''യുദ്ധംകഴിഞ്ഞു, കബന്ധങ്ങള്‍
 ഉന്മാദ
നൃത്തം ചവിട്ടി രണാങ്കണം
രക്തമൊഴുകി തളംകെട്ടിനിന്ന
മണ്‍മെത്തയില്‍ കാല്‍തെറ്റിവീണൂ നിഴലുകള്‍..''

(വയലാര്‍-രാവണപുത്രി)

To advertise here,

നടു വളച്ച്, വാലും രോമങ്ങളുമുയര്‍ത്തി, പോരിനൊരുങ്ങിനില്‍ക്കുന്ന പൂച്ചകളെ കണ്ടിട്ടില്ലേ..?  കോമ്പല്ലുകള്‍ പുറത്തുകാട്ടി, മുരള്‍ച്ചയോടെ കുതിക്കാന്‍ വെമ്പുന്ന നായ്ക്കളെയോ? ഏറ്റുമുട്ടലിന് തയ്യാറെടുക്കുമ്പോള്‍ ജീവികളില്‍ സംഭവിക്കുന്ന സ്വാഭാവികമായ ശാരീരിക പ്രക്രിയകളാണിവ. താന്‍ ഒരു ഏറ്റുമുട്ടലിന് തയ്യാറാണെന്ന് പ്രതിയോഗിക്ക് മുന്നറിയിപ്പു നല്‍കുകയാണ് ലക്ഷ്യം. പ്രതിയോഗിയെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞാല്‍ ഒരു ഏറ്റുമുട്ടല്‍ ഇല്ലാതെത്തന്നെ അധികാരം സ്ഥാപിക്കാം. മൃഗങ്ങളുടെ ഒരു പൊതുസ്വഭാവമാണിത്.

ഇനി പോരാട്ടം തുടങ്ങിയാലോ, ദുര്‍ബലന്‍ കീഴടങ്ങുന്നതോടെയോ അതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതോടെയോ അതവസാനിക്കും. പ്രതിയോഗിയെ കൊല്ലാനുള്ള പ്രവണത പൊതുവെ മൃഗങ്ങള്‍ കാണിക്കാറില്ല. ആധിപത്യം അംഗീകരിക്കുകയേ വേണ്ടൂ. വയറുനിറച്ച് ഭക്ഷണം കഴിച്ചു കിടക്കുന്ന ഒരു സിംഹത്തിനരികിലൂടെ ഒരു മാന്‍പേടക്ക് ധൈര്യമായി നടന്നുപോകാം എന്ന് പറയാറുണ്ട്. എന്നാല്‍ മനുഷ്യരോ...? നമ്മള്‍ നടത്തിയ യുദ്ധങ്ങള്‍ക്ക് വല്ല കണക്കുമുണ്ടോ ?  നശിപ്പിച്ച ജീവനുകള്‍ക്കും ജീവിതങ്ങള്‍ക്കും കണക്കുണ്ടോ. ഇന്നും നമ്മുടെ യുദ്ധക്കൊതികൊണ്ട് അനാഥമാക്കപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ കരച്ചിലാണ് ചുറ്റും. ഭക്ഷണത്തിന് വേണ്ടി ഒരു യുദ്ധവും നമ്മള്‍ ഇതുവരെ നടത്തിയിട്ടില്ല. നമ്മളെന്താണിങ്ങനെ..? പ്രശസ്ത നരവംശ ശാസ്ത്രജ്ഞന്‍ ഡോ.ഡെസ്മണ്ട് മോറിസ് തന്റെ 'ദി നേക്കഡ് ഏപ്പ്' എന്ന ഗ്രന്ഥത്തില്‍ പറയുന്ന ഒരു കാര്യമുണ്ട്. ജന്തുക്കള്‍ തമ്മില്‍ പൊരുതുന്നത് ഒരു സമൂഹത്തില്‍ തങ്ങള്‍ക്ക് മേധാവിത്വം ലഭിക്കാനോ അല്ലെങ്കില്‍ ഒരു നിശ്ചിതമേഖലയില്‍ തങ്ങള്‍ക്ക് അവകാശം ലഭിക്കാനോ ആണ്.  ചില ജീവികള്‍ ഈ രണ്ടുകാര്യത്തിനു വേണ്ടിയും ഏറ്റുമുട്ടും. മനുഷ്യന്‍ ഈ വിഭാഗത്തിലാണ് പെടുന്നതെന്ന് മോറിസ് പറയുന്നു. അതായത്, അടിസ്ഥാനാവശ്യമായ ഭക്ഷണത്തിനു വേണ്ടിയല്ല, അധികാരത്തിനും മേധാവിത്തത്തിനും വേണ്ടിയാണ് മനുഷ്യന്‍ ഇക്കണ്ട യുദ്ധമെല്ലാം ചെയ്തുകൂട്ടിയത്. യുദ്ധത്തിനോടും പിടിച്ചടക്കലിനോടുമുള്ള മനുഷ്യന്റെ ആര്‍ത്തിക്ക് പരിണാമപരമായ വിശദീകരണമുണ്ടെന്ന് സാരം.

placeholder
ദി നേക്കഡ് ഏപ്പ് എന്ന ​ഗ്രന്ഥം

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

കഥകളിലെ യുദ്ധങ്ങള്‍

മനുഷ്യന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് അവര്‍ക്കിടയിലുള്ള ഏറ്റുമുട്ടലുകള്‍ക്കും. അവനുണ്ടാക്കിയ കഥകളിലും അടിമുടി അടിപിടിയും യുദ്ധവും കൊലകളുമാണ്. ഗോത്രങ്ങളെ നന്മയുടേയും തിന്മയുടേയും പ്രതീകമാക്കി തിരിച്ചുള്ള യുദ്ധങ്ങളുടെ കഥകളാണ് നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും വര്‍ണിച്ചിട്ടുള്ളത്. ഏത് ഗോത്രത്തിനാണോ പില്‍ക്കാലത്ത് മേല്‍ക്കൈയുണ്ടാവുന്നത്, അവരുണ്ടാക്കുന്ന കഥകളില്‍ അവര്‍ നായകരും മറ്റുള്ളവര്‍ വില്ലന്‍മാരുമാവും. ദേവന്മാരും അസുരന്മാരുമുണ്ടാവുന്നത് അങ്ങനെയാണ്. ആരാണ് ശരി എന്നു തീരുമാനിക്കുന്നത്, നിങ്ങള്‍ ആരുടെ ഭാഗത്തുനില്‍ക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. പുരാണേതിഹാസങ്ങളിലെ പ്രധാനയുദ്ധങ്ങളെല്ലാം സഹോദരങ്ങള്‍ തമ്മിലോ ബന്ധുക്കള്‍ തമ്മിലോ ആണ് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. കുരുക്ഷേത്രയുദ്ധത്തിന്റെ പശ്ചാത്തലം നോക്കൂ. ഒരു ഭാഗത്ത് പാണ്ഡുവിന്റേതല്ലാത്ത മക്കള്‍ പാണ്ഡവരെന്ന പേരില്‍ രാജ്യത്തിന്റെ അവകാശം ചോദിക്കുന്നു. മറുഭാഗത്ത് സൂചികുത്താന്‍ പോലും സ്ഥലം നല്‍കില്ലെന്ന് സഹോദരങ്ങള്‍ വാശിപിടിക്കുന്നു. അടിസ്ഥാനപരമായി സാമ്രാജ്യത്വമോഹം തന്നെയാണ് ഇവിടേയും യുദ്ധമുണ്ടാക്കിയത്. ദൈവങ്ങള്‍ തമ്മില്‍ നടത്തുന്ന യുദ്ധമുണ്ട്. മനുഷ്യരുടെ യുദ്ധത്തില്‍ ദൈവങ്ങള്‍ ഇടപെടുന്ന കഥകളും കാണാം. ''കൊല്ലിക്കയത്രെ നിനക്ക്  രസമെടോ'' എന്ന് ഗാന്ധാരി ശ്രീകൃഷ്ണനെ കുറ്റപ്പെടുത്തിയത് ഇത്തരമൊരു സന്ദര്‍ഭത്തിലാണ്.

placeholder
യുദ്ധത്തിനിടെ ടാങ്കുകള്‍ | Photo: AFP

സിമിറ്റിക്‌ മതങ്ങളുടെ ഉത്ഭവത്തെക്കുറിച്ചു പറയുന്നിടത്തുതന്നെ അക്രമം കയറിവരുന്നുണ്ട്, അതും സഹോദരങ്ങള്‍ തമ്മില്‍ത്തന്നെ. ആദ്യ മനുഷ്യനെന്ന് അവര്‍ വിശ്വസിക്കുന്ന ആദമിനും ഭാര്യ ഹവ്വക്കും രണ്ട് മക്കളായിരുന്നു. മൂത്തമകന്‍ കായേനും ഇളയവന്‍ ആബേലും. കൃഷിക്കാരനായ കായേന്‍ ദൈവപ്രീതിക്കായി തന്റെ വിളയിലെ ഒരുഭാഗം ദൈവത്തിന് സമര്‍പ്പിച്ചു. ഇടയനായിരുന്ന ആബേല്‍ ഇളയ ആടിന്റെ കൊഴുപ്പുള്ള മാംസം നല്‍കി. മാംസപ്രിയനായ ദൈവത്തിന് സ്വാഭാവികമായും ആബേലിനോടായി കൂടുതല്‍ പ്രിയം. ഇത് കായേനില്‍ പ്രതികാരദാഹമുണ്ടാക്കുകയും സഹോദരനായ ആബേലിനെ വയലിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയും ചെയ്തു. ആദ്യത്തെ കൊല ആദ്യത്തെ മനുഷ്യന്റെ മക്കള്‍ തമ്മില്‍, അതും ദൈവത്തിന്റെ പേരില്‍!

placeholder
യുദ്ധം ചിത്രകാരന്റെ ഭാവനയില്‍ | Photo: twitter.com/ThisDayInWWI

ചരിത്രത്തിലെ ആദ്യ യുദ്ധം

മനുഷ്യന്റെ ചരിത്രം യുദ്ധങ്ങളുടെകൂടി ചരിത്രമാണെന്നത് ഒരു വെറും അലങ്കാരപ്രയോഗമല്ല, അക്ഷരാര്‍ഥത്തില്‍ സത്യമാണ്. ചെറുതും വലുതുമായ നൂറുകണക്കിന് യുദ്ധങ്ങളാണ് ഹോമോസാപിയന്‍മാര്‍ നടത്തിയത്. ഒന്നും നേടാനാവാത്ത, പലതും നഷ്ടപ്പെടുത്തുക മാത്രം ചെയ്ത യുദ്ധങ്ങള്‍. ഗോത്രയുദ്ധങ്ങള്‍ മുതല്‍ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ വരെ. രാജ്യങ്ങള്‍ക്കുള്ളിലുള്ളത് വേറെയുമുണ്ട്. രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ യുദ്ധമായി ചരിത്രകാരന്‍മാര്‍ പറയുന്നത് മെസപ്പട്ടോമിയയില്‍ 2600 ബി.സി.ഇയില്‍ നടന്ന 'സുമര്‍- ഏലം' യുദ്ധമാണ്. ഇന്നത്തെ ഇറാന്‍, ഇറാഖ് മേഖലയിലാണ് ആ യുദ്ധം നടന്നത്. ബാബിലോണിയയിലെ കിഷ് എന്ന സ്ഥലത്തെ സുമേറിയന്‍ രാജാവായ എന്‍മെബറേസിയുടെ നേതൃത്വത്തില്‍ ഏലം എന്ന മേഖലയെ ആക്രമിക്കുകയായിരുന്നു. ചില ലിഖിതങ്ങളില്‍ നിന്നാണ് ഈ യുദ്ധത്തിന്റെ കഥകള്‍ കുറച്ചെങ്കിലും മനസ്സിലാക്കാനായത്. ബി.സി.ഇ 15-ാം നൂറ്റാണ്ടില്‍ നടന്ന 'മെഗിദ്ദോ' യുദ്ധമാണ് വിശദമായ രേഖയുള്ള മറ്റൊരു യുദ്ധം.  ഈജിപ്ഷ്യന്‍ ഫറവോ ആയിരുന്ന തുത്‌മോസ് മൂന്നാമന്റെ നേതൃത്വത്തിലുള്ള ഈജിപ്ത് സംഘവും കാനാന്യ മേഖലയെ നയിച്ച കാദേശ് രാജാവും തമ്മിലായിരുന്നു ആ യുദ്ധം.

യുദ്ധത്തിന്റെ വിശദാംശങ്ങളെല്ലാം ഈജിപ്ത് സൈനിക എഴുത്തുകാരനായ ടിജനേനിയില്‍ നിന്നാണ് നമുക്ക് ലഭിക്കുന്നത്. 'ഹാച്ചെസോട്ട് ' എന്ന വനിതാ ഫറവോ ബി.സി.ഇ 1548 ല്‍ മരിച്ചതിന് ശേഷമാണ് തുത്മോസ് മൂന്നാമന്‍ ഈജിപ്തിന്റെ ഭരണമേറ്റെടുക്കുന്നത്. അന്ന് അദ്ദേഹത്തിന് പ്രായം വളരെ കുറവായിരുന്നു. പല തവണ ഈജിപ്ത് പിടിച്ചടക്കാന്‍ ആഗ്രഹിച്ച കാദേശ് രാജാവിന് ഇതൊരു നല്ല അവസരമായി തോന്നി. അങ്ങനെയാണ്  ചുറ്റുമുള്ള മറ്റു ചെറുരാജ്യങ്ങളെക്കൂടി കൂട്ടുപിടിച്ച് സൈന്യമുണ്ടാക്കിയത്. ഇതറിഞ്ഞ തുത്മോസ് വന്‍ സൈന്യവുമായി അങ്ങോട്ടു ചെന്നു. നല്ല ബലമുള്ള രഥങ്ങളും മൃഗങ്ങളുടെ അസ്ഥികളും പേശികളും മറ്റുമുപയോഗിച്ചുള്ള കോംബോസിറ്റ് വില്ലുകളുമെല്ലാമുള്ള ഈജിപ്ഷ്യന്‍ സൈന്യത്തോട് ഏറ്റുമുട്ടാനാവാതെ കാനാന്യരുടെ സൈന്യം കുന്നിന്‍മുകളിലുള്ള മെഗിദ്ദോ നഗരത്തിലേക്ക് ഓടിപ്പോയി. അവിടേക്കു ചെന്ന് കനാന്യ സൈന്യത്തെ തോല്‍പിച്ച് ഈജിപ്ത് വിജയികളായി എന്നാണ് രേഖ. മൂന്നുമുതല്‍ ഏഴുമാസംവരെ ഈ യുദ്ധം നീണ്ടുവെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. തുത്മോസ് മൂന്നാമന്‍ തന്റെ സൈനിക നേട്ടങ്ങള്‍ കര്‍ണാക്കിലെ ക്ഷേത്രച്ചുമരില്‍ വിശദമായി രേഖപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചതിനാലാണ് ഇത്തരംവിവരങ്ങള്‍ നമുക്ക് ലഭ്യമായത്.

ഇസ്ലാമിലെ യുദ്ധങ്ങള്‍...

അറേബ്യയിലും ഗോത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവായിരുന്നു. ഇസ്ലാമിന്റെ ആവിര്‍ഭാവത്തോടെ ഒരുഭാഗത്ത് ഇസ്ലാമിക സമൂഹമായി. പ്രവാചകന്‍ മുഹമ്മദ് നബി നേരിട്ടുപങ്കെടുത്ത 27 യുദ്ധങ്ങളുണ്ടെന്ന് ഇസ്ലാമിക ചരിത്രം പറയുന്നു. 'ഗസ് വത്' എന്നാണ് ഇവയെ പറയുന്നത്. നേരിട്ടല്ലാതെ നടത്തിയ അമ്പതോളം യുദ്ധങ്ങളുമുണ്ട്, ഇവയ്ക്ക് 'സരിയ്യത്ത്' എന്നുപറയും. മറ്റു സൈനിക നീക്കങ്ങള്‍ വേറേയുമുണ്ട്. ഇസ്ലാമിന്റെ ചരിത്രത്തിലെ ആദ്യയുദ്ധം ബദര്‍ ആണ്.  സി.ഇ 624 ല്‍ ഖുറൈശികളുമായി ബദര്‍ എന്ന സ്ഥലത്തുനടന്നതാണ് ആ യുദ്ധം. ബദര്‍യുദ്ധത്തില്‍ ദൈവം മലക്കുകളെ ഇറക്കിയെന്നാണ് വിശ്വാസം. ഇബ്ലീസ് കിനാന ഗോത്രത്തലവനായ സുറാഖത്ത് ബ്‌നു മാലിക്കിന്റെ വേഷത്തില്‍ ഓടിരക്ഷപ്പെട്ടുവെന്ന് അവര്‍ കരുതുന്നു.

സി.ഇ 625 ല്‍ മദീനക്കടുത്ത് ഉഹദ് പര്‍വതത്താഴ്വരയില്‍ അബൂസൂഫിയാന്റെ നേതൃത്വത്തിലുള്ള ഖുറൈശികളുമായി അടുത്ത യുദ്ധം നടന്നു. പിന്നീട് ഖന്തക്, ഖൈബര്‍, മുഅത, മക്കം ഫത്ഹ്, സാവിഖ് തുടങ്ങി അസംഖ്യം യുദ്ധങ്ങളുണ്ടായി. പലതിലും ഖുറൈശികളും റോമാക്കാരുമൊക്കെയായിരുന്നു എതിരാളികള്‍. പല യുദ്ധങ്ങളും ഏകപക്ഷീയമായ ആക്രമണങ്ങളും കൊള്ളകളുമായിരുന്നെന്ന് വിമര്‍ശകര്‍ ആരോപിക്കുമ്പോള്‍ അതെല്ലാം പ്രതിരോധമായിരുന്നുവെന്ന് വിശ്വാസികള്‍ പറയുന്നു. ഈ യുദ്ധങ്ങളിലെല്ലാം കൂടി  1018 മരണമേ ഉണ്ടായിട്ടുള്ളൂ എന്നാണ് ഇസ്ലാമിക പണ്ഡിതന്‍മാര്‍ പറയുന്നത്. നബി പങ്കെടുത്ത അവസാനത്തെ യുദ്ധം സി.ഇ. 630 ല്‍ കിഴക്കന്‍ റോമാ സാമ്രാജ്യത്തിനെതിരേ നടന്ന തബൂക്ക് യുദ്ധമാണ്.

placeholder
കുരിശുയുദ്ധം | Photo: Wiki/ചെയ്തത് Jean Colombe - Adam Bishop, copied from http://en.wikipedia.org/, പൊതുസഞ്ചയം, https://commons.wikimedia.org/w/index.php?curid=1593588

കുരിശുയുദ്ധങ്ങള്‍ മൂന്നെണ്ണം....

മതം അതിന്റെ എല്ലാ ദംഷ്ട്രകളും പുറത്തിട്ട് സംഹാരതാണ്ഡവം നടത്തിയ യുദ്ധങ്ങളാണ് മൂന്ന് കുരിശുയുദ്ധങ്ങള്‍. ക്രിസ്ത്യാനികളും മുസ്ലിങ്ങളും തമ്മില്‍ മൂന്നുഘട്ടമായി നടന്ന യുദ്ധമാണത്. 1095-ലാണ് ആദ്യത്തെ കുരിശുയുദ്ധം തുടങ്ങുന്നത്. അത് പ്രഖ്യാപിക്കുന്നത് അര്‍ബന്‍ രണ്ടാമന്‍ മാര്‍പ്പാപ്പയാണ് എന്നതാണ് പ്രത്യേകത. മതം തന്നെ അടിസ്ഥാനകാരണം. അലക്‌സിയന്‍ ചക്രവര്‍ത്തിയെക്കൊണ്ടാണ് അദ്ദേഹം യുദ്ധം നയിപ്പിച്ചത്. ദൈവദത്തമായ ജറുസലേം മുസ്ലിങ്ങളില്‍ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യവുമായായിരുന്നു  പടപ്പുറപ്പാട്. സെല്‍ജൂക്കിലേയും തുര്‍ക്കിയിലേയും ഭരണാധികാരിയായിരുന്ന ഖുനിയയുടെ സൈന്യത്തെ തോല്‍പ്പിച്ച് കുരിശു സൈന്യം ജെറുസലേം പിടിച്ചെടുത്തു. അവിടെയുള്ള മുസ്ലിങ്ങളെ കൂട്ടക്കൊല നടത്തുകയും ചെയ്തു.

രണ്ടാം കുരിശുയുദ്ധം തുടങ്ങുന്നത്  1147 ലാണ്. 'പ്രഭുക്കന്‍മാരുടെ യുദ്ധം' എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്. ഒന്നാം യുദ്ധത്തിനു ശേഷം സ്ഥാപിച്ച ഒഡേസ എന്ന രാജ്യം ഇമാമുദ്ദീന്‍ സങ്കിയുടെ നേതൃത്വത്തില്‍ മുസ്ലിങ്ങള്‍ പിടിച്ചെടുത്തിരുന്നു. ജര്‍മന്‍,ഫ്രഞ്ച് രാജാക്കന്‍മാരുടെ പിന്തുണയോടെ രണ്ട് വ്യൂഹങ്ങളായാണ് കുരിശു സൈന്യം പടനയിച്ചത്. യുജീനിയസിന്‍ മൂന്നാമന്‍ പോപ്പിന്റെ ആശിര്‍വാദത്തോടെ നടന്ന യുദ്ധം 1149 ലാണ് കലാശിച്ചത്. ഇമാമുദ്ദീന്‍ സങ്കിയും മകന്‍ നൂറുദ്ദീന്‍ സങ്കിയും നയിച്ച മുസ്ലിം സൈന്യത്തിനായിരുന്നു അന്തിമവിജയം.

1189 ലാണ് മൂന്നാം കുരിശുയുദ്ധം തുടങ്ങുന്നത്. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലെ രാജാക്കന്‍മാരുടെ പിന്തുണയോടെയായിരുന്നു ക്രൈസ്തവ സൈന്യത്തിന്റെ പടപ്പുറപ്പാട്. ഇസ്ലാമിന്റെ നേതാവായി സലാഹുദ്ദീന്‍ അയൂബി ഉയര്‍ന്നുവന്നു. നേരത്തേ നടന്ന രണ്ട് യുദ്ധങ്ങള്‍ പോലെയായിരുന്നില്ല, ക്രിസ്ത്യന്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് അയൂബി ജറുസലേം പിടിച്ചെടുത്തു. ഈ വാര്‍ത്ത കേട്ട്  പോപ്പ് അര്‍ബന്‍ മൂന്നാമന്‍ ഹൃദയാഘാതം വന്നു മരിച്ചത്രെ. അടുത്ത പോപ്പ് ജോര്‍ജ്ജ് എട്ടാമനാണ് 1187 ഒക്ടോബര്‍ 29 ന് മൂന്നാം കുരിശുയുദ്ധത്തിന് ആഹ്വാനം ചെയ്തത്.

placeholder
പെക്വോട്ട് യുദ്ധം, ചിത്രകാരന്റെ ഭാവനയില്‍ | Photo: Wiki/By Library of Congress, Public Domain, https://commons.wikimedia.org/w/index.php?curid=473233

തലങ്ങും വിലങ്ങും യുദ്ധങ്ങള്‍...

അവിടെനിന്നിങ്ങോട്ട് മനുഷ്യര്‍ നടത്തിയ ചെറുതും വലുതുമായ യുദ്ധങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായി. അതില്‍ എടുത്തുപറയാവുന്ന ചില യുദ്ധങ്ങളെക്കുറിച്ചു മാത്രം പറയാം. 1337 നും 1453 നുമിടയ്ക്ക് ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ നടന്ന യുദ്ധമാണ് നൂറ്റാണ്ടുയുദ്ധമെന്ന് അറിയപ്പെടുന്നത്.  116 വര്‍ഷം ഈ യുദ്ധം നീണ്ടു. ഇതിനിടയില്‍ സമാധാനകാലവുമുണ്ടായിരുന്നു. ഫ്രാന്‍സിന്റെ യുദ്ധനായികയായ ജോണ്‍ ഓഫ് ആര്‍ക്കിന്റെ യുദ്ധപാടവും വാഴ്ത്തപ്പെടുന്നത് ഈ യുദ്ധത്തിലാണ്. നായകരില്ലാത്ത അവസ്ഥയിലെത്തിയ ഫ്രഞ്ച് സൈന്യത്തെ ആണ്‍വേഷം കെട്ടിയാണ് അവര്‍ നയിച്ചത്. കര്‍ഷകകുടുംബത്തില്‍ ജനിച്ച അവള്‍ ദൈവത്തിന്റെ വെളിപാടുണ്ടെന്ന അവകാശവാദവുമായാണ് പോരാളിയാവാനെത്തിയത്. ആദ്യഘട്ടത്തില്‍ ഫ്രഞ്ച് രാജാവ് അവളെ അവഗണിച്ചെങ്കിലും പിന്നീട് ചില പ്രവചനങ്ങളുടെയൊക്കെ പേരില്‍ വിശ്വാസത്തിലെടുത്തു. പലപ്പോഴും സൈന്യത്തെ വിജയത്തിലേക്ക് നയിച്ചു. എന്നാല്‍ അവസാനം ദുരന്തമായിരുന്നു. ബര്‍ഗണ്ടിയന്‍ സൈന്യത്തിന്റെ കൈയിലകപ്പെട്ട അവളെ ഇംഗ്ലീഷുകാര്‍ക്ക് കൈമാറുകയും അവര്‍ ആണ്‍വേഷം കെട്ടിയ ദുര്‍മന്ത്രവാദിനിയെന്നാരോപിച്ച് ചുട്ടുകൊല്ലുകയുമാണ് ചെയ്തത്. പില്‍ക്കാലത്ത് ജോണിനെ ബനഡിക്ട് പതിനഞ്ചാമന്‍ മാര്‍പ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. പിന്നീട് പെക്വോട്ട് യുദ്ധം, ഇംഗ്ലീഷ് സിവില്‍ യുദ്ധം, അമേരിക്കന്‍ വിപ്ലവം, ഫ്രഞ്ച് വിപ്ലവം, അമേരിക്ക-മെക്‌സിക്കന്‍ യുദ്ധം, സ്പാനിഷ് -അമേരിക്കന്‍ യുദ്ധം, കൊറിയന്‍ യുദ്ധം, വിയറ്റ്‌നാം യുദ്ധം, ഗള്‍ഫ് യുദ്ധം...അങ്ങനെ അസംഖ്യം യുദ്ധങ്ങള്‍ നടന്നു.

ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍...

യുദ്ധങ്ങളെ എന്തിന്റെ പേരിലായാലും 'മഹാ' യുദ്ധമെന്നൊക്കെ വിശേഷിപ്പിക്കുന്നത് ചരിത്രത്തോടും മനുഷ്യകുലത്തോടും ചെയ്യുന്ന അനീതിയാണ്. ലോകരാഷ്ട്രങ്ങള്‍ രണ്ടു ചേരിയായി തിരിഞ്ഞു നടത്തിയ ആദ്യത്തെ യുദ്ധമാണ് ഒന്നാം ലോകയുദ്ധം. ഓസ്ട്രിയ ഹംഗറിയുടെ യുവരാജാവായിരുന്ന ആര്‍ച്ച് ഡ്യൂക്ക് ഫ്രാന്‍സിസ് ഫെര്‍ഡിനാന്‍ഡിനെയും ഭാര്യയേയും വെടിവെച്ചുകൊന്നതാണ് യുദ്ധത്തിന്റെ പ്രധാന കാരണം. സരാജെവോയിലെ ഒരു യൂഗോസ്ലാവിയന്‍ ദേശീയവാദിയായിരുന്ന ഗവറില്ലോ പ്രിന്‍സിപ്പാണ് കൊലയാളി.  ഓസ്ട്രിയയില്‍ നിന്ന് ബോസ്‌നിയയെ മോചിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നയാളായിരുന്നു ഗവറില്ലോ. ഈ കൊലയില്‍ സെര്‍ബിയക്കും പങ്കുണ്ടെന്നാരോപിച്ച് ഓസ്ട്രിയ 1914 ജൂലായ് 28 ന് സെര്‍ബിയയോട് യുദ്ധം പ്രഖ്യാപിച്ചു. അന്നു മുതല്‍ 1918 നവംബര്‍ 11 വരെ നീണ്ട യുദ്ധത്തില്‍ അമേരിക്ക, ഫ്രാന്‍സ്,റഷ്യ,ബ്രിട്ടന്‍,ഇറ്റലി, എന്നീരാജ്യങ്ങളുടെ സഖ്യകക്ഷികള്‍ ഒരു ഭാഗത്തും കേന്ദ്രീയ ശക്തികളെന്നറിയപ്പെട്ട ജര്‍മനി, ഓസ്ട്രിയ ഹംഗറി, ബള്‍ഗേറിയ, ഒട്ടോമന്‍ സാമ്രാജ്യം, എന്നിവര്‍ മറുഭാഗത്തും നിലയുറപ്പിച്ചു. 90 ലക്ഷത്തോളം ഭടന്‍മാരും 70 ലക്ഷത്തോളം സാധാരണജനങ്ങളും ഈ യുദ്ധത്തില്‍ മരിച്ചുവെന്നാണ് കണക്ക്. ഈ യുദ്ധത്തോടെ അന്നുണ്ടായിരുന്ന പ്രധാനപ്പെട്ട നാലുസാമ്രാജ്യങ്ങള്‍ ഏറെക്കുറേ ഇല്ലാതായി. ഓട്ടോമന്‍, ഓസ്ട്രിയ-ഹംഗറി, ജര്‍മനി,റഷ്യ എന്നിവയാണവ. വെഴ്‌സായി ഉടമ്പടി ഒപ്പുവെച്ചാണ് കേന്ദ്രീകൃത ശക്തികള്‍ കീഴടങ്ങിക്കൊണ്ട് ഒന്നാംലോകയുദ്ധം അവസാനിച്ചത്.

രണ്ടാം ലോകയുദ്ധത്തിന് പ്രധാന കാരണക്കാരന്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ തന്നെ. വേഴ്‌സായ് ഉടമ്പടിയോടെ യുദ്ധം അവസാനിച്ചെങ്കിലും ജര്‍മനിക്ക് തീര്‍ത്താല്‍ തീരാത്ത നാശമായിരുന്നു ഫലം. മരിച്ചുവീണത് ലക്ഷങ്ങള്‍, സമ്പത്തും ഭൂമിയുമെല്ലാം പോയി. പിടിച്ചെടുത്ത ഭൂമി വിട്ടുകൊടുക്കേണ്ടി വന്നു. നഷ്ടപരിഹാരവും നല്‍കി. പക്ഷേ 1933 ന് ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടി അധികാരത്തിലേറി. വൈകാതെ ജര്‍മനി തിരിച്ചുവരാന്‍ തുടങ്ങി. ഹിറ്റലര്‍ ജര്‍മന്‍കാരുടെ അനിഷേധ്യ നേതാവായി. ഒന്നാം ലോകയുദ്ധത്തില്‍ ഒരു ഭടനായി പങ്കെടുത്ത അദ്ദേഹത്തിന്റെ ഉള്ളില്‍ തിളയ്ക്കുന്ന പ്രതികാരമായിരുന്നു. ലീഗ് ഓഫ് നേഷന്‍സില്‍ നിന്ന് പിന്‍മാറുകയും വേഴ്‌സായി ഉടമ്പടിയെ പുറന്തള്ളുകയും ചെയ്തു. ഓസ്ട്രിയയെ കീഴടക്കിക്കൊണ്ട് പടയോട്ടം തുടങ്ങി. പലപല രാജ്യങ്ങളെ പിടിച്ചടക്കി. 1939 സെപ്റ്റംബര്‍ ഒന്നിന് പോളണ്ടിനു മേല്‍ 'ഓപ്പറേഷന്‍ വെയിസ്സ്' എന്ന പേരില്‍ മിന്നലാക്രമണം നടത്തിയതോടെ കളിമാറി. ഇന്ത്യ, അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന, ഫ്രാന്‍സ്, ന്യൂസീലാന്‍ഡ്, ഓസ്‌ട്രേലിയ, ബ്രിട്ടണ്‍ ,ദക്ഷിണാഫ്രിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ജര്‍മനിക്കെതിരായി. 1940 ല്‍ ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ പുതിയ ഐക്യനിരയുണ്ടാക്കി. അതിലേക്ക് ഹംഗറിയും റൊമേനിയയും ചേര്‍ന്നു. അങ്ങനെ ജര്‍മനിയുടെ ഹിറ്റ്‌ലറുടെ നാസിസവും ഇറ്റലിയിലെ മുസ്സോളിനിയുടെ ഫാസിസവും ജപ്പാന്റെ ഹിരോഹിതോ ചക്രവര്‍ത്തിയുടെ ഷിന്റോയിസവും ചേര്‍ന്നാണ് രണ്ടാംലോകയുദ്ധത്തിന് തീപകര്‍ന്നത്. മറ്റുരണ്ടുപേരുടേയും ക്രൂരതകള്‍ ലോകപ്രസിദ്ധമാണെങ്കിലും ഹിരോഹിതോയുടെ നേതൃത്വത്തില്‍ ചൈനയിലെ നാന്‍ജിങില്‍ കാട്ടിക്കൂട്ടിയ കൊടുംക്രൂരതകള്‍ പൊതുവെ ആര്‍ക്കും അറിയില്ല. ലോകചരിത്രത്തില്‍ത്തന്ന ഏറ്റവും ക്രൂരമായ ബലാത്സംഗങ്ങള്‍ നടന്നത് ഈ അക്രമത്തിലാണ്.

അമേരിക്കയുടെ പേള്‍ഹാര്‍ബര്‍ ജപ്പാന്‍ ആക്രമിക്കുന്നതോടെയാണ് അമേരിക്ക ഈ യുദ്ധത്തിലേക്ക് ഗൗരവമായി കടന്നുവരുന്നത്. ഇത് ജാപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിടുന്നതില്‍ കലാശിച്ചു. സഖ്യ കക്ഷികള്‍ ഘട്ടംഘട്ടമായി വിജയം നേടി. ജപ്പാന്റെ നടുവൊടിച്ച ഈ യുദ്ധം അമേരിക്കയെന്ന ലോക വമ്പന്റെ ഉദയത്തിനും കാരണമായി. മറ്റൊരു ശക്തിയായി സോവിയറ്റ് യൂണിയനും ഉയര്‍ന്നുവന്നു. രണ്ടാംലോക യുദ്ധത്തില്‍ 70 ദശലക്ഷത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. എഴുപതിലേറേ രാജ്യങ്ങളാണ് പലയിടങ്ങളിലായി പരസ്പരം യുദ്ധം ചെയ്തത്. 1939 മുതല്‍ 1945 വരെയാണ് രണ്ടാംലോകയുദ്ധം നടന്നത്.

placeholder
Photo:Wiki/ https://commons.wikimedia.org/w/index.php?curid=2063575

തീരാത്ത പക....

എന്നിട്ട് നമ്മുടെ യുദ്ധക്കൊതി തീര്‍ന്നോ..? ഇല്ലേയില്ല. ലോകത്തെമ്പാടും ഇപ്പോഴും ചെറുതും വലുതുമായ യുദ്ധങ്ങളും കടന്നുകയറ്റങ്ങളും നടന്നുകൊണ്ടേയിരിക്കുന്നു. അര്‍മേനിയയും അസര്‍ബേജാനും തമ്മില്‍,  സൗദിയും യെമനും തമ്മില്‍, റഷ്യയും യുക്രൈനും തമ്മില്‍, ഒടുവില്‍ ഇസ്രായേലും പലസ്തീനും തമ്മിലെല്ലാം ഇപ്പോഴും കൊന്നുതള്ളിക്കൊണ്ടിരിക്കുകയാണ്. സിറിയയിലും യെമനിലും സുഡാനിലുമെല്ലാം ആഭ്യന്തരയുദ്ധങ്ങളും നടക്കുന്നു. ഇതെല്ലാം അടിവരയിടുന്നത്, ജനിതകപരമായി മനുഷ്യന്‍ ഏറ്റുമുട്ടല്‍ പ്രവണതയുള്ള ജീവിതന്നെയാണ് എന്നതാണ്. കാലങ്ങള്‍ കൊണ്ട് നാം കൈവരിച്ച മാനവികതയും മൂല്യങ്ങളും കൊണ്ടുമാത്രമേ ഈ പ്രവണതയെ മറികടക്കാന്‍ കഴിയൂ. പങ്കെടുക്കുന്നവരും അവരുടെ സമൂഹവുമെല്ലാം ഒരുപോലെ തോല്‍ക്കുന്ന മത്സരമാണ് യുദ്ധമെന്ന് ഇനിയെങ്കിലും നാം തിരിച്ചറിയണം. നാലാം ലോകയുദ്ധത്തെക്കുറിച്ച് ആല്‍ബട്ട് ഐന്‍സ്റ്റീന്റെ ഒരു അഭിപ്രായമുണ്ട്, '' മൂന്നാം ലോകയുദ്ധം ഏതൊക്കെ ആയുധങ്ങള്‍ ഉപയോഗിച്ചാണ് നടക്കുകയെന്ന് എനിക്കറിയില്ല. പക്ഷേ നാലാം ലോകയുദ്ധം വടികളും കല്ലുകളും ഉപയോഗിച്ചായിരിക്കും''.