94 വര്‍ഷത്തെ ചരിത്രത്തെ വഴിമാറ്റി കേരള കലാമണ്ഡലം കാന്റീനില്‍ മാംസാഹാരം വിളമ്പാനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്.  കലാമണ്ഡലം നിലവില്‍ വന്ന് 94 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഇത്തരമൊരു തീരുമാനം വരുന്നത്. വിദ്യാര്‍ഥികള്‍ മാംസാഹാരം കഴിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയന്റെ നേതൃത്വത്തില്‍ കലാമണ്ഡലം ഭരണസമിതിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് വൈസ് ചാന്‍സലര്‍ പ്രൊഫ. ബി. അനന്തകൃഷ്ണന്‍ അനുമതി നല്‍കിയത്. തീരുമാനം വന്ന സാഹചര്യത്തെ കുറിച്ചും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചര്‍ച്ചകളെ കുറിച്ചും കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. പി രാജേഷ്‌കുമാര്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.

To advertise here,

മാംസാഹാരം കൊടുക്കേണ്ടതുണ്ടെന്ന ചിന്തയിലേക്ക് എത്താനുള്ള കാരണം കുട്ടികളുടെ ആവശ്യമാണോ. അതോ ഇതിനു മുമ്പേ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നോ.

കുട്ടികളുടെ ആവശ്യം മുന്നേ ഉണ്ടായിരുന്നു. അതിനു പറ്റിയ അടുക്കളയും സംവിധാനവും ഇല്ലാത്തതായിരുന്നു പ്രശ്‌നം. പാരമ്പര്യവാദികളുടെ എതിര്‍പ്പുണ്ടായിരുന്നു. കലാമണ്ഡലത്തിന് പറ്റുമോ, ശാസ്ത്രീയകലകള്‍ക്ക് മാംസാഹാരം കഴിക്കുന്നത് ഉചിതമോ എന്നുള്ള ചിന്തകള്‍ ചിലര്‍ക്കുണ്ടായിരുന്നു. അതിന് അടിസ്ഥാനമില്ലെങ്കില്‍ പോലും.

ക്ഷേത്രങ്ങളുമായി ചേര്‍ന്നുനിന്നുള്ള കലാരൂപങ്ങള്‍ അതിലുള്ളതു കൊണ്ടാണോ മറിച്ചുള്ള ചിലരുടെ ചിന്തകള്‍ക്ക് കാരണം.

അങ്ങനെയാണെങ്കില്‍ നോണ്‍വെജ് കഴിക്കാന്‍ പാടില്ലല്ലോ. കലാമണ്ഡലത്തിന്റെ കാമ്പസില്‍ നോണ്‍വെജ് കൊണ്ടുവരുന്നതിനോ നിലവിൽ കഴിക്കുന്നതിനോ നിയന്ത്രണമില്ല. വൈസ് ചാന്‍സലര്‍ക്കോ രജിസ്ട്രാര്‍ക്കോ, ഭരണ സമിതി അംഗങ്ങള്‍ക്കോ അധ്യാപകര്‍ക്കോ നിലവില്‍ കാമ്പസിനുള്ളില്‍ നോണ്‍വെജ് കഴിക്കാം. ക്വാര്‍ട്ടേഴ്‌സില്‍ മാംസാഹാരം വെച്ചുണ്ടാക്കാം. കുട്ടികള്‍ക്ക് പുറത്ത് നിന്ന് വാങ്ങി മാംസാഹാരം ഉള്ളില്‍ കൊണ്ടു വന്ന് കഴിക്കാം. ഹോസ്റ്റലില്‍ ഓര്‍ഡര്‍ ചെയ്ത് കഴിക്കാം. മെസ്സില്‍ ഇതുവരെ കൊടുത്തിരുന്നില്ല എന്നത് മാത്രമായിരുന്നു ആകെയുണ്ടായിരുന്ന പ്രശ്‌നം. അതിന് പലവിധ കാരണങ്ങളുണ്ടാവാം. മെസ്സ് പെട്ടെന്ന മോഡേണൈസ് ചെയ്യുന്നതിന് നമുക്കും പരിമിതിയുണ്ട്.  അതുകൊണ്ടാണ് ഞങ്ങള്‍ ജയിലില്‍ നിന്ന് ബിരിയാണി കൊണ്ടുവന്ന് കുട്ടികള്‍ക്ക് കൊടുത്തത്. ഇനി പ്രതിമാസം രണ്ട് തവണ കൊടുക്കാനാണ് ആലോചന.

തീരുമാനത്തിനെതിരേ എതിര്‍പ്പുകള്‍ വല്ലതും ഉയര്‍ന്നിരുന്നോ. പലപ്പോഴും വിദ്യാര്‍ഥികള്‍ക്ക് മാംസാഹാരം വിളമ്പുന്നതില്‍ എതിര്‍പ്പായി എന്നും ഉയര്‍ത്തുന്നത് ഭക്ഷ്യ വിഷബാധയുടെ സാധ്യതയാണല്ലോ.

മസാലദോശ കഴിച്ചാല്‍ ഭക്ഷ്യവിഷബാധ ഉണ്ടാവില്ലെന്ന് പറയാന്‍ കഴിയുമോ. മുന്‍ വൈസ് ചാന്‍സലര്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മസാലദോശ കഴിച്ചതിനെത്തുടര്‍ന്ന് മൂന്ന് ദിവസമാണ് ഭക്ഷ്യവിഷബാധ വന്ന് കിടപ്പിലായത്. മാംസാഹാരമാണെങ്കില്‍ സാധ്യത കൂടുതലാണെന്ന കാര്യമൊഴിച്ചാല്‍ ഇപ്പറയുന്ന വാദമെല്ലാം അടിസ്ഥാനരഹിതമാണ്. എന്ത് ഭക്ഷണമായാലും ഭക്ഷ്യവിഷബാധ ഒഴിവാക്കാനുള്ള മുൻകരുതൽ എടുക്കുകയല്ലേ വേണ്ടത്. അല്ലാതെ ഭക്ഷണം ഒഴിവാക്കുകയല്ലല്ലോ. 

ഇനി ചര്‍ച്ചയുടെ കാര്യമാണെങ്കില്‍, ദേവാലയത്തിലേക്ക് മാംസം കൊണ്ടുവരുന്ന പോലുള്ള പവിത്ര ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ ഉണ്ടാവേണ്ടതില്ലല്ലോ. ഇതൊരു പൊതുമേഖലാ സ്ഥാപനമാണ്. സ്‌കൂളിനെപ്പോലെ, പട്ടാമ്പി കോളേജിനെപ്പോലെയുള്ള ഒരു  സര്‍ക്കാര്‍ കലാലയമാണിത്. കേരള സര്‍ക്കാരിന്റെ നികുതിപ്പണം കൊണ്ട് ഓടുന്ന സ്ഥാപനത്തില്‍ 'ഇന്നത് കഴിക്കണം', 'കഴിക്കാന്‍ പാടില്ല' എന്ന് പറയാന്‍ പറ്റില്ല. അത് ഭരണഘടനാവിരുദ്ധമാണ്. പാരമ്പര്യം പറയുന്നവര്‍ അവനവന്റെ മക്കള്‍ ചിക്കന്‍ കഴിക്കുന്നതിലൊന്നും പറയാതെ, ബാക്കിയുള്ളവരുടെ മക്കള്‍ ചിക്കന്‍ കഴിക്കരുതെന്ന് പറയുന്നതില്‍ ശരികേടുകളുണ്ട്. അടിസ്ഥാനപരമായി കുട്ടികളുടെ കംഫര്‍ട്ട്, ആവശ്യം എന്നിവയ്ക്കനുസരിച്ച് ഭക്ഷണം നല്‍കാന്‍ സാധിക്കണം. എല്ലാം എല്ലാ അര്‍ഥത്തിലും കൊടുക്കാന്‍ സാധിക്കില്ല. പരിമിതമായ രീതിയിലെങ്കിലും കൊടുക്കുക എന്നതാണ് നയം. 

ഇത്തരം പൊതുവിടങ്ങളില്‍ മാംസാഹാരത്തെ പ്രോത്സാഹിപ്പിക്കാത്തവര്‍ മത്സ്യമാംസ വിരുദ്ധതയല്ലല്ലോ പൊതുവെ പറയാറ്. പകരം 'ഭക്ഷ്യവിഷബാധ സാധ്യത, ശരീരത്തിന് നല്ലത് പച്ചക്കറി, കലാപ്രകടനം നടത്തുന്നവര്‍ കലോറി കൂടിയ ഇറച്ചി വിഭവങ്ങള്‍ കഴിക്കുന്നത് അവരുടെ പ്രകടനത്തെ ബാധിക്കും' എന്ന തരത്തില്‍ കലാകാരുടെ നല്ലതിന് എന്ന നിലയിലാണല്ലോ പൊതുവെ പറയാറുള്ളത്. 

ശാസ്ത്രീയകലകളും മാംസാഹാരവും തമ്മില്‍ ബന്ധമുണ്ടെന്ന് വിചാരിക്കുക. കേരളത്തിലും ഇന്ത്യയിലും മാത്രമല്ലല്ലോ ശാസ്ത്രീയകലകളുള്ളത്. ചൈനയിലും തായ്​വാനിലുമൊക്കെ ശാസ്ത്രീയ കലകളുണ്ട്. അവിടെയുള്ളവര്‍ മാംസം കഴിക്കാത്തവരല്ലല്ലോ. എന്തെങ്കിലുമൊക്കെ പുലമ്പുക എന്നല്ലാതെ ഇതിലൊന്നും യാതൊരു അടിസ്ഥാനവുമില്ല. പച്ചക്കറിയിലൊക്കെ എത്ര കീടനാശിനികളും വിഷവുമുണ്ടെന്ന് നമുക്കറിവുള്ള കാര്യമാണ്. 

ഇനി ഹൈ കലോറിയുടെ കാര്യമാണ് കരുതലായി പറയുന്നതെങ്കില്‍ ചില്ലി ഗോബിയും പനീര്‍ ചില്ലിയും പനീര്‍ ബട്ടര്‍ മസാലയും കൂണും ചില്ലി മഞ്ചൂരിയനുമൊക്കെ കഴിച്ച് കലാപ്രകടനം നടത്തുന്ന എത്രയോ പേരുണ്ട്. പലപ്പോഴും ചിക്കനേക്കാള്‍  ഹെവി ഭക്ഷണമാണ് പനീര്‍. പകരം അവര്‍ ഇഡ്ഡലി ദോശ കഴിച്ചാല്‍ പോരെ. ഇപ്പറയുന്നതിലൊന്നും യുക്തിയില്ല. എന്റെ പാരമ്പര്യം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കുകയെന്ന യുക്തിശൂന്യതയാണ് ഇതെല്ലാം.

കുട്ടികളുടെ പ്രതികരണം എത്തരത്തിലുള്ളതായിരുന്നു. അവരീ തീരുമാനത്തെ എങ്ങനെയാണ് വരവേറ്റത്. 

വൈസ് ചാന്‍സലര്‍ ഉത്തരവിട്ടപ്പോള്‍ ഞാനത് കുട്ടികളെ വിളിച്ചു പറഞ്ഞിരുന്നു. മുരിങ്ങക്കയും വെണ്ടക്കയുംപോലെ ലാഘവത്തില്‍ നമുക്കിത് വിതരണം ചെയ്യാന്‍ പറ്റില്ല. അവശിഷ്ടം അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ കാമ്പസിന്റെ ശുചിത്വത്തെ ബാധിക്കും എന്ന വിഷയങ്ങളുണ്ട്. കണ്ടെയ്‌നറുകളിലാണ് ബിരിയാണി കൊണ്ടുവന്നത്. ഭക്ഷ്യാവശിഷ്ടവും കണ്ടെയ്‌നര്‍ വേസ്റ്റും വേര്‍തിരിച്ച് വളരെ ശാസ്ത്രീയമായും കുറ്റമറ്റ രീതിയിലുമാണ് കുട്ടികളത് കൈകാര്യം ചെയ്തത്. ബിരിയാണി വിതരണം ചെയ്തു എന്ന് തോന്നാത്തവിധം ഉത്തരവാദിത്വത്തോടെയാണ് കുട്ടികളത്  ചെയ്തത്. 

അവിടെ തന്നെയുള്ള മാംസാഹാരം കഴിക്കാത്ത കുട്ടികളുടെ ഭാഗത്ത് നിന്ന് എതിര്‍പ്പോ മറ്റോ ഉണ്ടായിരുന്നോ.

ആകെ അന്ന് ഭക്ഷണം കഴിച്ച് 480 പേരില്‍ 450 ഉം ചിക്കന്‍ ബിരിയാണി കഴിച്ചു. ജനാധിപത്യത്തില്‍ സംഖ്യ പ്രധാനമാണല്ലോ. മറ്റുള്ളവര്‍ക്ക് വെജിറ്റബിള്‍ ബിരിയാണി നല്‍കിയിരുന്നു.

ചാന്‍സലര്‍ ആയി മല്ലിക സാരാഭായി വന്നതിന്റെ മാറ്റങ്ങളാണോ നമ്മളീത്തുടരെത്തുടരെ കാണുന്നത്.

അവര് വന്നതിന്റെ മാറ്റവും ഉണ്ട്. സാധാരണ ഗുരുകുലങ്ങളിലെ പ്രശ്‌നമെന്തെന്ന് വെച്ചാല്‍ ഗുരുവാണ് കാര്യങ്ങള്‍ തീരുമാനിക്കുക. പലപ്പോഴും അത് വിദ്യാർഥീ കേന്ദ്രീകൃതം ആവാറില്ല. ഞങ്ങള്‍ പുതിയ ടീം വന്നപ്പോള്‍ പലതിനെയും കുട്ടികളുടെ വീക്ഷണകോണില്‍ നിന്ന് കാണാനുള്ള ശ്രമം ഉണ്ടായി. അവരുടെ അഭിപ്രായം ചിന്താഗതി എന്നിവയെല്ലാം നമ്മള്‍ പരിഗണിച്ചേ പറ്റൂ. കുട്ടികളെ വിശ്വാസത്തിലെടുത്തുള്ള മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. 34 വര്‍ഷമായി കലാമണ്ഡലത്തിൽ സിലബസ് പരിഷ്‌കരിച്ചിട്ട്. അതു കുട്ടികളുടെ കുറ്റമല്ല. അത്തരം കാതലായ, ഘടനാപരമായ മാറ്റങ്ങള്‍ എം.വി നാരായണന്‍ മാഷിന്റെ കാലത്ത് തുടങ്ങിവെച്ചതാണ്. ഇത് ഗൗരവമായി ഇനി തുടരും. 

ഇനി വരാന്‍ പോകുന്ന പ്രകടമായ മാറ്റമെന്നത് പാഠ്യപദ്ധതി പരിഷ്‌കരണമാവുമോ. അതോ മറ്റേതെങ്കിലും മേഖലയില്‍ ഇനി വലിയ മാറ്റങ്ങളുണ്ടാവുമോ.

കരിക്കുലത്തിലെ മാറ്റമാണ് പ്രധാനം. ഇവിടുള്ളവര്‍ മികച്ച കലാകാരാണ്. പക്ഷേ, ആത്മവിശ്വാസ പ്രശ്‌നമുണ്ടവര്‍ക്ക്. മറ്റ് കലാശാലകളില്‍ നിന്ന് പഠിച്ച് പുറത്തിറങ്ങുന്നവരുടെ ആത്മവിശ്വാസം ഇവിടുള്ളവര്‍ക്കില്ല. അക്കാദമിക് ഇന്‍പുട്ട് സിലബസസ്സില്‍ കുറവാണ്. ഇവിടെ നിന്നുള്ള കുട്ടികളില്‍ കുറച്ചു പേര്‍ക്കേ പിഎസ്സി പരീക്ഷകളില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുന്നുള്ളൂ. ഇവിടുള്ള കുട്ടികള്‍ കഥകളി മികച്ച രീതിയില്‍ തന്നെ അവതരിപ്പിക്കും. പക്ഷേ, കഥകളി എന്തെന്ന് പറയാന്‍ അവര്‍ക്ക് എല്ലാവർക്കും പറ്റിക്കൊള്ളണമെന്നില്ല. അക്കാദമിക് ആയി കലാരൂപങ്ങള്‍ കൂടുതലായി പഠിപ്പിക്കേണ്ട പ്രാധാന്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന അവസ്ഥാ വിശേഷമാണിത്. അക്കാദമിക് എംപവര്‍മെന്റ ഉണ്ടാവേണ്ടതുണ്ട്. അതുപോലെ സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകള്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതൽ സോഫ്റ്റ് സ്‌കില്‍, സ്‌പോക്കണ്‍ ഇംഗ്ലീഷ് അടക്കമുള്ളവ 30 പേര്‍ക്ക് തുടങ്ങിയിട്ടുണ്ട് . അത് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. എല്ലാവരും ആര്‍ട്ടിസ്റ്റുകളാവണമെന്നില്ല. ആര്‍ട്ടിസ്റ്റുകളാവാതെ വഴിമാറിപ്പോവുന്നവര്‍ക്ക് നമുക്ക് വഴി കാണിച്ചു കൊടുക്കണമല്ലോ. ആ രീതിയിലും ചിന്തിക്കുന്നുണ്ട്. 

ആണ്‍കുട്ടികള്‍ക്ക് കൂടി മോഹിനിയാട്ടം പഠിക്കാമെന്ന ഉത്തരവ് അടുത്തിടെയാണല്ലോ കലാമണ്ഡലം പുറത്തിറക്കിയത്. അതിന് ഫലം ഉണ്ടായിത്തുടങ്ങിയോ. ആണ്‍കുട്ടികള്‍ വന്നു തുടങ്ങിയോ.

ആദ്യം മോഹനിയാട്ടത്തിന്റെ അപേക്ഷ വിളിച്ചിരുന്നപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് എന്ന് ബ്രാക്കറ്റില്‍ കൊടുത്തിരുന്നു. ഇപ്പോൾ അങ്ങനെയില്ല. ജെന്‍ഡര്‍ ന്യൂട്രലാക്കി. കഥകളിക്ക് അപേക്ഷ വിളിക്കുമ്പോള്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമെന്നുണ്ടായിരുന്നു ആ ബ്രാക്കറ്റും മാറ്റി. മോഹിനിയാട്ടത്തിന് ആണ്‍കുട്ടികളുടെ ആപ്ലിക്കേഷന്‍ ഇതുവരെ ലഭിച്ചിട്ടില്ല. പക്ഷേ, കഥകളി, കഥകളി സംഗീതം എന്നിവ പഠിക്കാന്‍ ധാരാളം പെണ്‍കുട്ടികള്‍ വന്നു തുടങ്ങിയിട്ടുണ്ട്.