
''മനുഷ്യന്‍ എത്ര മനോഹരമായ പദം ''- മാക്സിം ഗോര്‍ക്കിയുടെ പ്രസിദ്ധമായ ഈ ഉദ്ധരണി പിന്നീട് ഒ.എന്‍.വി.യുടേയും ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടേയും വരികളിലൂടെ പാട്ടുകളായി. അത് നമ്മള്‍ പാടിനടന്നു. സത്യത്തില്‍ അതൊരു ആത്മപ്രശംസയാണോ..? നമുക്കു നോക്കാം.
കഴിഞ്ഞ ദിവസമാണ് മലപ്പുറം എടപ്പാളില്‍ ഒരു ഓട്ടോറിക്ഷയുടെ മുന്നില്‍പ്പെട്ട പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വണ്ടിമറിഞ്ഞ് ഡ്രൈവര്‍ മരിച്ചത്. കക്കൂസ് കുഴിയില്‍ കുടുങ്ങിയ ആളെ രക്ഷിക്കാന്‍ ശ്രമിച്ചയാള്‍ ശ്വാസംമുട്ടി മരിച്ചു, പുഴയില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ടുമരിച്ചു, കിണറ്റില്‍വീണ ആടിനെ രക്ഷിക്കുന്നതിനിടയില്‍ മുങ്ങിമരിച്ചു, തുടങ്ങിയ വാര്‍ത്തകള്‍ നമുക്ക് ഇപ്പോള്‍ പുതുമയല്ല. എന്തിനാണ് മനുഷ്യന്‍ തനിക്ക് ഒരുപരിചയവും ബന്ധവുമില്ലാത്ത മനുഷ്യരേയും മൃഗങ്ങളേയും രക്ഷിക്കാന്‍ ശ്രമിച്ച് അപകടത്തില്‍ പെടുന്നത് ?
ഇതൊരു നൂലാമാലപിടിച്ച വിഷയമാണ്. അതിന്റെ ഉത്തരം പൗരാണികമനുഷ്യന്‍ ആധുനികമനുഷ്യനായതിന്റെ പരിണാമവഴികളിലുണ്ടെന്നാണ് എവല്യൂഷണറി ബയോളജിസ്റ്റുകള്‍ പറയുന്നത്. അതായത് ഇന്ന് നമ്മില്‍ കാണുന്ന ഗുണങ്ങളുടേയും ദോഷങ്ങളുടേയുമെല്ലാം വേരുകള്‍ കിടക്കുന്നത് ആദിമമനുഷ്യനിലും അവന് സംഭവിച്ച പരിണാമങ്ങളിലുമാണ്. ചുരുങ്ങിയ വാക്കില്‍ ഉത്തരം പറയുകയാണെങ്കില്‍, മനുഷ്യനിലുള്ള കരുണ, സഹാനുഭൂതി, സഹജീവിസ്നേഹം, സത്യസന്ധത ഇതൊക്കെയാണ് കാരണം എന്നു പറയാം. ഇതിന്റെയെല്ലാം ആകെ തുകയെയാണ് നാം പൊതുവെ ധാര്‍മികത എന്നുപറയുന്നത്. എന്നാല്‍, ധാര്‍മികതയുടെ ഉറവിടംതേടി നമ്മള്‍ നടന്നാല്‍ എവിടെയെത്തും? സംശയിക്കണ്ട, നേരത്തെ പറഞ്ഞ ഹോമോസാപിയന്‍സിലും പരിണാമത്തിലും തന്നെ.
അപ്പോള്‍ എന്താണ് ധാര്‍മികത...?

Becker (1720-1782) -
http://www.philosovieth.de/kant-
bilder/bilddaten.html,
Public Domain, https://commons.wikimedia.org
/w/index.php?curid=32860677
പൊതുസമൂഹം നന്‍മയായി കാണുന്ന സ്വഭാവങ്ങളെ ധാര്‍മികത എന്ന് ഒറ്റവാക്കില്‍ പറയാം. പക്ഷേ പൊതുസമൂഹം എല്ലാക്കാലത്തും ഒരേ മൂല്യങ്ങളാല്‍ നയിക്കപ്പെടുന്നതല്ല എന്നതാണ് പ്രശ്നം. പണ്ടത്തെ സമൂഹം ധാര്‍മികമാണെന്നു കരുതിയത് ഇന്ന് അങ്ങനെയാവണമെന്നില്ല. ഉദാഹരണത്തിന്, ബാലവിവാഹം അഞ്ചുപതിറ്റാണ്ടുമുമ്പുപോലും അധാര്‍മികമായിരുന്നില്ല. ഇന്നത് ക്രിമിനല്‍ കുറ്റമാണ്. ബാലവേലയും അടിമത്തവും മൃഗബലിയുമെല്ലാം അങ്ങനെത്തന്നെ. അപ്പോള്‍ ധാര്‍മികതയും കാലത്തിനനുസരിച്ച് പരിണമിക്കുന്നു എന്നു പറയേണ്ടിവരും.
യുക്തിക്കനുസരിച്ച് ധാര്‍മികമായ നിലപാടെടുക്കാവുന്ന, അടിസ്ഥാനപരമായി ധാര്‍മിക ചിന്തയുള്ള ജീവിയാണ് മനുഷ്യനെന്നാണ് ജര്‍മന്‍ തത്വചിന്തകനായ ഇമാനുവല്‍ കാന്റിന്റെ അഭിപ്രായം. വ്യക്തിയുടെ ധാര്‍മികചിന്ത രൂപപ്പെടുത്തുന്നതില്‍ സമൂഹത്തിന് പങ്കുണ്ടെന്ന് ഫ്രഞ്ച് സോഷ്യോളജിസ്റ്റായ എമില്‍ ദര്‍കിം പറയുന്നു. പരിണാമപരമായും മനുഷ്യന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ധാര്‍മികത ആവശ്യമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ധാര്‍മികതയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കേണ്ടത് മതത്തിന്റേയോ തത്വചിന്തയുടേയോ രീതികളിലൂടെയല്ല എന്നു പറഞ്ഞത് അമേരിക്കന്‍ പരിണാമ ജൈവശാസ്ത്രജ്ഞനായ മാര്‍ക് ഹോസര്‍ ആണ്. 'മോറല്‍ മൈന്‍ഡ്സ്' എന്ന പുസ്തകത്തില്‍ അദ്ദേഹം പറയുന്നത് പരിണാമജീവശാസ്ത്രം, മനഃശാസ്ത്രം, നരവംശ ശാസ്ത്രം എന്നിവയുടെ രീതികളിലൂടെയാണ് ധാര്‍മികതയെക്കുറിച്ച് പഠിക്കേണ്ടത് എന്നാണ്. ശരിതെറ്റുകളെ തീരുമാനിക്കുന്ന സഹജമായ ഒരു ധാര്‍മികബോധം മനുഷ്യനുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.
എന്തിനാണ് നമുക്ക് ധാര്‍മികത..?
ഈ ചോദ്യം നേരത്തേ മറ്റു ചില മൂല്യങ്ങളുടെ കാര്യത്തിലും ഉന്നയിക്കപ്പെട്ടതാണ്. അതിന്റെ ഉത്തരം ഇതിനും യോജിക്കും. പരിണാമപരമായി അത് നമുക്ക് ആവശ്യമായിരുന്നു. മനുഷ്യന്റെ മുന്നോട്ടുള്ള പ്രയാണത്തിന് പരസ്പര വിശ്വാസം, കൂട്ടായ്മ, എന്നിവ വേണം. ഈ കൂട്ടായ്മക്ക് സഹാനുഭൂതി, സത്യസന്ധത, ത്യാഗസന്നദ്ധത എന്നീ ഗുണങ്ങളും ആവശ്യമാണ്. സമൂഹമായി ജീവിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് മനുഷ്യന് പല മൂല്യങ്ങളും വേണ്ടിവന്നത്. സമൂഹം വികസിക്കുന്നതിനനുസരിച്ച് കുറേക്കൂടി കെട്ടുറപ്പുള്ള മൂല്യങ്ങളും അവയെ സ്ഥിരപ്പെടുത്താന്‍ നിയമങ്ങളും ആവശ്യമായി. നേരത്തേയുണ്ടായിരുന്ന പല മൂല്യങ്ങളും പോരാതായി. അഞ്ഞൂറു വര്‍ഷം മുന്‍പ് ട്രാഫിക്- അവയവദാന നിയമങ്ങളൊന്നും ആവശ്യമില്ലല്ലോ. അങ്ങനെ നന്‍മ തിന്‍മകളെ നമ്മള്‍ പുനര്‍നിര്‍വചിച്ചു.
മതവും ധാര്‍മികതയും തമ്മില്‍...സി.സി.ടിവിയെ ഭയക്കുന്നത് ധാര്‍മികതയാണോ ?
മതം ധാര്‍മികതയുടെ കൂടാരമാണെന്നൊക്കെ അവകാശവാദങ്ങളുണ്ട്. രണ്ടും തമ്മില്‍ കാര്യമായ ഒരു ബന്ധവുമില്ല എന്നതാണ് സത്യം. പുരോഹിതരും മതവിശ്വാസികളുമൊക്കെ പ്രതികളായ കേസുകള്‍ പരിശോധിച്ചാല്‍ മതി. മതങ്ങള്‍ മുന്നോട്ടുവെക്കുന്ന ധാര്‍മികതയ്ക്കും മൂല്യങ്ങള്‍ക്കും ഒരു കൂലിപ്പണിയുടെ സ്വഭാവമാണ്. അതായത്, നീ ഇതു ചെയ്താല്‍ ഞാന്‍ ഇതു തരാം എന്ന കരാറിന്റെ അടിസ്ഥാനത്തിലുള്ള നന്മകള്‍ മാത്രമേ മതങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുള്ളൂ. ഇത് മനുഷ്യന്റെ സ്വാഭാവിക ധാര്‍മികതയെ ചോദ്യം ചെയ്യുന്നു. ഒരു ചിന്താപരീക്ഷണത്തിലൂടെ ഇക്കാര്യം ബോധ്യപ്പെടും.
കൂട്ടുകാരുമായി ഒരുമുറിയില്‍ കൂടിയിരുന്നതിന് ശേഷം നിങ്ങള്‍ പിരിയുന്നു. അവസാനം മുറിയില്‍ നിന്ന് പുറത്തിറങ്ങുന്നത് നിങ്ങളാണ്. അപ്പോളാണ് ആ മുറിയില്‍ ടേബിളില്‍ ഒരു പെഴ്സ് കാണുന്നത്. അതിനുള്ളില്‍ നിറയെ പണവും. ആ മുറിയില്‍ നിന്ന് പോയ ആരുടേയോ ആണ്. പരിസരത്തൊന്നും ആരുമില്ല, നിങ്ങള്‍ അതെടുത്ത് സ്വന്തം ബാഗിലിടാന്‍ നോക്കുന്നു. അപ്പോഴാണ് മുകളിലെ സി.സി.ടി.വി. ക്യാമറ നിങ്ങളുടെ ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍തന്നെ ആ പെഴ്സ് തിരിച്ചു മേശപ്പുറത്തുവെച്ച് പുറത്തിറങ്ങി ആരുടെയെങ്കിലും പെഴ്സ് നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വിളിച്ചു ചോദിച്ച്, ഉടമസ്ഥന് അത് തിരിച്ചു നല്‍കുന്നു.

https://www.flickr.com/photos/jurvetson/
52463363640/,CC BY 2.0, https://commons.
wikimedia.org
ഇനിയാണ് ചോദ്യം, നിങ്ങള്‍ ഒരു ധാര്‍മികനാണോ..?
സി.സി.ടിവി ക്യാമറയെ ഭയന്നതുകൊണ്ടു മാത്രം മോഷണത്തില്‍ നിന്ന് പിന്തിരിഞ്ഞുവെങ്കില്‍ നിങ്ങള്‍ അടിസ്ഥാനപരമായി ഒരു കള്ളന്‍ തന്നെയാണ്. മനസ്സുകൊണ്ട് നിങ്ങള്‍ മോഷണം നടത്തിക്കഴിഞ്ഞു. ഈ സി.സി.ടിവി കാമറയുടെ അതേ പ്രയോജനമാണ് മതങ്ങളും ദൈവങ്ങളും ധാര്‍മികതയുടെ കാര്യത്തില്‍ നിര്‍വഹിക്കുന്നത്. അതായത്, നിങ്ങളുടെ അടിസ്ഥാനഗുണങ്ങളെ മാറ്റിമറിക്കാന്‍ ഇവക്കൊന്നും കഴിയില്ല, അവയെ നിയന്ത്രിക്കാനേ കഴിയൂ. അതിനാണെങ്കില്‍ ആധുനികകാലത്ത് കൂടുതല്‍ മെച്ചപ്പെട്ട നിയമങ്ങളുണ്ടുതാനും. മനുഷ്യന്റെ സഹജമായ ധാര്‍മികതയെ തങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ ഉപയോഗിക്കുകയും നിര്‍വചിക്കുകയുമാണ് മതങ്ങള്‍ ചെയ്തതെന്ന് റിച്ചാര്‍ഡ് ഡോക്കിന്‍സ് തന്റെ 'ഗോഡ് ഡെല്യൂഷന്‍' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഒരു വ്യക്തി അടിസ്ഥാനപരമായി നല്ലവനാണെങ്കില്‍, അയാള്‍ക്ക് മതവിശ്വാസമുണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെത്തന്നെയായിരിക്കും. അയാള്‍ ക്രൂരനാണെങ്കില്‍ മതവിശ്വാസം അതില്‍ ഒരു മാറ്റവും വരുത്താനും പോകുന്നില്ല. എന്നാല്‍ നല്ല വ്യക്തിയെക്കൊണ്ടുകൂടി ക്രൂരത ചെയ്യിക്കാന്‍ ചിലപ്പോള്‍ മതനിയമങ്ങള്‍കൊണ്ട് കഴിയുമെന്ന് ഡോക്കിന്‍സ് പറയുന്നു.
നിങ്ങള്‍ക്ക് സ്നേഹം പുലിയോടോ മാനിനോടോ...?
ധാര്‍മികതയെ നിര്‍വചിക്കുമ്പോള്‍ നമുക്ക് കടുത്ത ആശയക്കുഴപ്പമുണ്ടാക്കുന്ന ചില പ്രശ്നങ്ങളുണ്ട്. ഒരു ഉദാഹരണം പറയാം. രണ്ടുമൂന്നു ദിവസം ഇരയൊന്നുംകിട്ടാതെ പട്ടിണിയിലായ ഒരു പുലി ഒരു മാന്‍കുട്ടിയെ ഓടിച്ചിട്ട് പിടികൂടുന്നു. നിങ്ങള്‍ക്ക് ഈ പ്രശ്നത്തില്‍ ഇടപെടാനൊരു അവസരം ലഭിക്കുകയാണ്. നിങ്ങള്‍ മാന്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുമോ അതോ തന്റെ ഇരയെ തിന്നാന്‍ പുലിയെ അനുവദിക്കുമോ?
മാന്‍കുട്ടിയെ രക്ഷിച്ചാല്‍ പുലിയോടുള്ള നീതിനിഷേധമാവും. പുലിയെ ഇരപിടിക്കാൻ അനുവദിച്ചാല്‍ മാന്‍കുട്ടിയുടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാവും. എങ്കിലും നമ്മുടെ പൊതുധാര്‍മികത എപ്പോഴും മാന്‍കുട്ടിയുടെ കൂടെയാവും. അതാണ് ജനിതകപരമായി നമുക്ക് കൈമാറിക്കിട്ടിയ സന്ദേശം. എളുപ്പത്തില്‍ നിര്‍ധരിച്ചെടുക്കാന്‍ കഴിയാത്തതും ആഴത്തില്‍ ചര്‍ച്ച വേണ്ടതുമായ വിഷയമാണിത്.
മാര്‍ക് ഹോസര്‍ മറ്റൊരു ഉദാഹരണം മുന്നോട്ടുവെക്കുന്നുണ്ട്. ഒരു ആശുപത്രിയില്‍ അഞ്ചുരോഗികള്‍ വ്യത്യസ്തമായ അവയവങ്ങളുടെ തകരാറുമൂലം അത്യാസന നിലയിലാണ്. അതേസമയം ഡോക്ടറെ കാത്ത് മറ്റൊരു രോഗി പുറത്തുനില്‍പുണ്ട്. അയാളുടെ അവയവങ്ങള്‍ക്കൊന്നും കുഴപ്പമില്ല. എങ്കില്‍ അയാളില്‍ നിന്ന് അഞ്ച് അവയവങ്ങളെടുത്ത് മറ്റ് അഞ്ചുപേര്‍ക്ക് നല്‍കി അവരുടെ ജീവന്‍ രക്ഷിക്കുന്നത് ധാര്‍മികമായ പ്രവൃത്തിയാണോ എന്നതാണ് അദ്ദേഹത്തിന്റെ ചോദ്യം. ചിന്തിച്ചാല്‍ ഒരന്തവും കിട്ടാത്ത ചോദ്യമായിപ്പോയി അല്ലേ?
ധാര്‍മികത ആരെങ്കിലും നേരത്തേ നിശ്ചയിച്ചതാണോ..?
ഇന്നയിന്ന കാര്യങ്ങളെല്ലാം എല്ലാക്കാലത്തും ധാര്‍മികം, ഇന്നയിന്നത് അധാര്‍മികം എന്ന് നേരത്തേത്തന്നെ തീരുമാനിക്കപ്പെട്ടിട്ടുണ്ടോ ? അങ്ങനെ സാധ്യമല്ല എന്ന് നമുക്കറിയാം. എങ്കിലും ധാര്‍മികതയെപ്പറ്റി രണ്ട് പ്രമുഖ വാദങ്ങള്‍ നിലവിലുണ്ട്. അതുകൂടി നമുക്കൊന്ന് ചര്‍ച്ച ചെയ്യാം. രണ്ടുതരം ധാര്‍മികതയെക്കുറിച്ച് പറയാറുണ്ട്. ഒന്ന് വ്യക്തിനിഷ്ഠം-അല്ലെങ്കില്‍ ആത്മനിഷ്ഠം (Subjective Morality). മറ്റേത് വസ്തുനിഷ്ഠം (Objective Morality). ആത്മനിഷ്ഠ ധാര്‍മികത വ്യക്തിയുടെ നിലപാടുമായോ പൊതുവിശ്വാസം, മൂല്യങ്ങള്‍, വെളിപാട് എന്നിവയുമായോ ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഏതെങ്കിലും ആചാര്യന്‍, ആള്‍ദൈവം, ദൈവം എന്നിവര്‍ പറയുന്നത് അടിസ്ഥാനമാക്കി ധാര്‍മികതയെ നിശ്ചയിക്കുന്ന രീതിയാണിത്. ലൈംഗികത പാപമാണെന്ന് നമ്മള്‍ ആരാധിക്കുന്നയാള്‍ പറഞ്ഞാല്‍ അത് ഒരു ധാര്‍മികമൂല്യമായി അനുസരിക്കുന്നു. അല്ലാതെ യുക്തിസഹമായ കാരണങ്ങള്‍ വേണമെന്നേയില്ല.
എന്നാല്‍ വസ്തുനിഷ്ഠ ധാര്‍മികത വിശ്വാസങ്ങളെയോ അഭിപ്രായങ്ങളേയോ വെളിപാടുകളേയോ അടിസ്ഥാനമാക്കിയുള്ളതല്ല. കൃത്യവും ശാസ്ത്രീയവുമായ കാര്യകാരണങ്ങളാല്‍ നിശ്ചയിക്കപ്പെടുന്നതാണ്. മാംസഭക്ഷണം അധാര്‍മികമാണെന്ന് ഒരു ആത്മനിഷ്ഠാ ധാര്‍മികതാ വാദി പറയുന്നത്, അയാളുടെ ആചാര്യന്‍ അങ്ങനെ പറഞ്ഞതുകൊണ്ടായിരിക്കും. അല്ലെങ്കില്‍ അയാള്‍ ഒരു മൃഗസ്നേഹിയായതുകൊണ്ടായിരിക്കും. എന്നാല്‍ മൃഗങ്ങളോടുള്ള ക്രൂരതയുള്ളതിനാല്‍ മാംസാഹാരം ഉപേക്ഷിക്കുന്നു എന്നതാണ് വസ്തുനിഷ്ഠ ധാര്‍മികതാവാദിയുടെ നിലപാട്. മാത്രമല്ല, ഇന്നത്തെ കാലത്ത് മാംസാഹാരത്തിന് ബദലുണ്ട്. മൃഗങ്ങളെ കൊല്ലാതെത്തന്നെ മൂലകോശങ്ങള്‍ ഉപയോഗിച്ച് മാംസം ഉണ്ടാക്കാവുന്ന സാങ്കേതികവിദ്യ നിലവിലുണ്ട്. ഇത്തരം കള്‍ച്ചേഡ് മീറ്റിന്റെ കാലത്ത് മൃഗങ്ങളെ കൊല്ലേണ്ടതില്ലഎന്ന ശാസ്ത്രീയമായ തീരുമാനം ഒരു വസ്തുനിഷ്ഠാ ധാര്‍മികതാവാദിക്കേ എടുക്കാന്‍ കഴിയൂ. മാംസഭക്ഷണത്തില്‍ത്തന്നെ ചില പ്രത്യേക മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനെ ചില വിഭാഗങ്ങള്‍ വിലക്കുന്നത് ഒന്നുകില്‍ അത് വിശുദ്ധമാക്കപ്പെട്ടതുകൊണ്ടോ അല്ലെങ്കില്‍ വിലക്കപ്പെട്ടതുകൊണ്ടോ ആണ്. ഇതെല്ലാം ആത്മനിഷ്ഠാ ധാർമികതയുടെ ഭാഗമാണ്. എന്നാല്‍ ആ മാംസത്തിന്റെ ആരോഗ്യപരമായ കാരണങ്ങളെ മുന്‍നിര്‍ത്തി വിലക്കുകയോ സ്വീകരിക്കുകയോ ആണ് വസ്തുനിഷ്ഠാ ധാർമികതയുടെ രീതി.
മോഷണം അധാര്‍മികമാവുന്നത് എങ്ങനെ...
ചില വിഭാഗങ്ങള്‍ ചില വസ്ത്രങ്ങള്‍ നിഷിദ്ധമാക്കിയിട്ടുള്ളത് അവരുടെ ആചാര്യന്‍മാര്‍ പറഞ്ഞതിന്റെ ഭാഗമായിട്ടാണ്. ചില വസ്ത്രങ്ങളെ വിശുദ്ധമാക്കിയിട്ടുള്ളതും അങ്ങനെത്തന്നെ. മോഷണം പാപമാണ് എന്ന് ഏതെങ്കിലും സിദ്ധന്‍മാരോ ആചാര്യന്‍മാരോ പറഞ്ഞതുകൊണ്ട് മോഷ്ടിക്കാതിരിക്കുന്നത് വ്യക്തിനിഷ്ഠ ധാര്‍മികതക്ക് ഉദാഹരണമാണ്. അതേസമയം മറ്റൊരാളുടെ വസ്തുവില്‍ നമുക്ക് അവകാശമില്ലെന്നും മോഷണം മറ്റൊരു വ്യക്തിയുടേയോ സമൂഹത്തിന്റേയോ അവകാശത്തിലുള്ള കടന്നുകയറ്റമാണെന്നും അത് സമൂഹത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നുമുള്ള തിരിച്ചറിവിനാല്‍ ചെയ്യാതിരിക്കുന്നതാണ് വസ്തുനിഷ്ഠ ധാര്‍മികത.
ഗര്‍ഭച്ഛിദ്രം ധാര്‍മികമായി തെറ്റാണെന്ന് ഒരുവിഭാഗം കരുതുന്നത് അത് തങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ പറഞ്ഞതുകൊണ്ടാണ്. അതിന് അവര്‍ക്ക് പറയാനുള്ള ന്യായം ഒരു ജീവനെ ഇല്ലാതാക്കാന്‍ നമുക്ക് അവകാശമില്ല, ആ കുഞ്ഞിനും ജീവിക്കാനുള്ള അവകാശമുണ്ട് എന്നതാണ്. അതേസമയം ആധുനിക ലോകം പല സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക്/പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രത്തിന് അവകാശം നല്‍കുന്നുണ്ട്. അതിന്റെ കാരണങ്ങള്‍ കുറേക്കൂടി വിശാലമായ വീക്ഷണത്തോടെയുള്ളതാണ്. ആദ്യമായി, ഗര്‍ഭം എന്നത് ഏറെക്കുറേ പൂര്‍ണമായും സ്ത്രീയുടെ അവകാശത്തില്‍ പെടുന്നു. അതിന്റെ ശാരീരിക-മാനസിക പീഢകളെല്ലാം അനുഭവിക്കേണ്ടത് സ്ത്രീയാണ്. പ്രസവിക്കാന്‍ പാടില്ലാത്ത പ്രായത്തില്‍ ഗര്‍ഭിണിയാവേണ്ടിവരുന്നവര്‍ക്ക് ഗര്‍ഭച്ഛിദ്രത്തിന് അവകാശം നല്‍കിയത് ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞിനേക്കാള്‍ പരിഗണന ആ പെണ്‍കുട്ടിക്ക് നല്‍കിയതുകൊണ്ടാണ്. ബലാത്സംഗത്തിനിരയായ സ്ത്രീക്ക് ഗര്‍ഭസ്ഥശിശുവിനെ ഇല്ലാതാക്കാന്‍ അവകാശം നല്‍കിയത് തുടര്‍ന്നുള്ള ജീവിതത്തില്‍ ആ സ്ത്രീ അനുഭവിക്കേണ്ടിവരുന്ന അപമാനവും കഷ്ടപ്പാടും പരിഗണിച്ചാണ്. ഗര്‍ഭസ്ഥശിശുവിന് ഗുരുതരമായ ജനിതകരോഗങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അതിനെ ഇല്ലാതാക്കാന്‍ സ്ത്രീക്ക് അവകാശമുണ്ടാവുന്നത് ജനിച്ചാല്‍ ആ കുഞ്ഞും കുടുംബവും സമൂഹവും അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളെ കണക്കിലെടുത്താണ്. ഇങ്ങനെ ഒട്ടേറേ മാനുഷിക-സാമൂഹിക-സാംസ്‌കാരിക-ശാസ്ത്രീയ മേഖലകളെ വിലയിരുത്തിക്കൊണ്ടാണ് ആധുനികലോകം ഒരു സംഗതിയുടെ ധാര്‍മികത നിശ്ചയിക്കുന്നത്. അല്ലാതെ ആരെങ്കിലും ഏതെങ്കിലും പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട് എന്നു കരുതിയല്ല.
മൃഗങ്ങള്‍ക്കുമുണ്ട് കുറേ മൂല്യങ്ങള്‍
മാനിനെ വേട്ടയാടി കൊന്നതിന് ശേഷം അതിന്റെ കൊച്ചുകുഞ്ഞിനെ കണ്ട ഒരു പുലിയുടെ ധര്‍മസങ്കടം ചിത്രീകരിക്കുന്ന വീഡിയോ നിങ്ങള്‍ക്ക് ഓര്‍മകാണും. തന്റെ കുഞ്ഞിനെപ്പോലെ അതിനെ സംരക്ഷിക്കുകയാണ് പിന്നീട് ആ പുലി ചെയ്യുന്നത്. ചെന്നായ്ക്കളുടെ പല്ലില്‍ നിന്നു രക്ഷിക്കാന്‍ അതിനെയെടുത്ത് മരത്തിന് മുകളില്‍ വെക്കുന്നു. തരംഗമായ മറ്റൊരു വീഡിയോയില്‍ മണ്ണിടിഞ്ഞുവീണിടത്ത് കൈകൊണ്ടും മുഖംകൊണ്ടും മണ്ണുനീക്കിക്കൊണ്ടിരിക്കുന്ന ഒരു നായയുടെ ദൃശ്യമാണ്. ഇത് ശ്രദ്ധയില്‍പെട്ടപ്പോള്‍ മണ്ണുനീക്കാന്‍ അവരും സഹായിച്ചു. അപ്പോള്‍ കണ്ടത് മണ്ണിനടിയില്‍ പുതഞ്ഞിരിക്കുന്ന രണ്ട് പൂച്ചക്കുഞ്ഞുങ്ങളെ. തന്റെ വര്‍ഗമല്ലാതിരുന്നിട്ടും ആ നായക്ക് എന്തുകൊണ്ടായിരിക്കും പൂച്ചക്കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ തോന്നിയത്..? മൃഗങ്ങള്‍ക്കിടയിലെ സാമൂഹികജീവിതത്തിനും സ്നേഹത്തിനും സഹാനുഭൂതിക്കും ആത്മാര്‍ത്ഥതയ്ക്കും സംഘബോധത്തിനുമൊക്കെ നൂറുനൂറ് ഉദാഹരണങ്ങള്‍ നമ്മുടെ കണ്‍മുന്നില്‍ത്തന്നെയുണ്ട്. ദൈവങ്ങളോ മതങ്ങളോ ആചാര്യന്‍മാരോ പുസ്തകങ്ങളോ ഇല്ലാതെ അവര്‍ക്കെങ്ങനെ ഇതുസാധ്യമാകുന്നു? അതെല്ലാം പരിണാമപരമായി അവരുടെ ജനിതകപുസ്തകത്തില്‍ എഴുതിവെക്കപ്പെട്ടതാണ് എന്നതുതന്നെ ഉത്തരം. ഒരു വ്യത്യാസമേയുള്ളൂ, ഈ ജനിതകലേഖനങ്ങളെ കാലത്തിനും സാഹചര്യത്തിനുമനുസരിച്ച് പരിഷ്‌കരിക്കാനുള്ള മസ്തിഷ്‌കവികാസം അവര്‍ക്കില്ല.
മാറും... മാറിക്കൊണ്ടേയിരിക്കും...
നേരത്തേ വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ തവളയേയും പാറ്റയെയുമൊക്കെ കീറിമുറിച്ചാണ് പഠിച്ചിരുന്നത്. എന്നാല്‍ ഇന്ന് അതെല്ലാം നമ്മള്‍ ഒഴിവാക്കിയത് മനുഷ്യന്റെ അത്യാവശ്യത്തിനല്ലാതെ ജീവികളെ ഉപദ്രവിക്കുന്നതിലെ അധാര്‍മികതയെ തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയാണ്. അതുകൊണ്ടാണ് ജീവികളെ കൊല്ലാതെത്തന്നെ ശരീരശാസ്ത്രപഠനം നടത്താനുള്ള സങ്കേതങ്ങള്‍ നമ്മള്‍ വികസിപ്പിച്ചത്. എങ്കിലും മരുന്നുപരീക്ഷണങ്ങളില്‍ ഇപ്പോഴും മൃഗങ്ങളെ ഉപയോഗിക്കേണ്ടിവരുന്നുണ്ട്. അതില്‍ അധാര്‍മികതയുണ്ടെന്ന് അറിയാഞ്ഞിട്ടല്ല, മറ്റൊരു വഴി കാണാത്തതുകൊണ്ടാണ്. വൈകാതെ ഇതിനും നമ്മള്‍ പോംവഴി കണ്ടെത്തുക തന്നെ ചെയ്യും. മനുഷ്യന്റെ ധാര്‍മികത കാലത്തിനും നമ്മള്‍ ആര്‍ജിച്ച വിവേകത്തിനും അനുസരിച്ച് പുതുക്കിക്കൊണ്ടേയിരിക്കുന്നതാണ് എന്നതാണ് ഇതിന്റെ രത്നച്ചുരുക്കം.
Content Highlights: nammalangane nammalayi,vimal kottakkal,human morality, sacrifice,truthfulness,evolution,emotion
Published: 10 Jul 2024, 03:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented