
ഓണക്കാലത്തെപ്പറ്റിയോര്ക്കുമ്പോള് ആദ്യം മനസ്സിലെത്തുന്നത് എന്റെ നാട്ടിലെ, അതായത് പൊന്‍കുന്നത്തെ കടുവാകളിയാണ്. എല്ലാ ഓണത്തിനും കടുവാ കളിച്ചിരുന്നത് പണിക്കാരനായ ഒരു മത്തായിയായിരുന്നു. അതുകൊണ്ടയാള്‍ 'കടുവാമത്തായി' എന്നാണറിയപ്പെട്ടിരുന്നത്. മത്തായിയുടെ ഭാര്യ മറിയ വീട്ടില്‍ അടിച്ചുതളിക്കാരിയായിരുന്നു. ഓണം വരുമ്പോള്‍ ഗ്രാമംമുഴുവന്‍ കടുവാകളിയുടെ, താളത്തിലുള്ള ചെണ്ടകൊട്ട് കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കും. അന്നൊക്കെ ഞങ്ങള്‍ കുട്ടികള്‍ അതിന്റെ താളത്തില്‍ പാട്ടുണ്ടാക്കി പാടുമായിരുന്നു:
'കടുവവന്നാല്‍ കിടുവയാകും
തുണിത്തുമ്പേല്‍ പണം കെട്ടും
തിന്തതരികിട തിന്തതരികിട തോം'
അങ്ങനെ അര്‍ത്ഥമില്ലാതെ പാടിപ്പോകുന്ന പാട്ടുകള്‍. എനിക്ക് ആറുവയസ്സുള്ളപ്പോള്‍ ഞാനും അനിയനുംകൂടി കടുവാകളി കാണാന്‍ മത്തായിയുടെ വീട്ടില്‍പ്പോയി. കടുവയുടെ പുറകേ നടന്നുവരികയായിരുന്നു ഉദ്ദേശ്യം. അവിടെച്ചെന്നപ്പോള്‍ ഞങ്ങളെപ്പോലെ വേറെയും കുട്ടികള്‍ അവിടെയൊത്തുകൂടിയിരുന്നു. മത്തായി ദേഹത്താകെ ചായംപുരട്ടി കടുവയുടെ മുഖംമൂടിയുംവച്ചു തയ്യാറായി നില്‍ക്കുന്നു. ഒരു ചെണ്ടകൊട്ടുകാരനും കൂടെയുണ്ട്. അങ്ങനെ മത്തായിയുടെ വീട്ടില്‍നിന്നു കളി തുടങ്ങിയപ്പോള്‍ ഞങ്ങളും പുറകേ കൂടി. പല വീടുകളുടെയും മുറ്റത്തുനിന്നു കളിക്കുകയാണു പതിവ്. എല്ലാവരും പണം കൊടുക്കും.
ഞങ്ങളുടെ വീട്ടില്‍ വന്നു കളി കഴിഞ്ഞു പോയപ്പോള്‍ മറ്റു കുട്ടികളുടെകൂടെ ഞാനും പിന്തുടര്‍ന്നു. കുറെ കഴിഞ്ഞപ്പോഴാണറിഞ്ഞത്, ദൂരമേറെപ്പോയെന്ന്, വീട്ടില്‍ വഴക്കു പറയുമെന്ന് പേടിച്ച് പെട്ടെന്ന് തിരിഞ്ഞൊരോട്ടമായിരുന്നു. വീടിന്റെ മുമ്പിലെത്തി, എങ്ങോട്ടും നോക്കാതെ റോഡ് ക്രോസ് ചെയ്ത് ഒറ്റയോട്ടം. അപ്പോള്‍ അതുവഴി വന്ന കോഹിനൂര്‍ ബസ്സിന്റെ ഡ്രൈവറും കടുവയെ നോക്കിയാണ് ഓടിച്ചതെന്നു തോന്നുന്നു. ബസ്സെന്നെ ഇടിച്ചുതെറിപ്പിച്ചു. ഓട്ടത്തിന്റെ വേഗംകൊണ്ടായിരിക്കണം, തെറിച്ചു പറന്നുവന്നു വീടിന്റെ മുറ്റത്തുതന്നെ വീണു! റോഡിലാണ് വീണിരുന്നതെങ്കില്‍ ഇന്നിതെഴുതാന്‍ ഞാനുണ്ടാകുമായിരുന്നില്ല! വീണപ്പോള്‍ ഭാഗ്യത്തിനു കൈയും കാലുമൊന്നും കുത്തിയില്ലെങ്കിലും നിലത്തുകൂടെ ശക്തിയോടെ തെന്നിനിരങ്ങിപ്പോയി. കാലിലെയും കൈയിലെയും തൊലി പോയി. അപ്പോഴേക്കും ജനം ഓടിക്കൂടി. ആരെല്ലാമോ എടുത്തുകൊണ്ടുപോയി വീട്ടില്‍ കട്ടിലില്‍ കിടത്തിയതായി ഓര്‍ക്കുന്നുണ്ട്. പേടിച്ച് കുറെ കരഞ്ഞു. കണ്ണുതുറന്നു നോക്കുമ്പോള്‍ സാക്ഷാല്‍ കടുവ എന്റെ മുന്നില്‍ നില്‍ക്കുന്നു! കൂടെ കുട്ടികളുള്‍പ്പെടെ ഒരു ജനസമൂഹവും. എനിക്ക് അത്ഭുതവും സങ്കടവും സന്തോഷവും തോന്നി. സംഭവമറിഞ്ഞ്, കടുവ കളിനിര്‍ത്തി എന്നെക്കാണാന്‍ വന്നതാണ്. അങ്ങനെ കടുവയെക്കാണാന്‍ പോയ എന്നെ കടുവ കാണാന്‍വന്ന അനുഭവം എങ്ങനെ മറക്കാന്‍.

അമേരിക്കയില്‍ വന്നപ്പോള്‍ ഓണം മറ്റൊരനുഭവമായിരുന്നു. ഓണത്തെക്കാളുപരി മലയാളികള്‍ ഒത്തുകൂടുന്ന അവസരമായിരുന്നു ഓണദിവസം. എല്ലാവരുടെയും സൗകര്യാര്‍ത്ഥം ഓണദിവസംപോലും മാറ്റിവയ്ക്കാറുണ്ട്. മാവേലിയുടെ വരവും കലാരൂപങ്ങളുമൊക്കെയായി ജാതിമതഭേദമെന്യേ എല്ലാ അസോസിയേഷനുകളും ഓണമാഘോഷിക്കാറുണ്ട്. ക്രിസ്ത്യന്‍പള്ളികളില്‍പ്പോലും ഒരുത്സവത്തിന്റെ പ്രതീതിയാണ്. നാട്ടില്‍ വീടുകളിലും അമ്മവീടുകളിലും കളിക്കൂട്ടുകാരിലും മാത്രമായിരുന്നു ഓണാഘോഷങ്ങള്‍. ഇവിടെ എല്ലാ പ്രവാസിമലയാളികളും വലിയ കൂട്ടായ്മകളായി ആഘോഷിക്കുന്നു.
അമേരിക്കയില്‍ വരുന്നതിനുമുമ്പ് കോളേജ് മാഗസിനുവേണ്ടിയും രസത്തിനുവേണ്ടിയും കവിതകളെഴുതാറുണ്ടായിരുന്നെങ്കിലും എന്നിലെ എഴുത്തുകാരനെ എനിക്കറിയില്ലായിരുന്നു. എങ്കിലും നല്ലനല്ല പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ ഒരഴുത്തുകാരനാവുക എന്ന സ്വപ്നം ദൃഢമായിക്കൊണ്ടിരുന്നു. പക്ഷേ ഇവിടത്തെ തിരക്കുകള്‍ക്കിടയില്‍ ഉള്ളിലെ കലാകാരനെ എവിടെയോ നഷ്ടപ്പെട്ടതുപോലെ തോന്നി. ആദ്യത്തെ പെണ്‍കുഞ്ഞ്, നദി, എന്റെ കണ്ണില്‍നോക്കി ആദ്യമായി പുഞ്ചിരിച്ചത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നു. രണ്ടാമത്തേതു സന്ധ്യ. മറ്റൊരു സുന്ദരിക്കുട്ടി. മൂന്നാമതാണ് ആണ്‍കുട്ടിയായ കായല്‍ ജനിച്ചത്. കുടുംബത്തിലെ ആദ്യത്തെ ആണ്‍കുട്ടിയായതുകൊണ്ട് അവനെ അത്യധികം ലാളിച്ചു. ജോലിത്തിരക്കുകള്‍ക്കിടയിലും കുടുംബജീവിതം സന്തോഷകരമായിരുന്നെങ്കിലും എവിടെയോ ഒരു നഷ്ടബോധം എന്നെ അലട്ടിക്കൊണ്ടിരുന്നു.

ആയിടയ്ക്കാണ് ലോക്കല്‍ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് നാടകങ്ങളിലഭിനയിച്ചുതുടങ്ങിയത്. പോള്‍ പഴയാറ്റിലിന്റെ നാടകങ്ങളിലാണ് തുടക്കമെങ്കിലും മറ്റൊരു സീനിയര്‍ മെംബറായ എം.കെ ഷാന്‍ദാസ് സംവിധാനം ചെയ്ത നാടകങ്ങളിലാണ് കൂടുതലഭിനയിച്ചത്. എല്ലാത്തരം നാടകങ്ങളും ചെയ്തിട്ടുണ്ടെങ്കിലും കോമഡി നാടകങ്ങള്‍ക്കായിരുന്നു കൂടുതല്‍ ഡിമാന്‍ഡ്. കെ.എ അസീസിന്റെ 'ഞങ്ങള്‍ക്കും ശാകുന്തളം മതി' എന്ന ഹാസ്യനാടകമാണ് ഏറ്റവും ഹിറ്റായത്. ഹാസ്യനാടകങ്ങള്‍ കിട്ടാതെവന്നപ്പോള്‍ അന്നത്തെ അസോസിയേഷന്‍ പ്രസിഡന്റ് ജോജോ വട്ടാടിക്കുന്നേല്‍ ഒരു നാടകമെഴുതാന്‍ എന്നോടാവശ്യപ്പെട്ടു. വല്ലപ്പോഴും അമേരിക്കന്‍ മലയാളം പത്രത്തില്‍ കവിതകളെഴുതിയിരുന്നതുകൊണ്ട് ഒരെഴുത്തുകാരനെന്ന ലേബല്‍ അക്കാലങ്ങളില്‍ എനിക്കു കിട്ടിയിരുന്നു. 'എഴുത്തുകാരനല്ലേ, ഒരു നാടകമങ്ങോട്ടെഴുത്' എന്നായിരുന്നു ജോജോ പറഞ്ഞത്. 'ഞാനൊന്നു ശ്രമിച്ചുനോക്കാം' എന്ന് മറുപടി നല്‍കിയെങ്കിലും എഴുതാന്‍ കഴിയുമെന്ന വിശ്വാസമില്ലായിരുന്നു.
ഇടയ്ക്കിടയ്ക്ക് ജോജോ വിളിച്ച്, 'നാടകമെവിടെവരെയായി' എന്നു ചോദിച്ചുകൊണ്ടിരുന്നതുകൊണ്ട് എന്തെങ്കിലും എഴുതാതെ പറ്റില്ലെന്ന സ്ഥിതിയായി. എഴുതണമെങ്കില്‍ എന്തെങ്കിലുമൊരു വിഷയം വേണമല്ലോ! അങ്ങനെ തലപുകഞ്ഞാലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് കേസില്ലാത്തതുകൊണ്ട് പുതുപ്പള്ളിയില്‍ ഒരു പോലീസ് സ്റ്റേഷന്‍ പൂട്ടാന്‍ പോകുന്ന വാര്‍ത്ത വായിച്ചത്. പെട്ടെന്നൊരാശയം തലയില്‍വന്നു. ഒരു ഓണംകേറാമൂല. അവിടെയൊരു പോലീസ് സ്റ്റേഷന്‍. ആദ്യം മനസ്സിലെത്തിയത് നാടകത്തിന്റെ പേരാണ്. മിഡില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ കന്യാകുമാരിക്കു പോയവഴി കണ്ട ഒരു സ്ഥലപ്പേരാണ്. ആ പേര് മനസ്സില്‍നിന്നു മാഞ്ഞുപോകാതെ നിന്നതെന്തുകൊണ്ടെന്നത് ഇപ്പോഴും മനസ്സിലാകാത്ത കാര്യമാണ്. അതു പോലീസ് സ്റ്റേഷനുമായി കൂട്ടിവായിച്ചു. അങ്ങനെയാണ് 'ഇടിച്ചക്കപ്ലാമൂട് പോലീസ് സ്റ്റേഷന്‍' എന്ന പേരുണ്ടായത്!
എഴുത്തുകാര്‍ ഒരു കാര്യത്തെയും നിസ്സാരമായിക്കാണരുതെന്ന എംപി പോളിന്റെ വാക്കുകള്‍ പണ്ട് 'സാഹിത്യാരാമ'ത്തില്‍ പഠിച്ചതോര്‍ത്തു. അടുത്ത പ്രാവശ്യം ജോജോ വട്ടോടിക്കുന്നേല്‍ വിളിക്കുമ്പോള്‍ പറയാനെന്തെങ്കിലുമുണ്ടല്ലോ എന്നൊരാശ്വാസവുമുണ്ടായി. നാടകത്തിന്റെ പേര് ഫ്‌ളെയറില്‍ കൊടുക്കാനാണ് ജോജോ പിന്നീടു വിളിച്ചത്. 'ഇടിച്ചക്കപ്ലാമൂട് പോലീസ് സ്റ്റേഷന്‍' എന്ന പേര് എല്ലാവര്‍ക്കുമിഷ്ടമായി. എനിക്കാണെങ്കിലോ നാടകമെഴുതാതിരിക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലുമായി.
ഒരുദിവസം എഴുതാനിരുന്നു. ആദ്യം സ്റ്റേജിനെയും കഥാപാത്രങ്ങളെയും മനസ്സില്‍ക്കണ്ടു. പോലീസ് സ്റ്റേഷനിലേക്കൊരു ഫോണ്‍ വരുന്നതും ആകെയുള്ളൊരു വനിതാപോലീസ് ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നതുമാണ് തുടക്കം. വിളിക്കുന്നത് ആഭ്യന്തരമന്ത്രിയാകട്ടെയെന്നു വച്ചു. ഇടിച്ചക്കപ്ലാമൂട്ടില്‍ മന്ത്രിയുടെ സന്ദര്‍ശനം. വരുന്നത്, ഇതുവരെ ഒരു കേസും ചാര്‍ജ്ജ് ചെയ്യാത്ത സ്റ്റേഷന്‍ അടച്ചുപൂട്ടാന്‍! അങ്ങനെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നല്ലൊരു തുടക്കം കിട്ടി. എഴുതിവന്നപ്പോള്‍ എവിടെനിന്നോ കഥയും കഥാപാത്രങ്ങളുമൊക്കെ മനസ്സിലേക്കൊഴുകുകയായിരുന്നു. ഞാനൊരെഴുത്തുകാരനാണെന്ന തിരിച്ചറിവും ആത്മവിശ്വാസവുമുണ്ടായത് ആദ്യത്തെ സൃഷ്ടിയായ 'ഇടിച്ചക്കപ്ലാമൂ'ടിലൂടെയായിരുന്നു.
അതിനുശേഷം രണ്ടു നാടകങ്ങള്‍കൂടിയെഴുതി: 'ഡോക്ടര്‍ ദൈവസഹായം', 'എന്റെ മേരിക്കുട്ടീ, ഇതമേരിക്കയാ!' എന്നിവ. എങ്കിലും അമേരിക്കയില്‍ത്തന്നെ പല വേദികളിലും സൂപ്പര്‍ഹിറ്റായത് ഇടിച്ചക്കപ്ലാമൂടുതന്നെ. കോഴിക്കോട്ടുള്ള ഒലീവ് ബുക്‌സാണ് അതു പ്രസിദ്ധീകരിച്ചത്. എന്റെ ആദ്യപുസ്തകവും 'ഇടിച്ചക്കപ്ലാമൂട്' എന്ന പേരിലുള്ള ലഘുനാടകങ്ങളുടെ സമാഹാരമാണ്.
Content Highlights: swapnangalkkum cinemakkum idayil Thampi Antony column
Published: 13 Feb 2025, 10:42 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented