ഓരോ വര്‍ഷവും ഹോസ്റ്റല്‍ മുറിയിലെ പെണ്‍കുട്ടികളെ വേവ്വേറെ മുറികളിലേയ്ക്ക് മാറ്റി താമസിപ്പിക്കാറുണ്ട്. ആ വര്‍ഷം എന്നെ മാത്രം മാറ്റാതെ എന്റെ മുറിയിലുണ്ടായിരുന്ന രണ്ടുപേരെയും വേറെ മുറികളിലേയ്ക്ക് മാറ്റി. പകരം മറ്റൊരു പെണ്‍കുട്ടിയെ എന്റെ മുറിയിലേയ്ക്ക് കൊണ്ടുവന്നു. അന്ന എന്നായിരുന്നു അവളുടെ പേര്. തടിച്ചുരുണ്ട് പൊക്കം കുറഞ്ഞ് ഇടതൂര്‍ന്ന ചുരുണ്ട മുടിയും വലിയ കണ്ണുകളുമുള്ള ഒരു സുന്ദരിയായ പെണ്‍കുട്ടിയായിരുന്നു അന്ന. ഏതോ കൊടിയ വിഷാദം അവളുടെ കണ്ണുകള്‍ക്കുള്ളില്‍ ഒളിഞ്ഞുകിടക്കുന്നതായെനിക്ക് തോന്നി. എന്നെപ്പോലെ തന്നെ ഉള്‍വലിഞ്ഞ പ്രകൃതമായിരുന്നു അവളുടേത്. ഒരേ മുറിയിലായിരുന്നിട്ടും ദിവസങ്ങളോളം ഞങ്ങള്‍ കാര്യമായൊന്നും സംസാരിച്ചിരുന്നില്ല. ബി.എസ്.സി സുവോളജിയാണ് പഠിക്കുന്നതെന്നു മാത്രമായിരുന്നു എനിക്കറിയാമായിരുന്നത്. ഒരു ദിവസം രാത്രി മുറിക്കു പുറത്ത് ബഹളം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു എന്തൊക്കെയോ ശബ്ദങ്ങള്‍ കേള്‍ക്കുന്നതല്ലാതെ ഉറക്കച്ചടവ് കാരണം എനിക്കൊന്നും വ്യക്തമായിരുന്നില്ല. കണ്ണ് തുറന്ന് നോക്കുമ്പോള്‍ അടുത്ത കട്ടിലില്‍ അന്ന ഉണ്ടായിരുന്നില്ല. മുറിയുടെ വാതില്‍ തുറന്നുകിടക്കുന്നുണ്ടായിരുന്നു. എന്താണ് സംഭവിക്കാതെന്നറിയാതെ ഞാന്‍ ആശങ്കപ്പെട്ടു. തിടുക്കത്തില്‍ കാലിട്ട് പുറത്തേയ്ക്ക് ചെല്ലുമ്പോള്‍ മുറിക്ക് പുറത്ത് കുറച്ചുമാറി ഹോസ്റ്റലിലെ പെണ്‍കുട്ടികളെല്ലാവരും കൂട്ടംകൂടി നില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ നടുക്കായി അന്നയും തല കുമ്പിട്ട് നില്‍ക്കുന്നുണ്ടായിരുന്നു.

To advertise here,

കാര്യമെന്താണെന്ന് തിരക്കിയപ്പോഴാണറിഞ്ഞത്, പാതിരാത്രിയില്‍ ഹോസ്റ്റലിന്റെ ഇടനാഴിയിലെ അരണ്ടവെളിച്ചത്തിലൂടെ ഒരു സ്ത്രീരൂപം നടന്നുപോകുന്നത് കണ്ട് മെറ്റില്‍ഡ സിസ്റ്റര്‍ ഭയന്നു നിലവിളിക്കുകയും ബോധരഹിതയാകുകയും ചെയ്തു. സിസ്റ്ററിന്റെ നിലവിളി കേട്ട് അടുത്തുള്ള മുറികളിലെ പെണ്‍കുട്ടികള്‍ എഴുന്നേറ്റ് വെപ്രാളപ്പെട്ട് ലൈറ്റിട്ടു. സിസ്റ്ററോട് കാര്യം തിരക്കിയപ്പോള്‍ ഭയം കൊണ്ട് അവര്‍ക്ക് ശബ്ദം പുറത്തേയ്ക്ക് വരുന്നുണ്ടായിരുന്നില്ല. പകരം ആ രൂപം പോയിടത്തേയ്ക്ക് കൈ ചൂണ്ടുക മാത്രം ചെയ്തു. പെണ്‍കുട്ടികളെല്ലാവരും ആ ഭാഗത്തേയ്ക്ക് നോക്കിയപ്പോള്‍ കോണിപ്പടിയുടെ താഴെ ചുരുണ്ടുകൂടി ഇരുന്നുറങ്ങുന്ന അന്നയെ കണ്ടുവത്രേ. അവരുടെ ശകാരങ്ങള്‍ക്കിടയിലൂടെ ഒരു വിധത്തില്‍ അന്നയെ ഞാന്‍ മുറിയിലേയ്ക്ക് കൊണ്ടുപോന്നു. കാര്യം തിരക്കിയപ്പോള്‍ അവള്‍ മുഖം പൊത്തിക്കൊണ്ട് കുനിഞ്ഞിരുന്നു കരയുകയാണുണ്ടായത്. അവളുടെ കരച്ചില്‍ കണ്ട് എനിക്കും വേദനിച്ചു. ഞാനവളുടെ മുടിയില്‍ തലോടി. ഏറെ നേരത്തെ കരച്ചിലിന് ശേഷമാണ് അന്ന എന്നോട് കാര്യം പറഞ്ഞത്; അവള്‍ക്ക് രാത്രിയില്‍ എഴുന്നേറ്റ് നടക്കുന്ന ശീലം ഉണ്ടെന്നും അതൊക്കെയും അവളറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ലെന്നും. എനിക്കവളോട് അതിരറ്റ സ്‌നേഹവും
സഹാനുഭൂതിയും തോന്നി. 

അവള്‍ അറിയാതെ ചെയ്‌തൊരു കാര്യത്തിനാണല്ലോ ഈ വഴക്കൊക്കെ കേട്ടതെന്നോര്‍ത്ത് എനിക്കവളോട് പാവം തോന്നി. 'സാരമില്ല നീ അറിയാതെ ചെയ്തതല്ലേ വിഷമിക്കേണ്ട.' ഞാനവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. കരച്ചിലിനിടയില്‍ അവള്‍ ഒന്നുമാത്രം എന്നോട് ആവശ്യപ്പെട്ടു- 'എനിക്ക് ഇരുട്ട് പേടിയാണ് ദയവായി കിടക്കുമ്പോള്‍ ലൈറ്റ് ഓഫ് ചെയ്യാതെ ഇരിക്കാമോ''? 'അതിനെന്താ നമുക്കിനി ലൈറ്റ് ഓഫ് ചെയ്യേണ്ട' എന്ന് ഞാന്‍ പറയുകയും ചെയ്തു. അന്നയുടെ നിസ്സഹായത നിറഞ്ഞ മുഖവും കരച്ചിലും ആ രാത്രി മുഴുവനും എന്റെ കണ്ണില്‍ തറഞ്ഞുകിടന്നു. പിറ്റേന്ന് ക്ലാസ്സില്‍ ഇരിക്കുമ്പോഴൊക്കെയും എന്റെ മനസ്സില്‍ അന്നയായിരുന്നു. പെട്ടെന്ന് നാലുമണി ആകാനും അന്നയുടെ അടുത്തേക്ക് വേഗമെത്താനും എന്റെ മനസ്സ് വെമ്പല്‍ കൊണ്ടു. ഞാന്‍ മുറിയിലെത്തുമ്പോള്‍ അവള്‍ കട്ടിലിലിരുന്ന് ഡയറിയില്‍ എന്തൊക്കെയോ എഴുതുകയായിരുന്നു. എന്നെ കണ്ടതും ഡയറി അടച്ചുവച്ചു എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടവള്‍ പറഞ്ഞു: ''നീ വരാന്‍ കാത്തിരിക്കുകയായിരുന്നു വാ നമുക്ക് ചായ കുടിക്കാം''.

എന്റെ കയ്യും പിടിച്ചവള്‍ മെസ്സിലേയ്ക്ക് നടന്നു. പോകുന്ന വഴിക്കവള്‍ എന്നെക്കുറിച്ചു ചോദിച്ചു.. എന്റെ നാടിനെയും വീടിനേയും വീട്ടുകാരെയുമൊക്കെ പറ്റി അവള്‍ ചോദിച്ചുകൊണ്ടേയിരുന്നു. അതിനൊക്കെയും മറുപടി പറഞ്ഞുകൊണ്ട് ഞാനവള്‍ക്കൊപ്പം നടന്നു. മുറിയില്‍ താമസിക്കാന്‍ തുടങ്ങിയതിനുശേഷം ആദ്യമായിട്ടായിരുന്നു ഞങ്ങള്‍ പരസ്പരം അത്രയധികം സംസാരിച്ചത്. അന്ന് രാത്രി ഞങ്ങള്‍ ഏറെനേരം വര്‍ത്തമാനങ്ങള്‍ പറഞ്ഞിരുന്നു. അവളുറങ്ങിയിട്ടും എനിക്കുറക്കം വന്നില്ല. രാത്രിയിലെങ്ങാനും അന്ന എഴുന്നേറ്റ് നടക്കുമോ എന്നോര്‍ത്തുകിടന്നു. അവളെഴുന്നേറ്റ് നടക്കുമ്പോള്‍ ശബ്ദം ഉണ്ടാകാനും തടഞ്ഞുനില്‍ക്കാനുമായി അവളുടെ കട്ടിലിന്റെ അരികിലായി പാത്രവും ഗ്ലാസ്സും ബാഗുമൊക്കെ എടുത്തു വച്ചു. അവളുണര്‍ന്ന് നടന്നാല്‍ പിടിക്കാനായി അന്ന് രാത്രി ഞാന്‍ കാലഴിച്ചു മാറ്റിവയ്ക്കാതെ കിടന്നു.

ഞാന്‍ ഭയന്നതുപോലെത്തന്നെ സംഭവിക്കുകയും ചെയ്തു. അവളുണര്‍ന്ന് നടക്കാന്‍ തുടങ്ങിയതും താഴെ വച്ചിരുന്ന ബാഗില്‍ തട്ടി നിലത്തു വീണു. ശബ്ദം കേട്ടുണര്‍ന്ന ഞാന്‍ അവളെ തട്ടിയുണര്‍ത്തി കട്ടിലില്‍ കൊണ്ടിരുത്തി. ഉറക്കച്ചടവ് വിട്ട് ബോധത്തിലേയ്‌ക്കെത്താന്‍ അവള്‍ കുറച്ചു നിമിഷങ്ങളെടുത്തു. അല്‍പനേരം മിണ്ടാതിരുന്നശേഷം അവളെന്നെ കെട്ടിപ്പിടിച്ചു. അവളോട് കാണിച്ച സ്‌നേഹവും കരുതലും കണ്ട് അവള്‍ അവിശ്വസനീയതയോടെ എന്നെ നോക്കി. എന്റെ കൈകളില്‍ ചേര്‍ത്തുപിടിച്ചുകൊണ്ടവള്‍ പറഞ്ഞു ''ഈ ലോകത്ത് എനിക്കാരുമില്ല. ഇന്നിതുവരെ സ്‌നേഹമെന്താണെന്നു ഞാനറിഞ്ഞിട്ടില്ല.'' അതു പറയുമ്പോള്‍ അവളുടെ കണ്ണുകള്‍  നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

എന്റെ കട്ടിലിനോട് അവളുടെ കട്ടില്‍ ചേര്‍ത്തിട്ട് ഞങ്ങള്‍ ഒരുമിച്ചു കിടന്നുറങ്ങി. അമ്മയുടെയും കുട്ടിയമ്മയുടെയുമല്ലാത്ത ശരീരത്തിന്റെ ചൂട് ഞാനറിഞ്ഞു. പിന്നീട് അന്നയില്‍ കൂടുതല്‍ ശ്രദ്ധാലുവാകാന്‍ തുടങ്ങി. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരമായ ഒരു ലോകം ഞങ്ങളുണ്ടാക്കി. ക്ലാസ്സില്‍ പോകുമ്പോള്‍ മാത്രമായിരുന്നു ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞിരിക്കാറുള്ളത്. അല്ലാത്ത സമയങ്ങളിലൊക്കെ ഞങ്ങളെ ഒരുമിച്ചു മാത്രമേ എല്ലാവരും കണ്ടിരുന്നുള്ളൂ. രാത്രി കാലങ്ങളില്‍ അവള്‍ ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കാതിരിക്കാന്‍ എന്റെ ഒരുകാലും അവളുടെ കാലും തമ്മില്‍ ഷാളുകൊണ്ട് ചേര്‍ത്തുകെട്ടിയിട്ടു. പോകെപ്പോകെ എന്റെ കാലിലെ മുറിവില്‍ മരുന്നുവച്ച് കെട്ടുന്നത് അവള്‍ കാണുന്നതുപോലും എനിക്ക് കുഴപ്പമില്ലാതെയായി. എന്റെ കാല് അഴിച്ചു മാറ്റുവാനും എന്നെ പിടിച്ചിരുത്താനും എന്റെ വസ്ത്രങ്ങള്‍ കഴുകാനുമൊക്കെ അന്ന എന്നെ സഹായിച്ചു. അവളുടെ സ്‌നേഹം കുട്ടിയമ്മയേയോ അമ്മയെയോ ഓര്‍മപ്പെടുത്തുന്നതായിരുന്നു. എല്ലാ വെള്ളിയാഴ്ചയും ഹോസ്റ്റലിലെ എല്ലാവരും വീട്ടില്‍ പോകുമ്പോള്‍ അന്ന മാത്രം പോകില്ലായിരുന്നു. ഒരിക്കല്‍ പോലും അവള്‍ വീട്ടില്‍പ്പോകുന്നത് ഞാന്‍ കണ്ടിട്ടില്ല. 

ചോദിക്കുമ്പോഴൊക്കെ ആദ്യമവള്‍ ഒഴിഞ്ഞുമാറി. പിന്നീടൊരിക്കല്‍ അവള്‍ പറഞ്ഞു- അന്നയുടെ അച്ഛനും അമ്മയും ബന്ധം വേര്‍പ്പെടുത്തി രണ്ടിടത്താണെന്നും അച്ഛന്റെ കുടുംബവീട്ടിലാണ് അവള്‍ നില്‍ക്കുന്നതെന്നും. അച്ഛനും അമ്മയുടെയും വഴക്കുകള്‍ക്കിടയില്‍ വളരുന്ന ഒരു പെണ്‍കുട്ടിയുടെ മാനസികാവസ്ഥ എനിക്ക് മനസ്സിലാകുന്നത് പോലെ ആര്‍ക്കു കഴിയും? അവിടെ നിന്ന് രക്ഷപ്പെട്ട് ഓടിയതല്ലേ ഞാനും. അതുകൊണ്ടുതന്നെ കൂടുതലൊന്നും ചോദിച്ചു ഞാനവളെ വിഷമിപ്പിച്ചില്ല. ചില ആഴ്ചകളൊക്കെ ഞാന്‍ വീട്ടിലേയ്ക്ക് പോകുമ്പോള്‍ അന്ന മാത്രം ഹോസ്റ്റലില്‍ തനിച്ചായിരിക്കും. അവളെ തനിച്ചു നിര്‍ത്തിപ്പോകാന്‍ എനിക്ക് സങ്കടമായതിനാല്‍ ഞാനും വീട്ടിലേയ്ക്ക് പോകാതാതെയായി. അല്‍പനേരം പോലും അവള്‍ വേദനിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. എനിക്ക് കഴിയാവുന്ന രീതിയില്‍ ഞാനവളെ സ്‌നേഹം അനുഭവിപ്പിച്ചുകൊണ്ടേയിരുന്നു. അന്ന പൂര്‍ണമായും എന്നെ മാത്രം ആശ്രയിച്ചുകൊണ്ട് അവിടെ ജീവിച്ചു. ഹോസ്റ്റലിലെ മറ്റു കൂട്ടുകാരോട് ഞാന്‍ മിണ്ടുന്നതോ കൂട്ടുകൂടുന്നതോ പോലും സഹിക്കാനാവാത്തത്രയും സ്വാര്‍ത്ഥമായി അവളെന്നെ ചേര്‍ത്തുപിടിച്ചു.

ഹോസ്റ്റലിലേയ്ക്ക് ഒരു ഫോണ്‍കോള്‍ കൊണ്ടുപോലും അന്വേഷിക്കാനില്ലാത്തത്ര അനാഥത്വം പേറുന്ന അവളെ ഏറ്റവും സ്‌നേഹത്തോടെ ഞാനും ചേര്‍ത്തുപിടിച്ചു. ഞാന്‍ വായിക്കുന്ന പുസ്തകങ്ങളിലെ കഥകള്‍ അവളോട് പറഞ്ഞും ചിലതൊക്കെ വായിച്ചു കൊടുത്തും ഒഴിവുസമയങ്ങള്‍ ചിലവഴിച്ചു. അന്നയ്ക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ലായിരുന്നു. പക്ഷേ ഇംഗ്ലീഷും ഹിന്ദിയും കൂടാതെ തമിഴും കന്നടയും തെലുങ്കും നന്നായി അറിയാമായിരുന്നു. ഞാനവളെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചു, പകരം അവളില്‍നിന്ന് തമിഴ് നന്നായി പഠിച്ചു.

ചിലപ്പോഴൊക്കെ അന്ന അവളുടെ അമ്മയെയും അച്ഛനെയുംകുറിച്ച് പറയുമ്പോള്‍ അവളോടൊപ്പം കരയുമായിരുന്നു. അവള്‍ അവരെക്കുറിച്ചു പറയുമ്പോള്‍ ഞാന്‍ എന്നെത്തന്നെയായിരുന്നു കണ്ടിരുന്നത്. മഹാസങ്കടങ്ങള്‍ പേറുന്ന രണ്ടുപേര്‍ കെട്ടിപ്പിടിച്ചു കിടന്ന് ഞങ്ങളുടെ വേദനകളെ ഉരുക്കിക്കൊണ്ടിരുന്നു. കുറെ ദിവസങ്ങള്‍ എന്റെ കാലിനോട് അവളുടെ കാല്‍ ചേര്‍ത്തുകെട്ടിയിട്ട് കിടക്കുന്നത് കൊണ്ടാണോ എന്നറിയില്ല ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന അവളുടെ ശീലം ഇല്ലാതായത് ഞങ്ങളെ രണ്ടുപേരെയും ഒരുപോലെ അത്ഭുതപ്പെടുത്തി.

ഞാനിപ്പോഴും ഞെട്ടലോടെ ഓര്‍ക്കുന്ന രാത്രി അന്നായിരുന്നു. അന്നൊരു രണ്ടാം ശനിയാഴ്ചയായിരുന്നു. ഹോസ്റ്റലിലുള്ള എല്ലാവരുംതന്നെ വീട്ടില്‍പോയിരുന്നതിനാല്‍ ഹോസ്റ്റല്‍ വിജനമായിരുന്നു. കന്യാസ്ത്രീകളും അടുക്കളയില്‍ പാചകം ചെയ്യുന്ന ചേച്ചിമാരും പിന്നെ ഞങ്ങള്‍ രണ്ടാളും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. പതിവുപോലെ ഭക്ഷണമൊക്കെ കഴിച്ചിട്ട് ഞങ്ങള്‍ നേരത്തെ ഉറങ്ങാന്‍ കിടന്നു. കോളേജിലുണ്ടായ തമാശകള്‍ പറഞ്ഞും ഹോസ്റ്റലിലെ സിസ്റ്റര്‍മാരുടെ സ്വഭാവ വൈചിത്ര്യങ്ങള്‍ പറഞ്ഞും ഓരോ കഥകള്‍ പറഞ്ഞും ഞാന്‍ ഉറക്കത്തിലേയ്ക്ക് വഴുതി വീണുകൊണ്ടിരുന്നു. ഇടയ്‌ക്കെന്തോ എന്റെ വയറിനു മുകളിലൂടെ ഇഴയുന്നതായെനിക്ക് തോന്നി. പാതിയുറക്കത്തില്‍ നോക്കുമ്പോള്‍ അന്നയുടെ കൈകളായിരുന്നു അത് അസ്വാഭാവികത ഒന്നും തോന്നാതെ ഞാനവളോട് വീണ്ടും ചേര്‍ന്നികിടന്നു. പെട്ടെന്ന് എന്റെ വസ്ത്രത്തിനുള്ളിലൂടെ കൈ കടത്തി അവളെന്റെ മുലകളില്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട് എന്നെ തുരുതുരാ ചുംബിക്കാന്‍ തുടങ്ങി. അവളെന്റെ മുകളില്‍ കയറിക്കിടന്ന് എന്റെ ശരീരത്തിന്റെ പകുതിയും കീഴ്‌പ്പെടുത്തിക്കഴിഞ്ഞിരുന്നു. എനിക്ക് ശ്വാസം മുട്ടി. അവളുടെ കൈ വിരലുകള്‍ എന്റെ അടിവയറ്റിലേയ്ക്ക് നീങ്ങിയപ്പോള്‍ സര്‍വശക്തിയുമെടുത്ത് ഞാനവളെ തള്ളി മാറ്റി. ചാടി എഴുന്നേറ്റ് എന്നെ അവളുടെ കാലുമായി ബന്ധിപ്പിച്ചിരുന്ന ഷാളിന്റെ കെട്ടഴിച്ചു മാറ്റിയിട്ട് ഞാന്‍ കട്ടിലില്‍നിന്നെഴുന്നേറ്റു. എന്റെ കാല്‍ അഴിച്ചുമാറ്റി വച്ചിരിക്കുന്ന കാര്യം പോലും മറന്ന് അടുത്ത ചുവട് വയ്ക്കുമ്പോഴേയ്ക്കും ഞാന്‍ പിടഞ്ഞു നിലത്തുവീണു. അതുകണ്ട് എന്നെ എഴുന്നേല്‍പ്പിക്കാന്‍ എന്റെ അടുത്തേയ്ക്ക് പാഞ്ഞുവന്ന അവളെ ഞാന്‍ വീണ്ടും തള്ളി മാറ്റി. ആ നിമിഷം അവളോടെനിക്ക് കടുത്ത വെറുപ്പ് തോന്നി. എന്നെ തൊടുകയോ എന്നോട് സംസാരിക്കാന്‍ വരികയോ ചെയ്യരുതെന്ന് പറഞ്ഞുകൊണ്ട് അവള്‍ക്കുനേരെ ഞാന്‍ ഉച്ചത്തില്‍ അലറി. എന്റെ ഭാവമാറ്റം കണ്ട അവള്‍ ഭയന്ന് പിന്മാറി. കഴിഞ്ഞുപോയ ആ നിമിഷത്തെ എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. എന്നോട് അങ്ങനെ പെരുമാറിയത് എന്റെ അന്ന തന്നെ ആയിരുന്നോ? ദേഷ്യവും സങ്കടവും വെറുപ്പും അവിശ്വാസ്യതയും എന്നില്‍ ഉരുണ്ടുകൂടി. ഞാന്‍ നിലത്തുനിന്നും കൈകളൂന്നി ഇഴഞ്ഞെന്നപോലെ കട്ടിലില്‍ കയറിയിരുന്നു. അന്ന ഒരു മൂലയ്ക്കിരുന്നു കരയുകയായിരുന്നു. ആ രാത്രി വെളുക്കുന്നതുവരെ ഞങ്ങള്‍ രണ്ടാളും ഉറങ്ങിയില്ല. എന്റെ ഹൃദയമിടിപ്പ് നിമിഷംപ്രതി വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു.

ഞാന്‍ പിന്നെ അന്നയോട് മിണ്ടിയതേയില്ല. അവളെ പൂര്‍ണമായും എന്നില്‍നിന്ന് ഒഴിവാക്കിയത് പോലെ പെരുമാറി. അതവള്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് എനിക്കറിയാമായിരുന്നെങ്കിലും ഞാന്‍ അവളോട് മിണ്ടാന്‍ കൂട്ടാക്കിയില്ല. അവളെയോര്‍ത്ത് എനിക്ക് വേദന തോന്നിയിരുന്നെങ്കിലും അതൊന്നും പുറത്തുകാട്ടാതെ അവളില്‍നിന്നു ഒഴിഞ്ഞു മാറിക്കൊണ്ടേയിരുന്നു. പിറ്റേ ദിവസം രാത്രി വല്ലാത്തൊരു മുഖഭാവത്തോടെ അന്ന എന്റെ അടുത്തുവന്ന് എന്നോട് ക്ഷമിക്കണമെന്നു പറഞ്ഞുകൊണ്ട് അവളുടെ ഇടതുകൈയില്‍ ഒളിപ്പിച്ചിരുന്ന ബ്ലേഡ്‌കൊണ്ട് അവളുടെ കൈത്തണ്ട തലങ്ങും വിലങ്ങും മുറിക്കാന്‍ തുടങ്ങി. ചാടിയെഴുന്നേറ്റ് ഞാനവളെ ബലമായി പിടിച്ചുകൊണ്ട് അവളുടെ കയ്യില്‍ നിന്നും ബ്ലേഡ് പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു. അവള്‍ എന്നില്‍നിന്നും കുതറിക്കൊണ്ടേയിരുന്നു. അവളുടെ കൈത്തണ്ടയിലൂടെ രക്തമൊഴുകി. വിരലിലൂടെ നിലത്തിറ്റു വീണുകൊണ്ടിരുന്നു. അവളുടെ അസ്വാഭാവികമായ ആ പ്രവൃത്തി എന്നെ വല്ലാതെ ഭയപ്പെടുത്തിയെങ്കിലും സംയമനം വീണ്ടെടുത്തു ഞാനവളെ കട്ടിലില്‍ കൊണ്ടിരുത്തിയിട്ട് അവള്‍ക്ക് കുടിക്കാന്‍ വെള്ളം കൊടുത്തു. വെള്ളം കുടിച്ചു തീര്‍ത്തതും അവള്‍ കരയാനും എന്റെ കൈകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് എന്നോട് മാപ്പ് ചോദിക്കാനും തുടങ്ങി. അവളുടെ രക്തമൊഴുകുന്ന കൈകളില്‍ ഷാള്‍ കൊണ്ട് ഞാന്‍ പൊതിഞ്ഞുകെട്ടി. രക്തം കണ്ട് ഭയന്നു സിസ്റ്ററെ വിളിക്കാനായി പുറത്തേക്ക് പോയ എന്നെ അവള്‍ തടഞ്ഞു ''എന്നോട് ക്ഷമിച്ചെന്നു പറയൂ'' എന്ന് പറഞ്ഞുകൊണ്ടവള്‍ എന്റെ കാലില്‍ കെട്ടിപ്പിടിച്ചു കരഞ്ഞു.

അവളെ പിടിച്ചെഴുന്നേല്പിച്ചു കസേരയിലിരുത്തിയിട്ട് പറഞ്ഞു, ''എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ല നീ എന്തിനാ ഇങ്ങനൊക്കെ ചെയ്യുന്നത്? നിനക്കെന്താ പറ്റിയത്?

അവള്‍ കരച്ചിലടക്കിക്കൊണ്ട് പറഞ്ഞു ''എനിക്കൊരു കാര്യം പറയാനുണ്ട്. ആരോടെങ്കിലും എനിക്കിത് പറയാന്‍ ഭയമായിരുന്നു. നീയെങ്കിലും അറിഞ്ഞിരിക്കണം. നാളെ ഞാന്‍ മരിച്ചുപോയാല്‍ നീ എന്നെക്കുറിച്ചു ഒരു കവിതയെഴുതണം എന്നവള്‍ പറഞ്ഞു''

പിന്നീട് അവള്‍ പറഞ്ഞതൊക്കെയും നെഞ്ചില്‍ ആയിരക്കണക്കിന് കഠാരകള്‍ കുത്തിയിറക്കുന്നത് പോലെയാണ് ഞാന്‍ കേട്ടിരുന്നത്. ദൈവമേ... ഞാനിതെന്തൊക്കെയാണ് കേള്‍ക്കുന്നത്? അവളുടെ ഓരോ വാക്കും എനിക്ക് താങ്ങാനാവുന്നതായിരുന്നില്ല. കണ്ണുകളില്‍ ഇരുട്ട് കയറി, എന്റെ തല കറങ്ങി, ഇറച്ചി വെട്ടുന്ന മരത്തടിപോലെ എന്നില്‍നിന്ന് രക്തവും മാംസവും എല്ലുകളും പലതായ് നുറുങ്ങിത്തെറിച്ചു.

ഞാനിതുവരെ ആരോടും പങ്കുവെയ്ക്കാതെ എന്നെ വേട്ടയാടിയ ആ രഹസ്യം ഞാനിവിടെ കുറ്റബോധത്തോടെ വെളിപ്പെടുത്തുകയാണ്. അവളനുഭവിച്ച അതേ ഭയം കാരണം ഞാനും ആരോടുമത് പറഞ്ഞിരുന്നില്ല. പറഞ്ഞിരുന്നുവെങ്കില്‍ അവള്‍ക്കനുകൂലമായി എന്തെങ്കിലും സംഭവിക്കുമായിരുന്നോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. നിയമത്തെക്കുറിച്ചു യാതൊരു ധാരണയും ഇല്ലാതിരുന്ന എനിക്ക് എന്തായിരുന്നു ഞാന്‍ അവള്‍ക്കുവേണ്ടി ചെയ്യേണ്ടിയിരുന്നത് എന്നുപോലും അറിയില്ലായിരുന്നു. അവളുടെ ഭീകരമായ അനുഭവം കേട്ട് അവളെ ചേര്‍ത്തുപിടിച്ചു കരയാനല്ലാതെ മറ്റൊന്നും എനിക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഹൃദയത്തിന്റെ രണ്ടറകളും പൊള്ളിയടരുന്ന വേദനയോടെ ഞാനിതിവിടെ കുറിക്കുന്നു

ആലപ്പുഴ ജില്ലയിലായിരുന്നു അന്ന ജനിച്ചതും വളര്‍ന്നതും. അവള്‍ക്ക് അഞ്ചുവയസ്സുള്ളപ്പോള്‍ അവര്‍ കുടുംബസമേതം ബാംഗ്ലൂര്‍ക്ക് പോയി. അന്നയുടെ അച്ഛനും അമ്മയും അവിടെയായിരുന്നു ജോലി ചെയ്തിരുന്നത്. അവളവിടെ സന്തോഷവതിയായിരുന്നു. അതിനിടയില്‍ അവള്‍ക്കൊരു അനിയനും ജനിച്ചു. വളരെയേറെ സന്തോഷത്തോടെയുള്ള ഒരു കുടുംബമായിരുന്നു അവരുടേത്. പക്ഷെ അനിയന്‍ ജനിച്ചു ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മുതലാണ് അന്നയുടെ
അച്ഛനും അമ്മയും തമ്മില്‍ പൊരുത്തക്കേടുകള്‍ തുടങ്ങിയത്. അന്നയുടെ അമ്മയുടെ കടുത്ത സംശയരോഗമായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കം. അത് കഠിനമായി വലിയ വഴക്കാകാന്‍ തുടങ്ങി. അവളുടെ അച്ഛന്‍ കടുത്ത മദ്യപാനിയാവുകയും അമ്മയെ സ്ഥിരമായി ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. നിസ്സഹായരും അരക്ഷിതരുമായ രണ്ടു കുട്ടികളുടെ ജീവിതം നരകതുല്യമായി. ഒടുവിലവര്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചു. 

ആറുവയസ്സുള്ള അന്നയുടെ അനുജനുമായി അവളുടെ അമ്മ മറ്റൊരിടത്തേയ്ക്ക് മാറി. അന്ന അച്ഛന്റെ സംരക്ഷണത്തില്‍ കഴിയുമ്പോള്‍ അവളുടെ അച്ഛന്‍ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. അന്നയുടെ അച്ഛന്റെ തീരുമാനപ്രകാരം അന്നയെ നാട്ടിലുള്ള സ്‌കൂളില്‍ പഠിപ്പിക്കാനായി അയച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ബോര്‍ഡിങ്ങില്‍ നിന്നായിരുന്നു അവള്‍ പൂര്‍ത്തിയാക്കിയത്. പിന്നീട് പ്ലസ് വണ്ണും പ്ലസ് ടുവും അന്നയുടെ അച്ഛന്റെ കുടുംബവീട്ടില്‍ നിന്നുമായിരുന്നു അവള്‍ പഠിച്ചത്. അവിടെ അവളുടെ അച്ഛമ്മയും അച്ഛന്റെ അനിയനും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആദ്യമൊക്കെ അവളുടെ
അച്ഛമ്മ അവളോട് വളരെ സ്‌നേഹത്തിലായിരുന്നു പെരുമാറിയിരുന്നത്. പിന്നീട് അവരുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാകാന്‍ തുടങ്ങി. വീട്ടുജോലികളൊക്കെ അന്നയെക്കൊണ്ട് ചെയ്യിക്കാന്‍ തുടങ്ങി. പക്ഷെ, അവളുടെ ചിറ്റപ്പന്‍ (അച്ഛന്റെ അനിയന്‍) വളരെ സ്‌നേഹത്തോടെയായിരുന്നു ഇടപെഴകിയിരുന്നത്. അവള്‍ക്കുവേണ്ടി വളയും കണ്മഷിയും പൊട്ടും ഡ്രസ്സും പലഹാരങ്ങളുമൊക്കെ വാങ്ങി കൊടുക്കുമായിരുന്നു. അവളുടെ അച്ഛനില്‍ നിന്ന് കിട്ടാതിരുന്ന സ്‌നേഹവും പരിഗണയും കിട്ടിയതില്‍ അവള്‍ ഏറെ സന്തോഷിച്ചിരുന്നു. അവളെ സ്‌കൂളില്‍ കൊണ്ടുവിടുന്നതും തിരികെ വിളിക്കുന്നതും ചിറ്റപ്പനായിരുന്നു. എല്ലാ ദിവസവും രാത്രി അവള്‍ക്ക് കുടിക്കാന്‍ കൊടുത്ത പാല്‍ ഒരു ദിവസം അവള്‍ ടേബിളില്‍ വച്ച് മറന്നു. ഗാഢമായ ഉറക്കത്തില്‍ അവളുടെ പാവാടയ്ക്കിടയിലൂടെ എന്തോ ഇഴയുന്നതുപോലെ തോന്നി അവള്‍ ഞെട്ടി ഉണര്‍ന്നപ്പോള്‍ അവളുടെ തുടകള്‍ക്കിടയില്‍ കൈകള്‍ അമര്‍ത്തി വച്ചിരിക്കുന്ന ചിറ്റപ്പനെയാണ് അവള്‍ കണ്ടത്. അവള്‍ ഭയന്ന് വിറച്ചു രണ്ടുകാലുകളും കൊണ്ട് അയാളെ ചവുട്ടി അകറ്റാന്‍ ശ്രമിച്ചു. പക്ഷേ, അയാളവളുടെ വായ പൊത്തിപ്പിടിച്ചു ഒരു കത്തി കഴുത്തിനു വട്ടം പിടിച്ചു അവളെ അവളെ ഭീഷണിപ്പെടുത്തി. ഈ വിവരം പുറത്ത് ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പറഞ്ഞു. പ്രാണഭയത്താല്‍ അയാള്‍ പറഞ്ഞതൊക്കെയും അവള്‍ക്ക് അനുസരിക്കേണ്ടിവന്നു. 

ഇത് അയാളുടെ ആദ്യത്തെ വരവ് അല്ലെന്നും ഉറങ്ങുന്നതിനു മുന്‍പായി അന്നയ്ക്ക് കുടിക്കാന്‍ കൊടുത്തിരുന്ന പാലില്‍ ഉറക്കഗുളിക ചേര്‍ക്കുന്നുണ്ടായിരുന്നെന്നും അന്നത്തെ ദേഷ്യത്തില്‍ അയാള്‍ തന്നെ വെളിപ്പെടുത്തി. പിന്നീടങ്ങോട്ടുള്ള പല രാത്രികളിലും അയാള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ട അവസ്ഥയായിരുന്നു അവളുടേത്. ഓരോ ദിവസവും ഓരോ തരം ഭീഷണികളാല്‍ അയാളവളെ കീഴ്പ്പെടുത്തി. പലപ്പോഴും ഉറങ്ങാന്‍ ഭയന്ന് രാത്രി എഴുന്നേറ്റ് പശുത്തൊഴുത്തിലോ കുളിമുറിയിലോ ചുരുട്ടി വച്ച പായുടെ ഉള്ളിലോ അയാള്‍ കാണാതെ എവിടെയെങ്കിലുമൊക്കെ
ഒളിച്ചിരിക്കും. പക്ഷേ, എവിടെ ഒളിച്ചിരുന്നാലും അയാള്‍ കണ്ടെത്തുമായിരുന്നു. അവളുടെ രഹസ്യഭാഗങ്ങളിലൊക്കെ ക്രൂരമായി വേദനിപ്പിക്കുന്നതില്‍ അയാള്‍ ആനന്ദം കണ്ടെത്തിയിരുന്നു. ഒടുവില്‍ അയാളുടെ പ്രവൃത്തികള്‍ സഹിക്കാന്‍ പറ്റാതായപ്പോള്‍ അയാളുടെ ഭീഷണികളെ മറികടന്ന് അവള്‍ അവളുടെ അച്ഛമ്മയോട് ചിറ്റപ്പന്റെ പ്രവൃത്തികളെ കുറിച്ച് പറഞ്ഞപ്പോള്‍ അവളെ ചീത്ത വിളിച്ചുകൊണ്ട് ആട്ടിപ്പായിക്കുകയാണ് ഉണ്ടായത്. ''ഒണ്ടാക്കിയ തന്തയ്ക്കും തള്ളയ്ക്കും പോലും വേണ്ടാതെ അഴിച്ചു വിട്ടേക്കല്ലേ, വല്ലവന്റേം കൂടെ കെടന്ന് വയറ്റിലൊണ്ടാക്കിയിട്ട് എന്റെ മകന്റെ തലേല്‍ വെക്കാനാണെങ്കി ഇപ്പൊ എറങ്ങിക്കോണം ഇവിടുന്ന്... എന്നോട് പറഞ്ഞതിരിക്കട്ടെ വേറെ വല്ലാരോടും ഇത് ചെന്ന് പറഞ്ഞാല്‍ ഇതിനകത്തിട്ട് കത്തിക്കും നിന്നെ ഞാന്‍'' എന്നായിരുന്നു അവളുടെ അച്ഛമ്മയായ ആ സ്ത്രീ പ്രതികരിച്ചത്.

തീര്‍ത്തും അരക്ഷിതയായ ആ പതിനേഴു വയസ്സുകാരിക്ക് മരണമല്ലാതെ മറ്റൊന്നും മുന്നിലില്ലായിരുന്നു. അവളൊരു ബ്ലേഡ്‌കൊണ്ട് കൈത്തണ്ടയിലെ ഞരമ്പ് ലക്ഷ്യമാക്കി ആഴത്തില്‍ മുറിച്ചു. ഞരമ്പ് രണ്ടായി മുറിഞ്ഞു ചോരവാര്‍ന്നുകൊണ്ടിരുന്നു. അന്ന മരിച്ചുകൊണ്ടിരിക്കുന്നതായി അവള്‍ അറിഞ്ഞു. പക്ഷേ, മരണവും അവളെ തോല്‍പ്പിച്ചു. നാലോ അഞ്ചോ ദിവസത്തിനു ശേഷം അന്നയ്ക്ക് ബോധം വീണപ്പോള്‍ അവളുടെ അടുത്തായി
അച്ഛനും ഉണ്ടായിരുന്നു. മരിച്ചുകൊണ്ടിരുന്ന അവളെ ആരാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് അവള്‍ക്കറിയില്ലായിരുന്നു. അവളുടെ കട്ടിലിനരികിലിരുന്നു അച്ഛമ്മ അവളുടെ അച്ഛനോട് ദേഷ്യപ്പെടുന്നത് പാതി ബോധത്തില്‍ അവള്‍ കേട്ടു. ''ഇനി ഇവളെ എന്റെ വീട്ടില്‍ നിര്‍ത്താന്‍ ഒക്കില്ല, നീ എങ്ങോട്ടാണെന്ന് വെച്ചാല്‍ കൊണ്ടുപോയ്‌ക്കോണം''എന്നവര്‍ പറഞ്ഞു. ഹോസ്റ്റല്‍ സൗകര്യമുള്ള ഒരു കോളേജില്‍ ഡിഗ്രിക്ക് ചേര്‍ക്കാമെന്ന് പറഞ്ഞു അവളുടെ അച്ഛന്‍ അച്ഛമ്മയെ ശാന്തയാക്കി. ഒരാഴ്ചയ്ക്ക് ശേഷം ആശുപത്രി വിട്ട് പോരുമ്പോള്‍ അവളുടെ ജീവിതത്തെ അവള്‍ ശപിച്ചു.

ചിറ്റപ്പന്‍ ശാരീരികമായി ഉപദ്രവിക്കുന്ന കാര്യം അച്ഛനോട് എന്തുകൊണ്ട് പറഞ്ഞില്ല? എന്നെ അലട്ടിയ ചോദ്യം മനസ്സിലാക്കിയിട്ടെന്നപോലെ അവള്‍ പറഞ്ഞു, ''എങ്ങനെ അച്ഛനോട് പറയാണെമെന്ന് എനിക്ക് അറിയില്ലായിരുന്നു. മാത്രമല്ല ആശുപത്രിയില്‍ കിടന്ന സമയത്ത് അച്ഛമ്മ എന്തൊക്കെയോ അച്ഛനോട് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. പഠിക്കാനും എന്റെ മറ്റു ചെലവുകള്‍ക്കുമുള്ള കാശ് തരുന്ന ഒരാള്‍ മാത്രമായിരുന്നു എനിക്കച്ഛന്‍. ഒരിക്കല്‍പ്പോലും എനിക്ക് സുഖമാണോ എന്നൊരു വാക്ക് എന്നോട് അച്ഛന്‍ ചോദിച്ചിട്ടില്ലായിരുന്നു. കോളേജില്‍ അഡ്മിഷന്‍ എടുത്തതിനുശേഷം ഹോസ്റ്റലില്‍ കൊണ്ടുവിട്ടിട്ട് ഒന്ന് തിരിഞ്ഞുപോലും നോക്കാതെയാണ് അച്ഛന്‍ പോയത്.'' അത് പറയുമ്പോള്‍ അവളുടെ
കണ്ണുകളില്‍നിന്നു കണ്ണീരിനു പകരം രക്തമൊഴുകുന്നതായാണ് എനിക്ക് തോന്നിയത്. എന്റെ കൈകളില്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് അവള്‍ പറഞ്ഞു ''ഞാനിവിടെ വന്നിട്ടും ഉറക്കത്തില്‍ എഴുന്നേറ്റ് നടന്നത് ചിറ്റപ്പനെക്കുറിച്ചുള്ള ഓര്‍മയില്‍ അയാളെ ഭയന്ന് പ്രാണരക്ഷാര്‍ഥം എന്റെ ശരീരത്തെ ഒളിപ്പിക്കാന്‍ ഒരിടം തിരഞ്ഞുള്ള പോക്കായിരുന്നു. നിന്നെ ഉമ്മ വച്ചതും നിന്നോട് മോശമായി പെരുമാറിയതുമൊക്കെ ഞാന്‍ അറിഞ്ഞുകൊണ്ടല്ല. മുന്‍കാലങ്ങളില്‍ ഞാന്‍ നേരിട്ട ലൈംഗികാനുഭവം എന്നെ ഞാനല്ലാതാക്കി മാറ്റിയിരുന്നു. എന്റെ ശരീരം ഞാന്‍ പോലുമറിയാതെ അതാവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്റെ അബോധത്തില്‍ എനിക്ക് നിന്നോട് അങ്ങനെ പെരുമാറേണ്ടിവന്നു എന്നോട് ക്ഷമിക്കില്ലേ നീ?

ഇത്രയും കേട്ടുകഴിഞ്ഞപ്പോള്‍ എന്റെ ഹൃദയം പൊട്ടിത്തെറിച്ചു എല്ലിന്‍കൂടുകള്‍ ഭേദിച്ച് പുറത്തുവരുന്നതായെനിക്ക് തോന്നി. ''എന്റെ കുഞ്ഞേ..'' എന്ന് വിളിച്ചുകൊണ്ട് ഞാനവളെ വാരിപ്പുണര്‍ന്നു എന്റെ ശ്വാസം നിലയ്ക്കുന്നത് പോലെ എനിക്കുതോന്നി ശബ്ദമൊക്കെ തൊണ്ടയില്‍നിന്നടര്‍ന്ന് എവിടെയൊക്കെയോ തെറിച്ചു. ശരീരത്തിലെ ഓരോ കോശങ്ങളും വീര്‍ത്തുപൊട്ടുന്നതായി എനിക്ക് തോന്നി. ആ നിമിഷം ഞാന്‍ പറഞ്ഞത് ഒന്നു മാത്രമായിരുന്നു. ''ഈ ഡിഗ്രി കഴിഞ്ഞ് ഞാന്‍ വീട്ടിലേയ്ക്ക് പോകുമ്പോള്‍ നീയും എന്റെ കൂടെ ഉണ്ടാവണം. നീ ഒറ്റയ്ക്കല്ല ഈ ജീവിതം മുഴുവനും നിന്നോടൊപ്പം ഞാന്‍ ഉണ്ടാവും''. പക്ഷെ അതെന്റെ വെറും വാക്കുമായിരുന്നില്ല. ആദ്യമായി ഞാനെടുക്കുന്ന ഉറച്ച തീരുമാനം ആയിരുന്നു.

മുമ്പുള്ളതിനേക്കാള്‍ മനോഹരമായി ഞങ്ങളുടെ സൗഹൃദം പൂത്തുലഞ്ഞു. ഞാനവളെ സ്‌നേഹം കൊണ്ട് പൊതിഞ്ഞു. പക്ഷേ, കാലം ക്രൂരമായി ഞങ്ങള്‍ക്കിടയില്‍ ഇടപെട്ടു. അന്നയ്ക്ക് ബിഎസ് സി നഴ്‌സിംഗിനു അഡ്മിഷന്‍ ലഭിച്ചിരിക്കുന്നു എന്ന് അവളുടെ അച്ഛന്‍ വിളിച്ചറിയിച്ചിരിക്കുന്നു. ക്ലാസ്സ് ഉടന്‍ തുടങ്ങുമെന്നും എത്രയും വേഗം തന്നെ ബാംഗ്ലൂര്‍ക്ക് വണ്ടി കയറണം എന്നും അറിഞ്ഞതോടെ അന്നയും ഞാനും തകര്‍ന്നു. നിസ്സഹായ ആ പാവത്തിന് അച്ഛന്റെ വാക്കുകളെ അനുസരിക്കാതെ മറ്റു മാര്‍ഗ്ഗം ഉണ്ടായിരുന്നില്ല. അവളെ വിട്ടുപിരിയുന്നത് എനിക്കോ അവള്‍ക്കോ താങ്ങാവുന്നതായിരുന്നില്ല. എങ്കിലും ഞങ്ങള്‍ക്ക് പിരിയേണ്ടിവന്നു. പോകുന്നതിനു മുന്‍പ് അവളെന്നോട് പറഞ്ഞിരുന്നു ''ഈ ഭൂമിയില്‍ എവിടെയായിരുന്നാലും ഞാന്‍ നിന്റെ അടുത്തേയ്ക്ക് വരും നമ്മള്‍ ഒരുമിച്ചായിരുന്ന ഈ രണ്ടു വര്‍ഷം മാത്രമാണ് ഞാന്‍ സ്‌നേഹവും സന്തോഷവും സമാധാനവും എന്താണെന്ന് അറിഞ്ഞത്. നീയെനിക്ക് കൂട്ടുകാരി മാത്രമല്ല ഞാന്‍ നേരിട്ട് കണ്ട ദൈവം കൂടിയാണ്.' 

എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവള്‍ എന്റെ കണ്‍മുന്നില്‍നിന്നു മറയുന്നതുവരെ ഞാനവളെ നോക്കിനിന്നു. അതിനുശേഷം എനിക്കവള്‍ മുടങ്ങാതെ കത്തുകള്‍ അയച്ചു. പിന്നീട് കത്തുകളുടെ എണ്ണം കുറയാന്‍ തുടങ്ങി എപ്പോഴോ അതില്ലാതായി. ഞാന്‍ അയച്ച കത്തുകള്‍ക്കൊന്നും മറുപടിയും കിട്ടിയിരുന്നില്ല. അവള്‍ എവിടെയാണെന്നോ എങ്ങനെയാണെന്നോ എനിക്കറിയില്ല. കണ്ടെത്താന്‍ പല രീതിയില്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടു എവിടെയെങ്കിലുമിരുന്നു എന്നെങ്കിലും നീ എന്നെ വായിക്കുകയാണെങ്കില്‍ ''എന്റെ പ്രിയപ്പെട്ടവളെ... നിന്റെ അനുവാദമില്ലാതെ നിന്റെ ജീവിതമെഴുതിയതിന് എന്നോട് ക്ഷമിക്കുക. നീയൊരിക്കല്‍ എന്നോട് പറഞ്ഞില്ലേ, നിന്നെ കുറിച്ച് ഒരു കവിതയെഴുതണമെന്ന്, കവിതയിലല്ല എന്റെ ജീവിതത്തിന്റെ ഏറ്റവും ആഴത്തില്‍ തന്നെ
നിന്നെ ഞാന്‍ അടയാളപ്പെടുത്തുന്നു. നീയില്ലാതെ എന്റെ ആത്മകഥ എങ്ങനെ പൂര്‍ണമാകും?