
1968 ഡിസംബര്‍ 25ന് ലോകം മുഴുവന്‍ ക്രിസ്തുമസ് ആഘോഷിച്ചപ്പോള്‍ കീഴ്‌വെണ്‍മണിയിലെ ഒരു പറ്റം ദളിതര്‍ തങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന അഗ്നിജ്വാലകളെ അണയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. കുഞ്ഞുങ്ങളെ മാറോട് ചേര്‍ത്ത് രക്ഷിക്കാന്‍ വിഫലശ്രമം നടത്തുന്ന അമ്മമാരുണ്ടായിരുന്നു, ഉദരത്തിലുള്ള കുഞ്ഞിനെ രക്ഷിക്കാന്‍ അവസാനം വരെ പരിശ്രമിക്കുന്ന ഗര്‍ഭിണികളുണ്ടായിരുന്നു. തളര്‍ന്നുപോയ ശരീരത്തിന്റെ അവസാന ഊര്‍ജവും ഉച്ചസ്ഥായിലാക്കി പെരുതുന്ന വൃദ്ധരുണ്ടായിരുന്നു. 44 ദളിത് കര്‍ഷകത്തൊഴിലാളികളാണ് ആ രാത്രി വെന്തുമരിച്ചത്. അതില്‍ കുട്ടികളുണ്ടായിരുന്നു, സ്ത്രീകളുണ്ടായിരുന്നു, വൃദ്ധരുണ്ടായിരുന്നു. തങ്ങള്‍ക്ക് അവകാശപ്പെട്ട കൂലി ചോദിച്ചുവെന്ന കാരണത്താലാണ് ആ പോരാളികള്‍ക്ക് അഗ്നിയെ വരിക്കേണ്ടിവന്നത്. ഉന്നത ജാതിക്കാര്‍ അവര്‍ക്ക് നല്‍കിയ ഈ സമ്മാനം കൊണ്ട് ആ ഗ്രാമം ഒറ്റരാത്രി കൊണ്ട് ചാവുഗ്രാമമായി മാറി.
തമിഴ്‌നാടിലെ നാഗപട്ടണത്ത് നിന്നും 30 കി.മി മാറിയാണ് കീഴ്‌വെണ്‍മണിയുള്ളത്. പൂര്‍ണമായും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരായിരുന്നു ഇവിടുത്തുകാർ. കാര്‍ഷികഭൂമിയുടെ ഏറിയ പങ്കും പ്രദേശത്തെ മേല്‍ജാതിക്കാരുടെ കയ്യിലായിരുന്നു. കൂലിക്കാരും പാട്ടകാരുമായിരുന്ന ദളിതര്‍ ഇവിടെ നേരിടേണ്ടിവന്നത് കൊടിയ ജാതി പീഡനങ്ങളായിരുന്നു. തൊഴില്‍ ചൂഷണത്തിന്റെ അങ്ങേയറ്റമായിരുന്നു അവര്‍ നേരിട്ടിരുന്നത്. തങ്ങള്‍ക്ക് കിട്ടുന്ന കൂലി തുച്ഛമാണെന്ന് അറിഞ്ഞിട്ടും അവരൊന്നും മിണ്ടാതെ പണിയെടുത്തു. പള്ളര്‍, പണിയര്‍ തുടങ്ങിയ ജാതികളിൽ പെട്ടവരായിരുന്നു തൊഴിലാളികളില്‍ ഏറെയും. നേരം പുലര്‍ന്നതുമുതല്‍ പകലന്തിയോളം പണിയെടുക്കണം. രണ്ടുനേരം പഴങ്കഞ്ഞിയും ആഴ്ച്ചയില്‍ തുച്ഛമായ കൂലിയുമാണ് പ്രതിഫലമായി ലഭിക്കുന്നത്. എന്ത് അസുഖമുണ്ടായാലും പണിക്ക് വരണം. അങ്ങനെ ഒരു അലിഖിത കരാര്‍ ജന്മിക്കും ദളിതര്‍ക്കും ഇടയിലുണ്ടായിരുന്നു. ജന്മിയെ പേടിച്ചായിരുന്നു ദളിതര്‍ ഒരോ ദിനവും കഴിച്ചുകൂട്ടിയത്. ചാട്ടവാറടി മുതല്‍ അതിഭീകരമായ ശിക്ഷാരിതീകള്‍ പലതും ജന്മികള്‍ നടപ്പാക്കിയിരുന്നു. ദളിതരുടെ സ്വകാര്യ ജീവിതം വരെ ജന്മികളായിരുന്നു നിയന്ത്രിച്ചിരുന്നത്. വിദ്യാഭ്യാസത്തിന് പോലും അവകാശമുണ്ടായിരുന്നില്ല.
Also Read
തഞ്ചാവൂരില്‍ സിപിഎം വേരുറപ്പിക്കുന്നതും സിപിഎമ്മിന്റെ കര്‍ഷക സംഘടനകള്‍ ഇവിടെയുള്ള തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ഇടപ്പെടുന്നതും അക്കാലത്താണ്. ബി ശ്രീനിവാസ റാവുവിന്റെ നേത്യത്ത്വത്തില്‍ 1943ല്‍ ഇവിടെ തൊഴിലാളി ബോധവത്കരണം നടത്തി തങ്ങള്‍ ചെയ്യുന്ന പണി അടിമപ്പണിയാണെന്ന് ദളിതര്‍ക്ക് മനസിലാക്കി കൊടുക്കുകയും ചെയ്യുന്നു. പിന്നീട് ശ്രീനിവാസ റാവുവിന്റെ നേതൃത്വത്തിൽ ഇവിടെ തൊഴിലാളി യൂണിയന്‍ രൂപീകരിക്കുന്നു. ശ്വാസം മുട്ടി ജീവിച്ചിരുന്ന തൊഴിലാളികളിലെ വലിയൊരു ഭാഗം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം ചേരുന്നു
സ്വാതന്ത്ര്യത്തിന് ശേഷം സ്ഥിതി വീണ്ടും വഷളാവാൻ ആരംഭിച്ചു. മദ്രാസിലെ കോണ്‍ഗ്രസ് ഭരണകൂടം അടുത്ത നാലുവര്‍ഷത്തേക്ക് തൊഴിലാളി സംഘടനകളെ നിരോധിച്ചു. ഇത് സംസ്ഥാനത്തെ ആയിരക്കണക്കിന് വരുന്ന തൊഴിലാളികളുടെ സ്വാതന്ത്ര്യത്തിന് മേലേക്ക് വീണ വെള്ളിടിയായിരുന്നു. നിരവധി യൂണിയന്‍ നേതാക്കള്‍ അക്കാലയളവില്‍ ആക്രമിക്കപ്പെട്ടു. അക്ഷാരാര്‍ത്ഥത്തില്‍ തൊഴിലാളി സംഘടനകളെ വേരോടെ പിഴുതെറിയാനുള്ള ശ്രമങ്ങളായിരുന്നു നടന്നത്.
1966 നെല്ലിന്റെ വില കുത്തനെ ഉയരുന്ന സാഹചര്യമുണ്ടായി ഇതോടെ തങ്ങള്‍ക്ക് തരുന്ന കൂലിയില്‍ അരപടി കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ടു. ചെങ്കൊടിക്ക് താഴെ തൊഴിലാളികള്‍ സംഘടിച്ചത് ജന്മികളെ ആകുലപ്പെടുത്തി. തങ്ങള്‍ക്ക് മുന്നില്‍ ഓച്ഛാനിച്ചു നിന്നിരുന്ന ദളിത് തൊഴിലാളികള്‍ സംഘടിതരായി മുന്നോട്ട് വന്നത് ജന്മിമാരില്‍ രോഷാഗ്നി പടര്‍ത്തി. ഇതോടെ തങ്ങളും സംഘടിച്ച് ഉയര്‍ന്നു വരുന്ന തൊഴിലാളി പ്രസ്ഥാനത്തെ വേരോടെ പിഴുതെറിയണമെന്ന് തീരുമാനിക്കുന്നു. അങ്ങനെ ഇവര്‍ നെല്ല് ഉത്പാദക സംഘം രൂപീകരിക്കുന്നു.ഗോപാലകൃഷ്ണ നായിഡുവിന് കീഴിലായിരുന്നു ഈ സംഘം രൂപീകരിച്ചത്.
തൊഴിലാളികളുടെ കൂലി ആവശ്യങ്ങള്‍ ഈ സംഘം പാടെ അവഗണിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് വിട്ട് തങ്ങളുടെ സംഘത്തില്‍ ചേരാനും ജന്മിമാര്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ വാഗ്ദാനങ്ങളിലൊന്നും വീഴാതെ തൊഴിലാളികള്‍ കൂലി ആവശ്യത്തില്‍ ഉറച്ചു നിന്നു. വിളഞ്ഞു നില്‍ക്കുന്ന പാടം കൊയ്യാന്‍ തങ്ങള്‍ ഇറങ്ങില്ലെന്ന് തൊഴിലാളികള്‍ ശഠിച്ചു. പുറത്ത് നിന്ന് തൊഴിലാളികളെ ഇറക്കുമെന്നും ഭാവിയിലെ തൊഴിലില്ലായ്മയ്ക്ക് തന്നെ അത് കാരണമാവുമെന്നും ജന്മിമാര്‍ ഭീഷണി മുഴക്കി.
1968 നവംബര്‍ 15ാം തീയതി സിക്കില്‍ പക്കീരി സ്വാമിയെന്ന കമ്മ്യൂണിസ്റ്റ് നേതാവ് ജന്മിമാരുടെ ഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ കൊലപാതകം തൊഴിലാളികള്‍ക്ക് കിട്ടിയ വലിയ അടിയായിരുന്നു. അവര്‍ ഇതിനെതിരേ ശക്തമായി പ്രതികരിച്ചു. പക്കീരി സ്വാമിയുടെ ശവശരീരം കൊണ്ട് തൊഴിലാളികള്‍ സമരം നടത്തി. സമരത്തിനുശേഷം കൃഷിയിടത്തിലേക്ക് തിരിച്ചെത്തിയ തൊഴിലാളികളോട് മോശമായിട്ടാണ് ജന്മിമാര്‍ പെരുമാറിയത്. സമരത്തില്‍ പങ്കെടുത്തതിന് ശിക്ഷയായി നാലുദിവസം കൂലിയില്ലാത്ത പണിയെടുക്കണമെന്നും നായിഡുവിന്റെ നേതൃത്തില്‍ ആജ്ഞാപിക്കുന്നു. എന്നാല്‍, തൊഴിലാളികള്‍ ഇതിനോട് പ്രതികരിച്ച രീതി നായിഡു ഉള്‍പ്പെടുന്ന് ജന്മികളെ ചൊടിപ്പിക്കുന്നതായിരുന്നു. പാടത്തിറങ്ങി പണിയെടുത്ത തൊഴിലാളികള്‍ അവര്‍ക്കാവശ്യമുള്ള കൂലി നെല്ല് എടുത്ത് ബാക്കി പാടത്ത് തന്നെ ഉപേക്ഷിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് പുറമേ നിന്ന് ആളുകളെ വരുത്തി തങ്ങളുടെ കൃഷിയിടങ്ങള്‍ ജന്മിമാര്‍ കൊയ്യുന്നു.
തൊഴിലാളികളുടെ ഉന്നമന്നപ്രവര്‍ത്തനങ്ങളെ വേരോടെ പിഴുതെറിയാന്‍ ജന്മി സംഘം കാത്തിരിക്കുകയായിരുന്നു. കീഴ്‌വെണ്‍മണിയില്‍ ചായക്കട നടത്തുന്ന കര്‍ഷക വക്താവായ മുനിയപ്പയെ ജന്മിസംഘം പിടികൂടി മര്‍ദ്ദിക്കുന്നു. നായിഡുവിന്റെ ആളായ പക്കീരി സ്വാമി പിള്ളെ നായിഡുവിന്റെ എസ്റ്റേറ്റിലിട്ടാണ് മുനിയപ്പയെ മര്‍ദ്ദിക്കുന്നത്. ഒരു വലിയ സംഘം കര്‍ഷകര്‍ മുനിയപ്പ സ്വാമിയെ രക്ഷിക്കാനായി ഈ എസ്റ്റേറ്റിലേക്ക് കുതിച്ചെത്തി. അവിടെ ഉടലെടുത്ത സംഘര്‍ഷത്തില്‍ പക്കീരിസാമി കൊല്ലപ്പെട്ടു.
ഇതില്‍ വെറിപൂണ്ട നായിഡു കീഴ്‌വെണ്‍മണിയിലെ കര്‍ഷകര്‍ താമസിക്കുന്ന ഗ്രാമം ചുട്ടെരിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചു. സംഭവം നടക്കുന്ന ഡിസംബര്‍ 25ന് ഗ്രാമത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം കേരളത്തിലെ പാര്‍ട്ടി കോണ്‍ഫറന്‍സിനായി പോയിരുന്നു. നായിഡുവിന്റെ വന്‍ ഗുണ്ടാസംഘം തോക്കും വാളും മറ്റ് ആയുധങ്ങളുമായി ഗ്രാമത്തിലേക്ക് പാഞ്ഞെത്തി.ഗ്രാമത്തെ പൂര്‍ണമായും ഉന്മൂലനം ചെയ്യുക എന്ന ഒറ്റ ഉദ്ദേശത്തോടെ അവര്‍ ഗ്രാമവാസികളെ ആക്രമിക്കാന്‍ ആരംഭിച്ചു. കണ്ണില്‍ കണ്ടവരെയെല്ലാം പ്രായഭേദമന്യേ വെടിവെച്ചിട്ടും വെട്ടിനുറുക്കിയും അവര്‍ നരനായാട്ട് തുടര്‍ന്നു. ഗര്‍ഭിണികളും കുഞ്ഞുങ്ങളും ഗര്‍ഭിണികളും ഒഴിച്ച് ബാക്കിയെല്ലാവരും ഓടി രക്ഷപ്പെട്ടു. അബലകളായ അവര്‍ക്ക് നേരെ നായിഡു ആയുധം ഉയര്‍ത്തില്ലെന്ന് വിശ്വാസത്തിലായിരുന്നു ആ ഓട്ടം
ബാക്കിയുള്ളവരെല്ലാം ഗ്രാമത്തിലെ രാമയ്യന്റെ കുടലില്‍ ഒളിച്ചിരുന്നു. ആ ചെറിയ കുടിലുകള്‍ കുത്തിനിറിച്ച് ആളുകളുണ്ടായിരുന്നു. എന്നാല്‍ മനുഷ്യത്വം തൊട്ടുതീണ്ടാത്ത നായിഡുവും ഗുണ്ടകളും കൂടില്‍ പുറത്ത് നിന്ന് പൂട്ടി തീവെച്ചു. തീ ആളീപടര്‍ന്നു, ജീവഭയം കൊണ്ട് വാതില്‍ തുറക്കാനെത്തിയവര്‍ തങ്ങള്‍ക്ക് പറ്റിയ ചതി മനസിലാക്കി. വാതിലില്‍ ആഞ്ഞുകൊട്ടിയിട്ടും കരഞ്ഞു നിലവിളച്ചിട്ടും നായിഡു വാതില്‍ തുറന്നില്ല. നായിഡുവിന്റെ ഗുണ്ടകള്‍ കുടിലിലേക്ക് മണ്ണെണ്ണ വീശിയെറിഞ്ഞു കൊണ്ടേയിരുന്നു. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ആ കുടിലൊരു തീഗോളമായി മാറി. പിഞ്ചു കുഞ്ഞുങ്ങളടക്കം വെന്തു മരിച്ചു. കുടിലുനുള്ളുണ്ടായിരുന്ന ഒരമ്മ തന്റെ കുഞ്ഞിനെ രക്ഷിക്കാനായി കുടിലിന് പുറത്തേക്ക് വലിച്ചെറിഞ്ഞു. പുറത്തേക്ക് തലയടിച്ചു വീണ ആ പിഞ്ചു കുഞ്ഞിനെ നായിഡുവിന്റെ നിര്‍ദേശപ്രകാരം ഗുണ്ടകള്‍ കുന്തം പോലുള്ള ആയുധത്തില്‍ കോര്‍ത്ത് കത്തുന്ന കുടിലിലേക്ക് തന്നെ തിരിച്ചു വലിച്ചെറിഞ്ഞു.എല്ലാവരും വെന്തുമരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് നായിഡുവും സംഘവും ഗ്രാമം വിടുന്നത്. രാമയ്യന്റെ വീടിന് സമീപത്തെ മരത്തിലൊളിച്ചിരുന്ന നന്ദന്‍ എന്ന് കുഞ്ഞാണ് ഈ രംഗത്തിനെല്ലാം ദൃക്‌സാക്ഷിയായത്. അവനിലൂടെയാണ് ഈ ക്രൂരകൃത്യത്തിന്റെ വൃക്തമായ വിവരണം ലോകം അറിയുന്നത്.
സംഭവം നടന്ന് പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പോലീസെത്തുന്നത്.പോലീസും മാധ്യമങ്ങളും കര്‍ഷകര്‍ക്കായി നിലകൊണ്ടില്ല. ഇത്തരമൊരും ആക്രമണം ഉണ്ടാവുമെന്ന് നേരത്തെ അറിയാമായിരുന്നിട്ടും അവഗണിക്കുകയാണ് പോലീസ് ചെയ്തത്. സംഭവത്തിന് ശേഷം നായിഡു കര്‍ഷകരില്‍ നിന്ന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെടുന്നു. ഇത് ശരിവെച്ച് പോലീസ് നായിഡുവിന് സംരക്ഷണം ഒരുക്കുന്നു. വളച്ചൊടിച്ചാണ് പല മാധ്യമങ്ങളും ഈ സംഭവത്തെ റിപ്പോര്‍ട്ട് ചെയ്തത്. തൊഴിലാളി സമരത്തിന് അപ്പുറം ഈ ആക്രമണത്തിന് പിന്നില്‍ മറഞ്ഞിരുന്ന ജാതി ആക്രമണത്തെ ആരും കണ്ടില്ല
നായിഡു ഉള്‍പ്പെടെ 22 പേരെ തീവെയ്പ്പ്, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യുന്നു. ആളുണ്ടെന്ന് അറിയാതെ അപ്പോഴുണ്ടായ ക്ഷോഭത്തില്‍ തീവെച്ചതാണെന്നും ബാക്കി പുറത്ത് വരുന്ന കഥകള്‍ വ്യാജമാണെന്ന് നായിഡുവിന്റെ ഭാഗം വാദിച്ചു. നാഗപട്ടണം ജില്ല സെഷന്‍ കോടതി നായിഡുവിനും കൂട്ടര്‍ക്കും പത്ത് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിക്കുന്നു. 1975ല്‍ മദ്രാസ് ഹൈക്കോടതി നായിഡു ഉള്‍പ്പെടെയുള്ള സംഘത്തിന്റെ ശിക്ഷ റദ്ദാക്കി. പുറത്തിറങ്ങിയ നായിഡുവിനും സംഘത്തിനും വലിയ സ്വീകരണമാണ് ലഭിച്ചത്. അന്നത്തെ രാഷ്ട്രീയ, സാമുഹിക പ്രമുഖര്‍ ആ സ്വീകരണങ്ങളില്‍ പങ്കെടുത്തിരുന്നു.
കുറ്റവിമുക്തനായി പുറത്തെത്തിയ നായിഡു വീണ്ടും തന്റെ ദുഷ് പ്രവര്‍ത്തനങ്ങളില്‍ മുന്നേറി. തന്നെ ആര്‍ക്കും തൊടാന്‍ പറ്റില്ലെന്ന ഗര്‍വ് അയാളില്‍ വര്‍ദ്ധിച്ചിരിക്കുന്നു. പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിന് ശേഷം സിപിഐ- എംഎല്‍ അന്‍ഹിലേഷന്‍ സ്‌ക്വാഡ് 1980ല്‍ നായിഡുവിനെ പാടത്ത് വെച്ച് വെട്ടികൊലപ്പെടുത്തി. ഇന്ത്യന്‍ ചരിത്രത്തില്‍ കീഴ്‌വെണ്‍മണിയില്‍ വെന്തുമരിച്ച 44 ദളിതരുടെ കണ്ണീരും ചോരയുമുണ്ട്. കാലം എത്ര കഴിഞ്ഞാലും മായാതെ അത് അവിടെ തന്നെയുണ്ടാവും.
Content Highlights: The Keezhvenmani massacre of 1968 saw 44 Dalit farm laborers burned alive for demanding fair wages
Published: 31 Jan 2025, 11:40 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented