
ലബോറട്ടറിയിലെ ശാസ്ത്രജ്ഞരെല്ലാം വീട്ടിലെത്തുമ്പോള്‍ ശാസ്ത്രബോധം ഉപയോഗിക്കണമെന്നില്ല. എന്നാല്‍ വ്യക്തിപരമായ മുന്‍വിധി ശാസ്ത്രമേഖലയിലേക്ക് കൊണ്ടു വരുന്നത് അപകടകരമാണെന്ന് പ്രമുഖ യുക്തിവാദി സനൽ ഇടമറുക്. ശാസ്ത്ര തത്വങ്ങളുടെ ഉദ്ഭവം വേദങ്ങളിലെന്ന തരത്തിൽ ഐഎസ്ആർഒ ചെയർമാൻ സോമനാഥ് നടത്തിയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു സനൽ ഇടമറുക്. "ഇന്ത്യയിലെ ജ്ഞാന വ്യവസ്ഥയുടെ ഉറവിടം വേദമാണെന്ന് ഒരാള്‍ പറഞ്ഞാല്‍ അത് അസംബന്ധമാണ്. ഐഎസ്ആര്‍ഒയുടെ ചരിത്രം മുതല്‍ തന്നെ റോക്കറ്റിന്റെ താഴെ നാരങ്ങ വെക്കുക, പൂജ നടത്തുക മാതൃകയും കൊണ്ട് തിരുപ്പതിയില്‍ പോവുക എന്നിവയുണ്ട്. മന്ത്രം ചൊല്ലിയാല്‍ റോക്കറ്റ് മുകളിലേക്ക് പോവില്ല. വിക്ഷേപണത്തില്‍ ശാസ്ത്രമാണ് പ്രയോഗിക്കുന്നത്. എന്നാൽ അദ്ദേഹത്തിന് വീട്ടില്‍ പൂജ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സയന്റിഫിക് ഏരിയയിലേക്ക് വ്യക്തിപരമായ വിശ്വാസം കൊണ്ടു വരുന്നതാണ് പ്രശ്നമെന്നും സനൽ ഇടമറുക് പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എല്ലാ രാഷ്ട്രീയക്കാരും മതമേധാവികളോട് ഐക്യം പ്രഖ്യാപിക്കുന്ന രീതി നിലവിലുണ്ട്. ബിജെപിയാണ് ഈ നരേറ്റീവിന്റെ താക്കോല്‍. സെമിറ്റിക് മതം പോലെ രൂപാന്തരപ്പെടുന്ന പുതിയ ഹിന്ദുവിന്‍റെ കസ്റ്റോഡിയന്‍ തങ്ങളെന്നു ബിജെപി സ്ഥാപിക്കുമ്പോള്‍, ഞങ്ങളും എന്ന് മറ്റ് പാര്‍ട്ടികളും ഏറ്റുപറയുകയാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രി കത്തോലിക്കാ സഭാ നേതാക്കളുമായി ചര്‍ച്ച നടത്തുകയും ഒരു നരേറ്റീവുണ്ടാക്കുകയും ചെയ്യുന്നുണ്ട് എന്നാൽ മെത്രാന്‍മാര്‍ പറയുന്നതു പോലെ കേള്‍ക്കുന്നവരല്ല കേരളത്തിലെ ക്രിസ്ത്യാനികള്‍ എന്നും അദ്ദേഹം പറഞ്ഞു.
Also Read
സിഎഎയിലൂടെ ഇന്ത്യയിൽ നടപ്പിലാവാൻ പോവുന്നത് ഹിറ്റ്ലർ നടത്തിയതിനു സമാനമായ അജണ്ടയാണെന്നും സനൽ ഇടമറുക് പറഞ്ഞു. "നിങ്ങളുടെ മൂന്നു തലമുറ മുമ്പുവരെ ജര്‍മന്‍ രക്തമുണ്ടെങ്കില്‍ തിരിച്ചു വരാമെന്നുപറഞ്ഞ് വലിയൊരു ജനസമൂഹത്തെ ഹിറ്റ്ലര്‍ ജര്‍മനിയിലേക്ക് കൊണ്ടുവന്നിരുന്നു. അതൊരു രാഷ്ട്രീയ അജന്‍ഡയായിരുന്നു. അതുപോലെ ഇന്ത്യയിലെ ഹിന്ദു പോപ്പുലേഷന്‍ ഒറ്റയടിക്ക് വളര്‍ത്തുകയെന്ന ഗൂഢലക്ഷ്യമാണ് സിഎഎയിൽ ഒളിഞ്ഞുകിടക്കുന്നത്". 1995ൽ ഇന്ത്യയിൽ 7 ശതമാനം മാത്രമുണ്ടായിരുന്ന യുക്തിവാദികൾ 21 ശതമാനമായി വളർന്നിട്ടുണ്ടാകുമെന്നാണ് കണക്കുകൾ പറയുന്നത്. ലോകത്തിലെ ഏറ്റവും വളര്‍ന്നു കൊണ്ടിരിക്കുന്ന വിശ്വാസം വിശ്വാസമില്ലായ്മയാണെന്നും അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു.
ജൂതര്‍ക്കും മുസ്ലിങ്ങള്‍ക്കുമൊപ്പം യുക്തിവാദികളും സി.എ.എ. നിയമത്തില്‍നിന്ന് ബഹിഷ്‌കൃതരായിരിക്കുകയാണ്. എന്താണ് ഈ വിഷയത്തിലെ താങ്കളുടെ നിലപാട്?
യഹൂദരെ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിച്ചത് റോമന്‍ കാത്തലിക് ചര്‍ച്ചാണ്. അങ്ങനെയാണ് അവര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് പലായനംചെയ്യുന്നത്. കേരളത്തിലേക്കും അവര്‍ വന്നു. ഏഴാം നൂറ്റാണ്ടില്‍ സിറിയന്‍ എമ്പയറില്‍നിന്ന് (ഇന്നത്തെ ഇറാഖ് മുതല്‍ അര്‍മീനിയ വരെ) ഇസ്ലാമിന്റെ എക്സ്പാന്‍ഷന്‍ വരുമ്പോള്‍ ഒരുപാടു ക്രിസ്ത്യാനികള്‍ ഇന്ത്യയിലേക്ക് കുടിയേറിയിട്ടുണ്ട്. പാഴ്സികളും അതുപോലെതന്നെയാണ്. എല്ലാക്കാലത്തും എല്ലാവര്‍ക്കുംവേണ്ടി വാതിലുകള്‍ തുറന്നിട്ട പാരമ്പര്യമാണ് ഇന്ത്യയുടെത്. ആ പാരമ്പര്യത്തിനുമേലുള്ള അപവാദമാണ്, ചില മതങ്ങളുടെ പേരു മാത്രം സി.എ.എ.യില്‍ പറയുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ രണ്ടുഘട്ട കുടിയേറ്റമാണ് സംഭവിക്കുന്നത്. ആദ്യഘട്ടത്തില്‍ ഒരുപാടു മുസ്ലിങ്ങള്‍ ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്കും അന്നത്തെ കിഴക്കന്‍ പാകിസ്താനിലേക്കും പോയിരുന്നു. അവിടെ തൃപ്തിയില്ലാത്തതുകൊണ്ട് 1948-ല്‍ കുറെപ്പേര്‍ തിരിച്ചുവന്നപ്പോള്‍ അവര്‍ക്ക് ഭൂമിയില്ലാതായി. തുടര്‍ന്നാണ് മടങ്ങിവരുന്നവര്‍ക്ക് പെര്‍മിറ്റ് വ്യവസ്ഥയുണ്ടാക്കുന്നത്. മത ഫില്‍റ്ററുണ്ടാക്കിയാണ് അന്ന് നമ്മളതിനെ തടഞ്ഞത്. വെസ്റ്റേണ്‍ പാകിസ്താനില്‍ മതഫില്‍റ്റര്‍ വെച്ചപ്പോള്‍ ഈസ്റ്റേണ്‍ പാകിസ്താനില്‍ നമ്മളാ ഫില്‍റ്റര്‍ വെച്ചില്ല. കാരണം, അവിടെ 1.7 കോടി ഹിന്ദുക്കളുണ്ട്. അവിടെത്തന്നെ മതവിവേചനം നമ്മളുണ്ടാക്കി. എന്നാല്‍, ആര്‍.എസ്.എസ്. എന്ന കമ്യൂണല്‍ ഓര്‍ഗനൈസേഷന്‍ ഇത് പ്രയോജനപ്പെടുത്തുമെന്നും അതിനാല്‍ നിയമമുണ്ടാക്കി തടയണമെന്നും അന്ന് പട്ടേല്‍ നെഹ്റുവിന് കത്തെഴുതിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്.
ഇനി പീഡനമനുഭവിക്കുന്നവരെ സംരക്ഷിക്കാനാണ് ഉദ്ദേശമെന്ന് പറഞ്ഞാൽ തന്നെ പാകിസ്താനില്‍ ഏറ്റവും പീഡനമനുഭവിക്കുന്നത് അഹമ്മദീയ വിഭാഗക്കാരാണ്. പാകിസ്താനിലെ നിയമമനുസരിച്ച് അവര്‍ മുസ്ലിങ്ങളല്ല. അതിനാല്‍ത്തന്നെ വലിയ വേട്ടയാടല്‍ അവരനുഭവിക്കുന്നുണ്ട്. അവരെ നമ്മള്‍ സ്വീകരിക്കുന്നില്ല. ബഹായികളെയും നമ്മള്‍ സ്വീകരിക്കുന്നില്ല. മതവിശ്വാസത്തിൽ നിന്ന് പുറത്തു കടന്നവർ സമാനതകളില്ലാത്ത പീഡനങ്ങളാണ് അനുഭവിക്കുന്നത്. മുസ്ലിം കുടുംബത്തില്‍ ജനിച്ചുവെന്ന കാരണത്താല്‍ തസ്ലിമ നസ്രീന് സി.എ.എ. നിയമപ്രകാരം പൗരത്വം ലഭിക്കില്ല. മതം വിടുന്ന മുസ്ലിമിന് പാകിസ്താനില്‍ വധശിക്ഷയാണ്. മതത്തെ വിമര്‍ശിച്ചാല്‍ ആള്‍ക്കൂട്ടം ഇവരെ അടിച്ചുകൊല്ലും. അങ്ങനെ ഒത്തിരിപ്പേരെ കൊന്നിട്ടുണ്ട്. ബംഗ്ലാദേശില്‍ 27 പ്രമുഖ യുക്തിവാദികളാണ് കൊല്ലപ്പെട്ടത്. യുക്തിവാദി അജയ് റായിയെ കുടുംബവും വഴിയിലൂടെ നടന്നുപോകുമ്പോള്‍ ഭാര്യയുടെയും കുട്ടികളുടെയും മുന്നിലിട്ടാണ് അദ്ദേഹത്തെ കുത്തിക്കൊന്നത്. ഖുര്‍ആനല്ല, ശാസ്ത്രമാണ് ജ്ഞാനത്തിന്റെ ഉറവിടം എന്ന് പറഞ്ഞതിനാണ് അദ്ദേഹം വധിക്കപ്പെട്ടത്. ഒരു മുസ്ലിമായ ട്രാന്‍സ് വ്യക്തിക്ക് പാകിസ്താനിലും ബംഗ്ലാദേശിലും അവരുടെ സെക്ഷ്വല്‍ ഓറിയന്റേഷന്റെ പേരില്‍ വധശിക്ഷ ലഭിക്കാനുള്ള സാധ്യയുണ്ട്. ബംഗ്ലാദേശില്‍നിന്നൊക്കെ മതവിശ്വാസം ഉപേക്ഷിച്ചതിന്റെ പേരില്‍ അഭയാര്‍ഥിത്വം കിട്ടാനാഗ്രഹിക്കുന്ന എത്രയോപേര്‍ എനിക്കെഴുതിയിട്ടുണ്ട്. ഇവരെയൊക്കെ രക്ഷിച്ചെടുക്കാന്‍ യൂറോപ്പില്‍ വലിയ ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യ അവരെ സ്വീകരിക്കുന്നില്ല. മുസ്ലിം മതം വിട്ടുവരുന്നവര്‍ക്ക് സി.എ.എ.യുടെ ഗുണം കിട്ടില്ല. കാരണം, അവരുടെ അച്ഛനും അമ്മയും മുസ്ലിമാണ്. ഹിന്ദുക്കള്‍ക്ക് പരമാവധി വേഗം പൗരത്വം നല്‍കുകവഴി ഹിന്ദു ജനസംഖ്യ ഉയര്‍ത്തലാണ് ഉദ്ദേശ്യം. അഖണ്ഡഭാരതം എന്നുപറയുന്നതുപോലെ പോളണ്ടും ഹംഗറിയും ഓസ്ട്രിയയുമെല്ലാം ഉള്‍ച്ചേര്‍ന്ന Deutsches reich അഥവാ അഖണ്ഡവും ഏകീകൃതവുമായ ദേശീയതാശ്രമം ഹിറ്റ്ലറും നടത്തിയിരുന്നു. നിങ്ങളുടെ മൂന്നു തലമുറ മുമ്പുവരെ ജര്‍മന്‍ രക്തമുണ്ടെങ്കില്‍ തിരിച്ചു വരാമെന്നുപറഞ്ഞ് വലിയൊരു ജനസമൂഹത്തെ ഹിറ്റ്ലര്‍ ജര്‍മനിയിലേക്ക് കൊണ്ടുവന്നു. അതൊരു രാഷ്ട്രീയ അജന്‍ഡയായിരുന്നു. അതുപോലെ ഇന്ത്യയിലെ ഹിന്ദു പോപ്പുലേഷന്‍ ഡൈനാമിക്കായി വളര്‍ത്തുകയെന്ന ഗൂഢലക്ഷ്യമാണതില്‍ ഒളിഞ്ഞുകിടക്കുന്നതെന്ന വാദം തള്ളിക്കളയാനാവില്ല.
ഇതാണ് നിലവിലെ ഇന്ത്യന്‍ സാഹചര്യമെന്നിരിക്കെ, നിരീശ്വരവാദിയായ രവിചന്ദ്രനെപ്പോലുള്ളവര്‍, ബി.ജെ.പി.യെ ഭയക്കേണ്ടതില്ല, പകരം, മുസ്ലിമിനെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെയുമാണ് ഭയക്കേണ്ടതെന്നാണ് പറഞ്ഞിട്ടുള്ളത്. അതുപോലെ സി.പി.എമ്മും ബി.ജെ.പി.യും കോണ്‍ഗ്രസുമെല്ലാം ഒരുപോലെ വര്‍ഗീയമാണെന്നും പറയുന്നു. ഇത്തരത്തിലുള്ള സാമാന്യവത്കരണം ഈ കാലത്തിന് അനുയോജ്യമാണോ? അത് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെയല്ലേ തത്വത്തില്‍ സഹായിക്കുക?
അദ്ദേഹത്തിന്റെ ഈ നറേറ്റീവ് അതിഭാവുകത്വം കലര്‍ന്നതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ബാഹ്യലോകം അദ്ദേഹത്തെ യുക്തിവാദിയായാണ് കാണുന്നതെങ്കിലും യുക്തിവാദപ്രസ്ഥാനങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല. ഞാനൊരു യുക്തിവാദിയല്ല, നിരീശ്വരവാദി മാത്രമാണ് എന്നാണ് അദ്ദേഹം പറയുന്നത്. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഞാന്‍ അദ്ദേഹത്തെ യുക്തിവാദിയായി ഇപ്പോഴും കാണുന്നയാളാണ്. സമൂഹത്തെ മുന്നോട്ടുകൊണ്ടുപോവാന്‍ സഹായിക്കുന്ന യോജിക്കാവുന്ന ആശയങ്ങളില്‍ യോജിക്കാവുന്ന സന്ദര്‍ഭങ്ങളിലൊക്കെ യോജിച്ച് പ്രവര്‍ത്തിക്കണം എന്നുകരുതുന്ന ഒരാളാണ് ഞാന്‍. സഭകള്‍ക്കകത്തോ മതങ്ങള്‍ക്കുള്ളിലോ പുരോഗമനാശയങ്ങള്‍ പറയുന്ന റിഫോമിസ്റ്റുകളുമായും ഞാന്‍ സഹകരിക്കാറുണ്ട്. സമൂഹം മുന്നോട്ടുപോവാന്‍ സഹായിക്കുന്നവരോടൊക്കെ സഹകരിക്കണമെന്ന സമീപനമാണ് എനിക്കും. പക്ഷേ, യുക്തിവാദിയല്ല, നിരീശ്വരവാദി മാത്രമാണ് താനെന്ന പറച്ചില്‍, യുക്തിവാദിസംഘങ്ങളെ തള്ളിപ്പറയല്‍ എന്നതൊക്കെ വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

യുക്തിവാദപ്രസ്ഥാനം നേരിടുന്ന അടിസ്ഥാനപ്രശ്നം മതപക്ഷപാതം, ജാതിവര്‍ഗബോധം, കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള അടിമത്തം ആണെന്ന് രവിചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. ഈ മതപക്ഷപാതം എന്നതുകൊണ്ട് ഉന്നംവെയ്ക്കുന്നത് ഇസ്ലാമിനോടുള്ള പക്ഷപാതമാണെന്ന് വ്യക്തമാണ്. ഈഴവര്‍ക്കു നല്ലത് ഇസ്ലാം എന്ന ഒരു പഴയ ലേഖനത്തെയാണ് ആ വാദത്തിന് അദ്ദേഹം ഉദ്ധരിക്കുന്നത്...
യുക്തിവാദപ്രസ്ഥാനത്തെ മൊത്തം തള്ളിക്കളയുന്ന കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞത്, യുക്തിവാദമുന്നേറ്റത്തിന്റെ തുടക്കക്കാരിലൊരാളായ സഹോദരന്‍ അയ്യപ്പന്‍ ഇസ്ലാമിസ്റ്റാണെന്നാണ്. മതത്തെയും ജാതിയെയും ഇല്ലാതാക്കാന്‍ ആദ്യകാല യുക്തിവാദികളെല്ലാം ഇസ്ലാമില്‍ ചേരണമെന്ന് പ്രചരിപ്പിച്ചിരുന്നവരാണ് എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. ഇത് തെറ്റാണ്. ജാതീയതയെ അവസാനിപ്പിക്കാനുള്ള മാര്‍ഗം ഇസ്ലാം മതത്തില്‍ ചേരലാണെന്ന് കേരളത്തിലെ ഒരു യുക്തിവാദിയും പറഞ്ഞിട്ടില്ല. വൈക്കം സത്യാഗ്രഹത്തിന്റെ പശ്ചാത്തലത്തില്‍ ഈഴവസമുദായം മറ്റേതെങ്കിലും മതത്തില്‍ പോകണമെന്ന ചര്‍ച്ച ഉയര്‍ന്നിരുന്നു. സി.വി. കുഞ്ഞുരാമനും കെ. സുകുമാരനുമൊക്കെ സജീവമായി ഉയര്‍ത്തിയ ആ ചര്‍ച്ചയില്‍, അങ്ങനെ മാറുകയാണെങ്കില്‍ ഏതുമതമാണ് നല്ലതെന്നുപറഞ്ഞ് ഒരു ലേഖനസമാഹാരം ഒരു പത്രത്തില്‍ വന്നിരുന്നു. അതില്‍ പലയാളുകളും എഴുതുന്ന കൂട്ടത്തിലാണ് സഹോദരന്‍ അയ്യപ്പന്‍ എഴുതിയത്. ഒരുമതത്തിലും ചേരാതിരിക്കുന്നതാണ് നല്ലതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇനി ചേരുകയാണെങ്കില്‍ത്തന്നെ അത്, തണ്ടുമിടുക്കുള്ള ഇസ്ലാമിന്റെ കൂടെ ചേര്‍ന്നാല്‍ പേടിയെങ്കിലുമുണ്ടാവും എന്ന വാചകം സര്‍ക്കാസത്തോടെയാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. ആ വാചകം വെച്ചിട്ട് യുക്തിവാദികളുടെ സമീപനംതന്നെ ഇസ്ലാമില്‍ ചേരുകയാണെന്നുപറയുന്നത് നറേറ്റീവാണ്. സമൂഹത്തില്‍ അങ്ങനെയൊരു ആന്റി ഇസ്ലാമിക് ബോധം രൂപപ്പെടുകയാണ്. ഇതേ യുക്തിവാദികളാണ് 1982-ല്‍ എന്റെ അച്ഛനായ ജോസഫ് ഇടമറുക് എഴുതിയ ഖുര്‍ആന്‍ വിമര്‍ശനപഠനം എന്ന പുസ്തകം പ്രസിദ്ധീകരിച്ചതും അതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും നേരിട്ടതും. മലയാളചരിത്രത്തില്‍ ആദ്യമായി ഇസ്ലാമിനെതിരായ വിമര്‍ശനപഠനം വന്നത് യുക്തിവാദികളുടെ പക്ഷത്തുനിന്നാണ്.
ഇനി യുക്തിവാദികളെല്ലാം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ബി ടീമാണെന്ന് രവിചന്ദ്രന്‍ പറയുമ്പോള്‍ ചില ചരിത്രംകൂടി ഇവിടെ പറയേണ്ടതുണ്ട്. യുക്തിവാദപ്രസ്ഥാനത്തിന്റെ സ്ഥാപകരായ സഹോദരന്‍ അയ്യപ്പന്‍, എം.സി. ജോസഫ്, സി.വി. കുഞ്ഞുരാമന്‍, മിതവാദി കൃഷ്ണന്‍, രാമവര്‍മ തമ്പാന്‍ എന്നീ അഞ്ചുപേരാണ് യുക്തിവാദി മാസികയുടെ തുടക്കക്കാര്‍. കുറ്റിപ്പുഴ കൃഷ്ണപിള്ളയും പിന്നെ ആ കൂട്ടത്തില്‍ വന്നു. അഞ്ചുപേരും മാര്‍ക്സിസ്റ്റുകളായിരുന്നില്ല. അതില്‍ നേരിയ തോതിലെങ്കിലും ഇടതുപക്ഷ സമീപനമുണ്ടായിരുന്നത് കുറ്റിപ്പുഴ കൃഷ്ണപിള്ളയ്ക്കു മാത്രമാണ്. പക്ഷേ, അദ്ദേഹം തന്നെ ആന്റി സ്റ്റാലിനിസ്റ്റായിരുന്നു. യുക്തിവാദപ്രസ്ഥാനം എക്കാലത്തും എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലുള്ളവരെയും സ്വാഗതംചെയ്യുകയാണുണ്ടായത്. യു. കലാനാഥന്‍ 1976-ല്‍ കേരള യുക്തിവാദപ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറിയാവുമ്പോള്‍ അദ്ദേഹം പാര്‍ട്ടി എല്‍.സി. മെമ്പറാണ്. അദ്ദേഹം പാര്‍ട്ടിയെയും യുക്തിവാദത്തെയും രണ്ടായിക്കാണുന്നിടത്തോളം യുക്തിവാദപ്രസ്ഥാനത്തിന് അത് പ്രശ്നമല്ല. പവനന്‍ സി.പി.ഐ.ക്കാരനും എം.എ. ജോണ്‍ കോണ്‍ഗ്രസ്സുമായിരുന്നു. ഏത് രാഷ്ട്രീയ നിലപാടുള്ളവര്‍ക്കും സംഘത്തിലേക്ക് വരാം. പക്ഷേ, സംഘത്തിന് രാഷ്ട്രീയമില്ല എന്നതായിരുന്നു എക്കാലത്തെയും നിലപാട്. മാര്‍ക്സിസവുമായി ബന്ധപ്പെട്ട് ഇ.എം.എസ്സും ഇടമറുകും തമ്മില്‍ വലിയ സംവാദങ്ങളുണ്ടായിട്ടുണ്ട്. മാര്‍ക്സിസത്തെ സൈദ്ധാന്തികമായി വിമര്‍ശിക്കാനും യുക്തിവാദസംഘത്തിന് മടിയുണ്ടായിട്ടില്ല. അതിനുപകരം സി.പി.എമ്മിനു കീഴ്പ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്നു പറയുന്നത് ശരിയല്ല.

Family album, CC0, https://commons.wikimedia.org
/w/index.php?curid=74337875
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ അവിശ്വാസികളുടെ സാന്നിധ്യമായിരിക്കുമോ ഈ നറേഷനിലേക്കെത്തിച്ചത്?
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലാണോ ഉണ്ടായത്, സി.പി.ഐ.യിലല്ലേ. ജനയുഗം പത്രാധിപരായിരുന്ന കാമ്പിശ്ശേരി കരുണാകരന്‍ യുക്തിവാദിയായിരുന്നു. അവിടെയാണ് ഇടമറുകിന്റെയും കോവൂരിന്റെയുമെല്ലാം ലേഖനങ്ങള്‍ വരുന്നത്. 1962 മുതല്‍ ജനയുഗമായിരുന്നു യുക്തിവാദപ്രസ്ഥാനതിന്റെ ജിഹ്വ. സി.പി.ഐ.ക്കാരായിരുന്നു കൂടുതലായും അത് വായിച്ചിരുന്നത്. അക്കാലത്ത് ചില രാഷ്ട്രീയകാരണങ്ങളാല്‍ ദേശാഭിമാനിയില്‍ യുക്തിവാദ ലേഖനങ്ങള്‍ വന്നിരുന്നില്ലെന്നു മാത്രമല്ല, യുക്തിവാദികളെ വിമര്‍ശിക്കുന്നത് വരികയും ചെയ്തു. ജനയുഗം തിരിച്ചായിരുന്നു. സി.പി.ഐ. അന്ന് കോണ്‍ഗ്രസ്സിന്റെ മുന്നണിക്കൊപ്പമായിരുന്നു, ഇടതുപക്ഷമുന്നണിക്കൊപ്പമായിരുന്നില്ല. കോവൂരിന്റെ എത്രയോ ലേഖനങ്ങള്‍ അക്കാലത്ത് മാതൃഭൂമിയില്‍ വന്നിരുന്നു.
യുക്തിവാദം പ്രചരിപ്പിച്ചില്ലെങ്കിലും രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും പൊതുവിടത്തിലേക്ക് നിരന്തരം മതവും വിശ്വാസവും കൊണ്ടുവരുന്നതാണ് കൂടുതല്‍ അപകടം എന്നു തോന്നുന്നില്ലേ?
രാജ്യത്തിന്റെ പ്രധാനമന്ത്രി കത്തോലിക്ക സഭ നേതാക്കളുമായി ചര്‍ച്ച നടത്തുന്നു. ഒരു നരേറ്റീവ് ബില്‍ഡ് ചെയ്യുന്നു. പക്ഷെ മെത്രാന്‍മാര്‍ പറയുന്നതു പോലെ കേള്‍ക്കുന്നവരല്ല കേരളത്തിലെ ക്രിസ്ത്യാനികള്‍ എന്നതാണ് ഇവരറിയേണ്ടത്. പ്രത്യേകിച്ച് സിറിയന്‍ ക്രിസ്ത്യന്‍ പശ്ചാത്തലമുള്ളവര്‍. അവര്‍ ചര്‍ച്ച് എന്ന എസ്റ്റാബ്ലിഷ്‌മെന്റിനെ വിമര്‍ശനാത്മകമായി കാണുന്നവരാണ്. മെത്രാന്‍മാരുടെ അധീശത്വത്തിനെതിരേ സംസാരിക്കുന്ന റിഫോര്‍മിസ്റ്റ് ഗ്രൂപ്പുകളുണ്ട് സഭക്കുള്ളില്‍. അവരെ കാണുന്നതിനു പകരമാണ് മെത്രാന്‍മാരെ കാണാന്‍ പോവുന്നത്. കത്തോലിക്കര്‍ അങ്ങോട്ട് ഷിഫ്റ്റ് ചെയ്യുന്നു എന്ന തോന്നിത്തുടങ്ങിയപ്പോള്‍ ഇന്ത്യന്‍ പെന്തകോസ്ത് വിഭാഗത്തിന്റെ നൂറാം വാര്‍ഷിക ഉദ്ഘാടനത്തിനു കേരള മുഖ്യമന്ത്രി പോയി. ക്രിസ്ത്യന്‍ വോട്ടെന്നത് റിയാലിറ്റിയാണ്. കത്തോലിക്ക വോട്ട് അങ്ങോട്ട് പോകുമ്പോള്‍ രണ്ട് മണ്ഡലങ്ങളില്‍ സ്വാധീനമുള്ള പെന്തകോസ്തുകാരുടെ പരിപാടിക്കു പോവാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനാകുന്നു. അദ്ദേഹത്തിന് മതപരമായ ഐഡന്റിറ്റി ഉണ്ടെന്നല്ല. പകരം എല്ലാ രാഷ്ട്രീയക്കാരും മതമേധാവികളോട് ഐക്യം പ്രഖ്യാപിക്കുന്ന രീതി നിലവിലുണ്ട്. ബിജെപിയാണ് ഈ പുതിയ നരേറ്റീവിന്റെ താക്കോല്‍. ഒരു പാര്‍ട്ടിയും അതില്‍ മാറി നില്‍ക്കുന്നില്ല. സെമിറ്റിക് മതം പോലെ രൂപാന്തരപ്പെടുന്ന പുതിയ ഹിന്ദുവിന്‍റെ കസ്റ്റോഡിയന്‍സ് ഞങ്ങളെന്നു ബിജെപി സ്ഥാപിക്കുമ്പോള്‍, ഞങ്ങളും എന്ന് മറ്റ് പാര്‍ട്ടികളും ഏറ്റു പറകയാണ്. ഇതില്‍ ഒരു പാര്‍ട്ടി പോലും മാറി നിന്ന് സെക്കുലര്‍ ക്രഡന്‍ഷ്യല്‍സിന്റെ പേരില്‍ രാഷ്ട്രീയത്തെ അഡ്രസ് ചെയ്യുന്നില്ല.
ഇന്ത്യന്‍ യുക്തിവാദപ്രസ്ഥാനത്തിന്റെ പ്രസിഡന്റുമാണല്ലോ താങ്കള്‍. ഇന്ത്യന്‍ യുക്തിവാദപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏതുനിലയില്‍ മുന്നോട്ടുപോവുന്നു?
ഇന്ത്യന്‍ യുക്തിവാദിസംഘത്തിന്റെ പ്രവര്‍ത്തനം ഏതാണ്ട് എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്. അതുകൂടാതെ പ്രാദേശികതലത്തില്‍ വളര്‍ന്നുവരുന്ന വ്യത്യസ്തഗ്രൂപ്പുകളെ പരസ്പരം ബന്ധിപ്പിച്ച് ഒരു വലിയ നെറ്റ്വർക്ക് വികസിപ്പിക്കാനും ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഗ്രാമീണ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പ്രത്യേകിച്ച് വടക്കേ ഇന്ത്യയില്‍. യു.പി.യില്‍ പല യുക്തിവാദിഗ്രൂപ്പുകളും ഓണ്‍ലൈനിലാണ് പ്രവര്‍ത്തിക്കുന്നത്. യു.പി.യെക്കാളേറെ മധ്യപ്രദേശിലാണ് യുക്തിവാദികള്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്. യുക്തിവാദികളായ ആളുകളെ ആള്‍ക്കൂട്ടം ആക്രമിക്കുന്ന 15 കേസുകള്‍ യു.പി.യിലും മധ്യപ്രദേശിലുമായി അടുത്തകാലത്തുണ്ടായിട്ടുണ്ട്. പല യുക്തിവാദികളും അതിനാല്‍ രഹസ്യനാമങ്ങളിലാണ് ഓണ്‍ലൈനിലേക്ക് ചേക്കേറിയത്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും യുക്തിവാദപ്രസ്ഥാനങ്ങളുമായി നിരന്തരബന്ധം ഞാന്‍ പുലര്‍ത്തുന്നുണ്ട്. ബംഗാളിഭാഷയില്‍ മാത്രം 64-ഓളം യുക്തിവാദ- നിരീശ്വരവാദ ഗ്രൂപ്പുകളുണ്ട്. രണ്ടും മൂന്നും ലക്ഷം അംഗങ്ങള്‍വരെ ചിലതിലുണ്ട്. ബംഗാളിയിലും പഞ്ചാബിയിലുമാണ് ഏറ്റവും കൂടുല്‍ അംഗങ്ങളുള്ള ഓണ്‍ലൈന്‍ ഗ്രൂപ്പുകളുള്ളത്. പലരും സ്വന്തം ഐഡന്റിറ്റി പൊതുവിടത്തില്‍ വെളിപ്പെടുത്തുന്നില്ല. ബംഗ്ലാദേശില്‍പ്പോലും 23 ഓണ്‍ലൈന്‍ മാധ്യമങ്ങളുണ്ട്. അതിലൊന്നിന്റെ പത്രാധിപനായിരുന്ന അജയ് റായിയെയാണ് ഇറച്ചിക്കത്തികൊണ്ട് ഭാര്യയുടെ മുന്നില്‍വെച്ച് വെട്ടിക്കൊന്നത്. ഇതൊക്കെ പരിഗണിച്ച് അവരുടെ ഐഡന്റിറ്റി തിരിച്ചറിയാതിരിക്കാനുള്ള സഹായം നമ്മള്‍ ചെയ്തുകൊടുക്കുന്നുണ്ട്.
ഇവരാരെന്ന് പൊതുസമൂഹം മനസ്സിലാക്കി ആള്‍ക്കൂട്ടവിചാരണ ചെയ്യാതിരിക്കാന്‍ 150-ഓളം ആളുകളെ കോ-ഓര്‍ഡിനേറ്റ് ചെയ്ത് അവര്‍ക്ക് ട്രെയിനിങ് കൊടുത്തിട്ടുണ്ട്. മതനിന്ദയ്ക്ക് ആര്‍ട്ടിക്കിള്‍ 295 എ എന്ന നിയമം ഇന്ത്യയില്‍ നിലവിലുണ്ട്. ഇതുപ്രകാരം അറസ്റ്റ് വാറന്റില്ലാതെ അറസ്റ്റുചെയ്യാന്‍ പറ്റും. ഹിന്ദു-മുസ്ലിം കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിയമം ഉണ്ടാകുന്നത്. എന്നാൽ നിയമത്തെ കുറിച്ചുള്ള ചർച്ചകൾ രൂപപ്പെട്ട കാലത്തുതന്നെ ഇത് മതത്തെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ ഉപയോഗിക്കപ്പെടുമോ എന്ന വിമര്‍ശനമുയര്‍ന്നിരുന്നു. ഇല്ല എന്ന ഉറപ്പിലാണ് നിയമം വരുന്നത്. എന്നാല്‍, അതുപയോഗിക്കപ്പെട്ടതുമുഴുവന്‍ മതവിമര്‍ശകര്‍ക്കെതിരേയാണെന്നുമാത്രം. പഞ്ചാബില്‍ 295 എ എ എന്ന പുതിയ നിയമപ്രകാരം മതനിന്ദ 10 വർഷം വരെ ശിക്ഷകിട്ടാവുന്ന കുറ്റമാണ്. പക്ഷേ, പഞ്ചാബിഭാഷയില്‍ 40-ഓളം ഓണ്‍ലൈന്‍ യുക്തിവാദ പ്രസിദ്ധീകരണങ്ങളുണ്ട്.
അന്താരാഷ്ട്ര യുക്തിവാദപ്രസ്ഥാനത്തിന്റെ (റാഷണലിസ്റ്റ് ഇന്റര്‍നാഷണല്‍) സ്ഥാപകപ്രസിഡന്റാണല്ലോ താങ്കള്‍. യൂറോപ്പില്‍ പള്ളികളെല്ലാം പൂട്ടിക്കൊണ്ടിരിക്കുകയാണെന്നും പല പള്ളികളും ലൈബ്രറികളും പുരാവസ്തു കേന്ദ്രങ്ങളുമൊക്കെയായെന്നും കേട്ടു. വലിയ തോതിലാണോ യൂറോപ്പില്‍ നിരീശ്വരവാദത്തിലേക്ക് ആളുകളെത്തുന്നത്? എന്തുകൊണ്ട് അത് കേരളത്തിലും ഇന്ത്യയിലും സംഭവിക്കുന്നില്ല?
കേംബ്രിജ് സര്‍വകലാശാലയിലെ ഒരു ചാപ്പല്‍ കഫറ്റേരിയയായിമാറി. യൂറോപ്പിലാകമാനം ഇതുകാണാം. ആളുകള്‍ക്ക് മതം ആവശ്യമില്ലാതെവന്നു എന്നതാണ് പ്രധാന കാരണം. മതം ഒരുകാലത്ത് കമ്യൂണിറ്റി പര്‍പ്പസ് നടത്തിയിരുന്നു. സമൂഹം വലുതാവുമ്പോള്‍, ജീവിത നിലവാരം മെച്ചപ്പെടുമ്പോള്‍, ഭാവിയോര്‍ത്തുള്ള പേടി ഇല്ലാതാവുമ്പോള്‍ മതത്തിന്റെ ആവശ്യം ഇല്ലാതാവുകയാണ്. ജീവിതസാഹചര്യം മെച്ചപ്പെട്ടവര്‍ക്കിടയിലും മരണാന്തര ഭയയമില്ലാത്തവര്‍ക്കുമിടയിലാണ് മതമില്ലതാവുന്നത്. ബ്രിട്ടനില്‍ ഭൂരിപക്ഷവും ക്രിസിത്യാനികളല്ല ഇന്ന്. വിശ്വാസികളല്ലാത്ത 28 ശതമാനം ആളുകളാണ് ബ്രിട്ടനിലുള്ളത്. ഫിന്‍ലന്‍ഡിലത് 67 ശതമാനമാണ്. ബാള്‍ട്ടിക് രാജ്യങ്ങളില്‍, സ്‌കാന്‍ഡിനേവ്യന്‍ രാജ്യങ്ങളിലെല്ലാം വലിയ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. എസ്റ്റോണിയയില്‍ 82ശതമാനം ഒരുതരത്തിലുമുള്ള ദൈവത്തില്‍ വിശ്വസിക്കാത്തവരാണ്. ലോകത്തിലെ ഏറ്റവും വളര്‍ന്നു കൊണ്ടിരിക്കുന്ന വിശ്വാസം വിശ്വാസമില്ലായ്മയയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ലോകം ഈ രീതിയില്‍ മുന്നോട്ടു പോവുമ്പോഴാണ് ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മതവും ദൈവവും അമ്പലവും ചര്‍ച്ചയാക്കുന്നത്. രാഷ്ട്രീയാധികാരത്തില്‍ തന്നെ മതത്തിന്റെയും വിശ്വാസത്തിന്റെയും സ്വാധീനം വല്ലാതെ കൂടി?
അങ്ങനെ പ്രതീക്ഷ നശിക്കേണ്ടതില്ല. ഗാലപ് എന്ന ഏജന്‍സി ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും ലോകത്തിലെ ഓരോ രാജ്യത്തെയും വിശ്വാസത്തിന്റെ സ്ഥിതി പഠിക്കുന്നുണ്ട്. 1995ല്‍ ഇന്ത്യയില്‍ ഏഴ് ശതമാനം ഒരു തരത്തിലുമുള്ള ദൈവത്തില്‍ വിശ്വസിക്കുന്നവരായിരുന്നില്ല. ആ കാലത്തെ ഇന്ത്യയിലെ ക്രിസ്തു, സിഖ്, ബുദ്ധ, ജൈനരെയെല്ലാം കൂട്ടിയാലുള്ളതിനേക്കാള്‍ കൂടുതലാണ് നിരീശ്വരവാദികള്‍ എന്ന് സാരം. 2005 ല്‍ പുതിയ കണക്ക് വന്നപ്പോള്‍ ഏഴ് എന്നത് 13 ശതമാനമായി ഉയര്‍ന്നു. 2021 ല്‍ നടത്തിയ സര്‍വേയുടെ കണക്കുകള്‍ വരുന്നേയുള്ളൂ. പ്രൊജക്ഷന്‍സ് പ്രകാരം 21 ശതമാനമായി ഉയര്‍ന്നിരിക്കാമെന്നാണ് അനുമാനം. നഗരവത്കരണത്തില്‍ മതത്തിന്റെ ഇടപെടല്‍ കുറയും. 2050 ആവുമ്പോള്‍ അമരിക്ക ഓസ്‌ട്രേലിയ ഏഷ്യയിലൊകെ മതമില്ലാത്തവര്‍ കൂടുമെന്നാണ് അനുമാനം. എന്നാല്‍ ലാറ്റിനമേരിക്കയില്‍ മതം വളരുകയാണ്. ബ്രസീലിലും ചിലിയിലും വര്‍ധനവാണുള്ളത്. മധ്യ ആഫ്രിക്കയില്‍ റാഡിക്കല്‍ ഇസ്ലാമും ബാപ്റ്റിസ്റ്റ് ക്രിസ്ത്യാനികളും വളരുകയാണ്.ഏഷ്യയില്‍ ഫിലിപ്പീൻസിലാണ് അത്തരത്തില്‍ മതം വളരുന്ന രാജ്യം. അപ്പോഴും ലോകത്തിലെ ഫാസ്റ്റസ്റ്റ് ഗ്രോയിങ് ഫേത്ത് എന്നത് വിശ്വാസമില്ലായ്മയാണ്.
മനുഷ്യരെ മുന്നോട്ട നയിച്ച വലിയൊരു ആര്‍ട്ട് ടൂള്‍ ആണല്ലോ സിനിമ. നിര്‍മ്മാല്യം പോലുള്ള സിനിമകള്‍ കാണിച്ചതു പോലെയുള്ള ദൈവനിരാസമോ അതല്ലെങ്കില്‍ യുക്തിവാദ കഥാപാത്രങ്ങളോ പുതിയകാല സിനിമകളില്ല. മലയാള സിനിമകളിലെ യുക്തിവാദികളുടെ അസാന്നിധ്യം ശ്രദ്ധിച്ചിട്ടുണ്ടോ.
പൊതുവെ ഫിക്ഷനകത്ത് ഇന്ത്യയിലൊട്ടാകെ തന്നെ അന്ധവിസ്വാസത്തിന്റെ വലിയൊരു കണ്ടന്റ് നിര്‍മ്മിക്കപ്പെടുന്നുണ്ട്. എല്ലാം ഫിക്ഷനായല്ല നേരായി കാണുന്നവരും വളരെ കൂടുതലാണ്. സമൂഹത്തിനുണ്ടായ മാറ്റത്തിന് ആനുപാതികമായ തരത്തില്‍ സിനിമകളുണ്ടാവുന്നില്ല എന്ന് തന്നെ പറയാം.
ഹിന്ദി സിനിമയില്‍ അത്തരത്തില്‍ വലിയ ചോദ്യങ്ങള്‍ ചോദിച്ച ഒരു പോപ്പുലര്‍ സിനിമ പികെയാണ്. അതിലെ ക്ലൈമാക്‌സ് രംഗങ്ങള്‍ താങ്കളുടെ അനുഭവമാണെന്ന് പറഞ്ഞു കേട്ടിരുന്നു.
പികെ മാത്രമല്ല ഒഎംജി യിലും ഇത്തരം അന്ധവിശ്വാസങ്ങളെ നിഷേധിക്കുന്ന രംഗങ്ങളുണ്ട്. എന്റെ ചില സംഭാഷണശകലങ്ങള്‍ വരെ ഒഎംജി സിനമയില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. പികെയിലെ ക്ലൈമാക്സിലെ പുരോഹിതന്റെ സീന്‍ യഥാര്‍ഥത്തില്‍ എന്റെ ജീവിതത്തില്‍ സംഭവിച്ചതാണ്. 2006ലെ തന്ത്രചലഞ്ചില്‍ ഒരാള്‍ എന്നെ മന്ത്രവാദം കൊണ്ട് കൊല്ലാമെന്ന് അവകാശപ്പെടുകയും ഞാനതിനെ കൗണ്ടര്‍ ചെയ്യുകയും ചെയ്ത പരീക്ഷണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സീന്‍ പികെയില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ടെന്ന് സിനിമാ പ്രവര്‍ത്തകര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു. ഒബ്ജക്ഷനില്ലെന്ന് എഴുതിക്കൊടുക്കുകയും ചെയ്തിരുന്നു.

ചന്ദ്രയാന്റെ വിജയകരമായ വിക്ഷേപണത്തിനു ശേഷം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ക്ഷേത്രത്തില്‍ പോയതും തിരുപ്പതി ക്ഷേത്രത്തില്‍ വിക്ഷേപണത്തിനു മുമ്പ് മിനിയേച്ചര്‍ സമര്‍പ്പിച്ചതും വിമര്‍ശനത്തിനിടയാക്കിയിരുന്നു. വിശ്വാസിയായ ഒരാള്‍ക്ക് ശാസ്ത്രജ്ഞനായിക്കൂട എന്നുണ്ടോ എന്നതാണ് അതിനെതിരേ ഉന്നയിക്കപ്പെടുന്ന ചോദ്യം. എന്താണ് പ്രതികരണം.
ശാസ്ത്രജ്ഞര്‍ എന്നത് മെത്തഡോളജിയുടെയോ ശാസ്ത്രചിന്തയുടെയോ പ്രചാരകരായിരിക്കണമെന്നില്ല. അവര്‍ പ്രൊഫഷണല്‍ സയന്റിസ്റ്റുകളാണ്. ഒരു മേഖലയില്‍ ഒരാള്‍ വൈദഗ്ധ്യം നേടിയശേഷമുള്ള ടെക്‌നോളജിക്കല്‍ ഇംപ്ലിമെന്റേഷനാണ് അവര്‍ ചെയ്യുന്നത്. സയന്‍സ് ഇംപ്ലിമെന്റ് ചെയ്യുന്നവരെല്ലാം തന്നെ ശാസ്ത്രബോധം ജീവിതത്തില്‍ ഉള്ളവരായിക്കൊള്ളണമെന്നില്ല. ലബോറട്ടറിയിലെ ശാസ്ത്രജ്ഞരെല്ലാം വീട്ടിലെത്തുമ്പോള്‍ ശാസ്ത്രബോധം ഉപയോഗിക്കണമെന്നില്ല. അത് ഉപയോഗിക്കാതിരിക്കാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ വ്യക്തിപരമായ മുന്‍വിധി ശാസ്ത്രമേഖലയിലേക്ക് കൊണ്ടുവന്നാല്‍ അത് അപകടകരമാണ്. ഇന്ത്യയിലെ ജ്ഞാന വ്യവസ്ഥയുടെ ഉറവിടം വേദമാണെന്ന് ഒരാള്‍ പറഞ്ഞാല്‍ അത് അസംബന്ധമാണ്. അങ്ങനെയും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സോമനാഥ് പറഞ്ഞു. അതദ്ദേഹത്തിന്റെ മാത്രം കുറ്റമല്ല. ഐഎസ്ആര്‍ഒയുടെ ചരിത്രം മുതല്‍ തന്നെ റോക്കറ്റിന്റെ താഴെ നാരങ്ങ വെക്കുക, പൂജ നടത്തുക മാതൃകയും കൊണ്ട് തിരുപ്പതിയില്‍ പോവുക എന്നിവയുണ്ട്. വിക്ഷേപണത്തില്‍ ശാസ്ത്രമാണ് പ്രയോഗിക്കുന്നത്. കാരണം മന്ത്രം ചൊല്ലിയാല്‍ റോക്കറ്റ് മുകളിലേക്ക് പോവില്ലല്ലോ. അദ്ദേഹം വീട്ടില്‍ പൂജ ചെയ്താല്‍ കുഴപ്പമില്ല. പക്ഷെ സയന്റിഫിക് ഏരിയയിലേക്ക് വ്യക്തിപരമായ വിശ്വാസം കൊണ്ടു വരുന്നത് പ്രശ്‌നം തന്നെയാണ്.
Content Highlights: sanal edamaruku,CAA,rationalist ravi chandran,atheism,india interview,narendra modi,pinarayi,cpm,cpi
Published: 11 Apr 2024, 12:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented