
നായര്‍ സ്ത്രീകളുടെ വീട്ടില്‍ സംബന്ധമെന്ന പേരില്‍ തലങ്ങും വിലങ്ങും നമ്പൂതിരിമാര്‍ നേരംപോക്കു നടത്തിയപ്പോള്‍ സ്വന്തം സ്ത്രീകളെ അവര്‍ ചേലചുറ്റിയും മതിലുകെട്ടിയും സംരക്ഷിച്ചെന്ന് മുൻ ലക്കത്തിൽ പറഞ്ഞല്ലോ. അവരെങ്ങാനും പരപുരുഷന്‍മാരുമായി ബന്ധമുണ്ടാക്കിയാല്‍ അതിനെ നേരിടാന്‍ 'സ്മാര്‍ത്തവിചാരം' എന്ന പേരില്‍ മൂന്നാംമുറയുമുണ്ടാക്കി. അതിന്റെ കഥകള്‍ ചരിത്രത്തില്‍ ചിതറിക്കിടപ്പുണ്ട്. നമ്മള്‍ ഇന്നു കാണുന്ന സദാചാരവിചാരണയുടെ പൂര്‍വരൂപമായിരുന്നു സ്മാര്‍ത്തവിചാരം.
പരപുരുഷബന്ധം ആരോപിക്കപ്പെട്ടാല്‍ ആദ്യഘട്ടം അന്തര്‍ജനത്തിന്റെ ദാസിയെ ചോദ്യം ചെയ്യലാണ്. നമ്പൂതിരിമാരുടെ ചോദ്യം ചെയ്യലില്‍ തന്റെ യജമാനൻ തെറ്റുചെയ്തു എന്ന് ദാസി സമ്മതിച്ചാല്‍ പിന്നെ അന്തര്‍ജനത്തെ 'സാധനം' എന്നുവിശേഷിപ്പിച്ച് ഒറ്റയ്ക്ക് മാറ്റിപ്പാര്‍പ്പിക്കും. പിന്നെ നീണ്ട നടപടിക്രമങ്ങളാണ്. ഇത് ലോഗന്റെ മലബാര്‍ മാന്വലില്‍ വിശദീകരിക്കുന്നുണ്ട്. ഇടക്കാലത്തിറങ്ങിയ 'പരിണയം' എന്ന സിനിമയിലും സ്മാര്‍ത്തവിചാരത്തിന്റെ കുറേ നടപടിക്രമങ്ങള്‍ കാണിക്കുന്നുണ്ട്. വിചാരണയ്ക്കായി 'സ്മാര്‍ത്തന്‍' നമ്പൂതിരിയുടെ വരവാണ് പ്രധാന ഘട്ടം. കൂട്ടാളിയായ 'അകക്കോയ്മ' യോടൊപ്പം സ്മാര്‍ത്തന്‍ 'സാധനം' താമസിക്കുന്ന വീടിനു പുറത്തെത്തും. അവരെ പ്രതീകാത്മകമായി ദാസി തടയും. എന്തിനാണ് തടയുന്നതെന്ന് സ്മാര്‍ത്തന്‍ ചോദിക്കും. അകത്ത് ആളുള്ളതുകൊണ്ടാണെന്ന് മറുപടി. ഇങ്ങനെ കുറേ പരിഹാസ്യനാടകങ്ങള്‍ക്ക് ശേഷമാണ് ശരിയായ വിചാരണ തുടങ്ങുക.
സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ: https://mbi.page.link/mbes
വിചാരണ ഒരു തീറ്റമഹോത്സവം
നേരിട്ട് സാധനത്തിനോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ല, ദാസിയോട് ചോദിക്കുകയും ദാസി മറഞ്ഞിരിക്കുന്ന സാധനത്തിനോട് ചോദിക്കുകയും മറുപടി ദാസി മുഖാന്തിരം തന്നെ സ്മാര്‍ത്തനെ അറിയിക്കുകയുമാണ് രീതി. ഈ വിവരങ്ങള്‍ സ്മാര്‍ത്തനും അകക്കോയ്മയും ഗ്രാമസഭയില്‍ നാടുവാഴിയുടെ മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഗ്രാമസഭയില്‍ കാര്യങ്ങള്‍ വിവരിക്കുമ്പോള്‍ സ്മാര്‍ത്തന്‍ എന്തെങ്കിലും വിട്ടുപോയാല്‍ അകക്കോയ്മ തന്റെ ചുമലിലെ തോര്‍ത്ത് നിലത്തുവെക്കും. അതു കാണുമ്പോള്‍ സ്മാര്‍ത്തന്‍ ഓര്‍ത്തെടുത്ത് വീണ്ടും പറയും. ഇങ്ങനെയൊക്കെയാണ് കലാപരിപാടികള്‍. സ്മാര്‍ത്തവിചാരം ഒന്നോരണ്ടോ ദിവസംകൊണ്ട് തീരുമെന്ന് കരുതണ്ട. സാധനം കുറ്റം സമ്മതിക്കുന്നില്ലെങ്കില്‍ ആഴ്ചകളോളവും മാസങ്ങളോളവുമൊക്കെ നീളാം. അത്രയും കാലം സ്മാര്‍ത്തനും ഗ്രാമസഭയിലെ വിധികര്‍ത്താക്കളുമടക്കമുള്ളവര്‍ക്ക് വിഭവസമൃദ്ധമായ സദ്യയൊരുക്കേണ്ട ഉത്തരവാദിത്തം സാധനത്തിന്റെ വീട്ടുകാര്‍ക്കാണ്. സ്വയം കുറ്റം സമ്മതിക്കുന്നിടത്തോളമോ നിരപരാധിയാണെന്ന് തെളിയുന്നിടത്തോളമോ വിചാരണ നീളും.
Also Read
സത്യം പറയിക്കാന്‍ ദണ്ഡനവും
ഇന്നത്തെപ്പോലെ കുറ്റം തെളിയിക്കാന്‍ ശാസ്ത്രീയമായ സംവിധാനങ്ങളൊന്നുമില്ലാത്ത കാലമാണ്. വാഗ്ദാനങ്ങള്‍ നല്‍കുക, ഭീഷണിപ്പെടുത്തുക, മാനസികമായി തളര്‍ത്തുക, വിചാരണ നീട്ടുക, ബന്ധുക്കളെ ഉപയോഗിച്ച് വൈകാരികമായി സ്വാധീനിക്കുക തുടങ്ങിയ പല തന്ത്രങ്ങളും പ്രയോഗിക്കും. എന്നിട്ടും നടന്നില്ലെങ്കില്‍ ചില ശിക്ഷാനടപടികളും കൈക്കൊണ്ടിരുന്നതായി 'മലബാര്‍ മാന്വലി'ല്‍ പറയുന്നു. പായയില്‍ പൊതിഞ്ഞ് മാളികക്കു മുകളില്‍നിന്ന് താഴേക്കിടുക, വിഷസര്‍പ്പങ്ങളെ മുറിക്കുള്ളിലിടുക തുടങ്ങിയ മുറകളുമുണ്ടായിരുന്നു. കുറ്റസമ്മതം നടത്തി താനുമായി ബന്ധമുള്ളവരെ വെളിപ്പെടുത്താന്‍ തുടങ്ങിക്കഴിഞ്ഞാല്‍ സാധനത്തെ വെളിച്ചത്തേക്ക്, സ്മാര്‍ത്തന്റേയും ഗ്രാമസഭയുടേയും മുന്നിലേക്ക് കൊണ്ടുവരും. ഒരു പലകയില്‍ കയറിനിന്ന് ചുമതലപ്പെടുത്തിയ പാണ്ടിപ്പട്ടര്‍ ജാരന്‍മാരുടെ പേരുകള്‍ വിളിച്ചുപറയും. ലിസ്റ്റില്‍ പെട്ടവര്‍ക്ക് ആരോപണം നിഷേധിക്കാന്‍ അനുവാദമില്ലെന്നതാണ് ഏറ്റവും രസകരം. പ്രധാനിക്കൊഴികെ ബാക്കിയുള്ളവര്‍ക്ക് നിരപരാധിത്വം തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ കൈമുക്കാം! പൊള്ളിയില്ലെങ്കില്‍ നിരപരാധി,അല്ലെങ്കില്‍ ഭ്രഷ്ടുതന്നെ.
ഇനി ശിക്ഷയാണ്, സാധനത്തിന്റെ എല്ലാ സമുദായ സ്വാതന്ത്ര്യങ്ങളും എടുത്തുകളഞ്ഞ്, കൂട്ടമായി കൈകൊട്ടിക്കൊണ്ട് ഭ്രഷ്ട് പ്രഖ്യാപിക്കും. മറക്കുട എടുത്തുമാറ്റും. 'പിഴച്ച' സ്ത്രീയുമായുള്ള എല്ലാ ബന്ധങ്ങളും മുറിച്ചതായി ബന്ധുക്കള്‍ പ്രഖ്യാപിക്കും. അതുകഴിഞ്ഞാല്‍ ആ സ്ത്രീക്ക് എവിടേക്കു വേണമെങ്കിലും പോകാം. ചിലര്‍ക്ക് പോകാന്‍ ഇടങ്ങളുണ്ടാവില്ല. ചിലരെ നേരത്തേ പറഞ്ഞ കാമുകന്‍മാരിലാരെങ്കിലും സംരക്ഷിക്കും. തത്പരകക്ഷികള്‍ പലരും ആ സമയത്ത് പടിപ്പുരക്കു പുറത്ത് കാത്തുനില്‍പ്പുണ്ടാവും. സമുദായഭ്രഷ്ടരാകുന്നവര്‍ക്ക് താമസിക്കാന്‍ ചില പ്രത്യേക സ്ഥാപനങ്ങളും അന്നുണ്ടായിരുന്നു. തനിക്കിഷ്ടപ്പെട്ടവരോടൊപ്പം പോവാനുള്ള അവസരമായി സ്മാര്‍ത്തവിചാരത്തെ കണ്ട അന്തര്‍ജനങ്ങളുമുണ്ടായിരുന്നത്രെ.
കുറിയേടത്ത് താത്രിയുടെ 'മീടൂ' വിപ്ലവം
കേരളചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ 'മീടൂ' പ്രതിഷേധം കുറിയേടത്ത് സാവിത്രി എന്ന താത്രിയുടേതാവും. 1905-ലാണ് തൃശ്ശൂര്‍ തലപ്പിള്ളി കല്‍പകശ്ശേരി ഇല്ലത്ത് അഷ്ടമൂര്‍ത്തി നമ്പൂതിരിയുടെ മകളായ താത്രിയുടെ സ്മാര്‍ത്തവിചാരം പൂര്‍ത്തിയാവുന്നത്. അന്നവര്‍ക്ക് പ്രായം 20 വയസ്സ്. അവര്‍ 65 ആളുടെ പേരുപറഞ്ഞതില്‍ അച്ഛനും സഹോദരനും ഭര്‍ത്താവിന്റെ ജ്യേഷ്ഠനുമെല്ലാമുണ്ടായിരുന്നു. എല്ലാവരും കുറ്റം നിഷേധിച്ചു. ഒരാള്‍ സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലായിരുന്നു എന്ന് വാദിച്ചു. പക്ഷേ, അത് സ്മാര്‍ത്തന്‍ സമ്മതിച്ചില്ല. പ്രായപൂര്‍ത്തിയാവാത്തത് കുറ്റം ചെയ്തില്ല എന്നതിന് തെളിവില്ലെന്നായിരുന്നു വിധി. ഭര്‍ത്താവ് കുറിയേടത്ത് രാമന്‍ നമ്പൂതിരിയടക്കം 66 പേരെയാണ് അന്ന് ഭ്രഷ്ടാക്കിയത്. ഭര്‍ത്താവിനെ എന്തിന് ഭ്രഷ്ടനാക്കി എന്ന് സംശയിക്കാം. താത്രിയുടെ പരപുരുഷ ബന്ധം അറിഞ്ഞിട്ടും അവരുമായി ബന്ധപ്പെട്ടു എന്നതാണ് അയാള്‍ക്കെതിരേയുണ്ടായ കുറ്റം.
1904-ല്‍ ഒരുതവണ താത്രി സ്മാര്‍ത്തവിചാരത്തിന് വിധേയയായിരുന്നു. അന്നുതന്നെ ഈ പേരുകളെല്ലാം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ താത്രിയുടെ പട്ടികയില്‍ അന്നത്തെ രാജാവോ അദ്ദേഹത്തിന്റെ ബന്ധുവോ പെട്ടിരുന്നുവെന്ന് ശ്രുതിയുണ്ടായി. അത് വലിയ വിവാദവുമായി. അങ്ങനെയാണ് 1905-ല്‍ രണ്ടാമതും വിചാരണ നടത്തിയത്. രണ്ടാം വിചാരണ തൃപ്പൂണിത്തുറ ഹില്‍പാലസില്‍ വെച്ചായിരുന്നത്രെ. അതുമാത്രമല്ല, ആരോപണവിധേയരായ പുരുഷന്‍മാര്‍ക്ക് തങ്ങളുടെ നിരപരാധിത്വത്തെക്കുറിച്ച് വാദിക്കാനുള്ള അവകാശം ആദ്യമായി നല്‍കപ്പെട്ടതും ഈ വിചാരണയിലാണ്. 30 നമ്പൂതിരിമാര്‍, 10 പട്ടന്‍മാര്‍, നാല് വാരിയര്‍മാര്‍, രണ്ട് പൊതുവാള്‍മാര്‍, നാല് നമ്പീശന്‍മാര്‍, രണ്ട് മാരാന്‍മാര്‍, 12 നായന്‍മാര്‍ എന്നിങ്ങനെ മിക്ക വിഭാഗത്തിലുമുള്ളവരുണ്ട് ഭ്രഷ്ടരുടെ കൂട്ടത്തില്‍. അന്നത്തെ പ്രശസ്ത കഥകളി കലാകാരനായിരുന്ന കാവുങ്ങല്‍ ശങ്കരപ്പണിക്കരും പട്ടികയില്‍ പെട്ടു.
പില്‍ക്കാലത്ത് താത്രിയേയും അവരുടെ ജീവിതത്തേയും കുറിച്ച് പൊടിപ്പുംതൊങ്ങലും വെച്ചുള്ള കഥകള്‍ ഒരുപാടുണ്ടായി. സിനിമകളും നാടകങ്ങളും നോവലുകളുമുണ്ടായി. മലയാളത്തിലെ പ്രശസ്തയായ ഒരു നടി താത്രിയുടെ മകളാണെന്നുവരെ കിംവദന്തി പരന്നു. കളിച്ചു നടക്കേണ്ട പ്രായത്തില്‍ തന്നെ വഞ്ചിച്ചവരോടുള്ള പ്രതികാരമായിരുന്നു താത്രിയുടേതെന്ന് അവരെക്കുറിച്ചു പഠിച്ചവര്‍ പറയുന്നു. സ്വന്തമെന്ന് കരുതിയവരടക്കം തന്നെ പിച്ചിച്ചീന്തുമ്പോള്‍ ആ കുട്ടിയനുഭവിച്ച മാനസിക സംഘര്‍ഷം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
കുറ്റം തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ കൈമുക്കല്‍
പ്രാചീനമായ നീതിന്യായ സമ്പ്രദായങ്ങള്‍ കേട്ടാല്‍ ഇന്ന് നമ്മള്‍ മൂക്കത്ത് വിരല്‍വെക്കും. അത്ര അബദ്ധങ്ങളും അന്യായങ്ങളുമായിരുന്നു അവ. തൊട്ടതിനും പിടിച്ചതിനുമൊക്കെ വധശിക്ഷ, അവയവച്ഛേദം. ഇന്ന് ശിക്ഷയുടെ ലക്ഷ്യംതന്നെ മാറി. തടവറകള്‍ പരിവര്‍ത്തനകേന്ദ്രങ്ങളാവാന്‍ തുടങ്ങി. പരിഷ്‌കൃതരാജ്യങ്ങള്‍ വധശിക്ഷപോലും അശാസ്ത്രീയവും അധാര്‍മികവുമായാണ് കാണുന്നത്. അതേസമയം ചിലരാജ്യങ്ങള്‍ ഇപ്പോഴും പ്രാകൃതമായ ശിക്ഷാരീതികള്‍ തുടരുകയും ചെയ്യുന്നു.
18-ാം നൂറ്റാണ്ടിലൊക്കെ കുറ്റം തെളിയിക്കാന്‍ തിളച്ച എണ്ണയിലോ നെയ്യിലോ കൈമുക്കുന്ന രീതിയുണ്ടായിരുന്നു. 1710-ല്‍ തലശ്ശേരി ബ്രീട്ടീഷ് കമ്പനിയുടെ പാണ്ടികശാലാ അധികൃതരും സാമൂതിരിയും തമ്മിലുണ്ടായ ഒത്തുതീര്‍പ്പുരേഖയില്‍ ഇത്തരമൊരു സംഭവം പറയുന്നുണ്ട്. നാട്ടുകാരനായ കച്ചവടക്കാരനും കമ്പനിയും തമ്മില്‍ ചരക്കുകൈമാറ്റം സംബന്ധിച്ച തര്‍ക്കമുണ്ടായി. പ്രശ്‌നത്തില്‍ സാമൂതിരി ഇടപെട്ടു. സംശയിക്കപ്പെടുന്നയാള്‍ തിളക്കുന്ന എണ്ണയുള്ള പാത്രത്തിലെ നാണയം കൈകൊണ്ട് എടുക്കണം. അതുകഴിഞ്ഞാല്‍ മൂന്നുദിവസം തുണികൊണ്ട് ചുറ്റിവെക്കണം. അഴിക്കുമ്പോള്‍ പൊള്ളലില്ലെങ്കില്‍ നിരപരാധിയാണെന്ന് നിശ്ചയിച്ച് വെറുതേ വിടും. എന്തൊരു ശാസ്ത്രീയമായ പരീക്ഷണം അല്ലേ..? തിരുവനന്തപുരത്തെ ശുചീന്ദ്രം ക്ഷേത്രം ഈ പരീക്ഷണത്തിന്റെ പ്രധാനകേന്ദ്രമായിരുന്നു. മുതലകളുള്ള കുളത്തില്‍ കുറുകെ നീന്തിക്കുകയാണ് മറ്റൊരു പരീക്ഷണം. രക്ഷപ്പെട്ടാല്‍ നിരപരാധി. തുലാസില്‍ തൂക്കുന്ന മറ്റൊരു പരീക്ഷണമുണ്ടായിരുന്നു. കുറ്റാരോപിതനെ ആദ്യം തുലാസില്‍ തൂക്കി ഭാരം രേഖപ്പെടുത്തും. പിന്നെ അയാള്‍ കുളത്തിലിറങ്ങി കുളിച്ചുകയറും. പിന്നെവീണ്ടും തൂക്കും. തൂക്കം കുറവാണെങ്കില്‍ നിരപരാധി !
ഇനി ശിക്ഷയുടെ കാര്യം. കൊലപാതകം, മോഷണം, പശുവിനെക്കൊല്ലല്‍ തുടങ്ങിയ വലിയ കുറ്റങ്ങള്‍ക്ക് വലിയ ശിക്ഷ തന്നെയായിരുന്നു. കുറ്റവാളികളെ പരസ്യമായി കഴുവിലേറ്റും, രണ്ടാക്കി മുറിച്ച് കഴുവില്‍ തൂക്കും, തെങ്ങോല മെടഞ്ഞ് അതില്‍ കിടത്തി ആനയെക്കൊണ്ട് ചവിട്ടിക്കും, രണ്ടു കാലുകളും രണ്ട് ആനകളുടെ കാലുകളില്‍ കെട്ടി, രണ്ടു ഭാഗത്തേക്ക് നടത്തിച്ച് ശരീരം രണ്ടായി കീറും... അങ്ങനെയങ്ങനെ പോകുന്നു ശിക്ഷാരീതികള്‍. അംഗവിച്ഛേദനം, കണ്ണു ചൂഴ്‌ന്നെടുക്കല്‍, ശൂലത്തില്‍ തറക്കല്‍, ചാട്ടയടി, കണ്ണില്‍ ചുണ്ണാമ്പുതേക്കല്‍ തുടങ്ങിയ 'കൊച്ചുകൊച്ചു' ശിക്ഷകളുമുണ്ടായിരുന്നു.
അടിമത്തത്തെക്കുറിച്ച് വീണ്ടും
കേരളത്തിന്റെ അടിമചരിത്രത്തിന്റെ പ്രത്യേകത അത് തികച്ചും മതേതരമായിരുന്നു എന്നതാണ്. ഹൈന്ദവസമൂഹത്തില്‍ മാത്രമല്ല, പിന്നീടുവന്ന ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളും ഒരുപോലെ അടിമകളെ നിലനിര്‍ത്തുകയും കച്ചവടം ചെയ്യുകയും ചെയ്തിരുന്നതായി രേഖകളുണ്ട്. കേരളത്തില്‍ ജാതീയമായി താഴ്ന്നവരെ അടിമകളാക്കിയിരുന്നു. അതുതന്നെ മറ്റു മതവിഭാഗങ്ങളും തുടര്‍ന്നു. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളും മുസ്ലിങ്ങളും അടിമക്കച്ചവടം നടത്തിയിരുന്നു. കൊച്ചിയിലെ പള്ളികള്‍ ആറു ദിവസം അടിമകളെ കെട്ടിയിടുന്ന ഗോഡൗണുകളായും ഒരുദിവസം ആരാധനക്കായും ഉപയോഗിച്ചിരുന്നതായി കൊളോണിയല്‍ രേഖകളുള്ളതായി 'അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം' എന്ന പുസ്തകത്തില്‍ ഡോ. വിനില്‍ പോള്‍ പറയുന്നു. അടിമക്കച്ചവടം ചെയ്തതിനെത്തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ അസ്സന്‍ അലിയെ ബ്രിട്ടീഷ് കോടതി വിചാരണ ചെയ്തു. സ്ത്രീകളും അടിമക്കച്ചവടം നടത്തിയിരുന്നത്രെ. ചേരരാജാക്കന്‍മാര്‍ ഗ്രീസില്‍ നിന്ന് സുന്ദരികളായ അടിമസ്ത്രീകളെ ഇറക്കുമതി ചെയ്തിരുന്നതിന് രേഖകളുണ്ട്. കേരളത്തിലെ രാജാക്കന്‍മാരെ പ്രീണിപ്പിക്കാന്‍ യൂറോപ്യന്‍മാരും യവനസുന്ദരികളെ അടിമകളാക്കി സമര്‍പിച്ചിരുന്നു.
അതിക്രൂരമായാണ് അടിമകളോട് കേരളത്തില്‍ പെരുമാറിയിരുന്നതെന്ന് പല രേഖകളിലും കാണാം. അവരെ വിചാരണ ചെയ്ത് ശിക്ഷിക്കുന്ന രീതിയൊന്നുമുണ്ടായിരുന്നില്ല. ഉടമകള്‍ സ്വന്തം നിലക്ക് തോന്നിയപോലെ ശിക്ഷിക്കും. ഫ്രാന്‍സിസ് ബുക്കാനന്‍, ടി.എച്ച്. ബാബര്‍, യൂജിന്‍ സ്റ്റോക്ക്, ജോണ്‍ ഹോക്‌സ് വര്‍ത്ത് തുടങ്ങി ഒട്ടേറേ പേര്‍ കേരളത്തില്‍ അടിമകള്‍ അനുഭവിച്ചിരുന്ന ക്രൂരതകളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ചങ്ങലക്കിട്ടാണ് പാവങ്ങളെ കൈകാര്യം ചെയ്തിരുന്നത്.
വിചിത്രമായ അടിമസ്‌നേഹം
ഏറ്റവും ക്രൂരമായ ഫലിതം, ലോകത്തെല്ലായിടത്തും അതത് സമുദായങ്ങളുടെ ഗ്രന്ഥങ്ങളില്‍ അടിമകളോട് അനുകമ്പ കാണിക്കണമെന്ന് വലിയ വായില്‍ പറയുന്നത് കാണാം. അടിമത്തം തെറ്റാണെന്നോ അത് ഇല്ലാതാക്കണമെന്നോ അല്ല ഈ മഹാന്‍മാരായ ആചാര്യന്‍മാര്‍ നിര്‍ദ്ദേശിച്ചത്, മറിച്ച് അവര്‍ക്ക് ചില സൗകര്യങ്ങള്‍ നല്‍കണമെന്നാണ്. ധര്‍മശാസ്ത്രത്തില്‍ ഒരു പരാമര്‍ശമുണ്ട്, 'യജമാനനും കുടുംബവും പട്ടിണികിടന്നാല്‍ പോലും അടിമക്ക് ഭക്ഷണം നല്‍കണം' എന്നാണത്. കാരണം, പണിയെടുക്കുന്നത് അടിമയാണല്ലോ? ചാണക്യനീതിപ്രകാരം എട്ടുവയസ്സിനു താഴെയുള്ള കുട്ടികളെ വാങ്ങാനോ വില്‍ക്കാനോപാടില്ല. അടിമപെണ്‍കുട്ടികളുടെ ചാരിത്ര്യം നശിപ്പിക്കാന്‍ പാടില്ലെന്നും വിലക്കുണ്ട്.
എന്തായാലും 1843-ല്‍ മലബാര്‍ മേഖലയിലും 1855-ല്‍ തിരുവിതാംകൂറിലും അടിമത്തം നിരോധിച്ചു. എന്നാല്‍, പില്‍ക്കാലത്തും ഒരു കുറ്റബോധവുമില്ലാതെ അടിമത്തം കൊണ്ടാടിയ രാജ്യങ്ങളുണ്ട്. 2007-ല്‍ മൗറിത്താനിയ ആണ് ഏറ്റവുമൊടുവില്‍ അടിമത്തം നിയമവിരുദ്ധമാക്കിയ രാജ്യം.
മണ്ണാനേയും പുലയനേയും പേടിച്ചവര്‍
16-ാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ ബര്‍ബോസയാണ് കേരളത്തിലുണ്ടായിരുന്ന മറ്റൊരു അനാചാരത്തെക്കുറിച്ചു വിവരിച്ചത്, അതാണ് മണ്ണാപ്പേടിയും പുലപ്പേടിയും. തൊട്ടുകൂടായ്മയുമായി ചേര്‍ത്തുവായിക്കേണ്ടതാണ് ഇതും. കര്‍ക്കടകമാസത്തില്‍ സന്ധ്യക്കുശേഷം ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങുന്ന നായര്‍ സ്ത്രീകളെ മണ്ണാന്‍മാരോ പുലയന്‍മാരോ തൊട്ടാല്‍ അവര്‍ ഭ്രഷ്ടരാവും. തൊട്ടവരുടെ കൂടെ പോവുകയും വേണം. തൊടണമെന്നുമില്ല, വടിയോ കല്ലോ കൊണ്ട് എറിഞ്ഞാലും മതി. മൂന്നു വയസ്സെങ്കിലുമുള്ള ഒരു ആണ്‍കുട്ടി കൂടെയുണ്ടെങ്കില്‍ ഭ്രഷ്ടുണ്ടാവില്ല. ഗര്‍ഭിണിയാണെങ്കില്‍ പ്രസവം കഴിഞ്ഞേ കൊണ്ടുപോകാവൂ. സ്ത്രീകളെ സന്ധ്യ കഴിഞ്ഞാല്‍ വീടിന് പുറത്തിറക്കാതിരിക്കാന്‍ ചെയ്ത അബദ്ധം പിന്നത്തെ ആചാരമായതാണോ എന്ന് സംശയിക്കുന്നവരുണ്ട്. ചില നായര്‍ സ്ത്രീകള്‍ ഇഷ്ടപ്പെട്ടവരുടെ കൂടെപ്പോകാന്‍ ഇതൊരു അടവാക്കിയതായും പറയുന്നു. 1696-ല്‍ രവിവര്‍മ പുലപ്പേടി നിരോധിച്ച് ഉത്തരവിറക്കി. തുടര്‍ന്നും മറ്റു രീതികളില്‍ ഇത് നിലനിന്നു. 1861-ല്‍ തിരുവിതാംകൂര്‍ രാജാവായ ഉണ്ണിക്കേരളവര്‍മ ഇത് പൂര്‍ണമായും നിരോധിക്കുകയും ശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തു.
ദേവദാസിയില്‍നിന്ന് വേശ്യയിലേക്ക്
ഇന്ത്യയില്‍ പല വന്‍ക്ഷേത്രങ്ങളേയും ചുറ്റിപ്പറ്റി നിലനിന്നിരുന്ന വിചിത്രമായ ഒരു സമ്പ്രദായമായിരുന്നു ദേവദാസി സമ്പ്രദായം. ദേവന്റെ ദാസി എന്ന പദവി ഒന്‍പതാം നൂറ്റാണ്ടുമുതല്‍ കേരളത്തിലുണ്ടായിരുന്നതായി രേഖകളുണ്ട്. പ്രശസ്തരായ പല രാജാക്കന്‍മാരും സ്വന്തം പെണ്‍മക്കളെ പോലും ദേവദാസികളാക്കിയിട്ടുണ്ട്. ചിലര്‍ ദേവദാസികളെ ഭാര്യയുമാക്കി. ചോള രാജാക്കന്‍മാര്‍ വലിയ പദവിയാണ് ഇവര്‍ക്ക് നല്‍കിയിരുന്നത്. പല നേട്ടങ്ങള്‍ക്കായി വഴിപാടായും കുടുംബങ്ങള്‍ സ്വന്തംപെണ്‍കുട്ടികളെ ക്ഷേത്രങ്ങളിലേക്ക് നല്‍കി.
ദേവനേയോ പ്രതീകാത്മകമായി പൂജാരിയേയോ താലികെട്ടിയാണ് പെണ്‍കുട്ടി ദേവദാസിയാവുക. രാജാവിനെ സ്വീകരിക്കാനും അവരുടെമുന്നിലിരിക്കാനും കാര്യങ്ങള്‍ പറയാനുമൊക്കെയുള്ള അധികാരം പിന്നെ ഇവര്‍ക്ക് ലഭിക്കും. നല്ല സംഗീത-നൃത്തവിദുഷികളായ സുന്ദരികളാണ് ദേവദാസികളാവുക. കേരളത്തിലെ കൊടുങ്ങല്ലൂര്‍, പത്മനാഭസ്വാമി, ശുചീന്ദ്രം, വടക്കുംനാഥന്‍ ക്ഷേത്രങ്ങളിലൊക്കെ ധാരാളം ദേവദാസികളുണ്ടായിരുന്നു.
പില്‍ക്കാലത്ത് ദേവദാസികള്‍ നാടുവാഴികളുടേയും സമ്പന്നരുടേയുമൊക്കെ ലൈംഗികതാത്പര്യങ്ങള്‍ നിര്‍വഹിക്കാനുള്ളവരായി മാറി. അത് പെട്ടെന്നുള്ള ഒരു വീഴ്ചയായിരുന്നു. 17-ാം നൂറ്റാണ്ടൊക്കെ ആയപ്പോഴേക്ക് പൂര്‍ണമായും വേശ്യാവൃത്തിതന്നെയായി മാറി. തിരുവിതാംകൂറില്‍ 1931-ലും മദ്രാസില്‍ 1947-ലും കര്‍ണാടകത്തില്‍ 1983-ലും ഇതിനെതിരേ നിയമം പാസാക്കി. ശിക്ഷയും നിശ്ചയിച്ചു. എന്നിട്ടും ഈയടുത്ത കാലത്തുപോലും കര്‍ണാടക, തമിഴ്‌നാട്, ഗോവ, ആന്ധ്ര തുടങ്ങിയ ഇടങ്ങളില്‍ ദേവദാസി സമ്പ്രദായത്തിന്റെ വാര്‍ത്തകള്‍ വന്നിരുന്നു. ഒട്ടേറേ സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍ സമരവും ബോധവത്കരണവും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇന്ന് ഏറെ ദാരിദ്രാവസ്ഥയിലാണ് ദേവദാസി കുടുംബങ്ങള്‍.
Content Highlights: nammalangane nammalayi,kuriyedath tathri, pulayappedi,devadasi,smarthavicharam,vimal kottakkal
Published: 30 Aug 2024, 03:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented