
നാമറിയുന്ന പ്രപഞ്ചത്തിലെ ദൃശ്യമായ ഇരുപതിനായിരം കോടി ഗാലക്‌സികളില്‍ ഒന്നാണ് ആകാശഗംഗ. അതിലെ പതിനായിരത്തിലേറേ കോടി നക്ഷത്രങ്ങളിലെ ഒരു കുഞ്ഞനാണ് സൂര്യന്‍. സൂര്യനെ ചുറ്റുന്ന എട്ടു ഗ്രഹങ്ങളിലൊന്നാണ് ഭൂമി. ആ ഭൂമിയിലെ കോടിക്കണക്കിന് ജീവജാലങ്ങളില്‍ ഒന്നുമാത്രമാണ് മനുഷ്യന്‍. പക്ഷേ അവന്റെ ഭാവം ഇതുവല്ലതുമാണോ ..? ഭൂമിയെ മാത്രമല്ല, പരിസരത്തുള്ള ഗ്രഹങ്ങളേയും കാല്‍ച്ചുവട്ടിലാക്കാനാണ് പോക്ക്. ഇത്തരം സര്‍വാധിപത്യത്തിന് മനുഷ്യനെ പ്രാപ്തനാക്കിയതെന്താണ്..? അവന്റെ ജീവിത ഗതി മാറ്റിമറിച്ച മുന്നേറ്റങ്ങൾ, അറിവുകൾ, നവോത്ഥാന ഇടപെടലുകൾ എന്നിവയിലൂടെ ഒന്നു തിരിഞ്ഞു നോക്കിയാലോ. മനുഷ്യന്റെ പരിണാമത്തിലേയും വികാസത്തിലേയും നിര്‍ണായക ചരിത്രഘട്ടങ്ങളിലൂടെയുള്ള ഒരു യാത്ര തുടങ്ങുകയാണ് വിമൽ കോട്ടക്കൽ എഴുതുന്ന നമ്മളങ്ങനെ നമ്മളായി എന്ന കോളത്തിലൂടെ
ചന്ദ്രയാന്‍-3 അങ്ങനെ ചന്ദ്രനെ ചുംബിച്ചു...! മനുഷ്യരാശിയുടെ അടങ്ങാത്ത ജിജ്ഞാസയുടേയും ബുദ്ധിശക്തിയുടേയും തീ തുപ്പുന്ന റോക്കറ്റിലായിരുന്നു ആ പ്രയാണം... ഒരിക്കലല്ല, പലതവണ ചന്ദ്രനിലെ വരണ്ട മണ്ണ് അവന്റെ കാല്‍ക്കീഴില്‍ ഞെരിഞ്ഞിട്ടുണ്ട്. അമ്പിളിയെ ചവിട്ടുപടിയാക്കി മറ്റു ഗോളങ്ങളിലേക്കും അവന്‍ കുതിക്കും. ഗോളാന്തരങ്ങളിലേക്ക് വംശാവലിയെ പടര്‍ത്തും. ഉലകത്തിന്റെ ഉടയോനാവും.
സത്യത്തില്‍ ആരാണവന്‍...?
ചങ്ങമ്പുഴയുടെ 'മനുഷ്യന്‍' എന്ന കവിതയില്‍ അവനെക്കുറിച്ച് ഭാവനകലര്‍ന്ന സൂചനയുണ്ട്. അതിങ്ങനെയാണ്
''ജീവജാലങ്ങളിലൊക്കെയല്‍പ്പാല്‍പമായ്
താവിയിട്ടുള്ളാതമോമയാംശം
ഒന്നിച്ചുകൂട്ടിക്കരുപ്പിടിച്ചൊ
ന്നാദ്യമീശ്വരന്‍ വാര്‍ത്തുനോക്കി.
ഒത്തില്ല-താണ് ചെകുത്താന്‍
അവനിലന്നൊട്ടിപ്പിടിച്ചീലസൂയമാത്രം.
എന്നല്ലിളംപതമാകയാല്‍
ഉള്ളിന്നു വന്നീല വേണ്ടത്ര കാഠിന്യവും.
ഇക്കുറവൊക്കെ പരിഹരിച്ചന്ത്യത്തില്‍
ഇക്കാണും മര്‍ത്ത്യനെ തീര്‍ത്തു ദൈവം.
ചെന്നായ,ചീങ്കണ്ണി,പോത്ത്,ചീറ്റപ്പുലി,
പന്നി,പാമ്പോന്തൊക്കെയുണ്ടവനില്‍
സ്രഷ്ടാവുപോലും ഭയംമൂലമായിടാം
വിട്ടുകൊടുത്തതവനു വിശ്വം''

By Saioa López, Lucy van Dorp and Garrett Hellenthal - López, S., van Dorp, L., & Hellenthal,
G. (2015). Human Dispersal Out of Africa: A Lasting Debate. https://commons.wikimedia.org/w/index.php?curid=50508700
അതെ, സ്രഷ്ടാവുപോലും പ്രപഞ്ചത്തിന്റെ നിയന്ത്രണം വിട്ടുകൊടുത്ത ഈ ജീവിയെപ്പറ്റിയാണ് നാം അന്വേഷിക്കുന്നത്. എവിടന്നു വന്നു? എങ്ങനെ വളര്‍ന്നു? എന്താണ് അവന്റെ നാള്‍വഴികള്‍..?? നമുക്കൊരു യാത്ര പോകാം. മനുഷ്യര്‍ എന്ന് ഇന്നുവിളിക്കുന്ന, 'ഹോമോസാപിയന്‍ സാപിയന്‍' എന്ന് ശാസ്ത്രകാരന്‍മാര്‍ വിശേഷിപ്പിക്കുന്ന ഈ അപൂര്‍വ ജീവിവര്‍ഗത്തിന്റെ ത്രസിപ്പിക്കുന്ന ചരിത്രത്തിലേക്ക്. അതിന് ചുരുങ്ങിയത് മൂന്നു ലക്ഷം വര്‍ഷങ്ങളെങ്കിലും പിറകോട്ട് സഞ്ചരിക്കേണ്ടതുണ്ട്. ഒരു സഞ്ചാരമാര്‍ഗ്ഗവുമില്ലാതിരുന്ന കാലത്തേക്ക് ഭാവനയുടെ പുഷ്പകവിമാനമേറിയൊരു യാത്ര. അങ്ങനെ കിഴക്കന്‍ ആഫ്രിക്കയിലെ ഇരുണ്ട വനാന്തരങ്ങള്‍ക്കരികിലെ പുല്‍മേടുകളിലെത്താം. ആളോളമുയരത്തില്‍ വളര്‍ന്ന പുല്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ഒരു ഇളക്കം കാണുന്നില്ലേ , അതാ, അവിടെ അവരുണ്ട്. ശബ്ദമുണ്ടാക്കാതെ പതുങ്ങിനിന്ന് സൂക്ഷിച്ചു നോക്കൂ. പുല്‍ക്കൂട്ടത്തില്‍നിന്ന് ആദ്യം പുറത്തുവരുന്ന മനുഷ്യരൂപിയെ കണ്ടോ? അല്ല, മനുഷ്യരൂപിയല്ല, കൂടുതലും ചിമ്പാന്‍സിയോടും ഗൊറില്ലയോടുമാണ് സാദൃശ്യം. പക്ഷേ, രണ്ടുകാലില്‍ നിവര്‍ന്നാണ് നടപ്പ്. തലയില്‍ മാത്രമല്ല ശരീരംമുഴുവന്‍ രോമമുണ്ട്. വീതികുറഞ്ഞ നെറ്റി, പതിഞ്ഞ മൂക്കും മുഖവും. പല്ലുകള്‍ നോക്കൂ, കാട്ടുമൃഗത്തിന്റേതെന്നപോലെ കൂര്‍ത്തിരിക്കുന്നു. ബലമുള്ള നീളന്‍ കൈകള്‍. വിരലുകള്‍ക്ക് ചിമ്പാന്‍സിയുടേതുമായി നല്ല സാമ്യം ..
അതാ.. ഒന്നിനു പിറകേ ഒന്നായി അതുപോലുള്ള ജീവികള്‍ പുറത്തുവരുന്നു. എല്ലാറ്റിനും ഒരേ രൂപം. വലിപ്പത്തില്‍ മാത്രമേ മാറ്റമുള്ളൂ. കുട്ടികളും കൂട്ടത്തിലുണ്ട്. പലരുടേയും കൈയില്‍ തളിരിലകളും കായ്കളും കാട്ടുപഴങ്ങളും. ഇടക്കിടെ അത് വായിലിച്ച് ചവയ്ക്കുന്നുമുണ്ട്. അതിനിടയില്‍ പുല്‍ക്കാട്ടിനുള്ളില്‍ നിന്ന് ഏതോ ചെറുജീവി ഓടിപ്പോയി. കൂട്ടത്തിലൊരാള്‍ പിറകേ കുതിച്ച് അതിനുമേല്‍ ചാടിവീണു. പൊങ്ങിനിവരുമ്പോള്‍ അവന്റെ കൈയില്‍ ഒരു കാട്ടുമുയല്‍ പിടയ്ക്കുന്നു. കഴുത്തില്‍ കടിച്ചുകീറി ജീവനോടെ അതിന്റെ തൊലി പൊളിച്ചെടുത്ത് മാംസം പച്ചക്കു പങ്കിട്ടുതിന്നു. കുറച്ചു സമയം അവിടെയിരുന്ന ശേഷം അവര്‍ വീണ്ടും യാത്ര തുടര്‍ന്നു. നടന്നുനടന്ന് ഒരു നദീതീരത്തോടടുക്കുകയാണ്. പെട്ടെന്ന് മുന്നില്‍ നടന്നയാള്‍ നിന്നു. ചുറ്റും നോക്കാന്‍ തുടങ്ങി. പതിഞ്ഞ മൂക്ക് വിടര്‍ന്നു. ചെവി അല്‍പം പുറത്തേക്ക് വികസിച്ചു. മറ്റുള്ളവരും അതുപോലെ ചെയ്തു. ഉടന്‍തന്നെ അയാള്‍ ഉച്ചത്തില്‍ ഒരു ശബ്ദമുണ്ടാക്കി. അതോടെ ആ കൂട്ടം ചിതറിയോടാന്‍ തുടങ്ങി. അപ്പോഴാണ് കാര്യം പിടികിട്ടിയത്,അതാ പൊന്തക്കാട്ടില്‍ ഒരു പുലി പതുങ്ങുന്നു. കൂട്ടത്തില്‍ വേഗം കുറഞ്ഞയാളുടെ പിറകെ അത് കുതിക്കുകയാണ്. അധികം വൈകിയില്ല, ആ കുരങ്ങുമനുഷ്യനെ പുലി വീഴ്ത്തി. പിന്നെ പൊന്തക്കാട്ടില്‍ നിന്ന് നെഞ്ചുപിളര്‍ക്കുന്ന നിലവിളിയാണ് കേട്ടത്. അത് നേര്‍ത്തുനേര്‍ത്ത് ഞെരക്കമായി, പിന്നെ എല്ലാമൊടുങ്ങി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ മുഖമാസകലം രക്തത്തില്‍ കുളിച്ച പുള്ളിപ്പുലി നാവു നീട്ടി മുഖം തുടച്ച് സംതൃപ്തിയോടെ കാട്ടിനുള്ളിലേക്ക് മടങ്ങി.
അങ്ങനെ ഇരപിടിച്ചും ഇരയായും മരപ്പൊത്തിലും മലമടക്കുകളിലുമുറങ്ങിയും കാട്ടുതീയെപ്പേടിച്ചും കായ്കനികള്‍ കഴിച്ചും കാണാപ്പേടികളെ വണങ്ങിയും ജീവിച്ച അവരാണ് ഇന്നത്തെ നമ്മള്‍. അതേ, നമ്മുടെ മുതു മുതു മുതുമുത്തച്ഛന്‍മാരും മുത്തശ്ശിമാരുമാണവര്‍. കല്ലു കൂര്‍പ്പിച്ച് കൊമ്പില്‍ കോര്‍ത്തു കുന്തമുണ്ടാക്കി ഇരപിടിച്ച അതേ ജീവികളുടെ ഇന്നത്തെ തലമുറയാണ് റോക്കറ്റുണ്ടാക്കി ചന്ദ്രനിലേക്കും ചൊവ്വയിലേക്കും വിട്ടുകൊണ്ടിരിക്കുന്നത്. അപ്പോള്‍ ഇതിനിടയില്‍ നമുക്ക് എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. അതെന്തായിരിക്കും ? മനുഷ്യര്‍ ആഫ്രിക്കയില്‍നിന്ന് പുറത്തിറങ്ങി ലോകമെമ്പാടും പടര്‍ന്നു. മഹാസംസ്‌കാരങ്ങള്‍ തീര്‍ത്തു. ലോകാത്ഭുതങ്ങള്‍ പണിതു. കൃഷിതുടങ്ങി, കുടുംബങ്ങളായി പലവഴി പിരിഞ്ഞു. അവരുടെ രൂപം ചിമ്പാന്‍സിയില്‍നിന്ന് മെര്‍ലിന്‍ മണ്‍റോയുടേയും മമ്മൂട്ടിയുടേയുമായി. പ്രകൃതി ദുരന്തങ്ങളെ നേരിട്ടു. മഹായുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കി. സൃഷ്ടിയോടൊപ്പം സംഹാരവും നടത്തി. അതിനായി പരമാണുവിനെ പിളര്‍ത്തിയും ചേര്‍ത്തും ആണവായുധമുണ്ടാക്കി. പിടിച്ചടക്കിയും പിടഞ്ഞൊടുങ്ങിയും പുലര്‍ന്നു. വന്‍വിപ്ലവങ്ങള്‍ നടത്തി സ്വയം നവീകരിച്ചു. പ്രകൃതിയൊളിപ്പിച്ച രഹസ്യങ്ങളുടെ പൊരുളറിഞ്ഞു. ആ ഊര്‍ജ്ജത്തില്‍ അവര്‍ ജൈത്രയാത്രതുടരുകയാണ്. അവന്റെ വളര്‍ച്ചയിലെ നിര്‍ണായക ഘട്ടങ്ങളോരോന്നും തേടി നമ്മളും യാത്ര തുടരുന്നു.
ആഫ്രിക്കയില്‍ നിന്ന് അവര്‍ വരുന്നു... ലോകം കീഴടക്കാന്‍
''നീയില്ലയെങ്കില്‍ ഉദിക്കില്ല സൂര്യന്‍
നീയില്ലയെങ്കില്‍ കറങ്ങില്ല ഭൂമി
നീയില്ലയെങ്കില്‍ ചലിക്കില്ല വിശ്വം
കടല്‍ കത്തിനില്‍ക്കി-
ല്ലുയര്‍ന്നാളിയാളിപ്പടര്‍ന്നാളിയാളി
ജ്വലിക്കില്ല വഹ്നി നീയില്ലയെങ്കില്‍
മനുഷ്യാ നീയില്ല നീയില്ല നീയില്ലയെങ്കില്‍
പറക്കില്ല പക്ഷി, പാടില്ല പക്ഷി...''(മര്‍ത്യപൂജ-അയ്യപ്പപ്പണിക്കര്‍)

By Daniel Naber - File:Yuval_Noah_Harari.jpg,
CC BY-SA 4.0,
https://commons.wikimedia.org/w/index.php?curid=71405651
മനുഷ്യന്റെ അപാരമായ സാധ്യതയെപ്പറ്റി എത്രപാടിയിട്ടും കവി അയ്യപ്പപ്പണിക്കര്‍ക്ക് മതിവരുന്നില്ല. കുറച്ച് അതിഭാവുകതയുണ്ടെങ്കിലും മനുഷ്യന്‍ സര്‍വശക്തനായി കഴിഞ്ഞെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാവാനിടയില്ല. എന്നാല്‍, ഈയവസ്ഥയിലേക്കുള്ള മനുഷ്യപരിണാമം കവിതപോലെ എളുപ്പമായിരുന്നില്ല. ഹോമോസാപിയന്‍സ് മാത്രമായിരുന്നില്ല അന്നത്തെ ഏക മനുഷ്യസ്പീഷീസ്. അവര്‍ക്ക് സമാന്തരമായി ഇത്തരം ആറ് സ്പീഷീസെങ്കിലും ഉണ്ടായിരുന്നതായി ലോകപ്രശസ്ത ചരിത്രകാരനും തത്വചിന്തകനുമായ യുവാല്‍നോവ ഹരാരി തന്റെ 'സാപിയന്‍സ്' എന്ന പുസ്തകത്തില്‍ പറയുന്നു. ഇവരൊന്നും മോശക്കാരുമായിരുന്നില്ല. പലരും തീയിനെ നിയന്ത്രിക്കാന്‍ പഠിച്ചിരുന്നു. മൂന്നു ലക്ഷം വര്‍ഷം മുമ്പുതന്നെ ഹോമോ എറക്ടസും നിയാണ്ടര്‍ത്താലുകളും പാചകത്തിനും മറ്റും തീയുപയോഗിച്ചതിന്റെ തെളിവുകളുമുണ്ട്. ഇന്ന് നമ്മള്‍ നിസ്സാരമായി ഒരു ബീഡി കത്തിക്കുമ്പോള്‍, കുഞ്ഞു സിഗാര്‍ലൈറ്ററിനുള്ളില്‍ തീയിനെ ഒളിപ്പിക്കുമ്പോള്‍, കത്തിയത് നിഷ്പ്രയാസം അണയ്ക്കുമ്പോള്‍ നമ്മളോര്‍ക്കണം, തീയെന്ന ഈ രാക്ഷസനെ മെരുക്കാന്‍ മനുഷ്യവര്‍ഗം ചെലവഴിച്ചത് ദശലക്ഷക്കണക്കിന് വര്‍ഷങ്ങളാണ്.
മനുഷ്യരുടെ തീക്കളി...
തീയില്ലാത്ത ലോകത്തെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ. അത് ഹോമോസാപിയന്‍സ് വസിച്ച കാടുകളേക്കാള്‍ ഒട്ടും ഭേദമാവാനിടയില്ല. പക്ഷേ, ഹോമോവിഭാഗങ്ങള്‍ക്ക് ആദ്യകാലത്ത് തീ ഒരു പേടിസ്വപ്‌നമായിരുന്നു. കാടിന് തീപ്പിടിച്ചാല്‍ അതില്‍കിടന്ന് വെന്തുചാവുകയല്ലാതെ വേറേയെന്ത് വഴി ? എത്ര കാതം ഓടി രക്ഷപ്പെടാനാവും. ഒരു തരത്തിലും തടയാനാവാത്ത, എവിടന്നുവന്നു എവിടേക്ക് പോയി എന്നറിയാനാവാത്ത ഏതോ ശക്തി. നോക്കിനില്‍ക്കുമ്പോള്‍ വളര്‍ന്നുവലുതാവുന്ന, എല്ലാം വിഴുങ്ങി ദഹിപ്പിക്കുന്ന ഒരു രാക്ഷസന്‍. എന്നാല്‍ പിന്നീട് അവര്‍ക്ക് മനസ്സിലായി, ബുദ്ധിപരമായി ഉപയോഗിച്ചാല്‍ ഈ രാക്ഷസന്‍ തങ്ങളുടെ ശത്രുവല്ല നല്ലൊരു മിത്രമാണെന്ന്. ആ അറിവ് ഒരു മഹാവിപ്ലവമായിരുന്നു.
ഹോമോ സാപിയന്‍സിന്റെ മുതുമുത്തച്ഛന്‍മാരും അന്നത്തെ മറ്റ് ഹോമോ വിഭാഗങ്ങളായിരുന്ന ഹോമോ ഇറക്ടസ്, നിയാണ്ടര്‍ത്താല്‍ വിഭാഗങ്ങളുമൊക്കെ തീ ഉപയോഗിച്ചിരുന്നു. കാടിനും പുല്‍മേടിനും തീയിട്ട് വെന്ത കാട്ടുഫലങ്ങളും കാട്ടുമൃഗങ്ങളേയും തിന്നപ്പോഴാണ് വ്യത്യസ്തമായ രുചി അവരറിയുന്നത്. അതോടെ ഭക്ഷണസംസ്‌കാരത്തില്‍ പുതിയൊരു വഴിത്തിരിവുണ്ടായി. കൂടുതല്‍ ഭക്ഷണം കഴിക്കാനും അതിനു വേണ്ടിവരുന്ന സമയം കുറയ്ക്കാനും പറ്റി. അവരുടെ ചെറിയ പല്ലും കുടലും സൗകര്യമായി ഉപയോഗിക്കാന്‍ വെന്ത ഭക്ഷണം സഹായിച്ചു. കുടല്‍നാളത്തിന്റെ നീളം കുറഞ്ഞതും തലച്ചോറിന്റെ വലിപ്പം കൂടിയതും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. തീയെ നിയന്ത്രിച്ച് ഉപയോഗിക്കാന്‍ കഴിഞ്ഞത് ഹോമോസാപിയന്‍സ് അടക്കമുള്ള ജീവികള്‍ക്ക് വലിയ ആധിപത്യമാണ് ജീവിലോകത്തുണ്ടാക്കിയത്. തങ്ങളെ ഭയപ്പെടുത്തിയിരുന്ന ഒരു മഹാശക്തിയെയാണ് അവര്‍ അധീനത്തിലാക്കിയത്. അതുപയോഗിച്ച് തങ്ങള്‍ക്ക് ഭീഷണിയായ ജീവികളെ ഭയപ്പെടുത്താനും കഴിഞ്ഞു.
മനുഷ്യരുടെ വികസിച്ച തലച്ചോറിനു പിന്നിൽ മാംസാഹാരത്തിന് വലിയ പങ്കുണ്ട്
അവിടെ തീര്‍ന്നില്ല തീക്കളി. മനുഷ്യന്റെ ശരീരഘടനയെപ്പോലും തീ സ്വാധീനിച്ചിട്ടുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ ? പാകം ചെയ്ത് കഴിക്കാന്‍ തുടങ്ങിയതോടെ കടിച്ചുകീറാനുള്ള തരം പല്ലുകളും വലിയ മാംസക്കഷ്ണങ്ങള്‍ വിഴുങ്ങാനുള്ള താടിയെല്ലുകളും അവന് ആവശ്യമില്ലാതായി. അതെല്ലാം ക്രമേണ ചെറുതായിക്കൊണ്ടിരുന്നു. അപ്പോഴും വലുതായിക്കൊണ്ടിരുന്ന മറ്റൊന്നുണ്ടായിരുന്നു, അതാണ് തലച്ചോര്‍. അവനേക്കാള്‍ ശക്തരായ മൃഗങ്ങളേയും പ്രകൃതിശക്തികളേയും നിയന്ത്രിക്കാനുള്ള കഴിവ് മനുഷ്യന് ലഭിച്ചത് ഈ സവിശേഷമായ തലച്ചോറു കൊണ്ടാണ്. ഈ തലച്ചോറിന് പിന്നില്‍ മാംസാഹാരത്തിന് കാര്യമായ പങ്കുണ്ടെന്നുപറഞ്ഞാല്‍ സസ്യാഹാരികള്‍ പിണങ്ങേണ്ട. തലച്ചോറിന്റെ വികാസത്തിന് പ്രധാന കാരണമായ ഒമേഗ 3 ഫാറ്റി ആസിഡിന്റേയും വിറ്റാമിന്‍ ബി 12 ന്റേയുമൊക്കെ സമൃദ്ധി മാംസാഹാരത്തില്‍ നിന്നാണ് നമുക്കുലഭിച്ചത്.
അങ്ങനെ സര്‍വസംഹാരിയായ തീയും സര്‍വശക്തമായ തലച്ചോറും സ്വായത്തമാക്കിയാണ് ഹോമോസാപിയന്‍സ് എന്ന മനുഷ്യവര്‍ഗം 70,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കന്‍ വനാന്തരങ്ങളില്‍നിന്ന് പുറത്തുവരുന്നത്. അത് ഒന്നൊന്നര വരവായിരുന്നു.
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹെന്റിക് വില്യം വാന്‍ലൂണ്‍ തന്റെ ' ദ സ്റ്റോറി ഓഫ് മാന്‍കൈന്‍ഡ്' എന്ന പ്രസിദ്ധമായ പുസ്തകത്തില്‍ പറയുന്നു- ''മനുഷ്യചരിത്രം ആഹാരം തേടുന്ന, വിശക്കുന്ന ഒരു ജീവിയെപ്പറ്റിയുള്ള രേഖയാണ്. എവിടെയൊക്കെ ആഹാരം ധാരാളം ലഭ്യമായിരുന്നോ അവിടെയൊക്കെ വാസഗൃഹം സ്ഥാപിക്കാനായി മനുഷ്യര്‍ യാത്ര ചെയ്തു.''
അതാണ് സത്യം. മനുഷ്യന്‍ എന്ന ജീവി അതിന്റെ ജന്മഗേഹമായ ആഫ്രിക്ക വിട്ട് പുറത്തിറങ്ങിയതിന്റെ പ്രധാന കാരണം ആഹാരം തന്നെയായിരുന്നു. ആദ്യം അറേബ്യന്‍ ഉപഭൂഖണ്ഡത്തിലേക്കും പിന്നെ യൂറോപ്പും ഏഷ്യയും ചേര്‍ന്ന യുറേഷ്യാ ഭൂഖണ്ഡത്തിലേക്കും അവര്‍ പടര്‍ന്നു. ഇതൊന്നും ഒരൊറ്റ വരവില്‍ സംഭവിച്ചല്ല, പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവന്നിട്ടുണ്ട്. ഈ പ്രയാണത്തിലാണ് യഥാര്‍ഥ സംഘര്‍ഷങ്ങളും സാഹസികതകളും സന്നിഗ്ധതകളുമെല്ലാം ഹോമോസാപിയന്‍മാര്‍ അനുഭവിച്ചത്. അതത് സ്ഥലങ്ങളിലെ മറ്റ് മനുഷ്യവര്‍ഗങ്ങളായ നിയാണ്ടര്‍ത്താല്‍, ഹോമോ എറക്ടസ്, ഡെനിസോവന്‍ തുടങ്ങിയവയുമായൊക്കെ കലര്‍ന്നും കലഹിച്ചും അവര്‍ക്ക് ജീവിക്കേണ്ടിവന്നു. അവര്‍ക്കിടയിലെ സുന്ദരികളും സുന്ദരന്‍മാരും തമ്മില്‍ പ്രണയിച്ചിട്ടുണ്ടാകുമോ ? ഉണ്ടാകാം. പ്രണയനൈരാശ്യങ്ങളുമുണ്ടായിരിക്കണം. ഒളിച്ചോടിയിട്ടുണ്ടാവാം. ദുരഭിമാനക്കൊലകളും ഗോത്രയുദ്ധങ്ങളും നടന്നിരിക്കാം. ഒന്നും നമുക്ക് ഇന്നും വ്യക്തമായി അറിയില്ല. പക്ഷേ ഒന്നറിയാം, വ്യത്യസ്ത സ്പീഷീസുകളായിരുന്നെങ്കിലും ഏതോ ഘട്ടത്തില്‍ അവര്‍ക്ക് ഒന്നിക്കാന്‍ കഴിഞ്ഞിരുന്നു. അതിന്റെ ഫലമായി നാലുശതമാനത്തോളം നിയാണ്ടര്‍ത്താല്‍ ജീനുകളും ഒരുശതമാനത്തോളം ഡെനിസോവന്‍ ജീനുകളും ആധുനിക മനുഷ്യരില്‍ കണ്ടെത്തിയിട്ടുണ്ട്.

മാറ്റം കാണിക്കുന്ന ചിത്രം |By Carolyn WIlczynski - Own work, CC BY 4.0, https://commons.wikimedia.org/w/index.php?curid=64048615
നശിപ്പിക്കാന്‍ വന്നവര്‍...
വന്നു കേറിയേടം മുഴുവന്‍ നാശം വിതച്ചു എന്നൊരു ചീത്തപ്പേര് പതിനായിരക്കണക്കിന് വര്‍ഷം മുമ്പുതന്നെ നമുക്കുണ്ടായിരുന്നു. അത് വെറുതെ കിട്ടിയതല്ല, ബാക്കിയുള്ള മനുഷ്യവര്‍ഗങ്ങളെ മുഴുവന്‍ അറിഞ്ഞോ അറിയാതെയോ ഹോമോസാപിയന്‍സ് ഇല്ലാതാക്കി. 30,000 വര്‍ഷം മുമ്പ് നിയാണ്ടര്‍ത്താല്‍, ഡെനിസോവന്‍ വിഭാഗങ്ങള്‍ പൂര്‍ണമായും ഭൂമിയില്‍നിന്ന് അപ്രത്യക്ഷമായി. ഹോമോസാപിയന്‍സിനേക്കാള്‍ ശരീരബലമുള്ളവരായിരുന്നു നിയാണ്ടര്‍ത്താലുകള്‍ എന്നോര്‍ക്കണം. എന്നിട്ടും അവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. അന്നു തുടങ്ങിയ പിടിച്ചടക്കലിന്റെ ചരിത്രം അവര്‍ നിര്‍ത്താതെ തുടര്‍ന്നു. അപാരശേഷിയുള്ള തലച്ചോറായിരുന്നു പ്രധാന ആയുധം. ലോകത്തിന്റെ മുക്കിലും മൂലയിലും അവന്‍ പടര്‍ന്നു. 45,000 വര്‍ഷം മുമ്പ് കടല്‍കടന്ന് ആസ്‌ട്രേലിയയിലുമെത്തി. തുടര്‍ന്ന് മറ്റിടങ്ങളിലേക്കും.
ഈയവസരത്തിലാണ് നമ്മള്‍ മറ്റൊരു രസകരമായ സംഭവം ഓര്‍ക്കേണ്ടത്. കടല്‍ കടന്ന് യാത്ര ചെയ്തതിന്റെ പേരില്‍ മതവിരോധം അനുഭവിക്കേണ്ടി വന്നവരുണ്ടായിരുന്നു നമ്മുടെ നാട്ടില്‍. മഹാത്മാ ഗാന്ധി, വിവേകാനന്ദന്‍, മഹാകവി ടാഗോര്‍, രാമാനുജന്‍ തുടങ്ങി കുറേ പേര്‍. ഇങ്ങ് കേരളത്തിലുമുണ്ടായി കടല്‍ കടന്നതിന്റെ പേരില്‍ വിലക്ക്. അതിന് ഇരയായത് പ്രസിദ്ധ കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയായിരുന്നു. ഒരു ക്ഷേത്രത്തില്‍ പൂജാരിയായിരുന്ന കവിക്ക് ലണ്ടനില്‍പോയി തിരിച്ചു വന്നപ്പോള്‍ വീണ്ടും ക്ഷേത്രത്തില്‍ കടക്കാന്‍ ശുദ്ധികര്‍മം നടത്തേണ്ടിവന്നു. എത്രയൊക്കെ മസ്തിഷ്‌കം വളര്‍ന്നാലും ചില കാര്യങ്ങളില്‍ നമ്മള്‍ പഴയ ഹോമോസാപിയന്‍സിനേക്കാള്‍ പിന്നിലാണെന്നര്‍ത്ഥം. നമ്മള്‍ വന്ന വഴികള്‍ ഇടക്കൊന്ന് ഓര്‍മിച്ചാല്‍ ഒരുപാട് കോമാളിത്തരങ്ങള്‍ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാനാവും.
നമ്മുടെയാളുകള്‍ക്ക് മാത്രമല്ല നമ്മള്‍ പണികൊടുത്തത്. സഹമനുഷ്യവര്‍ഗ്ഗങ്ങളോടൊപ്പം മറ്റു ജീവികളേയും നമ്മള്‍ ഉന്‍മൂലനാശം വരുത്തിയതായി നരവംശ ശാസ്ത്രജ്ഞര്‍ പറയുന്നു. മനുഷ്യവേട്ടയില്‍ ഇല്ലാതായ ജീവിവര്‍ഗ്ഗങ്ങളുടെ പട്ടിക ഞെട്ടിക്കുന്നതാണ്. ഭീമാകാര ആനവര്‍ഗമായ മാമത്ത് മുതല്‍ ജയന്റ് ലഗൂര്‍, കൂറ്റന്‍ എലികള്‍, വമ്പന്‍ സഞ്ചിമൃഗമായ ഡിപ്രോടോഡോണ്‍, ഭീമന്‍ പക്ഷികള്‍, മര്‍സുപിയല്‍... അങ്ങനെ അത് നീളും. ഇവയുടെ നാശം ഇവയെ ആശ്രയിച്ചിരുന്ന മറ്റു ജീവിവര്‍ഗങ്ങളുടേയും നാശത്തിന് കാരണമായി. ശക്തിയല്ല, സവിശേഷ ബുദ്ധിതന്നെയാണ് ഈ കൂട്ടക്കുരുതിക്ക് മനുഷ്യനെ പ്രാപ്തനാക്കിയത്. അങ്ങനെ ചങ്ങമ്പുഴ പറഞ്ഞതുപോലെ, സ്രഷ്ടാവിനെപ്പോലും ഭയപ്പെടുത്തുന്ന സൃഷ്ടിയായി അവന്‍ വളര്‍ന്നു. ഈ വേട്ടക്കാരന്റെ മനസ്സ് ആധുനികമനുഷ്യനായിട്ടും നമ്മെ വിട്ടുപോയിട്ടില്ല. അത് തുടര്‍ന്നുള്ള കാലങ്ങളില്‍ നമ്മള്‍ തെളിയിച്ചു. നമ്മുടെ തലച്ചോറും മനസ്സുമെല്ലാം വേട്ടക്കും ശേഖരണത്തിനും ഉതകുന്ന രീതിയില്‍ പരിണമിച്ചതാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
( അടുത്ത ലക്കത്തിൽ: ആംഗ്യത്തിൽനിന്ന് ഭാഷയിലേയ്ക്ക്, വേട്ടയിൽ നിന്ന് കൃഷിയിലേക്ക്.. പ്രയാണം തുടരുകയാണ് )
Content Highlights: nammalangane nammalayi,social, homosapinens, human history in malayalam, renaissance movement
Published: 23 Aug 2023, 03:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented