
ഒരു സാങ്കല്‍പിക കഥയില്‍ നിന്ന് തുടങ്ങാം. നമ്മള്‍ ഒരു മൃഗശാല സന്ദര്‍ശിക്കുന്നു. അവിടെ ഇരുമ്പഴിക്കുള്ളിലുള്ള ചിമ്പാന്‍സിയുടെ മുന്നിലെത്തുമ്പോള്‍ അത് നമ്മളോട് പറയുകയാണ്, ''ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ ''സത്യത്തില്‍ നമ്മള്‍ തലകറങ്ങി വീഴും. എന്നാല്‍ അങ്ങനെ സംഭവിക്കില്ല എന്ന് നമുക്ക് ഉറപ്പാണ്. കാരണം, ഭാഷയും ഫിലോസഫിയും മനുഷ്യന് മാത്രമുള്ള ഒരു സിദ്ധിയാണ്. മനുഷ്യനെ മനുഷ്യനാക്കിയ പ്രധാന സിദ്ധി.
''ഒരേ നദിയില്‍ രണ്ടുതവണ ഇറങ്ങാനാവില്ല''. പ്രശസ്ത ഗ്രീക്ക് തത്വചിന്തകനായ ഹെറാക്ലിറ്റസിന്റെ പ്രസിദ്ധമായ വാചകം. പ്രപഞ്ചത്തില്‍ മാറ്റമില്ലാത്തതായി ഒന്നുമില്ലെന്ന ചിന്ത ആദ്യം മുന്നോട്ടുവെച്ച തത്വചിന്തകനായിരുന്നു അദ്ദേഹം. നദി ഒഴുകിക്കൊണ്ടേയിരിക്കുന്നു. അതുകൊണ്ടുതന്നെ ഓരോ നിമിഷത്തിലും നദി മാറുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഛാന്ദോഗ്യോപനിഷത്തില്‍ ഉദ്ദാലക മഹര്‍ഷി മകനായ ശ്വേതകേതുവിനോട് പരമമായ ജ്ഞാനത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ചോദ്യോത്തരങ്ങള്‍ക്കൊടുവില്‍, ബ്രഹ്‌മജ്ഞാനമാണ് പരമമായ ജ്ഞാനമെന്നും എല്ലാറ്റിലും നിറഞ്ഞിരിക്കുന്ന ആ സത്ത നീ തന്നെയാണെന്നും (തത് ത്വം അസി) പറയുന്നു. പാശ്ചാത്യവും പൗരസ്ത്യവുമായ തത്വചിന്തയിലെ അതിപ്രശസ്തമായ രണ്ട് ഉദ്ധരണികളാണ് മേല്‍പ്പറഞ്ഞത്. വാക്കുകള്‍ക്കുള്ളില്‍ അതിനേക്കാള്‍ ഘനമുള്ള ആശയത്തെ ഒളിപ്പിക്കുന്ന, ഭാഷയിലേയും ചിന്തയിലേയും ഈ വിദ്യ മനുഷ്യനല്ലാതെ മറ്റൊരു ജീവിക്കും സാധ്യമല്ല. മനുഷ്യന്‍ എന്നാല്‍ സവിശേഷമായ മനീഷയുള്ള ജീവിയാണെന്നാണ് പറയുക. ഈ സവിശേഷബുദ്ധി തന്നെയാണ് അവനെ ഫിലോസഫര്‍-തത്വചിന്തകന്‍ ആക്കിയത്. മറ്റൊരു ജീവിയിലും തത്വചിന്തകരില്ല, ഉണ്ടാവുക സാധ്യമല്ല. അറിവിനോടുള്ള ഇഷ്ടം എന്ന അര്‍ത്ഥത്തിലാണ് ഫിലോസഫി എന്ന പദം വികസിച്ചത്. ഏറ്റവും അടിസ്ഥാനപരമായ അറിവ് അവനവന്റെ ഉണ്‍മയെക്കുറിച്ചുള്ള ചിന്തയില്‍ നിന്നാണുണ്ടാകുന്നതെന്ന് ഫിലോസഫി നമ്മോട് പറയുന്നു. ഒരുപക്ഷേ ആധുനിക മനുഷ്യനെ നിര്‍മിച്ച ചിന്താപദ്ധതിയാണിത്.
Also Read

എന്തിനും പോന്നൊരു തലച്ചോര്‍
എന്നു മുതലാണ് ഹോമോസാപിയന്‍സില്‍ തത്വചിന്ത തുടങ്ങിയതെന്ന് കണ്ടെത്തുക എളുപ്പമല്ല. അവന്റെ മസ്തിഷ്‌കം പ്രത്യേകരീതിയില്‍ പരുവപ്പെട്ട കാലം മുതല്‍ അതില്‍ തത്വചിന്താ ശേഷിയും രൂപപ്പെട്ടുകാണും. കാട്ടില്‍ ജീവിക്കുന്ന കാലം മുതല്‍ അവന്റെ തലച്ചോറ് അതിന് തയ്യാറെടുക്കുകയായിരുന്നു. മനുഷ്യമസ്തിഷ്‌കത്തിന്റെ ഈ സവിശേഷതയെക്കുറിച്ച് 'ടെല്‍ ടെയില്‍ ബ്രെയിന്‍' എന്ന പുസ്തകത്തില്‍ പ്രശസ്ത നാഡീശാസ്ത്രജ്ഞനായ ഡോ.വി.എസ്.രാമചന്ദ്രന്‍ പറയുന്നു; '' സങ്കീര്‍ണ സിദ്ധികളുടേയും ജ്ഞാനത്തിന്റേയും ഭീമന്‍ ശേഖരമാണ് സംസ്‌കാരം. വ്യക്തികള്‍ക്കിടയിലെ പരസ്പരവിനിമയത്തിലൂടെയാണ് ഇത് കൈമാറപ്പെടുന്നത്. അതിനു സഹായിക്കുന്നത് ഭാഷയും അനുകരണശേഷിയുമാണ്. മറ്റുള്ളവരെ അനുകരിക്കാനുള്ള സിദ്ധിയുണ്ടായിരുന്നില്ലെങ്കില്‍ മനുഷ്യര്‍ ഒന്നുമാവുമായിരുന്നില്ല. ദര്‍പ്പണ നാഡീകോശങ്ങളില്‍(mirror neurons) വാനരര്‍ക്കുണ്ടായിരുന്ന വിന്യാസക്രമത്തില്‍ നിന്ന് വ്യത്യസ്തമായ ക്രമം മനുഷ്യനുണ്ടായിക്കാണണം.'' ദര്‍പ്പണ നാഡീകോശങ്ങളുടെ സവിശേഷമായ ഘടന തന്നെയാണ് നമ്മെ ഫിലോസഫിക്കലായി ചിന്തിക്കാനും സഹായിച്ചിട്ടുണ്ടാവുകയെന്ന് ഈ നിരീക്ഷണത്തില്‍ നിന്ന് മനസ്സിലാക്കാം.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തത്വശാസ്ത്രങ്ങളുണ്ടാകുന്നത്. മനുഷ്യന് അതൊരു ജ്ഞാനാന്വേഷണ മാര്‍ഗമായിരുന്നു. പാശ്ചാത്യലോകത്ത് സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടില്‍ തുടങ്ങിയ അസംഖ്യം ചിന്തകന്‍മാരുണ്ടായപ്പോള്‍ ഇന്ത്യയില്‍ ബുദ്ധനും മഹാവീരനുമടങ്ങുന്ന സംഘം തത്വജ്ഞാനത്തെ നയിച്ചു. 19-ാം നൂറ്റാണ്ടുവരെ തത്വചിന്തയും ശാസ്ത്രവും രണ്ടല്ലായിരുന്നു. ഒരുമിച്ചുള്ള യാത്രയ്ക്കിടയില്‍ ശാസ്ത്രം പിന്നീട് വസ്തുനിഷ്ഠമായ നിരീക്ഷണങ്ങളുടേയും പരീക്ഷണങ്ങളുടേയും വഴിയിലേക്ക് മാറി. അതോടെ എല്ലാ തത്വചിന്തയും ശാസ്ത്രീയമല്ലെന്ന് തിരിച്ചറിയാന്‍ വഴിയൊരുങ്ങി. അങ്ങനെ തത്വചിന്തയും ശാസ്ത്രവും ഒരു ഘട്ടത്തില്‍ വഴിപിരിഞ്ഞു.
കമ്യൂണിസവും സോഷ്യലിസവും...
'സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം സിന്ദാബാദ്' എന്നൊക്കെ തൊണ്ടപൊട്ടി മുദ്രാവാക്യത്തിന്റെ വിശാലാർഥം മനസ്സിലാക്കിയവണമെന്നില്ല സാധാരണക്കാരന്‍ മുദ്രാവാക്യം വിളിക്കുന്നതും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതും. അവന്റെ ന്യായമായ ആവശ്യങ്ങള്‍ നിറവേറാനുള്ള സാഹചര്യം, അവനോടുള്ള നിലപാട്, നീതി.. ഇതിലപ്പുറമൊന്നും സാധാരണക്കാരന്‍ ആഗ്രഹിക്കുന്നില്ല. കമ്യൂണിസവും സോഷ്യലിസവും എന്താണെന്ന് ലളിതമായി പ്രശസ്ത മാര്‍ക്സിസ്റ്റ് ചിന്തകനായ കെ.ദാമോദരന്‍ പറഞ്ഞിട്ടുണ്ട്. "ചൂഷകനും ചൂഷിതനുമില്ലാത്ത, മര്‍ദകനും മര്‍ദിതനുമില്ലാത്ത ഒരു സമൂഹം. ജയിലും കോടതിയുമില്ലാത്ത, പട്ടിണിയും തൊഴിലില്ലായ്മയുമില്ലാത്ത സമൂഹം. ഓരോരുത്തരും കഴിവനുസരിച്ച് പ്രവര്‍ത്തിക്കുകയും ആവശ്യമുള്ളത് അനുഭവിക്കുകയും ചെയ്യാനുള്ള സ്വാതന്ത്രമുള്ള സമൂഹം. എല്ലാ സ്വത്തുക്കളും ഉത്പാദനോപകരണങ്ങളും പൊതു ഉടമസ്ഥതയിലായിരിക്കും". മനുഷ്യര്‍ പരസ്പരം സ്നേഹിച്ചും സഹകരിച്ചും സുഖസമൃദ്ധിയോടെ ഒരുമിച്ചു ജീവിക്കുന്ന ഇത്തരം സമൂഹത്തെയാണ് കമ്യൂണിസ്റ്റ് സമൂഹം എന്ന് പറയുന്നതെന്ന് 'കെ.ദാമോദരന്‍: സമ്പൂര്‍ണ കൃതികള്‍' ഒന്നാം ഭാഗത്തിലെ മൂന്നാം അധ്യായത്തില്‍ പറയുന്നു.

ഇത്തരമൊരു സമൂഹം രൂപപ്പെടുന്നതിന്റെ ആദ്യഘട്ടമാണ് സോഷ്യലിസം. എന്നാല്‍ ഈ ഘട്ടത്തില്‍ പഴയ ജന്മിത്തവ്യവസ്ഥയുടെ അവശിഷ്ടങ്ങളായ പല അസമത്വങ്ങളും ബാക്കിയുണ്ടാവും. നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രമമവുമുണ്ടാവും. അത് തടയുകയാണ് തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഉത്തരവാദിത്തം. വര്‍ഗവിവേചനത്തിന്റെ എല്ലാ അടയാളങ്ങളും ഇല്ലാതായാല്‍ അതോടെ ഭരണാധികാരിയുടെ ആവശ്യമില്ലാതാവും. വര്‍ഗരഹിത സമൂഹമാവും. എങ്കിലും സ്വാര്‍ത്ഥതയോ ചൂഷണമോ ഉണ്ടാവില്ല.
''ഒരു പരിപാടി എത്രതന്നെ ശരിയാണെങ്കിലും അത് തന്നെത്താന്‍ നടപ്പിലാവില്ല. അതിന് കെല്‍പുള്ള ഒരു പാര്‍ട്ടി വേണം. വ്യക്തമായ കാഴ്ചപ്പാടോടെ, സാമ്രാജ്യത്വ വാദികളുടേയും നാടുവാഴികളുടേയും ചൂഷണമവസാനിപ്പിച്ച് ജനകീയ ജനാധിപത്യം സ്ഥാപിച്ച് മുന്നേറാന്‍ തൊഴിലാളിവര്‍ഗത്തേയും മറ്റ് ജനവിഭാഗങ്ങളേയും നയിക്കാന്‍ കഴിവുള്ള ഒരു വിപ്ലവപ്പാര്‍ട്ടിയുണ്ടാവണം, ആ പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി''- കെ.ദാമോദരന്‍ പറയുന്നു.
മാര്‍ക്സിസം... മനുഷ്യവിമോചനം...
മനുഷ്യന്റെ വിമോചനത്തിനുള്ള വഴിതേടി ഒട്ടേറേ ചിന്തകന്‍മാര്‍ അസംഖ്യം ചിന്തകളും പ്രത്യയശാസ്ത്രങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അതൊക്കെത്തന്നെയാണ് നമ്മളെ ആധുനിക മനുഷ്യനാക്കിയത്. അവയില്‍ പലതും മതമായും വിശ്വാസസംഹിതകളായും മാറി. ചിലത് അതില്‍ നിന്ന് വേറിട്ടതും വിരുദ്ധവുമായ വഴികളുണ്ടാക്കി. അതില്‍ ഗാന്ധിസവും സോഷ്യലിസവും കമ്യൂണിസവും മാര്‍ക്സിസവുമെല്ലാം പെടും. ഈ നൂറ്റാണ്ടിനെ ഏറ്റവുമധികം സ്വാധീനിച്ച കമ്യൂണിസ്റ്റ്- മാര്‍ക്സിസ്റ്റ് ചിന്തകളെയും അതിന്റെ വിമര്‍ശനങ്ങളേയുമാണ് ഇവിടെ ലളിതമായി അവതരിപ്പിക്കുന്നത്. 'ഇതേവരെ ദാര്‍ശനികര്‍ പ്രപഞ്ചത്തെ വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. നമുക്കാവശ്യം പ്രപഞ്ചത്തെ മാറ്റിത്തീര്‍ക്കുകയാണ്.' എന്ന കാള്‍ മാര്‍ക്സിന്റെ നിലപാടില്‍ നിന്നാണ് മാര്‍ക്സിസ്റ്റ് ചിന്തയുടെ വിത്തുമുളയ്ക്കുന്നതെന്നു പറയാം. ഇതിനെ ചരിത്രപരമായ ഭൗതികവാദം എന്ന് വിശേഷിപ്പിക്കുന്നു.
സമൂഹത്തില്‍ ഇന്ന് നിലവിലുള്ള അനീതി, അസമത്വം, ചൂഷണം എന്നിവക്കെല്ലാം വസ്തുനിഷ്ഠമായ ചിലകാരണങ്ങളുണ്ടെന്ന് മാര്‍ക്സിസം കരുതുന്നു. ഈ കാരണങ്ങളെ ഇല്ലാതാക്കിയാലേ സമത്വസുന്ദരമായ സമൂഹത്തെ നിര്‍മിക്കാനാവൂ. ശാസ്ത്രീയ പരിശോധനയിലൂടെ സാഹചര്യങ്ങള്‍ പരിശോധിച്ച് അതില്‍ മാറ്റം വരുത്താനാണ് മാര്‍ക്സും ഏംഗല്‍സും ശ്രമിച്ചതെന്ന് 'മാര്‍ക്സിസം ഒരു പാഠപുസ്തകം' എന്ന ഗ്രന്ഥത്തില്‍ ഇ.എം.എസ്.നമ്പൂതിരിപ്പാട് പറയുന്നുണ്ട്. മാര്‍ക്സിസത്തേയും കമ്യൂണിസത്തേയും സാധാരണക്കാരന് മനസ്സിലാകുന്ന രീതിയില്‍ വ്യാഖ്യാനിച്ചതില്‍ ഇ.എം.എസിനോളം കൈയടക്കം മറ്റാര്‍ക്കുമുണ്ടായിട്ടില്ല. ശാസ്ത്രീയ സോഷ്യലിസവും സാങ്കല്‍പിക സോഷ്യലിസവും തമ്മിലുള്ള വ്യത്യാസവും അദ്ദേഹം പറയുന്നു. മാര്‍ക്സിസത്തെ സാങ്കല്‍പിക സോഷ്യലിസത്തില്‍ നിന്ന് വേര്‍തിരിക്കുന്നത് അതിന്റെ ശാസ്ത്രീയ സമീപനവും അധ്വാനിക്കുന്ന ബഹുജനവിഭാഗങ്ങളിലുള്ള വിശ്വാസവുമാണ്. സ്വത്തുടമകളായ ഒരു ചെറു ന്യൂനപക്ഷവും അധ്വാനിച്ച് സ്വത്തുത്പാദിപ്പിക്കുന്ന ബഹുഭൂരിപക്ഷവം തമ്മിലുള്ള വൈരുധ്യമാണ് സാമൂഹിക പുരോഗതിയുടെ അടിസ്ഥാനമെന്ന യാഥാര്‍ഥ്യം താത്വികമായി സ്ഥാപിക്കുന്ന ശാസ്ത്രമാണ് ശാസ്ത്രീയ സോഷ്യലിസം. പ്രായോഗികമായി ഈ ശാസ്ത്രത്തെ ഉപയോഗിക്കുകയും ചെയ്യുന്നു. സാങ്കല്‍പിക സോഷ്യലിസം ഏതാനും മനുഷ്യസ്നേഹികളുടെ സ്വപ്നം മാത്രമാണെന്ന് ഇ.എം.എസ്.പറയുന്നു.
വൈരുധ്യാധിഷ്ഠിത ഭൗതികവാദം...
വൈരുധ്യാധിഷ്ഠിത ഭൗതികവാദമാണ് മാര്‍ക്സിസത്തിന്റെ അടിത്തറ. ഇതിന് മൂന്ന് പ്രധാന ഘട്ടങ്ങളുണ്ട്. ആദ്യഘട്ടം, ബാഹ്യലോകത്തെ ഭൗതികവസ്തുക്കളും ഭൗതികേതര ലോകത്തിലെ ആശയങ്ങളും സ്ഥാപനങ്ങളുമെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. രണ്ടാമതായി, ബന്ധപ്പെട്ടു കിടക്കുകമാത്രമല്ല, ഇവയെല്ലാം നിരന്തരം മാറിക്കൊണ്ടേയിരിക്കുന്നു. മൂന്നാമതായി, ഓരോന്നിനകത്തും ക്രിയാത്മകവും നിഷേധാത്മകവുമായ വിരുദ്ധശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന ആശയമാണ്. ഈ വിരുദ്ധ ശക്തികളുടെ സംഘട്ടനമാണ് പ്രപഞ്ചത്തിന്റെ പുരോഗതിക്ക് കാരണം. അതാണ് വൈരുധ്യാത്മകമായ ഭൗതികവാദത്തിന്റെ കാതല്‍. ഈ ആശയങ്ങളുടെയെല്ലാം ആറ്റിക്കുറുക്കിയ രൂപമാണ് 1848ല്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ പ്രസിദ്ധീകരിച്ചത്. ഹെഗലിന്റെ ശിഷ്യന്‍മാരായാണ് മാര്‍ക്സും ഏംഗല്‍സും വരുന്നതെങ്കിലും പലഘട്ടത്തിലും ഹെഗലില്‍ നിന്ന് അവര്‍ മാറി സഞ്ചരിച്ചു. ''ഹെഗലിന്റെ വൈരുധ്യവാദം തലകുത്തിയാണ് നിന്നിരുന്നത്, അതിനെ നേരേ നിര്‍ത്തുകയാണ് ഞങ്ങള്‍ ചെയ്യുന്നത്' എന്നാണ് ഇതിനെപ്പറ്റി മാര്‍ക്സ് പറഞ്ഞത്.
മാര്‍ക്സിസം പങ്കുവെക്കുന്ന ചില ചിന്തകള്‍ ചുരുക്കിപ്പറഞ്ഞാല്‍ ഇവയാണ്-
- മനുഷ്യനിര്‍മിതവും മനുഷ്യന്റെ ഉപയോഗത്തിന് വശപ്പെടുന്നതുമായ ഉത്പാദനശക്്തികളുടെ വളര്‍ച്ചയാണ് മനുഷ്യസമൂഹത്തിന്റെ വളര്‍ച്ച.
- ഉത്പാദന ബന്ധങ്ങളിലെ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യചരിത്രത്തെ അഞ്ച് ഘട്ടങ്ങളാക്കിയിരിക്കുന്നു. പ്രാകൃത കമ്യൂണിസം, അടിമത്തം, ഫ്യൂഡലിസം,മുതലാളിത്തം, സോഷ്യലിസം.
- പ്രാകൃത കമ്യൂണിസകാലത്ത് ചൂഷക-ചൂഷിതവര്‍ഗങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളുണ്ടായിരുന്നില്ല. സോഷ്യലിസം പൂര്‍ണമായി വിജയിച്ചാലും ഇതുണ്ടാവില്ല.
- സാമൂഹിക ഘടനയ്ക്ക് സാമ്പത്തികമായ ഒരു അടിത്തറയും സാമ്പത്തികമായ ഒരു മേല്‍പ്പുരയുമുണ്ട്.
- ഭൗതികേതര ശക്തികളും ഭൗതികപദാര്‍ഥങ്ങളുടെ സൃഷ്ടികളാണ്.
മിച്ചമൂല്യ സിദ്ധാന്തം...
ഒരു മുതലാളി തൊഴിലാളിയുമായി എട്ടുമണിക്കൂര്‍ പണിയെടുക്കാനുള്ള കരാറില്‍ ഏര്‍പ്പെടുന്നു. നാലുമണിക്കൂര്‍ പണിയെടുത്തപ്പോള്‍ത്തന്നെ തൊഴിലാളിക്ക് കൊടുക്കാനുള്ള കൂലിക്ക് തുല്യമായി. ബാക്കി നാലുമണിക്കൂറിന്റെ അധ്വാനവും അതിന്റെ ലാഭവും മുതലാളിക്കുള്ളതാണ്. ഇതിനെ മാര്‍ക്സ് ആവശ്യമുള്ള അധ്വാനം, മിച്ചമുള്ള അധ്വാനം എന്നാണ് വിശേഷിപ്പിക്കുന്നത്. അധ്വാനശക്തിയുടെ മൂല്യവും അധ്വാനശക്തി നല്‍കുന്ന മൂല്യവും തമ്മില്‍ വ്യത്യാസമുണ്ട്. ഇതാണ് മിച്ചമൂല്യം. അധികം പണിയെടുത്തുണ്ടാക്കുന്ന ഈ മൂല്യം കൂലിസംഖ്യയേക്കാള്‍ കൂടുതലുണ്ടെന്നാണ് മാര്‍ക്സ് പറയുന്നത്. കച്ചവടത്തില്‍ മിച്ചമൂല്യത്തിന്റെ തുക കൂട്ടാന്‍ മുതലാളിയും കുറയ്ക്കാന്‍ തൊഴിലാളിയും ശ്രമിക്കും. ഇതാണ് വര്‍ഗസമരത്തിന്റെ തുടക്കമായി മാര്‍ക്സ് പറയുന്നത്.
വര്‍ഗസമര സിദ്ധാന്തം...
''എഴുതപ്പെട്ട ചരിത്രത്തിന്റെ തുടക്കം മുതല്‍ ഇന്നേവരെയുള്ള മനുഷ്യസമൂഹചരിത്രം വര്‍ഗസമരത്തിന്റെ ചരിത്രമാണ്'' എന്നാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പറയുന്നത്. വ്യക്തികള്‍ക്ക് സ്വന്തം ജീവിതത്തിനാവശ്യമുള്ളതില്‍ കവിഞ്ഞ് ഉത്പാദിപ്പിക്കാന്‍ കഴിയുമ്പോള്‍ അത് കൈയടക്കാന്‍ ചൂഷകരായ ഒരുവിഭാഗം ശ്രമിക്കും. സ്വാഭാവികമായും അതിനെ ചൂഷിതരായ ഭൂരിപക്ഷം എതിര്‍ക്കും. എതിര്‍പ്പിനെ അടിച്ചമര്‍ത്താന്‍ ചൂഷകവര്‍ഗ്ഗം മര്‍ദ്ദനോപകരണത്തെ രൂപപ്പെടുത്തും. അതാണ് സ്റ്റേറ്റ് അല്ലെങ്കില്‍ ഭരണകൂടം. ഈ ചൂഷക-ചൂഷിതസമരം തുടരും. ഇതാണ് വര്‍ഗ്ഗസമരത്തിന്റെ അടിസ്ഥാനം. ഇതില്‍ പങ്കെടുക്കുന്ന വര്‍ഗ്ഗങ്ങള്‍ മാറിവരാം, അടിമ-യജമാനന്‍, അടിയാളര്‍-തമ്പുരാക്കന്‍മാര്‍, തൊഴിലാളി-മുതലാളി എന്നിങ്ങനെ. ഇന്ത്യയില്‍ അത് മേല്‍ജാതി-കീഴ് ജാതി എന്നിങ്ങനെയായിരുന്നുവെന്നാണ് മാര്‍ക്സിസ്റ്റ് നിരീക്ഷണം.

മാര്‍ക്സിസത്തിന് വിമര്‍ശനം...
പ്രപഞ്ചത്തിന്റേയും മനുഷ്യന്റേയും ആശയങ്ങളുടേയും ചരിത്രത്തേയും പുരോഗതിയേയും അതുവരെയുണ്ടായിരുന്ന എല്ലാ തത്വശാസ്ത്രങ്ങളുടേയും ശാസ്ത്രത്തിന്റേയും സഹായത്തോടെ പുനര്‍നിര്‍വചിക്കുകയും വ്യാഖ്യാനിക്കുകയുമാണ് യഥാര്‍ത്ഥത്തില്‍ മാര്‍ക്സും ഏംഗല്‍സും ചെയ്തത്. അത് നൂറുശതമാനം ആത്മാര്‍ഥവുമായിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട സാമൂഹിക-സാമ്പത്തികാവസ്ഥയും തുല്യതയും നീതിയുമാണ് ലക്ഷ്യം വെച്ചിരുന്നതെങ്കിലും അതിനുവേണ്ടി കൈക്കൊണ്ട രീതികളും നിലപാടുകളും അശാസ്ത്രീയമാണെന്ന വിമര്‍ശനവും ശക്തമാണ്. മാര്‍ക്സിസം ഒരു സാമൂഹിക-സാമ്പത്തിക അന്ധവിശ്വാസമാണെന്നാണ് വിമര്‍ശകരുടെ പക്ഷം. കാള്‍ മെംഗര്‍, ആര്‍ഫ്രഡ് മാര്‍ഷല്‍, ഷിം ഷോണ്‍ ബിച്ലര്‍, ജോണ്‍ സ്റ്റുവര്‍ട്ട് മില്‍, നോബുവോ ഒകിഷിയോ തുടങ്ങി ഒട്ടേറേപ്പേര്‍ മാര്‍ക്സിസ്റ്റ് വിമര്‍ശകരായുണ്ട്.
വിമര്‍ശകരുടെ ചില വാദങ്ങള്‍
- കമ്യൂണിസം ലോകത്ത് പരാജയപ്പെട്ടത് അതിന്റെ പ്രയോഗത്തിലെ വീഴ്ചയാലല്ല, മറിച്ച് സിദ്ധാന്തപരമായ ന്യൂനതകള്‍ കൊണ്ടാണ്.
- മുതലാളിത്തം എന്നത് ചൂഷകവര്‍ഗമാണ് എന്ന അന്ധമായ നിലപാടാണ് മാര്‍ക്സിന്റേത്. മുതലാളിത്തമില്ലെങ്കില്‍ സമ്പത്തില്ലെന്നും സമ്പത്തില്ലെങ്കില്‍ സ്വസ്ഥമായ ജീവിതമില്ലെന്നും മനസ്സിലാക്കിയില്ല.
- തൊഴിലാളിവര്‍ഗ സര്‍വാധിപത്യം എന്ന സങ്കല്‍പംതന്നെ മനുഷ്യത്വവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. ലോകം ജനാധിപത്യത്തേക്കാള്‍ മികച്ച സംവിധാനത്തെ തേടുമ്പോള്‍ ഏതൊരുവിഭാഗത്തിന്റെയായാലും സര്‍വാധിപത്യം അമാനവീയമാണ്.
- വൈരുധ്യാത്മക ഭൗതികവാദം ഹെഗലില്‍ നിന്നാണ് മാര്‍ക്സ് സ്വീകരിക്കുന്നത്. വിത്തും വൃക്ഷവും ഉദാഹരണമാക്കിയാണ് ഹെഗല്‍ ഇത് വിശദീകരിക്കുന്നത്. ഇതില്‍ നിന്ന് നിലവിലുള്ള വിത്തിനെ നിഷേധിച്ച് ചെടിയെന്ന ഘട്ടത്തിലേക്ക് നീങ്ങുന്നു എന്നുമാത്രമാണ് മാര്‍ക്സ് മനസ്സിലാക്കിയത്. വിത്തിനെ നിഷേധിക്കുകമാത്രമല്ല, ഉള്‍ക്കൊള്ളുകകൂടി ചെയ്താണ് ചെടി മരമാവുന്നത് എന്നാണ് ഹെഗലിന്റെ ചിന്ത. ഹെഗലിന്റെ ചിന്തകളെ തെറ്റിദ്ധരിപ്പിക്കുകയാണ് മാര്‍ക്സ് ചെയ്തത്.
- തൊഴിലാണ് ഒരു രാഷ്ട്രത്തിന് സമ്പത്തുണ്ടാക്കുന്നതെന്ന് ആഡംസ്മിത്ത് പറഞ്ഞിരുന്നു. തൊഴില്‍മണിക്കൂറിനനുസരിച്ചാണ് അതിന്റെ മൂല്യം കണക്കാക്കേണ്ടതെന്നും പറഞ്ഞു. എന്നാല്‍ പിന്നീട് ഇത് തെറ്റാണെന്ന് ബോധ്യപ്പെട്ട് തിരുത്തി. പക്ഷേ മാര്‍ക്സ് അതേ നിലപാടില്‍ത്തന്നെ നിന്നു.
- ഒരു ഉത്പന്നമുണ്ടാക്കാന്‍ എത്രസമയം ചെലവഴിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി അതിന്റെ മൂല്യം നിര്‍ണയിക്കുന്നത് ഇന്നത്തെ കാലത്ത് മണ്ടത്തരമാണ്. ഇതുപ്രകാരം ആറുമണിക്കൂറുകൊണ്ട് നൂറ് അപ്പമുണ്ടാക്കുന്നവനും ആറുമണിക്കൂറുകൊണ്ട് 150 അപ്പമുണ്ടാക്കുന്നവനും ഒരേപോലെയായിരിക്കും വേതനം. ഒരേപോലെയെന്നല്ല, 150 അപ്പമുണ്ടാക്കിയവന് നഷ്ടമായിരിക്കും. കാരണം മാര്‍ക്സിന്റെ ശരാശരി സിദ്ധാന്തമനുസരിച്ച് രണ്ടും കൂടി കൂട്ടി അതിനെ രണ്ടുകൊണ്ട് ഹരിച്ചാല്‍ കിട്ടുന്നതാണ് ഒരാളുടെ ഉത്പാദനം. അതുപ്രകാരം 250 ന്റെ പകുതിയായ 125 എണ്ണത്തിന്റെ വേതനമേ അയാള്‍ക്ക് കിട്ടൂ.
- മിച്ചധനമുണ്ടായാല്‍ അടിമത്തം, ഫ്യൂഡലിസം, കാപ്പിറ്റലിസം എന്നിവയുണ്ടാവും. അതിനാല്‍ തൊഴിലാളിക്ക് മിച്ചധനമുണ്ടാവരുതെന്ന് മാര്‍ക്സ് പറയുന്നു. അതുകൊണ്ടാണ് തൊഴിലാളിക്ക് മിനിമം കൂലിമാത്രമേ നല്‍കാവൂ എന്ന് 'ദസ് കാപ്പിറ്റല്‍' പറയുന്നത്.
- എല്ലാ ഉത്പാദന ഉപകരണങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കണമെന്നും തൊഴിലാളിക്ക് ജീവിക്കാന്‍ ആവശ്യമുള്ളത് മാത്രം കൊടുക്കണമെന്നുമാണ് മാര്‍ക്സിന്റെ നിലപാട്. ഇന്നത്തെ കാലത്ത് ലോകത്തൊരിടത്തും വിജയപ്രദമായി നടപ്പാക്കാന്‍ പറ്റാത്ത ആശയമാണിത്.
- സ്വകാര്യ സ്വത്തിനെ നിഷേധിക്കുന്നതോടെ മാര്‍ക്കറ്റിലേതടക്കം സര്‍വമേഖലയിലും മത്സരം ഇല്ലാതാവും. അത് ബിസിനസ്സിനേയും സമ്പത്തിനേയും ബാധിക്കും. ഈ ആശയം ഹെഗല്‍ തന്റെ 'ഫിലോസഫി ഓഫ് റൈറ്റി'ല്‍ പറയുന്നുണ്ട്. സ്വകാര്യസ്വത്ത് നിഷേധം വ്യക്തിസ്വാതന്ത്ര്യനിഷേധംകൂടിയാണ്.
- സാങ്കേതികവിദ്യ തൊഴില്‍സാധ്യതകുറയ്ക്കുമെന്നും ഉത്പാദനവര്‍ധനയുണ്ടാക്കില്ലെന്നും മാര്‍ക്സ് പറഞ്ഞു. എന്നാല്‍ ലോകത്തിന്റെ അനുഭവം മറിച്ചാണ്. ഈ നിലപാടുമൂലമാണ് പുതിയ സാങ്കേതികവിദ്യവരുമ്പോള്‍ എതിര്‍ക്കേണ്ടിവരുന്നത്.
Content Highlights: nammalangane nammalayi , vimal kottakkal ,marxism, social, carl marx
Published: 29 Dec 2023, 03:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented