ലൈബ്രറിയിലെ ജനലിലൂടെ നോക്കുമ്പോള്‍ വാകമരത്തിന്റെ ചില്ലയില്‍ വന്നിരിക്കാറുള്ള നീണ്ടുമനോഹരമായ വാലുകളുള്ള നാഗമോഹന്‍ പക്ഷിയെ പലപ്പോഴും കാണാമായിരുന്നു. കറുത്ത് തിളങ്ങുന്ന തലയും വെളുത്ത തൂവലുകളുമുള്ള ഭംഗിയുള്ള പക്ഷി. അതിന്റെ ചലനങ്ങള്‍ എന്നില്‍ കൗതുകമുളവാക്കി. അതെന്നെത്തന്നെ നോക്കുന്നതായെനിക്ക് തോന്നി. ഞാനൊരു നിഗൂഢമായ വനാന്തരത്തിലാണെന്നും ഒരു പക്ഷിയായി ഞാന്‍ പുനര്‍ജനിച്ചിരിക്കുകയാണെന്നും കാടിനുനടുവിലെ വറ്റിപ്പോയ തടാകത്തെക്കുറിച്ച് മറ്റൊരു ഭാഷയില്‍ എന്നോട് അത് പറയുകയാണെന്നും എനിക്ക് തോന്നി. ആ പക്ഷിയിരിക്കുന്ന മരത്തിലെ ഏതു നിമിഷവും വിള്ളലേറ്റ് പിളര്‍ന്ന് നിലം പൊത്തിയേക്കാവുന്ന ദുര്‍ബലതയെക്കുറിച്ച് ഞാനും വാചാലയായി. ആരോ തോളില്‍ത്തട്ടി വിളിച്ചപ്പോഴാണ് പോയിടത്തുതന്നെ തിരിച്ചെത്തിയ കടലാസുവിമാനം പോലെ എനിക്ക് സ്ഥലകാലബോധം ഉണ്ടായത്.

To advertise here,

തിരിഞ്ഞുനോക്കിയപ്പോള്‍ ഹരിസാറായിരുന്നു.
''എന്താ കുട്ടീ നീ ഈ ലോകത്തൊന്നുമല്ലേ?''
 കുറച്ചുദിവസങ്ങള്‍ക്ക് ശേഷം സാറിനെ കണ്ടപ്പോള്‍ എനിക്ക് സന്തോഷമായി.
''സാറെപ്പോവന്നു? സുഖമില്ലാതിരിക്കുകായാണെന്ന് അറിഞ്ഞു...എന്തുപറ്റി?''
''അതിടയ്ക്കിടയ്ക്ക് ഉള്ളതാ. ഇത്തവണ കരളാ പണി തന്നിരിക്കുന്നത്. എന്തൊക്കെയോ കാര്യമായ കുഴപ്പങ്ങള്‍ ഉണ്ടെന്നു ഡോക്ടര്‍ പറഞ്ഞു. എന്തായാലും എന്റെ തലച്ചോറിന്റെ അത്രയും കുഴപ്പങ്ങള്‍ എന്റെ ശരീരത്തിലെ ഒരവയവത്തിനും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് ആ മണ്ടന് അറിയില്ലല്ലോ.''

അങ്ങനെ പറഞ്ഞുകൊണ്ട് സാര്‍ ഉറക്കെ ചിരിച്ചു. ക്രൂരമായ ആ തമാശ എനിക്ക് ഒട്ടും രസിച്ചില്ല. ഞാന്‍ മിണ്ടാതെ നിന്നതേയുള്ളൂ. ലൈബ്രറിയിലുണ്ടായിരുന്ന മറ്റുള്ള ആളുകള്‍ എന്നെയും സാറിനെയും മാറിമാറി നോക്കുന്നുണ്ടായിരുന്നു.

മദ്യപിക്കാതെ സാറിനെ ഞാന്‍ ആദ്യമായിട്ടായിരുന്നു അന്ന് കണ്ടത്. അവശത ഉണ്ടായിരുന്നെങ്കിലും മുഖത്തൊരു ചിരി പടര്‍ത്തിക്കൊണ്ട് സാറെന്നോട് സംസാരിക്കാന്‍ തുടങ്ങി. ''നിനക്ക് ഞാനിന്നൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്. '' ഞാന്‍ ആകാംക്ഷയോടെ സാറിനെ നോക്കി. ബാഗില്‍ നിന്ന് ഒരു ബോക്‌സ് എടുത്ത് സാര്‍ എനിക്ക് നേരെ നീട്ടി. ഞാനതു വാങ്ങി തുറന്നുനോക്കിയപ്പോള്‍ അതൊരു പേനയായിരുന്നു. നീല ഉടലില്‍ സ്വര്‍ണ മൂടിയുള്ള മനോഹരമായ പേന. സന്തോഷം കൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു.
'ഇത് പുതിയ പേനയൊന്നുമല്ല കുട്ടീ, ഞാന്‍ എന്തൊക്കെയോ കുത്തിക്കുറിച്ചുകൊണ്ടിരുന്നതാണ്. ഇനിയിത് നിനക്കിരിക്കട്ടെ.''

എന്റെ കയ്യിലിരുന്ന എ. അയ്യപ്പന്‍ കവിതകള്‍ മറിച്ചുനോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ''അയ്യപ്പന്‍ എന്റെ സുഹൃത്താണ്. ഇടയ്‌ക്കൊക്കെ വീട്ടില്‍ വരാറുണ്ട്. ഇനി വരുമ്പോള്‍ നിന്നെക്കുറിച്ചു ഞാന്‍ പറയുന്നുണ്ട്. ''അയ്യപ്പനുമായുള്ള  സൗഹൃദത്തേക്കുറിച്ചും അദ്ദേഹം വാചാലനായി. എന്റെ കണ്ണുകള്‍ തിളങ്ങി. ഞാനദ്ദേഹത്തെ കേട്ടുകൊണ്ടിരുന്നു. സാറിനെക്കുറിച്ച് കൂടുതലായറിയാന്‍ എനിക്കാഗ്രഹം തോന്നി. പരിചയപ്പെട്ടിട്ട് ഒരുവര്‍ഷത്തോളമായെങ്കിലും പുസ്തകങ്ങളെക്കുറിച്ചല്ലാതെ മറ്റൊന്നും ഞങ്ങള്‍ സംസാരിച്ചിരുന്നില്ല.

''സാറിന്റെ വീട്ടില്‍ ആരൊക്കെയുണ്ട്?'' ഞാന്‍ ചോദിച്ചു. എന്നെ നോക്കി ഉറക്കെചിരിച്ചുകൊണ്ട് കൊണ്ട് സാര്‍ പറഞ്ഞു. ''കുട്ടീ... ബഷീര്‍ പറഞ്ഞതുപോലെ ''പച്ചയായ ജീവിതത്തില്‍ ഓരോരുത്തരും ഓരോ അനാഥജീവിയാണ്. ഈ ലോകത്തിന് എന്നെയോ എനിക്ക് ഈ ലോകത്തെയോ ആവശ്യമില്ല. മനുഷ്യകാമനകള്‍ക്ക് മുകളില്‍ മാത്രം കെട്ടിപ്പടുത്ത ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. അതുകൊണ്ട് എനിക്കാരുണ്ട് എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. ഈ നിമിഷം ഞാന്‍ നിന്നോടൊപ്പമുണ്ട്. അടുത്ത നിമിഷം നിനക്ക് പകരം മറ്റൊരു മനുഷ്യജീവി. ഞാനവരെയോ അവരെന്നെയോ സ്വാധീനിച്ചെന്ന് വരാം.''

സാറിന്റെ വാക്കുകള്‍ അത്ഭുതത്തോടെയാണ് ഞാന്‍ കേട്ടുകൊണ്ടിരുന്നത്. അതെന്നെ കൂടുതല്‍ ചിന്തിപ്പിച്ചുകൊണ്ടിരുന്നു. പതിവിലും കൂടുതലായി സാറെന്നോട് ഒരുപാട് സംസാരിച്ചിരുന്നു. ഇടയ്ക്ക് അതിശക്തമായി ചുമയ്ക്കുന്നത് എന്നെ അസ്വസ്ഥമാക്കിയെങ്കിലും ഞാനതിനെക്കുറിച്ചു ഒന്നുംതന്നെ ചോദിച്ചില്ല.

പുസ്തകങ്ങളിലൂടെ മാത്രം ബന്ധിക്കപ്പെട്ടവരായിരുന്നു ഞങ്ങള്‍. എന്റെ ആത്മീയദാഹത്തെ ശമിപ്പിക്കാന്‍ അദ്ദേഹത്തിന് മാത്രമായിരുന്നു കഴിഞ്ഞിരുന്നത്. വായിക്കുന്ന ചില പുസ്തകങ്ങളില്‍ ദിവസങ്ങളോളം വീണുകിടന്ന എന്നെ കൈപിടിച്ച് മറ്റൊന്നിലേയ്ക്ക് എത്തിക്കുമായിരുന്നു സാര്‍. സാറുമായുള്ള സൗഹൃദം എന്നിലെ വായനക്കാരിയെയും കവിയേയും നിരന്തരം പുതുക്കിക്കൊണ്ടിരുന്നു.

എന്റെ കോളേജ് ജീവിതം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ ജീവിതത്തിലെ നിര്‍ണായകമായ മൂന്ന് വര്‍ഷങ്ങളായിരുന്നു അത്. അതുവരെ മനുഷ്യരില്‍ നിന്നും ഓടിയൊളിച്ചിരുന്ന എന്നെ മനുഷ്യരിലേയ്ക്ക് കുടിയിരുത്തിയത് കോളേജ് കാലമായിരുന്നു. കളങ്കമില്ലാത്ത സ്‌നേഹത്തിന്റെയും കരുതലിന്റെയും ആഴം അനുഭവിച്ചറിഞ്ഞ നാളുകള്‍. എന്റെ കൂട്ടുകാരേയും കോളേജും ഹോസ്റ്റലും ഒക്കെ വിട്ടുപിരിഞ്ഞു പോകണമെന്നോര്‍ക്കുമ്പോള്‍ നെഞ്ചില്‍ വേദന കനത്തു.

അക്കൊല്ലം നാഷണല്‍ അസ്സസ്‌മെന്റ് ആന്‍ഡ് അക്ക്രഡിറ്റേഷന്‍ കൗണ്‍സില്‍ കോളേജ് സന്ദര്‍ശിക്കുമെന്ന പ്രിന്‍സിപ്പലിന്റെ അറിയിപ്പ് പ്രകാരം ഓരോ ക്ലാസ്സ് റൂമും അലങ്കരിക്കുന്നതിനായി അതാത് ക്ലാസ്സിലെ അധ്യാപകരെയും കുട്ടികളെയും ഏര്‍പ്പെടുത്തി. രാത്രി സമയങ്ങളില്‍ ഹോസ്റ്റലിലുള്ള മുഴുവന്‍ പെണ്‍കുട്ടികളും അവരവരുടെ ക്ലാസ്സ് മുറികള്‍ അലങ്കരിക്കാന്‍ കോളേജിലേയ്ക്ക് പോയപ്പോള്‍ അവര്‍ക്കൊപ്പം ഞാനും പോയി. എന്റെ ക്ലാസ്സില്‍ അഗുവും വിദ്യയും റോഷനും റൂബിയും ലയാരയും റോബിയും ആന്റണിയും സുഭാഷുമൊക്കെ ഉണ്ടായിരുന്നു. പൂക്കളലങ്കരിക്കാനും പോസ്റ്റര്‍ തയ്യാറാക്കാനുമൊക്കെ ഞാന്‍ അവര്‍ക്കൊപ്പം കൂടി. പാട്ടുപാടിയും കളിതമാശകള്‍ പറഞ്ഞും ഏറെനേരം അവര്‍ക്കൊപ്പം ചെലവഴിച്ചു. അത്രയും നാള്‍ പകല്‍ മാത്രമായിരുന്നു ഞാന്‍ ക്യാമ്പസ് ആസ്വദിച്ചിരുന്നത്. നിലാവ് വീണുകിടക്കുന്ന ആ കോളേജ് പരിസരം അതീവമനോഹരമായിരുന്നു. ക്ലാസ്സ്മുറിക്ക് മുന്നിലെ വാകമരച്ചോട്ടില്‍ ഞാന്‍ ചെന്നിരുന്നു. എനിക്ക് ചുറ്റും കടും മഞ്ഞ നിറത്തിലുള്ള വാകപ്പൂക്കള്‍ പൊഴിഞ്ഞു കിടന്നിരുന്നു.

ചില്ലകള്‍ക്കിടയിലൂടെ തെളിഞ്ഞ ആകാശത്തെ നോക്കിയിരുന്നപ്പോള്‍ ഐ.എസ് തുര്‍ഗനേവിന്റെ പടിവാതില്‍ക്കല്‍ എന്ന നോവലില്‍ മസ്‌ക്വ നദിയുടെ തീരത്ത് കൂറ്റന്‍ നാരക മരത്തിന്റെ തണലില്‍ വിശ്രമിക്കാനിരുന്ന രണ്ട് സുഹൃത്തുക്കളുടെ ദൃശ്യം ഓര്‍മയിലേയ്ക്ക് വന്നു. ഹരി സാര്‍ വായിക്കാനായി തന്ന പുസ്തകമായിരുന്നു അത്. അതൊരു അപൂര്‍ണമായ നോവലായിട്ടാണ് എനിക്ക് തോന്നിയതെങ്കിലും അതിലെ പ്രകൃതിവര്‍ണനകള്‍ എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു.

ഞാനാ വാകമരച്ചോട്ടില്‍ മലര്‍ന്നു കിടന്നു. ആകാശത്തിലെ നക്ഷത്രങ്ങള്‍ കൂടുതല്‍ തിളക്കമുള്ളതായി എനിക്ക് തോന്നി. കോളേജിലെ ഓര്‍മ്മകള്‍ ഓരോന്നോരോന്നായി എന്നിലേയ്ക്ക് കടന്നുവന്നുകൊണ്ടിരുന്നു. എന്റെ കൂട്ടുകാര്‍ അവരുടെ സ്‌നേഹം പരിഗണന കരുതല്‍, പുസ്തകങ്ങളുടെ കൂട്ടുകാരനായ ഹരിസാര്‍. ഞങ്ങള്‍ക്കിടയിലെ വിചിത്രമായ സൗഹൃദം, ഉടഞ്ഞ ചില്ലുകുപ്പി പോലുള്ള ജീവിതം പേറിയ എന്റെ അന്ന, വേദനയുടെ മഹാസമുദ്രത്തില്‍ ഒറ്റയ്ക്കായ എന്റെ മനു. സ്‌നേഹം കൊണ്ട് എന്നെ ചേര്‍ത്തുപിടിച്ച എന്റെ സോണി, ഇവരുടെ ഓര്‍മകള്‍ എന്നെ ചുറ്റി വരിഞ്ഞുകൊണ്ടിരുന്നു. പിന്നെ ഞാന്‍ വെളിപ്പെടുത്താന്‍ ഭയപ്പെടുന്ന മഹാരഹസ്യവും. വാകമരത്തിന്റെ വേരുകളില്‍ അള്ളിപ്പിടിച്ചുകൊണ്ട് ഞാനാ സംഭവത്തെ ഓര്‍ത്തു. ഇതെഴുതുമ്പോഴും അതെന്നെ ഭയപ്പെടുത്തുന്നുണ്ട്. എന്നാലും പറയാതെ വയ്യ അതും കൂടി ചേരുമ്പോഴേ എന്നെ ഞാനാക്കിയ ആ കാലം പൂര്‍ണമാവൂ.

കോളേജിലെ ഹിസ്റ്ററി ബിരുദ വിദ്യാര്‍ഥിയായിരുന്നു ആ കര്‍ത്താവിന്റെ മാലാഖ. അതിസുന്ദരിയായിരുന്നു ആ തേജസ്വിനി. കശ്മീര്‍ താഴ്വരയില്‍ നിന്നും കുങ്കുമപ്പൂവുമായിവരുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രത്തിന് ഈ മാലാഖയുടെ മുഖമായിരുന്നു എന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നു. കര്‍ത്താവിന്റെ മണവാട്ടിയാകാന്‍ നിയോഗിക്കപ്പെട്ട ആ മാലാഖയ്ക്ക് ഞാന്‍ നാന്‍സിയെന്ന് പേരിടുന്നു. നാന്‍സി സിസ്റ്റര്‍ ഞങ്ങളോടൊപ്പം ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്.  നാന്‍സിയുടെ അമ്മച്ചിക്ക് ആറു മക്കളായിരുന്നു- നാലു പെണ്ണും രണ്ടാണും. അതിലേറ്റവും ഇളയവളായ നാന്‍സിയെ കര്‍ത്താവിന്റെ മണവാട്ടി ആക്കാമെന്നത് അമ്മച്ചിയുടെ നേര്‍ച്ചയായിരുന്നത്രെ! കൗമാരത്തിന്റെ മൃദുല വികാരങ്ങളിലേയ്ക്കും യൗവ്വനതൃഷ്ണകളിലേയ്ക്കും വഴുതി വീണുകൊണ്ടിരിക്കുന്ന ആ പെണ്‍കുട്ടിയെ വീട്ടുകാര്‍ കന്യാസ്ത്രീ പഠനത്തിനയച്ചു.

തിരുവസ്ത്രം സ്വീകരിച്ചതിനു ശേഷമായിരുന്നു ബിരുദപഠനത്തിനായി ഞങ്ങളുടെ കോളേജില്‍ ചേരുന്നതും ഹോസ്റ്റലില്‍ താമസമാക്കുന്നതും. ആദ്യത്തെ രണ്ടുവര്‍ഷക്കാലം ഞങ്ങള്‍ കാര്യമായി ഒന്നും തന്നെ സംസാരിച്ചിട്ടില്ലായിരുന്നു. ഇടയ്ക്ക് കാണുമ്പോഴുള്ള ചിരിയോ അപൂര്‍വമായി എന്തെങ്കിലും പറയുകയോ മാത്രമായിരുന്നു ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. മിക്കപ്പോഴും അവര്‍ കര്‍ത്താവിന്റെ തിരുരൂപത്തിന് മുന്നിലോ അതിന്റെ പരിസരപ്രദേശങ്ങളിലോ അല്ലെങ്കില്‍ പൂന്തോട്ടത്തിലെ ചെടികളെയും പൂക്കളെയും പരിചരിക്കുന്ന തിരക്കിലോ ആയിരിക്കും. സിസ്റ്ററെ കാണുമ്പോഴൊക്കെ അവരുടെ വശ്യമായ ചിരി കാണാന്‍ ഞാനവരെ നോക്കി ചിരിക്കുമായിരുന്നു. ചുവന്നു തുടുത്ത കവിളുകളില്‍ അങ്ങിങ്ങായി കൂമ്പിനില്‍ക്കുന്ന മുഖക്കുരു സിസ്റ്ററുടെ ഭംഗി കൂട്ടി.

ഒരു ദിവസം ഹോസ്റ്റലിലെ മതിലില്‍ പടര്‍ന്നുകിടക്കുന്ന ബൊഗെയ്ൻവില്ല ചെടികള്‍ക്ക് താഴെയിരുന്നു വായിക്കുന്ന എന്റെ അടുത്തേയ്ക്ക് സിസ്റ്റര്‍ വന്നു. സിസ്റ്ററുടെ സാമീപ്യം എന്നെ സന്തോഷവതിയാക്കി. ഞാന്‍ ആകാംക്ഷയോടെ അവരുടെ കണ്ണുകളിലേയ്ക്ക് നോക്കി. സിസ്റ്റര്‍ക്ക് എന്നോടെന്തോ പറയാനുള്ളതുപോലെ എനിക്ക് തോന്നി. പക്ഷേ, ഒരു മൗനം ഞങ്ങള്‍ക്കിടയില്‍ ആണ്ടുകിടന്നു. പുസ്തകം മടക്കിവച്ചുകൊണ്ട് ഞാന്‍ ചോദിച്ചു:

''സിസ്റ്റര്‍ക്ക് എന്നോടെന്തെങ്കിലും പറയാനുണ്ടോ?'' അവര്‍ തലകുനിച്ചു മിണ്ടാതിരുന്നതേയുള്ളൂ. ഞാനവരുടെ പച്ച ഞരമ്പുകള്‍ തെളിഞ്ഞുകാണുന്ന മൃദുലമായ കൈകളില്‍ പിടിച്ചു. സിസ്റ്ററുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

''എന്തുപറ്റി, എന്താ വിഷമിച്ചിരിക്കുന്നത്?'' ഒരു ദീര്‍ഘനിശ്വാസമെടുത്തുകൊണ്ട് അവര്‍ പറഞ്ഞു: ''നീ ഒത്തിരി വായിക്കുന്നതല്ലേ. പറയൂ രമ്യാ... എന്താണ് പുണ്യ പാപങ്ങള്‍?''

എനിക്കത്ഭുതം തോന്നി അത് പുറത്തുകാണിക്കാതെ ഞാന്‍ പറഞ്ഞു. ''എന്റെ പുണ്യപാപങ്ങള്‍ നിങ്ങളുടെ നിയമങ്ങള്‍ക്ക് പുറത്താണ്. ഇവിടെ ആത്മീയതയ്ക്കും ലൗകികതയ്ക്കും രണ്ടുനിയമങ്ങളല്ലേ സിസ്റ്റര്‍. മനുഷ്യജീവിതത്തെ കുറിച്ചുള്ള എന്റെ വ്യാഖ്യാനങ്ങള്‍ ഒരുപക്ഷേ, നിങ്ങളുടെ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായേക്കാം മാത്രമല്ല ദൈവവിരോധിയായ ഒരു പാപിയായിട്ടല്ലേ ഇവിടുള്ള കന്യാസ്ത്രീകളൊക്കെ എന്നെ കാണുന്നത്? ആ എന്നോടാണോ പുണ്യപാപങ്ങളെക്കുറിച്ചു ചോദിക്കുന്നത്?''

അല്‍പനേരം മിണ്ടാതിരുന്നിട്ട് സിസ്റ്റര്‍ പറഞ്ഞു:

''എനിക്ക് രമ്യയെ ഒരുപാടിഷ്ടമാണ്. പക്ഷേ, എന്ത് ചെയ്യാം. ഇവിടുത്തെ നിയമങ്ങള്‍ അനുസരിച്ചല്ലേ പറ്റൂ; ഇന്നിവിടെ ഒരു അത്താഴവിരുന്നു നടക്കുന്നുണ്ട്. അടുത്തുള്ള സെമിനാരിയില്‍ നിന്നും മഠത്തില്‍ നിന്നും കന്യാസ്ത്രീകളും വൈദികരും വൈദിക വിദ്യാര്‍ത്ഥികളും ഇങ്ങോട്ടു വരുന്നുണ്ട്. പ്രത്യേക പ്രാര്‍ഥനകളും കുര്‍ബാനയും ഉണ്ടാകും.''

ഇതൊന്നുമല്ല നാന്‍സി സിസ്റ്റര്‍ക്ക് എന്നോട് പറയാനുണ്ടായിരുന്നത് എന്നെനിക്ക് തോന്നി. എങ്കിലും ഞാനവരെ കേട്ടുകൊണ്ടിരുന്നു. എന്റെ അടുത്ത് വന്നിരുന്നപ്പോള്‍ അവരുടെ നിറഞ്ഞ കണ്ണുകള്‍ക്ക് എന്നോട് എന്തോ വലിയ രഹസ്യം പറയാനുള്ളതുപോലെ എനിക്ക് തോന്നിയിരുന്നു.

''രമ്യാ... ഞാന്‍ പോകുന്നു അധികനേരം ഇവിടെയിരുന്നാല്‍ മദറിന് ഇഷ്ടപ്പെടില്ല. ഞാന്‍ പിന്നെ വരാം.''

ഞാന്‍ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി. എന്നാലും എന്തായിരിക്കും സിസ്റ്റർക്ക് എന്നോട് പറയാനുണ്ടായിരുന്നത്? ഉത്തരം തേടി എന്റെ മനസ്സ് അലയുന്നുണ്ടായിരുന്നു.

അന്ന് വൈകിട്ട് അഞ്ചുമണി മുതല്‍ പല വാഹനങ്ങള്‍ ഹോസ്റ്റല്‍ മുറ്റത്ത് നിരന്നു. ചാപ്പലിനുള്ളില്‍ അള്‍ത്താര അലങ്കരിക്കുന്നതിനുള്ള തിരക്കിലായിരുന്നു ഹോസ്റ്റലിലെ പെണ്‍കുട്ടികളെല്ലാവരും. ഞാനും സോണിക്കൊപ്പം അവിടെയൊക്കെ ചുറ്റിപ്പറ്റി നിന്നു. വൈദികരും വൈദിക വിദ്യാര്‍ഥികളും കന്യാസ്ത്രീകളും വന്നുകൊണ്ടിരുന്നു. ചിലരൊക്കെ ഞങ്ങളെ നോക്കി ചിരിക്കുകയും കുശലം പറയുകയും ചെയ്തു. ആള്‍ക്കൂട്ടത്തിനിടയിലും ഞാന്‍ ശ്രദ്ധിച്ചത് സിസ്റ്റര്‍ നാന്‍സിയെയായിരുന്നു. അവര്‍ പതിവിലും കൂടുതല്‍ ഊര്‍ജസ്വലയും സുന്ദരിയുമായി കാണപ്പെട്ടു. കണ്ണുകള്‍ തിളക്കമേറിയും കവിളുകള്‍ വിളഞ്ഞുതുടുത്ത മാതളപ്പഴങ്ങള്‍ പോലെയുമിരുന്നു.

അന്ന് നടന്ന കുര്‍ബാനയില്‍ ഞാനും പിന്‍നിരക്കാരിയായി ഇരുന്നുകൊണ്ട് പ്രാര്‍ഥനകള്‍ കേട്ടു. കര്‍ത്താവിന്റെ മാംസവും രക്തവും സ്വീകരിക്കുന്നത് കൗതുകത്തോടെ നോക്കിയിരുന്നു. കര്‍ത്താവിന്റെ പീഡാനുഭവങ്ങള്‍ ഓര്‍ത്തപ്പോള്‍ ആ ദൈവപുത്രനോട് എനിക്ക് അതിയായ സ്‌നേഹം തോന്നി.

പ്രാര്‍ഥനകള്‍ക്കുശേഷം അവിടെ നടന്ന രുചിയേറിയതും വിഭവസമൃദ്ധവുമായ അത്താഴവിരുന്നു കഴിച്ചു. വൈദികരും കന്യാസ്ത്രീകളും ഹോസ്റ്റലില്‍നിന്നും തിരികെ പോയപ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു. ഉറങ്ങാനായി മുറിയിലേയ്ക്ക് പോകുമ്പോള്‍ പിന്നില്‍ നിന്നൊരു വിളികേട്ടു. തിരിഞ്ഞുനോക്കിയപ്പോള്‍ നാന്‍സി സിസ്റ്ററായിരുന്നു. അവര്‍ എന്നോടൊപ്പം എന്റെ മുറിയില്‍ കയറി വാതില്‍ ചാരി. എന്നിട്ട് നാലായി മടക്കിയ ഒരു പേപ്പര്‍ എന്റെ കയ്യില്‍ തന്നിട്ട് പറഞ്ഞു: ''ഞാന്‍ പോയതിനു ശേഷം രമ്യ ഇത് വായിക്കണം. ഈ ഭൂമിയില്‍ നമ്മള്‍ രണ്ടുപേരും മാത്രമേ ഇതറിയാന്‍ പാടുള്ളൂ...'' ഇത്രയും പറഞ്ഞിട്ട് സിസ്റ്റര്‍ തിടുക്കത്തില്‍ ഇറങ്ങിപ്പോയി. ഞാന്‍ പെട്ടെന്ന് വാതിലടച്ചു കട്ടിലില്‍ വന്നിരുന്നു ആകാംക്ഷയോടെ പേപ്പര്‍ നിവര്‍ത്തി വായിക്കാന്‍ തുടങ്ങി.

''എന്റെ പ്രിയപ്പെട്ടവളേ..

ഈ ലോകമെന്നെ പഴിച്ചാലും കര്‍ത്താവിന്റെ മുന്നില്‍ ഞാനൊരിക്കലും തെറ്റുകാരന്‍ ആവില്ല. നിന്നോടുള്ള പ്രണയം എന്റെ ഉറക്കം കെടുത്തുന്നു. കൂട്ടംതെറ്റിയ ആട്ടിന്‍കുഞ്ഞിനെപ്പോലെ ഞാന്‍ ദിക്കറിയാതെ പായുകയാണ്. എന്റെ കണ്മുന്നിലിപ്പോള്‍ നീ മാത്രമാണ്.'' എന്റെ പ്രിയേ... ഉത്തമ ഗീതത്തിലെ വാക്കുകള്‍ ഓര്‍മവരികയാണ്, ''പ്രേമം മരണത്തെപ്പോലെ ശക്തവും ജാരശങ്ക കുഴിമാടത്തെപ്പോലെ കഠിനവുമല്ലോ. അതിന്റെ ജ്വാലകള്‍ അഗ്‌നിജ്വാലകളാണ് അത് അത്യുഗ്ര തീനാളവുമാണ്. ഒരു ജലരാശിക്കും പ്രേമത്തെ കെടുത്താനാവില്ല. ഒരു പ്രളയത്തിനും അതിനെ മുക്കിക്കൊല്ലാനാവില്ല.'' അതുപോലെ കാഠിന്യമേറിയതാണ് എനിക്ക് നിന്നോടുള്ള പ്രണയവും. ദൈവപുത്രന്റെ തിരുരൂപത്തിനോടൊപ്പം ഞാന്‍ നിന്നെയും കാണുന്നു. ശാരോനിലെ പനിനീര്‍പ്പൂപോലെ സുന്ദരിയായവളേ... നിന്റെ ഓര്‍മകള്‍ പൊരിവെയിലത്തും എന്നില്‍ മഴപെയ്യിക്കുന്നു. നീ കൂടെയുണ്ടെങ്കില്‍ ചെങ്കുത്തായ കല്ലുവഴികള്‍ പോലും എനിക്ക് പട്ടുതൂവലാകും. നിന്നെ അവസാനമായി കണ്ടപ്പോള്‍ സ്ഫടികം തോറ്റുപോകുന്ന നിന്റെ കാല്‍നഖങ്ങളില്‍ ചുംബിക്കണമെന്നെനിക്ക് തോന്നി. എന്റെ പ്രിയേ...എന്റെ ലില്ലിപ്പൂന്തോട്ടമേ... ദൈവപുത്രന്‍ ഈ ഭൂമിയോട് ചെയ്തപോലെ നിന്റെ വേദനകളും പ്രണയവും എനിക്കു മാത്രമായിത്തന്നുകൊണ്ട് എന്നെ വിശുദ്ധനാക്കൂ...

ഇത് വായിച്ചു കഴിഞ്ഞതും എന്റെ ഹൃദയം പ്രണയത്താല്‍ നിറഞ്ഞു. സ്വപ്നതുല്യമായ ആ പ്രണയലേഖനത്തില്‍ ഞാന്‍ എന്നെത്തന്നെ മറന്നിരുന്നു. ഏതോ വൈദികന്‍ നാന്‍സി സിസ്റ്ററെ അഗാധമായി പ്രണയിക്കുന്നുണ്ട്. അദ്ദേഹം കൊടുത്ത പ്രണയലേഖനമാണ് അതെന്ന് എനിക്ക് മനസ്സിലായി. ആ രാത്രി അവരുടെ പ്രണയത്തെയോര്‍ത്ത് ഞാനുറങ്ങാതെ കിടന്നു. എത്ര സുന്ദരമായ വരികളാണ് ആ കത്തിലുണ്ടായിരുന്നത്! സിസ്റ്റര്‍ ആദ്യമായി എന്നോട് പറയാന്‍ ശ്രമിച്ചത് ഇതായിരുന്നെന്ന് എനിക്ക് മനസ്സിലായി. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അതേസമയം ഉളിലൊരു ഭയവും വന്നു മൂടി. ദൈവത്തിനു വേണ്ടി നിയോഗിക്കപ്പെട്ടവര്‍ക്ക് പ്രണയം നിഷിദ്ധമല്ലേ? ആരെങ്കിലും ഇതറിഞ്ഞാല്‍ കൊടിയ പാപം ചെയ്തവരെപ്പോലെ സമൂഹം അവരെ ഒറ്റപ്പെടുത്തില്ലേ? പല ചിന്തകള്‍ എന്നെ കഴുകന്റെ രൂപത്തില്‍ തിരിച്ചും മറിച്ചുമിട്ട് കൊത്തിവലിച്ചുകൊണ്ടിരുന്നു. ആ രാത്രി വെള്ളിവരയന്‍പാമ്പിനെപ്പോലെ തിളങ്ങിയും കെട്ടും എന്റെ മുന്നില്‍ പിണഞ്ഞുകിടന്നു. 

പിറ്റേദിവസം ലൈബ്രറിയിലിരിക്കുമ്പോള്‍ സിസ്റ്റര്‍ എന്റെ അടുത്തേയ്ക്ക് വന്നു. അവരുടെ മുഖത്ത് നാണമോ കുറ്റബോധമോ അങ്ങനെ എന്തൊക്കെയോ മിന്നിമറയുന്നുണ്ടായിരുന്നു. അവരെനിക്ക് അഭിമുഖമായി വന്ന് തലകുമ്പിട്ടിരുന്നു. ഞാനവരുടെ കൈകളില്‍ പിടിച്ചു. സിസ്റ്ററുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

''ഞാന്‍ എന്തുചെയ്യണം രമ്യാ? കുറച്ചുദിവസങ്ങളായി ഞാന്‍ വല്ലാത്ത പ്രതിസന്ധിയിലാണ്. ആരെങ്കിലും ഇതറിഞ്ഞാല്‍ പിന്നെ എന്തായിരിക്കും ഉണ്ടാകുന്നതെന്ന് ഊഹിക്കാമല്ലോ. എനിക്കാണെങ്കില്‍ അച്ചനെ മറക്കാനും പറ്റുന്നില്ല. അച്ചനും അങ്ങനെത്തന്നെയാണ്. സ്വന്തമായൊരു തീരുമാനമെടുക്കാനാവാതെ ഹൃദയം പൊട്ടിപ്പോകും എന്ന അവസ്ഥ വന്നപ്പോഴാണ് രമ്യയോട് പറയാമെന്നു കരുതിയത്.'' എന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടിക്കൂടി വന്നു. ഇത്രയും വലിയൊരു പ്രശ്‌നത്തെ എങ്ങനെയാണ് പരിഹരിക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് തല ചുറ്റുന്നതുപോലെ തോന്നി. സിസ്റ്ററുടെ കൈവിരലുകളില്‍ പിടിച്ച് അവരുടെ കണ്ണുകളില്‍ നോക്കി നിസ്സഹായായിരുന്നുകൊണ്ട് ഞാന്‍ പറഞ്ഞു:

''സിസ്റ്റര്‍ സമാധാനമായിരിക്ക് എന്തെങ്കിലും വഴി ഉണ്ടാവും.'' അച്ചന്‍ കത്തിലെഴുതിയതുപോലെ കര്‍ത്താവിന്റെ മുന്നില്‍ നിങ്ങള്‍ ഒരിക്കലും തെറ്റുകാരല്ല. മനുഷ്യന്റെ ശരികളിലല്ല, ദൈവത്തിന്റെ ശരിയില്‍ വിശ്വസിക്കൂ...''എന്റെ വാക്കുകള്‍ കേട്ടതും സിസ്റ്ററുടെ കണ്ണുകള്‍ തിളങ്ങി. അവരെന്റെ വിരലുകളില്‍ മുത്തി.

അല്‍പനേരം കൂടി എന്റെ അടുത്തിരുന്നിട്ട് സിസ്റ്റര്‍ ക്ലാസ്സിലേയ്ക്ക് പോയി. സിസ്റ്റര്‍ പോയതും ഹരിസാര്‍ എന്റെ അടുത്തേയ്ക്ക് വന്നിട്ട് ഒരു പുസ്തകം നീട്ടി ഡി വിനയചന്ദ്രന്റെ ''നരകമൊരു പ്രേമകവിതയെഴുതുന്നു'' എന്ന പുസ്തകമായിരുന്നു അത്. എനിക്കത്ഭുതം തോന്നി. എന്തുകൊണ്ടും ആ സാഹചര്യത്തിന് ഇണങ്ങുന്ന പേരായിരുന്നു അത്. അതുകൊണ്ടുതന്നെ എന്റെ ഉള്ളില്‍ ഒരു ചിരി പടര്‍ന്നു. സാറിന്റെ കയ്യില്‍നിന്നും ഞാനാ പുസ്തകം വാങ്ങി
മറിച്ചുനോക്കിക്കൊണ്ടിരുന്നു. എന്റെ മനസ്സില്‍ മുഴുവനും നാന്‍സി സിസ്റ്ററും അവരുടെ കുഴഞ്ഞുമറിഞ്ഞ പ്രണയവും മാത്രമായിരുന്നു.

ക്ലാസ്സിലിരിക്കുമ്പോഴും എന്റെ മനസ്സ് സിസ്റ്ററുടെ നിസ്സഹായത നിറഞ്ഞ കണ്ണുകളിലായിരുന്നു. അവര്‍ക്ക് ഒന്നിക്കണമെങ്കില്‍ ഈ സമൂഹത്തോട് എത്ര വലിയ യുദ്ധം ചെയ്യേണ്ടിവരുമെന്ന് ഓര്‍ത്തപ്പോള്‍ എന്റെ കണ്ണില്‍ ഇരുട്ട് കയറി. മതവും വിശ്വാസങ്ങളും എത്രമാത്രം മനുഷ്യവിരുദ്ധമാണെന്ന് എനിക്ക് തോന്നി. വൈകിട്ട് ഹോസ്റ്റലില്‍ എത്തിയപ്പോള്‍ സിസ്റ്റര്‍ ചാപ്പലിലെ അള്‍ത്താരയ്ക്ക് മുന്നിലിരുന്ന് പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. പിന്നെ കണ്ടത് അത്താഴം കഴിക്കാന്‍ പോകുമ്പോഴായിരുന്നു. എന്നെ കണ്ടതും കണ്ണുകള്‍ കൊണ്ട് സിസ്റ്റര്‍ എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഉറങ്ങുന്നതിനു മുന്‍പായി സിസ്റ്റര്‍ എന്റെ അടുത്തു വന്നു പറഞ്ഞു:
''ആ കത്ത് രമ്യ സൂക്ഷിക്കണം എന്റെ കയ്യില്‍ ഇരിക്കുന്നത് അപകടമാണ് ഞാന്‍ ചോദിക്കുമ്പോള്‍
തന്നാല്‍മതി.''
''സിസ്റ്റര്‍ പേടിക്കേണ്ട, ആ കത്ത് എന്റെ കയ്യില്‍ സുരക്ഷിതമായിരിക്കും.'' 
അവരെന്നെ സ്‌നേഹത്തോടെ കെട്ടിപ്പിടിച്ചു. സിസ്റ്റര്‍ പോയപ്പോള്‍ ഞാനാ കത്ത് വീണ്ടും വായിച്ചു. അവരുടെ പ്രണയം ആരും അറിയരുതേ എന്ന് ഞാന്‍ പ്രാര്‍ഥിച്ചു.

പിന്നീടുള്ള ദിവസങ്ങളില്‍ അച്ചനെ കണ്ടതും സംസാരിച്ചതും കത്ത് കൈമാറിയതുമെല്ലാം വളരെ രഹസ്യമായി സിസ്റ്റര്‍ എന്നോട് പറയുമായിരുന്നു. അച്ചന്‍ കൊടുത്ത കത്തുകള്‍ വായിക്കാനും സൂക്ഷിക്കാനുമായി സിസ്റ്റര്‍ എന്റെ കയ്യില്‍ തരുമായിരുന്നു. അതിലെ ഓരോ വരികളും എന്നെ മോഹിപ്പിച്ചിരുന്നു. ഇതുപോലൊരു കാമുകനാല്‍ ഭ്രാന്തമായി പ്രണയിക്കപ്പെടണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. മാത്രമല്ല പ്രണയലേഖനങ്ങള്‍ എന്റെ ജീവിതത്തില്‍ എത്രമാത്രം പ്രാധാന്യമുള്ള ഒന്നായിരുന്നെന്നു മറ്റൊരു പ്രണയലേഖനത്തിലൂടെ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു.

പെട്ടെന്നൊരു ദിവസം പുലര്‍ച്ചെ നാന്‍സി സിസ്റ്ററെ കാണാതായി. ചിലപ്പോഴൊക്കെ ഒന്നും രണ്ടും ദിവസങ്ങളിലൊക്കെ മറ്റു മഠങ്ങളില്‍ പോയി താമസിക്കാറുണ്ടായിരുന്നു അവര്‍. അങ്ങനെ ആയിരിക്കുമെന്നായിരുന്നു ആദ്യം ഞാന്‍ കരുതിയത്. പക്ഷേ, മൂന്നാലു ദിവസമായിട്ടും സിസ്റ്ററെ കാണാതിരുന്നതിനാല്‍ എനിക്ക് വല്ലാത്ത ഭയം തോന്നി. പലരോടും അന്വേഷിച്ചിട്ടും വ്യക്തമായി ഒന്നുംതന്നെ അറിയാനായില്ല. എനിക്കുറക്കം നഷ്ടപ്പെട്ടു. അച്ഛനും സിസ്റ്ററും തമ്മിലുള്ള ബന്ധം ആരെങ്കിലും അറിഞ്ഞുകാണുമോ എന്നതായിരുന്നു എന്റെ പേടി. ഒരിക്കലും അങ്ങനെ സംഭവിക്കരുതേ എന്ന് ഞാന്‍ മനസ്സുരുകി ആഗ്രഹിച്ചു. ക്ലാസ്സില്‍ പോകാനും പഠിക്കാനും പുസ്തകം വായിക്കാനും ഒന്നിനും എനിക്ക് കഴിയാതെയായി. സിസ്റ്റര്‍ക്ക് എന്തെങ്കിലും അപകടം പിണഞ്ഞു കാണുമോ?

അല്ലെങ്കില്‍ അവരുടെ പ്രണയം അറിഞ്ഞിട്ട് ആരെങ്കിലും അപായപ്പെടുത്തിയിട്ടുണ്ടാകുമോ? ഞാനാകെ അസ്വസ്ഥയായി. എന്നിലെ മാറ്റം കണ്ട് സോണി എന്നോട് കാര്യം തിരക്കി. ഒന്നുമില്ലെന്ന് പറഞ്ഞു ഞാന്‍ അവളില്‍നിന്നും ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു. എല്ലാവരോടും ദേഷ്യം തോന്നി. ആരോടും സംസാരിക്കാതെയായി. സിസ്റ്ററിന്റെ വിവരമറിയാതെ ഞാന്‍ വലഞ്ഞു. ഒരു ദിവസം ഞാന്‍ സോണിയോട് സിസ്റ്റര്‍ നാന്‍സിയെക്കുറിച്ചു ചോദിച്ചു. അവള്‍ക്കും
അവരെക്കുറിച്ചു ഒരറിവും ഉണ്ടായിരുന്നില്ല. എന്റെ കയ്യില്‍നിന്നും ഒരു പുസ്തകം സിസ്റ്റര്‍ വാങ്ങിയിട്ടുണ്ടെന്നും അതെനിക്ക് തിരികെ ലൈബ്രറിയില്‍ ഏല്‍പ്പിക്കണമെന്നും പറഞ്ഞാണ് അവളോട് സിസ്റ്ററെ തിരക്കിയത്. അതിനെത്തുടര്‍ന്ന് അവള്‍ അന്വേഷിച്ചപ്പോഴാണ് സിസ്റ്ററിനെ മറ്റൊരു മഠത്തിലേയ്ക്ക് മാറിയിരിക്കുകയാണെന്ന് അറിയാന്‍ കഴിഞ്ഞത്. അതെങ്ങോട്ടാണെന്ന് അത്ര അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. അവരെക്കുറിച്ചുള്ള ചിന്ത ദിനംപ്രതി എന്നെ അലട്ടിക്കൊണ്ടിരുന്നു. സിസ്റ്ററെ എന്തിനാവും അങ്ങോട്ട് മാറ്റിയത്? ആലോചിച്ചിട്ട് എനിക്കൊരെത്തും പിടിയും കിട്ടിയില്ല. ഭയം എന്നെ വലിഞ്ഞുമുറുക്കി.

എന്നിലേയ്ക്കെത്തുന്ന മനുഷ്യരെല്ലാം വിചിത്ര ജന്മങ്ങളായെനിക്ക് തോന്നി. എല്ലാവരും അവനവനെത്തന്നെ കത്തിച്ചു വെട്ടം കാണുന്നവര്‍; ആ വെട്ടംകൊണ്ട് മാത്രം ഇരുട്ട് താണ്ടുന്നവര്‍!

മാന്‍പേട മിഴികളുള്ള എന്റെ യെരുശലേം തോഴീ... എന്റെ ഓര്‍മകളില്‍ നീറും മെഴുകുതിരികള്‍ തെളിച്ചു നീ എങ്ങോട്ടാണ് പോയ്മറഞ്ഞത്? നിനക്കുവേണ്ടി എഴുതിയ പ്രണയാക്ഷരങ്ങള്‍ ആ ദൈവപുത്രന്റെ ഹൃദയാകൃതിയില്‍ എന്റെ നിറം മങ്ങിയ ചുവപ്പ് ഡയറിക്കുള്ളില്‍ ഇപ്പോഴും മിടിക്കുന്നുണ്ട്.

(തുടരും)