രമ്യ തുറവൂർ എഴുതുന്ന ആത്മകഥ 'പതിയാത്ത കാൽപ്പാടുകൾ'
ഡിഗ്രിക്ക് ഹോസ്റ്റലിൽ നിന്ന് പഠിക്കണമെന്ന് ഞാനാണ് അച്ഛനോട് ആവശ്യപ്പെട്ടത്. വീട്ടിലെ അന്തരീക്ഷത്തിൽ നിന്ന് ഒരു മാറ്റം അത്രമാത്രം ഞാൻ ആഗ്രഹിച്ചിരുന്നു. മലയാളം മുഖ്യവിഷയമായി പഠിക്കാനായിരുന്നു എനിക്കിഷ്ടം. പക്ഷെ ഹോസ്റ്റൽ സൗകര്യമുള്ള ആ കോളേജിൽ ബി. എ മലയാളം ഉണ്ടായിരുന്നില്ല. എങ്കിലും ഹോസ്റ്റലിൽ നിൽക്കാമല്ലോ എന്ന ഒറ്റക്കാരണം കൊണ്ട് ബി. കോമിനു ചേർന്നു. വീട്ടിൽനിന്നും മാറിനിൽക്കാൻ കഴിയുമല്ലോ. അത്രയേ അപ്പോൾ ചിന്തിച്ചിട്ടുണ്ടായിരുന്നുള്ളൂ.
കുട്ടിയമ്മയെ വിട്ട് പോകുന്നു എന്നതായിരുന്നു എന്റെ ഏറ്റവും വലിയ സങ്കടം. കുട്ടിയമ്മയെ കെട്ടിപ്പിടിച്ചു ഉറങ്ങുമ്പോൾ കിട്ടുന്ന സുരക്ഷിതത്വവും അവരുടെ ശരീരത്തിന്റെ ചൂടും മണവും കിട്ടില്ലല്ലോ എന്നത് വലിയ വേദനയായിരുന്നു. പിരിയാൻ കുട്ടിയമ്മയ്ക്കും സങ്കടമുണ്ടായിരുന്നു. പക്ഷെ എന്റെ മനസ്സ് മനസ്സിലാക്കിയിട്ടെന്നപോലെ എന്നോടവർ പോകാനാവശ്യപ്പെട്ടു. നന്നായി പഠിച്ചു മിടുക്കിയാവണമെന്ന് പറഞ്ഞു.
ചേർത്തല സെന്റ് മൈക്കിൾസ് കോളജിലായിരുന്നു ഞാൻ ഡിഗ്രിക്ക് ചേർന്നത.് അതുവരെ കണ്ടിരുന്ന അന്തരീക്ഷത്തിൽ നിന്ന് മാറി മറ്റൊരു ഇടത്തിലെത്തിയിരിക്കുന്നു. അക്കേഷ്യാ മരങ്ങളും വാകമരങ്ങളും നിറഞ്ഞുനിൽക്കുന്ന മനോഹരവും വിശാലവുമായ ക്യാമ്പസ്. പക്ഷേ അവിടെയെത്തിയപ്പോൾ എന്റെ ഉള്ളിൽ വിഷാദം കനം വെക്കുകയായിരുന്നു. കൂടെ പഠിക്കുന്നവരോട് എങ്ങനെ ഇടപെഴകാണമെന്നു എനിക്ക് അറിയില്ലായിരുന്നു. മനുഷ്യരിൽ എനിക്ക് അവിശ്വാസവും ഭയവുമായിരുന്നു. ആളുകളിൽ നിന്നും ആൾക്കൂട്ടത്തിൽനിന്നും ഇപ്പോഴും ഒഴിഞ്ഞുമാറുന്ന എനിക്ക് ആളുകളോട് എങ്ങനെ പെരുമാറണമെന്നുപോലും അറിയില്ലായിരുന്നു. അതുവരെയുള്ള ജീവിതത്തിൽ വളരെ കുറച്ചു മനുഷ്യർ മാത്രമായിരുന്നു എന്നെ സ്‌നേഹം എന്താണെന്ന് അനുഭവിപ്പിച്ചത്.
ക്ലാസ് തുടങ്ങിയ ആദ്യ ദിവസം എപ്പോഴത്തെയും പോലെ ബഞ്ചിന്റെ ഒരു മൂലയാണ് ഞാനും തിരഞ്ഞെടുത്തത്. ഒന്നാമതോ രണ്ടാമതോ മൂന്നാമതോ ഇരിക്കാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. ആരുടെയും ശ്രദ്ധയിൽ പെടാതെ അദൃശ്യയായിരിക്കാൻ ഞാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ക്ലാസ്സിലെ ഓരോരുത്തരും എന്റെ അടുത്ത വന്നു പേര് ചോദിക്കുകയും പരിചയപ്പെടുകയും ചെയ്തത് എന്നെ സന്തോഷിപ്പിച്ചു. എല്ലാവരും എന്നോട് പേര് ചോദിക്കുകയും പരിചയപ്പെടുകയും ചെയ്തപ്പോൾ ഒരാൾ മാത്രം ആരോടും മിണ്ടാതെ ഒറ്റയ്ക്കിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അഗസ്റ്റിൻ ലോറൻസ് എന്നായിരുന്നു അവന്റെ പേര്. എന്നെപ്പോലെ വിഷാദം കൊണ്ടുനടക്കുന്ന ഒരാളായി അവനെ എനിക്ക് തോന്നി. അവനറിയാതെ ഞാനവനെ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു.
ക്ലാസ്സ് കഴിഞ്ഞ വൈകുന്നേരം ഹോസ്റ്റലിലേയ്ക്കാണ് പോയത്. ക്രിസ്ത്യൻ മാനേജ്മന്റ് കോളേജ് ആയിരുന്നതിനാൽ ഹോസ്റ്റലിന്റെ നടത്തിപ്പ് ചുമതല കന്യാസ്ത്രീകൾക്കായിരുന്നു. നിറയെ ചെടികളും മരങ്ങളും നിറഞ്ഞ വലിയ മുറ്റവും രണ്ട് നിലകളുള്ള നീളൻ കെട്ടിടമായിരുന്നു ഹോസ്റ്റലിന്റെത്. ഹോസ്റ്റലിനോട് ചേർന്ന് ഒരു പ്രാർത്ഥനാലയവും ഉണ്ടായിരുന്നു. ഹോസ്റ്റലിനുള്ളിലേയ്ക്ക് കടന്നതും പരിചിതമല്ലാത്ത ഇടത്തേയും മനുഷ്യരെയും കണ്ട് എനിക്ക് വീർപ്പുമുട്ടി. താഴത്തെ നിലയിലെ രണ്ടാമത്തെ മുറിയായിരുന്നു എനിക്ക് തന്നിരുന്നത്. ഒരു കട്ടിലും ഒരു ഭിത്തി അലമാരയും ഒരു സ്റ്റൂളും ടേബിളുമായിരുന്നു ഓരോരുത്തർക്കുമായി ആ മുറിയിൽ ഉണ്ടായിരുന്നത്.
എന്നെക്കൂടാതെ രണ്ടുപേർകൂടിയുണ്ടായിരുന്നു ആ മുറിയിൽ എന്നത് എന്നെ അസ്വസ്ഥമാക്കിയിരുന്നു. എന്റെ സ്വകാര്യത നഷ്ടമാകുമോ എന്നത് എന്നെ അലട്ടി. ഉറങ്ങാൻ നേരം കാല് അഴിച്ചു മാറ്റി വയ്ക്കാനും മുറിവിൽ മരുന്ന് വെച്ച് പുരട്ടാനുമൊക്കെ എങ്ങനെ സാധിക്കുമെന്ന് ചിന്തിച്ചു ഞാൻ അസ്വസ്ഥയായി. അരക്ഷിതബോധം എന്നെ വരിഞ്ഞുമുറുക്കി. മറ്റൊരാൾ എന്റെ കാൽ കാണുന്നത് ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. തിരികെ വീട്ടിലേയ്ക്ക് പോയാലോ എന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങി. പക്ഷെ വീട്ടിലെ അന്തരീക്ഷവും പിന്നെ എല്ലാ ദിവസവും കോളേജിലേയ്ക്കുള്ള യാത്രയും അതുമൂലമുണ്ടാകുന്ന വേദനയുടെ കാഠിന്യവും ഓർത്തപ്പോൾ എന്ത് വന്നാലും ഹോസ്റ്റലിൽത്തന്നെ നിൽക്കാൻ തീരുമാനിച്ചു.
റെക്‌സി എന്നും പ്രീതിയെന്നും പേരുള്ള രണ്ടുപേരായിരുന്നു എന്നോടൊപ്പം മുറിയിൽ ഉണ്ടായിരുന്നത്. സുഖമില്ലാത്ത ഒരു കുട്ടിയോടുള്ള സഹതാപം അവരുടെ നോട്ടത്തിലും പെരുമാറ്റത്തിലും നിറഞ്ഞുനിന്നിരുന്നത് എന്നെ നിരാശയാക്കി. പക്ഷെ ഏതു പ്രതിസന്ധികളെയും തരണം ചെയ്ത് അവിടെത്തന്നെ നിൽക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. തിരുവസ്ത്രണമണിഞ്ഞ ദൈവത്തിന്റെ മാലാഖാമാർക്കും അപരിചിതമായ കുറെ മുഖങ്ങൾക്കുമിടയിൽ പടം പൊഴിഞ്ഞ പാമ്പിനെ പോലെ ഞാൻ കിടന്നു. ചുറ്റുമുള്ളവരെ കണ്ട് അർത്ഥമില്ലാത്ത ഞാൻ ചിരിച്ചു. അവരുടെ ചോദ്യങ്ങൾക്ക് അസ്വസ്ഥത പുറത്തുകാണിക്കാതെ മറുപടിയും പറഞ്ഞു.
ആദ്യ ദിവസം ഉറങ്ങാൻ കിടക്കുമ്പോൾ മുറിയിലുള്ളവർ ആരും കാണാതെ എന്റെ കാലഴിച്ചു പുതപ്പിനടിയിലാക്കി എന്റെ കുഞ്ഞിനെയെന്നപോലെ ഞാൻ ചേർത്തുകിടത്തി. എനിക്ക് കരച്ചിൽ വന്നു. കുട്ടിയമ്മയെയും അച്ഛനെയും അമ്മയെയും എനിക്ക് കാണാൻ തോന്നി. അവരെ കാണാത്ത ജീവിതത്തിലെ ആദ്യത്തെ രാത്രിയായിരുന്നു അത്. അന്നെനിക്ക് ഉറക്കമേ വന്നില്ല. കുട്ടിയമ്മയുടെ ശരീരത്തിന്റെ ചൂടും മുറിയിലാകെ തങ്ങി നിൽക്കുന്ന കർപ്പൂരാദി തൈലത്തിന്റെ മണവും എന്റെ രാത്രിയിൽ നിറഞ്ഞുനിന്നു.
ക്ലാസ്സിലെ കൂട്ടുകാർക്കിടയിൽ ഇരിക്കുമ്പോഴും ഏകാന്തത ഉറഞ്ഞുകൂടി. പിഴിഞ്ഞ തേയിലച്ചണ്ടി പോലെ ഞാൻ ഉരുണ്ടു വീർത്തു. ഓരോ പിരീഡും മാറിമാറി വരുന്ന അധ്യാപകരും അവർ പഠിപ്പിക്കുന്ന വിഷയങ്ങളും ഒന്നും മനസ്സിലാകാതെ വേറൊരു ലോകത്തിലെന്നപോലെ ഞാനിരുന്നു. ഇന്റർവെൽ സമയത്തായിരുന്നു ആൺകുട്ടികളിരിക്കുന്ന ഭാഗത്തുനിന്നും ഒരു പാട്ടു എന്നിലേയ്ക്ക് ഒഴുകിയെത്തിയത്. ഞാനങ്ങോട്ട് നോക്കിയപ്പോൾ ഞാനാദ്യം ശ്രദ്ധിച്ചിരുന്ന വിഷാദിയെന്നു തോന്നിപ്പിച്ച അഗസ്റ്റിൻ ആയിരുന്നു അത്. അതിമനോഹരമായി പാട്ടുപാടുന്ന സുന്ദരനായ അവന്റെ കണ്ണുകൾക്കും ചിരിക്കും വല്ലാത്ത ഭംഗിയായിരുന്നു. ഞാനവനെത്തന്നെ നോക്കിയിരുന്നു. പാടിക്കഴിഞ്ഞപ്പോൾ വളരെ നന്നായിരിക്കുന്നു എന്ന് അവന്റെ അടുത്തുചെന്ന് പറയാൻ എനിക്ക് തോന്നി. പക്ഷെ എന്റെ അന്തർമുഖത്വം അനുവദിച്ചില്ല.
വിരസവും അലസവുമായി ദിവസങ്ങൾ കടന്നുപോയി. അതിനിടയിൽ ക്ലാസ്സിലെ വിദ്യ, റൂബി, ലയാര എന്നിവരുമായി ഞാൻ കൂട്ടുകൂടി ഒരുപാട് നാളത്തെ പരിചയമെന്നപോലെ അവരെന്നോട് പെരുമാറി. എന്നെ ഒറ്റയ്ക്കിരിക്കാൻ അനുവദിക്കാതെ തമാശകൾ പറഞ്ഞും ചിരിപ്പിച്ചും എന്നെ അവരിലൊരാളാക്കി. ആ കൂട്ടുകാരെ മാത്രം ആശ്രയിച്ചു എന്റെ ഓരോ ദിവസങ്ങളും കടന്നുപോയി.
ഹോസ്റ്റൽ ജീവിതം മാറ്റമില്ലാതെ തുടർന്നു. നാല്പതോളം പെൺകുട്ടികൾക്കും അഞ്ചു കന്യാസ്ത്രീകൾക്കുമിടയിൽ ഗുഹാന്തരീക്ഷമുള്ള ഹോസ്റ്റലിൽ ഒരു ഭൂഗർഭത്തിലെന്നപോലെ ഞാൻ ജീവിച്ചു. എല്ലാ ദിവസവും ചാപ്പലിൽ നടക്കുന്ന പ്രാർത്ഥനകളിൽ മനസ്സില്ലാമനസ്സോടെ ഞാൻ പങ്കുചേർന്നു. ദൈവമെന്നത് വഴങ്ങാത്ത സങ്കല്പമായി എന്നിൽ തുടരവെയാണ് ഒരു കുരിശുരൂപത്തിന് മുന്നിൽ ചെന്നിരിക്കേണ്ടിവന്നത്. അതുവരെ പരിചിതമല്ലാതിരുന്ന ഭാഷയും പ്രാർത്ഥനകളും എന്നെ അസ്വസ്ഥയാക്കി. എനിക്ക് ദൈവത്തിനോട് ഒന്നും ആവശ്യപ്പെടാനില്ലായിരുന്നു. ദൈവമെന്നതിനു രൂപമില്ലെന്നും അത് സ്‌നേഹമാണെന്നുമുള്ള ചിന്തയിൽ എന്റെ വായന എന്നെ കൊണ്ടുചെന്നെത്തിച്ചിരുന്നു.
പിന്നീട് ഞാൻ പ്രാർത്ഥനകളിൽ പങ്കെടുക്കാതെയായി. പ്രാർഥനയോടുള്ള എന്റെ നിസ്സഹകരണം കന്യാസ്ത്രീമാരിൽ അസ്വസ്ഥതയുണ്ടാക്കി. സഹതാപത്തിന്റെ പേരിൽ എനിക്ക് തന്നിരുന്ന ആനുകൂല്യം അവർ പിൻവലിച്ചു. കുളിക്കാനും മറ്റാവശ്യങ്ങൾക്കുമായി ഹോസ്റ്റലിനുള്ളിത്തന്നെയുള്ള ഒരു ബാത്‌റൂം എനിക്കായി തുറന്നുതന്നിരുന്നു. അതവർ എനിക്ക് നിഷേധിച്ചു. ഒരിക്കൽപ്പോലും ഞാനതിനു പരാതിപ്പെട്ടിരുന്നില്ല. എന്റെ മുറിയിലുള്ളവരും മറ്റുകൂട്ടുകാരും എന്നോട് സൗഹൃദപരമായാണ് പെരുമാറിയിരുന്നതെങ്കിലും അതൊന്നും എന്റെ ഏകാന്തതയെയും വിഷാദത്തെയും അകറ്റിയിരുന്നില്ല. ഹോസ്റ്റലിലെ സ്വീകരണമുറിയിലെ ചില്ലലമാരയ്ക്കുള്ളിൽ കുറച്ചു പുസ്തകങ്ങൾ ഇരിക്കുന്നത് ആദ്യ ദിവസം തന്നെ എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഞാനാ അലമാര തുറന്ന് സിസ്റ്റർ മേരി ബനീഞ്ജയുടെ കവിതകൾ പുറത്തെടുത്തു. അന്ന് രാത്രി ഉറക്കമിളച്ചിരുന്ന് പുസ്തകത്തിലെ കവിതകളെല്ലാം വായിച്ചു. കളങ്കമില്ലാത്ത ഭക്തിയുടെയും പ്രാർത്ഥനയുടെയും വിശാലമായ ലോകത്തിനുള്ളിലായിരുന്നു ഞാനാരാത്രി മുഴുവനും. വായനയോടുള്ള എന്റെ താത്പര്യം കണ്ട് എന്റെ മുറിയിലെ പ്രീതിയാണ് കോളേജിലെ വിശാലമായ ലൈബ്രറിയെക്കുറിച്ച് എന്നോട് പറഞ്ഞത്.
അന്ന് ക്ലാസ്സിൽ എത്തിയതിനുശേഷം ഞാൻ ലൈബ്രറിയിലേയ്ക്കാണ് പോയത്. പക്ഷെ മുകളിലത്തെ നിലയിലാണ് ലൈബ്രറി എന്ന അറിവ് എന്നെ തകർത്തുകളഞ്ഞു. ആ കോണിപ്പടികൾ കയറി എന്റെ പ്രിയപ്പെട്ട എഴുത്തുകാരിലേയ്ക്ക് എത്താൻ ഞാൻ ഇനി എന്തുചെയ്യും? എനിക്ക് കരച്ചിൽ വന്നു. ആ കോണിപ്പടികൾക്ക് താഴെനിന്ന് എവറസ്റ്റിനെ നോക്കിക്കാണുന്ന പർവ്വതാരോഹകരെപോലെ ഞാൻ നിന്നു. ആ നിമിഷം പിന്നിൽ നിന്നൊരു ശബ്ദം കേട്ട് ഞാൻ തിരിഞ്ഞുനോക്കുമ്പോൾ തലേ ദിവസം ക്ലാസ്സിലിരുന്നു പാട്ടുപാടിയ അഗസ്റ്റിൻ ആയിരുന്നു അത്. 'മുകളിലേയ്ക്ക് കയറാൻ ഞാൻ സഹായിക്കാം' എന്നവൻ എന്നോട് പറഞ്ഞു.
ഞങ്ങളുടെ ക്ലാസ്സിൽത്തന്നെ പഠിക്കുന്ന മറ്റൊരാളും അവന്റെ കൂടെ ഉണ്ടായിരുന്നു. റോഷിൽ ക്രൂസ് എന്ന് പേരുള്ള ഒരു ആംഗ്ലോ ഇന്ത്യൻ പയ്യൻ. ലൈബ്രറിയിൽ എത്താനുള്ള അടങ്ങാത്ത ആഗ്രഹം കാരണം അവരുടെ സഹായം ഞാൻ സ്വീകരിച്ചു. അവർ രണ്ടാളും ചേർന്ന് എന്റെ ഇരുകൈകളിലും പിടിച്ചുകൊണ്ട് മെല്ലെ മുകളിലേയ്ക്ക് കയറ്റി. ഓരോ ചവിട്ടിലും അതീവ ശ്രദ്ധയോടെ അവരെന്നെ ചേർത്തുപിടിച്ചു.
ഭൂമിയിലെ ഏറ്റവും സുന്ദരമായ കാഴ്ച കണ്ടതുപോലെ പലരും ഞങ്ങളെത്തന്നെ നോക്കിനിന്നു. സൗഹൃദത്തിന്റെ ഏറ്റവും ആഴത്തിലേയ്ക്കും വിശാലതയിലേയ്ക്കുമുള്ള ആദ്യത്തെ ചുവടുവയ്പ്പായിരുന്നു അത്. അഗു എന്ന് ഞാൻ വിളിക്കുന്ന അഗസ്റ്റിനും റോഷൻ എന്ന് വിളിക്കുന്ന റോഷിൽ ക്രൂസും എന്റെ സൗഹൃദത്തിന്റെ ഏറ്റവും മനോഹരമായ ഭാഗമാണ്.
എന്നെ ലൈബ്രറിയിൽ എത്തിച്ചതിനുശേഷം കുറച്ചുകഴിഞ്ഞു വരാമെന്നു പറഞ്ഞവർ പോയി. പുസ്തകങ്ങൾ മാത്രമുള്ള ഒരു ലോകത്തെത്തിയിരിക്കുന്നു ഞാൻ. എന്റെ ഹൃദയം വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു. കോണിപ്പടികൾ കയറി വന്നതിന്റെ കിതപ്പും പിന്നെ അത്രയും പുസ്തകങ്ങൾ കണ്ടതിന്റെ അമ്പരപ്പും. അത്രയും വലിയൊരു ലൈബ്രറി ആദ്യമായായിരുന്നു ഞാൻ കാണുന്നത്. ഇതിലേതു പുസ്തകമെടുക്കും എന്ന ചിന്തയായിരുന്നു എന്നിൽ. എന്നെ കണ്ടതും അവിടുത്തെ ലൈബ്രേറിയൻ എന്നോട് ഇരിക്കാൻ ആവശ്യപ്പെടുകയും ഏത് പുസ്തകമാണ് വേണ്ടതെന്നു ചോദിക്കുകയും ചെയ്തു. ആ സമയം കണ്ണിൽപ്പെട്ടത് പെരുമ്പടവം ശ്രീധരന്റെ ഒരു 'സങ്കീർത്തനം പോലെ' എന്ന നോവലായിരുന്നു. ഉടൻതന്നെ ലൈബ്രേറിയൻ എനിക്കാ പുസ്തകം എടുത്ത് കൊണ്ടുവന്നു തന്നു. മറ്റു പുസ്തകങ്ങൾ നോക്കിയും ആഴ്ചപ്പതിപ്പുകൾ വായിച്ചും കുറെനേരം ഞാനവിടെ ചിലവഴിച്ചു. തിരികെ ക്ലാസ്സിലേയ്ക്ക് മടങ്ങണമെങ്കിൽ എന്റെ മുന്നിലെ കോണിപ്പടിയെന്ന ഏറ്റവും വലിയ ഇറക്കത്തെ താണ്ടണം. ആ കഠിനമായ പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്നു ചിന്തിച്ചിരിക്കുമ്പോഴാണ് അഗുവും റോഷനും അവിടെയെത്തിയത് .''കഴിഞ്ഞെങ്കിൽ നമുക്ക് പോകാം'' എന്നവർ വളരെ സ്വാഭാവികതയോടെ എന്നോട് പറഞ്ഞു. തിരികെ വരാമെന്നു പറഞ്ഞവർ മടങ്ങുമ്പോൾ വരുമെന്ന് ഞാൻ കരുതിയില്ല. എന്നെ ഓർത്ത് തിരികെകൊണ്ടുവരാൻ മാത്രമുള്ള ബന്ധമൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. എന്നിട്ടും അവർ വന്നത് ഞാൻ അതിശയത്തോടെ നോക്കി. അവർ എന്നോട് കാണിച്ച പരിഗണനയും കാരുണ്യവും സ്‌നേഹവുമോർത്ത് എന്റെ കണ്ണുകൾ നിറഞ്ഞു.
കയറ്റത്തേക്കാൾ എനിക്ക് ഏറ്റവും പ്രയാസം ഇറക്കമായിരുന്നു ഏതു നിമിഷവും നിലംപതിച്ചേക്കാൻ സാധ്യതയുള്ളതായിരുന്നു എനിക്ക് ഇറക്കമെന്നുള്ളത്. അത് ഓരോ ചുവടിലായാലും മനുഷ്യരിൽനിന്നായാലും ഇറക്കമെന്നത് എന്നെ അത്രയും വേദനിപ്പിച്ചിരുന്നു. എന്റെ ഇരുകൈകളിലും മുറുക്കെ പിടിച്ചുകൊണ്ട് എന്റെ കാൽപ്പാദങ്ങളിൽ മാത്രം ശ്രദ്ധിച്ചുകൊണ്ട് അതിസൂക്ഷ്മമായി അവരെന്നെ ഓരോ പടികളുമിറക്കി. എന്റെ കാല് നന്നായി വേദനിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ വിരലുകൾ കോർത്തുപിടിച്ചു കോളേജ് വരാന്തയുടെ ഇടനാഴിയിലൂടെ നടന്ന് ഞാൻ ക്ലാസ്സിലെത്തി. ക്ലാസ്സിലുള്ളവർ ഞങ്ങളെ മൂന്നുപേരെയും നോക്കി. ക്ലാസ്സിൽ കയറി തിരികെ സീറ്റിൽ ഇരിക്കുമ്പോൾ എന്റെ ഇടതു കൈവെള്ള നനഞ്ഞിട്ടുണ്ടായിരുന്നു. അഗുവിന്റെ ഉള്ളംകൈ നന്നായി വിയർക്കുമായിരുന്നു. അവന്റെ കൈവെള്ളയിൽ നിന്നും നനവ് എന്റെ കൈവിരലുകളിലും പടർന്നിരുന്നു. ക്ലാസ്സ് സമയങ്ങളിൽ ഇടയ്ക്കിടെ ഞാനവനെ നോക്കുമായിരിക്കുന്നു, അവൻ എന്നെയും. അവന്റെ പാട്ട് വീണ്ടും കേൾക്കാൻ എനിക്കാഗ്രഹം തോന്നി.
ഹോസ്റ്റലിലെത്തി രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ് കിടക്കാൻ നേരം 'ഒരു സങ്കീർത്തനം പോലെ' ഞാൻ വായിക്കാനെടുത്തു. അതിലേയ്ക്ക് കടന്നതും ദസ്തയോവ്സ്‌കി എന്ന റഷ്യൻ എഴുത്തുകാരന്റെ അരാജകത്വവും അരക്ഷിതത്വവും അലസമായതും ഉന്മാദം നിറഞ്ഞതുമായ ഒരു ജീവിതത്തെയാണ് കണ്ടത്. ഓരോ വരികളിലൂടെ കടന്നുപോകുമ്പോഴും എഴുത്തുകാരന്റെ അത്ഭുതലോകത്തിലൂടെ വിസ്മയത്തോടെയാണ് ഞാൻ കടന്നുപോയത്. ആ രാത്രിയിരുന്ന് ഞാൻ പുസ്തകം മുഴുവനും വായിച്ചുതീർത്തു. പിന്നെ എനിക്കുറക്കമേ വന്നില്ല ദസ്തയോവ്‌സ്‌കി എന്ന ഉന്മാദിയായ മനുഷ്യൻ എന്നെ പിന്തുടർന്നുകൊണ്ടേയിരുന്നു. ഞാനെന്റെ കിടയ്ക്കക്കരികിലെ ജനാലകൾ തുറന്നു പുറത്തെ പൂന്തോട്ടത്തിനരികിലായി നിൽക്കുന്ന വലിയ സപ്പോർട്ടാ മരങ്ങളെയും അതിന്റെ ഇലകൾക്കിടയിൽ തുളുമ്പി നിൽക്കുന്ന നിലാവിനെയും അതിനു താഴെയായി പടർന്നു കിടക്കുന്ന പുൽത്തകിടിയേയും നോക്കിയിരുന്നു.
ഇളം തണുത്ത കാറ്റിൽ വിളഞ്ഞ സപ്പോർട്ടാ പഴങ്ങളുടെ ഗന്ധം അവിടമാകെ പടർന്നിരുന്നു. ചൂതാട്ടക്കാരനായ, മദ്യപാനിയായ, ദിവ്യോന്മാദിയായ, ചുഴലി ദീനക്കാരൻ എന്റെ ഹൃദയത്തെ ആകെ ഉലച്ചു. ഞാനാകാശത്തേയ്ക്ക് നോക്കി. നക്ഷത്രങ്ങളൊക്കെ മറ്റേതോ രൂപങ്ങൾ പ്രാപിച്ചിരിക്കുന്നു. ഇളം ചുവപ്പും മഞ്ഞയും നിറത്തിലവ തിളങ്ങുന്നുണ്ടായിരുന്നു. ആ ജനാലയിൽ ചാരിയിരുന്ന് ഇറങ്ങിപ്പോയത് ഞാൻ അറിഞ്ഞതേയില്ല. രാവിലെ മുറിയിലെ പ്രീതിതട്ടി വിളിച്ചപ്പോഴായിരുന്നു ഞാൻ ഞെട്ടി ഉണർന്നത്. നല്ല ക്ഷീണം ഉണ്ടായിരുന്നെങ്കിലും വേഗം കുളിച്ചു തയ്യാറായി കോളേജിലേയ്ക്ക് പോകാൻ തിടുക്കപ്പെട്ടു. ലൈബ്രറിയിൽ എത്തിയിട്ട് വേണം ദസ്തയോവ്‌സ്‌കിയെ വായിച്ചുതുടങ്ങാൻ. ക്ലാസ്സിലെത്തിയതും ഇന്റർവെല്ലാകാൻ കാത്തിരുന്നു.
ലൈബ്രറിയിലേയ്ക്കുള്ള കോണിപ്പടികൾ കയറാൻ അഗുവിനോട് സഹായം ചോദിച്ചാലോ എന്നാലോചിച്ചിരിക്കുമ്പോഴായിരുന്നു എന്നെ ഞെട്ടിച്ചുകൊണ്ട് അവൻ ഇങ്ങോട്ട് വന്നു ചോദിച്ചത്: 'നിനക്ക് ലൈബ്രറിയിൽ പോകണോ?' ഇത്ര ചുരുങ്ങിയ ദിവസം കൊണ്ട് അവനെന്റെ മനസ്സ് എങ്ങനെയാണ് വായിക്കാൻ കഴിഞ്ഞത് എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു. ഞാനവനുമായി ലൈബ്രറിയിലേയ്ക്ക് നടന്നപ്പോൾ എന്റെ കൂട്ടുകാരിയായ വിദ്യയും ഞങ്ങളോടൊപ്പം കൂടി അവരിരുവരുടെയും കൈവിരലുകൾ കോർത്തു പിടിച്ചുകൊണ്ട് ഞാൻ നടന്നു. അവർക്ക് വായനാശീലം ഒട്ടും തന്നെ ഉണ്ടായിരുന്നില്ലെങ്കിലും എനിക്ക് വേണ്ടി അവർ ലൈബ്രറിയിലെ സന്ദർശകരായി.
ആർത്തിയോടെയാണ് ഞാൻ ലൈബ്രറിയിലേയ്ക്ക് കയറിയത് ദസ്തയോവ്‌സ്‌കിയുടെ പുസ്തകം ലൈബ്രേറിയനോട് ചോദിച്ചപ്പോൾ അദ്ദേഹം എടുത്ത് തന്നത് കുറ്റവും ശിക്ഷയുമായിരുന്നു. അത് വാങ്ങി അവിടെത്തന്നെയിരുന്നു വായിച്ചുതുടങ്ങിയപ്പോൾ എന്നെ കോണിപ്പടികളിറക്കാനായി അഗുവും വിദ്യയുമെത്തി. കോളേജ് വരാന്തയിലൂടെ അഗുവിന്റെ കൈവിരലുകൾ കോർത്തുനടക്കുമ്പോൾ അവന്റെ കൈകൾ തന്നിരുന്ന സുരക്ഷിതത്വം വളരെ വലുതായിരുന്നു. പാട്ടു പാടിയും കളി തമാശകൾ പറഞ്ഞും ഒഴിവുസമയങ്ങളിലെല്ലാം അവൻ എന്റെ കൂടെയിരുന്നു. ഞങ്ങളോടൊപ്പം റോഷനും വിദ്യയും റൂബിയും ലയാരയും കൂടി. കോളേജിലെ എന്റെ ലോകം തന്നെ അവരായിരുന്നു.
പതിവുപോലെ രാത്രി കിടക്കാൻ നേരം പുസ്തകം വായിക്കാനെടുത്തു. കുറ്റവും ശിക്ഷയും വലിയൊരു പുസ്തകമായിരുന്നു. അത് തുറന്നു വായിച്ചു തുടങ്ങിയപ്പോൾ ചുറ്റുമുള്ളതെല്ലാം ഞാൻ മറന്നു. എന്റെ മുന്നിലൂടെ ഒരു രാത്രി കടന്നുപോയതുപോലും ഞാൻ അറിഞ്ഞില്ല. പിറ്റേന്നു പുലർച്ചെ ആറു മണി വരെ ഞാൻ വായന തുടർന്നു. ഉറക്കവും ക്ഷീണവും എന്നെ കീഴ്പ്പെടുത്തി. അന്ന് കോളേജിൽ പോകാതെ പകലുറങ്ങി. ഉച്ചയ്ക്കുശേഷം വീണ്ടും വായന തുടർന്നു. ആ രാത്രി പാതിയോളമെത്തിയപ്പോൾ ആ നോവൽ ഞാൻ വായിച്ചുപൂർത്തിയാക്കിയിരുന്നു.
ദസ്തയേവ്‌സ്‌കിയുടെ കഥാപാത്രങ്ങളിലൂടെ കടന്നുപോയപ്പോൾ മനുഷ്യമനസ്സിന്റെ സങ്കീർണതകൾ എന്നെ അത്ഭുതപ്പെടുത്തി. ദൈവവും പിശാചും ഒരു മനുഷ്യനിൽത്തന്നെ ജീവിച്ചിരിക്കുന്നു. ഒരേ സമയം നിഷ്‌കളങ്കനും കൊലപാതകിയുമായ ഒരുവന്റെ മാനസിക സഞ്ചാരങ്ങൾ എന്റെ ആ രാത്രിയെ ആകെ വിഴുങ്ങി. കനം തിങ്ങിക്കൂടിയ മനസ്സുമായാണ് പിറ്റേന്ന് ക്ലാസ്സിലേക്ക് പോയത്. ചൂതാട്ടക്കാരനായിരുന്നു അന്ന് ഞാൻ എടുക്കാൻ ആഗ്രഹിച്ച പുസ്തകം. ഞാൻ ക്ളാസ്സിൽ എത്തിയതും എന്റെ കൂട്ടുകാർ എന്റെ അടുക്കലേയ്ക്ക് ഓടിയെത്തി. തലേ ദിവസം വരാതിരുന്ന കാര്യം തിരക്കി പരിഭവപ്പെട്ടു. എന്റെ അസാന്നിധ്യം അവരിലുണ്ടാക്കിയ അസ്വസ്ഥതയോർത്ത് സന്തോഷം കൊണ്ട് ഞാൻ നിറഞ്ഞു. ഉറങ്ങാതിരുന്ന് പുസ്തകം വായിച്ചതുകൊണ്ടാണ് വരാതിരുന്നതെന്നു ഞാൻ പറഞ്ഞത് കേട്ട് അവർ എന്നെ കളിയാക്കി. എന്റെ വായനയും ഭ്രാന്തും കവിതയെഴുത്തും ഒരിക്കൽപ്പോലും അവർക്ക് മനസ്സിലാകുമായിരുന്നില്ല. എങ്കിലും എന്നോട് കൂട്ടുകൂടിയും എന്റെ കൈ പിടിച്ചും എന്റെ കാൽചുവടുകൾ ശ്രദ്ധിച്ചും അവർ എന്നോടൊപ്പം നടന്നു. അന്തർമുഖത്വത്തിന്റെ പുറംതോട് പൊട്ടിച്ച് അവരെന്നെ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും മനുഷ്യബന്ധങ്ങളുടെയും മറ്റൊരു ലോകത്ത് എത്തിച്ചു.
(തുടരും)
Content Highlights: remya thuravoor autobiography pathiyatha kalppadukal column
Published: 12 Nov 2024, 05:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented