
ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി, നദികളില്‍ സുന്ദരി യമുനാ ,പെരിയാറേ..പെരിയാറേ, ഗംഗാ യമുനാ സംഗമ സമതലഭൂമി......ഇങ്ങനെ നദികളെ വാഴ്ത്തിക്കൊണ്ടുള്ള പാട്ടുകള്‍ക്ക് ഒരു കണക്കുമില്ല. മലയാളത്തില്‍ മാത്രമല്ല, ലോകത്തിലെ എല്ലാ ഭാഷകളിലും ഈ നദിയാരാധന കാണാം. നദികളെ ഇങ്ങനെ പുകഴ്ത്താന്‍ കവികളെ പ്രേരിപ്പിക്കുന്നതെന്തായിരിക്കും? വേറൊന്നുമല്ല, ഹോമോസാപിയന്‍സ് എന്ന നമ്മള്‍ നമ്മളായത് ഈ നദീതീരങ്ങളില്‍ നിന്നാണ്. സമൂഹജീവിതവും സംസ്‌കാരവും ആര്‍ജ്ജിച്ചത്, സമ്പത്തും സന്തോഷങ്ങളും നേടിയത്, സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തത് എല്ലാം നദികളെ ആശ്രയിച്ചാണ്. മിക്ക നദികള്‍ക്കും പെണ്‍പേരാണ്. നമ്മുടെ സംസ്‌കാരത്തെ പെറ്റുപോറ്റിയ അമ്മമാരാണവര്‍. എന്തുകൊണ്ടായിരിക്കും മനുഷ്യര്‍ സമൂഹജീവിതത്തിന് നദീതീരങ്ങളെ തിരഞ്ഞെടുത്തത് ? ഇടയ്ക്കിടെയുണ്ടാവുന്ന വെള്ളപ്പൊക്കവും പ്രളയവുമെല്ലാം ഭീഷണിയുയര്‍ത്തിയിട്ടും മനുഷ്യര്‍ കൂട്ടംകൂടാന്‍ നദീതീരത്തേക്ക് വരുന്നത് ജീവിക്കാന്‍ അത്യാവശ്യമായ ജലസമൃദ്ധി കണ്ടിട്ടുതന്നെയായിരുന്നു. മത്സ്യസമ്പത്തും മറ്റു നാടുകളിലേക്കുള്ള സഞ്ചാര സൗകര്യവും അവനെ അവിടെത്തന്നെ പിടിച്ചുനിര്‍ത്തി. വെള്ളപ്പൊക്കങ്ങള്‍ ഒഴുക്കിക്കൊണ്ടുവരുന്ന എക്കല്‍ മണ്ണിന്റെ വളക്കൂറില്‍ അവര്‍ കൃഷിയില്‍ നൂറു മേനി കൊയ്തു. അങ്ങനെ എല്ലാംകൊണ്ടും നദീതീരങ്ങള്‍ സംസ്‌കാരങ്ങളുടെ പിള്ളത്തൊട്ടിലായി മാറി.
ലോകത്തിലെത്തന്നെ ആദ്യത്തെ സംസ്‌കാരം രൂപം പ്രാപിച്ചത് ഏത് നദിക്കരയില്‍ എന്ന സംശയം വരാം, രണ്ടു നദികളുടെ കരയില്‍ എന്നാണ് ഉത്തരം. തുര്‍ക്കിയിലെ ടോറസ് പര്‍വതത്തില്‍ നിന്നുത്ഭവിച്ച് സമാന്തരമായി സിറിയയിലൂടെയും ഇറാഖിലൂടെയുമൊക്കെ ഒഴുകി കടലില്‍ ചേരുന്ന ടൈഗ്രിസ്-യൂഫ്രട്ടീസ് നദികളുടെ തീരമാണ് ആദ്യത്തെ സംസ്‌കാരത്തിന്റെ ഉറവിടകേന്ദ്രം. അതിനെയാണ് നമ്മള്‍ മെസപ്പട്ടോമിയന്‍ സംസ്‌കാരം എന്നുപറയുന്നത്. ഏകദേശം ഇതേ കാലയളവില്‍ത്തന്നെ സിന്ധൂ നദിയുടെ തീരത്ത്, നമ്മുടെ ഇന്ത്യയടക്കമുള്ള ഭൂപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മറ്റൊരു മഹാസംസ്‌കാരം രൂപം പ്രാപിച്ചിരുന്നു, അതാണ് സിന്ധൂ നദീതട സംസ്‌കാരം അല്ലെങ്കില്‍ ഹാരപ്പന്‍ സംസ്‌കാരം. ലോകത്താദ്യമായി നഗരജീവിതവും ഭരണസംവിധാനവുമെല്ലാം രൂപം കൊള്ളുന്നത് മെസപ്പട്ടോമിയയിലാണ് എന്നതാണ് അവരുടെ പ്രാധാന്യം.
അദ്ഭുതങ്ങളുടെ മെസപ്പട്ടോമിയ
അയ്യായിരത്തിലേറേ വര്‍ഷങ്ങള്‍ക്ക് മുമ്പ്, ലോകത്ത് പലയിടങ്ങളിലും മനുഷ്യര്‍ നായാടി നടന്നിരുന്ന കാലത്ത് അദ്ഭുതപ്പെടുത്തുന്ന സാംസ്‌കാരിക ജീവിതം നയിച്ചിരുന്നവരാണ് മെസപ്പട്ടോമിയന്‍ മേഖലയിലുള്ളവര്‍. കൃഷി തുടങ്ങിയവര്‍ എന്നതിലപ്പുറം എഴുത്തുവിദ്യ, ചക്രം, അളവുതൂക്കങ്ങള്‍, ആഴ്ചകളും പന്ത്രണ്ട് മാസങ്ങളും എല്ലാം ആദ്യമായി ഉപയോഗിച്ചവര്‍ അവരായിരുന്നു. 384 ദിവസങ്ങളായിരുന്നത്രെ ഇവരുടെ ഒരു വര്‍ഷം. ഇവിടെയാണ് ആദ്യമായി ദൈവങ്ങളും ദേവാലയങ്ങളുമുണ്ടായത്. നാട്ടുഭരണം, രാജാവ്, രാജഭരണം, രാജകൊട്ടാരങ്ങള്‍ എന്നിവക്കെല്ലാം തുടക്കമിട്ടവര്‍. ഇവരുടേത് ചെറിയ ഭൂഭാഗമാണെന്ന് കരുതരുത്. പില്‍ക്കാല ഖനനങ്ങളില്‍നിന്ന് ഈ സംസ്‌കാരം ഇറാഖ്, സിറിയ, ജോര്‍ദാന്‍, ലബനോന്‍, ഇസ്രായേല്‍, പലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം വ്യാപിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
മെസപ്പട്ടോമിയന്‍ സംസ്‌കാരത്തില്‍ത്തന്നെ സുമേറിയന്‍ നാഗരികത ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ബി.സി.ഇ. 4000-ല്‍ ആണ് ഇന്നാട്ടുകാരെ കീഴ്‌പ്പെടുത്തി സുമേറിയന്‍ ഗോത്രവിഭാഗം ഈ മേഖലയില്‍ അധിനിവേശം നടത്തുന്നത്. ഇവരാണ് ലോകത്തിലെ ആദ്യത്തെ നാഗരികത രൂപപ്പെടുത്തിയത്. ഇന്നും മനുഷ്യനെ ദൈവം കളിമണ്ണു കൊണ്ടുണ്ടാക്കിയതാണെന്ന് വിശ്വസിക്കുന്ന മതങ്ങളുണ്ടല്ലോ. എന്നാല്‍, ഈ സങ്കല്‍പം ആദ്യമായി കൊണ്ടുവന്നവര്‍ സുമേറിയക്കാരാണ്. അവരുടെ പ്രധാന ഉത്പാദകവസ്തു കളിമണ്ണായിരുന്നു. കളിമണ്‍ഫലകങ്ങളില്‍ അവര്‍ മുദ്രവെച്ച് കത്തുകള്‍ പോലുമെഴുതി. കളിമണ്ണും അതിന്റെ കട്ടകളും കൊണ്ട് ഇരുനിലവീടുകളും വീട്ടുത്പന്നങ്ങളും ചുറ്റുമതിലുകളും എടുപ്പുകളും നഗരങ്ങളും അവര്‍ നിര്‍മിച്ചു. എല്ലാ സൃഷ്ടിയുടേയും അടിസ്ഥാനവസ്തുവായി കളിമണ്ണിനെ കണ്ടതുകൊണ്ടാവണം മനുഷ്യനെ സൃഷ്ടിക്കാനും ദൈവം കളിമണ്ണുപയോഗിച്ചു എന്ന ധാരണയില്‍ അവരെത്തിയത്. അവരെ പിന്തുടര്‍ന്നാണ് മറ്റു മതങ്ങളും ഇതേ സൃഷ്ടിസങ്കല്‍പങ്ങള്‍ സ്വീകരിച്ചത്.
ഭരണാധികാരിയെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന, ജനാധിപത്യ സമ്പ്രദായവും ആദ്യമായി നടപ്പാക്കിയത് സുമേറിയക്കാര്‍ തന്നെ. എന്നാല്‍ പിന്നീട് ഭരണാധികാരിയുടെ മക്കളും ബന്ധുക്കളും പിന്‍ഗാമികളായി വന്നു. അത് രാജഭരണ സംവിധാനത്തില്‍ എത്തിച്ചു. ബി.സി.ഇ. 2600-കളിലാണ് ആദ്യത്തെ രാജകൊട്ടാരം നിര്‍മിച്ചതെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. രാജ്യത്തിന്റെ അധികാരി ആ നാടിന്റെ ദേവനായിരുന്നു. ആ ദേവനുവേണ്ടി പ്രതിനിധിയായി രാജാവ് നാടുഭരിക്കും. തിരുവിതാംകൂറിലെ പദ്മനാഭദാസന്‍ എന്ന പദവിയെക്കുറിച്ചും തൃപ്പടിദാനത്തെക്കുറിച്ചുമൊക്കെ ഓര്‍ത്തുനോക്കുക. എന്തൊക്കെയോ സാദൃശ്യം തോന്നുന്നില്ലേ? നാഗരിക ജീവിതം തുടങ്ങിയതോടെ വിവിധ തൊഴിലുകള്‍ക്ക് സാധ്യതയേറി. തൊഴില്‍വിഭജനം ജനങ്ങളുടെ സാമൂഹിക നിലവാരത്തിലും സ്ഥാനത്തിലും മാറ്റം വരുത്തി. മേലാളന്‍മാരും അടിമകളുമുണ്ടായി.

| By Dosseman - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=92557707
കച്ചവടത്തിനും വ്യവഹാരങ്ങള്‍ക്കുമായി സ്വര്‍ണത്തിന്റേയും വെള്ളിയുടേയുമൊക്കെ നാണയങ്ങള്‍ അവരുപയോഗിച്ചിരുന്നു. നികുതിപ്പിരിവ്, പലിശക്ക് പണം കൊടുക്കല്‍ തുടങ്ങിയ സാമ്പത്തിക ഇടപാടുകള്‍ നടന്നു. ഇന്നത്തെ ബാങ്കിങ് സംവിധാനത്തിന്റെ പൂര്‍വരൂപമായിരുന്നു ഇതെല്ലാം. യൂഫ്രട്ടീസ് നദിയില്‍നിന്ന് കനാലുകള്‍ നിര്‍മിച്ച് പലയിടങ്ങളിലേക്ക് കൃഷിയെ വ്യാപിപ്പിച്ചു. ഇവരുടെ ശവസംസ്‌കാര രീതികള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. മരിച്ചു കഴിഞ്ഞാലും പാതാളത്തിനടിയില്‍ മറ്റൊരു ജീവിതമുണ്ടെന്ന് അവര്‍ വിശ്വസിച്ചിരുന്നു. അപ്പോള്‍ പരലോകവിശ്വാസവും ഇവരുടെതന്നെ സംഭാവനയാണെന്ന് പറയേണ്ടിവരും. ശവക്കല്ലറകളൊക്കെ പല അറകളോടെ വലിയ സംവിധാനങ്ങളുള്ളവയായിരുന്നു. മരിച്ചവരുടെ പ്രിയപ്പെട്ട സാധനങ്ങളെല്ലാം മൃതദേഹത്തോടൊപ്പം കല്ലറയില്‍ വെക്കും. ഇതൊക്കെ പാതാളജീവിതത്തില്‍ അവര്‍ക്ക് ഉപയോഗിക്കാനുള്ളതാണ്. ഇത്തരത്തിലുള്ള ഒട്ടേറേ കല്ലറകള്‍ ബ്രിട്ടീഷ് ആര്‍ക്കിയോളജിസ്റ്റായ സര്‍ ലിയനാര്‍ഡോ വൂളി ആധുനിക ഇറാഖിലെ 'ഉര്‍' എന്ന സ്ഥലത്ത് 1922 മുതല്‍ 1934 വരെ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. ഇതോടെയാണ് ഈ വിവരങ്ങളെല്ലാം നമ്മളറിയുന്നത്.
ഇരുമ്പില്ലാത്ത കാലം
ഇന്ന് ഒരുപക്ഷേ നമുക്ക് സങ്കല്‍പിക്കാന്‍ പോലുമാവാത്ത ഒന്നാണ് ഇരുമ്പില്ലാത്ത ജീവിതം. അടുക്കളയിൽ ഉപയോഗിക്കുന്ന കറിക്കത്തി മുതല്‍ നമ്മള്‍ സഞ്ചരിക്കുന്ന വാഹനംവരെയുള്ള നീളുന്ന സൗകര്യങ്ങള്‍ ഇരുമ്പില്ലായിരുന്നെങ്കില്‍ അസാധ്യമായിരുന്നു. വ്യാവസായിക-സാങ്കേതിക വിപ്ലവങ്ങളൊന്നും നടക്കില്ലായിരുന്നു. നമ്മള്‍ ആയിരത്താണ്ടുകള്‍ പിന്നിലാവുമായിരുന്നു. നദീതട സംസ്‌കാരങ്ങള്‍ വികസിച്ച കാലത്ത് മനുഷ്യന്‍ ആദ്യം ഉപയോഗിച്ച ലോഹം ചെമ്പാണ്. പിന്നീട് സുമേറിയക്കാര്‍ തന്നെയാണ് ചെമ്പും ടിന്നും ചേര്‍ത്ത് കുറച്ചുകൂടി ബലമുള്ള വെങ്കലമെന്ന ലോഹം വികസിപ്പിച്ചത്. പിന്നെയും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം, ബി.സി.ഇ. 1200-ഓടെയാണ് മനുഷ്യര്‍ ഇരുമ്പു കണ്ടെത്തുന്നത്.
സുമേറിയക്കാര്‍ വെങ്കലം കണ്ടെത്തിയതോടെ കൂടുതല്‍ ശക്തമായ ആയുധങ്ങളും മറ്റു വസ്തുക്കളും നിര്‍മിക്കാന്‍ തുടങ്ങി. പലതരം ആഭരണങ്ങള്‍ അവര്‍ ഉണ്ടാക്കിയിരുന്നു. നദികളിലൂടെ വിദേശവ്യാപാരം തകൃതിയായി നടന്നു. ആ വ്യാപാരത്തിന്റെ കണ്ണി ഇങ്ങേയറ്റത്തുള്ള സിന്ധൂ നദീതട സംസ്‌കാരം വരെ നീണ്ടിരുന്നുവെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സിന്ധൂ നദീതട മുദ്രകളും വസ്തുക്കളും മെസപ്പട്ടോമിയന്‍ മേഖലകളില്‍നിന്നും മെസപ്പട്ടോമിയന്‍ മുദ്രകള്‍ സിന്ധൂ നദീതടങ്ങളില്‍നിന്നും കിട്ടിയിട്ടുണ്ട്. രണ്ട് മഹാസംസ്‌കാരങ്ങള്‍ മുഖത്തോടുമുഖം കാണുന്ന മനോഹരമായ ചരിത്രഘട്ടം !
ബി.സി.ഇ. 2300-ല്‍, ഇന്നത്തെ അറേബ്യന്‍ ഭാഗത്തുനിന്നുവന്ന അക്കാഡിയന്‍ ഗോത്രക്കാര്‍ സുമേറിയ കീഴടക്കിയതോടെ സുമേറിയന്‍ നാഗരികതയുടെ അസ്തമയമായി. 2334-ലാണ് അക്കാഡിയന്‍മാരുടെ ശക്തനായ സാര്‍ഗന്‍ ചക്രവര്‍ത്തിയുടെ ഭരണകാലം തുടങ്ങുന്നത്. വലിയൊരു സാമ്രാജ്യമാക്കി ഈ മേഖലയെ അദ്ദേഹം മാറ്റി. രണ്ടു നൂറ്റാണ്ടോളം അക്കാഡിയന്‍മാര്‍ ഭരിച്ചതിന് ശേഷം ബാബിലോണിയക്കാര്‍ ഇവിടം കീഴടക്കി. ബി.സി.ഇ. 1792-ല്‍ ഹമുറാബി ബാബിലോണിയന്‍ ചക്രവര്‍ത്തിയായതോടെയാണ് ഈ സാമ്രാജ്യത്തിന്റെ സുവര്‍ണകാലം തുടങ്ങുന്നത്. ഹമുറാബിയുടെ നിയമങ്ങള്‍ ഇന്നും പ്രശസ്തമാണ്. നീതിപൂര്‍വവും നിഷ്പക്ഷവുമായ ഒരു നിയമസംഹിതയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പക്ഷേ, അത് നടപ്പിലായപ്പോള്‍ അതിക്രൂരമായിപ്പോയി.
ഈ കാലഘട്ടത്തിലാണ് മതങ്ങളുടെ പൂര്‍വരൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. അതായത്, മനുഷ്യവംശം കെട്ടുറപ്പുള്ള നാഗരികജീവിത വ്യവസ്ഥയിലേക്ക് വന്നതിന് ശേഷം മാത്രമാണ് മതങ്ങള്‍ ഉണ്ടാവുന്നത്. മതകഥകളും ഇതിഹാസങ്ങളും രചിക്കപ്പെടാന്‍ തുടങ്ങി. ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്ന ബാബേല്‍ ഗോപുരം നിര്‍മിക്കപ്പെടുന്നതും മനുഷ്യര്‍ പാപികളായാണ് ജനിക്കുന്നതെന്ന സങ്കല്‍പമുണ്ടാവുന്നതുമെല്ലാം ഈ കാലയളവിലാണ്.
സിന്ധൂ നദിക്കരയില്‍ വിടര്‍ന്ന ജീവിതങ്ങള്‍
പാകിസ്താനിലെ സിന്ധിലുള്ള മോണ്ട്‌ഗോമറി ജില്ലയിലുള്ള ഹാരപ്പക്കാര്‍ക്ക് വീടുണ്ടാക്കാന്‍ വലിയ പ്രയാസമില്ലായിരുന്നു. നാട്ടില്‍ എവിടെ കുഴിച്ചാലും ഇഷ്ടിക കിട്ടും. അല്‍പം മണ്ണു മാറ്റിയാല്‍ കാണാം ഇഷ്ടികകളുടെ കൂട്ടം. അതുപയോഗിച്ച് അവര്‍ വീടും ചുറ്റുമതിലുമെല്ലാം പണിതു. പണ്ടുള്ള ഏതോ വലിയ നഗരം ദൈവകോപംകൊണ്ട് നശിച്ചതാണെന്നാണ് അവര്‍ കരുതിയിരുന്നത്. മറ്റൊന്നും ചിന്തിക്കാന്‍ അവര്‍ നിന്നില്ല.

Cyclopedia of India, 1906, page 51, Public Domain,
https://commons.wikimedia.org/w/index.php?curid=76687340
1856-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ലാഹോറില്‍നിന്ന് മുള്‍ട്ടാനിലേക്ക് ഒരു റെയില്‍വേ ലൈന്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു. ആ ലൈനും ഇതേ വഴിയിലൂടെയാണ് കടന്നുപോയത്. അന്നും കിട്ടി ആയിരക്കണക്കിന് ഇഷ്ടികകള്‍. അതെല്ലാം റെയില്‍വേ ലൈനിന്റെ നിര്‍മാണത്തിന് ഉപയോഗിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഇന്ത്യയിലെ പട്ടാള ഉദ്യോഗസ്ഥനായിരുന്ന ചാള്‍സ് മേസണും പിന്നീടുവന്ന അലക്‌സാണ്ടര്‍ കണ്ണിങ്ഹാമും ഈ പ്രദേശം ശ്രദ്ധിച്ചിരുന്നു. കണ്ണിങ്ഹാമിന്റെ അപേക്ഷപ്രകാരം ബ്രിട്ടീഷ് സര്‍ക്കാര്‍ 1861-ല്‍ ഇന്ത്യയിലെ പുരാവസ്തുക്കള്‍ കണ്ടെത്താനും സംരക്ഷിക്കാനുമായി 'ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ' സ്ഥാപിച്ചു. അതിന്റെ ഡയരക്ടറായി കണ്ണിങ്ഹാമിനെത്തന്നെ നിയമിക്കുകയും ചെയ്തു.
ഹാരപ്പ സന്ദര്‍ശിച്ച അദ്ദേഹത്തിന് ചില മുദ്രകളും വസ്തുക്കളും അവിടെനിന്ന് ലഭിച്ചിരുന്നു. 1902-ല്‍ ചരിത്രകാരനായ ജോണ്‍ മാര്‍ഷല്‍ എ.എസ്.ഐയുടെ ചുമതലക്കാരനായി വന്നു. അദ്ദേഹത്തിനു കീഴില്‍ ദയാറാം സാഹ്നിയെന്ന പുരാവസ്തു ഗവേഷകന്റെ നേതൃത്വത്തില്‍ 1920 മുതല്‍ ഹാരപ്പയില്‍ ഖനനവും ഗവേഷണവും നടത്തി. 1921-ല്‍ത്തന്നെ സാഹ്നി ആ മഹാസത്യം തിരിച്ചറിഞ്ഞു, ഇന്ത്യയുടെ ജാതകംതന്നെ തിരുത്തിക്കുറിച്ച സത്യം. അത് വഴിയേ പറയാം.
ഇതേസമയത്ത് ഹാരപ്പയില്‍നിന്ന് 600-ഓളം കിലോ മീറ്റര്‍ അകലെയുള്ള സിന്ധ് പ്രവിശ്യയിലെ മോഹന്‍ജൊ ദാരോയിലും ആര്‍.ഡി. ബാനര്‍ജിയെന്ന പുരാവസ്തുഗവേഷകന്റെ നേതൃത്വത്തില്‍ ഗവേഷണം നടക്കുന്നുണ്ടായിരുന്നു. 1922-ല്‍ അദ്ദേഹവും അവിടെനിന്ന് പുരാതന നഗരങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഏറ്റവും വലിയ കൗതുകം, രണ്ടു പ്രദേശത്തും കണ്ടെത്തിയ മുദ്രകളും വസ്തുക്കളും സമാനമായിരുന്നു എന്നതാണ്. ഈ രണ്ടു പ്രദേശങ്ങളും തമ്മില്‍ അടുത്ത വാണിജ്യബന്ധമുണ്ടായിരുന്നു. 1924-ല്‍ ജോണ്‍ മാര്‍ഷല്‍ ആ അത്ഭുതം ലോകത്തോട് വിളിച്ചുപറഞ്ഞു. മനുഷ്യന്‍ ഗുഹാവാസികളായി ജീവിച്ചിരുന്ന കാലത്ത്, 4500 വര്‍ഷം മുമ്പ് സിന്ധൂ നദിയുടെ തീരത്തുള്ള ഈ രണ്ടിടങ്ങിലും വന്‍ നഗരങ്ങളുണ്ടായിരുന്നുവെന്നും അവിടെ സാമൂഹികമായും സാംസ്‌കാരികമായും വികാസം പ്രാപിച്ച ഒരു ജനത ജീവിച്ചിരുന്നുവെന്നും ഇവര്‍ തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നുമാണ് മാര്‍ഷല്‍ വെളിപ്പെടുത്തിയത്. ആ വെളിപ്പെടുത്തലാണ് ഇന്ത്യയെന്ന രാജ്യത്തെക്കുറിച്ചുണ്ടായിരുന്ന എല്ലാ ധാരണകളും തച്ചുതകര്‍ത്തത്. അതുവരെ ആര്യന്‍മാരുടെ വരവോടെയാണ് ഇന്ത്യയുടെ സാംസ്‌കാരിക -നാഗരിക ചരിത്രം തുടങ്ങുന്നത് എന്നാണ് യൂറോപ്യന്‍മാരും ഇന്ത്യക്കാര്‍പോലും വിശ്വസിച്ചിരുന്നത്. വൈദിക കാലത്തിനും രണ്ടായിരത്തിലേറേ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഇന്ത്യയടക്കമുള്ള മേഖലയില്‍ സമ്പന്നമായ സംസ്‌കാരമുള്ള ഒരു ജനത ജീവിച്ചിരുന്നു എന്ന അറിവിന് മുന്നില്‍ ലോകംപോലും പകച്ചുപോയി. ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, സിന്ധ്, കശ്മീര്‍, ബലൂചിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെല്ലാം പടര്‍ന്നതായിരുന്നു ഈ സംസ്‌കാരം. ഹാരപ്പക്കും മോഹന്‍ജൊ ദാരോക്കും പുറമേ ലോത്തല്‍, കാലിബംഗന്‍, കുന്താശി, കോട്ട് ദിജി, സിസ്വാള്‍ തുടങ്ങി ഒട്ടേറെ നഗരങ്ങളും കണ്ടെടുത്തു.
4500 വര്‍ഷം മുമ്പത്തെ 'പച്ചപ്പരിഷ്‌കാരി'കള്‍
ഇന്നും നമുക്ക് ചിന്തിക്കാന്‍ പോലുമാവാത്ത വിധം പരിഷ്‌കൃതമായ ഒരു നഗരജീവിതം ഇവര്‍ നയിച്ചിരുന്നതിന്റെ തെളിവുകളും അടയാളങ്ങളും ഓരോന്നായി കണ്ടെടുത്തു. ചുട്ട ഇഷ്ടികകള്‍ കൊണ്ടുണ്ടാക്കിയ, പല തട്ടുകളുള്ളതും നാലും അഞ്ചും മുറികളുള്ളതുമായ വീടുകള്‍. അവക്ക് നടുമുറ്റവും കക്കൂസും കുളിമുറിയും അടുക്കളയുമെല്ലാമുണ്ടായിരുന്നു. മോഹന്‍ജൊ ദാരോയില്‍ ഓരോ വീടിനുമുണ്ടായിരുന്നു കിണറുകള്‍. ഹാരപ്പയില്‍ കുറച്ചുവീടുകള്‍ക്ക് പൊതുകിണര്‍ എന്ന നിലയിലാണ് കാണപ്പെട്ടത്. ഇടവഴികള്‍, കൃത്യമായി വിന്യസിക്കപ്പെട്ട തെരുവുകള്‍, ചെത്തുകല്ലുകള്‍ കൊണ്ടുമൂടിയ അഴുക്കുചാലുകള്‍ എന്നിവയെല്ലാം നഗരാസൂത്രണത്തിന്റെ മികവ് ബോധ്യപ്പെടുത്തി. ഇന്നുപോലും നമ്മുടെ രാജ്യത്ത് പ്ലാന്‍ഡ് സിറ്റി എന്നുപറയാവുന്ന നഗരങ്ങള്‍ കുറവാണ് എന്നോര്‍ക്കണം.
'ഗ്രേറ്റ് ബാത്ത്' എന്നറിയപ്പെടുന്ന കുളം പടവുകള്‍ കൊണ്ട് ചുറ്റപ്പെട്ടതായിരുന്നു. കണ്ടെത്തിയ ആയുധങ്ങളൊന്നും യുദ്ധങ്ങള്‍ക്ക് പറ്റിയതായിരുന്നില്ല. യുദ്ധമില്ലാത്ത കാലത്തിന്റെ തെളിവായിരുന്നു അത്. നെല്‍കൃഷി ചെയ്തതിന്റെ തെളിവൊന്നും ലഭിച്ചിരുന്നില്ലെങ്കിലും ഗുജറാത്തിലെ ലോത്തല്‍,രംഗ്പുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ലഭിച്ച കളിമണ്‍പാത്രങ്ങളില്‍നിന്ന് നെല്ലിന്റെ ഉമി കിട്ടിയിട്ടുണ്ട്. നായ, പൂച്ച, പോത്ത്, ആട്, കോഴി എന്നിവയെയൊക്കെ വളര്‍ത്തിയിരുന്നതായും തെളിഞ്ഞു. മെസപ്പട്ടോമിയക്കാരുടേതുപോലുള്ള ശവസംസ്‌കാര രീതികള്‍ ഇവിടെയും കണ്ടിരുന്നു. പരലോകവിശ്വാസമുള്ള ജനതയായിരുന്നുവെന്ന് കരുതാം. മെസപ്പട്ടോമിയക്കാര്‍ സിന്ധൂ നദീതടസംസ്‌കാരക്കാരെ 'മെലൂഹ' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇന്ന് രാജ്യത്തിന്റെ പേരിനെച്ചൊല്ലി തര്‍ക്കം നടക്കുമ്പോള്‍ ഈ പേരുകൂടി ഓര്‍മിക്കാം. അമിഷ് ത്രിപാഠി തന്റെ നോവല്‍ത്രയത്തിന്റെ ആദ്യഘട്ടത്തിന് ഭൂമികയാക്കിയത് മെലൂഹയെയാണ്.

By Saqib Qayyum - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=31519718
ക്ഷേത്രങ്ങളോ പ്രതിഷ്ഠകളോ ഇവിടെനിന്ന് ലഭിച്ചിരുന്നില്ല. മദര്‍ ഗോഡ്, സൂര്യന്‍, മൃഗങ്ങള്‍ എന്നിവയെ ആരാധിച്ചിരുന്നതായി സൂചനയുണ്ട്. 'പശുപതി ശിവ' എന്ന് ഇന്നറിയപ്പെടുന്ന ഒരു ശില്‍പം കിട്ടിയിരുന്നെങ്കിലും അത് രാജാവിന്റേതാകാമെന്ന് പറയുന്നു. രാജാവോ പുരോഹിതനോ എന്ന് നിശ്ചയമില്ലാത്ത മറ്റൊരു തലയുടെ ശില്‍പംകൂടി കിട്ടിയിട്ടുണ്ട്. 'ഡാന്‍സിങ് ഗേള്‍' എന്ന ഒരു നര്‍ത്തകിയുടെ പ്രതിമ അന്നുള്ളവര്‍ സംഗീതം, നൃത്തം എന്നിവക്ക് നല്‍കിയിരുന്ന പ്രാധാന്യം വെളിപ്പെടുത്തുന്നവയാണ്.
അപ്പോള്‍ ആരാണ് ഇന്ത്യക്കാര്‍?
സിന്ധൂ നദീതട സംസ്‌കാരത്തെ തിരിച്ചറിഞ്ഞതോടെ ഇന്ത്യയടങ്ങുന്ന ഭൂവിഭാഗത്തിന്റെ ചരിത്രം ആയിരക്കണക്കിന് വര്‍ഷമാണ് പിന്നോട്ടോടിയത്. ആര്യന്‍മാരുടെ വരവിനും മുമ്പുണ്ടായിരുന്ന ജനതയെക്കുറിച്ചും ഇന്ത്യക്കാരുടെ പൂര്‍വികരെക്കുറിച്ചുമൊക്കെ പിന്നീടും പഠനം നടന്നു. അമേരിക്കന്‍ ജനിതക ഗവേഷകനായ ഡേവിഡ് റെയ്ക്ന്റെ നേതൃത്വത്തില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നടത്തിയ പഠനപ്രകാരം ആധുനിക ഭാരതത്തിലെ ജനങ്ങളുണ്ടായത് രണ്ടു വിഭാഗങ്ങള്‍ കൂടിച്ചേര്‍ന്നാണെന്ന് തെളിഞ്ഞു. ആന്‍സിസ്ട്രല്‍ നോര്‍ത്ത് ഇന്ത്യന്‍സ്(എ.എന്‍.ഐ.), ആന്‍സിസ്ട്രല്‍ സൗത്ത് ഇന്ത്യന്‍സ് (എ.എസ്.ഐ)എന്നിവയാണവ. 523 പഴയ ഡി.എന്‍.എകള്‍ സ്വീക്കന്‍സ് ചെയ്താണ് ഈ പഠനം നടത്തിയത്. 2019-ലെ നേച്ചര്‍ മാഗസിനില്‍ 'Recunstructing the population history of india' എന്ന പേരില്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു.
എ.എന്‍.ഐ. എന്നുപറയുന്നത് യൂറോപ്യന്‍മാരുമായും ഇറാന്‍കാരുമായും ബന്ധമുള്ളവരാണ്. ഇക്കൂട്ടത്തില്‍നിന്ന് ഇതിലൊന്നും പെടാത്ത മറ്റു ചില ഡി.എന്‍.എകള്‍ കൂടി കണ്ടെത്തി. അതിലൊന്ന് സ്റ്റെപ്പി അനുബന്ധ പരമ്പരയുടേതായിരുന്നു. യൂറോപ്യന്‍ സ്റ്റെപ്പി എന്നത് ചൈന മുതല്‍ ഹംഗറി വരെ വ്യാപിച്ചുകിടന്ന പ്രദേശമാണ്. മറ്റൊരു പതിനൊന്നു പേരില്‍ കൂടുതലായുണ്ടായിരുന്നത് ആന്‍ഡമാനിലെ വേട്ടയാടി ജീവിച്ച വിഭാഗവുമായി ബന്ധപ്പെട്ട ഡി.എന്‍.എ ആയിരുന്നു. ചുരുക്കംപറഞ്ഞാല്‍ ആധുനിക ഇന്ത്യക്കാരില്‍ എ.എന്‍.ഐ ക്കാര്‍ ഇന്‍ഡസ് വാലി വിഭാഗക്കാരും സ്റ്റെപ്പി വിഭാഗക്കാരും കലര്‍ന്നതും എ.എസ്.ഐക്കാര്‍ ആഫ്രിക്കയില്‍നിന്ന് ഇന്ത്യയില്‍ ആദ്യം വന്നവരും പിന്നീട് വന്നവരും തമ്മില്‍ കലര്‍ന്നതുമാണ്. കലര്‍പ്പില്ലാത്ത രക്തമുള്ള ഒരാള്‍പോലും നമ്മുടെ രാജ്യത്തില്ലെന്നര്‍ഥം. യൂറോപ്യന്‍ ഭാഷകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് സ്റ്റെപ്പി അനുബന്ധ വംശക്കാരായ ആര്യന്‍മാരാണെന്നും ഈ ഭാഷ സംസാരിക്കുന്നവരില്‍ ഏറ്റവുമധികം സ്റ്റെപ്പി പാരമ്പര്യമുള്ളത് ബ്രാഹ്‌മണര്‍ക്കാണെന്നും പഠനത്തില്‍ പറയുന്നുണ്ട്.
Content Highlights: Nammalngane nammalayi column,vimal kottakkal, mesappotomia, harappa,sindu valley civilisation,socia
Published: 28 Sept 2023, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented