''വസുന്ധരേ... വസുന്ധരേ... കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ''... ഉരുണ്ട ഭൂമിയില്‍ ജീവിച്ച് മരിച്ചവരേക്കാളുമധികം പേര്‍ പരന്ന ഭൂമിയില്‍ ജീവിച്ചു മരിച്ചിട്ടുണ്ടാവും എന്ന് ധൈര്യമായി പറയാം. കാരണം ഭൂമിയില്‍ ജീവിച്ചവരില്‍ ബഹുഭൂരിപക്ഷത്തിനും അത് ഉരുണ്ടതാണെന്ന് അറിയില്ലായിരുന്നു. 450 കോടി വര്‍ഷം പ്രായമുണ്ട് ഭൂമിക്ക്. അതില്‍ ഹോമോസാപിയന്‍ എന്ന മനുഷ്യവിഭാഗത്തിന് പ്രായം പരമാവധി മൂന്നര ലക്ഷം വര്‍ഷം മാത്രം. ഇക്കൂട്ടര്‍ ഭൂമി ഉരുണ്ടതാണെന്ന് തിരിച്ചറിഞ്ഞിട്ടാണങ്കില്‍ വെറും 2300 വര്‍ഷം! അപ്പോള്‍ അതിന് മുമ്പുള്ളവരെയെല്ലാം സംബന്ധിച്ചിടത്തോളം ഭൂമി പരന്നതായിരുന്നു. കാരണം അവരുടെ നോട്ടത്തില്‍ എല്ലായിടവും പരന്നിരിക്കുന്നു. ഉരുണ്ടതാണെന്ന് തോന്നിക്കുന്ന ഒരു ലക്ഷണവും കാണാനില്ല, കണ്ടത് തിരിച്ചറിയാനും അവര്‍ക്ക് കഴിഞ്ഞില്ല. പക്ഷേ ഭൂമിയുടെ രൂപമൊന്നും ആ പാവം മനുഷ്യരുടെ ജീവിതത്തെ ഒരുതരത്തിലും ബാധിച്ചില്ല. എന്നാല്‍  പുതിയ കാലത്ത് ഇതല്ല സ്ഥിതി. പരന്ന ഭൂമിയില്‍ ആധുനിക മനുഷ്യനായി ജീവിക്കാന്‍ നമുക്കു കഴിയില്ല. ഭൂമിയുടെ ആകൃതി മറ്റൊന്നായിരുന്നെങ്കില്‍ ഇതുപറയാന്‍ നമ്മളുണ്ടാവുമായിരുന്നില്ല.

To advertise here,

മനുഷ്യവംശം വിജ്ഞാനത്തിന്റെ കൊടുമുടികളോരോന്നായി കീഴടക്കിത്തുടങ്ങിയപ്പോഴാണ് അവന്റെ മുന്നില്‍ പ്രപഞ്ചം സ്വന്തം രഹസ്യങ്ങള്‍ തുറന്നിട്ടത്. അതിലൊന്നായിരുന്നു അവന്‍ ജീവിക്കുന്ന ഭൂമിയുടെ ജാതകരഹസ്യം. ഭൂമിയുടെ ആകൃതിയും ചലനവുമൊക്കെ എല്ലാക്കാലത്തും തര്‍ക്കവിഷയമായിരുന്നു. എന്തിന്, ബഹിരാകാശത്തുപോയി താഴെ ഭൂമിയെ നേരില്‍ കണ്ട, ചിത്രമെടുത്ത ഈ ആധുനികകാലത്തുപോലും അതിനെച്ചൊല്ലി തര്‍ക്കങ്ങള്‍ നടക്കുന്നു. ഭൂമി ഉരുണ്ടതാണെന്നും അത് കറങ്ങുന്നുണ്ടെന്നും പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയല്ലെന്നും പറഞ്ഞതിന്റെ പേരില്‍ പീഡനമേല്‍ക്കേണ്ടിവന്ന ശാസ്ത്രജ്ഞരുടെ ചോരയുടെ മണമുണ്ട് ഇന്നുനാം ചവിട്ടിനില്‍ക്കുന്ന ഈ ഉരുണ്ട ഭൂമിക്ക്.

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം...

''ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ മാനസ സരസ്സുകളുണ്ടോ '' എന്ന് വയലാര്‍ സന്ദേഹിച്ചതിനു പിന്നില്‍ നമ്മളാര്‍ജിച്ച പ്രപഞ്ചവിജ്ഞാനീയത്തിന് പങ്കുണ്ട്. ഈ അനന്തപ്രപഞ്ചത്തില്‍ ഭൂമിയെപ്പോലുള്ള ഗ്രഹങ്ങള്‍ ഇനിയുമുണ്ടാകാം എന്ന് നമ്മള്‍ ഇന്നുകരുതുന്നു. എന്നാല്‍ അതായിരുന്നില്ല ഒരുകാലത്ത് ഭൂമിയെക്കുറിച്ചുള്ള സങ്കല്‍പം. 'അറിഞ്ഞത് അല്‍പവും അറിയപ്പെടാത്തത് അനന്തവുമാണ്' എന്നു പറഞ്ഞത് ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനായ തോമസ് ഹക്​സ്​ലിയാണ്. മനുഷ്യന്റെ അറിവിന്റെ പരിമിതിയെയാണ് ഏതുകാലത്തും മതങ്ങള്‍ ചൂഷണം ചെയ്തത്. അജ്ഞതയുടെ വിടവുകളിലെല്ലാം അവര്‍ ദൈവങ്ങളെ തിരുകിവെച്ചു. മനുഷ്യന്റെ പ്രപഞ്ചധാരണകളെ  രൂപപ്പെടുത്തിയതുതന്നെ മതങ്ങളായിരുന്നു. ആ ധാരണകള്‍ തിരുത്താന്‍ ശ്രമിച്ചവരെ കൂച്ചുവിലങ്ങിട്ടു. പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണെന്ന് ധരിച്ചിരുന്ന മതത്തിന് കോപ്പര്‍നിക്കസിന്റെയും ബ്രൂണോയുടേയുമൊക്കെ എതിര്‍ശബ്ദം അസഹ്യമായത് അതുകൊണ്ടാണ്. ഇന്നത്തെ എല്ലാ പ്രബലമതങ്ങളുടേയും അടിസ്ഥാനഗ്രന്ഥങ്ങളില്‍ പ്രപഞ്ചകേന്ദ്രം ഭൂമിയാണെന്ന് കാണാം. പരന്ന ഭൂമിക്കു മുകളില്‍ പല തട്ടുകള്‍ അവര്‍ സങ്കല്‍പിച്ചു.  അതിന് മതങ്ങളെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല.  ഈ ചെറിയ ഭൂമിയിലിരുന്നാണ് അവര്‍ ലോകവീക്ഷണം നടത്തിയത്. ഒരു മലമുകളില്‍ നിന്ന് നോക്കിയാല്‍ കാണുന്നതിലപ്പുറം പരിപ്രേക്ഷ്യം അവര്‍ ജീവിച്ച ഭൂമിയെപ്പറ്റി ഉണ്ടാകാന്‍ അവസരമുണ്ടായിരുന്നില്ല. അവരുടെ ദൈവങ്ങളെല്ലാം പിറന്നതും വളര്‍ന്നതും പ്രവര്‍ത്തിച്ചതും മരിച്ചതും ഈ ഇത്തിരി മണ്ണിലാണ്. ഭൂമിക്കപ്പുറം അതിവിശാലമായ പ്രപഞ്ചമുണ്ടെന്നും ആ പ്രപഞ്ചത്തില്‍ ഭൂമിക്ക് ഒരു പൊടിപടലത്തിന്റെ പോലും സ്ഥാനമില്ലെന്നും കണ്ടെത്തുന്നതിന് മുമ്പേയാണ് മിക്ക മതങ്ങളും രൂപപ്പെട്ടത്. അല്ലെങ്കില്‍, ലോകത്തിന്റെ ഒരു ഭാഗത്ത് നടന്ന ഇത്തരം ശാസ്ത്ര മുന്നേറ്റങ്ങളൊന്നും മറുഭാഗത്ത് മതങ്ങളുണ്ടാക്കിയവര്‍ അറിഞ്ഞിരുന്നില്ല.

അതുകൊണ്ട് താഴെ കാണുന്ന ഭൂമിയും മുകളിലേക്ക് നോക്കിയാല്‍ കാണുന്ന ആകാശമെന്ന  ശൂന്യതയും നക്ഷത്രങ്ങളുമെല്ലാം ചേര്‍ത്ത് മനുഷ്യന്‍ കുറേ മനോഹര സങ്കല്‍പങ്ങള്‍ നെയ്തു. അതെല്ലാം അവന്റെ പൗരാണിക ഗ്രന്ഥങ്ങളില്‍ പൊടിപ്പുംതൊങ്ങലും ചേര്‍ത്ത് വിശദീകരിച്ചു. അങ്ങനെയാണ് ഇത്തരം ഗ്രന്ഥങ്ങളില്‍ ആറുദിവസം കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ച കഥകളുണ്ടായത്. വിരാട് പുരുഷനും മന്വന്തരങ്ങളും മഹാപ്രളയങ്ങളുമുണ്ടായത്. ത്രിലോകവും ത്രിശങ്കുവും ഈരേഴ് പതിനാല് ലോകവുമുണ്ടായത്. അവന്റെ സൃഷ്ടികഥകളില്‍ ആദ്യം ആകാശവും ഭൂമിയും ഉണ്ടായി, അതിനും മുമ്പേ ദൈവത്തിനിരിക്കാന്‍ സിംഹാസനമുണ്ടായി. ആ സിംഹാസനത്തിന് സ്ഥിതിചെയ്യാന്‍ വെള്ളമുണ്ടായി, സൂര്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് പ്രകാശമുണ്ടായി, സൂര്യനും നക്ഷത്രങ്ങളുമെല്ലാം ഭൂമിയെ ചുറ്റി, ചിലനക്ഷത്രങ്ങള്‍ പുഴയില്‍ വീണു, ജലത്തില്‍നിന്ന്  ഭൂമിയുണ്ടായി, കടലില്‍ മുങ്ങിയ ഭൂമിയെ വരാഹവേഷത്തില്‍ ദൈവം തേറ്റകൊണ്ടുയര്‍ത്തി, മഴുവെറിഞ്ഞ് ഭൂമി വീണ്ടെടുത്തു.... സ്‌കൂള്‍ കുട്ടികള്‍പോലും ഊറിച്ചിരിക്കുന്ന മുത്തശ്ശിക്കഥകളെക്കൊണ്ടാണ് അന്നുള്ളവര്‍ പ്രപഞ്ചത്തേയും ഭൂമിയേയും വിശദീകരിച്ചത്. ഇന്ന് ഭൂമിയെന്താണെന്നും പ്രപഞ്ചമെന്താണെന്നും ശാസ്ത്രീയമായി അറിഞ്ഞിട്ടും ഈ കഥകള്‍ അതിജീവിക്കുന്നുവെന്നതാണ് കൗതുകം. ശാസ്ത്രജ്ഞാനത്തെ ഇത്തരം കഥകളെ ന്യായീകരിക്കാനുള്ള ഉപാധിയാക്കി മാറ്റുകയായിരുന്നും നാം.

ഭൂമിയുടെ രഹസ്യം തേടിയവര്‍...

ഇത്രയൊക്കെ പരിമിതികള്‍ക്കുള്ളില്‍ ജീവിച്ചിട്ടും ഭൂമി പരന്നതാവാന്‍ സാധ്യതയില്ലെന്ന് ചിന്തിച്ചവര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പും ഉണ്ടായിരുന്നു. അസാധാരണമായി ചിന്തിച്ചവര്‍, മതകഥകളോട് മുഖംതിരിച്ചവര്‍, സംശയങ്ങള്‍ക്ക് പിറകേ പോയവര്‍. ദുരിതങ്ങള്‍ പലതുസഹിച്ച് അവരുണ്ടാക്കിയ  വഴിയിലൂടെ നടന്നാണ് ആധുനികമനുഷ്യന്‍ പ്രപഞ്ചരഹസ്യങ്ങളിലേക്ക് ഊളിയിട്ടത്. ആകാശഗോളങ്ങളെ നിരീക്ഷിച്ചും, നിഴല്‍ പരിശോധിച്ചും, ഗ്രഹണങ്ങള്‍ പഠിച്ചുമെല്ലാം അവര്‍ ഭൂമിയുടെ ആകൃതി പരന്നതല്ലെന്നുറപ്പിച്ചു.  അവരില്‍ പ്രധാനികള്‍ ഗ്രീക്കുകാരായ ശാസ്ത്രജ്ഞര്‍തന്നെ. ബി.സി.ഇ. 580-500 കാലത്ത് ജീവിച്ചിരുന്ന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായിരുന്ന പൈതഗോറസാണ് ഗ്രഹണസമയത്ത് ചന്ദ്രനില്‍ വീഴുന്ന ഭൂമിയുടെ നിഴല്‍ നിരീക്ഷിച്ച് ഭൂമി ഉരുണ്ടതാണെന്ന നിഗമനത്തില്‍ ആദ്യമെത്തിയത്.

placeholder
പൈതഗോറസ് | Photo: Szilas, 2013-03-04, Public Domain, https://commons.wikimedia.org/w/index.php?curid=36520519

പക്ഷേ അപ്പോഴും സൂര്യനും ചന്ദ്രനുമെല്ലാം ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ബി.സി.ഇ.340-ല്‍ പ്രശസ്ത തത്വചിന്തകനായ അരിസ്റ്റോട്ടിലും ചന്ദ്രഗ്രഹണം നിരീക്ഷിച്ച് ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞിരുന്നു. ഭൂമിയുടെ ചുറ്റളവ് നിര്‍ണയിക്കാനുള്ള കാര്യമായ ശ്രമമുണ്ടായത് ബി.സി.ഇ. 273 കാലത്ത് ജീവിച്ച ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായ ഇറത്തോസ്തനീസിന്റെ ഭാഗത്തുനിന്നാണ്. സൂര്യപ്രകാശത്തിന്റെ ഗതിനിര്‍ണയിച്ചാണ് അദ്ദേഹം ഈ കണക്കുണ്ടാക്കിയത്. ഇന്നത്തെ കണക്കുമായി ഒത്തുപോകുന്നതായിരുന്നു അദ്ദേഹത്തിന്റെ അളവ്. ഇത്രയൊക്കെ ശാസ്ത്രസംഭാവനകള്‍ ചെയ്തിട്ടും അവസാനകാലത്ത് കാഴ്ച നഷ്ടപ്പെട്ട് പട്ടിണിമൂലം ആത്മഹത്യ ചെയ്യുകയായിരുന്നു ഇറാത്തോസ്തനീസെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്.

placeholder
ഇറത്തോസ്തനീസ് വിദ്യാർഥിയോടൊപ്പം | Photo: musée des beaux-arts de Montréal, Public Domain, https://commons.wikimedia.org/w/index.php?curid=42582581

ഭാരതീയര്‍ക്ക് പൗരാണികകാലം മുതലേ ഭൂമിയുടെ ആകൃതിയില്‍ സംശയമുണ്ടായിരുന്നില്ല. ഋഗ്വേദം, യജുര്‍വേദം, അഥര്‍വവേദം, ഐതരേയബ്രാഹ്‌മണം എന്നിവയിലെല്ലാം ഭൂമിയുടെ ഗോളാകൃതിയേയും അതിന്റെ കറക്കത്തേയും കുറിച്ച് പറയുന്നുണ്ട്. എന്നാല്‍, അതിലപ്പുറം ധാരണയൊന്നും ഭൂമിയെക്കുറിച്ചോ പ്രപഞ്ചത്തെക്കുറിച്ചോ ഇത്തരം ഗ്രന്ഥങ്ങളിലില്ല. ഭൂമിയുടെ ഉത്ഭവത്തെക്കുറിച്ചെല്ലാം യുക്തിവിരുദ്ധമായ നിറംപിടിപ്പിച്ച കഥകള്‍ വേദങ്ങളിലും പുരാണങ്ങളിലും കാണാം. എ.ഡി.499 ല്‍ ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടന്‍ രചിച്ച 'ആര്യഭടീയം' എന്ന ശാസ്ത്ര ഗ്രന്ഥത്തില്‍ ഭൂമിയുടെ ഗോളാകൃതിമാത്രമല്ല, അതിന്റെ ചെരിവ്, ഭ്രമണം, വ്യാസം എന്നിവയെക്കുറിച്ചൊക്കെ പരാമര്‍ശമുണ്ട്. ഒരു ശ്വാസോച്ഛ്വാസ സമയം കൊണ്ട് ഭൂമി ഒരംഗുലം ചലിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ആര്യഭടന്റേയും കാഴ്ചപ്പാടില്‍ ഭൂമിതന്നെയായിരുന്നു പ്രപഞ്ചകേന്ദ്രം.

ജീവന്റെ വിലയുള്ള സത്യങ്ങള്‍...

ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന ടോളമിയടക്കമുള്ള പണ്ഡിതരുടെ അഭിപ്രായങ്ങളെ തച്ചുടച്ചുകൊണ്ടാണ് 15-ാം നൂറ്റാണ്ടില്‍ നിക്കോളാസ് കോപ്പര്‍നിക്കസിന്റെ വരവ്. കൃത്യമായ തെളിവുകള്‍ സഹിതം പ്രപഞ്ചത്തിന്റെ കേന്ദ്രം സൂര്യനാണെന്ന് അദ്ദേഹം സ്ഥാപിച്ചു. ടെലസ്‌കോപ്പുപോലുമില്ലാത്ത കാലത്ത് നഗ്‌നനേത്രങ്ങള്‍കൊണ്ട് വാനനിരീക്ഷണം നടത്തിയും കണക്കുകൂട്ടിയുമാണ് അദ്ദേഹം ഈ കണ്ടെത്തല്‍ നടത്തിയത്. 1514-ല്‍ ഇതു വിശദീകരിക്കുന്ന 'റവല്യൂഷന്‍സ്' എന്ന ഒരു ലഘുപ്രബന്ധവും രചിച്ചു. എന്നാല്‍ അടുപ്പമുള്ളവര്‍ക്ക് മാത്രമേ അത് വായിക്കാന്‍ കൊടുത്തുള്ളൂ. മതത്തിന്റേയും പുരോഹിതന്‍മാരുടേയും എതിര്‍പ്പുഭയന്നായിരുന്നു അത്. 1543-ല്‍ കോപ്പര്‍നിക്കസ് മരിച്ച വര്‍ഷമാണ് അത് പ്രസിദ്ധീകരിച്ചത്. അതിന് ശേഷവും പുസ്തകം വലിയ കോലാഹലങ്ങളുണ്ടാക്കിയെങ്കിലും മരണത്തോടെ കോപ്പര്‍നിക്കസ് പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടു. കോപ്പര്‍നിക്കസിന്റെ സമകാലികനായ മാര്‍ട്ടിന്‍ ലൂഥര്‍ അദ്ദേഹത്തെ 'വിശുദ്ധഗ്രന്ഥത്തിനെതിരായി ചിന്തിക്കുന്ന വിഢി' എന്നാണ് വിശേഷിപ്പിച്ചത്.

placeholder
നിക്കോളാസ് കോപ്പർനിക്കസ് | Photo: http://www.frombork.art.pl/Ang10.htmhttps://www.welt.de/img/kultur/mobile152954235/1212503297-ci102l-w1024/Kopernikus-Gemaelde-in-Krakau.jpg, Public Domain, https://commons.wikimedia.org/w/index.php?curid=113500


 
ഗലീലിയോയുടെ 'കുറ്റ'സമ്മതം

എന്നാല്‍ കോപ്പര്‍നിക്കസിന്റെ പിന്‍ഗാമിയായിരുന്ന ഗലീലിയോ ഗലീലിയുടെ അവസ്ഥ അതായിരുന്നില്ല. ദൂരദര്‍ശിനി ഉപയോഗിച്ച് അദ്ദേഹം നടത്തിയ ഗവേഷണങ്ങള്‍ കോപ്പര്‍നിക്കസ്സിന്റെ നിരീക്ഷണങ്ങളെ സ്ഥാപിക്കുന്നതായിരുന്നു.  അതോടെ മതം സടകുടഞ്ഞെഴുന്നേറ്റു. 1615-ല്‍  ഫ്ളോറന്‍സിലെ ഡൊമിനിക്കന്‍ പുരോഹിതന്‍മാര്‍ ഗലീലിയോക്കെതിരേ പോപ്പിന് പരാതിനല്‍കി. കോപ്പര്‍നിക്കസ്സിന്റെ നിരീക്ഷണങ്ങള്‍ മതവിരുദ്ധമാണെന്നും അത് പഠിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ മതനിന്ദയാകുമെന്നും ഗലീലിയോക്ക് മാര്‍പ്പാപ്പ മുന്നറിയിപ്പുനല്‍കി. പലതരത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. എന്നാല്‍ തന്റെ പരീക്ഷണങ്ങളും ഗവേഷണവും തുടര്‍ന്ന ഗലീലിയോയോട് റോമിലെത്തി വിചാരണനേരിടാന്‍ പോപ്പ് ആവശ്യപ്പെട്ടു. അങ്ങനെ 69-ാം വയസ്സില്‍ വിചാരണനേരിടേണ്ടിവരുന്ന ഘട്ടമെത്തി. തന്റെ കണ്ടെത്തലുകളെ തള്ളിപ്പറഞ്ഞാല്‍ ശിക്ഷയില്‍ നിന്നൊഴിവാക്കാമെന്നായിരുന്നു പുരോഹിതരുടെ നിലപാട്. വേറേ വഴിയില്ലാതെ അതിന് ഗലീലിയോ വഴങ്ങി. ഈ മണ്ടന്‍മാരോട് തര്‍ക്കിച്ചും വാഗ്വാദം നടത്തിയും ജീവിതം നശിപ്പിക്കേണ്ടെന്ന് ആ മഹാനായ ശാസ്ത്രജ്ഞന്‍ കരുതിക്കാണും. പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിതന്നെയാണെന്നും അത് പരന്നതാണെന്നും കോപ്പര്‍നിക്കസിന്റെ സിദ്ധാന്തങ്ങള്‍ തെറ്റാണെന്നുമെല്ലാം അദ്ദേഹം  പരസ്യമായി 'സമ്മതിച്ചു.' അങ്ങനെ മരണശിക്ഷ ജീവപര്യന്തം തടവാക്കി കുറച്ചു. മതം ജയിക്കുകയും മനുഷ്യന്‍ തോല്‍ക്കുകയും ചെയ്ത നിമിഷങ്ങള്‍.. പിന്നീട് ജീവപര്യന്തം എന്നത് വീട്ടുതടങ്കലായി മാറ്റുകയും അവിടെ കിടന്ന് 1642-ല്‍ ഗലീലിയോ മരിക്കുകയും ചെയ്തു.

placeholder
ഗലീലിയോ ഗലീലി | Photo: http://collections.rmg.co.uk/collections/objects/14174, Public Domain, https://commons.wikimedia.org/w/index.php?curid=62614082

സത്യത്തെ ചുട്ടുകൊന്നവര്‍...

ഗലീലിയോയെപ്പോലെ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാവാത്തതിന് ജിയോര്‍നാഡോ ബ്രൂണോ എന്ന ശാസ്ത്രജ്ഞന് നഷ്ടമായത് സ്വന്തം ജീവന്‍തന്നെയായിരുന്നു. മനുഷ്യചരിത്രത്തില്‍ ശാസ്ത്രത്തോട് മതം ചെയ്ത, ഏറ്റവും നീചമായ ക്രൂരതയാണ് ബ്രൂണോ ഏറ്റുവാങ്ങിയത്. ഇറ്റലിക്കാരനായ ബ്രൂണോ ഒരു ഡൊമിനിക്കന്‍ പുരോഹിതന്‍കൂടിയായിരുന്നു. കോപ്പര്‍നിക്കസ്സിന്റേയും ഗലീലിയോയുടേയും പ്രപഞ്ചസിദ്ധാന്തത്തെ അംഗീകരിക്കുക മാത്രമല്ല, ജീവനുണ്ടാകാനിടയുള്ള മറ്റു ഗ്രഹങ്ങളുടെ സാധ്യതയെക്കുറിച്ചുപോലും 16-ാം നൂറ്റാണ്ടില്‍ നിരീക്ഷണം നടത്തി. മതവിരുദ്ധമായ ഈ നിലപാടുകള്‍ തിരുത്താന്‍ കത്തോലിക്കാസഭ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. തടവിലാക്കപ്പെട്ട ബ്രൂണോ ഏഴുവര്‍ഷം വിചാരണ നേരിട്ടു. ഈ ഏകാന്തതടവിന്റെ കാലയളവിലൊന്നും ഒരു വിട്ടുവീഴ്ച്ചക്കും അദ്ദേഹം തയ്യാറായില്ല. കുപ്രസിദ്ധമായ വിചാരണയുടെ രേഖകള്‍ പലതും നെപ്പോളിയന്റെ ആക്രമണത്തെത്തുടര്‍ന്ന് നഷ്ടപ്പെട്ടതായി ചരിത്രകാരന്‍മാര്‍ പറയുന്നു. 1600 ല്‍ ആ ശാസ്ത്രകാരനെ മതം ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു.

placeholder
ജിയോർഡാനോ ബ്രൂണോ | Photo: https://wellcomeimages.org/indexplus/obf_images/bc/3d/265d1be073eb34224006d0d35b02.jpgGallery: https://wellcomeimages.org/indexplus/image/L0015152.htmlWellcome Collection gallery (2018-04-01): https://wellcomecollection.org/works/qgt4dt8k CC-BY-4.0, CC BY 4.0, https://commons.wikimedia.org/w/index.php?curid=133537203

ഇന്നും പരന്നഭൂമിയില്‍ ജീവിക്കുന്നവര്‍..!

ഈ വിചാരണകള്‍ക്കും ശിക്ഷകള്‍ക്കും ശേഷം കാലം ഒരുപാട് മുന്നോട്ടുരുണ്ടു. മനുഷ്യന്‍ ബഹിരാകാശത്തും ചന്ദ്രനിലും നടന്നു. അവനുണ്ടാക്കിയ റോബോട്ടുകള്‍ ചൊവ്വയില്‍നിന്ന് പാറകളുമായി മടങ്ങിയെത്തി. സൂര്യനെ അടുത്തറിയാന്‍ പുതിയ ഉപഗ്രഹങ്ങളയച്ചു. സാറ്റലൈറ്റുകള്‍ കണ്ണുതുറന്ന് ഭൂമിയേയും പ്രപഞ്ചത്തേയും നിരീക്ഷിച്ച് ചിത്രങ്ങള്‍ നമുക്കു തന്നു. ഇനിയാര്‍ക്കും ഭൂമിയെക്കുറിച്ചോ അതിന്റെ രൂപത്തെക്കുറിച്ചോ സംശയമേയുണ്ടാവില്ല എന്ന് കരുതിയോ നിങ്ങള്‍ ? എങ്കില്‍ തെറ്റി, ഇപ്പോഴും ഭൂമിപരന്നതാണെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗമുണ്ട്. അവര്‍ക്ക് ശക്തമായ ഒരു സംഘടനയുമുണ്ട്. അതാണ് 1956-ല്‍ രൂപംകൊണ്ട 'ഫ്ളാറ്റ് എര്‍ത്ത് റിസര്‍ച്ച് സൊസൈറ്റി'. ബ്രിട്ടനിലെ ഡോവര്‍ സ്വദേശി സാമുവല്‍ ഷെന്റണാണ് ഇതിന്റെ സ്ഥാപകന്‍.

ഇത് ഒരു തമാശയായി കാണേണ്ട. യു.എസില്‍ എല്ലാവര്‍ഷവും ഫ്ളാറ്റ് എര്‍ത്ത് കോണ്‍ഫറന്‍സ് നടക്കാറുണ്ട്. ഭൂമിപരന്നതാണ് എന്നു വിശ്വസിക്കുന്നവരുടെ സാമാന്യം വലിയ കൂട്ടായ്മയാണത്. ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും അധ്യാപകരുമൊക്കെ ഇതില്‍ അംഗങ്ങളാണത്രെ ! കഴിഞ്ഞ വര്‍ഷം നടന്ന സമ്മേളനത്തില്‍ 600 പേര്‍ പങ്കെടുത്തുവെന്നാണ് പറയുന്നത്. അതിനേക്കാള്‍ സങ്കടരമായ മറ്റൊരു വാര്‍ത്തയുണ്ടായിരുന്നു. 'ഡാറ്റാഫോള്‍ഹ' എന്ന പ്രശസ്തമായ ഡേറ്റാ കമ്പനി 2019-ല്‍ നടത്തിയ ഒരു സര്‍വെയില്‍ ബ്രസീലിലെ ഏഴുശതമാനം പേര്‍ ഇപ്പോഴും ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്നതായി പറയുന്നു. ഇത് ഏകദേശം 11 ദശലക്ഷംപേര്‍ വരും. 2017- ല്‍ ബോബി റേ സിമ്മണ്‍സ് ജൂനിയര്‍ എന്ന  'പരന്നഭൂമിവാദി' ഒരു ഉപഗ്രഹം വിക്ഷേപിക്കാന്‍ പൊതുജനങ്ങളില്‍ നിന്ന് ധനസമാഹരണം നടത്തി. എന്തിനായിരുന്നു ഈ വിക്ഷേപണമെന്നോ, ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ ! അതിന്റെ ഫലമെന്തായി എന്നറിയില്ല.

എന്തായാലും ഇക്കൂട്ടര്‍ ഇപ്പോഴും വാദിക്കുന്നത് ഭൂമി ഒരു ഡിസ്‌ക് പോലെ പരന്നതാണ് എന്നുതന്നെയാണ്. നാസപോലുള്ള ശാസ്ത്രസ്ഥാപനങ്ങളെല്ലാം അവരെ സംബന്ധിച്ചിടത്തോളം ഗൂഢാലോചനാ കേന്ദ്രങ്ങളാണ്. മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ടേയില്ലെന്ന് വാദിച്ചവരുടെ മുന്നില്‍ ഇവരുണ്ടായിരുന്നു. മതം എത്രത്തോളം ആഴത്തിലും പരപ്പിലും മനുഷ്യന്റെ ശാസ്ത്രബോധത്തിനു മേല്‍ ഉരുക്കുപാളിതീര്‍ത്തിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.