
ഒരു തരത്തിലുമുള്ള നവീകരണം സംഭവിക്കാത്ത, തിരുത്തലിനു വിധേയരാവാത്ത തടവുപുള്ളികൾ ജയിലിലുണ്ടെന്നും അതിലൊരാളാണ് ഗോവിന്ദച്ചാമിയെന്നും മുൻ ജയിൽ ഡിഐജി സന്തോഷ് എസ്. മാതൃഭൂമി ഡോട്ട്കോമിന്റെ service story അഭിമുഖ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെല്ലിനുള്ളിൽ മലമൂത്ര വിസർജനം നടത്തി ജയിൽ ഉദ്യോഗസ്ഥരെയും മറ്റും ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഗോവിന്ദച്ചാമിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. ഗോവിന്ദച്ചാമി ഉൾപ്പെടെയുള്ളവർ വൃത്തിക്കേടാക്കുന്ന സെൽ വൃത്തിയാക്കേണ്ട ചുമതല ചാര്‍ജുള്ള ഉദ്യോഗസ്ഥന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
Also Read
ദിലീപ് റിമാന്‍ഡ് പ്രതിയായിരുന്ന സമയത്ത് ഷേവൊന്നും ചെയ്യാതെ താടി വളര്‍ത്തിയ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തു വന്നതിനെ കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം പ്രതികരിച്ചു. എല്ലാ ജയിലുകളിലും വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട് ഹെയര്‍കട്ടും ഷേവിങ്ങും ഉണ്ട്. എന്നാൽ അലര്‍ജിക് ആയ റിമാൻഡ് പ്രതികൾക്ക് അതൊഴിവാക്കാമെന്നും അതേസമയം തടവുപുള്ളികൾ നിർബന്ധമായും ഹെയർകട്ട് ചെയ്യുകയും താടിവടിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത സർവ്വീസ് മേഖലയിലുള്ളവർ അവരുടെ സർവീസ് അനുഭവങ്ങൾ പങ്കുവെക്കുന്ന അഭിമുഖ പരമ്പരയാണ് service story
മരണം, ആത്മഹത്യ, ജയില്‍ചാട്ടം തുടങ്ങിയവയൊക്കെപ്പോലെ ജീവനക്കാര്‍ പ്രതിസന്ധി അനുഭവിക്കുന്ന ഘട്ടമാണ് തടവുകാര്‍ തമ്മിലുണ്ടാകുന്ന സംഘര്‍ഷം. ഇതു ജയിലുകളില്‍ സാധാരണമായി നടക്കുന്നതാണോ.
ചില തടവുകാര്‍ മറ്റുള്ളവരുടെ പുറത്ത് മേധാവിത്തം സ്ഥാപിക്കാനുള്ള മാനസികാവസ്ഥ ഉള്ളവരായിരിക്കും. കുറെ നാളത്തെ ജയിലിനുള്ളിലെ പരിചയം. ജീവനക്കാരുമായുള്ള ബന്ധം എന്നതിന്റെയൊക്കെ അടിസ്ഥാനത്തില്‍ ചില തടവുകാര്‍ ചില ബ്ലോക്കുകളില്‍ അവരുടെ മേധാവിത്തം സ്ഥാപിക്കും. ആ മേധാവിത്തം അംഗീകരിപ്പിക്കാനുള്ള നടപടിയായി പലപ്പോഴും പുതിയ തടവുകാരെ ചോദ്യം ചെയ്യുക, അവരെക്കൊണ്ട് പണിയെടുപ്പിക്കുക എന്ന രീതികള്‍ പുലര്‍ത്തും. ഉദാഹരണത്തിന് തുണി കഴുകിപ്പിക്കല്‍, ഭക്ഷണം വാങ്ങിച്ചുവെക്കല്‍, എന്നിവയെല്ലാം ചെയ്യിപ്പിക്കും.
ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടാല്‍ പരിഹരിക്കപ്പെടാറുണ്ടോ.
പരാതിപ്പെടാറുണ്ട്. അല്ലെങ്കില്‍ ശ്രദ്ധയില്‍വരും. അങ്ങനെ ശ്രദ്ധയില്‍വരുമ്പോള്‍ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കും. പരാതിപ്പെട്ടത് സംഘര്‍ഷത്തിനുള്ള കാരണവും ആവാറുണ്ട്. മറ്റൊരു പ്രശ്‌നമാണ് ഗാങ്ങുകള്‍ രൂപപ്പെടുന്നത്. മതമുണ്ടാവാം. രാഷ്ട്രീയമുണ്ടാവാം. ജാതിയുണ്ടാവാം. പ്രശ്‌നം ഉടലെടുക്കാതെ കൈകാര്യം ചെയ്യുക എന്നതാണ് ജീവനക്കാര്‍ കൈക്കൊള്ളുന്ന രീതി. ഇന്ന് രാവിലെ സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത ഇന്നലെ നമ്മള്‍ മണത്തറയും. ഇന്നലെ വൈകീട്ട് തന്നെ അതിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടാവും. പിന്നെ ഇവരുടെ പദ്ധതികള്‍ സംബന്ധിച്ച് നമുക്കെന്തെങ്കിലും വിവരം ലഭിക്കും. അത് ജയിലിന്റെ സ്വഭാവമാണ്. ഇത്തരം വിവരം ചോര്‍ത്താനായി ജയിലിനുള്ളില്‍ ഒരു ഇന്റലിജന്‍സ് രൂപപ്പെട്ടിട്ടുണ്ടാവും. അതു പലപ്പോഴും തടവുകാരെ ഉപയോഗിച്ചായിരിക്കും ചെയ്യുന്നത്.
സമൂഹത്തില്‍ നിലനില്‍ക്കുന്ന ക്ലാസ് വ്യവസ്ഥിതി ജയിലിനുള്ളിലും ഉണ്ടാവില്ലേ. ക്വട്ടേഷന്‍ ഗാങ്, രാഷ്ട്രീയ കുറ്റകൃത്യം ചെയ്യുന്നവര്‍ തുടങ്ങിയ വിഭാഗക്കാര്‍ പ്രബല ഗാങ് എന്ന തരത്തില്‍ ഒരു വര്‍ഗവ്യവസ്ഥിതി അല്ലെങ്കില്‍ ജാതി വ്യവസ്ഥിതി നിലനില്‍ക്കുന്നുണ്ടോ.
ജയിലിനുള്ളില്‍ ജാതി, മതം എന്ന തരത്തില്‍ വര്‍ഗീകരണം സംഭവിക്കാറില്ല. അത്തരം ചെറിയ ഫോര്‍മേഷന്‍ ഉണ്ടായാല്‍ തന്നെ വളരെ പട്ടെന്ന മനസ്സിലാക്കാന്‍ പറ്റും. പക്ഷേ, രാഷ്ട്രീയമായ സ്വാധീനം പലപ്പോഴും ഉണ്ട്.
തെറ്റ് ചെയ്യാതെ ശിക്ഷിക്കപ്പെട്ട ഏതെങ്കിലും അന്തേവാസിയുടെ ജീവിതം അടുത്തു കണ്ടിട്ടുണ്ടോ.
വളരെ ഹാന്‍ഡ്‌സം ആയ ചെറുപ്പക്കാരന്‍. അയാളുടെ അച്ഛന്റെ സഹോദരന്റെ മകള്‍ ബലാത്സംഗ ശ്രമത്തിനിടെ കൊല്ലപ്പെട്ടു. മൃതദേഹം മറവുചെയ്യാന്‍ ശ്രമിച്ചു എന്നതാണ് ചാര്‍ജ്ജ്. അങ്ങനെ ജീവപര്യന്തം ശിക്ഷയ്ക്ക് ജയിലില്‍ വന്ന തടവുകാരന്‍. മരിച്ച പെണ്‍കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തു. കുറെ നാളുകള്‍ക്ക് ശേഷം ഈ പയ്യന്റെ അച്ചനും ആത്മഹത്യ ചെയ്തു. ഈ ചെറുപ്പക്കാരന്‍ നിരപരാധിയായി തോന്നാന്‍ കാരണമുണ്ട്. ചെറുപ്പക്കാരന്റെ അച്ചനും ഇളയച്ഛന്റെ അമ്മയുമായുള്ള അവിഹിത ബന്ധം പെണ്‍കുട്ടി കണ്ടതും ആ കുട്ടിയെ നിശബ്ദയാക്കാന്‍ ശ്രമിച്ചതിന്റെയും ഭാഗമായുണ്ടായതാണ് ക്രൈം. വ്യക്തിപരമായി അവര്‍ക്ക് തോന്നിയ കുറ്റബോധത്തിന്റെ അടിസ്ഥാനത്തിലാവണം അവര്‍ രണ്ടു പേരും ആത്മഹത്യ ചെയ്തത്. ഈ പയ്യന്റെ കേസ് ഫയല്‍ മുഴുവന്‍ ഞാന്‍ പഠിച്ചിരുന്നു. സാഹചര്യത്തെളിവുകളും മറ്റും എതിരായതിനാല്‍ പെട്ടുപോയതാണ്. അച്ഛന്റെയും ഇളയമ്മയുടെയും ആത്മഹത്യയോടെ ചിത്രം കൂടുതല്‍ തെളിയുകയായിരുന്നു.

ദിലീപിന്റെ രൂപം |പിടിഐ ഫയൽ ചിത്രം
നടൻ ദിലീപ് റിമാന്‍ഡ് പ്രതിയായിരുന്ന സമയത്ത് ഷേവൊന്നും ചെയ്യാതെ താടി വളര്‍ത്തിയ ചിത്രങ്ങളും ദൃശ്യങ്ങളുമാണല്ലോ പുറത്തു വന്നിരുന്നത്. ആ ചിത്രങ്ങള്‍ ദിലീപിന് അനുകൂലമായ അനുകമ്പാതരംഗവും ഉണ്ടാക്കിയിരുന്നു. റിമാന്‍ഡ് പ്രതികൾക്ക് ഷേവ് ചെയ്യാനുള്ള സൗകര്യം ജയിലിലുണ്ടോ..
എല്ലാ ജയിലുകളിലും വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട് ഹെയര്‍ക്കട്ടും ഷേവിങ്ങും നടത്തണമെന്നുണ്ട്. ചിലരെ സംബന്ധിച്ച് അവര്‍ അലര്‍ജിക് ആണെന്നുള്ളതു കൊണ്ട് അവര്‍ക്കതൊഴിവാക്കാം. ജയിലില്‍ കുറെപ്പേരെ ഒരാള്‍ തന്നെയാണ് ഷേവ് ചെയ്യുന്നത്. ബാര്‍ബര്‍മാര്‍ കോണ്‍ട്രാക്ട് ആയാണ് ജയിലില്‍ വരുന്നത്. അവര്‍ ഹെയര്‍ക്കട്ടും ഷേവും ചെയ്ത് പോവും. ഹെയര്‍ക്കട്ടില്‍ നിന്നും ഷേവിങ്ങില്‍ നിന്നും ഒഴിവാക്കണമെന്ന് പറഞ്ഞ് ചിലര്‍ പെര്‍മിഷന്‍ തന്നെ ചോദിക്കും. മുടിവെട്ടാതിരിക്കുന്നതും താടിവടിക്കാതിരിക്കുന്നതും ഒരാളെ സംബന്ധിച്ച് അയാളുടെ ചോയ്‌സ് ആണ്.മുടിവളര്‍ത്തുന്നതും താടിവളര്‍ത്തുന്നതും മറ്റു പ്രതികള്‍ക്ക് ബുദ്ധിമുട്ടാവുകയോ അയാളുടെ തന്നെ ആരോഗ്യത്തെ ബാധിക്കുകയോ ചെയ്താല്‍ നിര്‍ബന്ധപൂര്‍വം സൂപ്രണ്ട് നടപടി സ്വീകരിക്കും. ശിക്ഷിക്കപ്പെട്ട തടവുകാരൻ ആണെങ്കിൽ നിര്‍ബന്ധമായും മുടിവെട്ടുകയും ഷേവ് ചെയ്യുകയും വേണം.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഗോവിന്ദചാമിയെക്കൊണ്ട് ഭയങ്കര ശല്യമാണെന്ന തരത്തില്‍ പ്രിസണ്‍ ഓഫീസര്‍മാര്‍ സംസാരിച്ചു കേട്ടിട്ടുണ്ട്. ഭക്ഷണമൊക്കെ വലിച്ചെറിയുക സെല്ലില്‍ തന്നെ മലമൂത്രവിസര്‍ജനം നടത്തുക തുടങ്ങിയ വൃത്തിഹീനമായ പ്രവൃത്തികളാണ് ഇയാളുടെ ഭാഗത്തു നിന്നുണ്ടായിരുന്നത്. അത്തരത്തില്‍ ഓഫീസര്‍മാരെ ബുദ്ധിമുട്ടിച്ച തടവുപുള്ളികൾ വേറെ ഉണ്ടാവില്ലേ.
ഗോവിന്ദച്ചാമിയുള്‍പ്പെടെ അങ്ങനെ പെരുമാറുന്ന ഒരുപാട് തടവുകാരുണ്ട്. ഒരു തരത്തിലുമുള്ള നവീകരണം സംഭവിക്കാത്ത ഏതെങ്കിലും തരത്തിലുള്ള തിരുത്തലിനു വിധേയരാവും എന്ന പ്രതീക്ഷിക്കാത്ത ഒരാളാണ് ഗോവിന്ദച്ചാമി. ചിലര്‍ സിസ്റ്റത്തെ നന്നായി ബഹുമാനിക്കും. അവരാണ് കറക്ഷന് വേഗം വിധേയരാവുന്നത്. കുറച്ചുപേര്‍ നമ്മുടെ ശ്രമം കൊണ്ടും സ്വയം തിരുത്തി നല്ല രീതിയില്‍ മുന്നോട്ടുപോവും.
ഗോവിന്ദച്ചാമിയെപ്പോലെ സെല്ലിനുള്ളില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്താല്‍ എന്ത് ചെയ്യും. എങ്ങനെ കൈകാര്യം ചെയ്യും.
വലിയ വിഷമമാണ്. മറ്റ് തടവുകാര് സഹായിക്കുകയോ മറ്റ് തടവുകാര് സിസ്റ്റത്തെ സഹായിക്കുന്ന മനോഭാവമുള്ളവരോ ആണെങ്കില്‍ മാത്രമേ നമുക്കത് നടത്തിക്കൊണ്ടുപോവാന്‍ പറ്റൂ.

ഒറ്റയ്ക്കൊരു സെല്ലിലാണല്ലോ അയാള്‍. അങ്ങനെയെങ്കില്‍ അതില്‍ തന്നെ അയാള്‍ കിടക്കട്ടെ, അനുഭവിക്കട്ടെ എന്ന് കരുതാന്‍ പറ്റുമോ.
അങ്ങനെ പറ്റില്ല. മനുഷ്യാവകാശലംഘനമാവും. അത് വൃത്തിയാക്കേണ്ട ചുമതല ചാര്‍ജുള്ള ഉദ്യോഗസ്ഥന്റേതാണ്. അയാളെ വൃത്തിയാക്കി നിര്‍ത്തുക എന്നുള്ളതാണ്.അയാളുടെ ചുമതല.
മറ്റ് അന്തേവാസികള്‍ അയാളുണ്ടാക്കിയ വൃത്തികേട് വൃത്തിയാക്കി കൊള്ളണമെന്നില്ലല്ലോ. അപ്പോൾ ആരാണ് ഇതെല്ലാം വൃത്തിയാക്കുക. അതിനായി ക്ലീനിങ് സ്റ്റാാഫുണ്ടോ.
ഇല്ല. ജയിലുദ്യോഗസ്ഥര്‍ അത് ചെയ്യേണ്ടി വരും. സൂപ്രണ്ട് രാവിലെ ആളുകളുടെ പരാതി കേള്‍ക്കും. അതിനെ കച്ചേരി എന്നാണ് പറയുന്നത്. സൂപ്രണ്ടിനു മുന്നില്‍ പരാതി പറയാനുള്ളവർ മുന്‍കൂട്ടി അറിയിച്ചാല്‍ കച്ചേരിയില്‍ തടവുകാര്‍ക്ക് പരാതി പറയാനുള്ള അവസരം ലഭിക്കും. സ്വമേധയാ ഇത്തരം പരാതി വരുന്നില്ലെങ്കില്‍ കച്ചേരി കഴിഞ്ഞ് സൂപ്രണ്ട് എല്ലാ ബ്ലോക്കിലും പോവും. ആര്‍ക്കെങ്കിലും എന്തെങ്കിലും പരാതി പറയാനുണ്ടോ എന്ന് സൂപ്രണ്ട് ചോദിക്കും. പരാതികള്‍ മാത്രം പറയുന്ന തടവുകാരുമുണ്ട്.
ജയിലുകളില്‍ നടയടി ഉണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്. പണ്ടത്തെ ജയിലില്‍ നിന്ന് ഇപ്പോഴത്തെ ജയില്‍ എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നു.
നടയടി ഉണ്ടായിരുന്നിരിക്കാം. ശിക്ഷ എന്നതാണ് ജയില്‍ എന്ന് മനോഭാവത്തില്‍ ജയില്‍ പ്രവർത്തിച്ചിരുന്ന ഒരുകാലമുണ്ടായിരുന്നു. ആ കാലത്ത് ജയിലിനുള്ളിലേക്ക് വന്നവര്‍ ഇത്തരത്തിലുള്ള മര്‍ദനത്തിനോ പീഡനത്തിനോ വിധേയരാകേണ്ടതുണ്ട് എന്നുള്ള കാഴ്ച്ചപ്പാടുണ്ടായിരുന്നു. ജയില്‍ കറക്ഷനല്ല ശിക്ഷാ കേന്ദ്രമാണെന്നുള്ളതായിരുന്നു അന്നത്തെ രീതി. പക്ഷേ, ഇന്നിപ്പോ അങ്ങനെയല്ല. ജയിലൊരാള്‍ക്ക് ശിക്ഷാകേന്ദ്രമായി അനുഭവപ്പെടാന്‍ പാടില്ല എന്നാണ് തുടരെത്തുടരെയുള്ള വിധികളിലൂടെ സുപ്രീംകോടതിയും മറ്റ് കോടതികളുമൊക്കെ പറയുന്നത്.
സ്വയം തിരുത്താനുള്ള എന്തെല്ലാം ഭൗതിക സാഹചര്യങ്ങളാണ് നിലവില്‍ ജയിലിലുള്ളത്.
ഭരണഘടന എനിക്ക് നല്‍കിയിട്ടുള്ള എന്ത് വിപുലമായ സ്വാതന്ത്ര്യമാണെന്ന തിരിച്ചറിവ്. എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാം. ഞാനിപ്പോൾ മുണ്ടും ഷര്‍ട്ടും ധരിച്ചിരിക്കുന്നു. ഇതെന്റെ ഇഷ്ടമാണ്. ഞാന്‍ നിലീനയോട് സംസാരിച്ച് ഇവിടെ ഇരിക്കുന്നു എന്നത് എന്ററെ സ്വാതന്ത്ര്യത്തില്‍പ്പെടുന്നതാണ്. പക്ഷേ, ജയിലിനുള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ നമ്മുടെ സ്വാതന്ത്ര്യം കൃത്യമായി നിയന്ത്രിക്കപ്പെടും. അവിടെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനാവില്ല. തരുന്ന വസ്ത്രം ധരിക്കണം. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ പറ്റില്ല. ലഭ്യമാകുന്ന ഭക്ഷണം കഴിക്കണം. ഇഷ്ടമുള്ള ജോലി ചെയ്യാനാവില്ല. ഏല്‍പിക്കുന്ന ജോലി ചെയ്യണം. ഇഷ്ടമുള്ളപ്പോള്‍ എഴുന്നേല്‍ക്കാന്‍ സാധിക്കില്ല. വിളിക്കുമ്പോള്‍ എഴുന്നേല്‍ക്കണം. ആ നിയന്ത്രിക്കപ്പെട്ട സ്വാതന്ത്ര്യത്തില്‍ നിന്ന് നമ്മള്‍ മുന്‍പ് അനുഭവിച്ച സ്വാതന്ത്ര്യത്തെ കുറിച്ച് ചിന്തിക്കുകയും ആ സ്വാതന്ത്ര്യത്തിലേക്ക് മടങ്ങിപ്പോവാനുള്ള എന്റെ ആഗ്രഹത്തെ വളര്‍ത്തുകയും ആ സ്വാതന്ത്ര്യം വിലപ്പെട്ടതാണെന്ന ധാരണയുണ്ടാവുകയും ചെയ്യും. ഇതാണ് ജയില്‍. ഇനിയെന്ത് സംഭവിച്ചാലും ജയിലിനുള്ളിലേക്ക് മടങ്ങിവരാന്‍ ഞാന്‍ തയ്യാറല്ലെന്ന തോന്നലുണ്ടാക്കണം ആ ട്രീറ്റ്മെന്റിലൂടെ. വെളിയില്‍ ലഭ്യമായ സ്വാതന്ത്ര്യം ആസ്വദിച്ച ജീവിക്കലാണ് ഇതിനുള്ളിലെ പാരതന്ത്ര്യത്തേക്കാള്‍ നല്ലതെന്ന് ചിന്തിക്കും അയാള്‍. പിന്നെ ഒരുപാട് തരത്തിലുള്ള പരിപാടികള്‍ ജയിലിനുള്ളില്‍ നടക്കാറുണ്ട്. വായന, കൃഷി, തൊഴില്‍ പരിശീലനങ്ങള്‍, കായിക പ്രവര്‍ത്തനങ്ങള്‍ കാലപ്രവര്‍ത്തനങ്ങള്‍, പ്രാര്‍ഥനകള്‍, മതബോധന ക്ലാസ്സുകള്‍ എന്നിവയെല്ലാം ജയിലിനുള്ളില്‍ അന്തേവാസികള്‍ക്കായി ഒരുക്കുന്നുണ്ട്. സെന്‍ട്രല്‍ ജയിലില്‍ വലിയ ലൈബ്രറിയാണുള്ളത്.
അവിടെ വെക്കുന്ന പുസ്തകങ്ങള്‍ സ്ക്രൂട്ടിനിയ്ക്ക് വിധേയമാകാറുണ്ടോ.
നല്ല പുസ്തകങ്ങള്‍ സ്റ്റേറ്റ് വൈഡായാണ് തിരഞ്ഞെടുക്കുന്നത്. നല്ല പ്രസിദ്ധീകരണങ്ങളില്‍ നിന്ന്, നല്ല പ്രസാധകരില്‍ നിന്നാണ് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നത്. അതിന് പലപ്പോഴും കമ്മറ്റികളെത്തന്നെ നിയോഗിക്കാറുണ്ട്.
ബലാത്സംഗ കുറ്റം ചെയത് ശിക്ഷിക്കപ്പെട്ടവര്‍ ജയിലിലുണ്ടല്ലോ. പെട്ടെന്നുള്ള സെക്ഷ്വല്‍ ഡ്രൈവിലാണോ ഇരകളുടെ മേലുള്ള അധികാര പ്രയോഗത്തിന്റെ ഭാഗമായാണോ അവര്‍ കുറ്റകൃത്യം ചെയ്യുന്നത്. ഇവരെ മൊത്തത്തില്‍ പഠിച്ചതില്‍ നിന്ന് തോന്നിയ പൊതുവിലുള്ള അനുമാനം എന്താണ്.
വളരെ പ്രസക്തമായ ചോദ്യമാണിത്. ജയില്‍വകുപ്പിന്റെ ഏറ്റവും വലിയ പ്രതിസന്ധി എന്നത് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട് വന്ന കുറ്റവാളികളുടെ കാര്യത്തില്‍ പഠനങ്ങളോ വിശകലനങ്ങളോ പുനഃപരിശോധനയോ ഒന്നും നടത്തുന്നില്ല. ജയില്‍ വകുപ്പ് അത്തരം പഠനമൊന്നും നടത്തുന്നില്ല. കുറ്റവാളികള്‍ എന്തു കൊണ്ട് ചെയ്തു. എങ്ങനെ ചെയ്യുന്നു. ഏതൊക്കെ തരത്തിലാണ് ശിക്ഷിക്കപ്പെടുന്നത്. ശിക്ഷിക്കപ്പെടുന്നവര്‍ക്ക് തടവുശിക്ഷ മാത്രം മതിയോ. വേറെ ഏതെങ്കിലും തരത്തിലുള്ള ട്രീറ്റ്‌മെന്റ് വേണോ എന്നുള്ള ആലോചന വേണ്ടതാണ്. കാരണം ഇത്തരം കേസുകളുടെ എണ്ണം കൂടി വരുന്നു.
ആസിഡൊഴിച്ചും തീകൊളുത്തിയുമെല്ലാം നടക്കുന്ന സ്‌റ്റോക്കിങ് കൊലപാതകങ്ങളില്ലേ. അതിനുള്ളിലെത്തിയാല്‍ അവരുടെയൊക്കെ മാനസ്സികാവസ്ഥ എന്താണ്.
ചെറുപ്പക്കാരില്‍ കുറ്റകൃത്യം നടന്ന ശേഷമുള്ള പശ്ചാത്താപമൊന്നും അങ്ങനെ കാണാറില്ല. ആവര്‍ത്തിച്ചുവെന്ന് വരില്ല. പക്ഷേ, പശ്ചാത്താപം കുറയുന്നു എന്നൊരു സംശയമുണ്ട്. അത് ഗുരുതരമായ അവസ്ഥയാണ്
സാധാരണക്കാരെ സംബന്ധിച്ച് ജയിലിനകം എന്നത് സിനിമകളില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നുമുള്ള അറിവാണ്. ഈ അടുത്ത് വന്ന ജയിലര്‍ എന്ന സിനിമ വളരെയധികം ആഘോഷിക്കപ്പെട്ടിരുന്നു. ആ ജയിലറില്‍ നിന്ന് എത്രത്തോളം വ്യത്യസ്തമാണ് യഥാര്‍ഥ ജയില്‍. യഥാര്‍ഥ ജയിലുമായി അതിനെന്തെങ്കിലും സാമ്യമുണ്ടോ.
ഇല്ല. സിനിമകളാണ് ജയിലുകളെ കുറിച്ച് വേറൊരു ചിത്രം ഉണ്ടാക്കിയിട്ടുള്ളത്. ജയിലിന്റെ കാര്യം ഭാവതീവ്രമായി ചിത്രീകരിച്ച ഒരു സിനിമ പോലും കണ്ടിട്ടില്ല. ജയിലര്‍ എന്ന സിനിമയ്ക്കും തമിഴ്‌നാട്ടിലെയോ ഡല്‍ഹിയിലെയോ ജയിലുകള്‍ക്കും തമ്മില്‍ യാതൊരു താരതമ്യവുമില്ല. ജയിലെന്നത് വളരെ ചിട്ടയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. അവിടെ തടവുകാര്‍ സാധാരണ മനുഷ്യരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്.
ജയിലുമായി ബന്ധപ്പെട്ട് സാധാരണ മനുഷ്യര്‍ക്കിടയില്‍ ഇപ്പഴും നിലനില്‍ക്കുന്ന മിഥ്യാധാരണകളെന്തെല്ലാമാണ്.
ജയിലുകളില്‍ കിടക്കുന്നവര്‍ മുഴുവന്‍ ഹിംസ്രജന്തുക്കളാണെന്ന മിഥ്യാധാരണ സാധാരണ ജനങ്ങള്‍ക്കുണ്ട്. 30 വര്‍ഷം മുന്‍പ് ഞാന്‍ ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് ഞാനെങ്ങനെ ജയിലിനുള്ളില്‍ ജോലി ചെയ്യും എന്നാല്‍ സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം ചോദിച്ചിരുന്നത്. മോഷണമാണെങ്കിലും കൊലപാതകമാണെങ്കിലും മറ്റെന്തെങ്കിലും ആണെങ്കിലും പ്രത്യേക സാഹചര്യത്തിലാണ് കുറ്റകൃത്യം സൃഷ്ടിക്കപ്പെടുന്നത്. കുറ്റമാണ് അവിടെ സൃഷ്ടിക്കപ്പെടുന്നത്. കുറ്റം സൃഷ്ടിക്കപ്പെടുകയും കുറ്റം ആരോപിക്കപ്പെടുന്ന കുറ്റവാളി ഉണ്ടാവുകയുമാണ്. സമൂഹം കുറ്റമുണ്ടാക്കുകയും കുറ്റവാളി അതേറ്റെടുക്കുകയുമാണ് ചെയ്യുന്നത്. ആ കുറ്റത്തിനു മുമ്പും ശേഷവും അയാള്‍ക്ക് സാധാരണക്കാരനായി തന്നെ പെരുമാറാം. സാധാരണ അവസ്ഥയില്‍ ജീവിക്കുകയും ചെയ്യാം.
Content Highlights: service story interview,s santhosh,govindachamy,dileep,prioners,shaving,correction,jailer,jail dig
Published: 20 Jul 2024, 03:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented