''മനുഷ്യരെല്ലാവരും തുല്യാവകാശങ്ങളോടും അന്തസ്സോടും സ്വാതന്ത്ര്യത്തോടുംകൂടി ജനിച്ചവരാണ്. ലോകത്തെ സകലമനുഷ്യരും ജാതി, മതം, നിറം, ഭാഷ, ലിംഗം, രാഷ്ട്രീയം, സ്വത്ത്, കുലം എന്നിവ കണക്കാക്കാതെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും അര്‍ഹരാണ്. ഒരാളേയും അടിമയാക്കിവെക്കാന്‍ പാടില്ല.''

To advertise here,

ഹോമോസാപിയന്‍സ് എന്ന വര്‍ഗം അതിന്റെ ചരിത്രത്തില്‍ നടത്തിയ അതിസുന്ദരമായ പ്രഖ്യാപനത്തിലെ ഒരുഭാഗം. 1948 ഡിസംബര്‍ 10 ന് പാരീസില്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പാസാക്കിയ മനുഷ്യാവകാശ പ്രഖ്യാപനം. പുതുതലമുറയ്ക്ക് ഇതു വായിക്കുമ്പോള്‍ എന്തെങ്കിലും പ്രത്യേകത തോന്നണമെന്നില്ല. എന്നാല്‍, പ്രഖ്യാപന കാലത്തുപോലും ഇതിലെ പല നിര്‍ദേശങ്ങളോടും കടുത്ത വിയോജിപ്പുള്ള ജനസമൂഹങ്ങളുണ്ടായിരുന്നു എന്നറിയുമ്പോഴാണ് അതിന്റെ തിളക്കം കൂടുന്നത്. 13000 വര്‍ഷത്തിലേറേ പഴക്കമുള്ള മനുഷ്യവംശത്തിന്റെ ചരിത്രത്തില്‍ തുല്യാവകാശം, അന്തസ്സ്, സ്വാതന്ത്ര്യം തുടങ്ങിയ ആശയങ്ങള്‍ കടന്നുവന്നത് പരമാവധി മുന്നൂറുവര്‍ഷത്തിനുള്ളിലാണെന്ന് വിശ്വസിക്കാനാവുമോ? മനുഷ്യരെല്ലാവരും തുല്യരാണെന്ന ചിന്തപോലും ഏറ്റവും ആധുനികമാണ്. ഈ ചിന്തയിലേക്ക് നടന്നെത്താന്‍ കുറേ ചോരപ്പുഴകള്‍ നീന്തേണ്ടിവന്നിട്ടുണ്ട് നമുക്ക്. ഇന്ന് നേടിയ പല അവകാശങ്ങള്‍ക്കും പിന്നില്‍ നിരന്തരപോരാട്ടത്തിന്റെ ചരിത്രമുണ്ട്.

പോരാട്ടങ്ങള്‍, മനുഷ്യരിലും മൃഗങ്ങളിലും...

മൃഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ നമ്മള്‍ ചാനലുകളില്‍ കാണാറുണ്ട്. രണ്ടിലൊരാള്‍ കീഴടങ്ങിയാല്‍ ഏറെക്കുറേ ഏറ്റുമുട്ടല്‍ തീരും. വിജയിയുടെ ആധിപത്യം അംഗീകരിച്ച് മറ്റേയാള്‍ മടങ്ങും. ആ രീതിക്ക് എത്രകാലമായാലും മാറ്റമൊന്നുമില്ല. എന്നാല്‍, മനുഷ്യരുടെ കാര്യം അങ്ങനെയല്ല. കാട്ടില്‍ കഴിഞ്ഞ കാലത്ത് ഹോമോസാപിയന്‍സിലും കൈയൂക്കുള്ളവന്‍ തന്നെയായിരുന്നു കാര്യക്കാര്‍. ഗോത്രങ്ങളായപ്പോഴും അങ്ങനെത്തന്നെ. പിന്നീട് നാടുവാഴികളും രാജാക്കന്‍മാരും ഫ്യൂഡല്‍പ്രഭുക്കന്‍മാരുമൊക്കെ വന്നപ്പോഴും മാറ്റമൊന്നുമുണ്ടായില്ല. ഇത്തരം കൈയൂക്കന്‍മാര്‍ക്കെതിരേ ശബ്ദമുയരാന്‍ വീണ്ടും ആയിരക്കണക്കിന് കൊല്ലമെടുത്തു. എന്നാലും അടിച്ചമര്‍ത്തപ്പെട്ട മനുഷ്യന്‍ പ്രതികരിക്കുകതന്നെ ചെയ്തു. അതാണ് ഹോമോസാപിയന്‍സിന്റെ പ്രത്യേകത. മൃഗങ്ങളുടെ പോരാട്ടം ഒരാളുടെ വിജയത്തിലോ മരണത്തിലോ അവസാനിക്കുമെങ്കില്‍ ശാശ്വതമായ മൂല്യങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിരന്തരം പൊരുതിയത് മനുഷ്യന്‍ മാത്രമാണ്. അങ്ങനെ പൊരുതി നേടിയതാണ് അവന്‍ ഇന്നനുഭവിക്കുന്ന സമത്വവും സ്വാതന്ത്ര്യവുമൊക്കെ. അവനെ ആധുനികമനുഷ്യനാക്കിയതില്‍ പോരാട്ടങ്ങള്‍ക്ക് പങ്കുണ്ട്.

പൊരുതിനേടിയതെന്തെല്ലാം ...?

മനുഷ്യചരിത്രം പോരാട്ടങ്ങളുടെയും വര്‍ഗസമരങ്ങളുടെയും ചരിത്രമാണെന്ന മാര്‍ക്സിസ്റ്റ് ചരിത്രവിശകലനത്തോട് ഒത്തുപോകുന്നതാണ് നാം കടന്നുവന്ന വഴികള്‍. മനുഷ്യന്റെ സഹജമായ സ്വാതന്ത്ര്യബോധം ഉണര്‍ന്നതോടെയാണ് സമരങ്ങള്‍ ഉണ്ടായത്. നാം ഇന്നനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യവും അതതുകാലത്തെ യാഥാസ്ഥിതിക ചിന്തകളോട് പൊരുതി നേടിയതാണ്. അതിജീവിക്കാനുള്ള മനുഷ്യകുലത്തിന്റെ വെമ്പലുകളായിരുന്നു ഓരോ സമരങ്ങളും. എന്തൊക്കെയാണ് നമ്മള്‍ സമരം ചെയ്തുനേടിയത്..?

ജോലിക്കു കൂലി- രാപകല്‍ പണിയെടുത്താല്‍ ഒന്നോ രണ്ടോ നേരത്തെ ഭക്ഷണം മാത്രം പ്രതിഫലമായി കിട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അനീതിക്കെതിരേ പ്രതികരിച്ചവരെല്ലാം ക്രൂരമായി കൊല്ലപ്പെട്ടു. ക്രമേണ ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ക്കപ്പുറം പണിയെടുക്കുന്നവര്‍ സംഘടിച്ചു. തങ്ങളെ പീഡിപ്പിച്ചവര്‍ക്കെതിരേ കലാപമുയര്‍ത്തി. അത് തീയായി ലോകംമുഴുവന്‍ പടര്‍ന്നു. സ്വസ്ഥജീവിതത്തിനും ഭക്ഷണത്തിനും ഭൂമിക്കുമായി ഈജിപ്ഷ്യന്‍ ഫറവോമാര്‍ക്കെതിരേ പലതവണ സമരങ്ങളുണ്ടായതായി രേഖയുണ്ട്.

ചരിത്രത്തിലെ ആദ്യത്തെ പണിമുടക്കായി അറിയപ്പെടുന്നത് ബി.സി.ഇ. 1170-ല്‍ ഫറവോ റംസെസ് മൂന്നാമനെതിരേ പിരമിഡ് പണിക്കാര്‍ നടത്തിയതാണ്. പിരമിഡ് നിര്‍മിച്ചതിന് മതിയായ കൂലിനല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു അത്. ഒരുപക്ഷേ കൂലിയുടെ പേരില്‍ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം ഇതായിരിക്കാം. ദ്രവിച്ചുതുടങ്ങിയ പാപ്പിറസില്‍ രേഖപ്പെടുത്തിയ ആ പ്രതിഷേധത്തിന്റെ കഥകള്‍ അങ്ങനെ ലോകമറിഞ്ഞു. ആ സമരഫലമായി വേതനവര്‍ധന അനുവദിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് ലോകത്തെല്ലായിടത്തും അധ്വാനത്തിന്റെ ഫലത്തിനായി വന്‍പ്രക്ഷോഭങ്ങള്‍ നടന്നു.

placeholder
ഹെർമൻ വോഗൽ വരച്ച സ്പാർട്ടാക്കസ് പോരാട്ട ചിത്രം | By Hermann Vogel -
http://www.allposters.com/-sp/Slave-Revolt-in-the-Final-Battle-Crassus-Defeats-the-Slaves-and-Spartacus-is-Killed-Posters_i1879371, wiki common

സ്വാതന്ത്ര്യത്തിനുവേണ്ടി-  'പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം' എന്നുചിന്തിക്കാന്‍ ആദ്യം മാനിയാവേണ്ടതുണ്ട്. മനുഷ്യന്‍ അഭിമാനത്തിന് വിലകല്‍പിച്ചുതുടങ്ങിയപ്പോഴാണ് അസ്വാതന്ത്ര്യത്തിനെതിരേ പടയൊരുക്കം തുടങ്ങിയത്. 'സ്പാര്‍ട്ടാക്കസ് അടിമകലാപം' എന്ന പേരില്‍ റോമന്‍ റിപ്പബ്ലിക്കിനെതിരായി നടന്ന കലാപമാണ് സ്വാതന്ത്ര്യത്തിനും മോചനത്തിനും വേണ്ടി നടന്ന കലാപങ്ങളില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും പഴയത്. ബി.സി.ഇ. 73-71 കാലത്താണ് ത്രേസിയന്‍ പടയാളിയായ സ്പാര്‍ട്ടാക്കസിന്റെ നേതൃത്വത്തില്‍ അടിമകളുടെ കലാപം നടന്നത്. തുടക്കത്തില്‍ അതൊരു വലിയ മുന്നേറ്റമായെങ്കിലും പിന്നീട് സ്പാര്‍ട്ടാക്കസിനേയും സംഘത്തേയും റോമന്‍ സൈന്യം നശിപ്പിക്കുകതന്നെ ചെയ്തു. ആയിരക്കണക്കിന് അടിമകള്‍ ക്രൂശിക്കപ്പെട്ടു. എന്നാലും അടിമവിമോചനമെന്ന ആശയത്തിന് കനലാവാന്‍ ഈ മുന്നേറ്റത്തിന് കഴിഞ്ഞു. അടിമത്തത്തിനെതിരേ ഒരു നിയമമുണ്ടാകുന്നത് ബ്രിട്ടനില്‍ 1833 ലാണ്.

1862 ല്‍ അമേരിക്കയിൽ അബ്രഹാം ലിങ്കന്‍ ചരിത്രപ്രസിദ്ധമായ വിളംബരം നടത്തി അടിമത്തം നിരോധിച്ചു. 1853 ല്‍ തിരുവിതാംകൂര്‍ ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ അടിമവ്യാപാരം നിരോധിച്ചുകൊണ്ടുള്ള വിളംബരം നടത്തിയതും എടുത്തുപറയേണ്ടതാണ്.

placeholder
അബ്രഹാം ലിങ്കന്‍
അബ്രഹാം ലിങ്കൺ

ജനാധിപത്യത്തിനു വേണ്ടി-  ദൈവാധിപത്യത്തിനും രാജാധിപത്യത്തിനുമപ്പുറത്തേക്ക് മറ്റൊരു ആധിപത്യത്തെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയാത്ത കാലമായിരുന്നു മനുഷ്യചരിത്രത്തില്‍ ഏറ്റവുമധികം.  ജനാധിപത്യം എന്ന ആശയത്തിന്റെ പ്രാകൃതരൂപം പോലും ഉണ്ടായിട്ടില്ലാത്ത കാലം.  ജനാധിപത്യത്തിനുവേണ്ടി ഏറ്റവുമാദ്യം പൊരുതിയ ജനത ഒരുപക്ഷേ ഏഥന്‍സുകാരായിരിക്കും. പ്രഭുവര്‍ഗ്ഗത്തിന്റെ നേതാവായ ഇസഗോറസിന്റെ ജനാധിപത്യവിരുദ്ധ ഭരണത്തിനെതിരേയും പ്രഭുവര്‍ഗത്തിനെതിരേയും കൂട്ടമായി ആതൻസുകാര്‍ നടത്തിയ പ്രക്ഷോഭം ജനാധിപത്യത്തിനുവേണ്ടിയുള്ള ആദ്യ സമരങ്ങളിലൊന്നായിരുന്നു. 508-507 ബി.സി.ഇയില്‍ നടന്ന സമരത്തിന്റെ വിജയത്തിനൊടുവിലാണ് ജനാധിപത്യ ആതൻസ് രൂപപ്പെടുന്നത്. പിന്നീട് ബ്രിട്ടന്റെ കോളനിവാഴ്ചക്കെതിരേ 1765 മുതല്‍ 1783 വരെ അമേരിക്കയില്‍ പ്രക്ഷോഭം നടന്നു. അതാണ് അമേരിക്കന്‍വിപ്ലവം എന്നറിയപ്പെട്ടത്. 13 കോളനികളിലെ ജനം പങ്കെടുത്ത ആ സായുധ പോരാട്ടത്തിനൊടുവില്‍ ബ്രിട്ടീഷുകാര്‍ പാരീസ് ഉടമ്പടിയില്‍ ഒപ്പുവെച്ച് പിന്‍വാങ്ങി. അങ്ങനെയാണ് ലോകത്തിലെത്തന്നെ ആദ്യത്തെ ഫെഡറല്‍ റിപ്പബ്ലിക്കിന്റെ ഉദയം. അടിമത്തം മനുഷ്യാവകാശത്തിന്റെ ശത്രുവാണെന്ന നിലപാടിനും ഈ വിപ്ലവം കാരണമായിട്ടുണ്ട്.

placeholder
നെപ്പോളിയൻ ബോണപ്പാർട്ട് | getty images

ഫ്രഞ്ച് ചക്രവര്‍ത്തിമാരുടെ കിരാതഭരണത്തിനെതിരേ പൊട്ടിപ്പുറപ്പെട്ട ജനരോഷമാണ് ഫ്രഞ്ച് വിപ്ലവമായി പരിണമിച്ചത്. റൂസ്സോയുടെ വിചാരവിപ്ലവമാണ് അതിന് തീപകര്‍ന്നത്. ഗില്ലറ്റിന്‍ ഉപയോഗിച്ച് വിപ്ലവകാരികളെ കൂട്ടക്കൊലചെയ്യാന്‍ ഭരണാധികാരികള്‍ ശ്രമിച്ചെങ്കിലും ജനരോഷം തന്നെ വിജയിച്ചു. ഫ്രഞ്ച് വിപ്ലവം നെപ്പോളിയന്‍ ബോണോപ്പാര്‍ട്ട് എന്ന ഏകാധിപതിയുടെ ഉദയത്തിന് കാരണമായെങ്കിലും മതേതരവും ജനാധിപത്യപരവുമായ ഒരു റിപ്പബ്ലിക്കിന്റെ കൂടി സ്ഥാപനത്തിന് വഴിതെളിച്ചു. ഇന്ത്യയുടേയും വിയറ്റ്നാമിന്റേയുമൊക്കെ സ്വാതന്ത്ര്യസമര ചരിത്രം എക്കാലത്തും മനുഷ്യരെ പുളകംകൊള്ളിക്കുന്നതാണ്. 1989 ലെ ബര്‍ലിന്‍ മതിലിന്റെ വീഴ്ചയും 2010ലെ അറബ് വസന്തവുമെല്ലാം സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള മുന്നേറ്റങ്ങളായിരുന്നു.

പെണ്ണൊരുമ്പെട്ടപ്പോള്‍ സംഭവിച്ചത്...

അടിമസ്വാതന്ത്ര്യത്തെക്കുറിച്ച് വേറിട്ടൊരു നിലപാടില്ലാത്തവര്‍ പോലും സ്ത്രീസ്വാതന്ത്ര്യം എന്ന് കേള്‍ക്കുമ്പോള്‍ മുഖം ചുളിക്കുന്ന കാലത്താണ് ഇപ്പോഴും നമ്മളുള്ളത്. സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീപുരുഷ തുല്യത തുടങ്ങിയ ആശയങ്ങളെയൊക്കെ അംഗീകരിക്കുന്ന ഒരു മസ്തിഷ്‌കം 21-ാം നൂറ്റാണ്ടിലും നമുക്ക് വികസിച്ചിട്ടില്ല. അതുകൊണ്ടാണ് ലിംഗനീതി ചര്‍ച്ചയ്ക്കു വരുമ്പോള്‍ 'സ്ത്രീകള്‍ക്ക് ഞങ്ങളെപ്പോലെ നിന്നുകൊണ്ട് മൂത്രമൊഴിക്കാന്‍ കഴിയുമോ, തെങ്ങില്‍ കയറാന്‍ കഴിയുമോ, ഓടിത്തോല്‍പിക്കാന്‍  കഴിയുമോ' എന്നൊക്കെയുള്ള എല്‍.പി. സ്‌കൂള്‍ ചോദ്യങ്ങള്‍ പുരുഷകേസരികളില്‍ നിന്നുയരുന്നത്.

ഇങ്ങനെ നമ്മുടെ മസ്തിഷ്‌കത്തെ പുണ്ണാക്കിയതില്‍ മതസാഹിത്യങ്ങള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്. മനുഷ്യ സൃഷ്ടിയെന്നതിനേക്കാള്‍ മതങ്ങളെല്ലാം പുരുഷസൃഷ്ടിതന്നെയാണെന്ന് ബോധ്യപ്പെടാന്‍ അതൊന്ന് മനസ്സിരുത്തി ഒന്നുവായിച്ചാല്‍ മതി. മതങ്ങള്‍ സ്ത്രീ സ്വാതന്ത്ര്യത്തിനെതിരാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഉടന്‍ തങ്ങളുടെ മതത്തിലെ പണ്ഡിതകളുടേയും പരാക്രമികളുടേയും രാജ്ഞിമാരുടേയുമൊക്കെ പട്ടികയുമായി വരും. എന്നാല്‍ പൗരോഹിത്യത്തിലോ മതചടങ്ങുകളിലോ  പൊതുചടങ്ങുകളിലോ, അധികാരത്തിലോ, എന്തിന്, സ്വന്തം വീട്ടിനുള്ളില്‍ പോലും തുല്യമായ പരിഗണന ഇവരൊന്നും സ്ത്രീക്ക് കൊടുക്കാറില്ല. കാട്ടില്‍ വേട്ടയാടി നടന്നിരുന്ന കാലത്ത് ലഭിച്ചിരുന്ന പരിഗണന പോലും സ്ത്രീകള്‍ക്ക് കുടുംബമായി കഴിയാന്‍ തുടങ്ങിയ കാലം മുതല്‍ ലഭിച്ചിട്ടില്ല എന്നതാണ് സത്യം. സ്ത്രീപുരുഷ തുല്യത എന്നത് ഒരു ആധുനികമൂല്യമാണ്.

പെണ്‍പോരാട്ടങ്ങള്‍...

ചരിത്രത്തിലെ പെണ്‍ പോരാട്ടങ്ങളെക്കുറിച്ച് കുറച്ചധികം പറയേണ്ടതുണ്ട്. അനീതിയ്ക്കും അസമത്വത്തിനുമെതിരേ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ സ്വാഭാവികമായി ഉണ്ടായിക്കാണുമെങ്കിലും സംഘടിതമായ ഒരു പ്രതിഷേധമായി അതിനെ വികസിപ്പിക്കാന്‍ കഴിഞ്ഞത് ആയിരക്കണക്കിന് കൊല്ലങ്ങള്‍ക്കു ശേഷമാണ്. അതൊരുപക്ഷേ ബി.സി.ഇ. 470-400 കാലഘട്ടങ്ങളില്‍ ഗ്രീസിലായിരിക്കും. 'അസ്പാസിയ' എന്ന ഗ്രീക്ക് തത്വജ്ഞാനിയുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ വിദ്യാഭ്യാസം, സ്വത്തവകാശം, രാഷ്ട്രീയാധികാരം എന്നീ ആവശ്യങ്ങൾ ഉയര്‍ത്തി ചില മുന്നേറ്റങ്ങളുണ്ടായി. അതിന്റെ ചില പരാമര്‍ശങ്ങള്‍ ഗ്രീക്ക് ചരിത്രത്തിലുണ്ട്. എന്നാല്‍ അസ്പാസിസയെക്കുറിച്ചോ ആ മുന്നേറ്റങ്ങളുടെ ഫലങ്ങളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.

placeholder
അസ്പാസിയയുടേതെന്ന കരുതപ്പെടുന്ന ഏഥൻസിലെ മാർബിൾ പ്രതിമ | By Unknown artist - Jastrow (2006),
//commons.wikimedia.org/w/index.php?curid=1307582

19-ാം നൂറ്റാണ്ടിലാണ് പിന്നീട് ലോകമെമ്പാടും ശക്തമായ സ്ത്രീസമത്വ ചിന്തകളും പോരാട്ടങ്ങളുമുയരുന്നത്. ആദ്യത്തെ പെണ്ണവകാശ സമ്മേളനം 1848-ല്‍ ന്യൂയോര്‍ക്കിലാണ് നടന്നത്. 'സെനെക്ക ഫാള്‍സ് കണ്‍വെന്‍ഷന്‍' എന്നറിയപ്പെട്ട ആ സമ്മേളനത്തിന് നേതൃത്വം കൊടുത്തത് എലിസബത്ത് കാന്‍ഡി സ്റ്റാന്‍ഡനും സൂസന്‍ ബി ആന്റണിയുമായിരുന്നു. തുല്യാവകാശത്തോടൊപ്പം ഭരണാധികാരിയെ തിരഞ്ഞെടുക്കാനുള്ള വോട്ടവകാശവും വേണമെന്ന് സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. അതിന് ഫലവുമുണ്ടായി, തുടര്‍ന്ന് രൂപവത്കരിക്കപ്പെട്ട 'വുമണ്‍സ് സഫ്രേജ് മൂവ്മെന്റി'ന്റെ പ്രവര്‍ത്തനഫലമായിട്ടാണ് 1920-ല്‍ ഒരു ഭേദഗതിയിലൂടെ അമേരിക്കയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചത്.

സെനെക്ക ഫാള്‍ കണ്‍വെന്‍ഷന്റെ അലയൊലികള്‍ അവിടെയൊന്നും തീര്‍ന്നില്ല. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും സ്വത്തവകാശത്തിനും തുല്യവേതനത്തിനുമെല്ലാമുള്ള ആവശ്യങ്ങള്‍ ലോകമെമ്പാടുമുയരാനും ചര്‍ച്ചയാവാനും അത് നേടിയെടുക്കാനുമെല്ലാം തുടക്കം കുറിച്ചത് ഈ കണ്‍വെന്‍ഷനായിരുന്നു.

placeholder
സൂസൻ ബി ആന്തണി, പശ്ചാത്തലത്തിൽ അമേരിക്കയിൽ നടന്ന സ്ത്രീ വോട്ടാവകാശ സമര റാലി

രണ്ടാംതരംഗം വരുന്നു...

അടുത്ത സ്ത്രീമുന്നേറ്റ തരംഗം വരുന്നത് 1960 കളിലാണ്. 'വുമണ്‍സ് ലിബറേഷന്‍ മൂവ്മെന്റ്' എന്ന പേരില്‍ തുടങ്ങിയ ഈ പ്രക്ഷോഭം 80കള്‍വരെ നീണ്ടു. തൊഴിലിടങ്ങളിലെ വേര്‍തിരിവ്, പ്രത്യുത്പാദനപരമായ സ്വാതന്ത്ര്യം, ലൈംഗിക സ്വാതന്ത്ര്യം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ഈ പ്രക്ഷോഭം. ഇതിന്റെ ഭാഗമായി പ്രസവനിയന്ത്രണം, ഗര്‍ഭഛിദ്രം എന്നിവയ്ക്കുള്ള അവകാശങ്ങള്‍ അമേരിക്കയിലെ സ്ത്രീകള്‍ നേടി. വിവാഹം, കുടുംബം, ജോലിസ്ഥലം എന്നീ മേഖലകളിലും വ്യക്തിത്വമുറപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു.

മീ ടൂ മൂവ്മെന്റ്- ലൈംഗികാതിക്രമം നേരിട്ടവര്‍ അത് തുറന്നു പറയുകയെന്ന അതിവിപ്ലവാശയം തരാനാ ബര്‍ക്കിന്റേതായിരുന്നു. ഇത് ഒരു തരംഗമായി മാറുന്നത് 2017ല്‍ അമേരിക്കന്‍ നടിയായ അലീസ മിലാനോയുടെ സമൂഹമാധ്യമത്തിലൂടെയുള്ള ആഹ്വാനത്തോടെയാണ്. അത് ലോകം മുഴുവന്‍ ആളിപ്പടര്‍ന്നു. സമൂഹത്തില്‍ ഉന്നതസ്ഥാനീയരായ വനിതകള്‍ പോലും തങ്ങള്‍ മുന്‍പ് അനുഭവിച്ച ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. ആ വെളിപ്പെടുത്തലുകളില്‍ ഒരുപാട് സിംഹാസനങ്ങള്‍ ഇളകിവീണു. വിഗ്രഹങ്ങള്‍ തകര്‍ന്നു. വിവിധമേഖലകളിലെ സ്ത്രീകള്‍ കാലങ്ങളായി നേരിട്ടുകൊണ്ടിരുന്ന ലൈംഗികപീഡനത്തിന്റെ ഭയാനകമായ ചിത്രം വെളിപ്പെട്ടതോടെ ലോകം മുഴുവന്‍ ഇക്കാര്യത്തില്‍ ഗൗരവമായ ചര്‍ച്ചനടന്നു.

ഒപ്പം നടക്കാന്‍ കിതച്ച് നമ്മള്‍....

ഗാര്‍ഗിയുടേയും മൈത്രേയിയുടേയും സീതയുടേയും മറ്റും പോരിശപറഞ്ഞ് പെണ്‍പ്രമാണിത്തങ്ങളും ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധിയും സ്ഥാപിക്കാന്‍ ശ്രമിക്കുമെങ്കിലും യഥാര്‍ത്ഥ ഭാരതീയസ്ത്രീത്വം എന്നാല്‍ 'നരന്ന് ഗര്‍ഭദാനപാത്രങ്ങളും വീടാം വീട്ടില്‍ കുടുങ്ങും തത്തമ്മ'കളും തന്നെയായിരുന്നു. ഈ കൂട്ടില്‍ നിന്ന് കുതറി രക്ഷപ്പെടാന്‍ കുറച്ചൊന്നുമല്ല നമ്മള്‍ കഷ്ടപ്പെട്ടത്. ഒരു ഭാഗത്ത് ശരീരം മുഴുവന്‍ ഘോഷചുറ്റി, മറക്കുടയാല്‍ മുഖംമറച്ച് നടന്ന തുണിക്കെട്ടുകളും വേറൊരുഭാഗത്ത് മുലപോലും മറയ്ക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത അടിമജന്‍മങ്ങളുമായിരുന്നു നമ്മുടെ സ്ത്രീകള്‍. ലോകംമുഴുവന്‍ പടര്‍ന്ന സ്ത്രീസ്വാതന്ത്ര്യപ്രക്ഷോഭങ്ങള്‍ അല്‍പം വൈകിയാണെങ്കിലും നമുക്കിടയിലേക്കും കടന്നുവന്നു.

സ്വതന്ത്രചിന്തയില്‍ പാശ്ചാത്യരുടെ കൂടെ ഓടിയെത്താന്‍ കഴിഞ്ഞില്ലെങ്കിലും 1828ലെ ബ്രഹ്‌മസമാജവും 1875 ലെ ആര്യസമാജവുമെല്ലാം വലിയ വിപ്ലവങ്ങളാണ് ഈ വിഷയത്തില്‍ നടത്തിയത്. ബ്രഹ്‌മസമാജം സ്ത്രീകളുടെ വിവിധ അവകാശങ്ങള്‍, സതിനിരോധനം,വിധവാവിവാഹം എന്നിവക്കു വേണ്ടിയൊക്കെ പ്രവര്‍ത്തിച്ചു. ശിശുവിവാഹം നിര്‍ത്തലാക്കാന്‍ ശക്തമായ സമ്മര്‍ദ്ദശക്തിയായി. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി ഏറെ പ്രവര്‍ത്തിച്ച സംഘടനയാണ് ആര്യസമാജം. 1848 ല്‍ പൂനെയില്‍ സാവിത്രി ഭായ് ഫൂലേയും ഭര്‍ത്താവ് ജ്യോതിറാവു ഫൂലേയും ചേര്‍ന്ന് പെണ്‍കുട്ടികള്‍ക്കായുള്ള രാജ്യത്തെ ആദ്യത്തെ സ്‌കൂള്‍ തുടങ്ങി. കേരളത്തില്‍ ശ്രീനാരായണഗുരുവിന്റേയും സഹോദരന്‍ അയ്യപ്പന്റേയും അയ്യങ്കാളിയുടേയും ആറാട്ടുപുഴ വേലായുധപ്പണിക്കരുടേയുമൊക്കെ ദര്‍ശനങ്ങള്‍ വലിയ സാമൂഹികമാറ്റമുണ്ടാക്കി. 20-ാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ വനിതാ മുന്നേറ്റവും എടുത്തുപറയേണ്ടതാണ്.

placeholder
മുഹമ്മദ് റാസ പഹ്ലവി | By Ghazarians - http://www.pahlavi.org/, Public Domain, https://commons.wikimedia.org/w/index.php?curid=56835477

ഇറാനിലെ വനിതാപ്രക്ഷോഭത്തെക്കുറിച്ചു പറയാതെ ഈ നൂറ്റാണ്ടിലെ വനിതാമുന്നേറ്റങ്ങളുടെ ചരിത്രം അവസാനിപ്പിക്കാനാവില്ല. 1925 മുതല്‍ 79 വരെ ഇറാന്‍ ഭരിച്ച പഹ്ലവി രാജവംശത്തിന്റെ കാലത്ത് ഏറെക്കുറേ യൂറോപ്യന്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന സ്വാതന്ത്ര്യവും അധികാരവുമാണ് അവിടത്തെ സ്ത്രീകള്‍ അനുഭവിച്ചിരുന്നത്. 1979 ലെ ഇസ്ലാമിക വിപ്ലവത്തോടെ കാര്യങ്ങള്‍ തകിടംമറിഞ്ഞു. സ്ത്രീകളുടെ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും തച്ചുടയ്ക്കപ്പെട്ടു. 2022 സെപ്തംബര്‍ 16 ന് 22 കാരിയായ മഹ്സ അമിനിയെ ഇറാനിലെ സദാചാരപ്പോലീസ് ഹിജാബ് കൃത്യമായി ധരിച്ചില്ലെന്ന കാരണം പറഞ്ഞ് അറസ്റ്റു ചെയ്തു. പിന്നീട് അവര്‍ മരിക്കുകയും ചെയ്തു. ഇതോടെയാണ് രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. യുവതികള്‍ ഹിജാബുകള്‍ വലിച്ചെറിഞ്ഞും, കത്തിച്ചും, മുടിമുറിച്ചും, വസ്ത്രംതന്നെ ഉരിഞ്ഞെറിഞ്ഞും പ്രതിഷേധിച്ചു. മുന്നൂറില്‍പരം പേര്‍ കൊല്ലപ്പെട്ടു. ലോകത്തെ മുഴുവന്‍ ജനാധിപത്യവിശ്വാസികളും ഈ ജനതക്കൊപ്പം നിന്നു. ഈ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഇറാനിലെ മതപോലീസിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. അമേരിക്ക ഇറാനുമേല്‍ ഉപരോധമേര്‍പ്പെടുത്തി. പ്രക്ഷോഭത്തെ ഇറാന്‍ സര്‍ക്കാരിന് നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും പുതിയകാലത്തെ ഏറ്റവും ശക്തമായ സ്ത്രീമുന്നേറ്റമായി അതുമാറി. അതിലുമപ്പുറം, തിരുവായ്ക്ക് എതിര്‍വായില്ലെന്ന മതധാര്‍ഷ്ട്യത്തിന് അതിന്റെ പ്രധാന ഇരകളായ സ്ത്രീകളില്‍ നിന്ന് ലഭിച്ച ചെകിട്ടത്തടിതന്നെയായിരുന്നു ആ മുന്നേറ്റം. ഇങ്ങനെയൊക്കെയാണങ്കിലും പെണ്ണവകാശ പോരാട്ടങ്ങള്‍ നിലച്ചിട്ടില്ല. ആധുനിക മനുഷ്യരാവാന്‍ മടിക്കുന്ന സമൂഹങ്ങളില്‍ ഇപ്പോഴും അത്തരം മുന്നേറ്റങ്ങള്‍ നടക്കുന്നുണ്ട്. അവര്‍ക്ക് പിന്തുണ കൊടുക്കുകയാണ് ആധുനിക സമൂഹത്തിന്റെ കടമ.