മലയാളികളുടെ ജീവിതവുമായി ചേര്‍ന്നു നില്‍ക്കുന്ന സംവിധാനമാണ് റെയില്‍വേയും തീവണ്ടിയും. വലിയൊരു വിഭാഗം മലയാളികള്‍ പൊതുഗതാഗത്തിനായി നിത്യേനയെന്നോണം ആശ്രയിക്കുന്ന പൊതുഗതാഗത മാര്‍ഗമാണ് തീവണ്ടി. പക്ഷേ, തീവണ്ടിയോടിക്കുന്ന ലോക്കോ പൈലറ്റുമാരുടെ സര്‍വീസ് ജീവിതം നമുക്കത്ര പരിചിതമല്ല. മാതൃഭൂമി ഡോട്ട്കോം തുടങ്ങുന്ന സർവീസ് സറ്റോറിയുടെ ആദ്യ എപ്പിസോഡില്‍ എഴുത്തുകാരനും ലോക്കോ പൈലറ്റുമായ സിയാഫ് അബ്ദുള്‍ ഖാദര്‍ തന്റെ വ്യത്യസ്തവും സാഹസികവുമായ സര്‍വീസ് ജീവിത കഥ പങ്കുവെക്കുന്നു.

ഏതാണ്ട് ആയിരക്കണക്കിന് മനുഷ്യരെ ലക്ഷ്യസ്ഥാനത്തെത്തിക്കുക എന്ന ദൗത്യവുമായാണ് താങ്കളെപ്പോലുള്ള ലോക്കോ പൈലറ്റുമാര്‍ തീവണ്ടിയോടിക്കുന്നത്. വളരെ ഉത്തരവാദിത്തവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യമാണത്. തീവണ്ടിയോടിക്കാനായി ഒരുങ്ങുമ്പോള്‍ മനസ്സിലേക്ക് വരുന്ന ആദ്യ ചിന്തയും പ്രാര്‍ഥനയും എന്താണ്.

To advertise here,

 യാത്രക്കാരുണ്ടെങ്കിലും ഇല്ലെങ്കിലും നമ്മുടെ പ്രധാന ലക്ഷ്യമെന്ന് പറയുന്നത്, കൃത്യമായ സമയത്തും സുരക്ഷിതമായും യാത്രക്കാരെ  ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നതാണ്. അത് ചരക്കിന്റെ കാര്യത്തിലായാലും അങ്ങനെ തന്നെ. 

കേരളത്തിലുള്ളവരൊക്കെ ട്രെയിന്‍ യാത്രയില്‍ പോകാനിഷ്ടപ്പെടുന്ന റൂട്ടല്ലേ കൊങ്കണ്‍ പാത. കൊങ്കണ്‍ പാതയിലൂടെയല്ലേ ഇപ്പോൾ ലോക്കോ പൈലറ്റായി സര്‍വീസ് നടത്തുന്നത്. കൊങ്കണ്‍ പാതയിലെ അനുഭവങ്ങള്‍ പങ്കുവെക്കാമോ.

ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും മനോഹരമായ ഭൂഭാഗം അടങ്ങിയ മേഖലയാണ് കൊങ്കണ്‍ റെയില്‍വേ. ഇത്രയധികം തുരങ്കങ്ങളുള്ള വേറെ റെയില്‍വേ ലൈൻ ഇല്ല. നൂറിനടുത്ത് തുരങ്കങ്ങളുണ്ട്. ചിലതിനൊക്കെ ആറ്, ആറര കിലോമീറ്റര്‍ നീളമുണ്ട്. പുഴകള്‍, പാലങ്ങള്‍, പന്‍വേല്‍ വയാഡക്റ്റ്‌പോലെ മലകള്‍ക്കിടിയില്‍ കുത്തബ് മിനാറിനേക്കാള്‍ ഉയരത്തില്‍ നില്‍ക്കുന്ന റെയില്‍പ്പാലങ്ങള്‍ വരെ കൊങ്കണിലുണ്ട്.  

പാളത്തിലുള്ള പാതയിടിച്ചില്‍, മണ്ണിടിച്ചില്‍, പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ എന്നിവ വലിയ പ്രതിസന്ധി തന്നെയാണ് ലോക്കോ പൈലറ്റിന് സൃഷ്ടിക്കുക. ഫ്‌ളൈറ്റിനേക്കാള്‍ കൂടുതല്‍ ജീവനുകളുമായാണല്ലോ യാത്ര. എപ്പോഴേങ്കിലും ഒരു പ്രകൃതി ദുരന്തത്തെ നേര്‍ക്കുനേര്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ. 

2001ലാണ്. കണ്‍കൊണ എന്ന റെയില്‍ വേ സ്‌റ്റേഷനുണ്ട് ഗോവയില്‍. കണ്‍കൊണയ്ക്കും അസ്‌നോട്ടി സ്റ്റേഷനും ഇടയ്ക്കുള്ള ട്രാക്കിലാണ് മലയിടിഞ്ഞു വീണത്. അന്നത്തെ ദിവസം പാളത്തിലൂടെയുള്ള യാത്ര ഒരു ലാബ്രിന്ത് പോലെയായിരുന്നു. പലവിധ തടസ്സങ്ങളും പ്രശ്‌നങ്ങളുമായിരുന്നു. ആദ്യം നാൽക്കാലി കുറുകേ ചാടി (cattle run over).  കുറെ പോത്തുകളെ വണ്ടിയിടിച്ചതോടെ എന്‍ജിനിലെ പൈപ്പുകളില്‍ പലതും പൊട്ടി. ഇതോടെ ബ്രേക്കില്‍ ചില പ്രശ്‌നങ്ങളുണ്ടായി. അത് കഴിഞ്ഞ് ഒരു ടണലായിരുന്നു. ടണലിലെ വെള്ളം പോകാനായി പൈപ്പിട്ടിട്ടുണ്ടായിരുന്നു. മഴകാരണം ആ പൈപ്പിലൂടെ കല്ലും ചെളിയുമെല്ലാം ഒലിച്ച് ശക്തിയോടെ വരുന്നുണ്ടായിരുന്നു. അത് ലുക്കൗട്ട് ഗ്ലാസ്സില്‍ വന്നിടിച്ചു. ലോക്കോയുടെ വേഗതയും കല്ലിന്റെ ശക്തിയുമൊക്കെ കാരണം ലുക്കൗട്ട് ഗ്ലാസ്സെല്ലാം പൊട്ടി. കഷ്ടിച്ചാണ് അതില്‍ നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഗ്ലാസ്സില്ലാത്തത് കാരണം മുഴുവന്‍ കല്ലും മണ്ണുമെല്ലാം ഉള്ളിലേക്ക് വീണു. അടുത്ത സ്റ്റേഷനില്‍ പോയാണ് ലോക്കോ മാറ്റിയത്. മുബൈയ്ക്ക് പോവുന്ന വേറൊരു വണ്ടിയുടെ ലോക്കോയുമായാണ് ഞങ്ങളുടെ പൊട്ടിയ ലോക്കോ എക്‌സ്‌ചേഞ്ച് ചെയ്തത്. അവരത് പിറകിലിടുന്നതിനാല്‍ അവര്‍ക്ക് അത് പ്രശ്‌നമായില്ല. വെറും രണ്ട് ലൈനേ അവിടെ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ അത് മാറ്റിയിടുന്നതും ഒരു ഭഗീരഥ പ്രയത്നം ആയിരുന്നു. അന്ന് വീണ്ടും മണ്ണിടിച്ചിലുണ്ടായി. എന്നിട്ടാണ് കണകൊണ സ്റ്റേഷനിലെത്തുന്നത്. അവിടെ നിന്ന് കുറച്ച് മുന്നോട്ടു വന്നപ്പോള്‍ മുന്നില്‍ പാളമില്ല. ട്രാക്ക് പൂര്‍ണമായും അപ്രത്യക്ഷമായ നിലയിലായിരുന്നു. വളവ് ഉണ്ടായിരുന്നതിനാൽ കഷ്ടിച്ച് നൂറ് മീറ്റര്‍ വ്യത്യാസത്തിലാണ് അത് കണ്ടത്. മണ്ണെല്ലാം ട്രാക്കിലേക്കിടിഞ്ഞ് ട്രാക്കില്‍ ഒരു മല കയറി നില്‍ക്കുന്നതു പോലുണ്ടായിരുന്നു. കയറിയിട്ട് അധിക വര്‍ഷമായിട്ടുണ്ടായിരുന്നില്ല. ഞാന്‍ വിളിച്ചു കൂവിയപ്പോള്‍ ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്കിട്ടു. പക്ഷെ എമര്‍ജന്‍സി ബ്രേക്കിട്ടാലും വാക്വം ബ്രേക്കായതിനാല്‍ 30 കിലോമീറ്റര്‍ സ്പീഡിലേക്കെ കുറഞ്ഞുള്ളൂ. വണ്ടി ഇടിഞ്ഞു വീണ മണ്ണിലേക്ക് കയറി. വള്ളം പോകുന്ന പോലുണ്ടായിരുന്നു ആ സമയം. ഡ്രൈവര്‍ എന്നോടു കമിഴ്ന്നു കിടക്കാന്‍ പറഞ്ഞു. ഞാന്‍ താഴെ കിടന്നു. മുന്നിൽ കൊക്കയാണ് താഴെവീഴാമായിരുന്നു. കഷ്ടിച്ചാണ് അന്ന് രക്ഷപ്പെട്ടത്. 

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

അത് പാസഞ്ചര്‍ ട്രെയിനായിരുന്നോ.

അതെ. ധാരാളം ആളുകള്‍ യാത്ര ചെയ്യുന്ന പാസഞ്ചര്‍ ട്രെയിനായിരുന്നു അത്. എമര്‍ജന്‍സി ബ്രേക്ക് ഇട്ടതിനാൽ കോച്ച് രണ്ടും ഒന്നിനു മുകളില്‍ ഒന്നായി ഇടിച്ചു കയറി മേല്‍ക്കൂര പോലുള്ള അവസ്ഥയിലായിരുന്നു. സങ്കടത്തോടെയാണ് ഞങ്ങള്‍ ലോക്കോയില്‍ നിന്നിറങ്ങിയത്. എന്നാല്‍ അന്നിടിച്ച രണ്ട് വാഗണുകളും പുതുതായി തുടങ്ങിയ പച്ചക്കറി കൊണ്ടുവരാനായുള്ള ബ്ലൂപാര്‍സല്‍ സര്‍വീസിന്റേതായിരുന്നു. രണ്ടോ മൂന്നോ യാത്രക്കാർക്കേ പരിക്കു പറ്റിയിരുന്നുള്ളൂ. ലോക്കോയിലുള്ള ഞങ്ങള്‍ രണ്ടു പേരും സന്തോഷം കൊണ്ട് പരസ്പരം കെട്ടിപ്പിടിച്ചുപോയി.

placeholder
ഒഡിഷയിലെ തീവണ്ടിയപകടം. ഫയൽ ചിത്രം. Photo: PTI

അന്നത്തെ വണ്ടിയില്‍ എമര്‍ജന്‍സി യാത്രക്കാരുണ്ടായിരുന്നോ. അവര്‍ ലോക്കോ പൈലറ്റിന്റെ അടുത്തായിരിക്കില്ലെ ഓടിയെത്തിയിട്ടുണ്ടാവുക.

അതെ.. യാത്ര തുടങ്ങുമ്പോഴൊന്നും ആരും ലോക്കോ പൈലറ്റിനെ കാണുകയോ അങ്ങനെയൊരാളെ കുറിച്ച് ചിന്തിക്കുകയോ പോലും ചെയ്യില്ല. പക്ഷേ, എവിടെങ്കിലും വണ്ടി ഒന്നു വൈകിയാലും  അവരന്വേഷിച്ചു വരും. മണ്ണിടിച്ചിലില്‍ കുടുങ്ങിയ ആ വണ്ടിയില്‍ ഒരു പട്ടാളക്കാരനുണ്ടായിരുന്നു. ഓരോ സ്ഥലത്ത് പല പ്രശ്‌നങ്ങളില്‍പെട്ട് വണ്ടി താമസിച്ചപ്പോഴെല്ലാം അയാള്‍ അന്വേഷിച്ചെത്തിയിരുന്നു. എന്നാല്‍ ബോഗികള്‍ കൂട്ടിമുട്ടിയ സംഭവത്തില്‍ മുന്നില്‍ പാളമില്ലാത്തതുകൊണ്ടു തന്നെ യാത്ര അവസാനിച്ചു. ഞങ്ങളെ കൊണ്ടുപോവാന്‍ കാറെത്തി. ഇനി വണ്ടിപോവില്ലെന്ന് യാത്രക്കാരെ അറിയിക്കുകയും ചെയ്തു. എന്നാല്‍, അടുത്ത ദിവസം പതിനൊന്നരയ്ക്ക് കേരളത്തിലെത്താൻ മാര്‍ഗമുണ്ടോ എന്ന് ചോദിച്ച് ആ പട്ടാളക്കാരന്‍ വീണ്ടുമെത്തി. ഫ്‌ളൈറ്റ് പിടിക്കേണ്ടി വരുമെന്നും അതിന് വീണ്ടും ഗോവയ്ക്ക് തിരിച്ചുപോവേണ്ടി വരുമെന്നും പറഞ്ഞപ്പോള്‍ അയാള്‍ നിസ്സഹായനായി. എന്താണ് അത്യാവശ്യമെന്ന് ചോദിച്ചപ്പോഴാണ് പിറ്റേന്ന് 11.30നാണ് അദ്ദേഹത്തിന്റെ കല്ല്യാണമാണെന്നറിഞ്ഞത്. എന്ത് മറുപടി പറയണമെന്ന് പോലുമറിയാതിരുന്ന് പോവും ഇത്തരം സന്ദര്‍ഭങ്ങളില്‍..

ഇന്ത്യന്‍ റെയില്‍വേ ട്രാക്കുകളില്‍ പശുക്കളും മറ്റ് നാല്‍ക്കാലികളും ഉണ്ടാവുന്നത് സാധാരണമാണ്. വണ്ടിയോടിക്കുമ്പോള്‍ മുമ്പില്‍ പാളത്തില്‍ ഇത്തരത്തിലുള്ള ജീവികളെ കാണുമ്പോള്‍ എന്താണ് പതുവെ ചെയ്യാറ്. ഹോണടിക്കുമോ അതോ വണ്ടിയുടെ വേഗം കുറയ്ക്കുമോ.

എല്ലാ ജീവനും പ്രധാനമാണ്. പുഴുവിന്റേത് പോലും. എന്നാല്‍ അതേ പോലെ പ്രധാനമാണ് വണ്ടിയിലെ യാത്രക്കാരും. ആയിരക്കണക്കിന് യാത്രക്കാരെ സുരക്ഷിതരായി എത്തിക്കേണ്ട ഉത്തരവാദിത്വം ഓരോ ലോക്കോ പൈലറ്റിനുമുണ്ട്. അതിനാൽ തന്നെ കന്നുകാലികളെ കണ്ടാല്‍ സാധാരണ ഗതിയില്‍ ഹോണടിക്കാറില്ല. ഹോണടിച്ചു കഴിഞ്ഞാല്‍ ഒരു പശു കടന്നു വന്നതിനു പുറകെ വരിവരിയായി പലതും കടന്നു വരും. മാത്രവുമല്ല പാളത്തിലേക്ക് പശു കയറിക്കഴിഞ്ഞാല്‍ പിന്നെ പാളം കുറുകെ കടക്കാതെ പാളത്തിലൂടെ നേരെ ഓടുകയാണ് ചെയ്യാറ്. ഒന്ന് പാളത്തിലൂടെ ഓടുമ്പോള്‍ പുറകെ കുറെയെണ്ണം ഓടും. ഹോണടിക്കാതിരുന്നാല്‍ ബാക്കിയുള്ളവയെങ്കിലും വണ്ടിയില്‍ കുടുങ്ങാതെ രക്ഷപ്പെടുമല്ലോ എന്ന് ചിന്തിക്കാം. പട്ടികളും ഇതുപോലെ പ്രശ്നക്കാരാണ്. പട്ടികൾ പൊതുവെ ഒരു പോയന്റ് വരെ പാളത്തില്‍ കൂടി ഓടിയശേഷം മാത്രമേ ക്രോസ് ചെയ്യൂ. അതിനാല്‍ തന്നെ നായ്ക്കള്‍ വേഗം വണ്ടിയക്കിടയില്‍ പെടും. ഒരു പോത്തിന് 250 കിലോ ചുരുങ്ങിയ ഭാരം വരും. വണ്ടിയുടെ വേഗത കുറഞ്ഞാല്‍ അത് വീലുകള്‍ക്കിടയില്‍ കുടുങ്ങും. അതെടുത്തു മാറ്റല്‍ ബുദ്ധിമുട്ടാണ്. മാത്രമല്ല ലോക്കോയില്‍ നിന്ന് ഒരാള്‍ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. ജഡം മാറ്റാന്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഇറങ്ങി വരേണ്ടി വരും. യാത്രക്കാരാരും ആ ഏരിയയിലേക്കേ വരില്ല. അങ്ങനെ വന്ന ഒരനുഭവവും ഇതുവരെ ഉണ്ടായിട്ടില്ല. വണ്ടി ഒരുപാടു വൈകും. ഞങ്ങടെ സെക്ഷനില്‍ കാറ്റില്‍ റണ്‍ ഓവര്‍ ഉണ്ടായാല്‍ തിരുവനന്തപുരത്തെ വണ്ടിപോലും കാന്‍സല്‍ ചെയ്യേണ്ടി വരും. അതുകൊണ്ട് കഴിയുന്നതും ഞങ്ങൾ വേഗത കുറയ്ക്കാറില്ല. നല്ല വേഗതയില്‍ ഇടിച്ചാല്‍ തെറിച്ചുപോകും. എൻജിൻ തകരാറോ വണ്ടി വൈകലോ ഉണ്ടാവില്ല. ആനയിടിച്ചാൽ അങ്ങനെയല്ല. പാളം തെറ്റിയേക്കാം. വാളയാറില്‍ ഒരിക്കല്‍ ആനയെ ഇടിച്ച സംഭവമുണ്ടായി. വണ്ടി പാളം തെറ്റിയില്ല. പക്ഷേ, ലോക്കോ പൈലറ്റിന് പണിഷ്‌മെന്റ് കിട്ടിയിരുന്നു.

placeholder
തീവണ്ടിയിടിച്ച് പരിക്കേറ്റ ആന | ഫയൽ ചിത്രം

തീവണ്ടിയാത്രകള്‍ എന്ന പുസ്തകത്തില്‍ മനസ്സിന് മുറിവുണ്ടാക്കിയ ഒരു മയിലനുഭവത്തെ കുറിച്ച് എഴുതിയിട്ടുണ്ടായിരുന്നില്ലേ. അതേകുറിച്ച് പറയാമോ.

ഒരു യാത്രയില്‍ അതിരാവിലെ നല്ല മഴയുണ്ടായിരുന്നു. ഡ്രൈവര്‍ വണ്ടിയോടിക്കുന്നു. ഞാനെന്റെ ജോലികള്‍ ചെയ്യുന്നു. കുറെ ദൂരെ നിന്നു തന്നെ ഒരു മയില്‍പ്പീലി വിടര്‍ത്തി നൃത്തം വെക്കുന്നതു കാണാമായിരുന്നു. ഇടിയില്‍ തെറിച്ചുപോയി കാണുമെന്നാണ് കരുതിയത്. പക്ഷേ, അടുത്ത സ്റ്റേഷനിലെത്തി നോക്കിയപ്പോള്‍ കാറ്റിൽഗാർഡിൽ തങ്ങിക്കിടപ്പുണ്ടായിരുന്നു. കന്നുകാലികളെ ഇടിച്ചാല്‍ എഞ്ചിനടിയിലെ മോട്ടോറിനും മറ്റും കേടുപാടു വരാന്‍ സാധ്യതയുണ്ട്. അതൊഴിവാക്കാനാണ് കാറ്റില്‍ ഗാര്‍ഡ് വെച്ചിരിക്കുന്നത്. 

ഞാനേറ്റവും കൂടുതല്‍ ആശ്രയിച്ച ഒരു പൊതുഗതാഗത മാര്‍ഗമാണ് തീവണ്ടി. തീവണ്ടിയെകുറിച്ച് നല്ല ഓര്‍മകളുള്ളതു പോലെ തന്നെ ചില ഭയപ്പെടുത്തുന്ന നിരാശപ്പെടുത്തുന്ന ഓര്‍മകളുമുണ്ട്. മരിക്കാനുള്ള മാര്‍ഗമായി ഒരുകാലത്ത് പലയാളുകളും റെയില്‍പ്പാളങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. 25 വര്‍ഷക്കാലത്തെ വണ്ടിയോടിക്കല്‍ സര്‍വീസിനിടയില്‍ മനുഷ്യരെ വണ്ടിയിടിച്ച സംഭവങ്ങളുണ്ടായിട്ടുണ്ടോ. അതിനെ എങ്ങനെയാണ് അതിജീവിച്ചത്.

placeholder
സിയാഫ് അബ്ദുൾ ഖാദർ രചിച്ച് മാതൃഭൂമി ബുക്സ്  
പ്രസിദ്ധീകരിച്ച തീവണ്ടിയാത്രകൾ എന്ന പുസ്തകം

റിക്രൂട്ട് ചെയ്യുന്നതിന്റെ മുന്നോടിയായി മനോബല പരീക്ഷ നടത്തുന്നുണ്ട് റെയില്‍വേ. എന്തെങ്കിലും ദുരന്തമുണ്ടാകുമ്പോള്‍ അതിജീവിക്കാന്‍ നമ്മള്‍ പ്രാപ്തനാണോ എന്നാണ് അവര്‍ ആദ്യം പരിശോധിക്കുന്നത്. എന്റെ ഇടത്തേ കണ്ണില്‍ ഒരു ടെറീജിയം ഉണ്ട്. ചെറിയ വളര്‍ച്ച, നാലഞ്ച് വര്‍ഷം മുന്നേ കണ്ടെത്തിയപ്പോള്‍ അതെടുത്ത് കളയണമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീടത് ഞാന്‍ കണ്ടിട്ടില്ല. ഈ അടുത്ത് ഡോക്ടറെ കാണിച്ചപ്പോള്‍ ഡോക്ടര്‍ വീണ്ടും ഇങ്ങനൊരു വളര്‍ച്ചയെ കുറിച്ച് പറഞ്ഞു. എന്നാല്‍ ഇപ്പോ അത് ഞാന്‍ കാണുന്നില്ലെന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍ മറുപടി പറഞ്ഞത് ആ കാഴ്ച്ച എന്റെ തലച്ചോറ് അവഗണിച്ചു തുടങ്ങിതു കൊണ്ടാണ് കാണാത്തതെന്നാണ്. എന്നാല്‍ എനിക്കതു വിശ്വാസമായില്ല. വീട്ടില്‍ വന്നു നോക്കിയപ്പോഴും കണ്ണിൽ ആ വളർച്ച കണ്ടില്ല. എന്നാല്‍ കണ്ണ് പരിശോധിച്ച എന്റെ മോളും പറഞ്ഞു അതിപ്പഴും അവിടെ തന്നെ ഉണ്ടെന്ന്. എനിക്കത് ഇപ്പോഴും കാണാന്‍ പറ്റുന്നില്ല. അതുപോലെ അസുഖകരമായ അനുഭവങ്ങളെ തലച്ചോർ അവഗണിക്കുന്നതു കൊണ്ടാവും ഇതിനെയെല്ലാം അതിജീവിക്കാന്‍ കഴിഞ്ഞത്. 

25 വർഷക്കാലമായില്ലേ സർവീസിൽ. ഏറ്റവുമധികം വിഷമിപ്പിച്ച അനുഭവം ഏതാണ്

ട്രാക്കില്‍ പണിയെടുക്കാന്‍ വന്ന തൊഴിലാളി കുടുംബത്തിലെ കുഞ്ഞിന്റെ മരണമാണ് ഏറ്റവുമധികം എന്നെ വേട്ടയാടിയത്. ട്രാക്കിലെ പണിയെടുക്കാനായി യുപിയില്‍ നിന്നും ആന്ധ്രയില്‍ നിന്നും വരുന്നവര്‍ക്കിടിയില്‍ കുട്ടികളുമുണ്ടാവും. ബലസോർ എന്ന തുരങ്കത്തില്‍ കൊടുംവളവാണ്. നൂറ് മീറ്റര്‍ അകലെയുള്ളതു മാത്രമേ ആ വളവില്‍ കാണാന്‍ പറ്റൂ. കാശിത്തുമ്പ, നിത്യകല്ല്യാണി തുടങ്ങീ ചെടികള്‍ പാളത്തിന്റെ ഇരുവശത്തും പൂത്തുനില്‍ക്കുന്നുണ്ടാവും. അവിടെ കുട്ടികൾ പൂക്കള്‍ പറിച്ചു കൊണ്ടിരിക്കുകയായിരുന്നു. 120 കിലോമറ്റര്‍ വേഗതയിലായിരുന്നു എന്റെ വണ്ടി. അതിനാല്‍ നിര്‍ത്താന്‍ പോലും പറ്റിയില്ല. ബനിയനിട്ട മൂന്നു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയാണ് വണ്ടിക്കടിയിൽ പെട്ടത്.

അതുപോലെ വേദനിപ്പിച്ച ഒന്നായിരുന്നു ആത്മഹത്യ ചെയ്യാന്‍ വന്ന ഒരു കുടുംബം. അതിലൊരു കുട്ടിയുണ്ടായിരുന്നു. ബാക്കിയുള്ളവര്‍ കമിഴ്ന്നു കിടക്കുമ്പോള്‍ കുട്ടി തല പൊക്കി ട്രെയിന്‍ കൗതുകത്തോടെ നോക്കുകയായിരുന്നു. മനസ്സിനെ മുറിവേല്‍പിക്കു വിധം തങ്ങി നില്‍ക്കുന്ന സീനുകളിലൊന്നാണ്. അത്തരം ഒരുപാട് മരണങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷെ തലച്ചോറിന്റെ ഇഗ്നോറിങ് പവറുകൊണ്ട് രക്ഷപ്പെട്ടു പോവുകയാണ്.

2005ലോ മറ്റാണെന്ന തോന്നുന്നു. തുരങ്കത്തില്‍ വലിയ പാറക്കല്ല് വീണുണ്ടായ ട്രെയിനപകടത്തില്‍ 50 പേര്‍ മരിക്കുന്നത്. ഡ്രൈവര്‍ക്ക് പരിക്കു പറ്റി മൂക്കിന്റെ പാലം ഒടിഞ്ഞു. റെസ്‌ക്യൂ വാഹനം പോലെ ഞാന്‍ അവിടേക്ക് വണ്ടിയുമായി പോയിരുന്നു. പുതിയ ട്രാക്കെല്ലാം ഇട്ട്. പാതയിലെ തടസ്സങ്ങളെല്ലാം മാറ്റി കുറെ സമയമെടുത്തിരുന്നു. അങ്ങനെ തുരങ്കത്തിനുള്ളിലേക്ക് കടന്നപ്പോള്‍ കണ്ട കാഴ്ച എന്റെ മനസ്സില്‍ നിന്ന് ഒരിക്കലും മായില്ല. കുട്ടികളെ ഉന്തിക്കൊണ്ടു നടക്കുന്ന ചെറിയ ബേബി സ്‌ട്രോളര്‍ ഒടിഞ്ഞു മടങ്ങി മണ്ണ് കുഴഞ്ഞ് കിടക്കുന്നു. കുട്ടി അപകടത്തില്‍ പെട്ടോ? എന്തെങ്കിലും ആപത്ത് സംഭവിച്ചോ? പരിക്ക് പറ്റിയോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ, നമ്മുടെ സ്വന്തം കുഞ്ഞ് എന്തോ ആപത്തില്‍ പെട്ട മാനസികാവസ്ഥയിലായിരുന്നു ഞാൻ. ഇന്നും അതിന്റെ നിറം എനിക്കോര്‍മ്മയുണ്ട്. ഓറഞ്ച് നിറത്തില്‍ പര്‍പ്പിള്‍ പൂക്കളുള്ള സ്‌ട്രോളറായിരുന്നു അത്. അതിന്റെ ആകൃതി പോലും മനസ്സിൽ നിന്ന മാഞ്ഞിട്ടില്ല.. 

അന്നവിടെ ചെന്നപ്പോള്‍ അവിടത്തെ ദുരന്തമുഖം എങ്ങനെയായിരുന്നു.

കുറെപ്പേര്‍ മരിച്ചിരുന്നു. മരിച്ചവരെ ആദ്യം സ്‌റ്റേഷനില്‍ കൊണ്ടുവന്ന് ഓരോരുത്തര്‍ക്ക് വെള്ളത്തുണിയില്‍ പൊതിഞ്ഞ് നമ്പറിട്ടു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കുറച്ചു കൂടി സൗകര്യങ്ങളുള്ള സ്റ്റേഷനിലേക്ക് കൊണ്ടു പോകേണ്ടതുണ്ടായിരുന്നു. അതിനായി പ്രത്യേക ട്രെയിനെത്തി. അന്നാണ് ജീവിതത്തിലാദ്യമായി മരിച്ചവര്‍ക്ക് വേണ്ടി മാത്രമുള്ള തീവണ്ടി ഞാന്‍ ഓടിക്കുന്നത്. സാധാരണ തീവണ്ടികളിലുണ്ടാവുന്ന കാപ്പി, ചായ വിളികളില്ല, പത്രക്കാരില്ല. ശാന്തരായി ഉറങ്ങുന്നവര്‍ മാത്രമായിരുന്നു അന്ന് ഞാനോടിച്ച തീവണ്ടിയില്‍. അതൊരു വല്ലാത്ത അനുഭവമായിരുന്നു

താങ്കളെഴുതിയ തീവണ്ടിയാത്രകള്‍ എന്ന പുസ്തകത്തില്‍ തീവണ്ടിക്കുമുന്നില്‍ വന്ന് വീണ ഒരാളുടെ മരണത്തെ കുറിച്ചും എന്നാല്‍ പിന്നീടാമരണം പ്ലാന്‍ഡ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞെന്നും എഴുതിയിട്ടുണ്ടല്ലോ. ആ സംഭവം വിശദീകരിക്കാമോ.

എനിക്കിപ്പോഴും അതുറപ്പിച്ചു പറയാന്‍ കഴിയില്ല. ധാരാളം കൊലപാതകങ്ങള്‍ നടക്കാറുണ്ട്. ആ സംഭവം രാത്രി രണ്ട് മണിക്കാണ് നടക്കുന്നത്. എന്റെ വണ്ടിക്ക് മുകളിലേക്ക് മേല്‍പ്പാലത്തില്‍ നിന്ന് ചാക്ക് കെട്ട് വന്നു വീഴും പോലെ ഒരാള്‍ വന്ന് വീഴുകയായിരുന്നു. ട്രെയിന്‍ പോകുന്ന സമയം നോക്കി കൃത്യമായി ആളെ ഇട്ടു എന്നതാണ് അതിശയകരമായ കാര്യം. ചാടുമ്പോള്‍ വീഴുന്നതും ഒരാളെ എറിയുമ്പോള്‍ വീഴുന്നതും തമ്മില്‍ വ്യത്യാസമുണ്ടല്ലോ. അതുപോലെ മരിച്ചതോ മരണാസന്നനോ ആയ ആള്‍ വീഴുന്നതും ബോധമുള്ള ഒരാൾ വീഴുന്നതും തമ്മിലുള്ള വ്യത്യാസം നമുക്ക് മനസ്സിലാവുമല്ലോ. അങ്ങനെ ഒന്നായിരുന്നു അത്.

placeholder
കൊങ്കൺ പാതയിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ | ഫയൽ ചിത്രം

തീവണ്ടിയോടിക്കുന്ന ആളുകളെ സംബന്ധിച്ച് സോഷ്യല്‍ ലൈഫ് വളരെ കുറവായിരിക്കില്ലേ. നഷ്ടപ്പെടുന്ന സാമൂഹിക ജീവിതത്തെ ബാലന്‍സ് ചെയ്യുന്നതെങ്ങനെയാണ്. വര്‍ഷം മുഴുവന്‍ നിരന്തര യാത്രയായതിനാല്‍ തന്നെ യാത്ര ചെയ്യാന്‍ ഇഷ്ടമാണോ.

ചെറുപ്പത്തില്‍ ധാരാളം യാത്ര ചെയ്തിരുന്നയാളാണ് ഞാന്‍. യാത്ര ചെയ്യാനിപ്പോഴും ഇഷ്ടമാണ്. പക്ഷേ,  ഫിക്‌സഡ് സര്‍ക്യൂട്ടിലുള്ള യാത്രകള്‍ ആണല്ലോ നിരന്തരമായി നടത്തുന്നത്. അതിനാല്‍ തന്നെ യാത്രയില്ലാത്ത നിശ്ചലമായ അവസ്ഥയോടാണിപ്പോൾ താത്പര്യം.

താങ്കള്‍ നിരന്തരം യാത്ര ചെയ്യുന്നു. താങ്കളുടെ ജീവിതം ഇപ്പോള്‍ നിശ്ചലമല്ല. എന്നാല്‍ താങ്കളുടെ കുടുംബത്തിന്റെ ജീവിതം ഇപ്പോള്‍ യാത്രയൊന്നുമില്ലാതെ നിശ്ചലമായ അവസ്ഥയിലായിരിക്കും. ഇത് കുടുംബ ജീവിതത്തിലൊരു സംഘര്‍ഷം ഉടലെടുക്കുന്നതിലേക്കെത്തിക്കില്ലേ.

ഞങ്ങളുടെ തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവര്‍ ഏറ്റവും അധികം അനുഭവിക്കുന്ന പ്രശ്‌നം എന്ന് പറയുന്നത് കുടുംബം അനുഭവിക്കുന്ന ഈ ത്യാഗങ്ങളാണ്. അവരെ നമ്മൾ നമിക്കണം. ലോക്കോ പൈലറ്റും അസിസ്റ്റന്റുമാരും ട്രെയിന്‍ മാനേജുമാരുമടങ്ങുന്നതാണ് റണ്ണിങ് സ്റ്റാഫ്. അവരുടെ കുടുംബം വലിയ ത്യാഗമനുഭവിക്കണം. അസുഖം വന്നാലോ ആരെങ്കിലും മരിച്ചാലോ നമുക്ക് ചെന്നെത്താന്‍ പോലുമാവില്ല. പലപ്പോഴും അവര്‍ക്ക് നമ്മളോട് അടിയന്തര കാര്യങ്ങൾ അറിയിക്കാനായി വിളിക്കാന്‍ പോലുമാവില്ല. സാധാരണ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്നാല്‍ ഏതാണ്ട് മുഴുവൻ സമയവും ഉറങ്ങിയാണ് തീർക്കാറ്. രാവിലെ ആറ് മണിക്ക് വന്ന് ഭക്ഷണം കഴിച്ചുറങ്ങും. ഉച്ചക്ക് ഭക്ഷണം കഴിച്ച് വന്ന് ഉറങ്ങും, എഴുന്നേല്‍ക്കും, ചായകുടിക്കും വീണ്ടുമുറങ്ങും. വണ്ടിയോടിക്കുമ്പോള്‍ ഒരു സെക്കന്റ് പോലും ശ്രദ്ധ മാറാന്‍ പാടില്ല. ജാഗ്രത വേണം. അതിനാല്‍ ഉറക്കക്ഷീണം തീരെ പാടില്ല . എന്നാല്‍ കുടുംബത്തിനു നമ്മളെ കിട്ടുന്ന അല്‍പ സമയമാണ് നമ്മളിങ്ങനെ ഉറങ്ങിത്തീര്‍ക്കുന്നത്. 

ലോക്കോ പൈലറ്റുമാര്‍ ജോലി സമയം മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ലല്ലോ. ജോലി സ്ഥലത്ത് മാത്രമല്ല വീട്ടിലെത്തിയാലും മൊബൈല്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണങ്ങളുണ്ടെന്ന് കേട്ടിട്ടുണ്ട്. അതെന്തു കൊണ്ടാണ്.

വീട്ടില്‍ മൊബൈല്‍ ഉപയോഗം ഒഴിവാക്കാന്‍ പറയുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷ പ്രധാനമായതു കൊണ്ടാണത്. ഒരു നിമിഷം കണ്ണ് തെറ്റിയാൽ വണ്ടി ഡി റെയില്‍ ആവാം. ചുവന്ന സിഗ്നല്‍ കടക്കാം. ചുവന്ന സിഗ്നല്‍ കടന്നാല്‍ അപകടമാണ്. മറ്റൊരു ട്രെയിന്‍ വരുന്നുണ്ടാവും. അതിലിടിക്കും. അതിനാലാണ് മൊബൈല്‍ ഉപയോഗം ചുരുക്കണമെന്ന് പറയുന്നത്. യാത്ര ചെയ്യാന്‍ തുടങ്ങുന്ന ആ നിമിഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണം. സൈന്‍ഓഫ് ചെയ്ത ശേഷമേ മൊബൈല്‍ ഓണാക്കാന്‍ പാടുള്ളൂ. അതിനുശേഷം റെസ്റ്റ് റൂമിലെ കെയര്‍ ടേക്കറെ ഏല്‍പിക്കണമെന്നാണ് നിയമം. ഇല്ലെങ്കില്‍ റെസ്റ്റ് എടുക്കേണ്ട സമയം മൊബൈല്‍ നോട്ടം ഒഴിവാക്കാനാണിത്. 

വേറെ എന്തൊക്കെ ചിട്ടകളാണ് പാലിക്കുന്നത്.

കൃത്യമായും പരമാവധിയും റെസ്റ്റെടുക്കുക എന്നാണ് റെയില്‍വേ പറയുന്നത്. വീട്ടുകാരുമായും അധികം വഴക്കുണ്ടാക്കാന്‍ പാടില്ല. സംഘര്‍ഷത്തിലാക്കുന്ന യാതൊരു കാര്യവും ഉണ്ടാവരുത്. മദ്യപിക്കാന്‍ പാടില്ല. എന്നൊക്കെയാണ് പ്രധാനമായും പറയുന്നത്. എട്ട് മണിക്കൂറിനുള്ളില്‍ മദ്യപിച്ചിട്ടില്ല എന്ന് ബ്രെത്ത് അനലൈസര്‍ വഴി അവര്‍ പരിശോധിക്കും.

ഞങ്ങളെപ്പോലുള്ള യാത്രക്കാരെ സംബന്ധിച്ച് ട്രെയിന്‍ ഇത്ര സുഖരമായ ഗതാഗതമാര്‍ഗമാവുന്നത് ടോയ്‌ലെറ്റും വീട്ടിലെപ്പോലെ നീണ്ട് നിവര്‍ന്നു കിടക്കാനുള്ള സൗകര്യവും ഭക്ഷണവും വെള്ളവുമൊക്കെ കിട്ടും എന്നുള്ളതുമൊക്കെകൊണ്ടാണ്. ലോക്കോ പൈലറ്റിന് ഉപയോഗിക്കാന്‍ ലോക്കോയില്‍ ടോയ്‌ലെറ്റ് ഇല്ലെന്ന് കേട്ടിട്ടുണ്ട്. അതന്തു കൊണ്ടാണ്.

അപകടമുണ്ടാവുമ്പോള്‍ ചോദ്യം വന്നാൽ ആ സമയം ടോയ്‌ലെറ്റ് ഉപയോഗിക്കുകയായിരിക്കുമെന്ന് ലോക്കോ പൈലറ്റ് ന്യായം പറയാനുള്ള സാധ്യതയുള്ളതാണ് ന്യായീകരണമായി പറയുന്നത്.എങ്കിലും അതത്യാവശ്യമായി അനുഭവപ്പെട്ട സന്ദർഭങ്ങൾ എൻറെ സർവീസ് ജീവിതത്തിലുമുണ്ടായിട്ടുണ്ട്.  ഒരിക്കല്‍ രാത്രി പുറത്തുപോയി ഭക്ഷണം കഴിച്ച ശേഷമായിരുന്നു വണ്ടിയോടിച്ചത്. വയറ് പ്രശ്‌നമായി. കാര്യങ്ങള്‍ അപകടകരമായ അവസ്ഥയിലായി. അന്ന് ഗുഡ്‌സ് ട്രെയിനായിരുന്നു ഓടിച്ചിരുന്നത്. സാധാരണ ഒന്നോ രണ്ടോ സ്‌റ്റേഷന്‍ കഴിഞ്ഞാല്‍ എവിടെയെങ്കിലും പിടിച്ചിടുന്ന പതിവുണ്ട്. എന്റെ കഷ്ടകാലത്തിന് ഒരിടത്തും വണ്ടി പിടിച്ചില്ല. ഒന്നൊന്നര മണിക്കൂറോളം, നൂറ് കിലോമീറ്റര്‍ പോയിട്ടും വണ്ടി എവിടെയും നിര്‍ത്തിയില്ല. വണ്ടി നിര്‍ത്തി വേണമെങ്കില്‍ ടോയ്‌ലെറ്റില്‍ പോകാം. പക്ഷേ, ഒരു റെയില്‍വേയില്‍ നിന്ന് അടുത്ത റെയില്‍വേയിലേക്ക് ട്രെയിനിനെ കൈമാറുന്ന സമയമുണ്ട്. ആ സമയത്തിനുള്ളില്‍ കൊടുത്തില്ലെങ്കില്‍ റെയില്‍വേക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരും. ആ സമ്മര്‍ദം ഉള്ളതുകൊണ്ടാണ് വണ്ടി നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കാതിരുന്നത്. ലൈന്‍ ക്ലിയര്‍ ആക്കാന്‍ ഒരു സ്‌റ്റേഷനില്‍ വണ്ടി നിര്‍ത്താനുള്ള നിര്‍ദേശം ലഭിച്ചു. വണ്ടി നിര്‍ത്തി. സ്‌റ്റേഷനിലെ ടോയ്‌ലെറ്റില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ വെയ്റ്റിങ് റൂമിലെ ടോയ്‌ലെറ്റ് ഉപയോഗിച്ചു. പ്രാഥമിക കര്‍മ്മം നിര്‍വഹിച്ചപ്പോഴേക്കും പുറത്തുവെച്ച് വാക്കിടോക്കിയില്‍ നിന്നു ട്രെയിനെടുക്കാനുള്ള നിര്‍ദേശം വന്നു. പൈപ്പ് തിരിച്ചപ്പോള്‍ വെള്ളമില്ല. എനിക്ക് പുറത്തേക്ക് പോവാനും പറ്റുന്നില്ല. വാക്കിടോക്കിയില്‍ മറുപടി പറയാനും പറ്റുന്നില്ല. വാക്കിടോക്കിയിലാണെങ്കില്‍ മാഷ് വിളിച്ചു കൊണ്ടേയിരിക്കുന്നു. ഇത്രയും വലിയ പ്രതിസന്ധിയില്‍ ഞാനെത്തിപ്പെട്ടിട്ടേയില്ല. അന്നാണ് എനിക്ക് മനസ്സിലായത് ദൈവം ഒരു ബക്കറ്റ് വെള്ളത്തിന്റെ രൂപത്തിലും പ്രത്യക്ഷപ്പെടുമെന്ന്. തൊട്ടപ്പുറത്തെ ബാത്ത്‌റൂമില്‍ ചെന്ന് നോക്കിയപ്പോൾ അവിടെ ഒരു ബക്കറ്റ് വെള്ളം നിറച്ചിരിപ്പുണ്ടായിരുന്നു. ദൈവത്തിന് വിശക്കുന്ന മനുഷ്യന്റെ മുന്നില്‍ അപ്പമായി മാത്രമല്ല വെള്ളവുമായും പ്രത്യക്ഷപ്പെടാനാവുമെന്ന അന്ന് ഞാന്‍ തിരിച്ചറിഞ്ഞു.(തമാശ രൂപേണ) 

ലോക്കോ പൈലറ്റ്മാരായി പുരുഷന്‍മാര്‍ മാത്രമല്ല, ഇപ്പോള്‍ സ്ത്രീകളും ധാരാളം ഉണ്ടല്ലോ. അവരെ സംബന്ധിച്ച് വളരെ അത്യാവശ്യമല്ലേ ലോക്കോയില്‍ ടോയ്‌ലെറ്റ് എന്നത്.

തീര്‍ച്ചയായും. ഗുഡ്‌സിലൊക്കെ പോവുമ്പോള്‍ ശരിക്കും ബുദ്ധിമുട്ടും. പ്രത്യേകിച്ച് പിരീഡ്‌സിന്റെ ടൈമില്‍. 

മറ്റ് വാഹനങ്ങളുടെ ഡ്രൈവറായുള്ള തിരഞ്ഞെടുപ്പ് പോലെയല്ലല്ലോ ട്രെയിനിന്റെ ലോക്കോ പൈലറ്റെന്നത്. പ്രത്യേക പരീക്ഷകളും മെഡിക്കല്‍ ടെസ്റ്റുകളുമുണ്ടാവും. അത് വിശദീകരിക്കാമോ.

ഐടിഐ യോഗ്യതയുള്ളവരെയാണ് ഈ പരീക്ഷയ്ക്ക് വേണ്ടി വിളിക്കുന്നത്. ഇപ്പോള്‍ ഐടിഐക്കാരേക്കാള്‍ കൂടുതല്‍ എന്‍ജിനിയറിങ് ഡിഗ്രിക്കാരും ഡിപ്ലോമക്കാരുമൊക്കെയാണ് വരുന്നത്. ഒത്തിരി ദുരന്തങ്ങളും മരണങ്ങളുമൊക്കെ കാണേണ്ടി വരുന്ന, പ്രതിസന്ധികളും സമ്മര്‍ദങ്ങളുമേറെയുള്ള ജോലിയാണല്ലോ ഇത്. പാനിക്ക് ആവാന്‍ പറ്റില്ല. ഹൈ സ്പീഡ് ട്രെയിനോടിക്കുമ്പോള്‍, മെമു വണ്ടിയോടിക്കുമ്പോള്‍ അതിനു വേണ്ടി പ്രത്യേക മനോബല പരീക്ഷ നടത്തും. ശേഷം ആരോഗ്യ പരീക്ഷ നടത്തും. പട്ടാളക്കാരെ റിക്രൂട്ട് ചെയ്യുമ്പോള്‍ നടത്തുന്ന എവണ്‍ ഫിറ്റ്‌നസ്സുകാരെ മാത്രമേ ഈ ജോലിക്ക് പരിഗണിക്കുകയുള്ളൂ. നിങ്ങള്‍ക്ക് കണ്ണടയുണ്ടെങ്കില്‍, ഫ്ളാറ്റ് ഫൂട്ടുണ്ടെങ്കില്‍ തിരഞ്ഞെടുക്കപ്പെടില്ല. 

അസിസ്റ്റന്റ് അല്ലാതെ സ്വതന്ത്രമായി വണ്ടിയോടിക്കുന്ന ലോക്കോ പൈലറ്റാവാന്‍ എത്ര കടമ്പകള്‍ കടക്കണം. കരിയര്‍ ഗ്രോത്ത്, പ്രമോഷന്‍ ഒക്കെ എങ്ങനെയാണ്. 

അസിസ്റ്റന്റ് ലോക്കോ പൈലറ്റായി ജോലിയില്‍ പ്രവേശിച്ച് രണ്ട് വര്‍ഷത്തോളം അതേ പോസ്റ്റിലാണ് തുടരുക. അതിനു ശേഷം ഒഴിവുണ്ടെങ്കില്‍ ലോക്കോ പൈലറ്റ് ഷണ്ടിങ് പോസ്റ്റിലിടും. എന്‍ജിന്‍ കൂട്ടിയോജിപ്പിക്കുക. ഗുഡ്‌സിന്റെയോ പാസഞ്ചര്‍ വണ്ടികളുടെയോ എന്‍ജിന്‍ വേര്‍പ്പെടുത്തുക എന്നതൊക്കെയാണ് ഷണ്ടിങ്ങിലെ ജോലി. പിന്നീട് ഗുഡ്‌സ് ലോക്കോ പൈലറ്റാവാം. ചരക്കു തീവണ്ടികള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുക എന്നതാണ് ജോലി. ഇതിലെല്ലാം രണ്ട് വര്‍ഷം ചുരുങ്ങിയത് ജോലി ചെയ്യണം. അതിനുശേഷം പാസഞ്ചര്‍, പിന്നീട് മെയില്‍ എക്‌സപ്രസ്, അതിനുശേഷം വന്ദേഭാരത്, രാജധാനി പോലുള്ള പ്രീമിയം ട്രെയിനോടിക്കുന്ന സ്‌പെഷ്യല്‍ ഗ്രേഡ് മെയില്‍ എക്‌സ്പ്രസ്. ചിലര്‍ പ്രത്യേക ഡിപ്പാർട്ട്​മെന്റ് ടെസ്റ്റെഴുതി ലോക്കോ ഇന്‍സ്‌പെക്ടര്‍ പോലുള്ള പ്രത്യേക ഗ്രേഡ് പോസ്റ്റിലേക്കും പോവാറുണ്ട്. 2016ല്‍ പാസഞ്ചര്‍ പ്രമോഷന്‍ ലഭിച്ചെങ്കിലും കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ കാരണം അഞ്ച് വര്‍ഷത്തോളം ഞാനത് നിരസിച്ചു. 

സാധാരണ യാത്രക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ലോക്കോ പൈലറ്റുമാര്‍ക്ക് റെയില്‍വേയിലുള്ള അധിക പ്രിവിലജ് എന്താണ്. 

യാത്രക്കാരേക്കാൾ അധികമായ ഒരു പ്രിവിലജും റെയില്‍വേ അവരുടെ സ്റ്റാഫിന് നല്‍കാറില്ല. റെയില്‍വേയുടെ ഏറ്റവും വലിയ മുന്‍ഗണന യാത്രക്കാർ തന്നെയാണ്. നമുക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള പാസ് നല്‍കുന്നുണ്ട്. വര്‍ഷം മൂന്ന് പാസ്സ് ലഭിക്കും. കണ്‍സഷന്‍ റേറ്റിലുള്ള ഒരു പാസ്സും ലഭിക്കും. കുടുംബാംഗങ്ങളായി അഞ്ചു പേര്‍ക്ക് വരെ ലഭിക്കാം. ഇന്ത്യയിലെവിടെയുള്ള റെയില്‍ യാത്രാ സൗകര്യവും ഈ പാസുപയോഗിച്ച് ലഭിക്കും.  

വണ്ടി എപ്പോഴെടുക്കണം ഏത് ട്രാക്കിലൂടെ ഓടിക്കണം എന്ന തീരുമാനങ്ങളൊക്കെ കൈക്കൊള്ളുന്നത് ലോക്കോ പൈലറ്റുമാരാണെന്ന തെറ്റിദ്ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. ഈ മേഖലയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന മിഥ്യാധാരണകളെന്തൊക്കെയാണ്. നിങ്ങളെ ഏറ്റവും അലോസരപ്പെടുത്തുന്ന മിഥ്യാധാരണ പങ്കുവെക്കാമോ.

മാധ്യമപ്രവര്‍ത്തകയായതു കൊണ്ട് നിങ്ങള്‍ക്ക് ദേഷ്യം തോന്നരുത്. കുറച്ചു ദിവസം മുമ്പ് കാഞ്ഞങ്ങാട് ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ വണ്ടി നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി എന്ന പ്രചാരണം നടന്നിരുന്നു. ഏത് ട്രാക്കിലേക്ക് വണ്ടി വരണമെന്ന് തീരുമാനിക്കുന്നതും എത്ര നേരം നിര്‍ത്തിയിടണമെന്ന് തീരുമാനിക്കുന്നതും ലോക്കോ പൈലറ്റല്ല. വണ്ടിയുടെ സ്പീഡ് കൂട്ടുക, കുറയ്ക്കുക സ്‌റ്റേഷനില്‍ നിര്‍ത്തുക എന്നതാണ് ലോക്കോ പൈലറ്റ് ചെയ്യുന്നത്. ഏത് ട്രാക്കിലേക്ക് വരണമെന്ന തീരുമാനം സ്റ്റേഷന്‍ മാസ്റ്ററോ കണ്‍ട്രോള്‍ റൂമിൽ ഇരിക്കുന്നവരോ ആണ് കൈക്കൊള്ളുന്നത്. അവരുടെ നിര്‍ദേശമനുസരിച്ച് ചെയ്യുക എന്ന ജോലിയേ ലോക്കോ പൈലറ്റിനുള്ളൂ. അന്ന് കാഞ്ഞങ്ങാട് മെയിന്‍ ലൈനില്‍ പണി നടക്കുന്നുണ്ടായിരുന്നു. മറ്റൊരു ലൈനില്‍ മെയില്‍ എക്‌സ്പ്രസ്സുമുണ്ടായിരുന്നു. ഒന്നാമത്തെ പ്ലാറ്റ്‌ഫോം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിലുണ്ടായിരുന്ന ഡീസല്‍ എന്‍ജിന്‍ കട്ട് ചെയ്ത് യാര്‍ഡിലേക്ക് പോയി. ഈ വണ്ടി കൊണ്ടു പോകാന്‍ ഇലക്ട്രിക്കല്‍ ലോക്കോ വന്നു. എന്നാല്‍ അതിലെ ലോക്കോ പൈലറ്റ് പലയിടത്തും ജോലി ചെയ്ത് 10  മണിക്കൂര്‍ പരമാവധി ജോലി ചെയ്ത ആളായിരുന്നു. വണ്ടിയിലേക്ക് എന്‍ജിന്‍ അറ്റാച്ച് ചെയ്തതോടെ അയാളുടെ ജോലി സമയം തീര്‍ന്നു. സമയം കഴിഞ്ഞതിനാല്‍ അയാളോട് പൊയ്‌ക്കോളാന്‍ പറഞ്ഞു. അത് റെയില്‍വേ അനുവദിക്കുന്നതാണ്. പക്ഷെ പത്രത്തില്‍ വാര്‍ത്ത വന്നത് വണ്ടി നിർത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയെന്ന തരത്തിലാണ്.

മറ്റൊരു കേസുണ്ട് ഇതുപോലെ. ഒരു ലോക്കോ പൈലറ്റ് കണ്‍ട്രോള്‍ റൂം നിര്‍ദേശ പ്രകാരം വണ്ടി പിടിച്ചിട്ടു. വണ്ടി നിര്‍ത്തിയിട്ടതിനടുത്ത് മാര്‍ക്കറ്റായിരുന്നു. അയാള്‍ ഭക്ഷണം കഴിച്ചിട്ടുണ്ടായിരുന്നില്ല. തൊട്ടടുതത് മീന്‍ വില്‍ക്കുന്നുണ്ട്. അസിസ്റ്റന്റ് ലോക്കോ പൈലറ്റിനെക്കൊണ്ട് ഭക്ഷണം വാങ്ങിച്ചു. പോകുന്ന വഴിക്ക് അയാള്‍ മീനും വാങ്ങി. പത്രത്തിൽ പിറ്റേ ദിവസം വാര്‍ത്ത വന്നു. ലോക്കോ പൈലറ്റ് മീന്‍ വാങ്ങാന്‍ വണ്ടി നിര്‍ത്തിയെന്ന് പറഞ്ഞ്. മെമു ട്രെയിനിലെ ലോക്കോ പൈലറ്റ് മൂത്രമൊഴിക്കാനായി സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയത് ആരോ വൈറലാക്കിയിരുന്നു. അതും വാസ്തവമറിയാതെ മാധ്യമങ്ങൾ ഏറ്റെടുത്തു.

സ്വന്തം ആവശ്യത്തിനു വണ്ടി നിര്‍ത്താന്‍ വ്യവസ്ഥയുണ്ടോ.

പ്രാഥമികാവശ്യത്തിനു വേണ്ടി വണ്ടി നിര്‍ത്താം.അതില്‍ തെറ്റില്ല.

 ഈ മേഖലയില്‍ ജോലി ചെയ്യാന്‍ താത്പര്യപ്പെടുന്ന യുവാക്കളോട് അല്ലെങ്കില്‍ നിലവില്‍ ജോലി ചെയ്യുന്നവരോട് പറയാന്‍ ആഗ്രഹിക്കുന്ന കാര്യമെന്താണ്. ഈ പ്രൊഫഷണില്‍ നിങ്ങള്‍ അവശ്യം പുലര്‍ത്തേണ്ട നൈതികത അഥവാ ധാര്‍മ്മികത എന്താണ്.

വളരെ ത്രില്ലിങ് ആയ ജോലിയാണ് ലോക്കോ പൈലറ്റിന്റേത്. സോഷ്യല്‍ ലൈഫെന്നത് വലിയ പ്രശ്നമാണ്. അതുണ്ടാവില്ല എന്ന് മനസ്സില്‍ ആദ്യമേ കരുതണം. നൈതികതയും ധാര്‍മ്മികതയും നമ്മള്‍ കൊണ്ടുപോകുന്ന യാത്രക്കാരുടെയും ചരക്കുകളുടെയും സുരക്ഷിതത്വം തന്നെയാണ്. മദ്യപിക്കാതിരിക്കുക എന്നതും ആ കടമയുടെ ഭാഗമാണ്.