''ശോഭേ... ഞാനൊരു വികാരജീവിയാണ്''...
നടന്‍ കെ.പി. ഉമ്മറിന്റെ അരനൂറ്റാണ്ടെങ്കിലും പഴക്കമുള്ള  ഡയലോഗ്. ഇന്നും നമ്മുടെ നര്‍മഭാഷണങ്ങള്‍ക്കിടയില്‍ ഈ ഡയലോഗ് കടന്നുവരാറുണ്ട്. ട്രോളൻമാരും ഇതിനെ വെറുതേ വിടാറില്ല. എന്നാല്‍ ഉമ്മര്‍ പറഞ്ഞത് ഒരു നരവംശശാസ്ത്ര വസ്തുത കൂടിയാണെന്ന കാര്യം എത്രപേര്‍ക്കറിയാം ? അതെ, വല്ലാത്ത വികാരജീവികള്‍ തന്നെയാണ് മനുഷ്യര്‍. തലച്ചോറിന്റെ സവിശേഷമായ സാധ്യതകള്‍ കൊണ്ട് വളരെ വ്യത്യസ്തമായ വികാരങ്ങള്‍ ഇതരജീവികളേക്കാള്‍ കൂടിയ അളവില്‍ വിവേചനത്തോടെ ഉപയോഗിക്കാന്‍ മനുഷ്യന് സാധിക്കുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ ഈ സമ്മിശ്രവികാരങ്ങളുടെ വിദഗ്ധമായ സംഘാടനമാണ് ഹോമോസാപിയന്‍സിനെ ഇന്നത്തെ നിലയില്‍ അതിജീവിക്കാന്‍ പ്രാപ്തനാക്കിയത്. ചങ്ങമ്പുഴ മനുഷ്യനെക്കുറിച്ചെഴുതിയ ഒരു കവിതയില്‍
'' ചെന്നായ,ചീങ്കണ്ണി, പോത്ത് ചീറ്റപ്പുലി പന്നി പാമ്പോന്തൊക്കെയുണ്ടവനില്‍
സ്രഷ്ടാവുപോലും ഭയംമൂലമായിടാം വിട്ടുകൊടുത്തതവന് വിശ്വം ''
എന്നു പറയുന്നുണ്ട്. ഒരുതരത്തില്‍ അത് സത്യമാണ്. വിവിധ ജീവികളുടെ സ്വഭാവം അതുപോലെയോ സംസ്‌കരിക്കപ്പെട്ടോ മനുഷ്യനിലുണ്ട്. മറ്റു ജീവികളിലുള്ളതും ഇല്ലാത്തതുമായ ചിന്തകളും വികാരങ്ങളും മൂല്യങ്ങളും നമ്മള്‍ ചുമക്കുന്നു. അതിന്റെ ഏറ്റക്കുറച്ചിലുകളാണ് നമ്മളെ നമ്മളാക്കിയത്. ആത്മബോധം, ഭയം,വെറുപ്പ്, അറപ്പ്, അസൂയ, സഹാനുഭൂതി... തുടങ്ങി ഒട്ടനേകം വികാരങ്ങള്‍. മിക്ക വികാരങ്ങളും മൂല്യങ്ങളും നമ്മള്‍ സമൂഹത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ മാത്രം പ്രവര്‍ത്തനക്ഷമമാവുന്നവയുമാണ്. അതെ, നമ്മളെ സാമൂഹികജീവിയായ നമ്മളാക്കിയ ചില ചിന്തകളേയും വികാരങ്ങളേയും കുറിച്ചാണ് പറയുന്നത്.

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ: https://mbi.page.link/mbes

ആത്മാവിനെ വിളിച്ചുവരുത്തിയാലോ..

''ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍പീലി പിടഞ്ഞു'' എന്നു സങ്കല്‍പിക്കാന്‍ കൈതപ്രത്തിന് കഴിഞ്ഞത് അദ്ദേഹം മനുഷ്യനായതുകൊണ്ടാണ്. ആത്മാവിനെക്കുറിച്ചുള്ള ചിന്തയുള്ള ഒരേയൊരു ജീവിയാണ് മനുഷ്യന്‍. അതായത്, അവനു മാത്രമാണ് ഇക്കാണുന്ന ശരീരത്തിനപ്പുറം മറ്റെന്തോ കൂടി സ്വന്തം ഉള്ളിലുണ്ടെന്ന് തോന്നിയിട്ടുള്ളത്. എന്തായിരിക്കും അതിനുകാരണം ? വേറൊന്നുമല്ല, ഈ ശരീരം കാണെക്കാണെ നശിച്ചുപോകുന്നത് അവന്‍ കാണുന്നു. ഈ സുന്ദരലോകം, അവിടെ ആഘോഷിച്ചകാലം, സന്തുഷ്ടകുടുംബം, വാരിക്കൂട്ടിയ നേട്ടങ്ങള്‍... ഇതെല്ലാം ഒരുനിമിഷം കൊണ്ട് ഇവിടെ ഉപേക്ഷിച്ചുപോകാനുള്ളതാണെന്ന് ചിന്തിക്കാന്‍ പോലും അവന് കഴിയില്ല. അതംഗീകരിക്കാന്‍ അവന്റെ തലച്ചോര്‍ ഒരുക്കവുമല്ല. അപ്പോള്‍പ്പിന്നെ ആ പ്രശ്നത്തെ സര്‍ഗ്ഗാത്മകമായി പരിഹരിക്കാന്‍ നല്ലത്, നമ്മുടെ ഉള്ളില്‍ ഒരിക്കലും മരിക്കാത്ത ഒരു 'നമ്മള്‍' ഉണ്ടെന്ന് വിശ്വസിക്കുകയാണ്. മരിച്ചുകഴിഞ്ഞാലും ആ 'നമ്മള്‍' മറ്റൊരു സുന്ദര ലോകത്ത് ശാശ്വതമായി ജീവിക്കുമെന്ന് കരുതുന്നതിനേക്കാള്‍ ആശ്വാസവും ആത്മവിശ്വാസവും സമാധാനവും നല്‍കുന്ന മറ്റെന്താണുള്ളത് ?  

placeholder
AI image

അതുതന്നെയാണ് ആത്മാവ് എന്ന ചിന്തക്കും അഹം - ആത്മ ബോധങ്ങള്‍ക്കും അടിസ്ഥാനം. ആത്മബോധം തലച്ചോറിന്റെ അല്‍പംകൂടി വികസിച്ച അവസ്ഥയുടെ ഫലമാണ്. നമ്മള്‍ നമ്മളെ തിരിച്ചറിയുന്ന അവസ്ഥ. പട്ടിയും പൂച്ചയുമെല്ലാം കണ്ണാടിയിലെ പ്രതിബിംബത്തോട് പ്രതിയോഗിയോടെന്നപോലെ പ്രതികരിക്കുന്നത് നമ്മള്‍ കാണാറുണ്ട്. പക്ഷേ നമുക്ക് ആ അബദ്ധം പറ്റാറില്ല. കാരണം അത് നമ്മളാണെന്ന് നമുക്കറിയാം. ആ നമ്മുടെ ഉള്ളില്‍ മറ്റൊരു 'നമ്മള്‍' കൂടിയുണ്ടെന്ന് കരുതുമ്പോഴേക്ക് അത് ആത്മീയതയായി. ഇതൊക്കെ പ്രാഥമിക മസ്തിഷ്‌കത്തേക്കാള്‍ വികസിച്ച നാഡീബന്ധങ്ങളുള്ള ജീവിക്ക് മാത്രം സാധ്യമാവുന്ന കാര്യങ്ങളാണ്.

മനുഷ്യനെ മറ്റു ജീവികളേക്കാള്‍ ഉയര്‍ന്നു ചിന്തിക്കാന്‍ പ്രാപ്തനാക്കിയത് ആത്മ-അഹം ബോധമാണ്.  

ഈ അഹം-ആത്മ ബോധം തലക്ക് ഒരു അടികിട്ടുന്നതുവരെ മാത്രമേയുള്ളൂ എന്നതാണ് രസകരം.  തലച്ചോറിലെ നാഡീബന്ധങ്ങള്‍ക്ക് പരിക്കോ അവിടത്തെ രാസഘടനക്ക് തകരാറോ സംഭവിച്ചാല്‍ നമ്മള്‍ നമ്മളേ അല്ലാതായി. അവനവനെപ്പോലും തിരിച്ചറിയാന്‍ കഴിയാതെ ജീവിച്ചിരിക്കുന്ന ജഡമായി നമ്മള്‍ മാറും. അപ്പോള്‍ നമ്മുടെ ആത്മാവിന് എന്തു സംഭവിക്കുന്നു ? അതായത് ഇത്രയേയുള്ളൂ, ആത്മാവും അഹംബോധവുമെല്ലാം ന്യൂറോണുകളുടെ പ്രവര്‍ത്തനത്തിന്റെ ഫലം മാത്രമാണ്. എന്നിട്ടും ഈ ആത്മാവിനെ വെച്ച് നമ്മള്‍ എന്തെല്ലാം കച്ചവടങ്ങള്‍ നടത്തി വിജയിച്ചിരിക്കുന്നു. എത്രയെത്ര ആത്മാക്കളെ നമ്മുടെ മന്ത്രവാദികളും സിദ്ധന്‍മാരും ഉച്ചാടനം ചെയ്തിരിക്കുന്നു. എത്രയെത്ര ആത്മാക്കളെ ഓജോ ബോര്‍ഡ് വഴി നമ്മള്‍ വിളിച്ചുവരുത്തിയിരിക്കുന്നു..!

പേടിത്തൊണ്ടനായത് എത്ര നന്നായി..

ആയുധവുമായെത്തിയ അക്രമി നമ്മുടെ വീടിനു മുന്നില്‍ വന്ന് ''ധൈര്യമുണ്ടെങ്കില്‍ ഇറങ്ങിവാടാ..'' എന്ന് വെല്ലുവിളിച്ചാല്‍ നിങ്ങള്‍ ഇറങ്ങിച്ചെല്ലുമോ?  അപ്പഴത്തെ ആവേശത്തില്‍ ചിലപ്പോള്‍ ഇറങ്ങാന്‍ ചുവടുവെക്കുമ്പോഴേക്കും ഉള്ളില്‍ ഒരു ചെറിയ മിന്നല്‍ വരും. അത് അപകടമാണെന്ന് നിങ്ങളുടെ മനസ്സ് നിങ്ങളോട് പറയും. അല്‍പം നാണം കെട്ടാലും വേണ്ടില്ല പുറത്തിറങ്ങാത്തതാണ് നല്ലതെന്ന് നിങ്ങള്‍ തീരുമാനിക്കും. അപ്പോള്‍ നിങ്ങള്‍ ഭീരുവാണോ..?ലജ്ജിക്കാതെത്തന്നെ അഭിമാനത്തോടെ പറയാം, പരിണാമപരമായിത്തന്നെ നമ്മള്‍ പേടിത്തൊണ്ടന്‍മാരാണ്. നമ്മള്‍ മാത്രമല്ല, നമ്മുടെ പൂര്‍വികരും ഭീരുക്കളായിരുന്നു. അതുകൊണ്ടാണ് നമ്മളൊക്കെ ഇതുപറയാന്‍ ജീവിച്ചിരിക്കുന്നത്. വലിയ ധൈര്യം കാണിച്ച മണ്ടന്‍കാരണവന്‍മാരൊക്കെ നേരത്തേത്തന്നെ മണ്ണടിഞ്ഞുകഴിഞ്ഞു.

placeholder

ഭയം (fear) ഒരു ജീവിയുടെ അതിജീവനത്തിന് അവശ്യം വേണ്ട ഗുണമാണ്. പൊരുതി ജയിക്കുക അല്ലെങ്കില്‍ ജീവന്‍ വെടിയുക, അതുമല്ലെങ്കില്‍ ഓടിരക്ഷപ്പെടുക. ഇവയായിരുന്നു കാട്ടില്‍ താമസിച്ചിരുന്ന കാലത്ത് ഹോമോസാപിയന്‍സിന്റെ സാധ്യതകള്‍. പൊന്തയില്‍ ആരോ പതുങ്ങുന്നുണ്ടെന്ന് തോന്നിയാല്‍ അതാരാണെന്ന് പോയിനോക്കുന്നതല്ല, അവിടെനിന്ന് മാറിനില്‍ക്കുന്നതാണ് അതിജീവനത്തിന് നല്ലതെന്ന് നമ്മുടെ പൂര്‍വികര്‍ക്ക് അറിയാമായിരുന്നു. ധൈര്യസമേതം അവിടെ പോയിനോക്കാന്‍ ശ്രമിച്ചവരില്‍ ഭൂരിപക്ഷവും ഏതെങ്കിലും ഇരപിടിയന്റെ പല്ലില്‍ തീര്‍ന്നിട്ടുണ്ടാവും. ഭയന്ന് മാറിനിന്നവരുടെ പിന്‍മുറക്കാരാണ് നമ്മള്‍. അതുകൊണ്ടാണ് അരണ്ട വെളിച്ചത്തില്‍ വഴിയില്‍ ഒരു കയര്‍ വളഞ്ഞുപുളഞ്ഞു കിടക്കുന്നതു കണ്ടാലും നമ്മുടെ മസ്തിഷ്‌കം ഒരു പാമ്പിന്റെ ഓര്‍മ നമുക്ക് നല്‍കുന്നത്.

ഭീകരനായ ഒരു വേട്ടമൃഗവുമായി ഏറ്റുമുട്ടി രക്ഷപ്പെട്ടാല്‍ അടുത്തതവണ അത്തരമൊരു ഏറ്റുമുട്ടല്‍ പരമാവധി ഒഴിവാക്കുക എന്നത് ഭയത്തില്‍ നിന്ന് നമ്മള്‍ പഠിക്കുന്ന ഒരു പാഠംകൂടിയാണ്. ഭീഷണിയുയരുന്ന സാഹചര്യത്തില്‍ നിന്നു രക്ഷപ്പെടാനുള്ള ശാരീരികാവസ്ഥയും ഭയം നമുക്ക് നല്‍കുന്നുണ്ട്. നമ്മുടെ ഹൃദയതാളം ദ്രുതമാക്കും, ജാഗ്രതയെ വര്‍ധിപ്പിക്കും, അഡ്രിനാലിന്റെ ഒഴുക്ക് കൂട്ടും. ഇതെല്ലാം നമ്മെ ഒരു പ്രതിസന്ധിയെ തരണം ചെയ്യാന്‍ പ്രാപ്തരാക്കും. ഇതിനെല്ലാമുപരിയായി ഒരു സമൂഹജീവിയായി തുടരാന്‍ നമ്മെ പ്രേരിപ്പിച്ചത് പേടിയാണ്. നമുക്കു ഭീഷണിയായതിനെതിരായ ഒരു കൂട്ടായ്മയെ വികസിപ്പിക്കാന്‍ പേടി കാരണമായി. കൂട്ടമായി നേരിടാനുള്ള സംഘബോധം ഉണ്ടാക്കിയത് പേടിയാണ്. ആ സംഘബോധവും സാമൂഹികബോധവുമാണ് പിന്നീട് ഗോത്രങ്ങളേയും മതങ്ങളേയുമൊക്കെ സൃഷ്ടിച്ചത്. പേടി പരിണാമപരമായിത്തന്നെ നമ്മുടെ നിലനില്‍പിനേയും വികാസത്തേയുമൊക്കെ സഹായിച്ചിട്ടുണ്ട്.

ആരെങ്കിലും നിങ്ങളെ പേടിത്തൂറിയെന്നു വിളിച്ചാല്‍, അഭിമാനത്തോടെ പറയുക, 'അതെ,ഞാന്‍ പേടിത്തൂറിയാണ്. അതുകൊണ്ടാണ് ഇപ്പോഴും ജീവിക്കുന്നത്' .

പാമ്പിറച്ചിയോ, കേട്ടിട്ടുതന്നെ അറയ്ക്കുന്നു...

അറിയാതെ ചാണകം ചവിട്ടിയാല്‍, കോഴിക്കാഷ്ടം ദേഹത്തായാല്‍, പാമ്പിനേയോ പട്ടിയേയോ തിന്നുന്ന രംഗം കണ്ടാല്‍ ഒക്കെ നമ്മുടെ ഉള്ളില്‍ നിന്ന് നുരഞ്ഞുകയറുന്ന ഒരു വികാരമുണ്ട്, അതാണ് അറപ്പ്(disgust). എന്നാല്‍ അറപ്പിനോട് അത്ര അറപ്പ് വേണ്ട കേട്ടോ. ആ വികാരമുണ്ടായിരുന്നില്ലെങ്കില്‍ മനുഷ്യകുലം ഇന്നത്തെ അവസ്ഥയിലാവുമായിരുന്നില്ല. ഒരുപക്ഷേ മനുഷ്യന്റെ നിലനില്‍പുപോലും പ്രതിസന്ധിയിലാവുമായിരുന്നു.

എന്തിനാണ് നമുക്ക് അറപ്പ് ?  മറ്റുജീവികള്‍ക്ക് പലതിനും ഈ വികാരം കാണാന്‍ കഴിയില്ല. അവര്‍ ഇഷ്ടക്കേട് പ്രകടിപ്പിക്കുമെങ്കിലും അറപ്പ് കാണിക്കുന്നതായി കാണാറില്ല. അപ്പോള്‍ അത് രണ്ടും രണ്ടാണ്. മലം, വൃത്തിയില്ലാത്ത പരിസരം, ചീഞ്ഞ ഭക്ഷണം എന്നിവയില്‍ നിന്നൊക്കെ നാം മാറിനില്‍ക്കുന്നത് ഈ അറപ്പുകാരണമാണ്. ഇതിലെല്ലാം പുളഞ്ഞു ജീവിക്കുന്ന, ഭക്ഷണമാക്കുന്ന ജീവികളെ നമുക്കറിയാം. അവര്‍ക്കൊന്നും അവയോട് അറപ്പില്ല. അത് തിന്നതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പവുമില്ല. എന്നാല്‍ നമ്മുടെ സ്ഥിതി അതല്ല. മേല്‍പറഞ്ഞ സാഹചര്യങ്ങളെല്ലാം നമുക്ക് ഗുരുതരമായ രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതാണ്. അപ്പോള്‍ അതില്‍ നിന്ന് മാറിനില്‍ക്കാന്‍ അറപ്പ് എന്ന വികാരം നമ്മെ സഹായിക്കുന്നു.

രോഗാണുക്കള്‍ക്ക് മനുഷ്യകുലത്തെ മുച്ചൂടും മുടിക്കാന്‍ ഇതുവരെ കഴിയാതിരുന്നതില്‍ നമ്മുടെ അറപ്പിന് നല്ല പങ്കുണ്ട്.

പുതിയകാലത്തുപോലും അണുബാധകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ഈ അറപ്പ് നമ്മെ സഹായിക്കുന്നുണ്ട്.  റോഡില്‍ തുപ്പുന്നതുകണ്ടാല്‍ പോലും നമുക്ക് അറപ്പാണ്. എങ്കിലും നമ്മള്‍ അത് ആവര്‍ത്തിക്കുന്നുവെന്നത് വേറേ കാര്യം. മനുഷ്യര്‍ക്ക് തമ്മില്‍ത്തന്നെ വിയര്‍പ്പ്, മറ്റു ശരീരസ്രവങ്ങള്‍ എന്നിവയോട് അറപ്പുണ്ട്. അത് നമ്മെ കുറേക്കൂടി ശുചിത്വത്തോടെ ജീവിക്കാനും വൃത്തിയില്ലാത്തവരെ അകറ്റിനിര്‍ത്താനും പ്രേരിപ്പിക്കുന്നു. അടിസ്ഥാനപരമായി, ഏതെങ്കിലും രോഗാണുക്കള്‍ക്ക് മനുഷ്യകുലത്തെ മുച്ചൂടും മുടിക്കാന്‍ ഇതുവരെ കഴിയാതിരുന്നതില്‍ നമ്മുടെ അറപ്പിന് നല്ല പങ്കുണ്ട്. അതോടൊപ്പം നമ്മുടെ സാമൂഹികബോധ നിര്‍മിതിയിലും അറപ്പിന് സ്വാധീനമുണ്ട്. ചെയ്യാന്‍പാടില്ലാത്തത് ചെയ്യുന്നതിലും ഈ അറപ്പ് പ്രവര്‍ത്തിക്കുന്നു. ഉദാഹരണം, മാതാപിതാക്കളുമായോ സഹോദരങ്ങളുമായോ ഉള്ള ലൈംഗികബന്ധം

അയ്യോ പാവം, ഒന്നു സഹായിച്ചേക്കാം...

വഴിയില്‍ വയ്യാതെ വീണുകിടക്കുന്ന ഒരാള്‍, അല്ലെങ്കില്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന കാഴ്ചയില്ലാത്ത ഒരാള്‍.. അവരെ ഒന്നു സഹായിച്ചേക്കാം എന്ന് നമുക്ക് തോന്നുന്നത് എന്തുകൊണ്ടാവാം ? ഏതെങ്കിലും ദൈവം എന്തെങ്കിലും അനുഗ്രഹം തരുമെന്ന് കരുതിയതുകൊണ്ടല്ലതന്നെ. അങ്ങനെയൊരു ജൈവികചോദന പരിണാമപരമായിത്തന്നെ നമുക്കുള്ളിലുണ്ട്.  സഹാനുഭൂതിയില്ലാതെ ഹോമോസാപിയന്‍സിന് ഈയൊരു സാമൂഹികാവസ്ഥയിലേക്ക് വികസിക്കാനാവില്ല. എന്തെങ്കിലും അനുഗ്രഹം പ്രതീക്ഷിച്ചാണ് ഇതു ചെയ്യുന്നതെങ്കില്‍ അത് നമ്മുടെ ഉള്ളിലുള്ള  സ്വാഭാവിക നന്‍മയെ അപമാനിക്കലാണ്.

ഈ കാരുണ്യത്തിനു പിന്നില്‍ ഒരു ഭയം ഒളിച്ചിരിപ്പുണ്ട് എന്നാണ് പ്ലേറ്റോ പറയുന്നത്. അതായത് ഇന്ന് അയാള്‍ക്കുണ്ടായ അവസ്ഥ നാളെ നമുക്കുണ്ടായാലോ എന്ന ഭയത്തിന്റെ ഒരു ഉപോത്പന്നംകൂടിയാണ് കരുണ.  ഇതുരണ്ടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ദുരന്തനാടകങ്ങളെക്കുറിച്ചു പറയുമ്പോള്‍ പ്ലേറ്റോ വിശദീകരിക്കുന്നുണ്ട്.

ഇതുമാത്രമാണോ മനുഷ്യരുടെ ഉള്ളിലെ സഹാനുഭൂതിക്ക് കാരണം, അല്ലേയല്ല. അതിന് ശരീരശാസ്ത്രപരമായും കാരണങ്ങളുണ്ട്. തലച്ചോറിലെ ദര്‍പ്പണനാഡീകോശങ്ങള്‍( Mirror neurons)
 ഇക്കാര്യത്തില്‍ വലിയൊരു പങ്കുവഹിക്കുന്നു. നമുക്ക് മറ്റൊരാളെ മനസ്സിലാവാന്‍, അവരുടെ മാനസികാവസ്ഥ ഉള്‍ക്കൊള്ളാന്‍, അവരെ അനുകരിക്കാന്‍ ഒക്കെ സാധിക്കുന്നത് ഈ ദര്‍പ്പണനാഡീകോശങ്ങളുടെ പ്രവര്‍ത്തനഫലമായാണ്. ഒരാളുടെ ധര്‍മസങ്കടം അയാളുടെ ഭാവത്തില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നുമൊക്കെ മനസ്സിലാക്കി അയാള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ നമ്മെ സഹായിക്കുന്നത് ഈ നാഡികളുടെ പ്രവര്‍ത്തനമാണ്. ഈ ഐക്യദാര്‍ഢ്യമാണ് നമ്മളെ കെട്ടുറപ്പുള്ള ഒരു സമൂഹമായി നിലനിര്‍ത്താന്‍ വേണ്ട പശിമനല്‍കുന്നത്.  സാമൂഹികബന്ധങ്ങളില്‍  ദൃഢതയുണ്ടാക്കാന്‍ സഹാനുഭൂതിക്ക് വലിയതോതില്‍ കഴിയും.  കരുത്തരുടെ അതിജീവനം(survival of the fittest) എന്ന പ്രകൃതിനിയമത്തെ മറികടന്ന് എന്തുപോരായ്മയുള്ളവരായാലും അവരെ ചേര്‍ത്തുപിടിച്ച് അതിജീവിക്കാന്‍ മനുഷ്യകുലത്തെ സഹായിച്ചത് സഹാനുഭൂതി എന്ന വികാരമാണ്. മറ്റുള്ളവരുടെ കണ്ണിലൂടെ കാര്യങ്ങളെ നോക്കിക്കാണാന്‍ കഴിയുക എന്നത് ഒരു ചെറിയകാര്യമല്ല. മനുഷ്യരില്‍ സാമൂഹികമായ കെട്ടുറപ്പുണ്ടാക്കാനും രക്ഷാകര്‍ത്തൃധര്‍മം അനുഷ്ഠിക്കാനും പ്രതിസന്ധികളെ സംഘം ചേര്‍ന്ന് നേരിടാനുമൊക്കെ ഈ ശേഷി പ്രയോജനപ്പെട്ടിട്ടുണ്ട്.

രുചിയുടെ ആനന്ദസാമ്രാജ്യം...

മനുഷ്യരെപ്പോലെ ഇങ്ങനെ ആസ്വദിച്ചുഭക്ഷണം കഴിക്കുന്ന ജീവികള്‍ വേറേയില്ല. പലചേരുവകള്‍ ചേര്‍ത്ത് എന്തെല്ലാം വിഭവങ്ങളാണ്, അതു കഴിക്കാന്‍ എന്തെല്ലാം കേന്ദ്രങ്ങളാണ് നമ്മള്‍ ഒരുക്കിയിരിക്കുന്നത്. രുചിയെന്ന അനുഭവം ഇത്രയും ആഘോഷിക്കാന്‍ മറ്റുജീവികള്‍ക്ക് ശേഷിയില്ല. ഹോമോസാപിയന്‍സ് പലഘട്ടത്തില്‍ പരിണാമപരമായി നേടിയെടുത്തതാണ് ഈ രുചിസാമ്രാജ്യമെന്ന് ചുരുക്കം.

മറ്റുജീവികള്‍ക്ക് അനുഭവിക്കാവുന്നതിലുമധികം രുചിയെ സ്വീകരിക്കാനുള്ള സെന്‍സറുകള്‍ നാവിലും അതിനെ തിരിച്ചറിയാനുള്ള കേന്ദ്രങ്ങള്‍ തലച്ചോറിലുമുള്ളതാണ് മനുഷ്യന്റെ അനുഗ്രഹം. നമ്മുടെ നാവില്‍ 2000 മുതല്‍ 8000 വരെ രുചിമുകുളങ്ങളും ലക്ഷക്കണക്കിന് രുചികോശങ്ങളുമുണ്ട്. അടിസ്ഥാനപരമായി അഞ്ച് രുചികളാണ് നമ്മള്‍ തിരിച്ചറിയുന്നത്, അത് മധുരം, ഉപ്പ്, പുളി, കയ്പ്പ്, ഉമാമി(വെന്ത മാംസത്തിന്റെരുചി) എന്നിവയാണ്. ബാക്കിയെല്ലാം ഇതിന്റെ വകഭേദങ്ങളും. ഇതില്‍ പലതും പല മൃഗങ്ങള്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. എന്തിനാണ് നമുക്കീ കഴിവുകള്‍ ? നമ്മുടെ നിലനില്‍പിനെ അതെങ്ങനെ സഹായിക്കുന്നു ? അതിലേക്കുവരാം.

placeholder

കാട്ടില്‍ നിന്ന് കിട്ടുന്ന ഭക്ഷണങ്ങളില്‍ ഗുണമുള്ളത്, വിഷമുള്ളത് ഒക്കെ ഏതെല്ലാമെന്ന് തിരിച്ചറിയാന്‍ രുചി നമ്മളെ സഹായിച്ചിരുന്നു. മോശം ഭക്ഷണത്തെ  ഉപേക്ഷിക്കാനും ഈ രുചിബോധം കൊണ്ടുകഴിഞ്ഞു. ഓരോ ഭക്ഷണവും കഴിച്ചുകഴിഞ്ഞാലുള്ള അനന്തരഫലം അടുത്തതവണ ഈ ഭക്ഷണത്തോടുള്ള മനോഭാവത്തെ നിര്‍ണയിച്ചു. അങ്ങനെ ഭക്ഷണത്തെക്കുറിച്ചുള്ള മികച്ച അവബോധമുണ്ടാക്കാന്‍ നമുക്കുസാധിച്ചു. മധുരമുള്ള ഭക്ഷണം കാര്‍ബോഹൈഡ്രേറ്റിന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നതായിരുന്നു. ഉമാമി എന്ന രുചിയുള്ളതില്‍ നമുക്കാവശ്യത്തിനുള്ള പ്രോട്ടീനുകളുണ്ടെന്ന് മനുഷ്യന്‍ തിരിച്ചറിഞ്ഞു. കയ്പുസ്വഭാവമുള്ള പല ഭക്ഷണങ്ങളിലും വിഷാംശങ്ങളുണ്ടെന്ന് നമ്മള്‍ മനസ്സിലാക്കി. ഉപ്പിനോടുള്ള താത്പര്യമാണ് നാഡികളുടേയും മസിലുകളുടേയും പ്രവര്‍ത്തനങ്ങള്‍  സുഗമമാക്കിയത്. പുളിയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ പലപ്പോഴും കേടിനെ സൂചിപ്പിച്ചു. മലിനമായതിനെ ഒഴിവാക്കാന്‍ ഈ രുചി അക്കാലത്ത് സഹായിച്ചു. ഇങ്ങനെ ഇന്ന് കൃത്യവും ആരോഗ്യദായകവുമായ ഒരു ഭക്ഷണസംസ്‌കാരവും ഡയറ്റും രൂപപ്പെടുത്താന്‍ രുചിയാണ് മനുഷ്യനെ സഹായിച്ചത്.

എന്തിനാണ് നമ്മള്‍ സത്യംപറയുന്നത്...?

ഈ ചോദ്യത്തിന്റെ ഉത്തരത്തിന് മുന്‍പ് മറ്റൊരു ചോദ്യമുണ്ട്. വാതുറന്നാല്‍ കള്ളം പറയുന്നവരോടാണോ പരമാവധി സത്യംമാത്രം പറയുന്നവരോടാണോ നമുക്ക് താത്പര്യം കൂടുതല്‍ ? നമ്മള്‍ ആരെയാണ് കൂടുതല്‍ വിശ്വസിക്കുക ? ഇപ്പോള്‍ ഏകദേശം ഉത്തരത്തിനടുത്തെത്തി. അത്രയേയുള്ളൂ.. നമ്മോട് ആരെങ്കിലും കള്ളം പറയുന്നത് നമുക്കിഷ്ടമല്ല. അപ്പോള്‍ നമ്മളും മറ്റുള്ളവരോട് കള്ളംപറയുന്നത് ശരിയല്ല എന്നതാണ് അതിന്റെ യുക്തി. അതിലപ്പുറം സത്യത്തിന് സാമൂഹികമായ പ്രാധാന്യവുമുണ്ട്. ഒരു  സമൂഹമായോ ഗോത്രമായോ ജീവിക്കുമ്പോള്‍ അതിന്റെ കെട്ടുറപ്പിന് പരസ്പരമുള്ള സത്യസന്ധത പ്രധാനമാണ്. അതുകൊണ്ടാണ് നുണ പറയുന്നതിനെ ഗോത്രങ്ങളും മതങ്ങളും പലവിധേന വിലക്കുന്നത്. ഒരു സമൂഹത്തെ ഒരുമിപ്പിച്ചുകൊണ്ടുപോകുന്നതില്‍ അതിനുള്ളിലെ പൗരസമൂഹത്തിന്റെ സത്യസന്ധതക്ക് പ്രധാനപങ്കുണ്ട്. അതുകൊണ്ട് ഗോത്രത്തലവന്‍ നടപ്പാക്കുന്ന നിയമങ്ങളില്‍ പ്രധാനസ്ഥാനം സത്യത്തിനുണ്ടാവും. ഒരു ആധുനികസമൂഹമായി മാറാന്‍ മനുഷ്യര്‍ക്ക് ഈ സത്യഗ്രഹം ഏറെ സഹായകമായിട്ടുണ്ട്.