
18-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇംഗ്ലണ്ടില്‍ പോയി മടങ്ങിയെത്തിയ ഒരു തിയ്യ സ്ത്രീ അന്നത്തെ ആറ്റിങ്ങല്‍ മൂത്തറാണിയെ കാണാനെത്തി. ബ്ലൗസ് ധരിച്ചായിരുന്നു അവരുടെ വരവ്. അതൊരു അവഹേളനമായി തോന്നിയ റാണി ആ സ്ത്രീയുടെ മുലകള്‍ ഛേദിക്കാന്‍ ഉത്തരവിട്ടത്രെ. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മലബാറില്‍ പിടിമുറുക്കിയ ടിപ്പു സുല്‍ത്താന്‍ മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചു, ''മാറുമറയ്ക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകളുടെ മുലകള്‍ ഛേദിക്കും''.
Also Read
ആദ്യസംഭവം കെ.പി.പദ്മനാഭ മേനോന്റെ 'ഹിസ്റ്ററി ഓഫ് കേരള' യിലും എല്‍.ബി.ബൗറിങ്ങിന്റെ കുറിപ്പിലും പറയുന്നുണ്ട്. രണ്ടാം സംഭവം അഡ്വ.ഇ.രാജന്റെ 'കേരളത്തിലെ മാറുമറയ്ക്കല്‍ കലാപം' എന്ന പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. അതായത്, മറച്ചാലും മറച്ചില്ലെങ്കിലും പണികിട്ടിയിരുന്നത് സ്ത്രീകളുടെ മുലകള്‍ക്കുതന്നെ. സ്വന്തം ശരീരം മറയ്ക്കണോ വേണ്ടേ എന്ന് തീരുമാനിക്കാന്‍ പോലും അവകാശമില്ലാത്ത ജീവിതം. ഇതൊക്കെയായിരുന്നു നമ്മുടെ ഭൂതകാലം. ഒന്നോ രണ്ടോ നൂറ്റാണ്ടുമുന്‍പ്. ആചാരങ്ങള്‍ അമൂല്യവും അചഞ്ചലവുമാണെന്നു കരുതുന്നവര്‍ ഇടയ്ക്കൊന്ന് പിന്നിലേക്ക് തിരിഞ്ഞുനോക്കണം. ഇന്നത്തെ നമ്മളാവാന്‍ പണ്ടത്തെ നമ്മള്‍ വലിച്ചെറിഞ്ഞ മാറാപ്പുകളുടെ കുന്നുകള്‍ കാണാം. അപ്പോഴാണ് ഇനിയും എന്തെല്ലാം മാലിന്യങ്ങള്‍ ബാക്കിയുണ്ടെന്ന് തിരിച്ചറിയേണ്ടത്. ലോകത്തെമ്പാടും ഇത്തരത്തിലുള്ള അസംഖ്യം വിചിത്രമായ അനാചാരങ്ങള്‍ ഉണ്ടായിരുന്നു. ഘട്ടംഘട്ടമായി അവയെല്ലാം തട്ടിത്തെറിപ്പിച്ചാണ് നമ്മള്‍ ആധുനിക മനുഷ്യരായത്. കേരളത്തിലുമുണ്ടായിരുന്നു, എണ്ണിയാലൊടുങ്ങാത്ത നികൃഷ്ടമായ ആചാരങ്ങള്‍. അവയില്‍ ചിലതിനെ പരിചയപ്പെടാം.
മനുഷ്യരക്തം കുടിച്ചുചീര്‍ത്ത ദൈവങ്ങള്‍...
മനുഷ്യന്‍ ആരാധന തുടങ്ങിയകാലത്തുതന്നെ ദൈവപ്രീതിക്കായി നരബലി നടത്തിയിട്ടുണ്ട്. അതുകൊണ്ട് ഏറ്റവും പുരാതനമായ ആരാധനാരീതിയാണ് ഇതെന്ന് പറയാം. 3000-2000 ബി.സി.ഇ.യില്‍ മനുഷ്യസംസ്‌കാരം പിച്ചവെച്ച മെസപ്പട്ടോമിയ, പുരാതന ഈജിപ്ത്, സിന്ധൂനദീതടം എന്നിവിടങ്ങളില്‍ നിന്നെല്ലാം നരബലിയുടെ തെളിവുകള്‍ ലഭിച്ചു. പിന്നീടങ്ങോട്ട് ലോകത്തെ മിക്ക ആരാധനാ രീതികളിലും ഇത് തുടര്‍ന്നു. രക്തദാഹികളായ ദൈവങ്ങളായിരുന്നു ചരിത്രത്തില്‍ കൂടുതലും. അവരെ പ്രീതിപ്പെടുത്താന്‍ അന്നത്തെ നിരാശ്രയരായ ജനത കണ്ട എളുപ്പവഴി ഇത്തരം സമര്‍പ്പണമായിരുന്നു. ഗോത്രത്തിന്റേയും കുടുംബത്തിന്റേയും രക്ഷക്കായി സ്വന്തം ആളുകളെ, ചിലപ്പോള്‍ സ്വയംതന്നെ ബലി നല്‍കുക. ഈ ആധുനിക കാലത്തും നരബലിയെ മഹത്വവത്കരിക്കുന്ന കഥകളെ നമ്മള്‍ ആഘോഷിക്കുന്നു.
ഇന്ത്യയുടെയും കേരളത്തിന്റേയും ചരിത്രത്തില്‍ ഒളിഞ്ഞും തെളിഞ്ഞും എത്രയോ നരബലികളുണ്ടായി. 1849-ല്‍ മദ്രാസ് ചര്‍ച്ച് മിഷന്റെ മിഷനറി പ്രവര്‍ത്തകനായിരുന്ന സാമുവല്‍ മെറ്റിയര്‍ ഒരു നരബലിയെക്കുറിച്ച് പറയുന്നുണ്ട്. കോട്ടയത്തിനടുത്ത് ചിറനിര്‍മിക്കാന്‍ വേണ്ടി ഒരു ജന്‍മി മൂന്നു പെണ്‍കുട്ടികളെ ബലികൊടുത്തതാണ് ആ സംഭവം. പാലത്തിന്റേയും അണക്കെട്ടിന്റേയും ബലത്തിനായി ബാലികമാരെ ബലികൊടുത്ത പല സംഭവങ്ങളുമുണ്ടായിരുന്നു. ആരാധനയുടെ ഭാഗമായി നരബലിയും മൃഗബലിയുമൊക്കെ പിന്നീട് നിരോധിച്ചെങ്കിലും ഒളിഞ്ഞും തെളിഞ്ഞും രണ്ടും ഇപ്പോഴും നടക്കുന്നുണ്ട്. 1956 ല്‍ ഗുരുവായൂരില്‍ ആനയുടെ അസുഖം മാറാന്‍ ആനപ്രേമിയായ അപ്പസ്വാമി അമ്പലനടയില്‍ കിടന്നുറങ്ങിയ ഒരാളെ വെട്ടുകത്തികൊണ്ട് വെട്ടിക്കൊന്നത് വിവാദമായിരുന്നു. അതും ഒരു ബലിയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. നിധി ലഭിക്കാന്‍, സന്താനസൗഭാഗ്യത്തിന്, ശത്രുസംഹാരത്തിന്, ജോലികിട്ടാന്‍... അങ്ങനെ പല ആവശ്യങ്ങള്‍ക്ക് ഇപ്പോഴും രഹസ്യമായി നരബലി നടക്കുന്നുണ്ട്. എങ്കിലും ഇത് പ്രാകൃതമായ അന്ധവിശ്വാസമാണെന്ന് വലിയൊരു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ നമുക്കുകഴിഞ്ഞു.

സ്വന്തം മുലമറയ്ക്കാനും സമരം...
സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ രക്തരൂഷിതസമരം നടത്തേണ്ടിവന്ന ഒരു നാടാണ് കേരളം. ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും മുലമറയ്ക്കുന്നതിന് കീഴ്ജാതിക്കാരെന്നു പറയുന്നവര്‍ക്ക് തടസ്സമുണ്ടായിരുന്നതായി അറിവില്ല. കേരളത്തില്‍ ജാതി തിരിച്ചറിയാന്‍ വേണ്ടി ബ്രാഹ്‌മണര്‍ ഏര്‍പ്പെടുത്തിയ ഒരു സമ്പ്രദായമായിരുന്നു ഇതെന്നും നമ്പൂതിരിമാരുടെ അധിനിവേശത്തോടുകൂടിയാണ് ഇതൊരു ആചാരമായി മാറിയതെന്നും 'കേരളത്തിലെ മാറുമറയ്ക്കല്‍ കലാപം' എന്ന പുസ്തകത്തില്‍ അഡ്വ.ഇ.രാജന്‍ പറയുന്നു. സ്വന്തം സ്ത്രീകളെ ഘോഷചുറ്റി മറക്കുടകൊണ്ടുമറച്ച് കൊണ്ടുനടന്നവര്‍ കീഴ്ജാതിക്കാരെന്ന് മുദ്രകുത്തിയവരിലെ സ്ത്രീകളോട് തുണിയഴിക്കാന്‍ ആവശ്യപ്പെടുന്ന വൈചിത്ര്യമായിരുന്നു ഇത്.
നായർ സ്ത്രീകൾക്ക് അവരേക്കാൾ താഴ്ന്ന ജാതിക്കാർക്ക് മുന്നിൽ മാറുമറയ്ക്കാം. എന്നാല്‍ ബ്രാഹ്‌മണരടക്കമുള്ള ഉയര്‍ന്നവരെന്നു പറയുന്നവര്‍ക്കു മുന്നില്‍ മാറുതുറക്കണം. 'കീഴ്' ജാതിക്കാര്‍ പലതവണ മേല്‍ക്കുപ്പായമണിഞ്ഞ് പ്രതിഷേധിച്ചു. അപ്പോഴൊക്കെ ക്രൂരമായ മര്‍ദനവും അപമാനവും ഏല്‍ക്കേണ്ടിയും വന്നു. വീടുകള്‍ പോലും കത്തിച്ചുകളഞ്ഞു. മാറുമറയ്ക്കല്‍ ബോധവത്കരണത്തില്‍ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ സഭയടക്കമുള്ളവര്‍ക്ക് നല്ല പങ്കുണ്ട്. 1685-ല്‍ ഒരു ജസ്യൂട്ട് പാതിരി ഒരു നാടാര്‍ സ്ത്രീയെ ജാക്കറ്റ് അണിയിപ്പിച്ച സംഭവമുണ്ട്. ഇത്തരം പിന്തുണയുടെ ഭാഗമായി ഒട്ടേറേപ്പേര്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നു. എന്നാല്‍ ഇങ്ങനെ മാര്‍ക്കം കൂടിയവര്‍ക്കും ജാതീയമായ അവഗണന അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് ചരിത്രത്തില്‍ കാണാം.
1822-ലാണ് മാറുമറയ്ക്കാനുള്ള അവകാശത്തിനായി ചാന്നാർ സ്ത്രീകള്‍ ലഹള നടത്തിയത്. ക്രൂരമായ ആക്രമണമാണ് 'ഉയര്‍ന്ന' ജാതിക്കാരില്‍ നിന്ന് അവര്‍ നേരിട്ടത്. 1828-ല്‍ തിരുവിതാംകൂറില്‍ ചാന്നാർ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അവകാശം നല്‍കിക്കൊണ്ട് വിളംബരമുണ്ടായി. അപ്പോഴും സവര്‍ണസ്ത്രീകള്‍ മറയ്ക്കുന്നതുപോലുള്ള കുപ്പായം ഉപയോഗിക്കാന്‍ പാടില്ലെന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. വിളംബരത്തിനുശേഷവും പതിറ്റാണ്ടുകള്‍ മാറുമറയ്ക്കല്‍ ഒരു പ്രശ്നമായിത്തന്നെ തുടര്‍ന്നു. എന്തിനധികം, തൃശ്ശൂര്‍ വേലൂരിലെ മണിമലര്‍ക്കാവില്‍ താലമെടുക്കുന്ന സ്ത്രീകള്‍ മാറുമറയ്ക്കാന്‍ പാടില്ലെന്ന നിയമം മാറ്റിയത് 1956 ലെ ജനകീയസമരത്തെത്തുടര്‍ന്നു മാത്രമാണ്. ഈ പുതിയ കാലത്തും നമ്മുടെ നാട്ടില്‍ സ്ത്രീകളുടെ മാറിടം ഒരു പ്രശ്നമാണ്. മാറിടം അല്‍പം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിക്കുന്നവര്‍ക്കെതിരേയാണ് ഇപ്പോള്‍ സദാചാരികളുടെ കൊലവിളി. സ്ത്രീകളുടെ വസ്ത്രം എന്തെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് ലഭിക്കാന്‍ വേണ്ടിയായിരുന്നു പഴയ സമരമെന്ന് നമ്മള്‍ മറന്നിരിക്കുന്നു.
ചാരിത്യത്തിന്റെ പ്രശ്നം ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, പുരുഷന് ശരീരം നല്‍കാത്ത സ്ത്രീയെ 'അസാന്‍മാര്‍ഗി' എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
സംബന്ധം, അസംബന്ധം...
നമ്പൂതിരിമാരില്‍ മൂത്തയാള്‍ക്ക് മാത്രമേ സ്വജാതിയില്‍ നിന്നുള്ള കല്യാണത്തിന് അനുവാദമുണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവര്‍ക്കെല്ലാം സംബന്ധമായിരുന്നു വിധി. അതായത് മറ്റ് ഭേദപ്പെട്ട ജാതിയിലുള്ള സ്ത്രീകളുമായി ബന്ധം പുലര്‍ത്താം. ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ സമുദായവും സമൂഹവും അറിഞ്ഞുകൊണ്ടുള്ള വ്യഭിചാരം. സ്വത്തുക്കള്‍ പങ്കിട്ടുപോവാതിരിക്കാനുള്ള ഒരു തന്ത്രംകൂടിയാണ് ഇതെന്ന് പറയുന്നുണ്ട്. കൂടുതലും നായര്‍ സമുദായത്തിലെ സ്ത്രീകളായിരുന്നു ഇരകള്‍. എങ്കിലും ഇവര്‍ക്ക് സമൂഹത്തില്‍ സംബന്ധക്കാരന്റെ ആഢ്യത്വത്തിനൊത്ത അംഗീകാരം ലഭിച്ചു. പക്ഷേ, അയാളുടെ സ്വത്തില്‍ സ്ത്രീക്കോ കുട്ടികള്‍ക്കോ അവകാശമൊന്നുമില്ല. സംബന്ധക്കാരനെ ഒഴിവാക്കി വേറൊരാളെ സ്വീകരിക്കാന്‍ സ്ത്രീക്ക് അധികാരമുണ്ടായിരുന്നു. അപ്പോള്‍ സംബന്ധക്കാരന്‍ അടുത്ത മേച്ചില്‍പ്പുറം തിരഞ്ഞുപോകും. ഒരേസമയം ഒന്നില്‍കൂടുതല്‍ സംബന്ധങ്ങള്‍ക്കും തടസ്സമൊന്നുമുണ്ടായിരുന്നില്ല. പുരുഷന്റെ സൗകര്യത്തിനായിരുന്നു, ചാരിത്ര്യത്തിനായിരുന്നില്ല പ്രാധാന്യം എന്ന് ചുരുക്കം. മാത്രമല്ല, കൂടുതല്‍ സംബന്ധക്കാരുണ്ടാവുന്നത് അല്‍പം കേമത്തവുമായിരുന്നു. സംബന്ധക്കാരില്‍ ബ്രാഹ്‌മണരും നാടുവാഴികളുമൊക്കെ ഉണ്ടാവുന്നത് ഒരു നായര്‍ സ്ത്രീ അഭിമാനമായാണ് കാണുന്നതെന്ന് ഡോ.ഫ്രാന്‍സിസ് ബുക്കാനന്‍ തന്റെ 'എ ജേര്‍ണി ഫ്രം മദ്രാസ്' ല്‍ പറയുന്നുണ്ട്.
ചാരിത്യത്തിന്റെ പ്രശ്നം ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, പുരുഷന് ശരീരം നല്‍കാത്ത സ്ത്രീയെ 'അസാന്‍മാര്‍ഗി' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്തൊരു വൈരുധ്യം അല്ലേ..? വെറുതേ പറയുന്നതല്ല, ഇളംകുളം കുഞ്ഞന്‍പിള്ളയുടെ 'കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍' എന്ന ഗ്രന്ഥത്തില്‍ കാര്‍ത്തികപ്പിള്ളി രാജാവിന്റെ ഒരു ശാസനം വിവരിക്കുന്നുണ്ട്. ''സ്വജാതിയിലോ ഉയര്‍ന്ന ജാതിയിലോ ഉള്ള പുരുഷന് സമര്‍പിച്ചിട്ടില്ലാത്ത അസാന്‍മാര്‍ഗികളായ സ്ത്രീകള്‍ നമ്മുടെ രാജ്യത്ത് ഉണ്ടെങ്കില്‍ അവരെ ഉടന്‍ വധിക്കേണ്ടതാണ്'' എന്നായിരുന്നു ആ ഉത്തരവ്.
ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു കല്യാണരീതി അടുത്തകാലം വരെ കേരളത്തിലെ ചില മുസ്ലിം കുടുംബങ്ങളിലുണ്ടായിരുന്നു. മൈസൂര്‍ കല്യാണമെന്നും അറബിക്കല്യാണമെന്നുമൊക്കെ അറിയപ്പെടുന്ന കല്യാണം. ഒരുതരം മുത്തുഅ കല്യാണം തന്നെ. ആഭരണമോ പണമോ നല്‍കി കുറച്ചുദിവസത്തേക്ക് സ്ത്രീയുമായി ബന്ധം സ്ഥാപിക്കുന്ന രീതിയാണിത്. ഇതിനെ ദുരുപയോഗം ചെയ്ത് ധനാഢ്യരായ അറബികള്‍ പല ദരിദ്രകുടുംബങ്ങളിലും ഇങ്ങനെ ബന്ധമുണ്ടാക്കി പോയിട്ടുണ്ട്. ചിലര്‍ പിന്നീട് തിരിഞ്ഞുനോക്കില്ല. അങ്ങനെ പിതാവില്ലാത്ത കുട്ടികളേയുംകൊണ്ട് കഷ്ടജീവിതം നയിക്കുന്ന സ്ത്രീകള്‍ ഇന്നുമുണ്ട്.

മാറിനില്‍ക്ക്, തൊട്ടുപോകരുത്...
പുറത്തു പോകുമ്പോള്‍ അളവുകോലും കൊണ്ടുപോകേണ്ട അവസ്ഥയൊന്ന് ആലോചിച്ചുനോക്കൂ. നിങ്ങളേക്കാള്‍ താഴ്ന്ന ജാതിക്കാരന്‍ എതിരേ വരുന്നുണ്ടെങ്കില്‍ അവര്‍ എത്ര അടി മാറിനടക്കണം എന്നുനോക്കിവേണം നടക്കാന്‍. അങ്ങനെയൊരുകാലവും നമ്മള്‍ പിന്നിട്ടു, 'തൊട്ടുകൂടാത്തവര്‍, തീണ്ടിക്കൂടാത്തവര്‍ ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോ'രുടെ കാലം. ഈ അയിത്തത്തില്‍ നിന്ന് രാജാവുപോലും മുക്തനായിരുന്നില്ല എന്നതില്‍ നിന്ന് ബ്രാഹ്‌മണ്യത്തിന്റെ ശക്തിയറിയാം. രാജാവ് നമ്പൂതിരിയില്‍ നിന്ന് മൂന്നടി അയിത്തം പാലിക്കണം എന്നാണ്. 1901- ലെ കണക്കുപ്രകാരം നായര്‍ 12 അടി, ഈഴവര്‍ 36 അടി, കമ്മാളര്‍ 24, മുക്കുവന്‍, പാണന്‍, പുള്ളുവന്‍ എന്നിവര്‍ 36, നായാടി, മലയന്‍, കാടര്‍ എന്നിവര്‍ 64 എന്നിങ്ങനെ അടി അകലം വെച്ചാണ് നില്‍ക്കേണ്ടതെന്ന് 'കൊച്ചി രാജ്യചരിത്രം' എന്ന പുസ്തകത്തില്‍ കെ.പി.പദ്മനാഭമേനോന്‍ എഴുതുന്നു.
1911 ലെ ജനസംഖ്യാ കണക്കെടുപ്പിനെ തുടര്‍ന്ന് ചിലജാതികള്‍ക്ക് ഈ അളവുകളില്‍ ചില ഇളവുകള്‍ ഉണ്ടായിട്ടുണ്ട്. ശവം പോലും അയിത്തക്കാര്‍ തൊട്ടാല്‍ അശുദ്ധമാകുമെന്നായിരുന്നു വിശ്വാസം. ഉയര്‍ന്ന ജാതിക്കാര്‍ പുറത്തിറങ്ങിയാല്‍ പോ...പോ.. എന്നുവിളിച്ചുപറഞ്ഞുകൊണ്ടാണ് നടക്കുക. ചിലര്‍ ഹോ, ഹോയ് എന്നൊക്കെ പറയും. 'ഓച്ചാട്ട്' എന്നാണ് ഇതിനെ പറയുക. ഈ ശബ്ദം കേട്ട് ഹീനജാതിക്കാര്‍ മേല്‍പറഞ്ഞ അളവനുസരിച്ച് മാറി പൊയ്ക്കോളണം. ഇതേപോലെ അയിത്തക്കാര്‍ പുറത്തിറങ്ങുമ്പോഴും ചില ശബ്ദങ്ങളുണ്ടാക്കണം. അവര്‍ 'വഴിയേ... വഴിയേ...' എന്നാണ് വിളിച്ചുപറയേണ്ടത്. ഇങ്ങനെ പൊതുവഴി പലപ്പോഴും ഉപയോഗിക്കാന്‍ പറ്റാതെ അവര്‍ക്ക് കാടും മലയും തോടുമെല്ലാം കടന്നു പോകേണ്ടിവരുമായിരുന്നു. ഹീനജാതിക്കാര്‍ക്ക് മുട്ടുമറഞ്ഞ് മുണ്ടുടുത്തുകൂടാ. ചെറിയ തോര്‍ത്ത് ആവാം, അത് തോളിലിടരുത്. അരയില്‍ കെട്ടുകയോ, കക്ഷത്ത് വെക്കുകയോ ചെയ്യാം. പകല്‍ പുറത്തിറങ്ങാന്‍ പോലും അവകാശമില്ലാത്ത, കാലടിയുടെ പാട് ഭൂമിയില്‍ പതിയാന്‍ പാടില്ലാത്ത ജാതിക്കാരുണ്ടായിരുന്നു. ഇനിയും കുറേക്കൂടി വിചിത്രമായ അനാചാരങ്ങള്‍ നമ്മള്‍ വലിച്ചെറിഞ്ഞ കൂട്ടത്തിലുണ്ട്. അവ അടുത്ത ലക്കത്തില്‍.
Content Highlights: human sacrifice,ban upper body clothes,kerala inhuman tradition,ritual,nammalangane nammalayi,social
Published: 20 Aug 2024, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented