
ഹോസ്റ്റല്‍ വാര്‍ഡനോടുള്ള തര്‍ക്കങ്ങള്‍ക്കുശേഷം അവിടുള്ള മറ്റു കന്യാസ്ത്രീകള്‍ ആരും തന്നെ എന്നോട് മിണ്ടാതായി. പക്ഷേ, അവിടുത്തെ മറ്റു പെണ്‍കുട്ടികള്‍ എന്നോട് സ്‌നേഹത്തോടെയായിരുന്നു പെരുമാറിയിരുന്നത്. അന്ന പോയതിനുശേഷം ആ മുറിക്കുള്ളില്‍ ഞാനൊറ്റയ്ക്കായിരുന്നു. ഒരു തരത്തില്‍ ഒറ്റയ്ക്കുള്ള ജീവിതം എനിക്ക് ആശ്വാസമായിരുന്നു. എന്റെ സ്വകാര്യതയിലേയ്ക്ക് മറ്റാരും കടന്നുവരാതിരിക്കാനും ഞാന്‍ ആഗ്രഹിച്ചു. ഒഴിവുദിവസങ്ങളില്‍ കൂടുതല്‍ സമയവും പുസ്തകവായനയില്‍ മുഴുകി. ചിലപ്പോഴൊക്കെ കവിതകളെഴുതി. വിശാലമായ കോളേജ് കാമ്പസ്സിന്റെ പിന്നിലായിരുന്നു ഹോസ്റ്റല്‍ സ്ഥിതിചെയ്തിരുന്നത്. ഹോസ്റ്റലിന്റെ മുന്നിലെ മതിലില്‍ ചാരിയിരുന്ന് കാമ്പസിലെ വാകമരങ്ങളെയും അക്കേഷ്യാ മരങ്ങളെയും നോക്കി ഞാന്‍ ഏറെ നേരമിരുന്നു. കോളേജിലെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ കുറിച്ചോര്‍ത്തു. അവിടെയിരുന്നാല്‍ അനാഥാലയത്തിന്റെ കെട്ടിടത്തിന്റെ മൂന്നാം നില കാണാം. അപ്പോളൊക്ക മനു എന്റെ ഓര്‍മയിലേക്ക് കടന്നുവന്നു. അവന്‍ അവിടെ നിന്ന് എന്നെ നോക്കുന്നുണ്ടാകുമോ എന്നൊക്കെ ഞാന്‍ ചിന്തിച്ചു. അവനെ കാണാന്‍ അതിയായ ആഗ്രഹം തോന്നുമായിരുന്നു.
അന്ന പോയതിനുശേഷമാണ് ഞാന്‍ ഇടയ്ക്കിടയ്ക്ക് വീട്ടില്‍ പോകാന്‍ തുടങ്ങിയത്. അവിടെ ചെന്ന് കുട്ടിയമ്മയോട് കൂട്ടുകാരുടെ വിശേഷങ്ങളൊക്കെ പറഞ്ഞ് അവരുടെ മടിയില്‍ കുറേനേരം കിടക്കുമായിരുന്നു. ഇന്നും ഞാനൊരു ഭൂതകാലത്തിന്റെ തടവുകാരിയാണ്. ഒറ്റയ്ക്കിരിക്കുന്ന നേരത്തെല്ലാം നിലവില്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും സംശയിക്കുമാറ് ഞാന്‍ ഭൂതകാലത്തില്‍ കെട്ടിക്കിടക്കാറുണ്ട്. വേദനിപ്പിക്കുന്നതാണെങ്കിലും ഞാന്‍
വീണ്ടും വീണ്ടും ഓര്‍മകളിലേക്കുതന്നെ നടക്കാറുണ്ട്.
സന്ധ്യയാകുമ്പോള്‍ ഹോസ്റ്റലിലെ ഹാളില്‍ മറ്റു കൂട്ടുകാരോടൊപ്പം പാട്ടുപാടാനും വര്‍ത്തമാനം പറയാനുമൊക്കെ ഞാനും കൂടി. ഞാന്‍ പാട്ടുപാടുന്നത് എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. മിക്ക ദിവസങ്ങളിലും അവര്‍ എന്നെക്കൊണ്ട് പാട്ടുകള്‍ പാടിക്കാറുണ്ട്. പാട്ട് പാടാന്‍ എനിക്കും ഇഷ്ടമായിരുന്നു. അതിലൊരാള്‍ മാത്രമായിരുന്നു എന്നോട് തമിഴ് പാട്ടുകള്‍ പാടാന്‍ ആവശ്യപ്പെട്ടിരുന്നത്. സോണി അലോഷ്യസ് എന്നായിരുന്നു അവളുടെ പേര്. ഞങ്ങള്‍ അടുത്തടുത്ത മുറികളിലായിരുന്നു താമസിച്ചിരുന്നത്. ചിലപ്പോഴൊക്കെ എന്റെ മുറിയിലേയ്ക്ക് വന്ന് അവള്‍ എന്നോട് കുറെ വര്‍ത്തമാനങ്ങള്‍ പറയുമായിരുന്നു. അതീവ സുന്ദരിയായിരുന്നു സോണി. വിടര്‍ന്ന കണ്ണുകളും മനോഹരമായ ചിരിയുമായിരുന്നു അവളുടേത്. അവളോട് സംസാരിക്കുമ്പോഴൊക്കെ മനസ്സില്‍ സന്തോഷം നിറഞ്ഞിരുന്നു. എന്നെ ഒത്തിരി ഇഷ്ടമാണെന്ന് അവള്‍ ഇടയ്ക്കിടെ പറയുമായിരുന്നു. ഹോസ്റ്റലിലെ പ്രാര്‍ഥനാനേരങ്ങളില്‍ ഞാന്‍ മുറിയില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ സോണി പ്രാര്‍ഥനയില്‍ പങ്കെടുക്കാതെ എന്റെ അടുത്തുവന്നിരിക്കുമായിരുന്നു. വളരെ പെട്ടന്നായിരുന്നു ഞങ്ങള്‍ അടുത്ത കൂട്ടുകാരായി മാറിയത്. പക്ഷേ, അവളോടൊപ്പമുള്ള സമയങ്ങളിലൊക്കെ ഞാന്‍ ചിന്തിച്ചത്, ''ദൈവമേ... ഇവളും അതിരില്ലാത്ത സങ്കടങ്ങള്‍ പേറുന്നവളാണോ? ഇവള്‍ക്കുമുണ്ടാകുമോ കഠിനമായ വേദന നിറഞ്ഞ ജീവിതം? തീരാദുഃഖങ്ങളുള്ള മനുഷ്യര്‍ മാത്രമാണല്ലോ എന്നില്‍ വന്നുചേരുന്നത്. ഈ ഹോസ്റ്റല്‍ ജീവിതത്തില്‍ ഞാന്‍ സ്‌നേഹിച്ച മനുഷ്യര്‍ ഈ ജീവിതത്തിലുടനീളം എനിക്ക് തീരാത്ത വേദനയാണ് തന്നത്. അതിന്റെ തുടര്‍ച്ചയെന്നോണം ആയിരിക്കുമോ ഇവളുടെയും വരവ്?''
സോണി എന്റെ അടുത്ത് വന്നിരിക്കുമ്പോള്‍ അടുത്ത നിമിഷം അവളുടെ സങ്കടങ്ങള്‍ എന്നോട് പറയുമോ എന്നായിരുന്നു എന്റെ ആശങ്ക. പക്ഷേ, എന്നോടവള്‍ പാട്ടുകള്‍ പാടിത്തരാന്‍ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്. ഞാന്‍ പാടുമ്പോള്‍ ചിലപ്പോഴൊക്കെ അവള്‍ ചെറിയ നൃത്തച്ചുവടുകള്‍ വയ്ക്കും. അവളുടെ പ്രവൃത്തികള്‍ എന്നില്‍ വല്ലാത്ത കൗതുകമുളവാക്കി. ഇളംകറുപ്പ് നിറമുള്ള അവളുടെ ശരീരത്തിന്റെ മൃദുചലനങ്ങളും ആരെയും ആകര്‍ഷിക്കുന്ന തരത്തിലായിരുന്നു. അവളുടെ അഴിഞ്ഞുലഞ്ഞ ഇടതൂര്‍ന്ന മുടിയും കണ്ണുകളും തെല്ലസൂയയോടെ ഞാന്‍ നോക്കിയിരുന്നിട്ടുണ്ട്. തമിഴ് സിനിമകളുടെ കടുത്ത ആരാധികയായിരുന്നു സോണി. അതുകൊണ്ടുതന്നെ എന്നോട് പാടാന്‍ ആവശ്യപ്പെടുന്നതും തമിഴ് പാട്ടുകളായിരുന്നു. ഞാനുമൊരു തമിഴ്പ്രേമി ആയതുകൊണ്ടും ഇളയരാജയുടെ ആരാധിക ആയതുകൊണ്ടും തമിഴ് പാട്ടുകള്‍ പലതും എനിക്ക് അറിയാമായിരുന്നു.
''മന്നവന്‍ പേരെ സൊല്ലി
മല്ലികയ് സൂടികൊണ്ടേന്‍
മന്മഥന്‍ പാടല്‍ ഒന്‍ഡ്രു
നെഞ്ചൂക്കുള്‍ പാടികൊണ്ടേന്‍''
എന്ന് പാടുമ്പോള്‍ അവളെന്നെത്തന്നെ നോക്കിയിരുന്നുകൊണ്ട് പറയുമായിരുന്നു ''നിന്നെക്കാണാന്‍ ശരിക്കും ഒരു തമിഴത്തിയെ പോലെ തന്നെയുണ്ട്. ''ഞാനത് ചിരിച്ചു തള്ളിയെങ്കിലും പില്‍ക്കാലത്തു എന്നോട് പലരുമത് പറഞ്ഞിട്ടുണ്ട്. തമിഴ്‌നാടും അവിടുത്തെ സംസ്‌കാരവും എനിക്ക് വളരെയധികം ഇഷ്ടമായിരുന്നു. അവിടുത്തെ മലകളും പുഴകളും വയലും ജമന്തിപ്പൂപാടങ്ങളും. കടുംനിറങ്ങളിലുള്ള സാരിയുടുത്ത് മുല്ലപ്പൂക്കള്‍ ചൂടി കുപ്പിവളകളണിഞ്ഞു കാലില്‍ കൊലുസ്സും മിഞ്ചിയുമിട്ട് മണ്‍പാതയിലൂടെ നടന്നു നീങ്ങുന്ന സുന്ദരികളായ തമിഴ് സ്ത്രീകളും എന്നെ മോഹിപ്പിക്കാറുണ്ടായിരുന്നു.
ഒരിക്കല്‍ അവിടെ പോകണമെന്നതും എന്റെ ആഗ്രഹമായിരുന്നു. അന്നയുടെ സഹായത്തോടെ തമിഴ് എഴുതാനും വായിക്കാനും പഠിച്ചതിനാല്‍ തമിഴ് പുസ്തകങ്ങള്‍ തേടിപ്പിടിച്ചു വായിക്കുമായിരുന്നു ഞാന്‍. കോളേജ് ലൈബ്രേറിയാനായിരുന്ന സെബാസ്റ്റ്യന്‍ ചേട്ടനായിരുന്നു എനിക്ക് സുബ്രമണ്യ ഭാരതീയാര്‍ കവിതകള്‍ വായിക്കാന്‍ തന്നത്. പലയാവര്‍ത്തി ആ കവിതകളിലൂടെ കടന്നുപോയി. അതിലെ ഓരോ വരികളിലെയും അപാരമായ പ്രണയ വര്‍ണനകളിലൂടെ ഞാന്‍ സ്വപ്നത്തിലെന്ന പോലെ കടന്നുപോയി. ഹോസ്റ്റലിലെ മതിലിനു മുകളിലായി പടര്‍ന്നു കിടക്കുന്ന ബോഗന്‍വില്ല ചെടികള്‍ക്ക് താഴെ ചാരിയിരുന്ന് വായിക്കാന്‍ എനിക്കിഷ്ടമായിരുന്നു. പകല്‍ നേരങ്ങളില്‍ ഞാന്‍ വായിക്കുന്നത് അവിടെയിരുന്നായിരുന്നു. ഇടയ്ക്കിടെ എന്റെ മടിയിലേയ്ക്കു പൊഴിഞ്ഞുവീഴുന്ന കടും ചുവപ്പ് നിറമുള്ള പൂക്കള്‍ എന്നെ ആനന്ദിപ്പിച്ചു. ഇളം തണുത്ത കാറ്റടിക്കുന്ന സുഖമുള്ള ആലസ്യത്തോടെ കവിതയിലെ പ്രണയത്തിലൂടെ ഞാന്‍ പാറി നടന്നു.
''പായും ഒളി നീ എനക്ക്
പാക്കും വിഴി നാന്‍ ഉനക്ക്
തോയും മധു നീ എനക്ക്
തുമ്പിയെടീ ഞാന്‍ ഉനക്ക്
വായുരയ്ക്ക വറുകതില്ലേയ്
വാഴി നിന്‍ട്രന്‍ മേന്മയില്ലേയ്
തൂയ സുടര്‍ വാനൊലിയെ
സൂരയ് അമുതേ കണ്ണമ്മാ...''
എന്ന് തുടങ്ങുന്ന ഭാരതീയാര്‍ വരികളില്‍ ഞാന്‍ ദിവസങ്ങളോളം വീണുകിടന്നിട്ടുണ്ട്. അഗാധമായി പ്രണയിക്കപ്പെടാന്‍ എന്റെ ഹൃദയം വെമ്പല്‍ കൊണ്ടു. എന്നില്‍ ഉന്മാദിയായ ഒരു പ്രണയിനി ഉണ്ടെന്ന് വീണ്ടും വീണ്ടും ഞാന്‍ തിരിച്ചറിയുകയായിരുന്നു. അതുകൊണ്ടാവാം...
''വീണെയെടീ നീ എനക്ക്
മേവും വിരല്‍ നാന്‍ ഉനക്ക്
കാതലടീ നീ എനക്ക്
കാന്തമടീ നാന്‍ ഉനക്ക്''
എന്ന വരികളിലൂടെ കടന്നുപോകുമ്പോള്‍ എന്റെ ഹൃദയം പതിവിലും കൂടുതലായി മിടിച്ചിരുന്നതും എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയതും. സന്തോഷവും സങ്കടവും ആനന്ദവും ഒരുപോലെ എന്റെ കണ്ണ് നനയിക്കും.
സോണിക്ക് ഭാരതീയാര്‍ കവിതകള്‍ വായിച്ച് അര്‍ഥം പറഞ്ഞുകൊടുക്കുമ്പോള്‍ അവള്‍ അത്ഭുതത്തോടെ എന്നെത്തന്നെ കേട്ടിരിക്കുമായിരുന്നു. എന്റെ ഭാഷ മനസ്സിലാകുന്ന ഒരാളായിരുന്നു അവള്‍. എനിക്ക് സന്തോഷം തരുന്ന എന്തൊക്കെയോ ഘടകങ്ങള്‍ അവളില്‍ ഉണ്ടായിരുന്നു എന്നെനിക്ക് മനസ്സിലായി. ചില വൈകുന്നേരങ്ങളില്‍ കോളേജിലെ വാകച്ചോട്ടില്‍ ഞങ്ങള്‍ ചെന്നിരിക്കാറുണ്ടായിരുന്നു. അവിടെ വച്ച് ഞാനവള്‍ക്കു വേണ്ടി പാട്ടുകള്‍ പാടുമായിരുന്നു. ഒരു ദിവസം ഞാനവളോട് മനുവിനെ കുറിച്ച് പറഞ്ഞു. അവനെ ഓര്‍ത്തുള്ള എന്റെ സങ്കടം മനസ്സിലാക്കി പിന്നീട് അവനെ കാണാനുള്ള അവസരങ്ങള്‍ എനിക്കുണ്ടാക്കി തന്നത് സോണിയായിരുന്നു. അവളുടെ കൈകോര്‍ത്തുപിടിച്ചു ഹോസ്റ്റലിലൊക്കെ ഞാന്‍ ചുറ്റി നടക്കുമായിരുന്നു. ഇടയ്ക്ക് സിസ്റ്റര്‍മാരുടെ കണ്ണ് വെട്ടിച്ചു ചാമ്പക്കയും സപ്പോട്ടാ പഴങ്ങളും എനിക്ക് പറിച്ചുതരുമായിരുന്നു സോണി. പ്രാര്‍ഥനാ നേരങ്ങളില്‍ ഹോസ്റ്റലിനു പിന്നിലെ മൂവാണ്ടന്‍ മാവില്‍ കയറി പഴുത്ത മാങ്ങകള്‍ പറിച്ച് എന്റെ കൈകളിലേയ്ക്ക് അവള്‍ ഇട്ടുതന്നു. അവളുടെ കുസൃതികള്‍ക്കൊക്കെ ഞാന്‍ കൂട്ടുനിന്നു. എന്റെ സന്തോഷങ്ങള്‍ക്ക് കാരണമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു അവള്‍.
കോളേജ് ലൈബ്രറിയിലെ നിത്യസന്ദര്‍ശകയായ എന്നെ ലൈബ്രറിയിലേക്കുള്ള കോണിപ്പടികള്‍ കയറാനും ഇറങ്ങാനും സഹായിക്കുന്ന പ്രവൃത്തി ഒരു മടുപ്പും കൂടാതെ അഗുവും റോഷനും ചെയ്തുകൊണ്ടിരുന്നു. റോഷന്‍ എന്റെ കൂട്ടുകാരിയായ റൂബിയുമായി പ്രണയത്തിലായതിനുശേഷം എന്നോടൊപ്പം അഗുവും വിദ്യയും മാത്രമായി. അവരായിരുന്നു പിന്നീട് ലൈബ്രറിയിലേയ്ക്കുള്ള എന്റെ സഹയാത്രികര്‍. നിഷ്‌കളങ്കവും ആത്മാര്‍ഥവുമായ സൗഹൃദം ഞാന്‍ അനുഭവിച്ചറിഞ്ഞത് എന്റെ കോളേജ് ഹോസ്റ്റല്‍ ജീവിതത്തിലെ കൂട്ടുകാരില്‍ നിന്നുമായിരുന്നു. ഓരോ കൂട്ടുകാരും ഓരോ രീതിയില്‍ എന്നെ മാറ്റിക്കൊണ്ടിരുന്നു. മനുഷ്യരുമായി അടുക്കാന്‍ ഭയപ്പെട്ടിരുന്ന എന്നെ മനുഷ്യരിലേയ്ക്ക് വലിച്ചടുപ്പിച്ചവര്‍ അവരായിരുന്നു. എന്നിലെ അന്തര്‍മുഖത്വത്തിന്റെ പുറംതോട് പൊട്ടിച്ചു എന്റെ കാഴ്ചകളെയും ചിന്തകളെയെയും വിശാലമാക്കിയവര്‍. ആരെയാണോ ഞാന്‍ ഭയന്നിരുന്നത് അവരില്‍ത്തന്നെ അഭയം പ്രാപിക്കുന്ന ഒരാളായി എന്നെ രൂപാന്തരപ്പെടുത്തിയവര്‍. എന്റെ കൂട്ടുകാര്‍ എന്റെ ജീവിതത്തിലെ വിലമതിക്കാനാവാത്ത ഒന്നാണ്.
ലൈബ്രറിയില്‍ ഞാന്‍ സ്ഥിരമായി കണ്ടിരുന്ന ഒരാള്‍ ഹരിസാറായിരുന്നു. ഞങ്ങള്‍ ഡിഗ്രിക്ക് ചേരുന്നതിനും നാലോ അഞ്ചോ വര്‍ഷം മുന്‍പാണ് പ്രീഡിഗ്രി നിര്‍ത്തലാക്കിയത്. അതോടെ പഠിപ്പിക്കാന്‍ ക്ലാസ്സും വിഷയവും നഷ്ടപ്പെട്ട അധ്യാപകനായിരുന്നു ഹരി സാര്‍. പ്രീഡിഗ്രിക്ക് അദ്ദേഹം പഠിപ്പിച്ചുകൊണ്ടിരുന്ന വിഷയം മനഃശാസ്ത്രം ആയിരുന്നു. അത് നിര്‍ത്തലാക്കിയതോടെ പ്രൊഫസര്‍ എന്ന ഉദ്യോഗം നിലനില്‍ക്കുന്നുണ്ടായിരുന്നെങ്കിലും കോളേജില്‍ വന്നാല്‍ സാറിന് ഒന്നും ചെയ്യാനില്ലായിരുന്നു. സൈക്കോളജി മുഖ്യവിഷയമായി വരുന്ന ബിരുദവും അവിടെ ഉണ്ടായിരുന്നില്ല. വായന വളരെ ഇഷ്ടമായിരുന്നതിനാല്‍ പിന്നീടുള്ള സമയം മുഴുവനും അദ്ദേഹം വായനയില്‍ മുഴുകി. ഞാന്‍ ലൈബ്രറിയില്‍ ചെല്ലുമ്പോഴൊക്കെ ഹരിസാറും അവിടെ ഉണ്ടായിരുന്നു. ആദ്യമൊക്കെ ഞാന്‍ കരുതിയിരുന്നത് അദ്ദേഹമായിരുന്നു അവിടുത്തെ ലൈബ്രേറിയന്‍ എന്നായിരുന്നു. കാരണം സ്റ്റാഫ് റൂമിലോ പരിസരത്തോ ഞാന്‍ ഇതുവരെ അദ്ദേഹത്തെ കണ്ടിട്ടില്ലായിരുന്നു. പിന്നീടാണ് അദ്ദേഹം കോളേജിലെ സൈക്കോളജി അധ്യാപകന്‍ ആണെന്ന് മനസ്സിലായത്. അദ്ദേഹത്തെ എപ്പോള്‍ കണ്ടാലും പുസ്തകവായനയില്‍ മുഴുകിയിരിക്കുകയായിരിക്കും.
ഒരു ദിവസം അദ്ദേഹം എന്റെ അടുത്തുവന്നിരുന്ന് എന്നോട് സംസാരിക്കാന്‍ തുടങ്ങി.''മിക്ക ദിവസങ്ങളിലും ഇവിടെ കാണുന്നത് കൊണ്ട് വായനയോട് താത്പര്യമുള്ള ആളാണെന്നു മനസ്സിലായി.''എനിക്കഭിമുഖമായിരുന്നു കൊണ്ട് സാര്‍ എന്നോട് പറഞ്ഞു. അപ്പോഴൊക്കെയും അദ്ദേഹത്തില്‍ നിന്നും മദ്യത്തിന്റെ രൂക്ഷഗന്ധം വമിക്കുന്നുണ്ടായിരുന്നു. എനിക്ക് അസ്വസ്ഥത തോന്നി. ഞാന്‍ അല്പം നീങ്ങിയിരുന്നു. അദ്ദേഹം വീണ്ടും എന്റെ അടുത്തേയ്ക്ക് ചേര്‍ന്നിരുന്നുകൊണ്ട് ചോദിച്ചു ''ദസ്തയേവ്‌സ്‌കി ആണല്ലേ ഇഷ്ട എഴുത്തുകാരന്‍?'' അതെയെന്ന് ഞാന്‍ തലയാട്ടി സാര്‍ തുടര്‍ന്നു ''കുട്ടീ ഇത്ര ചെറുപ്പത്തിലേ നീ ദസ്തയേവ്‌സ്‌കിയെ വായിക്കുന്നത് അപകടം പിടിച്ച പണിയാണ്.'' അദ്ദേഹം എന്തായിരുന്നു ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു. പിന്നീട് അദ്ദേഹം ലിയോ ടോള്‍സ്റ്റോയ്, ആന്റണ്‍ ചെക്കോവ്, തുര്‍ഗനേവ് എന്നിവരെക്കുറിച്ചും അവരുടെ കൃതികളെ കുറിച്ചും സംസാരിക്കാന്‍ തുടങ്ങി. റഷ്യന്‍ സാഹിത്യത്തിനുള്ള അദ്ദേഹത്തിന്റെ അഗാധമായ അറിവ് എന്നെ അത്ഭുതപ്പെടുത്തി. എനിക്ക് സാറിനോട് സ്‌നേഹവും ആരാധനയും തോന്നി. ഞങ്ങള്‍ അവിടെയിരുന്നു ഒരുപാട് നേരം സംസാരിച്ചു. അതൊക്കെയും പുസ്തകങ്ങളെ കുറിച്ചായിരുന്നു. തിരികെ പോരാന്‍ നേരം സാറെനിക്ക് ടോള്‍സ്റ്റോയിയുടെ അന്ന കരീന എന്ന പുസ്തകം എടുത്തു തന്നു. ക്ലാസ്സിലേയ്ക്ക് പോകുന്ന വഴിക്ക് ഞാന്‍ അഗുവിനോട് സാറിനെക്കുറിച്ചു വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. അങ്ങനെയൊരു സാര്‍ ആ കോളേജില്‍ ഉണ്ടായിരുന്ന കാര്യം അവന്‍ അപ്പോഴായിരുന്നു അറിയുന്നത്.
രണ്ടു രാത്രിയും ഒരു പകലും കൊണ്ട് അന്ന കരീന പുസ്തകം വായിച്ചുതീര്‍ത്തു. മനുഷ്യബന്ധങ്ങളുടെ വൈവിധ്യങ്ങളും സങ്കീര്‍ണതകളും സൗന്ദര്യവും വൈരൂപ്യവും വ്യാകുലതകളുമൊക്കെ ആ കൃതിയില്‍ ഇഴപിരിഞ്ഞു കിടക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. സ്‌നേഹം എന്നതിന്റെ അര്‍ത്ഥവും അര്‍ഥശൂന്യതയും ഒന്നുതന്നെയാണെന്ന് നായികയുടെ മരണം കൊണ്ട് വെളിപ്പെടുന്നിടത്ത് കഥ അവസാനിക്കുമ്പോള്‍ എപ്പോഴത്തെയും പോലെ നെഞ്ചിലൊരു ഭാരം അനുഭവപ്പെട്ടു. ജീവിതത്തിലായാലും കഥകളിലായാലും മനുഷ്യരുടെ വേദനകള്‍ എന്നെ പൊള്ളിച്ചു. അന്ന കരീന വായിച്ചു തീര്‍ത്തതിന്റെ പിറ്റേ ദിവസം ലൈബ്രറിയിലേയ്ക്ക് പോകുമ്പോള്‍ അഗു എന്നോട് ചോദിച്ചു: ''ഇങ്ങനെയൊക്കെ വായിച്ചാല്‍ നിനക്ക് ഭ്രാന്ത് പിടിക്കില്ലേ?'' അതിനുത്തരം കൊടുക്കാന്‍ എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ അവനെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ, ഒരു മുറിക്കുള്ളില്‍ ജനലരികില്‍ മാത്രം ജീവിച്ചിരുന്ന കാലത്ത് കടുത്ത ഏകാന്തതയില്‍ നിന്ന് രക്ഷതേടി പോയതാണ് പുസ്തകങ്ങളിലേയ്ക്കെന്ന് അവനറിയില്ലല്ലോ. എന്റെ ബാല്യകൗമാരങ്ങളെക്കുറിച്ചോ അന്നനുഭവിച്ച വേദനകളെ കുറിച്ചോ എന്റെ കൂട്ടുകാരോട് ഒരിക്കല്‍ പോലും ഞാന്‍ പറഞ്ഞിരുന്നില്ല. ഓര്‍മകളിലേയ്ക്ക് തിരിച്ചുനടക്കാനാവാത്തത് കൊണ്ടും ഞാന്‍ വേദനിച്ചു എന്നറിയുന്നത് അവരെയും സങ്കടപ്പെടുത്തുമല്ലോ എന്നോര്‍ത്ത് ഞാന്‍ ഒന്നും തന്നെ പറഞ്ഞിരുന്നില്ല. കഠിനമായി വേദനിക്കുമ്പോഴും അവരോടൊപ്പം ഇരിക്കുമ്പോള്‍ ഞാന്‍ എല്ലാം മറക്കുമായിരുന്നു. കോളേജിന്റെ ഇടനാഴിയിലൂടെ അഗുവിന്റെ കൈ കോര്‍ത്തുപിടിച്ചു നടക്കുമ്പോള്‍ അവന്റെ കൈവെള്ളയിലെ വിയര്‍പ്പിന്റെ ചൂട് എന്നിലേയ്ക്ക് പടരുന്നത് ഞാനറിയുന്നുണ്ടായിരുന്നു. അവന്റെ സ്‌നേഹവും സാമീപ്യവും ഞാന്‍ അത്രത്തോളം ഇഷ്ടപ്പെട്ടിരുന്നു. അവനില്ലായിരുന്നെങ്കില്‍ ലൈബ്രറി എന്നത് എനിക്ക് ഒരിക്കലും എത്തിപ്പെടാന്‍ പറ്റാത്ത മറ്റൊരു ലോകം മാത്രമായി അവശേഷിക്കുമായിരുന്നു. ലൈബ്രറി വരാന്തയില്‍ എന്നെ ആക്കിയിട്ട് അഗു തിരിച്ചുനടക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു ''എത്രനാള്‍ നീ എന്റെ കൈ പിടിച്ചു നടത്തിക്കും?' 'നീ ആഗ്രഹിക്കുന്ന കാലത്തോളം''എന്ന് പറഞ്ഞുകൊണ്ട് അവന്‍ തിരിഞ്ഞുനടന്നു. അവന്റെ വാക്കുകള്‍ എന്റെ ഹൃദയത്തിന്റെ ആഴത്തിലെവിടെയോ ആണ് ചെന്നുപതിച്ചത്.
ലൈബ്രറിയിലേയ്ക്ക് കയറിച്ചെന്ന ഞാന്‍ ആദ്യം തിരഞ്ഞത് ഹരി സാറിനെയായിരുന്നു. നിരന്നിരിക്കുന്ന ഷെൽഫുകളുടെ ഒരു മൂലയ്ക്കായി കസേരയില്‍ കൂനിക്കൂടി ഇരിക്കുകയായിരുന്നു സാര്‍. അദ്ദേഹത്തിന്റെ കയ്യില്‍ ഒരു പുസ്തകവുമുണ്ടായിരുന്നു. സാറിന്റെ അരികത്തായി ഞാനൊരു കസേരയിട്ടിരുന്നു. സാര്‍ കണ്ണുകളുയര്‍ത്തി എന്നെ നോക്കി. എന്നെ കണ്ടതും സാര്‍ പുഞ്ചിരിച്ചു. അദ്ദേഹം അമിതമായി മദ്യപിച്ചിട്ടുണ്ടെന്നു അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ നിന്നെനിക്ക് മനസ്സിലായി.''പുസ്തകം വായിച്ചു കഴിഞ്ഞോ?'' സാര്‍ എന്നോട് ചോദിച്ചു. ''കഴിഞ്ഞു'' ഞാന്‍ അദ്ദേഹത്തിന് നേരെ പുസ്തകം നീട്ടി. അത് വാങ്ങിച്ചുകൊണ്ട് അല്‍പനേരം അദ്ദേഹം മൗനമായിരുന്നു. അന്നയ്ക്ക് ബ്രോന്‍സ്‌കിയോട് ഉണ്ടായിരുന്ന അഗാധമായ പ്രേമത്തെക്കുറിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. അന്ന ബ്രോന്‍സ്‌കിയെ വിവാഹം കഴിക്കാതിരുന്നെങ്കില്‍ അതൊരു അനശ്വരപ്രണയമായി നിലനില്‍ക്കുമായിരുന്നു. വിവാഹമാണ് എല്ലാ പ്രണയങ്ങളെയും ഇല്ലാതാക്കുന്നതിന് അദ്ദേഹം പറയുമ്പോള്‍ പല വാക്കുകളും വഴുതിപ്പോകുന്നുണ്ടായിരുന്നു. സാറിനെ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നി. അതുകൊണ്ടാവാം ഈ മദ്യപാനം.
ഔദ്യോഗിക ജീവിതത്തിലുണ്ടായ കനത്ത ആഘാതത്തിനു പുറമെ മറ്റെന്തൊക്കെയോ ദുഃഖങ്ങള്‍ സാറിനുണ്ടെന്നു തോന്നിയെങ്കിലും ഞാന്‍ ചോദിക്കുകയോ സാര്‍ പറയുകയോ ചെയ്തിട്ടില്ല. ഒന്ന് സംസാരിക്കാന്‍ പോലും ആരുമില്ലാത്ത ആ മനുഷ്യന്റെ ജീവിതത്തിലേയ്ക്കാണ് ഞാന്‍ കടന്നുചെല്ലുന്നത്. അത് അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചുവെന്ന് എന്നോട് പലതവണ പറഞ്ഞിട്ടുണ്ട്. പുസ്തകങ്ങളിലൂടെ ഞങ്ങള്‍ കൂട്ടുകാരായി മാറി. ഞങ്ങള്‍ക്കിടയില്‍ പുസ്തകങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓരോ ദിവസവും ഓരോ പുസ്തകങ്ങള്‍ സാര്‍ എനിക്ക് തന്നു. ചിലപ്പോളൊക്കെ ഞാന്‍ എഴുതുന്ന കവിതകളൊക്കെ സാറിനു വായിക്കാന്‍ കൊടുക്കുമായിരുന്നു. എന്റെയുള്ളില്‍ കവിതയുണ്ടെന്നും ഇനിയും എഴുതണമെന്നും എന്നോട് പറയുമായിരുന്നു. റൂമിയുടെ കവിതകളിലെ അപാരമായ പ്രണയത്തെക്കുറിച്ചും സാര്‍ എന്നോട് വിവരിച്ചു. ഡെറക് വാല്‍കോട്ടിന്റെയും ബ്ലാഗ ദിമിത്രോവയുടെയും സില്‍വിയ പ്ലാത്തിന്റെയും വെര്‍ജീനിയ വൂള്‍ഫിന്റെയുമൊക്കെ കവിതകള്‍ വായിച്ചു എനിക്കതിന്റെ അര്‍ഥം പറഞ്ഞു തരുമായിരുന്നു. ഞാന്‍ സാറിനെ കുറിച്ചോ സാര്‍ എന്നെ കുറിച്ചോ ഒന്നും തന്നെ ചോദിച്ചിരുന്നില്ല. സാറിന്റെ വീടോ നാടോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. എന്നിട്ടും ഞങ്ങള്‍ വളരെയധികം അടുത്തു. പുസ്തകങ്ങളും അതിലെ കഥാപാത്രങ്ങളും മാത്രമായി ഒരു സങ്കല്‍പ്പ ലോകത്തില്‍ മാത്രം ഞങ്ങള്‍ ജീവിച്ചു. ഒരിക്കല്‍ മാത്രം ഞാന്‍ സാറിനോട് ചോദിച്ചിരുന്നു ''സാറിങ്ങനെ മദ്യപിച്ചാല്‍ ആരോഗ്യം നശിക്കില്ലേ'' എന്ന്. എന്നാല്‍ സാറതിനു തന്ന മറുപടി ''അതിനുവേണ്ടിത്തന്നെയാണ് മദ്യപിക്കുന്നത് കുട്ടീ'' എന്നായിരുന്നു ''ഈ നശിച്ച ലോകത്ത് ആരോഗ്യത്തോടെ ജീവിക്കുന്നത് എന്തിനാണ്? നമ്മള്‍ സ്വയം നശിച്ചില്ലെങ്കില്‍ ഈ ലോകം നമ്മളെ നശിപ്പിക്കും. എന്തായാലും നാശം ഉറപ്പാണ്.''
സാറ് പറയുന്ന പല കാര്യങ്ങളും അസാധാരണമായാണ് എനിക്ക് തോന്നിയത്. വീണ്ടും വീണ്ടും അതെന്നെ ചിന്തിപ്പിക്കാറുണ്ട്. എല്ലാ വിഷയങ്ങളിലുമുള്ള അദ്ദേഹത്തിന്റെ അഗാധമായ പാണ്ഡിത്യം എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. സാര്‍ പരിചയപ്പെടുത്തിയ പുസ്തകങ്ങളിലൂടെ ഞാന്‍ സഞ്ചരിച്ചു. ഭ്രാന്തുപിടിച്ച വായനയുടെ കാലങ്ങളായിരുന്നു അന്നൊക്കെ. രണ്ടു ദിവസമായി സാറിനെ ലൈബ്രറിയില്‍ കാണാതിരുന്നതിനാല്‍ ഞാനാകെ അസ്വസ്ഥയായി. ലൈബ്രേറിയനോട് അന്വേഷിച്ചപ്പോള്‍ അദ്ദേഹത്തിന് സുഖമില്ലാതെ ഇരിക്കുകയാണെന്ന് മാത്രമായിരുന്നു അറിയാന്‍ കഴിഞ്ഞത്.
പിറ്റേ ദിവസം ഞാനും വീട്ടിലേയ്ക്ക് പോകുന്ന ദിവസമായിരുന്നു. ഇനിയുള്ള ഇനിയുള്ള രണ്ട് ദിവസങ്ങള്‍ കുട്ടിയമ്മയുടെ കൂടെ നില്‍ക്കാമല്ലോ എന്ന സന്തോഷമായിരുന്നു മനസ്സില്‍. കുട്ടിയമ്മ ഉണ്ടാക്കിയ മീന്‍ കറി കഴിക്കണം. വീടിന്റെ കിഴക്കേ പാടത്ത് പോയി ആമ്പല്‍ക്കിഴങ്ങുകള്‍ പറിക്കണം. ആ പാടവരമ്പത്തൊക്കെ ചുറ്റി നടക്കണം. പിന്നെ ലൈബ്രറിയില്‍ നിന്നെടുത്ത രണ്ടു പുസ്തകങ്ങള്‍ വായിച്ചുതീര്‍ക്കണം. വീടിന്റെ കിഴക്കുവശത്തെ കായലിനോട് ചേര്‍ന്നുകിടക്കുന്ന ഒരു പാടമുണ്ട് അതിലേയ്ക്ക് നീണ്ടുകിടക്കിന്ന ഒരു ചിറയുണ്ട്. അതിന്റെ അറ്റത്തായി ഒരു കടമ്പമരമുണ്ട്. അതിന്റെ ചോട്ടിലിരുന്നാല്‍ കായലിലൂടെ മെല്ലെ നീങ്ങുന്നതായി തോന്നും. ആ ചിറയില്‍ അച്ചിങ്ങാ വള്ളികള്‍ പടര്‍ന്നു കിടന്നിരുന്നത് കൊണ്ടാവാം ആ ഇടത്തിന് അച്ചിങ്ങാ പയറിന്റെ മണമായിരുന്നു. ഇടയ്‌ക്കൊക്കെ ഞാനവിടെയിരുന്നു പുസ്തകം വായിക്കാറുണ്ടായിരുന്നു. അതൊരു വല്ലാത്ത അനുഭവം തന്നെയായിരുന്നു. ഈ വരവില്‍ അവിടെയൊക്കെ പോകണം. ബസ്സിലിരിക്കുമ്പോള്‍ ഇതൊക്കെയായിരുന്നു എന്റെ ചിന്ത. പെട്ടെന്ന് മനസ്സ് ഹരി സാറിന്റെ ഓര്‍മകളിലേയ്ക്ക് പോയപ്പോള്‍ എനിക്ക് സങ്കടം വന്നു. തിരികെ കോളേജില്‍ എത്തുമ്പോള്‍ സോണിയെയും കൂട്ടി സാറിനെ കാണാന്‍ പോകണമെന്ന് തീരുമാനിക്കുകയും ചെയ്തു.
തുറവൂര്‍ സ്റ്റോപ്പില്‍ ബസ് നിര്‍ത്തി ഞാനിങ്ങിയപ്പോള്‍ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. സ്റ്റോപ്പിന് മുന്നിലെ നാല്‍ക്കവല കഴിഞ്ഞുവേണം ഓട്ടോസ്റ്റാന്‍ഡില്‍ എത്താന്‍. അവിടെ നിന്നും രണ്ടു കിലോമീറ്ററോളം ഉള്ളിലായാണ് എന്റെ വീട്. ഓട്ടോ സ്റ്റാന്‍ഡ് ലക്ഷ്യമാക്കി ഞാന്‍ നടക്കുകയായിരുന്നു. കവലയുടെ ഒത്ത നടുക്കെത്തിയതും അപ്രതീക്ഷിതമായി ഞാന്‍ പിന്നിലേയ്ക്ക് മറിഞ്ഞുവീണു. അപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. എന്നെയും എന്റെ കാലിനേയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ബെല്‍റ്റ് പൊട്ടിപ്പോയി. വീണിടത്തുനിന്ന് എനിക്ക് എഴുന്നേല്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഞാന്‍ നോക്കുമ്പോള്‍ വീണുകിടക്കുന്ന എന്റെ ഇരുവശത്തുമായി ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ നിര്‍ത്തിയിട്ടുണ്ടായിരുന്നു. പെട്ടെന്നായിരുന്നു എന്റെ ഇടത്തുഭാഗത്തെ ശൂന്യത ഞാന്‍ തിരിച്ചറിഞ്ഞത്. എന്റെ കാല്‍ എന്നില്‍നിന്നടര്‍ന്ന് മാറിക്കിടക്കുന്നു! കയ്യിലിരുന്ന ബാഗും എവിടയോ തെറിച്ചുപോയിരുന്നു. അവിടെ കൂടിയ മനുഷ്യരൊക്കെ അന്ധാളിപ്പോടെ എന്നെ നോക്കിനില്‍ക്കുകയും ചിലരൊക്കെ എന്നെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. ആള്‍ത്തിരക്കിനിടയില്‍ പലരും തെറിച്ചുപോയ എന്റെ കാല്‍ കണ്ടില്ല. ഞാന്‍ വീണതിനേക്കാളും അനാഥമായി റോഡില്‍ കിടന്നിരുന്ന എന്റെ കാലിനെ ഓര്‍ത്തായിരുന്നു എന്റെ ഹൃദയം തകര്‍ന്നുപോയത്. ആള്‍ക്കൂട്ടത്തിനു നടുവില്‍ വിവസ്ത്രയാക്കപ്പെട്ടവളെപോലെ ഞാന്‍ കിടന്നു. കണ്ടുനിന്ന ആളുകള്‍ക്ക് മാത്രമായിരുന്നു അതൊരു മരക്കാല്‍. എനിക്കത് എന്റെ നഗ്‌നമായ അരക്കെട്ടും തുടയുമായിരുന്നു. ആ കിടപ്പില്‍ത്തന്നെ എന്റെ ജീവന്‍ പോയിരുന്നെങ്കിലെന്ന്....
ചുറ്റും സഹതാപം നിറഞ്ഞ കണ്ണുകള്‍ മാത്രം. ഏതോ ഗ്രഹത്തില്‍നിന്നും അടര്‍ന്നുവീണ അന്യഗ്രഹ ജീവിയെപ്പോലെ എല്ലാവരുമെന്നെ അങ്കലാപ്പോടെ നോക്കുന്നുണ്ടായിരുന്നു.അപ്പോഴാണ് മനുഷ്യരെ വകഞ്ഞു മാറ്റിക്കൊണ്ട് ഒരു മനുഷ്യന്‍ അയാളുടെ ഇരുകൈകളും കൊണ്ടെന്നെ കോരിയെടുത്തത്. ആ മനുഷ്യന്‍ എന്നെ ഒരു ഓട്ടോയില്‍ കൊണ്ടുചെന്നിരുത്തി. എന്റെ കാ...ല്, കാ...ല് എന്ന് ഞാന്‍ പറയുന്നുണ്ടായിരുന്നെങ്കിലും എന്റെ ശബ്ദം പുറത്തേയ്ക്ക് വരുന്നില്ലായിരുന്നു. എന്നെ ഓട്ടോയില്‍ ഇരുത്തിയിട്ട് നിമിഷങ്ങള്‍ക്കകം ഒരു കയ്യില്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച എന്റെ കാലും ബാഗുമായി അയാള്‍ തിരികെ വന്നു. കാല് അയാളെന്റെ കയ്യില്‍ തന്നിട്ട് ബാഗ് അരികത്തായി വച്ചു. ഓട്ടോ സ്റ്റാര്‍ട്ട് ചെയ്തിട്ട് കുഞ്ഞിന്റെ വീടെവിടെയാണെന്നു മാത്രം എന്നോട് ചോദിച്ചു. അദ്ദേഹം ചോദിച്ചതിന് ഞാന്‍ എന്ത് മറുപടി പറഞ്ഞെന്നുപോലും എനിക്ക് ഓര്‍മയുണ്ടായിരുന്നില്ല. അപ്പോഴെന്റെ ഹൃദയത്തില്‍ ആയിരം അഗ്‌നിപര്‍വതങ്ങള്‍ തിളച്ച് ഉരുകിയൊലിക്കുകയായിരുന്നു. ഏതു നിമിഷവും ഹൃദയം പൊട്ടിത്തെറിക്കാവുന്ന തരത്തില്‍ എന്റെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അല്‍പസമയത്തിനുശേഷം ആ മനുഷ്യന്‍ എന്റെ വീടിനടുത്തുള്ള റോഡരികിലായി ഓട്ടോ നിര്‍ത്തി. എന്നെ അയാളുടെ കയ്യില്‍ വട്ടം കോരിയെടുത്ത് ഞാന്‍ ചൂണ്ടിക്കാണിച്ച വഴിയിലൂടെ വീട്ടിലേയ്ക്ക് നടന്നു. എന്നെ കൊണ്ടുവരുന്നത് കണ്ട അമ്മയും കുട്ടിയമ്മയും ഭയന്ന് ഓടി വന്നപ്പോള്‍ ''പേടിക്കാനൊന്നുമില്ല കൊച്ചൊന്ന് വീണതാ'' എന്ന് പറഞ്ഞുകൊണ്ട് അയാള്‍ തന്നെ എന്നെ വീട്ടിനുള്ളില്‍ കൊണ്ട് ചെന്നിരുത്തി. അദ്ദേഹമെന്റെ നെറുകയില്‍ തലോടിക്കൊണ്ട് ''സങ്കടപ്പെടേണ്ട കുഞ്ഞേ...പഠിച്ചു വല്യ ആളാകണം കെട്ടോ'' എന്ന് പറഞ്ഞുകൊണ്ട് തിരികെപോയി. എന്റെ കാലും ബാഗും അമ്മയെ ഏല്‍പ്പിച്ചു. എനിക്ക് സങ്കടം സഹിക്കാനായില്ല. അതുവരെ പിടിച്ചുവെച്ചിരുന്ന കരച്ചില്‍ ഒരു പ്രളയം പോലെ എന്നില്‍നിന്നും ഒലിച്ചിറങ്ങി. കുട്ടിയമ്മയും അമ്മയും എന്നെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. തിരികെ ഞാന്‍ സാധാരണ നിലയിലെത്താന്‍ കുറെ സമയമെടുത്തു. ആ രാത്രി മുഴുവനും ആള്‍ക്കൂട്ടത്തിന് നടുവില്‍ രണ്ടുകഷ്ണങ്ങളായി തെറിച്ചുകിടന്ന എന്റെ നിസ്സഹായമായ ചിത്രമായിരുന്നു മനസ്സില്‍ നിറയെ. ഓര്‍ക്കും തോറും എന്റെ കണ്ണില്‍ ഇരുട്ട് കയറിക്കൊണ്ടിരുന്നു. അവിടെ നിന്നും എന്റെ രക്ഷയ്ക്കായെത്തിയ ആ മനുഷ്യന്‍ ആരായിരുന്നു? ഇതിനു മുന്‍പ് ഞാനയാളെ കണ്ടിട്ടേയില്ലായിരുന്നു. ഇനി കാണുമ്പോള്‍ എനിക്ക് ആ മനുഷ്യന്റെ കൈ വിരലുകളില്‍ ഒന്ന് തൊടണം. നന്ദി പറയാന്‍ എനിക്ക് വാക്കുകള്‍ കിട്ടില്ലെന്ന് എനിക്കറിയാം. അയാളെ കാണുമ്പോള്‍ എനിക്ക് കരച്ചില്‍ വരും. വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങും, എന്നാലും കണ്ണീരു കൊണ്ടെങ്കിലും എനിക്ക് ആ മനുഷ്യനോട് സംസാരിക്കണം... മനുഷ്യന്‍ ദൈവമായി മാറുന്ന മാന്ത്രികവിദ്യ അയാള്‍ക്കറിയാം എന്നെനിക്ക് അദ്ദേഹത്തോട് പറയണമായിരുന്നു.
നാലുദിവസം കഴിഞ്ഞാണ് ഞാന്‍ തിരികെ കോളേജിലേയ്ക്ക് പോയത്. തുറവൂര്‍ ബസ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ വെയ്റ്റിംഗ് ഷെഡിലെ ഭിത്തിയിലേയ്ക്ക് നോക്കിയതും ഒരു നിമിഷം എന്റെ ഹൃദയം നിലച്ചത് പോലെ എനിക്ക് തോന്നി. നാല് ദിവസങ്ങള്‍ക്ക് മുന്‍പ് എന്റെ രക്ഷകനായ ആ മനുഷ്യന്റെ ഫോട്ടോ പതിച്ച ചരമ അറിയിപ്പായിരുന്നു അത്. എന്റെ ശരീരത്തിന് ചലനശേഷി നഷ്ടപ്പെട്ട് ഞാന്‍ അവിടെയിരുന്നു. അതിനിടെ പല ബസ്സുകള്‍ എനിക്ക് മുന്നിലൂടെ കടന്നുപോയിരിക്കാം. പല മനുഷ്യര്‍ വന്നുപോയിരിക്കാം. എന്റെ കണ്ണുകള്‍ നിറഞ്ഞു. കാഴ്ച മങ്ങിക്കൊണ്ടേയിരുന്നതിനാല്‍ എനിക്ക് മുന്നില്‍ എല്ലാം അവ്യക്തമായിരുന്നു. ആ ചരമ അറിയിപ്പിലെ പേരുപോലും എനിക്ക് വായിക്കാന്‍ കഴിഞ്ഞില്ല.
അല്ലെങ്കിലും ദൈവങ്ങള്‍ക്ക് എന്തിനാ പേര് അല്ലെ...?
Content Highlights: remya thuravoor autobiography pathiyatha kalppadukal hostel life
Published: 05 Dec 2024, 09:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented