനായ അദ്ദേഹം തീരുമാനിച്ചു. അതിനുവേണ്ടി ഒരു കഥാപാത്രത്തെ സര്‍ദാര്‍ജിയാക്കി മാറ്റുകയായിരുന്നു. എന്റെ അപ്പിയറന്‍സിന് അത് നന്നായെന്നു തോന്നുന്നു. ഇന്ത്യയില്‍ റിലീസ് ചെയ്തില്ലെങ്കിലും ഹോളിവുഡ്ഡില്‍ ശ്രദ്ധിക്കപ്പെട്ട കോമഡിവേഷമായിരുന്നു എന്റെ ബഹദൂര്‍സിംഗ് ജതീന്ദ്രപ്രീത് സിംഗ്. അമേരിക്കയിലുള്ള മലയാളികള്‍ക്കിടയില്‍പ്പോലും ആ വേഷം ശ്രദ്ധിക്കപ്പെട്ടില്ല. കാരണം, എന്നെ പ്രമോട്ട് ചെയ്യുന്നതിനല്ല, ആ ഹോളിവുഡ് ചിത്രത്തെ പ്രമോട്ട് ചെയ്യുന്നതിനാണ് പ്രാധാന്യമെന്നു തോന്നി. എങ്കിലും ക്യാഷ് എന്ന ചിത്രത്തിലൂടെ ഹോളിവുഡ്ഡിലേക്ക് ഒരു 'എന്‍ട്രി' കിട്ടിയ സന്തോഷത്തിലാണ് ഞാന്‍.
ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഞാനും നവീനുംകൂടി ക്രിസിനെ കാണാന്‍ ആല്‍ബുക്കര്‍ക്കിയിലുള്ള ലൊക്കേഷനില്‍ പോയിരുന്നു. ക്യാഷിന്റെ സംവിധായകന്‍ സ്റ്റീഫന്‍ ആന്‍ഡേഴ്‌സണ്‍ അവിടെയായതുകൊണ്ടാണ് അങ്ങോട്ടു ചെന്നത്. വലിയ താരമൊക്കെയായെങ്കിലും ഞങ്ങള്‍ വിളിച്ചപ്പോള്‍ത്തന്നെ സന്തോഷപൂര്‍വം കാണാന്‍ വന്നു. അതും ഒരു സാധാരണ റസ്റ്റോറന്റില്‍! മൂന്നു മണിക്കൂറോളമിരുന്ന് പഴയ കാര്യങ്ങളൊക്കെ പറഞ്ഞു. കുറെ നല്ല വാഗ്ദാനങ്ങളൊക്കെ നല്‍കിയിട്ടാണ് പോയത്. എനിക്കു വലിയ അത്ഭുതം തോന്നി. കാരണം നമ്മുടെ കൊച്ചുമലയാളത്തിലെ ഒരു താരംപോലും ഇത്ര ഫ്രീയായി ഇടപെടില്ല. അവരുടെ ഈഗോ അതിനനുവദിക്കില്ല. കേരളത്തിനപ്പുറത്ത് ഒരു ലോകമുണ്ടെന്ന യാഥാര്‍ത്ഥ്യം അവര്‍ മറന്നുപോകുന്നതുകൊണ്ടാകാം. നമ്മുടെ സിനിമയും മലയാളികളുടെ ലോകവും എത്രയോ ചെറുതാണെന്ന് എണ്‍പതുകളില്‍ അമേരിക്കയില്‍ വന്ന കാലത്തുതന്നെ തോന്നിയിരുന്നു. കാരണം അന്നൊക്കെ ഇവിടത്തെ ഒരു മാധ്യമത്തിലും കേരളത്തിലെയന്നല്ല, ഇന്ത്യയിലെ വാര്‍ത്തകള്‍പോലും വന്നിരുന്നില്ല. ഇന്ന് ആ സ്ഥിതി മാറി. എല്ലാ മലയാളംചാനലുകളും ഇവിടെക്കിട്ടും. ഇന്റര്‍നെറ്റ് കൂടിയായപ്പോള്‍ ലോകം ചെറുതായി. പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരന്‍ തോമസ് എല്‍ ഫ്രീഡ്മാന്‍ 2005 ലെഴുതിയ ഒരു പുസ്തകത്തിന്റെ പേരിന്റെ തുടക്കമാണ് ഓര്‍മയിലെത്തുന്നത്: വേള്‍ഡ് ഈസ് ഫ്‌ളാറ്റ്! ലോകം ഒന്നാവുകയാണ്.
നമ്മുടെ സിനിമ ചില കൊച്ചു ലോകങ്ങള്‍ക്കുചുറ്റും കറങ്ങുകയാണ്. അല്‍പ്പമെങ്കിലും ആശ്വാസം തോന്നുന്നത് നമ്മുടെ പുതിയ തലമുറയിലാണ്. സൂപ്പര്‍ സംവിധായകര്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കും സിനിമയുടെ കച്ചവടത്തില്‍ മാത്രമാണ് താത്പര്യം. അവര്‍ക്കൊരിക്കലും ഒരു ലോകോത്തര സിനിമ ചെയ്യണമെന്ന ആഗ്രഹംപോലുമില്ല. സ്‌ക്രിപ്റ്റ് വായിക്കാനോ പഠിക്കാനോ സമയമില്ല. അത്രയ്ക്ക് തിരക്കിലാണവര്‍. വെറുതെ കഥ കേള്‍ക്കുക; കച്ചവടം ചെയ്യുക! അടുത്തകാലത്തിറങ്ങിയ സൂപ്പര്‍താരസിനിമകള്‍ കണ്ടാല്‍ ആര്‍ക്കുമതു മനസ്സിലാവും. സൂപ്പര്‍ സിനിമകളില്‍ രജനീകാന്ത് സിനിമയിലെപ്പോലെ ലോജിക്കില്ല; മാജിക് മാത്രമേയുള്ളു! അതു കൊണ്ടാടാന്‍ കുറെ ആരാധകരുമുണ്ട്. 'കൊണ്ടാടാനാളുണ്ടെങ്കില്‍ കുഴഞ്ഞാടാനുമാളുണ്ടാകും' എന്നാണല്ലോ ചൊല്ല്! നമ്മുടെ സിനിമ ഇപ്പോഴും ശൈശവാവസ്ഥയില്‍ത്തന്നെ തുടരുന്നതിന്റെ കാര്യവും മറ്റൊന്നല്ല. എഴുപതുകളിലും എണ്‍പതുകളിലുമായി അടൂരും അരവിന്ദനും കെ ജി ജോര്‍ജ്ജും ഷാജിയും ഭരതനും പത്മരാജനുമൊക്കെ നല്ല തുടക്കമിട്ടെങ്കിലും കാര്യങ്ങള്‍ അവിടെത്തന്നെ നില്‍ക്കുകയാണ്. നമ്മുടെ സംവിധായകര്‍ക്ക് താരങ്ങളുടെ ഡേറ്റ് കിട്ടുകയെന്നതു മാത്രമാണു മുഖ്യം. നിര്‍മാതാവിനെ ചാക്കിട്ടുകഴിഞ്ഞാല്‍ അതെങ്ങനെയെങ്കിലും ഒപ്പിക്കും. അതു കഴിഞ്ഞാല്‍പ്പിന്നെ പ്രൊഡക്ഷന്‍ മാനേജര്‍ മുതല്‍ ക്ലാപ്പടിക്കുന്നയാള്‍വരെ എല്ലാവരെയും താരമാണ് തീരുമാനിക്കുന്നത്. സിനിമ തീരുന്നതുവരെ നിര്‍മാതാവ് കണക്കൊന്നും ചോദിക്കാന്‍ പാടില്ല! പണ്ടാരോ പറഞ്ഞതുപോലെ, 'കണക്കപ്പിള്ളയുടെ വീട്ടില്‍ വറക്കലും പൊരിക്കലും; കണക്കു ചോദിച്ചാല്‍ കരച്ചിലും പിഴിച്ചിലും!'
ക്രിസ് ഹെംസ്വെര്‍ത്തിന്റെ തോര്‍ സെക്കന്‍ഡും തകര്‍ത്തോടി. സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തില്‍ ക്രിസ്സിന്റെ വലിയ ഫ്‌ളക്‌സുകള്‍ കാണുമ്പോള്‍ എനിക്കും നവീനിനുമൊക്കെ വലിയ അഭിമാനമാണ്. ക്രിസ് ഓസ്‌ട്രേലിയയില്‍നിന്ന് ഇന്റര്‍വ്യൂവിനു വരുമ്പോള്‍ വിസിറ്റിംഗ് വിസയുടെ ഡേറ്റായിരുന്നു. അതറിഞ്ഞത് എയര്‍പോര്‍ട്ടില്‍വെച്ചും! ഒരു ദിവസംകൂടി താമസിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ക്രിസ് എന്നൊരു നടന്‍ ജനിക്കുമായിരുന്നില്ല. 'റൈറ്റ് ടൈം, റൈറ്റ് പ്ലെയ്‌സ്' എന്ന ചൊല്ല് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് വിശ്വസിച്ചുപോകും!

'ക്യാഷ്' എന്ന സിനിമയെടുക്കണമെന്ന് ഏറ്റവും കൂടുതല്‍ താത്പര്യം പറഞ്ഞത് എന്റെ ഭാര്യ പ്രേമയായിരുന്നു. ഒരു ഹോളിവുഡ് സിനിമയുടെ നിര്‍മാതാവ് ഒരു മലയാളി വനിതയാകട്ടെയെന്ന് ഞങ്ങളും തീരുമാനിച്ചു. എന്റെ ഗോള്‍ഡന്‍ വിംഗ്‌സും നവീനിന്റെ ഇമ്മോര്‍ട്ടല്‍ തോട്‌സും സ്റ്റീഫന്റെ കമ്പനിയുംചേര്‍ന്ന് നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 'ക്യാഷ്' ഒരര്‍ത്ഥത്തില്‍ എന്റെയും നവീനിന്റെയും ആദ്യത്തെ ഹോളിവുഡ് ചിത്രമാണ്. നവീനിനായിരുന്നു പ്രൊഡക്ഷന്റെ മുഴുവന്‍ ചുമതലയും. 'ബിയോണ്ട് ദ സോള്‍' ഒരു ഇന്‍ഡിപെന്‍ഡന്റ് ഇംഗ്ലീഷ് ചിത്രമായിരുന്നു.
Content Highlights: swapnangalkkum cinemakkum idayil Thampi Antony column
Published: 06 Mar 2025, 12:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented