കല്‍ക്കരി തിന്നുകയും വെള്ളം മോന്തുകയും ചെയ്തിരുന്ന കൂ കൂ കൂ കൂ തീവണ്ടിയുടെ കുട്ടിക്കവിത പഠിച്ചവരാണ് നമ്മള്‍. തീവണ്ടി ഓടണമെങ്കില്‍ കല്‍ക്കരി തിന്നണമെന്നല്ലാതെ കല്‍ക്കരിയെന്താണെന്നോ അതിന് മനുഷ്യചരിത്രത്തിലുള്ള പ്രാധാന്യമെന്തെന്നോ ആരും അന്വേഷിച്ചിട്ടുണ്ടാവില്ല. ആരും പറഞ്ഞുതരാനുമിടയില്ല. ഇന്ന് നമുക്കറിയാം, കറുത്ത പാറയ്ക്ക്‌ സമാനമായ ഈ വസ്തുവുണ്ടായിരുന്നില്ലെങ്കില്‍, മനുഷ്യകുലം ഇന്നീക്കാണുന്ന നേട്ടങ്ങള്‍ക്കായി ഇനിയും നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വരുമായിരുന്നു. തീയും ചക്രവുമുണ്ടാക്കിയ ശാസ്ത്രജ്വാല ആളിപ്പടര്‍ന്നത് കല്‍ക്കരിയിലെ കനല്‍കൊണ്ടാണ്. 19-ാം നൂറ്റാണ്ടിലെ വ്യാവസായിക വിപ്ലവത്തിന്റെ ഇന്ധനമായിരുന്നു കല്‍ക്കരി. വിറകിന് ശേഷം ഹോമോ സാപിയന്‍സ് ഉപയോഗിച്ച രണ്ടാമത്തെ ഇന്ധനവും ഇതുതന്നെ.

To advertise here,

എന്നുമുതലാണ് ഹോമോ സാപിയന്‍സ് ഇന്ധനമായി കല്‍ക്കരി ഉപയോഗിച്ചതെന്ന് കൃത്യമായി പറയാനാവില്ല. അയ്യായിരം വര്‍ഷം മുമ്പെങ്കിലും ഇത്തരം ഉപയോഗം നടന്നിട്ടുണ്ട്. 4000 വര്‍ഷം മുമ്പ് വെയ്ല്‍സില്‍ ശവസംസ്‌കാരത്തിന് കല്‍ക്കരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബി.സി.ഇ. ആയിരത്തില്‍ ചൈനയില്‍ നാണയങ്ങള്‍ നിര്‍മിക്കാനും ചെമ്പുരുക്കാനുമൊക്കെ കല്‍ക്കരിയുടെ ചൂടാണ് ഉപയോഗിച്ചിരുന്നത്. റോമന്‍ സാമ്രാജ്യകാലത്തും ഇത് തുടര്‍ന്നു. ചൂടു പകരാനും പാചകത്തിനും കളിമണ്‍പാത്ര നിര്‍മാണത്തിനുമൊക്കെ ഉപയോഗിച്ചു. പിന്നീട് ആവിയന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും വൈദ്യുതി ഉണ്ടാക്കാനും കല്‍ക്കരിയുടെ താപശേഷി വേണ്ടിവന്നു. ചൈന തന്നെയാണ് പ്രധാന ഉത്പാദകര്‍. തൊട്ടുപിന്നിലായി അമേരിക്കയും ഇന്ത്യയുമൊക്കെയുണ്ട്. 1950 വരെ നമ്മുടെ പ്രധാന ഊര്‍ജ്ജ ഉറവിടം ഇതായിരുന്നു. കല്‍ക്കരിയുടെ ഉപയോഗം വ്യാവസായിക വിപ്ലവത്തിന് ആക്കംകൂട്ടിയെന്നതുപോലെ തൊഴിലാളി വിപ്ലവത്തിനും തുടക്കംകുറിച്ചു. ഒരുപക്ഷേ, ലോകത്തെ ആദ്യത്തെ സംഘടിത തൊഴില്‍മേഖല കല്‍ക്കരി ഖനിയുമായി ബന്ധപ്പെട്ടതാവാം. ഏറ്റവും വലുതും ഇതുതന്നെ.

placeholder
'കോള്‍, എ ഹ്യൂമന്‍ ഹിസ്റ്ററി'  എന്ന പുസ്തകം

മനുഷ്യചരിത്രത്തില്‍ കല്‍ക്കരിയുടെ പ്രാധാന്യത്തെപ്പറ്റി പറയുന്ന ഒരു പ്രധാന പുസ്തകമാണ് ബാര്‍ബറ ഫ്രീസിന്റെ ' കോള്‍, എ ഹ്യൂമന്‍ ഹിസ്റ്ററി.' ആകാശത്തേയും ശ്വാസകോശത്തേയും എങ്ങനെ കല്‍ക്കരി കറുപ്പിക്കുന്നു എന്നു പറയുന്ന ഈ പുസ്തകം കല്‍ക്കരി നമ്മുടെ ജീവിതത്തിലുണ്ടാക്കിയ പരിക്കുകളെയാണ് കൂടുതലും ഊന്നുന്നത്. 'കല്‍ക്കരി കണ്ടെത്തിയില്ലായിരുന്നെങ്കില്‍ ലോകം ഇതിലേറേ നന്നാവുമായിരുന്നു' എന്ന അതിരുകടന്ന അഭിപ്രായംകൂടി എഴുത്തുകാരി പങ്കുവെക്കുന്നുണ്ട്. ലണ്ടനിലെ ഖനിത്തൊഴിലാളികളുടെ തൊഴില്‍- ആരോഗ്യ- ശുചിത്വ- മനുഷ്യാവകാശ പ്രശ്‌നങ്ങള്‍കൂടി ചര്‍ച്ച ചെയ്യുന്നതാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തിറക്കിയ ഈ പുസ്തകം. ഖനികളിലെ ജീവിതം എത്രത്തോളം അപകടകരവും അനാരോഗ്യകരവുമാണെന്ന് ഈ പുസ്തകം പറയുന്നു.

placeholder
ഝാര്‍ഖണ്ഡില്‍ നിന്നുള്ള ദൃശ്യം | Photo: AP 

കൽക്കരികൾ 

എന്താണ് കല്‍ക്കരി? അതുകൂടി പറയാതെ കല്‍ക്കരിക്കഥ പൂര്‍ണമാവില്ല. കോടാനുകോടി വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന സസ്യങ്ങളുടേയും വൃക്ഷങ്ങളുടേയും ഫോസില്‍ തന്നെയാണത്. മണ്ണിനടിയില്‍ പെട്ട് മര്‍ദ്ദം മൂലം ഇവക്ക് രാസമാറ്റം സംഭവിച്ച് ശിലാരൂപമാവുന്നു. ഉയര്‍ന്ന താപപ്രസരണ ശേഷിയുണ്ടാവുന്നു. കാര്‍ബണിന്റെ അളവനുസരിച്ച് പീറ്റ്, ലിഗ്നൈറ്റ്, ബിറ്റുമിനസ്, ആന്‍ഡ്രാസൈറ്റ് എന്നിങ്ങനെ നാലു തരം കല്‍ക്കരിയുണ്ട്. 1774 മുതല്‍ ഇന്ത്യയില്‍ റാണിഗഞ്ചില്‍നിന്ന് കല്‍ക്കരി കുഴിച്ചെടുക്കുന്നുണ്ട്. ലോകത്തില്‍ നാലാമത് കല്‍ക്കരിശേഖരം ഇന്ത്യയിലാണ്. ബംഗാള്‍, ബീഹാര്‍, ഛത്തീസ്ഗഡ്, ഒഡിഷ, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം ഉത്പാദനം. ഇന്നും ലോകത്ത് വൈദ്യുതി ഉത്പാദനത്തിനും ഇരുമ്പുരുക്കു വ്യവസായത്തിനും മറ്റും വന്‍തോതില്‍ കല്‍ക്കരി ഉപയോഗിക്കുന്നുണ്ട്.

പെട്രോളിയം എന്ന നിധി

ലോകത്തിന്റെ തന്നെ സമ്പദ്ഘടനയെ നിയന്ത്രിക്കുന്ന പെട്രോളിയത്തെ(ക്രൂഡ് ഓയില്‍) നിധി എന്നല്ലാതെ എന്ത് വിശേഷിപ്പിക്കും? പെട്രോള്‍ വിലയുടെ ചുറ്റം കറങ്ങുകയാണ് ഇന്നും ലോക സമ്പദ് വ്യവസ്ഥ. എന്താണ് ഈ പെട്രോളിയം ? എന്നു മുതലാണ് മനുഷ്യന്‍ ഇതുപയോഗിച്ചു തുടങ്ങിയത്?

ഹൈഡ്രോ കാര്‍ബണുകളുടെ സങ്കീര്‍ണമായ മിശ്രിതമാണ് പെട്രോളിയം. ഇതിന്റെ ഉത്ഭവവും ഒരു തരത്തില്‍ കല്‍ക്കരിയുടേതിന് സമാനമാണ്. കല്‍ക്കരി പുരാതന സസ്യങ്ങളുടെ ഫോസിലാണെങ്കില്‍ പുരാതന സമുദ്രജീവികളായ ആല്‍ഗകള്‍, പ്ലാങ്ടണുകള്‍ തുടങ്ങിയവയുടെ അവശിഷ്ടങ്ങള്‍ ദശലക്ഷക്കണക്കിന് വര്‍ഷം മണ്ണിനടിയില്‍ കിടന്ന് രാസപ്രവര്‍ത്തനം നടന്നാണ് പെട്രോളിയമുണ്ടാവുന്നത്. മുകളില്‍ വരുന്ന പാളികള്‍ താഴെ കടുത്ത മര്‍ദ്ദമുണ്ടാക്കും. ഈ മര്‍ദ്ദവും ബാക്ടീരിയകളുടെ പ്രവര്‍ത്തനവുംകൂടിയാവുമ്പോള്‍ രാസമാറ്റം സംഭവിച്ച് ദ്രാവകരൂപമാവുന്നു. ഇതിനെ സംസ്‌കരിച്ചാണ് പെട്രോളും ഡീസലും മണ്ണെണ്ണയും ടാറുമെല്ലാം വേര്‍തിരിച്ചെടുക്കുന്നത്.

പെട്രോളിയവും അടുത്തകാലത്ത് കണ്ടെത്തിയ ഇന്ധനമൊന്നുമല്ല. ഉറവതേടി പോയാല്‍ തീര്‍ച്ചയായും മെസപ്പട്ടോമിയ വരെ പോകേണ്ടിവരും. ബി.സി.ഇ. 3000 കാലത്ത് സുമേറിയക്കാര്‍ ഇത് ഉപയോഗിച്ചിരുന്നു. പക്ഷേ, ഇന്നത്തെ ആവശ്യമായിരുന്നില്ല അന്ന്. വിളക്കു കത്തിക്കാനാണ് അവര്‍ കൂടുതലും ഉപയോഗിച്ചത്. ബോട്ടുകളുടെ വിള്ളലടയ്ക്കാന്‍ ഗ്രീസും ഉപയോഗിച്ചു. ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസിന്റെ വിവരണങ്ങളില്‍ ബാബിലോണിയക്ക് സമീപം എണ്ണക്കുഴികളുണ്ടായിരുന്നതായി പറയുന്നുണ്ട്. ഇവിടത്തുകാര്‍ മതിലുകളും ഗോപുരങ്ങളും നിര്‍മിക്കുമ്പോള്‍ അസ്ഫാള്‍ട്ട് (കീല്‍) ഉപയോഗിച്ചിരുന്നു. അതും പെട്രോളിയത്തില്‍നിന്ന് ലഭിക്കുന്നതാണ്. ഈജിപ്തുകാര്‍ ത്വക് രോഗം അടക്കമുള്ള ചികിത്സകള്‍ക്കും പെട്രോളിയത്തെ ഉപയോഗിച്ചു.

placeholder
1859-ല്‍ അമേരിക്കയിലെ പെന്‍സിലില്‍വാനിയയില്‍ കുഴിച്ച ആദ്യത്തെ എണ്ണക്കിണര്‍ | Photo: Wiki/By Ida Tarbell - https://en.wikisource.org/wiki/Page:The_History_of_the_Standard_Oil_Company_Vol_1.djvu/41, Public Domain, https://commons.wikimedia.org/w/index.php?curid=97712397

ബി.സി.ഇ. നാലാം നൂറ്റാണ്ടില്‍ ചൈനയാണ് ആദ്യമായി പെട്രോളിയത്തെ ഇന്ധനമായി ഉപയോഗിച്ചതെങ്കിലും 19-ാം നൂറ്റാണ്ടിലാണ് ഇതിന്റെ ഉപയോഗം വ്യാപകമായത്. 1859-ല്‍ അമേരിക്കയിലെ പെന്‍സിലില്‍വാനിയയില്‍ ആദ്യത്തെ എണ്ണക്കിണര്‍ കുഴിച്ചു. പെട്രോളിയം ഒരു വലിയ നിധിയാണെന്നു പറയുന്നതിന്റെ പ്രധാന കാരണം പെട്രോളും ഡീസലും ഉത്പാദിപ്പിക്കുന്നതു കൊണ്ടു മാത്രമല്ല. മണ്ണെണ്ണ, ടാര്‍, കീല്‍, പാരഫിന്‍ മെഴുക്, സ്ലാക്ക് മെഴുക്, പ്ലാസ്റ്റിക്, ലൂബ്രിക്കേറ്റിങ് എണ്ണകള്‍ തുടങ്ങി ഒട്ടേറേ ഉപോത്പന്നങ്ങളുടെ ഉറവിടമായതു കൊണ്ടു കൂടിയാണ്. ഇതൊന്നുമില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ഇന്ന് നമുക്ക് ചിന്തിക്കാന്‍ പോലുമാവില്ല.

അച്ചടിവന്നു, വെച്ചടി കയറ്റം

അച്ചടിയുടെ വരവോടെയാണ്  മനുഷ്യന്റെ യഥാര്‍ത്ഥ നവോത്ഥാന കാലഘട്ടം തുടങ്ങുന്നത്. അതുവരെ ഓര്‍മകളിലും കളിമണ്‍ ഫലകങ്ങളിലും ചെപ്പേടുകളിലും താളിയോലകളിലുമായി പൊടിപിടിച്ചു കിടന്നിരുന്ന അറിവുകള്‍ കൂടുതല്‍ ജനകീയമായി. അപ്പോഴും അറിവിന്റെ തമ്പുരാന്‍മാരായി ഒരു കൂട്ടരുണ്ടായിരുന്നു.  എഴുതാനും വായിക്കാനും അധികാരമുള്ളവര്‍. അക്ഷരങ്ങളെ തൊടാന്‍പോലും അനുമതിയില്ലാത്ത വേറൊരു വിഭാഗവുമുണ്ടായി. അത്തരക്കാര്‍ക്ക് പള്ളിക്കൂടം പോലും അപ്രാപ്യമായി. വേദങ്ങള്‍ പുരോഹിതരുടെ മാത്രം കുത്തകയായി. അത് തര്‍ജ്ജമ ചെയ്യുന്നതുപോലും കുറ്റമായി. ലോകത്തെല്ലായിടത്തും എല്ലാ സമൂഹങ്ങളിലും ഈ ഉച്ചനീചത്വമുണ്ടായിരുന്നു. നമ്മുടെ നാട്ടില്‍, വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയമുരുക്കിയൊഴിച്ചു. ഖുര്‍ആന്‍ തര്‍ജ്ജമ ചെയ്തതിന്റെ പേരില്‍ അറയ്ക്കല്‍ രാജവംശത്തിലെ ഇളയരാജാവായിരുന്ന മായിന്‍കുട്ടി ഇളയക്കുപോലും അതു കത്തിച്ച് കടലിലൊഴുക്കേണ്ടി വന്നു. ഇന്ന് കാലം അതിനെല്ലാം പ്രതികാരം ചെയ്തു. തര്‍ജ്ജമയെ എതിര്‍ത്തവര്‍തന്നെ ഇന്ന് വേദഗ്രന്ഥങ്ങള്‍ തര്‍ജ്ജമചെയ്ത് അച്ചടിക്കുന്നു. ശൂദ്രന്‍മാരെന്നു പറഞ്ഞ് അകറ്റി നിര്‍ത്തിയവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നു. അറിവിന്റെ ജനാധിപത്യവത്കരണത്തിന് അച്ചടി നല്‍കിയത് സ്വപ്‌നവേഗമാണ്.

placeholder
ആദ്യകാലത്തെ പ്രിന്റിങ് പ്രസ് ചിത്രകാരന്റെ ഭാവനയില്‍ | Photo: Wiki/ https://commons.wikimedia.org/w/index.php?curid=17927966

തുടക്കം മെസപ്പട്ടോമിയയില്‍ത്തന്നെ

മെസപ്പട്ടോമിയയില്‍നിന്ന് കിട്ടിയ കളിമണ്‍ പ്രതലങ്ങളിലും നാണയങ്ങളിലും തുണികളിലുമെല്ലാം അച്ചടിയുടെ ആദ്യരൂപമായ മുദ്രകളുണ്ട്. കല്ലും മരവുംകൊണ്ടുള്ള അച്ചുകളാണ് അന്നുപയോഗിച്ചിരുന്നത്. ബി.സി.ഇ. 59-ല്‍ റോമന്‍ സാമ്രാജ്യകാലത്ത്, 'ആക്ട ദിയുര്‍ണ' എന്ന പേരില്‍ ഒരു ദൈനംദിന ഗസറ്റ് പ്രസിദ്ധീകരിച്ചിരുന്നു. കല്ലിലോ ലോഹത്തിലോ കൊത്തിയാണ് ഇതുണ്ടാക്കിയിരുന്നത്. നാട്ടിലെ പ്രധാന സംഭവങ്ങള്‍, സര്‍ക്കാരിന്റെ നയങ്ങള്‍, കല്‍പനകള്‍ , മരണങ്ങള്‍ എന്നിവയൊക്കെയാണ് ഇതുവഴി പ്രചരിപ്പിച്ചിരുന്നത്. വര്‍ത്തമാനപത്രത്തിന്റെ പൂര്‍വികനായി വേണമെങ്കില്‍ 'ആക്ട ദിയുര്‍ണ'യെ കാണാം. ആദ്യകാലങ്ങളില്‍ ഇത് രഹസ്യസ്വഭാവമുള്ളതായിരുന്നു. പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയത് ജൂലിയസ് സീസറാണെന്ന് ചില ചരിത്രകാരന്‍മാര്‍ പറയുന്നു. സി.ഇ. 1040-ല്‍ ചൈനയില്‍ ബിഷെങ് എന്ന ആല്‍ക്കെമിസ്റ്റ് ചലിപ്പിക്കാവുന്ന ആദ്യത്തെ പ്രിന്റിങ് പ്രസ്സ് ഉണ്ടാക്കി. തടിക്കട്ടകളാണ് ഇതിനുപയോഗിച്ചത്.

placeholder
ജോഹന്നസ് ഗുട്ടന്‍ബര്‍ഗ്, ഗുട്ടന്‍ബര്‍ഗ് ബെബിൾ | Photo: Wiki/By http://www.sru.edu/depts/cisba/compsci/dailey/217students/sgm8660/Final/, Public Domain, https://commons.wikimedia.org/w/index.php?curid=31396, By NYC Wanderer (Kevin Eng) - originally posted to Flickr as Gutenberg Bible, CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=9914015

ചരിത്രമാവാന്‍ ഗുട്ടന്‍ബര്‍ഗ്ഗ് 

മനുഷ്യന്റെ ജ്ഞാനോദയകാലത്തിന് തുടക്കമിട്ടുകൊണ്ട് തന്റെ പേര് സ്വര്‍ണാക്ഷരങ്ങളില്‍ രേഖപ്പെടുത്തിയത് ഒരു സ്വര്‍ണപ്പണിക്കാരനാണ്. ജര്‍മനിയിലെ മെയ്ന്‍സില്‍ ജനിച്ച ജോഹന്നസ് ഗുട്ടന്‍ബര്‍ഗ്.  പ്രത്യേക ലോഹക്കൂട്ടുകൊണ്ട് അച്ചുകളുണ്ടാക്കി എണ്ണ കലര്‍ത്തിയ മഷിയുപയോഗിച്ചാണ് അദ്ദേഹം പ്രിന്റ് ചെയ്തത്. ഈ അച്ചുകള്‍ ഓരോന്നും അഴിച്ചെടുത്ത് മാറ്റി ഉപയോഗിക്കാം. ലഘുലേഖകളും പുസ്തകങ്ങളുമെല്ലാം അങ്ങനെ അച്ചടിക്കാന്‍ തുടങ്ങി. 1465-ലാണ് അച്ചടിച്ച ആദ്യത്തെ ബൈബിള്‍ പുറത്തിറങ്ങിയത്. ഇതിനെ 'ഗുട്ടന്‍ബര്‍ഗ് ബൈബിള്‍' എന്നുകൂടി വിളിക്കുന്നു. യൂറോപ്പില്‍ ക്രൈസ്തവമതത്തിന് വളര്‍ച്ചയുണ്ടായതിലും പിന്നീട് തളര്‍ച്ചയുണ്ടായതിലും ബൈബിള്‍ അച്ചടിക്ക് പങ്കുണ്ടെന്ന് പറയാറുണ്ട്. കേരളത്തില്‍ 1576 മുതല്‍തന്നെ വിദേശികളുടെ നേതൃത്വത്തില്‍ അച്ചടി തുടങ്ങിയിരുന്നു. എന്നാല്‍ 1678-ല്‍ പുറത്തുവന്ന സസ്യശാസ്ത്ര ഗന്ഥമായ 'ഹോര്‍ത്തൂസ് മലബാറിക്കസി'ലാണ് മലയാള അക്ഷരങ്ങള്‍ ആദ്യമായി അച്ചടിച്ചുവന്നത്. ഡച്ചുകാരനായ ഹെന്‍ഡ്രിക് വാന്‍ റീഡ് ആണ് ഇത് തയ്യാറാക്കിയത്. സമ്പൂര്‍ണമായി മലയാളത്തില്‍ അച്ചടിച്ച ആദ്യഗ്രന്ഥം സംക്ഷേപ വേദാര്‍ത്ഥമാണ്.