രു ദിവസം ഒരു പരദൂഷണമെങ്കിലും പറയാത്തവരുണ്ടാവുമോ ? ഏത് വിഷയത്തെക്കുറിച്ചായാലും ഉള്ളതിനേക്കാള്‍ ഒരല്‍പമെങ്കിലും പൊലിപ്പിച്ചു പറയാന്‍ നമുക്കൊരു ചോദനയുണ്ടാവാറില്ലേ ? ആദ്യത്തെ ചോദ്യത്തിന് ഇല്ലെന്നും രണ്ടാമത്തേതിന് ഉണ്ടെന്നുമാവും ഉത്തരം. അതിന് കാരണം വേറൊന്നുമല്ല, പരദൂഷണം മനുഷ്യന്റെ ജൈവികഗുണമാണ്. പക, ദേഷ്യം, അസൂയ, ഭയം തുടങ്ങിയവപോലെത്തന്നെ, അത് നിയന്ത്രിക്കുക എളുപ്പമല്ല.

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

സ്വഹീഹുല്‍ മുസ്ലിമില്‍ അബൂ ഹുറൈറയുടെ നിവേദനമായി ഒരു ഹദീസുണ്ട്. അതു പ്രകാരം പ്രവാചകന്‍ ചോദിക്കുന്നു- ''എന്താണ് പരദൂഷണം എന്ന് നിങ്ങള്‍ക്കറിയുമോ ? നിന്റെ സഹോദരന് അനിഷ്ടമായ കാര്യം അവനെക്കുറിച്ച് പറയലാണത്. ഇനി അവനില്‍ ഇല്ലാത്ത കാര്യത്തെക്കുറിച്ചാണ് പറയുന്നതെങ്കില്‍ അത് അപവാദവുമാണ് ''

2019 ല്‍ റോമിലെ സാന്‍ ക്രിസ്പിനെ ഡാ വിടര്‍ബോ ഇടവകയിലെ വിശ്വാസിസമൂഹത്തോട് നടത്തിയ ഒരു പ്രഭാഷണത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പരദൂഷണത്തിന്റെ അപകടത്തെപ്പറ്റി ഓര്‍മിപ്പിച്ചത് ഇങ്ങനെയാണ്. '' പരദൂഷണമെന്ന പാപം നമ്മിലേക്ക് ഒഴുകുന്ന ദൈവകൃപക്ക് തടസ്സം സൃഷ്ടിക്കും. മനുഷ്യനെ പാപത്തിലേക്ക് നയിക്കുന്ന ദുഷ്ടരൂപിയാണ് പരദൂഷണം. അതുകൊണ്ട് സ്വന്തം തെറ്റുകളിലേക്ക് നോക്കി അത് തിരുത്തുക''

മതങ്ങളെല്ലാം ഏകസ്വരത്തില്‍ പരദൂഷണത്തെ വില്ലനായി കാണുന്നു എന്നര്‍ത്ഥം. 'അവനൊരു പരദൂഷണക്കാരനാണ്' എന്ന് ഒരാളെക്കുറിച്ചു പറയുന്നത് അതൊരു മോശം സ്വഭാവമാണ് എന്ന അര്‍ത്ഥത്തിലാണ്. പരദൂഷണക്കാരെ ആരും ഇഷ്ടപ്പെടുകയോ ബഹുമാനിക്കുകയോ ചെയ്യാറില്ല.  പരമാവധി ഒഴിവാക്കാനാവും ശ്രമിക്കുക. എന്നാല്‍ മനുഷ്യചരിത്രം പഠിച്ചാല്‍ പരദൂഷണമൊരു മോശം സ്വഭാവമല്ലെന്ന് മാത്രമല്ല, പരസ്പര സഹകരണത്തിന് അവശ്യം വേണ്ട ഒരു കഴിവായിരുന്നുവെന്ന് പറയേണ്ടിവരും. ഇല്ലാത്ത കഥ പറഞ്ഞുണ്ടാക്കാനും അത് വിശ്വസിപ്പിക്കാനുമുള്ള മനുഷ്യന്റെ മാത്രം കഴിവ്. ഈ കഴിവാണ് അവന്റെ ഇന്നത്തെ സാമൂഹിക-സാംസ്‌കാരിക ഉന്നമനത്തിന് കാരണമെന്ന് ഹരാരി പറയുന്നു. ഉള്‍ക്കൊള്ളാന്‍ അല്‍പം പ്രയാസമുണ്ടാവും.  അതങ്ങനെയാണ് പല അറിവുകളും ആദ്യം അവിശ്വസനീയമാണ്, അല്‍പം വേദനാ ജനകവും. ഒന്നുകൂടി വ്യക്തമാക്കിപ്പറഞ്ഞാല്‍, ആയിരത്തൊന്നു രാവുകളും, ഈസോപ്പുകഥകളും, പഞ്ചതന്ത്രം കഥകളുമെല്ലാം ഉണ്ടാക്കിയ അതേ ചേരുവകള്‍ കൊണ്ടാണ് നമ്മള്‍ മതങ്ങളേയും ദൈവങ്ങളേയും ഉണ്ടാക്കിയത് എന്നര്‍ഥം. ഇതൊക്കെ ഉണ്ടാക്കിയതിന്റെ പിന്നില്‍ ഈ ഇല്ലാക്കഥ പറയാനുള്ള സിദ്ധിനല്‍കുന്ന തലച്ചോറിന് പങ്കുണ്ട്. അപ്പോള്‍ അതിന് ആദ്യം വേണ്ടത് ഭാഷയാവില്ലേ,  എങ്ങനെയായിരിക്കും മനുഷ്യന്‍ ഭാഷ പഠിച്ചിരിക്കുക?

ഭാഷ ഒരു ചെറിയകാര്യമല്ല

മനുഷ്യന്‍ ഭാഷ പഠിച്ചതെങ്ങനെയെന്നറിയാന്‍  കുഞ്ഞുങ്ങള്‍ ഭാഷ പഠിക്കുന്നതെങ്ങനെയാണെന്ന് നോക്കിയാല്‍ മതിയെന്ന് ഭാഷാശാസ്ത്രജ്ഞര്‍ പറയാറുണ്ട്. എന്നാല്‍, ഭാഷയും അക്ഷരങ്ങളുമൊക്കെ രൂപപ്പെടുന്നതിന് മുമ്പത്തെ കഥയാണ് നമ്മള്‍ പറയുന്നത്. അത് അത്ര എളുപ്പത്തില്‍ ഊഹിച്ചെടുക്കാവുന്നതല്ല. രണ്ടു ലക്ഷംവര്‍ഷം മുമ്പുതന്നെ മനുഷ്യര്‍ അവ്യക്തമായ ശബ്ദങ്ങള്‍ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്നതായി നരവംശ ശാസ്ത്രജ്ഞര്‍പറയുന്നു. ഓരോ സന്ദര്‍ഭത്തിന് ഓരോ തരത്തിലുള്ള ശബ്ദങ്ങള്‍. പുലിയെ കാണുമ്പോള്‍ ഒന്ന്, ഇരയെ കാണുമ്പോള്‍ മറ്റൊന്ന്. വിശക്കുമ്പോള്‍ വേറൊന്ന്.. ഇതായിരുന്നു ഭാഷയുടെ ആദ്യരൂപം.

ഇതിന് വ്യവസ്ഥാപിതരൂപം കൈവരുന്നത് പിന്നെയും പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ്. അത് ചിഹ്നങ്ങളും ചിത്രങ്ങളും ലിപികളുമായി രേഖപ്പെടുത്തിയതിന് തെളിവുള്ളത് 3000-4000 വര്‍ഷത്തേതു മാത്രം.  മെസപ്പൊട്ടാമിയയില്‍ നിന്ന് ലഭിച്ച കളിമണ്‍ ഫലകങ്ങളില്‍ കോറിയിട്ട ചില ചിത്രങ്ങളുണ്ടായിരുന്നു. ഇവയൊക്കെയാണ് അക്ഷരങ്ങളുടെ പൂര്‍വികര്‍ എന്നാണ് കരുതപ്പെടുന്നത്. സുമേറിയ, ബാബിലോണിയ, അസീറിയ, പേര്‍ഷ്യ എന്നിവിടങ്ങളിലെല്ലാം ഇക്കാലത്ത് ഇത്തരം ചിത്രങ്ങളും വരകളും ഭാഷയായി ഉപയോഗിച്ചു. ഫിനിഷ്യന്‍മാര്‍ ഇത്തരം ചിത്രങ്ങളും ഈജിപ്ഷ്യന്‍ അക്ഷരങ്ങളും ചേര്‍ത്ത് 22 അക്ഷരങ്ങളുള്ള അക്ഷരമാല നിര്‍മിച്ചതായി ഹെന്റിക് വില്യം വാന്‍ലൂണ്‍ പറയുന്നു.  ഗ്രീക്കുകാര്‍ അത് പരിഷ്‌കരിച്ച് കൂടുതല്‍ അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇറ്റലിയിലും റോമിലുമെല്ലാം ഇതുപോലുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നു. അങ്ങനെ ലോകത്തെമ്പാടും അതതിടങ്ങളിലെ സാഹചര്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമനുസരിച്ച് ഭാഷ വളര്‍ന്നു.

മൃഗങ്ങള്‍ക്ക് ഭാഷയുണ്ടോ..?

പുരാണങ്ങളില്‍  പന്നിയും പാമ്പും മുതല്‍ പര്‍വതങ്ങള്‍ വരെ സംസാരിക്കുന്ന കഥകള്‍ കേട്ടുവളര്‍ന്നവരാണ് നമ്മള്‍. നമ്മുടെ ഭാവനക്കും സര്‍ഗ്ഗാത്മകതക്കും ചിറകു നല്‍കിയവയാണ് ഇത്തരം കഥകള്‍. എന്നാല്‍, അതോടൊപ്പം ഒരുപാട് തെറ്റിദ്ധാരണകളും നമ്മളറിയാതെ കുഞ്ഞുമനസ്സില്‍ കടന്നുകൂടി. മൃഗങ്ങള്‍ക്ക് എങ്ങനെ സംസാരിക്കാന്‍ കഴിയും എന്ന കുസൃതിച്ചോദ്യം ചിലരെങ്കിലും കുട്ടിക്കാലത്ത് ചോദിച്ചിട്ടുണ്ടാവും. ആര്‍ക്കും മറുപടി കിട്ടിക്കാണില്ല. കാരണം മനുഷ്യര്‍ സംസാരിക്കുന്നതും മൃഗങ്ങള്‍ സംസാരിക്കാത്തതും എന്തുകൊണ്ടാണെന്ന് പലര്‍ക്കും അറിയില്ലെന്നതുതന്നെ.

മനുഷ്യന്റെ വികാസത്തില്‍ തികച്ചും അഭിമാനിക്കാവുന്ന ഒന്നായി ഭാഷ മാറുന്നത് അത് അനന്യമായ ഒരു സിദ്ധിയായതു കൊണ്ടുതന്നെയാണ്. മറ്റേതെങ്കിലും ജീവികള്‍ വ്യവസ്ഥാപിതമായ ഭാഷ ഉപയോഗിക്കുന്നതിന്റെ ഒരു തെളിവുമില്ല. ചില ജീവികളെക്കൊണ്ട് കുറഞ്ഞ വാക്കുകള്‍ ഉച്ചരിപ്പിക്കാന്‍ ശ്രമിക്കുകയും അത് വിജയിക്കുകയും ചെയ്തിട്ടുണ്ട്. ചിമ്പാന്‍സിയെക്കൊണ്ട് സംസാരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ രണ്ടര വയസ്സിനുള്ളില്‍ മാമ, പാപ്പ, കപ്പ് എന്നൊക്കെ ചെറിയ തോതില്‍ ഉച്ചരിക്കാന്‍ സാധിച്ചിരുന്നു. ആറു വയസ്സുവരെ ശ്രമിച്ചിട്ടും  ഏഴു വാക്കിനപ്പുറം അത് പോയില്ല. എന്നാല്‍, ഒരു മനുഷ്യക്കുട്ടി രണ്ടു വയസ്സില്‍ത്തന്നെ ശരാശരി 300 വാക്കുകള്‍ പഠിക്കുമെന്ന് 'ദ നേക്കഡ് ഏപ്പ്' എന്ന ഗ്രന്ഥത്തില്‍ ഡെസ്മണ്ട് മോറിസ് പറയുന്നു. മൂന്നുവ യസ്സില്‍ അത് മൂന്നിരട്ടിയാവും. അഞ്ചാം വയസ്സില്‍ 2100 വാക്കുകള്‍ വരെ പഠിക്കുമെന്നാണ് മോറിസ് പറയുന്നത്. അതാണ് മനുഷ്യന്റെ ഭാഷാശേഷിയുടെ സവിശേഷത.  ആ ഭാഷയുപയോഗിച്ച് അവന്‍ സൃഷ്ടിച്ച ഭാവ-ഭാവനാപ്രപഞ്ചം അവിസ്മരണീയമാണ്. കുഞ്ഞുങ്ങളോട് കൊഞ്ചാനും കാമിനിയോട് കിന്നരിക്കാനും വൈരികളോട് വഴക്കിടാനുമെല്ലാം ഉപയോഗിക്കുന്ന ഭാഷ തന്നെയാണ് വേദങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കാന്‍ ഉപയോഗിച്ചത്. തുടക്കത്തില്‍ എല്ലാ സൃഷ്ടികളും വാമൊഴിയായാണ് പ്രചരിച്ചത്. പിന്നീട് അത് പല വസ്തുക്കളിലായി രേഖപ്പെടുത്തി വെച്ചു. നമ്മള്‍ താളിയോലകളിലും മറ്റും എഴുതിയിരുന്ന കാലത്ത് ഈജിപ്തില്‍ 'പാപ്പിറസ്' എന്ന കടലാസിന്റെ പൂര്‍വികന്‍ പിറന്നിരുന്നു.

വേട്ടക്കാരെങ്ങനെ കൃഷിക്കാരായി..?

ലോകം മുഴുവന്‍ ശ്രദ്ധിച്ച കര്‍ഷകപ്രക്ഷോഭം നടന്ന നാടാണ് ഇന്ത്യ. സുശക്തമായ ഭരണകൂടത്തിന്റെ കര്‍ഷകവിരുദ്ധമെന്ന് ആരോപിക്കപ്പെട്ട തീരുമാനത്തെ മാറ്റിക്കാന്‍ മാത്രം ശക്തമായ പ്രക്ഷോഭം. കര്‍ഷകരുടെ സംഘബലം തെളിയിച്ച സംഭവമായിരുന്നു അത്. 2022-ലെ കണക്കുപ്രകാരം ഇന്ത്യയില്‍ ഇനാം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ മാത്രം 1.74 കോടി വരും. ലോകത്തെമ്പാടും 620 ദശലക്ഷത്തോളം കര്‍ഷകകുടുംബങ്ങളുണ്ടെന്നാണ് കണക്ക്. അതൊന്നുമല്ല നമ്മുടെ പ്രശ്നം, വേട്ടയാടി നടന്നവരെങ്ങനെ കര്‍ഷകരായി മാറി ? .

അതൊരു ചതിയുടെ കഥയാണെന്നാണ് ഹരാരി പറയുന്നത്. മനുഷ്യര്‍ കൃഷി തുടങ്ങിയിട്ട് പരമാവധി പതിനൊന്നായിരം വര്‍ഷമേ ആയിട്ടുള്ളൂ എന്നാണ് ലഭ്യമായ കണക്ക്. അത് പെട്ടെന്നൊരു ദിവസം സംഭവിച്ചതല്ല. മറിച്ച്, പുതിയ ആവശ്യങ്ങളും സാഹചര്യങ്ങളും അവരെ അതിന് പ്രേരിപ്പിക്കുകയായിരുന്നു. ആദ്യം കൃഷിചെയ്ത ധാന്യം ഗോതമ്പു തന്നെ. ഇതിനെക്കുറിച്ച് ഹരാരിയുടെ രസകരമായ ഒരു നിരീക്ഷണമുണ്ട്. മനുഷ്യന്‍ ഗോതമ്പിനെയല്ല, മറിച്ച് ഗോതമ്പ് തന്റെ വംശവര്‍ധനക്കായി മനുഷ്യനെ ഉപയോഗിക്കുകയായിരുന്നു എന്നതാണത്. അക്കാലത്ത് ഗോതമ്പ് മറ്റു പുല്‍ച്ചെടി പോലൊരു ചെടിയായിരുന്നു. കാട്ടില്‍ അവിടവിടെയായി ഒറ്റപ്പെട്ടുവളര്‍ന്നിരുന്ന ചെടി. മനുഷ്യര്‍ മാംസാഹാരത്തിനൊപ്പം വല്ലപ്പോഴും ഗോതമ്പും തിന്നു. പിന്നീടാണ് ഇത് തങ്ങള്‍ ക്യാമ്പ് ചെയ്യുന്നതിനടുത്ത് കൂടുതല്‍ വളര്‍ത്തുക എന്ന ആശയം വരുന്നത്.

ഈ ആശയത്തിന് മറ്റൊരു സാഹചര്യം കൂടി കാരണമായിരുന്നു. സ്ത്രീകളേയും കൊച്ചുകുട്ടികളേയും കൂട്ടിയുള്ള വേട്ടയാടല്‍ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കാന്‍ തുടങ്ങി.  അപ്പോള്‍ അവരെ ഒരിടത്ത് പാര്‍പ്പിക്കാന്‍ ആലോചിച്ചു. കാവലായി വേട്ടയാടാന്‍ ശാരീരികശേഷിയില്ലാത്ത മുതിര്‍ന്നവരേയും നിര്‍ത്തി. ഈ സാഹചര്യത്തിലാണ് ഗോതമ്പ് അവരുടെ ജീവിതത്തിലേക്ക് തന്ത്രപരമായി കടന്നുവരുന്നത്.  അങ്ങനെ ഹോമോസാപിയന്‍സിന്റെ ജീവിതത്തില്‍ സ്ഥിരം താമസകേന്ദ്രങ്ങളുണ്ടാവാന്‍ തുടങ്ങുകയായിരുന്നു.  ഗോതമ്പുചെടികള്‍ നട്ടുകഴിഞ്ഞാല്‍ പിന്നെ വിളവെടുക്കുന്നതുവരെ അവിടെത്തന്നെ തങ്ങേണ്ടിവരും. അങ്ങനെയാണ് വെറുമൊരു പുല്ലായിരുന്ന ഗോതമ്പ് മനുഷ്യരെ ഉപയോഗിച്ച് ലോകമെമ്പാടും പടര്‍ന്നതെന്നാണ് ഹരാരിയുടെ നിരീക്ഷണം. ഗോതമ്പിന് മാത്രമല്ല, മറ്റ് ധാന്യങ്ങള്‍ക്കും ഇത് ബാധകമായിരുന്നു.

ഹരാരിയെ കൂടുതല്‍ ഉദ്ധരിക്കുന്നത് അദ്ദേഹത്തിന്റെ വിശദീകരണം കൂടുതല്‍ യുക്തിപരമായതുകൊണ്ടാണ്. എന്നാല്‍, അദ്ദേഹത്തിനും വിമര്‍ശകരുണ്ടെന്ന് മറക്കരുത്. ബിഹേവിയറല്‍ ന്യൂറോ സയന്റിസ്റ്റായ ദര്‍ശന നാരായണന്‍ ദീര്‍ഘമായ ഒരു ലേഖനം തന്നെ 'സാപിയന്‍സി'നെതിരായി എഴുതിയിട്ടുണ്ട്. ''ദ ഡെയിഞ്ചറസ്റ്റ് പോപ്പുലിസ്റ്റ് സയന്‍സ് ഓഫ് യുവാല്‍ നോവ ഹരാരി'' എന്ന ഈ ലേഖനത്തില്‍ ഒട്ടേറെ ആരോപണങ്ങള്‍ അവര്‍ ഉന്നയിക്കുന്നു. സെന്‍സേഷലിസത്തിന് വേണ്ടി ശാസ്ത്രത്തെ ബലികഴിക്കുന്നു എന്നാണ് പ്രധാന ആരോപണം. ജീനുകളുമായും അല്‍ഗൊരിതവുമായും മറ്റും ബന്ധപ്പെട്ട നിരീക്ഷണങ്ങള്‍ക്കൊന്നും ശാസ്ത്രത്തിന്റെ പിന്‍ബലമില്ലെന്ന് അവര്‍പറയുന്നു. പ്രവചനങ്ങളിലും നിരീക്ഷണങ്ങളിലുമുള്ള അഭിപ്രായവ്യത്യാസങ്ങളല്ലാതെ ഹരാരിയുടെ ശാസ്ത്രാബദ്ധങ്ങള്‍ കാര്യമായൊന്നും എടുത്തുകാണിക്കാന്‍ അവര്‍ക്ക് കഴിഞ്ഞതായി തോന്നുന്നില്ല.

നമുക്ക് കൃഷിയിലേക്ക് തിരിച്ചുവരാം.  കാട്ടില്‍ പലയിടങ്ങളിലായി ചിതറി വളര്‍ന്നിരുന്ന ഗോതമ്പുചെടിയേയും ചോളത്തേയും നെല്ലിനേയുമൊക്കെ ഒരു പ്രത്യേക കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന് വളര്‍ത്തുകയായിരുന്നു പൂര്‍വികര്‍. അതിനു വേണ്ടി അവര്‍ ചെലവഴിച്ചത് വേട്ടയാടാനുപയോഗിക്കേണ്ട വിലപ്പെട്ട സമയവും. വേട്ടയേക്കാള്‍ പല സൗകര്യങ്ങളും കൃഷിക്കുണ്ടെന്ന് ഒരു പക്ഷേ അവന് തോന്നിക്കാണണം. പക്ഷേ, കൃഷിപ്പണി മനുഷ്യര്‍ക്ക് നല്‍കിയ എട്ടിന്റെ പണി ഒട്ടനേകമുണ്ട്.  സന്ധിവാതം, കുടലിറക്കം, നട്ടെല്ലിന്റെ  ഡിസ്‌ക് മാറല്‍ തുടങ്ങിയ ശാരീരികപ്രശ്നങ്ങള്‍ക്ക് കാരണമായി. അവശ്യ പോഷകങ്ങളുടെ കുറവ് നേരിടാന്‍ തുടങ്ങി. മാത്രമല്ല, കൃഷിനാശമുണ്ടാവുമ്പോള്‍ കടുത്ത ഭക്ഷണക്ഷാമമുണ്ടായി. എന്നാല്‍, സ്ഥിരതാമസകേന്ദ്രങ്ങള്‍ അവരുടെ കുടുംബഘടനയില്‍ത്തന്നെ  മാറ്റമുണ്ടാക്കി.

സ്ത്രീകള്‍ 'വീട്ടമ്മ'മാരാവുന്നു...

''പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ'' എന്ന പാട്ടെഴുതിയതിന് കവി എസ്. രമേശന്‍ നായര്‍ അഭിനന്ദനങ്ങളേക്കാള്‍ കൂടുതല്‍ കേട്ടത് ചീത്തവിളികളായിരിക്കും. ഈ പാട്ട് പ്രസരിപ്പിക്കുന്ന ആശയത്തിനെതിരേ ഏറ്റവുമധികം വിമര്‍ശനമുന്നയിച്ചത് ഫെമിനിസ്റ്റുകളാണ്. സ്ത്രീകളെ ''വീടാം കൂട്ടില്‍ കുടുങ്ങും തത്തമ്മകളും നരന്ന് ഗര്‍ഭധാനപാത്രങ്ങളു''മാക്കിയതിനു പിന്നില്‍ പുരുഷനാണെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. അതിന് അവനുപയോഗിച്ച തന്ത്രം അവളെ ദേവിയും പതിവ്രതയുമൊക്കെ ആക്കി 'മെരുക്ക'ലായിരുന്നു. പിതാവിന്റേയും ഭര്‍ത്താവിന്റേയും പുത്രന്റേയും സംരക്ഷണവലയത്തിലാക്കി തന്ത്രത്തില്‍ അവളുടെ കൈകാലുകള്‍ അദൃശ്യനൂലുകളാല്‍ ബന്ധിച്ചു. അതിനുവേണ്ടി ദൈവത്തേയും മതത്തേയുമെല്ലാം വിദഗ്ധമായി ഉപയോഗിച്ചു. സ്ത്രീകള്‍ എങ്ങനെ ഇരിക്കണം, സംസാരിക്കണം, നടക്കണം എന്നൊക്കെ പറയുന്ന നിയമാവലികള്‍ നിര്‍മിച്ചു. എന്നാല്‍, സ്ത്രീകളെ ഇങ്ങനെ വീട്ടിനുള്ളില്‍ തളച്ചിടാനുള്ള സാഹചര്യമൊരുങ്ങുന്നത് പതിനൊന്നായിരം വര്‍ഷം മുമ്പ് കൃഷിയുടെ വരവോടെയാണ്.

കൃഷി തുടങ്ങിയതോടെയാണ് മനുഷ്യന് ഒരുസ്ഥലത്ത് കൂടുതല്‍ തങ്ങേണ്ട സാഹചര്യമുണ്ടാവുന്നത്. വിത്തിറക്കി, അതുവളര്‍ന്ന്, വിളവെടുക്കുന്ന കാലം വരെ അതിന് സംരക്ഷണം വേണം. ഈ കാലയളവില്‍ വേട്ടയാടല്‍ പൂര്‍ണമായും നിര്‍ത്താനും പറ്റില്ല. അപ്പോള്‍ ചെയ്യാവുന്നത്, സ്ത്രീകളേയും കുട്ടികളേയും വയോധികരേയുമൊക്കെ കൃഷിക്ക് കാവലാക്കുകയെന്നതാണ്. പുരുഷന്‍മാര്‍ക്ക് വേട്ടക്ക് പോവുകയും ചെയ്യാം. ഇത്തരമൊരു മാറ്റമുണ്ടായപ്പോള്‍ സ്ത്രീകള്‍ക്ക് അതൊരു ആശ്വാസംതന്നെയായിരുന്നു. അവര്‍ക്ക് കൂടുതല്‍ കുട്ടികളെ പ്രസവിക്കാനും പരിചരിക്കാനും അവസരമുണ്ടായി. എന്നാല്‍, അവര്‍ പോലുമറിയാതെ അവര്‍ വീട്ടിനുള്ളിലേക്ക് ചുരുങ്ങുകയായിരുന്നു. അന്നു മുതല്‍ ഇന്നുവരെ സമൂഹാധികാരവിഭജനത്തില്‍ സ്ത്രീ രണ്ടാം സ്ഥാനക്കാരിയായി. പിന്നീടൊരിക്കലും ആ സ്ഥാനം പുരുഷന്‍മാര്‍ വിട്ടുകൊടുത്തിട്ടില്ല. സ്ത്രീകൾക്ക് ഗര്‍ഭകാലത്ത് ഭക്ഷണം തേടാനും മറ്റും മറ്റുള്ളവരുടെ സഹായം വേണ്ടിയിരുന്നു.  ഈ സാഹചര്യം പുരുഷന്‍ മുതലെടുത്തു. തങ്ങളുടെ നിലനില്‍പിനും സുരക്ഷിതത്വത്തിനും സ്ത്രീകള്‍ പുരുഷന്‍മാരെ ആശ്രയിച്ചപ്പോള്‍ അവരുടെ അനന്തരപരമ്പരകളിലേക്കും ഈ ആശ്രിതത്വം കൈമാറിയെന്നൊരു വാദം നിലവിലുണ്ട്. അതേസമയം, ഇത്തരം ആശ്രിതത്വമുള്ള മറ്റു ചില ജീവികളില്‍ നേതൃസ്ഥാനം പെണ്ണുങ്ങള്‍ക്കാണുതാനും. ആനകളും ബൊണോബോ ചിമ്പന്‍സികളുമാണ് അവ.

എന്തൊക്കെയായാലും ഘട്ടംഘട്ടമായി അധികാരം തന്നിലേക്ക് കേന്ദ്രീകരിക്കുന്നതില്‍ പുരുഷന്‍മാര്‍ സമര്‍ഥമായിത്തന്നെ കരുക്കള്‍ നീക്കി. ദൈവങ്ങളേയും മതങ്ങളേയുമൊക്കെ അവര്‍ അതിനായി ഉപയോഗിച്ചതോടെ തിരുവായ്ക്ക് എതിര്‍വായില്ലാതായി. അതിന്റെയൊക്കെ അനന്തരഫലമാണ് സത്രീകള്‍ അടുക്കളയിലൊതുക്കിയത്. അടുക്കളയാണെങ്കില്‍ വീടിന്റെ പിന്നിലേക്കും മാറ്റി. ഇന്നും നമ്മുടെയൊക്കെ വീടകങ്ങളില്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഈ വിവേചനത്തിന്റെ അവശിഷ്ടങ്ങള്‍ കാണാം. പലതും നമുക്ക് തിരിച്ചറിയാന്‍ പോലുമാവാത്ത വിധമാവുമെന്ന് മാത്രം. അച്ഛനും ആണ്‍കുട്ടികള്‍ക്കും വീടുകളിലുള്ള അമിതാനുകൂല്യത്തിന് ഇന്നും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല.

മാര്‍ക്സ് പറയുന്നത്

ഈ വിഷയത്തില്‍ മാര്‍ക്സിയന്‍ വിശകലനം ഏറെ പ്രസക്തമാണ്. അതു പ്രകാരം പ്രാകൃത കമ്മ്യൂണിസ്റ്റ് വ്യവസ്ഥയില്‍ സ്ത്രീകളോടുള്ള വിവേചനമില്ലായിരുന്നു. പിന്നീട് കൃഷിയും ഉത്പാദനവും തൊഴില്‍ വിഭജനവും തുടങ്ങിയതോടെ വര്‍ഗ്ഗാധിഷ്ഠിത സമൂഹങ്ങളുണ്ടായി. അടിമവര്‍ഗ്ഗങ്ങളുണ്ടായി. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വ്യത്യസ്തമായ തൊഴിലുകളുണ്ടായി. ഗോത്രസംരക്ഷണത്തോടൊപ്പം സ്വത്തിന്റെ കൈകാര്യക്കാരനുമായി പുരുഷന്‍ മാറി. ശാരീരികബലത്തിന്റെ കൂടി പിന്തുണയില്‍ അവന്‍ സ്ത്രീകളെ അടിമകളാക്കുകയും ചെയ്തു. പിന്നീട് മറ്റ് അടിമകളൊക്കെ സ്വതന്ത്രരായെങ്കിലും സ്ത്രീകളുടെ അവസ്ഥയില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. മാറിയ കാലത്ത്, തുല്യതയെന്ന ആശയത്തിന് പ്രാമുഖ്യം കിട്ടിയതിന്റെ ഭാഗമായി സ്ത്രീകള്‍ തങ്ങളുടെ ഇടങ്ങള്‍ തിരിച്ചുപിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഒരു സമൂഹത്തിന്റെ പുരോഗതിയെ അളക്കേണ്ടത് ആ സമൂഹത്തിലെ സ്ത്രീകളുടെ സാമൂഹികാവസ്ഥ വെച്ചാണെന്ന് മാര്‍ക്സ് പറഞ്ഞിട്ടുണ്ട്. അതു പ്രകാരം ഇന്നും നമ്മള്‍ പുരോഗതിയിലേക്ക് ചുവടുവെക്കുന്ന ഒരു സമൂഹം മാത്രമാണ്.

ഇത്തരമൊരു ജീവിതക്രമത്തില്‍ മറ്റൊരു സംവിധാനംകൂടി പൂര്‍വികര്‍ക്കിടയിലേക്ക് കടന്നുവന്നു, അതാണ് കുടുംബം. ഒന്നില്‍കൂടുതല്‍ ഇണകളുണ്ടായിരുന്ന സ്ത്രീപുരുഷന്‍മാര്‍ ഒരാളെമാത്രം ഇണകളാക്കാന്‍ തുടങ്ങി. 'സ്വന്ത'മെന്ന ബോധം അവര്‍ക്കിടയില്‍ ഉരുവം കൊള്ളുകയായിരുന്നു. സ്വന്തം ഭാര്യ,ഭര്‍ത്താവ്, കുട്ടികള്‍, കൃഷി, വിഭവങ്ങള്‍...അങ്ങനെയങ്ങനെ സ്വകാര്യ  കുടുംബത്തിലേക്കും സ്വത്തിലേക്കുമെല്ലാം അവര്‍ മെല്ലെമെല്ലെ പിച്ചവെച്ചു. കുടുംബങ്ങള്‍ക്ക് പൊതുവായ നിയമാവലികള്‍ രൂപപ്പെട്ടു. ആരാധനകള്‍ക്ക് സ്ഥിരം കേന്ദ്രങ്ങളായി. ദേവതമാര്‍ക്ക് രൂപമുണ്ടാവാന്‍ തുടങ്ങി. അത് മതങ്ങളിലേക്ക് പരിണമിക്കാന്‍ തുടങ്ങി.

(തുടരും)