സംഘജീവിതത്തിന് മനുഷ്യന്‍ നിയമങ്ങളുണ്ടാക്കിയതിന്റെ കഥ

ഈ'രംഗ'മൊന്ന് സങ്കല്‍പിച്ചു നോക്കൂ... ഒരു ഭൂപ്രദേശത്ത് നിങ്ങള്‍ ഒറ്റപ്പെടുന്നു. അവിടെ മനുഷ്യനെന്നല്ല; ഒരു ജീവിയുമില്ല. പ്രകൃതിയും നിങ്ങളും മാത്രം. വര്‍ഷങ്ങളോളം അവിടെ കഴിയേണ്ടിവരുന്നു. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്കവിടെ ജീവിക്കാന്‍ എന്തെങ്കിലും നിയമങ്ങളോ നടപടിക്രമങ്ങളോ അനുസരിക്കേണ്ടതുണ്ടോ?  സ്വാഭാവികമായും ഇല്ല എന്ന് ധൈര്യമായി പറയാം. എന്നാല്‍, കഥയില്‍ വഴിത്തിരിവായി ആ പ്രദേശത്തേക്ക് മറ്റൊരു മനുഷ്യന്‍ കൂടി എത്തിയാല്‍ രംഗം മുഴുവന്‍ മാറും. നിങ്ങളുടെ എല്ലാ അവകാശങ്ങള്‍ക്കും ഒരു അവകാശികൂടി. ഭക്ഷണം, താമസം, മറ്റു സൗകര്യങ്ങള്‍ എല്ലാം അയാള്‍ക്കുകൂടി പ്രയാസമില്ലാതെ ചിട്ടപ്പെടുത്തണം. ഇല്ലെങ്കില്‍ നിങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവും. അതിനിടയില്‍ ഇനിയുമൊരാള്‍ കൂടി വന്നാലോ?  നിങ്ങള്‍ മൂന്നു പേരും പരസ്പരം പലതരം വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരും. ആളുകള്‍ കൂടുന്നതിനനുസരിച്ച് പരസ്പരധാരണകളുടെ എണ്ണവും വണ്ണവും കൂടുന്നു. നിങ്ങള്‍ ചെറുസമൂഹമാവുമ്പോള്‍, ഗോത്രങ്ങളാവുമ്പോള്‍, രാജ്യങ്ങളാവുമ്പോള്‍ ഒക്കെ നിയമങ്ങള്‍ മാറിക്കൊണ്ടേയിരിക്കും.

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

ഇങ്ങനെ വളരെ സ്വാഭാവികമായാണ് ഹോമോസാപിയന്‍സിന്റെ ഇടയില്‍ നിയമങ്ങളും ധാര്‍മിക ജീവിതക്രമവുമെല്ലാം രൂപപ്പെട്ടത്. കാട്ടുമനുഷ്യരായി ജീവിക്കുമ്പോള്‍ മുതല്‍ അമൂര്‍ത്തമായ ഇത്തരം നിയമങ്ങളെ നമ്മള്‍ പിന്തുടര്‍ന്നിരുന്നു. അല്ലാതെ ഒരു സംഘജീവിതം അസാധ്യമാണ്.  പിന്നീട് സംസ്‌കാരങ്ങളും മതങ്ങളുമെല്ലാം രൂപപ്പെട്ടപ്പോള്‍ ഇത്തരം നിയമങ്ങള്‍ക്ക് കുറേകൂടി വ്യവസ്ഥകളുണ്ടായി. ഒരു സമൂഹത്തെ പ്രത്യേക ജീവിതരീതിയിലേക്ക് പരിവര്‍ത്തിപ്പിക്കാനും അനുസരിപ്പിക്കാനും ഉപയോഗിച്ചിരുന്ന ഉപകരണമായിരുന്നു മതം. അതിന് പറ്റിയ രീതിയില്‍ അവര്‍ നിയമങ്ങളുണ്ടാക്കി. നിലവിലുള്ളവയെ പരിഷ്‌കരിച്ചു. അനുസരിക്കാന്‍ മടിയുള്ളവരെ മെരുക്കാന്‍ മതങ്ങള്‍ മനശ്ശാസ്ത്രപരമായ ഒരു തന്ത്രമുപയോഗിച്ചു. ഈ നിയമങ്ങള്‍ ദൈവത്തില്‍ നിന്നുള്ളതാണെന്ന അവകാശവാദമായിരുന്നു അത്. ജീവിച്ചിരിക്കുന്നതും മരിച്ചതുമായ ഒട്ടേറേ മതസമൂഹങ്ങള്‍ ഈ തന്ത്രം പരീക്ഷിച്ച് വിജയിച്ചതിന് ചരിത്രത്തില്‍ ഉദാഹരണമുണ്ട്. 21-ാം നൂറ്റാണ്ടിലും പരീക്ഷണം  വിജയകരമായിത്തന്നെ തുടരുന്നു.

ദൈവനിയമങ്ങളുടേയും അത് പ്രചരിപ്പിക്കാന്‍ വന്നവരുടേയും പേരിലാണ് പില്‍ക്കാലത്ത് മതങ്ങള്‍ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തത്. പല യുദ്ധങ്ങള്‍ക്കും ആഹ്വാനം നല്‍കുന്ന ദൈവങ്ങളെ നമുക്ക് മതഗ്രന്ഥങ്ങളില്‍ കാണാം. മനുഷ്യര്‍ തമ്മിലുള്ള യുദ്ധത്തില്‍ നേരിട്ട് ഇടപെടുന്ന ദൈവങ്ങളുമുണ്ട്. ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്ന ഇസ്രയേല്‍- പലസ്തീന്‍ പ്രശ്നത്തിന് പിന്നിലും ദൈവത്തിന് പങ്കുണ്ടെന്നറിയണം. അബ്രഹാമിക് മതങ്ങളുടെ തുടക്കക്കാരനായ അബ്രഹാമിനോട് ദൈവമായ യഹോവ ആവശ്യപ്പെടുന്നത് ഉല്‍പത്തി പുസ്തകത്തിന്റെ പന്ത്രണ്ടാം അധ്യായത്തിലുണ്ട്, അത് ഇങ്ങനെയാണ്-  ''നീ നിന്റെ ദേശത്തേയും ചാര്‍ച്ചക്കാരേയും പിതൃഭവനത്തേയും വിട്ട് പുറപ്പെടുക. ഞാന്‍ നിന്നെ കാണിക്കാനിരിക്കുന്ന ദേശത്തേക്ക് പോവുക. ഞാന്‍ നിന്നെ വലിയൊരു ജാതിയാക്കും''.  അനുഗ്രഹിക്കപ്പെട്ട കാനോന്‍ ദേശമെന്ന വാഗ്ദത്തഭൂമിയിലേക്കുള്ള അബ്രഹാമിന്റേയും ഇസ്ഹാക്കിന്റേയും യാക്കോബിന്റേയും മോശെയുടേയും ആ യാത്രയാണ് ഇസ്രയേല്‍ എന്ന രാജ്യത്തിന്റെ പിറവിക്ക് കാരണമായത്. ഈ ദേശം ദൈവം തങ്ങള്‍ക്ക് നല്‍കിയ വാഗ്ദത്തഭൂമിയാണെന്ന് അവര്‍ വിശ്വസിച്ചു. ആ വിശ്വാസത്തിന്റെ പേരിലാണ് അന്നാട്ടിലെ ഗോത്രവിഭാഗങ്ങളെ കീഴടക്കി അവിടം യഹൂദര്‍ കൈയടക്കുന്നത്. അവരെ കീഴടക്കാന്‍ അറേബ്യന്‍ ഗോത്രക്കാര്‍ വരുന്നതും മറ്റൊരു മതവിശ്വാസത്തിന്റെ ചുവടുപിടിച്ചാണ്. ചുരുക്കം പറഞ്ഞാല്‍ മതകഥകളാണ് ഇപ്പോള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളെ സംഘര്‍ഷഭൂമിയാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതെന്ന് നിസ്സംശയം പറയാം.

placeholder
ബാബിലോണിയൻ നീതിദൈവമായ ഷമാഷിൽനിന്ന് രാജകീയ പദവി
ഹമുറാബി സ്വീകരിക്കുന്നുവെന്ന സങ്കൽപത്തിലുള്ള ശിൽപം |
| By Mbzt - Own work, CC BY 3.0, https://commons.wikimedia.org/w/index.php?curid=59794940

കണ്ണിന് കണ്ണും പല്ലിന് പല്ലുമായി ഹമുറാബി

'കണ്ണിനു കണ്ണ്, പല്ലിനു പല്ല്' എന്ന പ്രയോഗം പ്രസിദ്ധമാണ്. ക്രൂരമായ നിയമങ്ങളെക്കുറിച്ചു പറയുമ്പോള്‍ ആദ്യം നാവില്‍ വരുന്നതാണിത്. ഏറ്റവുമധികം പ്രയോഗിച്ചിട്ടുണ്ടാവുക ഹമുറാബിയുടെ പേരിനോട് ചേര്‍ത്തായിരിക്കും. അങ്ങനെയാണ് ഹമുറാബി എന്ന പേര് ചരിത്രത്തില്‍ ചോരച്ചുകപ്പുകൊണ്ട് രേഖപ്പെടുത്തിയത്. എന്നാല്‍, ഹമുറാബി സത്യത്തില്‍ ഒരു ക്രൂരനൊന്നുമായിരുന്നില്ല. ചിട്ടയായ നിയമക്രമത്തോടെ രാജ്യം ഭരിക്കാനാഗ്രഹിച്ച ഒരു രാജാവായിരുന്നു. ബാബിലോണിയ ഭരിച്ച അവസാനരാജാവായ സിന്‍മ ബാലിത്തിന്റെ മകനാണ് അദ്ദേഹം. ബി.സി.ഇ 1792 മുതല്‍ 1750 വരെയായിരുന്നു കാലഘട്ടം. അയല്‍രാജ്യങ്ങളെ കീഴടക്കി, ഒരു വലിയ  സാമ്രാജ്യത്തിന്റെ തന്നെ അധിപനായി. മെസപ്പട്ടോമിയന്‍ പ്രദേശം മുഴുവനും അക്കാലത്ത് അദ്ദേഹത്തിന്റെ ഭരണത്തിന് കീഴിലായിരുന്നു. രാജ്യത്ത് വ്യവസ്ഥാപിതമായ ഒരു ഭരണക്രമം വേണമെന്നാഗ്രഹിച്ചാണ് അദ്ദേഹം അക്കാലത്തുണ്ടായിരുന്ന നിയമങ്ങളെല്ലാം ക്രോഡീകരിച്ചത്. ഹമുറാബിയന്‍ നിയമങ്ങള്‍ പോലും ദൈവത്തില്‍നിന്നുള്ളത് എന്ന രീതിയില്‍ അവതരിപ്പിക്കപ്പെട്ടതായിരുന്നു. സൂര്യദേവനായ ഷമാഷില്‍നിന്ന് നിയമങ്ങള്‍ സ്വീകരിക്കുന്ന ഒരു ചിത്രം ഈ നിയമങ്ങള്‍ രേഖപ്പെടുത്തപ്പെട്ട കറുത്ത കല്ലില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

placeholder
ജാക്വിസ് ഡിമോര്‍ഗൻ |
By Abdullah frères - This file comes from Gallica Digital Library
https://commons.wikimedia.org/w/index.php?curid=135836840

അന്ന് ഓരോ ജനവിഭാഗങ്ങള്‍ക്കിടയിലുമുണ്ടായിരുന്ന നിയമങ്ങള്‍ പഠിച്ച്  സാഹചര്യത്തിനനുസരിച്ച് പരിഷ്‌കരിച്ച് രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം. ലോകചരിത്രത്തില്‍ത്തന്നെ ആദ്യമായി ഇങ്ങനെ വ്യവസ്ഥാപിതമായ നിയമം രേഖപ്പെടുത്തിയത് ഹമുറാബിയാണ്. 1902-ല്‍ ഫ്രഞ്ച് ഗവേഷകനായ ജാക്വിസ് ഡിമോര്‍ഗനാണ് ഒരു വലിയ കറുത്ത കല്ലില്‍ ക്യൂനിഫോം ലിപിയില്‍ കൊത്തിയ ഈ നിയമസംഹിത കണ്ടെടുക്കുന്നത്. ഇതിപ്പോള്‍ പാരീസിലെ ലൂവര്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. 45 വരികളില്‍ 282 നിയമങ്ങളാണ് അതിലുണ്ടായിരുന്നത്. ആ നിയമങ്ങളില്‍ പോലും അതിനു മുമ്പുണ്ടായിരുന്ന 'ഉരുകാഗിന', 'ഗുഡിയ' എന്നീ നിയമ സംഹിതകളുടെ സ്വാധീനമുണ്ട്. ഹമുറാബിക്ക് ശേഷവും ബാബിലോണിയയില്‍ പല രാജവംശങ്ങള്‍ ഭരിച്ചെങ്കിലും ഹമുറാബിയുടെ നിയമങ്ങള്‍ 1500-ഓളം വര്‍ഷം നിലനിന്നുവെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. യഹൂദരും പ്രാചീന ഗ്രീക്കുകാരും റോമാക്കാരുമെല്ലാം ഈ നിയമങ്ങളില്‍ ചിലത് കടമെടുത്തിട്ടുള്ളതായി ഇതിനെക്കുറിച്ച് പഠിച്ചവര്‍ പറയുന്നു.

കാലത്തിന്റേതായ പോരായ്മകള്‍ ഹമുറാബിയുടെ നിയമങ്ങളിലുണ്ട്. ഇന്നത്തെ പരിഷ്‌കൃത മനുഷ്യന് പലതും അംഗീകരിക്കാനാവില്ല. എന്നാല്‍, അക്കാലത്തെ താരതമ്യേന മികച്ച നിയമങ്ങളായിരുന്നു അവയെല്ലാം. വ്യക്തി, സമൂഹം, കുടുംബജീവിതം, ശിക്ഷ എന്നിവയെക്കുറിച്ചെല്ലാം വ്യക്തമായ നിയമവ്യവസ്ഥകള്‍ ഹമുറാബി നാലായിരം കൊല്ലം മുമ്പ് രൂപപ്പെടുത്തിയെന്നോര്‍ക്കണം. ഇന്നത്തെ പല നിയമങ്ങളും എവിടെനിന്ന് വന്നു എന്ന് ആ നിയമങ്ങള്‍ വായിച്ചാല്‍ മനസ്സിലാവും.  വിവാഹത്തില്‍ സ്ത്രീയുടെ അച്ഛന്‍ പുരുഷനില്‍നിന്ന് പ്രതിഫലം വാങ്ങിക്കൊണ്ട് അവളെ വിട്ടുകൊടുക്കണം. ആ ധനം സ്ത്രീയുടെ സ്വത്താണ്. ഈ രീതിയില്‍ ഇന്നും വിവാഹങ്ങള്‍ നടക്കുന്നുണ്ട്. ഭാര്യയുടെ കടത്തിന് ഭര്‍ത്താവ് ഉത്തരവാദിയാണെന്നതുപോലെ ഭാര്യയെ പണയപ്പെടുത്തി കടംവീട്ടാനും ഹമുറാബിയുടെ നിയമപ്രകാരം ഭര്‍ത്താവിന് അധികാരമുണ്ടായിരുന്നു. ഭാര്യയെ പണയപ്പെടുത്തിയ കഥകള്‍ നമ്മുടെ പുരാണങ്ങളിലും കാണാം.  ചില നിയമങ്ങള്‍ നമുക്ക് തമാശയായി തോന്നും. ഭാര്യക്ക് ജീവിക്കാനുള്ള വക നല്‍കാതെ ഭര്‍ത്താവ് എവിടേക്കെങ്കിലും ദീര്‍ഘയാത്ര പോയാല്‍ തിരിച്ചുവരുന്നതുവരെ അവള്‍ക്ക് മറ്റൊരു പുരുഷന്റെ കൂടെ ജീവിക്കാം. ഭര്‍ത്താവ് തിരിച്ചുവന്നാല്‍ കൂടെ പോവുകയും ചെയ്യാം. ആ ബന്ധത്തില്‍ കുട്ടിയുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം കുട്ടിയുടെ അച്ഛനുതന്നെ.

സ്ത്രീകള്‍ക്ക് ഒട്ടേറേ അവകാശങ്ങളും അധികാരങ്ങളുമുണ്ടായിരുന്നു. അതുപോലെത്തന്നെ തെറ്റുകള്‍ക്ക് മനുഷ്യത്വരഹിതമായ ശിക്ഷയും നല്‍കി. മോഷണം, വ്യഭിചാരം എന്നിവക്ക് വധശിക്ഷയായിരുന്നു. ചാട്ടവാറടി, നാടുകടത്തല്‍, സ്വത്തുപിടിച്ചെടുക്കല്‍ തുടങ്ങിയവയും കണ്ണുകുത്തിപ്പൊട്ടിക്കല്‍, കാത്, മൂക്ക്, സ്തനം, മറ്റ് അവയവങ്ങള്‍ എന്നിവ ഛേദിക്കല്‍ തുടങ്ങിയവയും ശിക്ഷകളായുണ്ടായിരുന്നു.  ഇതിന്റെയൊക്കെ തുടര്‍ച്ചതന്നെയാണ് പില്‍ക്കാല മതനിയമങ്ങളിലും കണ്ടത്. വിധവകള്‍ക്ക് കാര്യമായ പരിഗണന നല്‍കി. പരാതിക്കാരേയും പ്രതികളേയും കോടതിയില്‍ വിളിച്ചുവരുത്തി വിസ്തരിച്ചു. വിധി പ്രതിക്ക് തൃപ്തികരമല്ലെങ്കില്‍ രാജാവിന് അപ്പീല്‍കൊടുക്കാം. ഇങ്ങനെ ആധുനിക നിയമവ്യവസ്ഥക്ക് അടിത്തറയിട്ട പല നീക്കങ്ങളും നമുക്ക് ഹമുറാബിയുടെ നിയമങ്ങളില്‍ കാണാം.

വിവാദങ്ങളുമായി 'മനുസ്മൃതി'വരുന്നു

'മനുസ്മൃതി' എന്നു കേള്‍ക്കുമ്പോഴേക്ക് വടിയെടുത്ത് പുറപ്പെടുന്നവരാണ് അധികവും. കുറേ പിന്തിരിപ്പന്‍ നിയമങ്ങളുടെ സമാഹാരം എന്ന നിലയ്ക്കാണ് 'മനുസ്മൃതി' യെ നാം കാണുന്നത്.  അത് ഏറെക്കുറേ ശരിയാണെങ്കിലും മനുസ്മൃതി അതുമാത്രമല്ല. ജീവിതത്തിന്റെ സമഗ്ര മണ്ഡലങ്ങളേയും നിയന്ത്രിച്ചിരുന്ന ചില നിയമവ്യവസ്ഥകളാണവ. സ്ത്രീധര്‍മം, പുത്രധര്‍മം, ദമ്പതീധര്‍മം, രാജധര്‍മം,ശിക്ഷകള്‍, അതിര്‍ത്തിത്തര്‍ക്കം, സ്വത്തുവിഭജനം, നികുതി, വേതനനിയമം, അളവുതൂക്കം തുടങ്ങി സ്പര്‍ശിക്കാത്ത മേഖലകളില്ല. ഇന്നും അതുപോലെ ഉപയോഗിക്കാവുന്നതും പരിഷ്‌കരിച്ച് ഉപയോഗിക്കാവുന്നതും കൈകൊണ്ടുപോലും തൊടാന്‍ അറയ്ക്കുന്നതുമായ നിയമങ്ങള്‍ ഇതിലുണ്ട്.

വേദങ്ങളെ (അറിവുകളെ) രണ്ടായാണ് ഭാരതീയ പാരമ്പര്യം തരംതിരിച്ചിട്ടുള്ളത്, സ്മൃതികളും ശ്രുതികളും. ശ്രുതികള്‍ ദൈവപ്രോക്തങ്ങളാണെന്നാണ് വിശ്വാസം, അതുകൊണ്ടുതന്നെ അവ ആധികാരികവും അനാദിയുമാണെന്ന് കരുതുന്നു.  വേദങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍ എല്ലാം ഇതില്‍ പെടും. ശ്രുതിസത്യങ്ങളെ സാധാരണക്കാര്‍ക്കായി ആചാര്യന്‍മാര്‍ ഓര്‍മിച്ചെടുത്ത് വിവരിക്കുന്നതാണ് സ്മൃതികള്‍. അത് എല്ലാക്കാലത്തേക്കുമുള്ള നിയമങ്ങളല്ല. അതുകൊണ്ട് ശ്രുതികളേക്കാള്‍ താഴ്ന്ന സ്ഥാനമേയുള്ളൂ. സ്മൃതികള്‍ ഒട്ടേറേയുണ്ടെങ്കിലും ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടത് മനുസ്മൃതിതന്നെയാണ്.  'സ്രഷ്ടാവായ ബ്രഹ്‌മാവിന്റെ പുത്രനായ മനു മഹര്‍ഷിമാര്‍ക്ക് ഉപദേശിച്ച ശാസ്ത്ര' മെന്ന് ഒന്നാമധ്യായത്തില്‍ത്തന്നെ പറയുന്നുണ്ട്. തന്റെ  ശിഷ്യനായ ഭൃഗുവിന് ഇത് ഉപദേശിച്ചു. ഭൃഗു മറ്റുള്ളവര്‍ക്ക് ഉപദേശിക്കുന്ന രീതിയിലാണ് മനുസ്മൃതി അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ മനുസ്മൃതിക്ക് 'ഭൃഗുസംഹിത' എന്നും പേരുണ്ട്.  ഭാഷയുടേയും മറ്റു ഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങളുടേയുമൊക്കെ അടിസ്ഥാനത്തില്‍, ബി.സി.ഇ. രണ്ടാം നൂറ്റാണ്ടിനും കൊല്ലവര്‍ഷം മൂന്നാം നൂറ്റാണ്ടിനും ഇടയില്‍ രചിക്കപ്പെട്ടിട്ടുണ്ടാവാമെന്നാണ് ചരിത്രകാരന്‍മാര്‍ കരുതുന്നത്. ബ്രിട്ടീഷ് ഭാഷാ ശാസ്ത്രജ്ഞനായ സര്‍ വില്യം ജോണ്‍സ് 1776-ല്‍ ഇത് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തു.

ദിവ്യമായ നിയമങ്ങളെന്ന രീതിയില്‍ത്തന്നെയാണ് നൂറ്റാണ്ടുകളോളം ഒരു ജനതയില്‍ ഈ നിയമങ്ങള്‍ അടിച്ചേല്‍പിച്ചത്. ഇക്കാലത്തുപോലും കോടതികള്‍ വിധികളില്‍ മനുസ്മൃതി ഉദ്ധരിക്കുന്ന അവസ്ഥയുണ്ട് നമ്മുടെ നാട്ടില്‍. ലാത്വിയന്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കോടതിവിധി തുടങ്ങുന്നത് ''യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്രദേവതാ'' എന്ന സ്മൃതിവാക്യം ഉദ്ധരിച്ചാണ്. അടിമുടി ബ്രാഹ്‌മണാപദാനങ്ങളും ശൂദ്ര-സ്ത്രീ വിരുദ്ധതയും നിറഞ്ഞതാണ് ഇതിലെ മിക്ക വരികളും എന്ന് നിസ്സംശയം പറയാം. അതിനോടൊപ്പം പുട്ടിന് തേങ്ങ എന്ന നിലയില്‍ ചില സുഖിപ്പിക്കലുമുണ്ട്.

മനുസ്മൃതിയിലെ ഭേദപ്പെട്ട ചില നിയമങ്ങള്‍ 

  • ശിഷ്യരെ ദേഹപീഡ കൂടാതെ പഠിപ്പിക്കണം
  • രുചികരമായ ഭക്ഷണം തനിച്ച് കഴിക്കരുത്
  • ഗുരുക്കന്‍മാരുടെ കിടക്കയിലും കസേരയിലും ഇരിക്കരുത്
  • സൂര്യാസ്തമയത്തിന് ശേഷം വരുന്ന അതിഥിയെ പറഞ്ഞയക്കരുത്
  • നഗ്‌നയായ പരസ്ത്രീയെ നോക്കരുത്
  • വയറുനിറച്ച് ഭക്ഷണം കഴിക്കരുത്
  • മറ്റൊരാള്‍ ധരിച്ച ചെരിപ്പ്, വസ്ത്രം, ആഭരണം തുടങ്ങിയവ ധരിക്കരുത്
  • സ്ത്രീകളെ ബഹുമാനിക്കുന്നിടത്ത് ദേവതകള്‍ വസിക്കും

ചില പിന്തിരിപ്പന്‍ നിയമങ്ങള്‍

  • ഈ ലോകത്തുള്ളതെല്ലാം ബ്രാഹ്‌മണന്റെ വകയാണ്
  • മാനവ ധര്‍മശാസ്ത്രങ്ങള്‍ പഠിപ്പിക്കാനും വ്യാഖ്യാനിക്കാനും ശൂദ്രന് അധികാരമില്ല
  • സ്ത്രീകള്‍ക്ക് ഭര്‍ത്തൃസേവ തന്നെയാണ് വേദാധ്യയനരൂപമായ ഗുരുകുലവാസം
  • ബ്രാഹ്‌മണനെ ചീത്ത പറഞ്ഞ ക്ഷത്രിയന് 100 പണം പിഴ, ശൂദ്രനാണെങ്കില്‍ വധശിക്ഷ
  • സ്ത്രീ ഒരുകാര്യവും പിതാവിനോടോ ഭര്‍ത്താവിനോടോ ചോദിക്കാതെ ചെയ്യരുത്
  • ശൂദ്രന്‍ ശൂദ്രയെത്തന്നെ കല്യാണംകഴിക്കണം
  • കള്ളന്‍, നപുംസകം, നാസ്തികന്‍ എന്നീ വിഭാഗത്തില്‍പെട്ട ബ്രാഹ്‌മണന്‍ പന്തിഭോജനത്തിനും ഹവ്യകവ്യങ്ങള്‍ക്കും അര്‍ഹനല്ല
  • മാതാവിനോടോ സഹോദരിയോടോ പുത്രിയോടോ ഒപ്പം വിജനമായ സ്ഥലത്ത് വസിക്കരുത്

ഇങ്ങനെ പോകുന്നു മനു നിയമങ്ങള്‍. വര്‍ണാശ്രമധര്‍മങ്ങള്‍ കര്‍മത്തിന്റെയല്ല, ജനനത്തിന്റെതന്നെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നതെന്ന് തെളിയിക്കുന്ന നിയമവും ഇതിലുണ്ട്. ജനിച്ച് പത്താം ദിവസമോ പന്ത്രണ്ടാം ദിവസമോ കുഞ്ഞിന് പേരിടണം. ഓരോ വര്‍ണത്തിനും യോജിച്ച പേരുതന്നെ ഇടണമത്രെ. പത്തു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ എന്ത് കര്‍മത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ണംതിരിക്കും ?

placeholder
ശാമശാസ്ത്രി കണ്ടെത്തി പ്രസിദ്ധീകരിച്ച
കൗടില്യന്റെ അർഥശാസ്ത്രം എന്ന പുസ്തകത്തിന്റെ കവർ 

കൗടില്യന്റെ ചാണക്യ തന്ത്രങ്ങള്‍

ചാണക്യതന്ത്രം എന്ന് കേള്‍ക്കാത്തവരുണ്ടാവില്ല. എന്നാല്‍, എന്താണ് ആ തന്ത്രമെന്ന് അറിയുന്നവര്‍ കുറവായിരിക്കും. ആ തന്ത്രത്തിന്റെ കഥ പറയാം.
പാടലീപുത്രത്തില്‍ വളര്‍ന്ന വിഷ്ണുഗുപ്തനെന്ന കൗടില്യന്‍ തക്ഷശിലയില്‍ പഠിച്ച് അവിടെത്തന്നെ അധ്യാപകനായി. ആ സമയത്താണ് അദ്ദേഹത്തിന് നന്ദരാജവംശത്തിന്റെ ഭാഗമാവാന്‍ മോഹമുദിക്കുന്നത്. ആ മോഹം രാജാവിനെ അറിയിച്ചെങ്കിലും അദ്ദേഹം കൗടില്യനെ അപമാനിച്ചുവിട്ടു. കൗടില്യന്‍ ചെയ്തത് നേരേ ചന്ദ്രഗുപ്ത മൗര്യന്റെയടുത്തേക്ക് പോവുകയായിരുന്നു. കുഞ്ഞായ അദ്ദേഹത്തിന്റെ ഗുരുവായി അദ്ദേഹം. അങ്ങനെ ചന്ദ്രഗുപ്ത മൗര്യന്‍ വളര്‍ന്ന് ശക്തനായപ്പോള്‍ അദ്ദേഹത്തെക്കൊണ്ട് നന്ദരാജാവിനെതിരേ പട നയിപ്പിച്ചു. പക്ഷേ, പരാജയമായിരുന്നു ഫലം. നിരാശനായി നടക്കുമ്പോഴാണ് ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള സംഭാഷണം കൗടില്യന്‍ കേള്‍ക്കുന്നത്.

ചൂടുള്ള അപ്പം കടിച്ചുതിന്നപ്പോള്‍ ചുണ്ടു പൊളളിയ കുഞ്ഞിനോട് അമ്മ പറയുകയാണ്- ''നീ ചാണക്യനെപ്പോലെ ധൃതികൂട്ടി മണ്ടത്തരം കാണിക്കരുത്. അപ്പത്തിന്റെ വക്കുകള്‍ ആദ്യം തിന്നണം. അപ്പോഴേക്കും നടുഭാഗത്ത് ചൂടാറും. പിന്നെ മെല്ലെ അവിടെയും തിന്നാം.'' ഇത് കേട്ടതോടെ കൗടില്യന് തന്റെ അബദ്ധം മനസ്സിലായി. പിന്നെ അദ്ദേഹം ചെയ്തത് പരിസരത്തുള്ള ചെറുരാജ്യങ്ങളെ മുഴുവന്‍ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സാവധാനം തങ്ങളുടെ ഭാഗമാക്കുകയായിരുന്നു. അങ്ങനെ എല്ലാവരേയും ചേര്‍ത്ത് വന്‍ശക്തിയായതിന് ശേഷം നന്ദരാജാവുമായി വീണ്ടും യുദ്ധം ചെയ്യുകയും നിഷ്പ്രയാസം തോല്‍പിക്കുകയും ചെയ്തു. ഇതാണ് രാഷ്ട്രീയക്കാര്‍ക്കിടയില്‍ പ്രസിദ്ധമായ 'ചാണക്യതന്ത്രം'. ചെറുകക്ഷികളെ ഏകോപിപ്പിച്ച് വലിയ ശക്തികളെ കീഴടക്കുന്ന തന്ത്രം.

ഈ കഥയില്‍ വേണ്ടതിലധികം അതിശയോക്തിയുണ്ടെന്ന് നമുക്കറിയാം. എന്നാല്‍, ചാണക്യന്റെ തന്ത്രങ്ങളും സംഭാവനയും ഇതൊന്നുമല്ല.  ഇന്ത്യയുടെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു നിയമസംഹിതയാണ് അര്‍ത്ഥശാസ്ത്രം. ചന്ദ്രഗുപ്തമൗര്യന്റെ ഭരണസൗകര്യത്തിനായി ചാണക്യന്‍ രചിച്ചതെന്ന് കരുതുന്ന ഗ്രന്ഥമാണിത്. ബി.സി.ഇ. 300 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇദ്ദേഹം ദൈനംദിന കാര്യങ്ങള്‍ മുതല്‍ യുദ്ധം, ശിക്ഷ, സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍, ചാരവൃത്തി, നയതന്ത്രം, വിവാഹം, സ്വത്തവകാശം, ദായക്രമം, വാണിജ്യം തുടങ്ങി ഒരു മനുഷ്യന്‍ ഇടപെടുന്ന സര്‍വമേഖലകളേയും സ്പര്‍ശിച്ചുകൊണ്ടാണ് ഇതില്‍ നിയമങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. 150 അധ്യായങ്ങളില്‍ ആറായിരം ശ്ലോകങ്ങളിലാണ് ഇതെല്ലാം വിവരിച്ചിട്ടുള്ളത്.  രാജധര്‍മം, സമ്പത് വിനിയോഗം തുടങ്ങിയ വിഷയങ്ങളില്‍ പറയുന്ന പലകാര്യങ്ങളും ആധുനിക കാലത്തുപോലും പ്രസക്തമാണ്.

സാമം, ദാനം, ഭേദം, ദണ്ഡം എന്നീ അനുരഞ്ജന തന്ത്രങ്ങളും ചാണക്യന്റെ തന്നെ സംഭാവനയാണ്.

ഒരു വ്യക്തിയേയോ സമൂഹത്തേയോ തങ്ങള്‍ക്ക് വശംവദരാക്കാനുള്ള തന്ത്രങ്ങളാണവ. സാമം എന്നത് സമവായത്തിലൂടെയുള്ള അനുരഞ്ജനമാണ്. ദാനമെന്നാല്‍ സമ്മാനങ്ങള്‍ കൊടുത്ത് തൃപ്തരാക്കി വഴിപ്പെടുത്തല്‍. ഭേദം ഭിന്നിപ്പിച്ച് ഭരിക്കുന്ന സൂത്രമാണ്. ദണ്ഡം എന്നാല്‍ പീഡിപ്പിച്ചും ആക്രമിച്ചും വരുതിയിലാക്കുന്നത് തന്നെ. ഇന്ത്യയില്‍ മാത്രമല്ല, വിദേശരാജ്യങ്ങളിലും അര്‍ത്ഥശാസ്ത്രം ചര്‍ച്ചാവിഷയമായിരുന്നു. 15-ാം നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ നയതന്ത്രജ്ഞനായ നിക്കോളോ മാക്കിയവെല്ലി അര്‍ത്ഥശാസ്ത്രത്തെ അടിസ്ഥാനമാക്കി 'ദ പ്രിന്‍സ്' എന്ന ഒരു കൃതി രചിച്ചു. ഇറ്റാലിയന്‍, റഷ്യന്‍, ഇംഗ്ലീഷ്, ജര്‍മന്‍ ഭാഷകളിലേക്ക് അര്‍ത്ഥശാസ്ത്രം വിവര്‍ത്തനം ചെയ്യപ്പെട്ടു. ഡസന്‍കണക്കിന് യൂറോപ്യന്‍ പണ്ഡിതന്‍മാര്‍ അത് ആഴത്തില്‍ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ മിക്കഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു. മലയാളത്തില്‍ 'ഭാഷാകൗടലീയം' എന്ന പേരില്‍ പകുതിയോളം തര്‍ജ്ജമ ചെയ്തു.

തിരുക്കുറളിലെ നീതിമാര്‍ഗങ്ങള്‍

'കടുകു തുളച്ചതിലേഴാഴിയുമുള്‍ക്കൊള്ളിച്ച കുറള്‍' എന്നാണ് തിരുക്കുറളിനെപ്പറ്റി കുഞ്ഞുണ്ണി മാഷ് പറഞ്ഞത്. ''തുപ്പാര്‍ക്കു തുപ്പായ തുപ്പാക്കി തുപ്പാര്‍ക്ക് തുപ്പായ തൂവും മഴൈ'' എന്ന കുറള്‍ വാക്യത്തിന് കുഞ്ഞുണ്ണി മാഷിന്റെ തര്‍ജ്ജമ ഇങ്ങനെ- ''ഉണ്ണുന്നോര്‍ക്കുണ്ണേണ്ടതുണ്ടാക്കി ഉണ്‍മോര്‍ക്ക് തന്നെയുമര്‍പ്പിപ്പു മാരി.'' തമിഴ് വേദമെന്നറിയപ്പെടുന്ന തിരുക്കുറള്‍  'പൊയ്യമൊഴിപ്പുലവര്‍' എന്നറിയപ്പെട്ട തിരുവള്ളുവരുടെ രചനയാണ്. ബി.സി.ഇ. രണ്ടാം നൂറ്റാണ്ടിനും സി.ഇ. എട്ടാം നൂറ്റാണ്ടിനുമിടയിലാണ് ഇതിന്റെ രചനയെന്ന് കരുതുന്നു. തിരുവള്ളുവര്‍ പന്തിരുകുലത്തിലെ വള്ളുവര്‍ തന്നെയാണെന്നും അതല്ല ഒരു ബൗദ്ധനാണെന്നുമൊക്കെ അഭിപ്രായങ്ങളുണ്ട്. ഏത് ജാതിയിലുള്ളവര്‍ക്കും ധര്‍മമാര്‍ഗ്ഗം ഉപദേശിക്കുന്ന കുറുക്കിയ വരികളാണ് കുറളുകളിലുള്ളത്. അറത്തുപ്പാല്‍(ധര്‍മമാര്‍ഗ്ഗം), പൊരുള്‍പാല്‍(അര്‍ത്ഥമാര്‍ഗ്ഗം), കാമത്തുപ്പാല്‍(കാമമാര്‍ഗ്ഗം) എന്നിങ്ങനെ മൂന്നു വിഭാഗമാക്കിത്തിരിച്ചാണ് നീതിമാര്‍ഗ്ഗം ഉപദേശിക്കുന്നത്. നിര്‍ബന്ധിത നിയമങ്ങളെന്നതിലുപരി ജീവിതദര്‍ശനമാണ് കുറള്‍.  തമിഴ് ജനതക്ക് തിരുക്കുറള്‍ ഒരു വിശുദ്ധഗ്രന്ഥംതന്നെയാണ്.

സ്വര്‍ണാക്ഷരങ്ങളില്‍ യു.ഡി.എച്ച്.ആര്‍. നിയമങ്ങള്‍

നിയമങ്ങളുണ്ടാവുന്നതും അതിന് ദൈവിക പരിവേഷമുണ്ടാവുന്നതും കാലാന്തരത്തില്‍ അവ പരിണമിക്കുന്നതും എങ്ങനെയെന്ന് നമ്മള്‍ കണ്ടു. ഇന്ന്, ആധുനിക മനുഷ്യന് നിയമങ്ങളുണ്ടാക്കാന്‍ ഒരു അതീന്ദ്രിയ ശക്തിയുടേയും സഹായമോ പ്രേരണയോ വേണ്ട. മാറുന്ന കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് അവന്‍ നിയമം നിര്‍മിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ഭരണഘടന അതിന് ഉത്തമോദാഹരണമാണ്. പല രാജ്യങ്ങളിലേയും നിയമങ്ങളില്‍നിന്ന് ആവശ്യമുള്ളതെടുത്ത് മാറ്റം വരുത്തി നമ്മള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇക്കാലംവരെ 150-ഓളം ഭേദഗതികളും  വരുത്തിക്കഴിഞ്ഞു. മനുഷ്യന്‍ മാറുന്നതിനനുസരിച്ച് അവന്റെ നിയമങ്ങളും മാറും. ലോകത്ത് ഇക്കാലംവരെ നിര്‍മിക്കപ്പെട്ട ഏതു നിയമങ്ങളേക്കാളും മനുഷ്യരാശിയുടെ അന്തസ്സുയര്‍ത്തിപ്പിടിക്കുന്ന പ്രഖ്യാപനങ്ങളാണ് 1948  ഡിസംബര്‍ 10-ന് ഐക്യരാഷ്ട്രസഭ പാസാക്കിയ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപന(യു.ഡി.എച്ച്.ആര്‍.)ത്തിലുള്ളത്. ലോകത്തെ എല്ലാ മനുഷ്യര്‍ക്കും ബാധകമായ നിയമങ്ങളാണെങ്കിലും ചില രാജ്യങ്ങള്‍ ഇതിനുപകരം മതനിയമങ്ങളെയാണ് ആശ്രയിക്കുന്നത്. യു.ഡി.എച്ച്.ആറിലെ പ്രഖ്യാപനങ്ങളില്‍ ചിലത് -

  • മനുഷ്യരെല്ലാവരും തുല്യാവകാശങ്ങളോടും അന്തസ്സോടും സ്വാതന്ത്ര്യത്തോടും കൂടി ജനിച്ചവരാണ്.
  • ജാതി, മതം, നിറം, ഭാഷ, ലിംഗം, രാഷ്ട്രീയാഭിപ്രായം, സ്വത്ത്, കുലം എന്നിവക്കപ്പുറം ഈ പ്രഖ്യാപനത്തില്‍ പറയുന്ന എല്ലാ അവകാശങ്ങള്‍ക്കും സര്‍വജനവും അര്‍ഹരാണ്.
  • ഒരാളേയും അടിമയാക്കിവെക്കാന്‍ പാടില്ല. ഏതൊരു വിധത്തിലുള്ള അടിമത്തത്തേയും അടിമവ്യാപാരത്തേയും തടയണം.
  • ക്രൂരവും അപമാനകരവുമായ രീതിയില്‍ ആരോടും പെരുമാറരുത്. ആര്‍ക്കും അത്തരം ശിക്ഷകളും നല്‍കരുത്.
  • നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്.
  • കാരണമില്ലാതെ ഒരാളേയും അറസ്റ്റ് ചെയ്യാനോ തടവിലാക്കാനോ നാടുകടത്താനോ പാടില്ല.
  • കുറ്റവാളിക്ക് വാദിക്കാനുള്ള എല്ലാ അവസരങ്ങളും നല്‍കണം. നിയമാനുസൃതമായ പരസ്യവിചാരണക്കു ശേഷം കുറ്റം തെളിയുന്നതുവരെ ഏതൊരാളേയും നിരപരാധിയായി കാണണം.
  • കാരണമില്ലാതെ ഒരാളുടെ സ്വകാര്യ ജീവിതത്തിലും കുടുംബജീവിതത്തിലും എഴുത്തുകുത്തുകളിലും കൈകടത്താന്‍ പാടില്ല.
  • അതത് രാജ്യാതിര്‍ത്തിക്കുള്ളില്‍ സ്വതന്ത്രമായി താമസിക്കാനും സഞ്ചരിക്കാനും അവകാശമുണ്ട്.
  • സ്വന്തം രാജ്യമോ മറ്റു രാജ്യമോ വിടാനും സ്വന്തം രാജ്യത്തേക്ക് മടങ്ങിവരാനും ഏതൊരാള്‍ക്കും അവകാശമുണ്ട്.
  • വധൂവരന്‍മാരുടെ പൂര്‍ണസമ്മതത്തോടെയേ വിവാഹം നടത്താവൂ. പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും വിവാഹം ചെയ്ത് കുടുംബസ്ഥനാവാം.
  • സ്വതന്ത്ര ചിന്തക്കും സ്വതന്ത്രമായ മതവിശ്വാസത്തിനും എല്ലാവര്‍ക്കും അവകാശമുണ്ട്. ഒറ്റക്കോ കൂട്ടമായോ മതംമാറാനും പരസ്യമായോ രഹസ്യമായോ തന്റെ വിശ്വാസങ്ങളെ പ്രകടിപ്പിക്കാനും അവകാശമുണ്ട്.
  • ന്യായമായ പ്രവൃത്തിസമയം, ശമ്പളത്തോടെയുള്ള ഒഴിവുദിനങ്ങള്‍, വിശ്രമം എന്നിവക്കും എല്ലാവര്‍ക്കും അവകാശമുണ്ട്.
  • എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിന് അവകാശമുണ്ട്.

(തുടരും)