
പ്യൂപ്പ അതിന്റെ കൂടുപൊളിക്കുകയും അതുപേക്ഷിക്കുകയും ചെയ്യുമ്പോഴാണ് ശലഭമായി പുറത്തുവരുന്നത്. അപ്പോഴാണ് അതിന് വിശാലമായി പറക്കാന്‍ കഴിയുന്നത്. മനുഷ്യന്‍ കൂടുതല്‍ നല്ല മനുഷ്യനാകുന്നതും വിശാലമായി ചിന്തിക്കുന്നതും പഴയ വിശ്വാസക്കൂടുകളും പാരമ്പര്യഭാണ്ഡങ്ങളും പൊളിച്ച് വഴിയിലുപേക്ഷിക്കുമ്പോഴാണ്. ആഫ്രിക്കയില്‍നിന്ന് നമ്മള്‍ നടന്നുവന്ന വഴികളിലൊക്കെ പഴയ വിശ്വാസങ്ങളുടേയും നിലപാടുകളുടേയും ഫോസിലുകളുണ്ട്. ഓരോ വൈജ്ഞാനിക വിപ്ലവങ്ങളും നമ്മളെ കൂടുതല്‍ ആധുനികരാക്കി. അക്കാലംവരെ മുറുകെപ്പിടിച്ച ചിന്താധാരകള്‍ പലതും ചിതലരിച്ചതാണെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ ഓരോ വൈജ്ഞാനിക മേഖലകളിലും പുലര്‍ത്തിയിരുന്ന മുന്‍വിധികള്‍ ഉടഞ്ഞു. പലതും പലവഴികളില്‍ കെട്ടഴിഞ്ഞുവീണു. നമ്മള്‍ നമ്മളാവാന്‍ കാലം നമ്മുടെ കാഴ്ചപ്പാടുകളില്‍ ചില മിനുക്കുപണികള്‍ നടത്തിയിട്ടുണ്ട്. അതുകൂടിയറിഞ്ഞാല്‍ നമ്മളെങ്ങനെയാണ് നമ്മളായത് എന്നറിയാം.
ഭൂതകാലക്കുളിര്‍ അകലുന്നു...
'പണ്ടത്തെ ഓണമായിരുന്നു ഓണം, ഞങ്ങളുടെയൊക്കെ കുട്ടിക്കാലമായിരുന്നു കുട്ടിക്കാലം, ഇന്നത്തെ തലമുറക്ക് എന്തെങ്കിലും അറിയാമോ, ഇന്നത്തെ ഭക്ഷണം മുഴുവന്‍ വിഷമല്ലേ...' ഇങ്ങനെ തുടങ്ങുന്ന ഭൂതകാലവാഴ്ത്തുകള്‍ കേള്‍ക്കാത്തവരുണ്ടോ...? അമ്പത് പിന്നിട്ടവരില്‍പ്പോലും ഈ 'അമ്മാവന്‍ സിന്‍ഡ്രം' അള്ളിപ്പിടിച്ച് കിടക്കുന്നുണ്ടാവും. നമ്മള്‍ കണ്ടിട്ടില്ലാത്ത ഏതോ മധുരമനോജ്ഞ കാലത്തെക്കുറിച്ചാലോചിച്ച് ചിലരെങ്കിലും നഷ്ടബോധത്തിലാണ്ടു. പല തലമുറകളെ കാരണവന്‍മാര്‍ ഇതേ ഭൂതകാലക്കുളിരില്‍ നനച്ചു. അതിനായി കഥകളും കവിതകളും പാട്ടുകളും നിര്‍മിച്ചു. അതിലെ കഥാപാത്രങ്ങള്‍ നമുക്കുമുന്നില്‍ താരങ്ങളായി നിറഞ്ഞാടി. എന്നാല്‍ ചരിത്രവും ശാസ്ത്രവുമെല്ലാം പഠിച്ച പുതിയ തലമുറ ആ ഭൂതകാല മാഹാത്മ്യവാദം തകര്‍ത്തു.
ഒരുനേരം പോലും ഉണ്ണാനില്ലാതെ മനുഷ്യര്‍ പട്ടിണികിടന്ന് ചത്തുനരകിച്ച കാലത്തെക്കുറിച്ചായിരുന്നു ഈ വാഴ്ത്തുകളെന്ന് ഇന്ന് നമുക്ക് ബോധ്യമായിട്ടുണ്ട്. മൂന്നുദിവസം മരുന്നു കഴിച്ചാല്‍ മാറുന്ന രോഗങ്ങള്‍ വന്ന് ആയിരങ്ങള്‍ ചത്തുമലച്ച കാലത്തെയാണ് അവര്‍ ആഘോഷിച്ചത്. രോഗം വന്നാല്‍ ചികിത്സിക്കാന്‍ വഴിയില്ലാത്ത, ഒരു നല്ല ആശുപത്രിയില്ലാത്ത, സഞ്ചരിക്കാന്‍ കാളവണ്ടിയല്ലാതെ ഒന്നുമില്ലാത്ത, നല്ല റോഡുകളില്ലാത്ത, മാറിയിടാന്‍ വസ്ത്രങ്ങളില്ലാത്ത, ഒരുപഞ്ചായത്തിനപ്പുറത്തെ വിശേഷങ്ങള്‍പോലും അറിയാന്‍ കഴിയാത്ത, ജോലിക്ക് കൂലിയില്ലാത്ത, കാലത്തെയാണ് അവര്‍ 'ആമോദത്തോടെ വസിക്കും കാല'മെന്ന് പുളകം കൊണ്ടത്. മാതാപിതാക്കളും കുട്ടികളും തമ്മില്‍ ഇഴയടുപ്പമുള്ള ബന്ധംപോലും അന്നുണ്ടായിരുന്നില്ല എന്നതാണ് സത്യം. മനുഷ്യന്‍ ഏറ്റവും സുഖവും സ്വാസ്ഥ്യവും സൗകര്യവും അനുഭവിക്കുന്ന കാലം വര്‍ത്തമാനകാലം തന്നെയാണെന്ന കാര്യത്തില്‍ ചിന്തിക്കുന്നവര്‍ക്ക് ഇന്ന് സംശയമൊന്നുമില്ല.
കൂടുതല്‍ ഒന്നാകും കാലം...
മനുഷ്യരില്‍ ഏതെങ്കിലും ഒരു കുലത്തിനോ വംശത്തിനോ മതത്തിനോ പ്രത്യേകിച്ചൊരു മഹത്വവും സവിശേഷതയും ഇല്ലെന്ന് ബോധ്യപ്പെട്ട കാലമാണിത്. അപ്പുറത്ത് ഹിറ്റ്‌ലറും ഇപ്പുറത്ത് വൈദികരും ഉയര്‍ത്തിപ്പിടിച്ച 'ആര്യന്‍' വാദം വെറും വീമ്പുപറച്ചിലുകളാണെന്ന് ജനിതകപഠനങ്ങളിലൂടെ നമ്മള്‍ തിരിച്ചറിഞ്ഞു. നിറങ്ങള്‍ക്കപ്പുറം നിലപാടുകള്‍ക്ക് വോട്ടുചെയ്യുന്നവരാണ് ഇന്ന് നാം. അപ്പോഴും മതങ്ങളുടേയും അധികാരത്തിന്റേയും പേരിലുള്ള കോഴിപ്പോര് ഒരുഭാഗത്ത് നടക്കുന്നുണ്ട്. എങ്കിലും അതിന് ഇനി അധികം ആയുസ്സുണ്ടാവാനിടയില്ല. ഒന്നോ രണ്ടോ തലമുറകൂടികൂടി കഴിയുന്നതോടെ മതങ്ങള്‍ മിക്കവാറും മ്യൂസിയത്തിലിരിക്കും. എന്റെ മതവും, ദൈവവും, പുസ്തകവുമാണ് ഏറ്റവും മികച്ചത് എന്നവകാശപ്പെടുന്നവരോട് പോയി ചരിത്രം പഠിക്കാന്‍ ഇപ്പോള്‍ത്തന്നെ പുതിയ തലമുറ പറയാന്‍ തുടങ്ങിട്ടുണ്ട്.
ഭിന്നശേഷിക്കാരോടും മനോദൗര്‍ബല്യമുള്ളവരോടും ഏറ്റവും സഹാനുഭൂതിയോടെ പെരുമാറണമെന്ന് പുതിയ തലമുറക്കറിയാം. അവരെ വിശേഷിപ്പിക്കുന്ന പദങ്ങളില്‍പോലും സൂക്ഷ്മത പുലര്‍ത്തുന്നു. ശാരീരികവൈകല്യങ്ങളുടെ പേരില്‍ ആരും ആരേയും കളിയാക്കില്ല. 'ഭ്രാന്ത് 'ഇന്ന് ആര്‍ക്കുമില്ല, പകരം പ്രത്യേകപ രിഗണനയര്‍ഹിക്കുന്നവരേയുള്ളൂ. ജനിതകരോഗങ്ങള്‍ക്ക് കാരണം മുജ്ജന്‍മപാപമല്ലെന്നറിഞ്ഞ് അവരെ മികച്ച ചികിത്സക്ക് വിധേയരാക്കുകയാണ് നമ്മള്‍. പുരുഷാധിപത്യലോകത്തിന്റെ തീട്ടൂരങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. ലിംഗസമത്വത്തെ എതിര്‍ക്കുന്നവരെ ഇന്ന് അപരിഷ്‌കൃതരായാണ് കാണുന്നത്. തുല്യ സാമൂഹികനീതിക്ക് ലിംഗം ഒരു മാനദണ്ഡമേയല്ലാത്ത കാലത്താണ് നാം ജീവിക്കുന്നത്. എല്‍.ജി.ബി.ടി.ക്യു. വിഭാഗങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ഇന്നത്തെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. അവരുടെ അവകാശങ്ങളേയും സമൂഹം അംഗീകരിച്ചു. അവര്‍ക്കെതിരേ പ്രചാരണം നടത്തുന്ന യാഥാസ്ഥിതികരെ പുതിയതലമുറതന്നെ തള്ളുന്നു.
ഇനിയൊരു യുദ്ധം വേണ്ടേവേണ്ടാ...
ലോകയുദ്ധങ്ങളേയും അവയുടെ കെടുതികളേയും പഠിച്ച പുതിയ ലോകം ഇനിയൊരു മഹായുദ്ധമുണ്ടാവരുതെന്നാണ് ആഗ്രഹിക്കുന്നത്. അങ്ങനെയൊന്നുണ്ടായാല്‍ ഇനി മനുഷ്യവംശത്തിന് നിലനില്‍പ് അസാധ്യമാവുമെന്ന തിരിച്ചറിവാണതിന് കാരണം. അതുകൊണ്ട് രാഷ്ട്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരമാവധി ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നു. എന്നിട്ടും പലയിടത്തും യുദ്ധങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ അതിലൊന്നും പ്രത്യക്ഷത്തില്‍ പക്ഷം ചേരാന്‍ ഒരു രാഷ്ട്രങ്ങളും തയ്യാറല്ല. ഇനിയൊരു മഹായുദ്ധം ഉണ്ടാവില്ലെന്നുതന്നെ ഉറപ്പിക്കാം. യുദ്ധക്കുറ്റവാളികളെ കൈകാര്യം ചെയ്യാന്‍ പൊതുനിയമങ്ങള്‍ വന്നു. കുറ്റവാളികള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ നല്‍കി. കുറ്റങ്ങളേയും ശിക്ഷകളേയുംകുറിച്ചുള്ള പൗരാണിക സങ്കല്‍പങ്ങളെല്ലാം പൊളിച്ചെഴുതിക്കഴിഞ്ഞു. വധശിക്ഷ ഒരു പ്രാകൃതമായ ശിക്ഷാനടപടിയാണെന്ന് പരിഷ്‌കൃതരാഷ്ട്രങ്ങള്‍ നിലപാടെടുത്തിരിക്കുകയാണ്. നമുക്കും വൈകാതെ ആ വഴിയേ പോകേണ്ടിവരും. ജയിലുകളെ മനപരിവര്‍ത്തനകേന്ദ്രങ്ങളാക്കുന്നതാണ് പുതിയ കാഴ്ചപ്പാട്.
മറയില്ലാതെ പ്രകൃതിയെ അറിയുന്നു...
പ്രകൃതിയായിരുന്നു ഒരുകാലത്ത് ഹോമോസാപിയന്‍സിന്റെ ദൈവം. മനുഷ്യന് ഏറ്റവുമധികം തെറ്റിദ്ധാരണകളുണ്ടായതും പ്രകൃതിയുമായി ബന്ധപ്പെട്ടുതന്നെ. പ്രകൃതിപ്രതിഭാസങ്ങളെ അദൃശ്യശക്തികളുടെ ഇടപെടലായി കരുതിയിരുന്ന ആദിമമനുഷന്‍ അവരുമായുണ്ടാക്കിയ സമാധാന ഉടമ്പടിയുടെ ഫലമാണ് ആരാധനകളും മതങ്ങളുമെല്ലാം. എന്നാല്‍, ഈ പ്രകൃതിപ്രതിഭാസങ്ങളുടെയൊക്കെ ചുരുളഴിഞ്ഞപ്പോഴും ആരാധനകളും മതങ്ങളുമെല്ലാം അവന്റെ ഉള്ളില്‍ ചുരുണ്ടു കിടന്നു. പര്‍വതങ്ങളെ ചുമലിലേറ്റി പറക്കുന്നതും പര്‍വതങ്ങളെ ആണിയാക്കുന്നതുമായ കഥകളെല്ലാം മനുഷ്യന്‍ ഇപ്പോഴും കൊണ്ടാടുന്നത് അതുകൊണ്ടാണ്. ശാസ്ത്രജ്ഞന്‍മാര്‍ പോലും നല്ലകാര്യങ്ങള്‍ ചെയ്യാന്‍ 'നല്ല സമയം' നോക്കുന്നതും അതുകൊണ്ടാണ്.
പുതിയ തലമുറ കുറച്ചുകൂടി ശാസ്ത്രീയമായി കാര്യങ്ങളെ കാണാന്‍ പഠിച്ചുകഴിഞ്ഞു. പ്രകൃതിയെ അവര്‍ മറയില്ലാതെ കാണുന്നു. പ്രകൃതിസ്‌നേഹത്തോടൊപ്പം അതിന്റെ പ്രായോഗികതയേയും ചിന്തിക്കുന്നു. മരങ്ങളെ അറിയുമ്പോഴും കടലിലെ പ്ലാങ്ടണ്‍ മുതലായ ജൈവവിഭാഗങ്ങളാണ് നമുക്കാവശ്യമുള്ള ഓക്‌സിജന്റെ വലിയൊരു പങ്കും നല്‍കുന്നതെന്ന സത്യം അവര്‍ ഉള്‍ക്കൊള്ളുന്നു. ജൈവകൃഷിയുടെ നന്മയില്‍ വിശ്വസിക്കുമ്പോഴും രാസവും ജൈവവും ചേര്‍ന്ന സമ്മിശ്രകൃഷികൊണ്ടേ ജനതയുടെ വയറുനിറയൂ എന്നവര്‍ക്കറിയാം. എല്ലാ പ്രകൃതിദുരന്തങ്ങള്‍ക്കും കാരണം മനുഷ്യനല്ലെന്നും മനുഷ്യന്‍ ഉണ്ടാകുന്നതിന് മുന്‍പും പ്രകൃതി സ്വയം കൂട്ടസംഹാരം നടത്തിയിട്ടുണ്ടെന്നും മനസ്സിലാക്കുന്നു. പാലും പഴവും കുടിച്ച് പാമ്പ് അനുഗ്രഹിക്കില്ലെന്നും പകവെച്ച് കടിക്കാന്‍ അതിനറിയില്ലെന്നും ഉത്സവപ്പറമ്പിലെ മേളത്തിനൊപ്പം ആന ചെവിയാട്ടില്ലെന്നും മയിലിന്റെ കണ്ണീരില്‍നിന്ന് കുഞ്ഞുങ്ങളുണ്ടാവില്ലെന്നും ഒട്ടകത്തിന്റേയോ പശുവിന്റേയോ മല-മൂത്രങ്ങള്‍ക്ക് വിശിഷ്ടഗുണങ്ങളില്ലെന്നുമൊക്കെ അല്‍പം വേദനയോടെയാണെങ്കിലും സമൂഹം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അങ്ങനെ ജീവികളും മനുഷ്യരും തമ്മിലുള്ള ബന്ധത്തേയും നമ്മള്‍ പുനര്‍നിര്‍വചിച്ചുകൊണ്ടിരിക്കുകയാണ്.
ശാസ്ത്രം നല്‍കിയ വെളിച്ചം...
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വിടവുകള്‍ ഓരോന്നായി അടയ്ക്കുകയായിരുന്നു ഓരോ ശാസ്ത്രനേട്ടങ്ങളും. ആരോ എവിടെയോ ഇരുന്ന് ആറുദിവസംകൊണ്ടുണ്ടാക്കിയതല്ല ഇക്കാണുന്ന പ്രപഞ്ചമെന്ന തിരിച്ചറിവ് പ്രപഞ്ചത്തെക്കുറിച്ചു പഠിക്കാനുള്ള മനുഷ്യനോടുള്ള ഒരു ആഹ്വാനമായിരുന്നു. അങ്ങനെയാണ് ഈ പ്രപഞ്ചത്തില്‍ നമ്മള്‍ ആരാണെന്ന അന്വേഷണത്തിന് അവന്‍ തുനിഞ്ഞത്. 1382 കോടി വര്‍ഷം മുമ്പത്തെ മഹാവികാസത്തിന്റെ ഫലമായുണ്ടായ പ്രപഞ്ചത്തില്‍ 450 കോടി വര്‍ഷം മുന്‍പുമാത്രമാണ് സൂര്യനും ഭൂമിയുമൊക്കെയുണ്ടായതെന്ന് അവന്‍ അറിഞ്ഞു. ആ ഭൂമിയില്‍ ജീവനുണ്ടായിട്ട് 300 കോടിയിലേറെ വര്‍ഷങ്ങള്‍. അതില്‍ ഹോമോസാപിയന്‍ എന്ന ആദിമമനുഷ്യനുണ്ടായിട്ട് വെറും മൂന്നു ലക്ഷം വര്‍ഷങ്ങള്‍. പ്രകൃതിയില്‍ മനുഷ്യന്‍ എത്ര നിസ്സാരന്‍ എന്നറിയാന്‍ ഈ അറിവ് അവനെ സഹായിച്ചു.
ഇന്ന് ഭൂമിയില്‍നിന്ന് 700 കിലോ മീറ്റര്‍ അകലെ ബഹിരാകാശത്ത് സ്വകാര്യ വിനോദസഞ്ചാരത്തിന്റെ ഭാഗമായി വിനോദസഞ്ചാരികള്‍ നടന്ന് കാഴ്ചകള്‍ കണ്ടു. അപ്പോഴും 22 കോടി കിലോമീറ്റര്‍ അകലെകിടക്കുന്ന ചൊവ്വാഗ്രഹം കേരളത്തിലെ ഒരു പ്രത്യേകവിഭാഗം ആളുകളുടെ മാത്രം കല്യാണം മുടക്കുകയാണ്! ഇത്തരം അബദ്ധങ്ങളെ പുതിയ തലമുറ ചോദ്യം ചെയ്യാന്‍ തുടങ്ങിയെന്നത് ആശാവഹമാണ്. ഇനിയെങ്കിലും ഭൂമിയിലെ കല്യാണങ്ങളില്‍ ചൊവ്വയെ ഇടപെടാന്‍ അനുവദിച്ചുകൂടാ. കല്യാണത്തിന് ജാതിയോ ജാതകമോ അല്ല, രക്തബന്ധവും രക്തഗ്രൂപ്പുമാണ് ശ്രദ്ധിക്കേണ്ടതെന്ന തിരിച്ചറിവിലേക്ക് പുതിയ തലമുറ എത്തി. ജീവിതത്തിലും വിവാഹത്തിലും വിവാഹമോചനത്തിലും ജോലിയിലുമെല്ലാം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരേ അവകാശവും അധികാരവും നല്‍കുന്നരീതിയില്‍ നിയമങ്ങള്‍ ഭേദഗതിചെയ്തുകൊണ്ടിരിക്കുകയാണ് നാം.
നമ്മളിനി എന്താവും?
ഈ ചോദ്യത്തിന് മുന്നില്‍ ധിഷണാശാലിയായ മനുഷ്യന്‍ സത്യത്തില്‍ അമ്പരന്നു നില്‍പാണ്. അവനഴിച്ചുവിട്ട വൈജ്ഞാനിക വിപ്ലവഭൂതം അവനെ അതിശയിപ്പിക്കുന്നു. അടുത്ത അഞ്ചു പതിറ്റാണ്ടുകള്‍ക്കപ്പുറം ഈ മനുഷ്യന്‍ ഇങ്ങനെത്തന്നെയാവുമോ? എന്ത് തരം മാറ്റമായിരിക്കും അവന്റെ ജീവിതത്തില്‍ വരിക? മനുഷ്യസമാനയന്ത്രങ്ങളായ ഹ്യൂമനോയിഡുകള്‍ മനുഷ്യജീവിതത്തെ നിരര്‍ത്ഥകമാക്കുമോ ? മനുഷ്യനും യന്ത്രവും ചേര്‍ന്ന സൈബോര്‍ഗുകള്‍ കളംവാഴുമോ ?
സ്‌പൈഡര്‍മാന്‍, സൂപ്പര്‍മാന്‍, അയേണ്‍മാന്‍, ക്യാപ്റ്റന്‍ അമേരിക്ക, ഡോക്ടര്‍ മാന്‍ഹട്ടന്‍. അങ്ങനെ യുവതലമുറയുടെ ആരാധനാപാത്രങ്ങള്‍ ഒട്ടേറെയുണ്ട്. അതിമാനുഷന്‍മാരായ കഥാപാത്രങ്ങള്‍. അവരൊക്കെ യാഥാര്‍ത്ഥ്യമാവുന്ന കാലത്തേക്കാണ് അതിവേഗം നമ്മള്‍ നടന്നടുത്തുകൊണ്ടിരിക്കുന്നത്. എന്തിനും ഏതിനും പോന്ന യന്ത്രങ്ങള്‍ ഘടിപ്പിച്ച മനുഷ്യര്‍. മനുഷ്യനും യന്ത്രവും ചേര്‍ന്ന സൈബോര്‍ഗുകളില്‍ ആഴത്തിലുള്ള പഠനങ്ങള്‍ ഇന്ന് നടക്കുന്നു. അങ്ങനെ സ്വാഭാവിക പരിണാമപ്രക്രിയയെ ഒറ്റയടിക്ക് അട്ടിമറിച്ച് മറ്റൊരു ജീവിയായി മനുഷ്യന്‍ മാറിയേക്കാം. ഇപ്പോള്‍ത്തന്നെ നമ്മള്‍ ഉപയോഗിക്കുന്ന കോക്ലിയാര്‍ ഇംപ്ലാന്റുകളും പേസ്‌മേക്കറുകളുമൊക്കെ ഇതിന്റെ ഒരു പ്രാഥമിക രൂപം മാത്രമാണ്. ഇനി മനുഷ്യാവയവങ്ങളേക്കാള്‍ മെച്ചപ്പെട്ടതും ശേഷിയുള്ളതുമായ യന്ത്രാവയവങ്ങള്‍ നമ്മളില്‍ ഘടിപ്പിക്കപ്പെടാം. അങ്ങനെ 'ഓഗ്മെന്റ് ഹ്യൂമണ്‍' എന്ന തലത്തിലേക്ക് നമ്മള്‍ മാറാം. തലച്ചോറും കംപ്യൂട്ടറും തമ്മില്‍ നേരിട്ട് ബന്ധിപ്പിക്കുന്ന പഠനങ്ങള്‍ നടക്കുന്നുണ്ട്. മനുഷ്യബുദ്ധിയും കൃത്രിമബുദ്ധിയും സംയോജിപ്പിച്ചാല്‍ ഒരുപക്ഷേ നേരത്തേ പറഞ്ഞ അതിമാനുഷന്‍മാരുടെ കാലമായിരിക്കും വരാനിരിക്കുന്നത്. അതിലേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് കൂടി ചേര്‍ന്നാലോ..? കവി പറഞ്ഞ കാലനില്ലാത്ത കാലത്തിലേക്കാണോ പോക്ക്..?
ഇതൊന്നും ഒരു സാങ്കല്‍പിക കഥയേയല്ല. നമുക്കു മുന്നില്‍ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ഇതുതന്നെ സംഭവിക്കാം. ഇത്തരം വിപ്ലവങ്ങള്‍ നമ്മളിലുണ്ടാക്കുന്ന സ്വത്വബോധം എന്താവുമെന്ന് ചിന്തിക്കാന്‍പോലും ഇന്ന് കഴിയില്ല. സാമൂഹിക പ്രത്യാഘാതങ്ങള്‍, ധാര്‍മിക ചിന്തകള്‍ എന്നിവ എങ്ങനെയെല്ലാം പരിണമിക്കും? തീരുമാനമെടുക്കുന്നത് മനുഷ്യബുദ്ധിയോ കൃത്രിമബുദ്ധിയോ? അങ്ങനെയെങ്കില്‍ മനുഷ്യന്റെ നിലപാടുകള്‍ക്കോ അതോ യന്ത്രങ്ങളുടെ തീരുമാനങ്ങള്‍ക്കോ പ്രാധാന്യമുണ്ടാവുക? മനുഷ്യനെ മറികടന്ന് സൈബോര്‍ഗുകളുടെ ഗ്രഹമായി ഈ ഭൂമി മാറുമോ...? അങ്ങനെ ചോദ്യങ്ങളും സംശയങ്ങളും ഒരുപാടുണ്ട്. ഒരു കാര്യം ഉറപ്പാണ്, നമ്മളെങ്ങനെ നമ്മളായി എന്ന് ഇപ്പോള്‍ നമുക്കറിയാം. എന്നാല്‍ നമ്മളിനി എന്താവുമെന്ന് സങ്കല്‍പിക്കാനേ കഴിയൂ.
('നമ്മളങ്ങനെ നമ്മളായി' കോളം സമാപിക്കുന്നു.)
Content Highlights: how human evolved over time and how system of beliefs mindset changed nammalangane nammalayi column
Published: 18 Sept 2024, 03:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented