പുത്തൂർ(തൃശ്ശൂർ): വയനാട്ടിൽനിന്ന് പിടികൂടി തൃശ്ശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ചികിത്സയിലായിരുന്ന നന്ദു എന്ന കടുവയ്ക്ക് ദയാവധം. ബുധനാഴ്ച രാവിലെ പത്തിനാണ് ദയാവധം നടപ്പാക്കിയത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുഗഴേന്തിയുടെ ഉത്തരവ് പ്രകാരമാണ് നടപടി.

To advertise here,

2025 ഡിസംബർ 28-നാണ് വായിൽ മുറിവേറ്റ നിലയിൽ 14 വയസ്സുള്ള കടുവയെ സുവോളജിക്കൽ പാർക്കിലെത്തിച്ചത്. വയനാട് വണ്ടിക്കാടിൽനിന്നാണ് കടുവയെ വനംവകുപ്പ് പിടികൂടിയത്. ദേവർഗദ്ദ മാടപ്പള്ളി ഊരിലെ ഊരുമൂപ്പൻ മാരനെ കടുവ കൊന്നിരുന്നു. വയനാട് കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്കാണ് കടുവയെ പിടികൂടി മാറ്റിയിരുന്നത്. പ്രായക്കൂടുതലിന്റെ അവശത കടുവയ്ക്കുണ്ടായിരുന്നു. ചികിത്സയ്ക്കിടെയാണ് അർബുദം സ്ഥിരീകരിച്ചത്.

കടുവയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ കൂടുതൽ ചികിത്സ നൽകാൻ കഴിയാതായി. തുടർന്നാണ് വേദനയിൽ കഴിയുന്ന കടുവയുടെ അവസ്ഥ ചീഫ് വൈൽഡ് ലൈഫ് വാർഡനെ അറിയിച്ച് ഉത്തരവ് പ്രകാരം ദയാവധം നടപ്പാക്കിയത്. പുത്തൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ബി.എൻ. നാഗരാജിന്റെ മേൽനോട്ടത്തിൽ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയിലെ എസ്. ഷാജിയാണ് കടുവയുടെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തീകരിച്ചത്. സുവോളജിക്കൽ പാർക്കിൽ കടുവയെ സംസ്കരിച്ചു.