
കുറ്റവാളികള്‍ കുറ്റം ചെയ്തു ജീവപര്യന്തവും ഇരട്ടജീവപര്യന്തവും ശിക്ഷ അനുഭവിക്കുമ്പോള്‍ യാതൊരു കുറ്റവും ചെയ്യാതെ ജയിൽശിക്ഷ അനുഭവിക്കുന്നവരാണ് പ്രിസണ്‍ ഓഫീസര്‍മാര്‍. അവരുടെ ജീവിതമെന്നത് തടവുപുള്ളികളെപ്പോലെ ജയിലിനകത്താണ്. അന്തേവാസികള്‍ തമ്മിലുള്ള അടിപിടികള്‍, ജയില്‍ ചാട്ടം, ആത്മഹത്യകള്‍ എന്നിങ്ങനെയെല്ലാം ചേര്‍ന്ന് സര്‍വീസ് കാലയളവ് സംഘര്‍ഷഭരിതമാവുന്ന സാഹചര്യവും അവര്‍ക്കുണ്ട്. സിനിമകളിലൂടെയും കഥകളിലൂടെയും മാത്രം കണ്ടും കേട്ടും പരിചയമുള്ള ആ ലോകത്തെ കുറിച്ച് മുന്‍ ജയില്‍ ഡിഐജി സന്തോഷ്. എസ് സർവീസ് സ്റ്റോറിയിൽ സംസാരിക്കുന്നു.
Also Read
കുറ്റം ചെയ്തവര്‍ക്ക് ഏറ്റവും മാതൃകാപരമായി നല്‍കുന്ന ശിക്ഷയാണ് ജയിൽശിക്ഷ എന്നാല്‍, യാതൊരു കുറ്റവും ചെയ്യാതെ ജീവപര്യന്തവും ഇരട്ടജീവപര്യന്തവും അനുഭവിക്കേണ്ടി വരുന്നവരാണ് പ്രിസണ്‍ ഓഫീസര്‍മാര്‍. ജയിലാനന്തരമുള്ള താങ്കളുടെ ജീവിതത്തെ സർവീസ് കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ എന്ത് തോന്നുന്നു.
32 വര്‍ഷക്കാലം ജയിലെന്നത് എന്റെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടന്നയാളാണ് ഞാന്‍. ജയിലിലെ ഒരു ദിവസവും മറ്റൊരു ദിവസവും യാതൊരു വ്യത്യാസവുമില്ലാതെ കടന്നുപോകുന്നു എന്നതാണ് എന്റെ കീഴുദ്യോഗസ്ഥര്‍ പലപ്പോഴും എന്നോട് പരാതിപ്പെട്ടിട്ടുള്ളത്. എന്റെ സര്‍വീസ് ജീവിതമെടുത്ത് പരിശോധിച്ചാല്‍ ഞാന്‍ കുറച്ചൊക്കെ സാമൂഹിക ജീവിതം ആസ്വദിക്കാനും അതിലിടപഴകാനും ശ്രമിച്ച ഒരാളാണ്. പക്ഷേ, എന്റെ തൊട്ടു മുന്നിലത്തെ തലമുറ പലപ്പോഴും സാമൂഹിക ജീവിതത്തിനായി സമയം ചെലവഴിക്കാനില്ലാതെ രണ്ടും മൂന്നും ജീവപര്യന്തം അനുഭവിച്ച് ഇറങ്ങിപ്പോവേണ്ടി വന്നവരാണ്. സർവീസ് കാലയളവ് പൂർത്തീകരിച്ച് സമൂഹത്തിലേക്ക് തിരിച്ചുവരുമ്പോൾ അവര്‍ക്ക് പലപ്പോഴും സ്വയം മിസ് ഫിറ്റ് ആയി തോന്നാറുണ്ട്. കാരണം അവര്‍ക്ക് ജയിലിനു പുറത്തൊരു ലോകമില്ല. ജയിലിനു പുറത്തെ ലോകത്തോട് അഡ്ജസ്റ്റ് ചെയ്യാന്‍ വിഷമകരമായ സാഹചര്യം ഉള്ളവരായിരുന്നു ഒരു തലമുറയ്ക്ക് മുന്‍പുണ്ടായിരുന്ന ജയിലുദ്യോഗസ്ഥര്‍. പക്ഷേ, ഇന്ന് കുറച്ചു കൂടി കാര്യങ്ങള്‍ ഭേദപ്പെട്ടിട്ടുണ്ട്.
മറ്റ് സര്‍വീസ് മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ജയിലുദ്യോഗസ്ഥരുടെ സാമൂഹിക ജീവിതം എങ്ങനെയാണ്.
വളരെ കുറവാണ്. ജയിലിന്റെ ചട്ടങ്ങളെടുത്ത് പരിശോധിച്ചാല്‍ ജയിലുദ്യോഗസ്ഥര്‍ ജയിലിനുള്ളില്‍ താമസിക്കണമെന്ന് അതില്‍ വ്യക്തമായി പറയുന്നുണ്ട്. മതില്‍ക്കെട്ടിനുള്ളില്‍ കഴിയുന്ന അന്തേവാസിയുടെയും മതിലിനു പുറത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉദ്യോഗസ്ഥരുടെ ജീവിതവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല അനുഭവത്തില്‍. എന്നാല്‍, ഇന്ന് സ്ഥിതിഗതികള്‍ കുറെയേറെ മാറിയിട്ടുണ്ട്. ജോലി ചെയ്യാന്‍ വരുന്നവര്‍ക്ക് ആകര്‍ഷകമായ ഇടമല്ല ജയിലെന്നത്. ജോലിയുടെ ഭാഗമായെത്തി അവിടെ തുടരാന്‍ നിര്‍ബന്ധിതരാവുന്നവരാണ് ഭൂരിഭാഗവും. ഏതെങ്കിലും ആദ്യ സന്ദര്‍ഭം കിട്ടിയാല്‍ ആ ജോലി ഉപേക്ഷിക്കുന്ന ഒരുപാട് പേരുണ്ട്. ഇതിനേക്കാള്‍ കുറഞ്ഞ ശമ്പളം കിട്ടുന്ന ജോലിയിലേക്ക് പോയ എത്രയോ പേരുണ്ട് ഈ മേഖലയില്‍. കോണ്‍ട്രാക്ട് പിരീഡ് അവസാനിക്കാന്‍ കാത്തുനില്‍ക്കാതെ പണം കെട്ടിവെച്ച് മറ്റ് ജോലികള്‍ തേടിപ്പോയവരും ഇക്കൂട്ടത്തിലുണ്ട്.
ഒരു പ്രിസണ്‍ ഓഫീസറുടെ ഒരു ദിവസത്തെ ജയില്‍ജീവിതത്തെ കുറിച്ച് പറയാമോ.
സാധാരണഗതിയില്‍ 12 മണിക്കൂര്‍, 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഡ്യൂട്ടിക്രമങ്ങളാണ് ജയിലിൽ . ജയിലിനുള്ളിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്തകരവാദിത്വം അന്തേവാസികളെ തുറക്കുന്ന നടപടിയായ അണ്‍ലോക്കും അന്തേവാസികളെ പൂട്ടുന്ന നടപടിയായ ലോക്കപ്പും ആണ്. അണ്‍ലോക്ക് രാവിലെ ആറ് മണിക്കും ലോക്കപ്പ് വൈകുന്നേരം ആറുമണിക്കുമാണ്. രാവിലെ ആറുമണിക്ക് ഒരുവിഭാഗം ജീവനക്കാര്‍ അണ്‍ലോക്കിനായി ജയിലിനുള്ളിലേക്ക് പ്രവേശിക്കും. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരാണ് പ്രധാനമായും ഈ ചുമതല നിർവഹിക്കുന്നത്. ആറ് മണിയുടെ അണ്‍ലോക്കിനായി ഉദ്യോഗസ്ഥർ അഞ്ചേമുക്കാലിനു തന്നെ അസംബിള്‍ ചെയ്യും. കയറുമ്പോള്‍ ആദ്യ തന്നെ തടവുകാരുടെ എണ്ണമാണ് അവര്‍ പരിശോധിക്കുക. അണ്‍ലോക്ക് ചെയ്ത് കഴിഞ്ഞാല്‍ പ്രാഥമിക നടപടികള്‍ക്കായി അവര്‍ മുറികള്‍ക്ക് പുറത്തിറങ്ങും. കുളിക്കുന്നവര്‍ക്ക് കുളിക്കുന്നതിനു വേണ്ടിയുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുക, ചായ വിതരണം നടത്തുക (പാചകം ചെയ്യാനുള്ള തൊഴിലാളികള്‍ നേരത്തെ എഴുന്നേറ്റ് ആ പണികള്‍ തുടങ്ങിയിട്ടുണ്ടാവും), ജോലിക്ക് അയക്കേണ്ടവരെ ജോലിക്കയക്കുക, പഠിക്കാന്‍ പോകുന്നവരെ പുറത്ത് പഠിത്തത്തിനു കൊണ്ടുപോവുക, പുറത്തെ ആശുപത്രിയില്‍ പോവേണ്ടവരെ പുറത്തെ ആശുപത്രിയിലും അകത്തെ ആശുപത്രിയില്‍ പോവേണ്ടവരെ അകത്തെ ആശുപത്രിയിലും അയക്കും.
അതൊക്കെ തലേദിവസം തന്നെ ചാര്‍ട്ട് ചെയ്ത് വെക്കുമോ.
അതെ. ടവർ എന്നത് ജയിലിലെ പ്രധാനപ്പെട്ട് നിരീക്ഷണകേന്ദ്രവും അധികാരകേന്ദ്രവുമാണ്. അധികാര കേന്ദ്രത്തില്‍ നിന്ന് അതാത് ബ്ലോക്കുകളിലേക്ക് അപ്പഴപ്പോഴുള്ള നിര്‍ദേശങ്ങള്‍ വന്നു കൊണ്ടിരിക്കും. ജയിലിനുള്ളില്‍ തടവുകാരുടെ എണ്ണം നിരന്തരമായി എണ്ണി തിട്ടപ്പെടുത്തും. ഭക്ഷണം കൊടുക്കുന്നത് കൗണ്ട് ചെയ്യപ്പെടും. എത്രപേര്‍ കുളിക്കുന്നതിനു വേണ്ടി പോയി, പഠിക്കാന്‍ പോയി, ആശുപത്രിയില്‍ പോയി എന്നതെല്ലാം കൃത്യമായി എണ്ണം നോക്കി നിലനിര്‍ത്തിപ്പോവും. ഒരാള്‍ ഓഫീസിലേക്ക് പോയി, ഒരാള്‍ ആശുപത്രിയില്‍ പോയി, ഒരാള്‍ ബാര്‍ബര്‍ ഷാപ്പില്‍ പോയി. ഇതും എണ്ണി തിട്ടപ്പെടുത്തും. ഒരു മേജര്‍ ജയിലിനുള്ളില്‍ ഒരു ഗ്രാമത്തില്‍ നടക്കുന്ന എല്ലാ പ്രവൃത്തികളും നടന്നു കൊണ്ടിരിക്കും.

ജയിലുദ്യോഗസ്ഥരെ സംബന്ധിച്ച് അവരെ ഏറ്റവും പ്രതിസന്ധിയിലാക്കുന്നത് അന്തേവാസികളുടെ ജയില്‍ ചാട്ടവും മരണവുമായിരിക്കും. അത്തരം എന്തെങ്കിലും സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ടോ. ഉണ്ടെങ്കിൽ അതിനെ എങ്ങനെയാണ് അതിജീവിച്ചത്.
ജയിലുദ്യോഗസ്ഥരും ജയിലിന്റെ സിസ്റ്റവും ഒരിക്കലും മാപ്പര്‍ഹിക്കാത്തതും, വീഴ്ചയായി കാണുന്നതും ജയിലിനുള്ളിലെ മരണവും ജയില്‍ചാട്ടവുമാണ്. 93ലെ ജയിലിന്റെ വാർഷികം നടത്തുന്നതിനെ കുറിച്ചുള്ള ആലോചനകളുടെയും സംഘാടനത്തിന്റെയും ഇടയില്‍ ഒരു ജയില്‍ ചാട്ടം ഉണ്ടായി. പലപ്പോഴും ജയില്‍ ചാട്ടം നടക്കുന്നത് ഒന്നുകില്‍ സന്ധ്യക്ക് ലോക്കപ്പിനു മുന്‍പ് അല്ലെങ്കില്‍ പുലര്‍ച്ചെ അണ്‍ലോക്ക് സമയത്താണ്. വളരെ സെന്‍സിറ്റീവായ ആ സമയത്താണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എസ്‌ക്കേപ്പ് നടക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പിറകിലുള്ള മതില്‍ ചാടി രണ്ട് തടവുകാര്‍ ജയില്‍ ചാടി. മൂന്ന് പേരാണ് പദ്ധതിയിട്ടിരുന്നത്. പക്ഷേ, അതിലൊരാള്‍ക്ക് ചാടാന്‍ പറ്റിയില്ല. മറ്റ് രണ്ടുപേര്‍ ജയില്‍ ചാടി. അവര്‍ക്ക് പുറത്തു നിന്നുള്ള സഹായം കിട്ടി എന്നാണ് ഞങ്ങളുടെ കണ്ടെത്തല്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പിന്‍വശം മുഴുവന്‍ കശുമാവിൻ തോട്ടമായിരുന്നു. ആ കശുമാവിന്റെ തോട്ടത്തില്‍ നിന്ന് ജയിലിനുള്ളില്‍ നിന്ന് പുറത്തേക്ക് ഒരു കയര്‍ ഇട്ടു കൊടുത്ത് അതില്‍ പിടിച്ച് രണ്ട് തടവുകാര്‍ മതില്‍ ചാടി അടുത്തുള്ള ജംങ്ഷനില്‍ നിന്ന് ബസ് കയറി രക്ഷപ്പെടുകയായിരുന്നു. അവര്‍ വയനാട്ടിലേക്ക് പോയി, പിന്നീട് വയനാട്ടില്‍ നിന്ന രണ്ടുപേരെ റീ അറസ്റ്റ് ചെയ്യുകയായിരുന്നു. അതിന് സഹായം ചെയ്തത് മൂന്നാമത് ജയില്‍ ചാടാന്‍ സാധിക്കാതെ പോയ ആളായിരുന്നു.
രക്ഷപ്പെടാൻ കഴിയാതെ പോയ ആ തടവുപുള്ളിക്ക് തനിക്ക് കിട്ടാത്ത സ്വാതന്ത്ര്യം മറ്റ് രണ്ട് പേര്‍ക്കും കിട്ടേണ്ടെന്ന് തോന്നിക്കാണും. അല്ലേ.
എങ്ങനെ ജയില്‍ചാട്ടം നടന്നു എന്നതിന് ആദ്യ സൂചന ലഭിക്കുന്നത് ജയില്‍ ചാടിയ സ്ഥലത്ത് ഒരു ടൂത്ത് ബ്രഷ് കുത്തിവെച്ചത് കണ്ടപ്പോഴാണ്. ടൂത്ത് ബ്രഷുമായി പല്ല് തേക്കാനെന്ന വ്യാജേന ചെന്ന് അവിടെ പുറത്ത് നിന്ന് അകത്തേക്കിട്ടിരിക്കുന്ന കയറില്‍ പിടിച്ചുതൂങ്ങി പുറത്തു കടക്കുകയായിരുന്നു തടവുപുള്ളികൾ. അപ്പുറം ഭാഗം പരിശോധിച്ചപ്പോള്‍ തൂങ്ങാൻ ഉപയോഗിച്ച കയറിന്റെ കഷ്ണങ്ങള്‍ കിട്ടി. ജയില്‍ചാട്ടമെന്നത് കുറെ നാളത്തെ പ്ലാനിങ്ങിലൂടെ സംഭവിക്കുന്നതാണ്. പ്രത്യേകിച്ചും പുറത്തു നിന്നുള്ള സഹായം ഉപയോഗിച്ചാണ് അത് നടക്കുന്നത്.
വളരെ പ്രശസ്തമായ ജയില്‍ചാട്ടമായിരുന്നു ശിവജി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നടത്തിയത്. അതുപോലെ റിപ്പര്‍ ജയാനന്ദന്റെ സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള രക്ഷപ്പെടലും. ശിവജി സെന്‍ട്രല്‍ ജയിലിലേക്ക് വരുന്നതറിഞ്ഞ് അവിടുത്തെ സൂപ്രണ്ട് ഒരുപാട് മുന്‍കരുതലുകളെടുത്തിരുന്നു. മുതിര്‍ന്ന ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്ക് ഇരുന്ന് കഴിഞ്ഞാല്‍ കാണാന്‍ പറ്റുന്ന മുറിയായിരുന്നു ശിവജിക്ക് നല്‍കിയത്. സൂപ്രണ്ടിന് അദ്ദേഹത്തിന്റെ മുറിയുടെ ജനാലയിലൂടെ നോക്കിയാല്‍ കാണാന്‍ കഴിയുന്ന സെല്ലാണ് ശിവജി എപ്പോള്‍ കേസിനു കോട്ടയത്ത് വന്നാലും അയാളെ പാര്‍പ്പിക്കാന്‍ വേണ്ടി തിരഞ്ഞെടുത്തിരുന്നത്. പക്ഷേ, ആ സ്ഥലത്ത് നിന്ന് ഈ ഒരു പ്രത്യേക സൗകര്യം ഉപയോഗപ്പെടുത്തിയാണ് ശിവജി എസ്‌ക്കേപ്പ് ചെയ്യുന്നത്. തുടര്‍ച്ചയായി കുറെ പ്രാവശ്യം വന്ന് കഴിഞ്ഞപ്പോള്‍ ശിവജിക്കു മനസ്സിലായി, ഈ മുറിയിലാണ് തന്നെ പാര്‍പ്പിക്കുന്നതെന്ന്. ഡൂപ്ലിക്കേറ്റ് താക്കോലുണ്ടാക്കി അതുപയോഗിച്ച് ശിവജി പൂട്ടു തുറന്നു രക്ഷപ്പെടുകയായിരുന്നു. ഗേറ്റിന്റെ വാതിലുകള്‍ക്കിടയിലുള്ള ചെറിയ വിടവിലൂടെയാണ് പുറത്തേക്ക് ചാടുന്നത്.
അയാളെ കാണാന്‍ വന്ന സന്ദർശകർ ആയിരിക്കില്ലേ താക്കോല്‍ കൊടുത്തിട്ടുണ്ടാവുക.
അയാളുമായി ബന്ധപ്പെട്ട ആരുടെയോ കയ്യില്‍ അയാള്‍ സോപ്പില്‍ താക്കോല്‍ പതിപ്പിച്ചു കൊടുത്ത് ഡൂപ്ലിക്കേറ്റ് താക്കോലുണ്ടാക്കി എന്നാണ് പിന്നീട് കണ്ടെത്തിയത്.
സെല്ലില്‍ നിന്ന് ചാടിയ ആള്‍ക്കെങ്ങനെ പുറത്തെത്താന്‍ പറ്റി. അവിടെ പാറാവുണ്ടായിരുന്നില്ലേ.
ഗേറ്റില്‍ മുഴുവന്‍സമയ പാറാവുണ്ടാവില്ല. ഗേറ്റിന്റെ മുകളിലെ ശൂലം പോലെ വെച്ചിരിക്കുന്നതിന്റെ മുകളിലൂടെയാണ് ചാടുന്നത്. ആ കമ്പിയില്‍ തട്ടി മസ്സില്‍ നന്നായി മുറിഞ്ഞിരുന്നു. പക്ഷേ, ഈ മുറിവുമായി നടന്ന് അയാള്‍ പോയി വയലിനരികിലുള്ള പമ്പ് ഹൗസില്‍ 24 മണിക്കൂറിരുന്നു. മഴവെള്ളം വീഴുന്നത് കൈയില്‍ ശേഖരിച്ച് കുടിച്ചാണ് അയാള്‍ ദാഹമകറ്റിയത്. വലിയ മുറിവിനെയും അതിജീവിച്ചാണ് അയാൾ അത്രയും സമയം കഴിച്ചു കൂട്ടിയത്. ഏതാണോ അധികമായി നമ്മള്‍ സ്വീകരിക്കുന്ന സുരക്ഷാ മുന്‍കരുതല്‍ അത് ഉപയോഗിക്കാന്‍ ശേഷിയുള്ള അത്ര ബ്രില്ല്യന്‍സ് ഉണ്ട് പല തടവുകാര്‍ക്കും.
ജയില്‍ചാടിയ എല്ലാവരെയും പിടിച്ച ചരിത്രമാണല്ലോ ഉള്ളത്. ആ ചരിത്രം നിലനില്‍ക്കേ തടവുപുള്ളികളെന്തിനാണ് ജയില്‍ ചാടുന്നത്. കാരണം ശിക്ഷാകാലാവധി വീണ്ടും കൂടും. പരോളിനു പുറത്ത് വരുന്നതിനൊക്കെ നിയന്ത്രണം വരില്ലേ.
ആത്മഹത്യ ചെയ്യുന്നവര്‍ ആത്മഹത്യക്കുള്ള എല്ലാ പ്ലാനിങ്ങും നടത്തിയിട്ട് ആ നിമിഷം കഴിഞ്ഞാല്‍ ചിലപ്പോൾ ആത്മഹത്യ ചെയ്യാതിരിക്കുന്ന ഒരു മനഃശാസ്ത്ര പാഠമുണ്ടല്ലോ. മനുഷ്യന്റെ അത്ര സ്വാതന്ത്ര്യവാഞ്ചയുള്ള മറ്റൊരു ജീവിയില്ല. അങ്ങനെ സംഭവിക്കുന്നതാണ്.
കുറഞ്ഞ നേരത്തെ ഒരു സ്വാതന്ത്ര്യം അനുഭവിക്കുക എന്നുള്ളതായിരിക്കും അവരുടെ ലക്ഷ്യം.
അതെ. ജയില്‍ചാട്ടം കഴിഞ്ഞാല്‍ കീഴടങ്ങുന്നവരുണ്ട്. പിടികൊടുക്കുന്നവരുണ്ട്. ദീര്‍ഘകാല ഒളിവില്‍ പോകാന്‍ സാധിക്കാത്തവരുമുണ്ട്.
ഒരു കുറ്റവാളിയെ സംബന്ധിച്ച് അയാള്‍ക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ എന്നത് അയാളെ നാലു ചുമരുകള്‍ക്കുള്ളില്‍ തളയ്ക്കുക, സ്വാതന്ത്ര്യം കൊടുക്കാതിരിക്കുക എന്നൊക്കെയുള്ളതാണ്. പലപ്പോഴും കൊടും കുറ്റവാളികളെ ശിക്ഷിച്ചിട്ട് ജയിലിനുള്ളിലെന്തിനാണ് പാര്‍പ്പിക്കുന്നത്. തടവല്ല, പകരം അവർക്ക് വധശിക്ഷയാണ് കൊടുക്കേണ്ടതെന്ന് പൊതുബോധമുണ്ടല്ലോ. ഒരു കുറ്റവാളിക്ക് കൊടുക്കാവുന്ന പരമാവധി ശിക്ഷ എന്നത് തടവാണോ അതോ വധശിക്ഷയാണോ.
വധശിക്ഷയോട് എനിക്ക് വ്യക്തിപരമായി യാതൊരു യോജിപ്പുമില്ല. ഒരാളെ നന്നാക്കാൻ മറ്റ് മാര്‍ഗമില്ല എന്ന് സമ്മതിക്കുന്നതിന് തുല്യമാണ് വധശിക്ഷയ്ക്ക് അനുകൂലമായി ഒരു പ്രിസണ്‍ ഓഫീസര്‍ സംസാരിക്കുന്നത്. കറക്ഷനാണ് വേണ്ടത് എന്ന് വിചാരിക്കുന്ന ഓഫീസറാണ് ഞാന്‍. എന്നെ സംബന്ധിച്ചിടത്തോളം ഒരാളെ തിരുത്താൻ സാധിക്കും. പക്ഷേ, സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍, അവലംബിക്കുന്ന രീതി, മെച്ചപ്പെടേണ്ടതായിട്ടുണ്ട്. ഒരാളെ ഇല്ലാതാക്കുന്നതിലൂടെ, അവസാനിപ്പിക്കുന്നതിലൂടെ, ആ സംവിധാനം പരാജയപ്പെടുകയാണ്.
അങ്ങനെ സംതൃപ്തി നല്‍കിയ ഏതെങ്കിലും വ്യക്തിയുടെ പരിണാമം നേരിട്ടു കണ്ടിട്ടുണ്ടോ.
ഒരുപാട്. 80 ശതമാനമെങ്കിലും ജയിലിലേക്ക് മടങ്ങിവരാതിരിക്കുന്നുണ്ട് എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. 2011ല്‍ അവസാനിച്ച മന്ത്രിസഭ കുറെ തടവുകാരെ റിലീസ് ചെയ്തു. എന്നാല്‍ കുറെപ്പേരെ ഇത്തരത്തില്‍ ഒരുമിച്ച് റിലീസ് ചെയ്യുന്ന നടപടി ശരിയല്ലെന്ന് ഹൈക്കോടതി പറഞ്ഞതനുസരിച്ച് ആ നടപടി പുനഃപരിശോധിക്കാൻ തീരുമാനിച്ചു. ആ റിവ്യുവിന്റെ അടിസ്ഥാനത്തില്‍ റിലീസ് ആയിപ്പോയ തടവുകാരെ കുറിച്ച് അന്വേഷിച്ചു. ഭൂരിപക്ഷം ആളുകളും നിയമാനുസൃതമായും ന്യായമായ രീതിയിലും ജീവിക്കുന്നവരുമായിരുന്നു. 80 ശതമാനത്തിന് മുകളിലായിരുന്നു സക്‌സസ് റേറ്റ്.
പിന്നെ പഠിച്ച് രക്ഷപ്പെട്ട തടവുകാരുണ്ട്. പ്രസിദ്ധരായ കുറെ തടവുകാരുണ്ട്. സാമൂഹിക സേവനം ചെയ്ത് ജീവിക്കുന്ന തടവുകാരുണ്ട്. എനിക്ക് വളരെ അടുപ്പമുള്ള ഒരു തടവുകാരന്റെ അനുഭവം പറയാം. മൂന്നാല് വര്‍ഷക്കാലം ആ തടവുകാരനുമായി ഞാന്‍ നേരിട്ട് ഇടപഴകിയിരുന്നു. ശിക്ഷ കഴിഞ്ഞ് പോയ ശേഷം അയാളെ ഞാനൊരു തീവണ്ടിയാത്രയില്‍ കാണുന്നു. അയാളെന്റെ നേരെ എതിര്‍വശത്ത് ഇരിക്കുന്നു. പക്ഷേ, ഒരിക്കലുമയാള്‍ എന്നോട് പരിചയഭാവമോ ഏതെങ്കിലും തരത്തില്‍ ഞാനുമായി അയാൾക്ക് ബന്ധമുണ്ടെന്നോ ഭാവിച്ചതേയില്ല.
അത് വേദനിപ്പിച്ചില്ലേ.
ഇല്ല. വേദനയായി എനിക്ക് തോന്നിയില്ല. ഒരു ജയിലുദ്യോഗസ്ഥനും ഒരു തടവുകാരന്റെയും കൃതജ്ഞതാനിര്‍ഭരമായ പ്രതികരണം ആഗ്രഹിക്കരുത്. ഇറങ്ങാന്‍ നേരത്ത് ഞാന്‍ ഇറങ്ങട്ടെ എന്നയാള്‍ ചോദിച്ചു. ആയിക്കോട്ടെ എന്ന് ഞാനും പറഞ്ഞു. ഇതെന്റെ ജീവിത്തതിലെ പ്രധാന അനുഭവമാണ്. അയാളെന്നെ കണ്ട് ഓടി വന്ന് പെട്ടെന്ന് കെട്ടിപ്പിടിച്ച് സാര്‍ ചെയ്ത് തന്ന എല്ലാ സഹായങ്ങളും ഓര്‍മിക്കുന്നു എന്നതിനേക്കാൾ യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ ഞാന്‍ പോട്ടെ എന്ന് ചോദിച്ച് ഇറങ്ങുന്നത് തന്നെയാണ് നല്ലത്. ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ അവരോട് പറയുന്നത് ഈ വഴി വരരുത്. ഈ ഗേറ്റ് കടക്കരുത്. ഈ മുഖദാവില്‍ കാണരുത് എന്നൊക്കെയാണ്.
ഏതൊക്കെ തരത്തിലും നമ്മള്‍ ശ്രദ്ധ കൊടുത്തിട്ടും കൗണ്‍സലിങ് കൊടുത്തിട്ടും തിരുത്താൻ ശ്രമിച്ചിട്ടും നന്നാവാത്ത ആളുകളും ജയിലിലുണ്ടോ.
ഉണ്ടാവും. അഞ്ച് ശതമാനം പേരെങ്കിലും അങ്ങനെയുണ്ട്. ജയിലിന്റെ സെറ്റപ്പില്‍ നമ്മള്‍ പറയുന്നതെല്ലാം അനുസരിക്കാമെന്ന് സമ്മതിക്കും. വേറൊരു സന്ദര്‍ഭത്തില്‍ അവരുടെ മനസ്സിന്റെ വ്യാപാരമെന്താണോ അങ്ങിനെ തന്നെ പോവുകയും ചെയ്യും.
ജയിലിനുള്ളില്‍ അന്തേവാസികള്‍ മരിച്ച ദുരനുഭവം വല്ലതും പങ്കുവെക്കാനുണ്ടോ.
മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിൽ ഒരു മരണമുണ്ടായി. ഒരു തടവുകാരന്‍ അഡ്മിറ്റ് ചെയ്യപ്പെടുന്നു. പിറ്റേ ദിവസം ആ സെല്ലില്‍ മരിച്ചനിലയില്‍ ആളെ കാണുന്നു. പോസ്റ്റ്മാര്‍ട്ടത്തില്‍ തൊണ്ടയില്‍ കര്‍ച്ചീഫ് കുടുങ്ങിയതായി കണ്ടെത്തി. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ സാധിക്കാത്ത തരത്തില്‍ ദുരൂഹമായ മരണം. അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ കാരണം തെളിഞ്ഞിട്ടില്ല.

സിസിടിവി നോക്കിയിട്ടും മനസ്സിലായില്ലേ.
ഇല്ല. വന്നപ്പോള്‍ മുതല്‍ അയാള്‍ കമിഴ്ന്ന് കിടക്കുകയായിരുന്നു. അന്ന വന്ന് കിടന്ന ശേഷം എഴുന്നേറ്റിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. അയാള്‍ക്ക് സ്വയം തൊണ്ടയില്‍ തിരുകാന്‍ എങ്ങനെ സാധിക്കും. അതെല്ലാം വിചിത്രമാണ്. ആത്മഹത്യയും നടക്കാറുണ്ട്. കണ്ണൂരിലെ സൗമ്യയുടെ ആത്മഹത്യ അത്തരത്തിലൊന്നായിരുന്നു.
മക്കളെയും അച്ഛനമ്മമാരെയുമെല്ലാം കൊന്ന കൊടും കുറ്റവാളിയായ സ്ത്രീയായിരുന്നു അവര്‍. അവര്‍ ജയിലിനുള്ളില്‍ മരിച്ച വാര്‍ത്ത കേട്ടപ്പോള്‍ അത് ആത്മഹത്യയായിരിക്കില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
സൗമ്യയുടെ ആത്മഹത്യ അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ഞാന്‍. ജയിലിലെത്തി അധികം താമസിയാതെ തന്നെ ജയിലുദ്യോഗസ്ഥരുടെയും മറ്റും വിശ്വാസമാർജിച്ച തടവുകാരിയാണ് സൗമ്യ. അവര്‍ രാവിലെ തൊഴുത്തിലെ ജോലി സ്വീകരിക്കുന്നു. തൊഴുത്ത് വൃത്തിയാക്കുന്ന ആളായതുകൊണ്ട് നേരത്തെ സെല്ലില്‍ നിന്ന ഇറങ്ങാന്‍ സാധിക്കുന്നു. ഒറ്റപ്പെട്ട സ്ഥലത്തേക്ക് പോവാന്‍ പറ്റുന്നു. വിശ്വസ്തമായി ജോലി ചെയ്യുന്നതു കൊണ്ട് മറ്റ് ജീവനക്കാരുടെ നിരീക്ഷണവലയത്തിലും പെടുന്നില്ല.
അതൊരു ഓണക്കാലമായിരുന്നു. മറ്റ് തടവുകാര്‍ പൂക്കളമുണ്ടാക്കുന്ന തിരക്കിലും ജീവനക്കാരുടെ ശ്രദ്ധ അതിലേക്കാവുന്ന സമയത്തുമണ് ഇവര്‍ തൊഴുത്തിലെ പണികളെല്ലാം നിര്‍വഹിച്ചശേഷം മറ്റ് തടവുകാരുടെ ശ്രദ്ധ ഓണപ്പരിപാടികളിലേക്ക് മാറുകയും രണ്ട് വിഭാഗം ജീവനക്കാര്‍ അവരുടെ ഡ്യൂട്ടി മാറുന്ന സമയത്തുമാണ് അവിടുത്തെ പറങ്കിമാവില്‍ ആത്മഹത്യ ചെയ്യുന്നത്. ഷാൾ ഉപയോഗിച്ചാണ് തൂങ്ങിമരിക്കുന്നത്.
തടവുകാര്‍ക്ക് ഷാള്‍ ഇടാന്‍ അനുവാദമുണ്ടോ. അത് റിസ്‌ക് അല്ലേ.
അവര്‍ വസ്ത്രം മാറാന്‍ വേണ്ടി മുറിയില്‍ വന്നു. വസ്ത്രം മാറി. ഏതൊക്കെ വസ്ത്രമാണ് അവരെടുത്ത് കൊണ്ടുപോയതെന്ന് ധാരണയില്ല.
അത്രയധികം അന്തേവാസികളുടെ ഓരോ ചെറിയ കാര്യങ്ങളും ശ്രദ്ധിക്കാനുള്ള ജീവനക്കാരും ഇല്ലല്ലോ.
ജീവനക്കാരുടെ എണ്ണം കുറവാണെന്നുള്ളത് ജയിലിനെ സംബന്ധിച്ച് വലിയ പരിമിതിയാണ്.
തുടരും.
Content Highlights: Service story,interview,jailer s santhosh,soumya death,prison escape,nileena atholi,sivaji
Published: 19 Jul 2024, 11:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented