ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും മുന്‍പ് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഒരു നാട് കേരളത്തിലുണ്ടായിരുന്നു. തന്റെ സാമ്രാജ്യം നിലനിര്‍ത്താനായി പട്ടാളത്തെയും പോലീസിനെയും കൊണ്ട് ജനങ്ങളെ അടിച്ചമര്‍ത്തി ഭരിച്ച സര്‍ സി.പി ഭരണത്തോട് പൊരുതി സ്വാതന്ത്ര്യം നേടിയ ഒരു ജനത. ഇന്ത്യയുടെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടചരിത്രത്തില്‍ ഏറെയൊന്നും പ്രാധാന്യം ലഭിക്കാതെ പോയ ആ നാടിന്റെ പേര് കടയ്ക്കല്‍ എന്നായിരുന്നു. ബ്രിട്ടീഷുകാരെയും സര്‍ സി.പിയുടെ പോലീസിനെയും വിറപ്പിച്ച ജനകീയ വിപ്ലവത്തിന്റെ പേര് കടയ്ക്കല്‍ കലാപമെന്നും. ബ്രിട്ടീഷുകാര്‍ക്കെതിരെയും ഫ്യൂഡല്‍ നാട്ടുരാജാക്കന്മാര്‍ക്കെതിരെയും കേരളത്തിലെ ജനങ്ങളുടെ പ്രതിരോധം കര്‍ഷകസമരങ്ങളായിരുന്നു. അത്തരത്തില്‍ കേരളത്തിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന ഏടാണ് കടയ്ക്കല്‍ വിപ്ലവം. സര്‍ സി.പിയുടെ കിരാതവാഴ്ചയെ ഒന്‍പത് ദിവസത്തേക്ക് തുരത്തിയായിരുന്നു ഇപ്പോൾ കൊല്ലം ജില്ലയിൽ ഉൾപ്പെടുന്ന കടയ്ക്കല്‍ എന്നനാട് സ്വതന്ത്ര രാജ്യമായി മാറിയത്.
1938 സെപ്തംബര്‍ 26നാണ് കടയ്ക്കല്‍ ചന്തയില്‍ കരാറുകാര്‍ ഏര്‍പ്പെടുത്തിയ അന്യായ പിരിവിനെതിരായ സമരം ആരംഭിക്കുന്നത്. കടയ്ക്കലിലെയും സമീപ പ്രദേശങ്ങളിലെയും കര്‍ഷകര്‍ അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന വിപണിയായിരുന്നു ഈ ചന്ത. ചട്ടമ്പികളെ ഉപയോഗിച്ചായിരുന്നു കരാറുകാരന്‍ കര്‍ഷകരില്‍ നിന്ന് പിരിവ് നടത്തിയിരുന്നത്. ഉത്പന്നങ്ങള്‍ക്ക് വിലയിടിഞ്ഞതിന് പിന്നാലെ കൊള്ളപ്പിരിവും ആയതോടെ കര്‍ഷകര്‍ പൊറുതിമുട്ടി. പിരിവ് നല്‍കാന്‍ വിസമ്മതിച്ചവരെ ചട്ടമ്പികള്‍ മര്‍ദിക്കുകയും അവരുടെ ഉത്പന്നങ്ങള്‍ കൊള്ളയടിക്കുകകയും ചെയ്തു. തഹസില്‍ദാരിന്റെയും പോലീസ് ഇന്‍സ്‌പെക്ടറുടെയും അറിവോടെയായിരുന്നു ഈ അക്രമം നടന്നിരുന്നത്. ഇതിനെതിരെ കിളിമാനൂര്‍ ശങ്കരപ്പിള്ളയുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസ് സമരം നടത്തിയത്. ചന്തപ്പിരിവിലെ അഴിമതിയെ കുറിച്ചും തിരുവിതാംകൂറിലെ രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ചും സര്‍ സി.പിയുടെ കിരാത ഭരണത്തെ കുറിച്ചുമെല്ലാം കിളിമാനൂര്‍ വന്‍ പ്രസംഗം നടത്തി. ഇതുകേട്ട പൊതുജനങ്ങള്‍ ആവേശഭരിതരായി സമരത്തിലേക്ക് പങ്കുചേര്‍ന്നു.
സമരത്തെ കുറിച്ച് നേരത്തെ വിവരം കിട്ടിയതിനെ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹവും നാടുവാഴിയുടെ ഗുണ്ടകളും സ്ഥലത്ത് തമ്പടിച്ചിരുന്നു. ജനങ്ങള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ ചന്തയ്ക്ക് അകത്തേക്ക് കൊണ്ടുപോയില്ല. പകരം ചന്തയ്ക്ക് വെളിയില്‍ അവര്‍ സോഷ്യലിസ്റ്റ് ചന്ത നടത്തി. വിലപേശല്‍ നടത്താത്ത പിരിവ് ചോദിക്കാത്ത ഒരു ജനകീയ ചന്ത. ചില സമരഭടന്‍മാര്‍ മണ്‍കലങ്ങളും മറ്റും ചന്തയില്‍ നിന്ന് പണംകൊടുത്ത് വാങ്ങി തറയിലിട്ട് അത് പൊട്ടിച്ച് തങ്ങളുടെ പ്രതിഷേധമറിയിച്ചു. ഇത് കണ്ടതോടെ പോലീസിന് കലിയിളകി. പോലീസും റൗഡികളും ചേര്‍ന്ന് ജനങ്ങള്‍ക്ക് നേരെ വലിയ മര്‍ദനം അഴിച്ചുവിട്ടു. സ്ത്രീകളെയം കുട്ടികളെയും വരെ പോലീസ് വേട്ടയാടിയപ്പോള്‍ ജനങ്ങള്‍ സംഘടിതരായി പോലീസിന്റെ ആക്രമത്തെ ചെറുത്തു. അപ്രതീക്ഷിതമായ ഈ തിരിച്ചടിയില്‍ പോലീസും ചട്ടമ്പിമാരും ഭയന്ന് പിന്‍വാങ്ങി. ഇതോടെ ജനങ്ങള്‍ സംഘടിക്കാനും സമ്മേളിക്കാനും തീരുമാനിച്ചു.
പോലീസിനെ ഓടിച്ച് വിപ്ലവകാരികള്‍
സമാധാനപരമായിട്ടായിരുന്നു കടക്കലിലെ ജനങ്ങള്‍ സംഘടിച്ചത്. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പരിപാടികള്‍ നടന്നു. പിന്നീട് കടയ്ക്കല്‍ ദേവീക്ഷത്ര മൈതാനത്ത് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ വലിയ യോഗം ചേരാന്‍ തീരുമനിച്ചു. ഇതിനിടെ പോലീസ് ഇന്‍ചാര്‍ജ് രാജാ കേശവപിള്ള കടയ്ക്കലില്‍ നടക്കുന്ന സംഭവങ്ങള്‍ കൊട്ടാരക്കര സ്റ്റേഷനിലറിയിക്കുന്നുണ്ടായിരുന്നു. വിവരം ലഭിച്ചയുടനെ കൊട്ടാരക്കര തഹസില്‍ദാര്‍ ആര്‍. പത്മനാഭ അയ്യര്‍, ഇന്‍സ്‌പെക്ടര്‍ മാധവന്‍ പിള്ള എന്നിവരുടെ നേതൃത്വത്തില്‍ സുസജ്ജമായ പട്ടാളം അര്‍ധരാത്രി കടയ്ക്കലെത്തി. ജനങ്ങളൊ വിപ്ലവകാരികളോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. ജനങ്ങള്‍ ചെറിയ ജാഥകളായി ക്ഷേത്ര മൈതാനിയില്‍ എത്തിക്കൊണ്ടിരുന്നു. അത് ഒരു വലിയ ആള്‍ക്കൂട്ടമായി മാറാന്‍ ഏറെ നേരം വേണ്ടിയിരുന്നില്ല. പത്തുമണിയോടെ തോക്കുമായി മാര്‍ച്ച് ചെയ്‌തെത്തിയ പോലീസുകാര്‍ ജനങ്ങളെ വളഞ്ഞ് മൃഗീയമായി മര്‍ദിച്ചു. പലര്‍ക്കും വലിയ പരിക്കേറ്റു. അങ്ങാടിയില്‍ പോലീസ് സംഹാരതാണ്ഡവമാടി. മര്‍ദനമേറ്റ് ഓടിയ ഒരുവിഭാഗം കാരിയത്ത് സംഘടിച്ചു. യുവാക്കളായ ഇവര്‍ പോലീസിനോട് പകരംവീട്ടാന്‍ തീരുമാനമെടുത്തു. കൂറ്റന്‍ മരങ്ങള്‍ മുറിച്ചിട്ട് റോഡുകള്‍ തടസ്സപ്പെടുത്തി കയ്യില്‍ കിട്ടിയ ആയുധവുമായി ഇവര്‍ പൊന്തക്കാട്ടില്‍ ഒളിച്ചിരുന്നു.

ബീഡിവേലു, കുട്ടിവാസു, തോട്ടുംഭാഗം സദാനന്ദന്‍, കൃഷ്ണന്‍ വൈദ്യര്‍, രാഘവന്‍പിള്ള (ഫ്രാങ്കോ) തുടങ്ങിയവരായിരുന്നു കലാപത്തിന്റെ നായകര്‍. ഇവര്‍ പോലീസുമായി ഏറ്റുമുട്ടി. അസാധാരണമായ കായികബലമുണ്ടായിരുന്നു ബീഡിവേലുവിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നടത്തിയ ശ്രമവും വിജയിച്ചില്ല. തുടര്‍ന്ന് ബീഡി വേലുവിനെ പോലീസ് മര്‍ദിച്ചത് വലിയ സംഘര്‍ഷത്തിനിടയാക്കി. അപ്പോള്‍ സൈക്കളില്‍ അവിടെയെത്തിയ രാഘവന്‍പിള്ള മജിസ്‌ട്രേറ്റ് പത്മനാഭ അയ്യരെ അടിച്ച്‌നിലത്തിട്ടു. ലോക്കപ്പ് മര്‍ദനവും നിരപരാധികള്‍ക്കേറ്റ മൃഗീയ മര്‍ദനത്തെയും തുടര്‍ന്ന് ജനങ്ങളുടെ രോഷം അഗ്നിപോലെ ആളിക്കത്തി. ഇവര്‍ കടയ്ക്കല്‍ പോലീസ് സ്‌റ്റേഷന്‍ അടിച്ചുതകര്‍ത്തു. രേഖകളും തോക്കും കൈവിലങ്ങുകളുമെല്ലാം വാരി കിണറ്റിലിട്ടു. പിന്നീട് പട്ടാളമിറങ്ങുന്നത് വരെ ദിവസങ്ങളോളം കടയ്ക്കലില്‍ പോലീസ് തലപൊക്കിയില്ല. അസ്സല്‍ ഗറില്ലാ മുറകളായിരുന്നു വിപ്ലവകാരികള്‍ പ്രയോഗിച്ചത്. പട്ടാളം എത്താതിരിക്കാന്‍ കലുങ്കുകളും പാലങ്ങളും പൊളിക്കുക, റോഡുകളിലുടനീശം മരങ്ങള്‍ മുറിച്ചിട്ട് തടസ്സപ്പെടുത്തുക തുടങ്ങി ജനകീയ പ്രതിരോധങ്ങളുയര്‍ന്നു. വൈകാതെ കടയ്ക്കലും ചുറ്റുമുള്ള 30 ചതുരശ്രമൈല്‍ പ്രദേശങ്ങളും സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് തിരുവിതാംകൂറില്‍ നിന്ന് വിട്ടുമാറി. അവിടെ ഫ്രാങ്കോ രാഘവന്‍പിള്ള രാജാവും ചന്തിരന്‍ കാളിയമ്പി മന്ത്രിയുമായി സ്വയം അവരോധിക്കപ്പെട്ടു. അപ്പോഴേക്കും സര്‍.സിപിക്ക് സ്ഥിതിയുടെ ഗൗരവം മനസ്സിലായിരുന്നു.
1938 ഒക്ടോബര്‍ രണ്ടിന് പട്ടാളത്തിന്റെ സഹായത്തോടെ പോലീസ് തിരിച്ചെത്തി. തിരുവനന്തപുരത്ത് നിന്ന് രണ്ട് പ്ലറ്റൂണ്‍ പട്ടാളത്തെയായിരുന്നു പോലീസിനെ സഹായിക്കാനായി അയച്ചത്. വെടിവെപ്പ് നടത്തിയും കണ്ണില്‍കണ്ടവരെയെല്ലാം മര്‍ദിച്ചും ഭീകരത സൃഷ്ടിച്ചു. ഇതിനോട് ജനങ്ങള്‍ ചെറുത്തുനിന്നെങ്കിലും ക്രമേണെ നേതാക്കള്‍ ഉള്‍പ്പടെ പലരും അറസ്റ്റിലാവുകയും മറ്റുള്ളവര്‍ കീഴടങ്ങുകയും ചെയ്തു. വിപ്ലവത്തിന് നേതൃത്വംകൊടുത്ത 62 പേരെ പ്രതികളാക്കി പോലീസ് കേസെടുത്തു. ഇവരുടെ വിചാരണയ്ക്കായി സ്‌പെഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സ്ഥാപിച്ചു. പ്രതികളില്‍ നിരവധി പേര്‍ ലോക്കപ്പില്‍ കിടന്ന് നരകിച്ച് മരിച്ചു. രണ്ടുപേരെ കഴുമരത്തിലേറ്റി. പലരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

വിപ്ലവനായകന്‍ ഫ്രാങ്കോ
കടയ്ക്കല്‍ സമരവീരന്‍ പുതിയവീട്ടില്‍ രാഘവന്‍പിള്ളയ്ക്ക് സര്‍. സി.പി കല്‍പ്പിച്ച് നല്‍കിയ പേരായിരുന്നു ഫ്രാങ്കോ. സ്‌പെയിനിലെ ഏകാധിപതിയായിരുന്ന ഫ്രാന്‍സിസ്‌കോ ഫ്രാങ്കോയില്‍ നിന്നായിരുന്നു സര്‍ സി.പി ആ പേര് കടമെടുത്തത്. സ്‌പെയിനിലെ വെറുക്കപ്പെട്ടവനായിരുന്നു ഫ്രാങ്കോയെങ്കില്‍ കടയ്ക്കലിലെ ജനങ്ങളുടെ വീരനായകനായിരുന്നു ഫ്രാങ്കോ. രാഘവന്‍പിള്ളയുടെ തലയ്ക്ക് സര്‍ക്കാര്‍ 1000 രൂപ ഇനാം പ്രഖ്യാപിച്ചു. പലതവണ പോലീസിന്റെ വലയില്‍ വീണെങ്കിലും രാഘവന്‍പിള്ള കഠാര വീശി രക്ഷപ്പെട്ടു. പോലീസില്‍ പലര്‍ക്കും ഫ്രാങ്കോയെ ഭയമായിരുന്നു. അവസാനം ഇന്‍സ്‌പെക്ടര്‍ രാമന്‍ നായര്‍ രാഘവന്‍പിള്ളയുമായി സന്ധി സംഭാഷണം നടത്തി. അദ്ദേഹം പിടികൊടുക്കാന്‍ തയ്യാറായി. പോലീസിന് പിടികൊടുത്ത പിള്ളയെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു. അഞ്ചുവര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജയില്‍മോചിതനായ അദ്ദേഹം കടയ്ക്കലിനടുത്ത് മുള്ളിക്കാടാണ് പിന്നീട് ജീവിച്ചത്. 1973ല്‍ രാജ്യം താമ്രപത്രം നല്‍കിയെങ്കിലും ഫ്രാങ്കോ അത് നിരസിച്ചു. 1990 നവംബര്‍ 13 ന് അദ്ദേഹം മരിച്ചു. കടക്കല്‍ സമരം കത്തിനില്‍ക്കുന്ന കാലത്ത് ആ നാട്ടിലെ എല്ലാ വീടുകളിലും ഒരാള്‍ക്കുള്ള ഭക്ഷണം അധികം വിളമ്പി കാത്തുവെക്കുമായിരുന്നു. അത് ഒളിവിലായിരുന്ന ഫ്രാങ്കോ രാഘവന്‍പിള്ളയ്ക്കായിരുന്നു. അദ്ദേഹം ഏത് സമയത്ത് ഏത് വീട്ടില്‍ കയറി വന്നാലും അദ്ദേഹത്തിനുള്ള ഭക്ഷണം കൊടുക്കണമെന്നത് അന്നാട്ടുകാരുടെ തീരുമാനമായിരുന്നു.

ചരിത്രം നീതികാട്ടാത്ത വിപ്ലവം
ബ്രിട്ടീഷ് ഭരണത്തില്‍ പൊറുതിമുട്ടിയ സാധാരണ കര്‍ഷകരും കര്‍ഷക തൊഴിലാളികളുമായ ഒരു ജനത കുറച്ചുനാളേക്കെങ്കിലും ബദല്‍ സര്‍ക്കാരുണ്ടാക്കിയ സംഭവം സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ അത്യപൂര്‍വമാണ്. സര്‍ സി.പിയുടെ ചേറ്റുപട്ടാളത്തെ മുട്ടുകുത്തിച്ച കടയ്ക്കല്‍ ജനതയോട് ചരിത്രം പക്ഷെ നീതികാട്ടിയില്ല. ചരിത്ര പുസ്തകങ്ങളിലൊന്നും കടയ്ക്കല്‍ വിപ്ലവത്തിന് വലിയ പ്രാധാന്യം ലഭിച്ചില്ല. ഫ്രാങ്കോ രാഘവന്‍പിള്ള ഉള്‍പ്പടെയുള്ള സമരസേനാനികളുടെ അവസാനകാലം ദുരിതം നിറഞ്ഞതായിരുന്നു. അക്രമം നടന്ന സംഭവമായതിനാല്‍ കോണ്‍ഗ്രസും കടയ്ക്കല്‍ സമരത്തെ വലിയ രീതിയില്‍ പിന്നീട് ആഘോഷിച്ചില്ല. കടയ്ക്കലിലെ പുതിയ തലമുറ ഈ വിപ്ലവ ചരിത്രം പിന്നീട് എഴുതി പുസ്തകമാക്കി. വിപ്ലവ സ്മാരകവും ലൈബ്രറിയും ആര്‍ട് ഗ്യാലറിയുമൊരുക്കി. പണ്ട് പ്രക്ഷോഭകാരികള്‍ തകര്‍ത്ത പോലീസ്‌റ്റേഷന്റെ സ്ഥാനത്ത് പിന്നീട് മിനി സിവില്‍ സ്റ്റേഷന് സര്‍ക്കാര്‍ കടയ്ക്കല്‍ സമര സ്മാരക മിനി സിവില്‍സ്റ്റേഷന്‍ എന്ന് പേര് നല്‍കി.
Content Highlights: kadakkal rebellion 1938 a forgotten event in India's freedom struggle
Published: 11 Mar 2025, 11:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented