രമ്യ തുറവൂര്‍ എഴുതുന്ന ആത്മകഥ പതിയാത്ത കാല്‍പ്പാടുകള്‍ തുടരുന്നു

To advertise here,

ന്ന പോയതിനുശേഷം ഞാന്‍ തികച്ചും ഒറ്റപ്പെട്ടു. എന്റെ ജീവിതത്തില്‍ അവളുടെ അസാന്നിദ്ധ്യം ഉണ്ടാക്കിയ ശൂന്യത അത്രമേല്‍ വലുതായിരുന്നു. പുസ്തകങ്ങള്‍ വായിച്ചും ക്ലാസ്സിലെ കൂട്ടുകാരോടൊപ്പം സമയം ചെലവഴിച്ചുമായിരുന്നു ആ ശൂന്യതയെ മറികടക്കാന്‍ ശ്രമിച്ചത്. അന്നയെക്കുറിച്ചു എന്റെ ക്ലാസ്സിലെ കൂട്ടുകാരോട് ആരോടും തന്നെ ഞാന്‍ പറഞ്ഞിരുന്നില്ല. പക്ഷെ അവള്‍ പോയശേഷം എന്നെ എന്തൊക്കെയോ അലട്ടുന്നുണ്ടെന്നു  അവര്‍ക്ക് തോന്നിയതുകൊണ്ടാവാം അഗുവും റോഷനും വിദ്യയും റൂബിയുമൊക്കെ എന്നില്‍ കൂടുതല്‍ ശ്രദ്ധാലുവായത്. 

ഒഴിവുസമയങ്ങളില്‍ ക്യാമ്പസിലെ വാക മരച്ചോട്ടില്‍ എന്നെയുംകൂട്ടി അവര്‍ ഇരുന്നു. പാട്ടുപാടിത്തന്നും കളിതമാശകള്‍ പറഞ്ഞും അവരെന്നെ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ലൈബ്രറിയും ക്ലാസ്സും വാകമരത്തണലും ഒക്കെയായി ഞാന്‍ സമയം കഴിച്ചുകൂട്ടി. കഥകളും കവിതകളും നോവലുകളും മാത്രം തലയ്ക്കകത്തുള്ള എനിക്ക് അക്കൗണ്ടന്‍സിയും എക്കണോമിക്സും സ്റ്റാറ്റിസ്റ്റിക്സും അരോചകമായി. എന്നാലും തോല്‍ക്കരുത് എന്നുകരുതി മാത്രം പഠിച്ചു.

ക്ലാസ്സിലെ ജനലിലൂടെ നോക്കിയാല്‍ ക്യാമ്പസ്സിന്റെ തെക്കേ അറ്റത്തായി നിരന്നുനില്‍ക്കുന്ന അക്കേഷ്യാമരങ്ങളും അതിനോട് ചേര്‍ന്നുകിടക്കുന്ന വലിയൊരു കുളവും കാണാമായിരുന്നു. അക്കേഷ്യാ പൂക്കള്‍ അലര്‍ജിയുണ്ടാക്കുന്നതാണ്. ആസ്തമക്കാരിയായ എനിക്ക് ആ ഭാഗത്തേയ്ക്ക് ചെല്ലാന്‍ പറ്റില്ല. എന്നാലും ആ കുളവും അതിനു ചുറ്റുമായി നിരന്നുനില്‍ക്കുന്ന അക്കേഷ്യാ മരങ്ങളും കടുംമഞ്ഞ പൂക്കള്‍ തൂവിക്കിടക്കുന്ന പഞ്ചാര മണലും എന്നെ മോഹിപ്പിച്ചുകൊണ്ടിരുന്നു. ഞാന്‍ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി അനങ്ങാതിരിക്കുന്നത് കാണുമ്പോള്‍ കൂട്ടുകാര്‍ എന്നെ കളിയാക്കി. എന്റെ കാല്പനികലോകത്തുനിന്നും വളരെ ദൂരെയായിരുന്നു അവര്‍. എന്നിട്ടും അവരെന്നെ സ്‌നേഹം കൊണ്ട് ചേര്‍ത്തുപിടിച്ചു. അവര്‍ക്കുവേണ്ടി ഞാന്‍ പാട്ടുകള്‍ പാടി. തമാശകള്‍ പറഞ്ഞു അവര്‍ക്കൊപ്പം പൊട്ടിച്ചിരിച്ചു. അവരുടെ അമ്മമാര്‍ ഉണ്ടാക്കുന്ന ഭക്ഷണം എനിക്കും പങ്കുവച്ചു. അവരോടൊപ്പം ഇരിക്കുമ്പോള്‍ എന്റെ സങ്കടങ്ങളും വേദനകളും ഞാന്‍ മറന്നു. 

ഒരു ദിവസം രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞു പഠിക്കാനിരിക്കുകയായിരുന്നു. പുസ്തകമെടുത്ത് അന്ന് പഠിപ്പിച്ച ഭാഗങ്ങള്‍ മറിച്ചുനോക്കിക്കൊണ്ടിരുന്നപ്പോള്‍ അതിനുള്ളിലായി മടക്കിവെച്ച ഒരു പേപ്പര്‍ കിട്ടി. തുറന്നുവായിച്ചപ്പോള്‍ അതിമനോഹരമായ ഒരു പ്രണയലേഖനമായിരുന്നു അത്. അതിലെ ഓരോ വരികളും എന്നെ അത്രമേല്‍ ആര്‍ദ്രയാക്കിക്കൊണ്ടിരുന്നു. ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു എനിക്കൊരു പ്രണയലേഖനം കിട്ടുന്നത്. അതില്‍ പേര് വച്ചിട്ടുണ്ടായിരുന്നില്ല. ആരായിരിക്കാം എനിക്ക് ഈ കത്തെഴുതിയത്? എന്തായിരിക്കാം അയാള്‍ പേര് വെളിപ്പെടുത്താതിരുന്നത്? എന്റെ ആകാംക്ഷ വര്‍ദ്ധിച്ചു. പിറ്റേ ദിവസം ക്ലാസ്സില്‍ ചെന്നതും വിദ്യക്കും അഗുവിനും ഈ കത്തു ഞാന്‍ വായിക്കാന്‍ കൊടുത്തു. എന്റെ അതേ ആകാംക്ഷ തന്നെയായിരുന്നു അവര്‍ക്കും. പേര് വെളിപ്പെടുത്താതെ എനിക്ക് കത്തെഴുതിയത് ആരായിരിക്കാം? എന്തായാലും അയാളെ ഉടന്‍ കണ്ടെത്തുമെന്ന് അവര്‍ എന്നോട് പറയുകയും ചെയ്തു. പക്ഷെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കത്തിന്റെ ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞില്ല ഞാന്‍ വല്ലാത്ത നിരാശയിലായി. കത്തിലെഴുതിയിരിക്കുന്നതുപോലെ എന്നെ അത്രയും പ്രണയിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് എന്നോട് നേരിട്ട് പറയുന്നില്ല? ഉറപ്പായും എന്നെ കളിപ്പിക്കാന്‍ ആരോ ചെയ്തതാകുമെന്നാണ് ഞാന്‍ ആദ്യം കരുതിയത്.

ആളെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ എന്റെ ആകാംക്ഷയും കുറഞ്ഞുവന്നു. പക്ഷെ കുറെ ദിവസങ്ങള്‍ക്ക് ശേഷം എന്റെ തന്നെ ക്ലാസ്സില്‍ പഠിക്കുന്ന മറ്റൊരു കൂട്ടുകാരനാണ് എന്നോട് എഴുത്തിന്റെ ഉടമ ആരാണെന്നു വെളിപ്പെടുത്തിയത്. ആളെ അറിഞ്ഞതും എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അധികം ആരോടും സംസാരിക്കാത്ത, നന്നായി പഠിക്കുന്ന, മനോഹരമായി വരയ്ക്കുന്ന, ക്ലാസ്സിലെ മിടുക്കനായ റോബി ആയിരുന്നു അത്. അഗുവിന്റേയും റോഷന്റേയും വിദ്യയുടെയും അടുത്ത കൂട്ടുകാരന്‍ ആയിരുന്നിട്ടും കോളേജ് ലൈബ്രറിയിലും കാന്റീനിലും ഇടനാഴികളിലുമൊക്കെ അവന്റെ സാന്നിധ്യം ഞാന്‍ അറിഞ്ഞിരുന്നെങ്കിലും ഒരിക്കല്‍പ്പോലും ഞാന്‍ റോബിയോട് സംസാരിച്ചിരുന്നില്ല. അവന്റെ ഇഷ്ടം അഗുവിനോടോ വിദ്യയോടോ പോലും പറയാതിരുന്നത് എന്താവും എന്ന ചോദ്യം എന്നെ സംശയാലുവാക്കിയെങ്കിലും റോബിയുടെ സ്‌നേഹത്തെ അവിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. കത്തെഴുതിയത് റോബിയാണെന്നു ഞാന്‍ അറിഞ്ഞ വിവരം ആരൊടുംതന്നെ പറഞ്ഞില്ല. ഈ വിവരം എന്നെ അറിയിച്ച കൂട്ടുകാരന് കൊടുത്തവാക്കായിരുന്നു അത്. പിന്നീട് റോബി അറിയാതെ ഞാനവനെ ശ്രദ്ധിച്ച് തുടങ്ങി. അവനെന്നെ നോക്കുന്നതും എന്നെക്കുറിച്ചു മറ്റുള്ളവരോട് സംസാരിക്കുന്നതും ഞാന്‍ അറിയുന്നുണ്ടായിരുന്നെങ്കിലും അതൊന്നും  കണ്ടതായി ഭാവിച്ചില്ല. ശരിക്കും അവനെന്നെ പ്രണയിക്കുന്നു എന്ന അറിവ് എന്നില്‍ അത്ഭുതമാണ് ഉണ്ടാക്കിയത്. എന്ത് കാരണത്താലാവും അവനെന്നോട് ഇഷ്ടം തോന്നിയത് എന്നായിരുന്നു എന്റെ ചിന്ത. സഹതാപത്തിനപ്പുറം എന്നില്‍ എന്തെങ്കിലും കണ്ടെത്താന്‍ മാത്രം ഒരു പ്രത്യേകതയും എന്നിലില്ലായിരുന്നു എന്ന് ഞാന്‍ വിശ്വസിച്ചു. 

ആളുകള്‍ക്കിടയില്‍ എന്നും അദൃശ്യയായി മാത്രം ജീവിക്കാനിഷ്ടപ്പെട്ട എന്നിലേയ്ക്ക് ഒരു പ്രണയം എത്തിച്ചേര്‍ന്നിരിക്കുന്നു. പക്ഷെ ഒരു പ്രണയം തന്ന മുറിവ് എന്നില്‍ ഉണങ്ങാതെ കിടന്നിരുന്നതിനാല്‍ അതിന്റെ പേരില്‍ മനുഷ്യരെ വിശ്വസിക്കാന്‍ എനിക്ക് ഭയമായിരുന്നു. ആ വര്‍ഷം കോളേജ് മാഗസിനില്‍ എന്റെ ഒരു കവിതയുണ്ടായിരുന്നു. തൊട്ടടുത്ത പേജില്‍ റോബിയുടെ മനോഹരമായ ഒരു കഥയും. അവന്റെ പ്രണയിനിയെ വര്‍ണിച്ചുകൊണ്ടായിരുന്നു ആ കഥയുടെ തുടക്കം. അത് പലയാവര്‍ത്തി വായിക്കുമ്പോഴൊക്കെയും ഞാനെന്നെത്തന്നെ അവിശ്വസിച്ചുകൊണ്ടിരുന്നു. അതില്‍ വര്‍ണിച്ചിരിക്കുന്ന പെണ്‍കുട്ടിയുടെ സൗന്ദര്യം എനിക്കുണ്ടായിരുന്നോ എന്നതായിരുന്നു എന്റെ ആശങ്ക. കാരണം ഒരു സ്ത്രീയെ ഇത്ര മനോഹരമായി വര്‍ണിച്ചിരിക്കുന്നത് ഖലീല്‍ ജിബ്രാന്റെ കൃതികളിലായിരുന്നു ഞാന്‍ മുന്‍പ് വായിച്ചിട്ടുണ്ടായിരുന്നത്. ഖലീല്‍ജിബ്രാന്‍ തന്റെ കാമുകിക്കെഴുതിയ കത്തുകള്‍ വായിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കാമുകിയാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചിട്ടുണ്ട്. ആ കത്തുകളെ ഓര്‍മിപ്പിക്കുന്ന തരത്തിലായിരുന്നു എനിക്ക് കിട്ടിയ കത്തും. എന്റെ കണ്ണുകളും ഞാന്‍ ഏറെ നേരം നോക്കിയിരിക്കാറുള്ള അക്കേഷ്യാ മരങ്ങളും അതിനു ചോട്ടിലായി തൂവിക്കിടക്കുന്ന കടുംമഞ്ഞപ്പൂക്കളും അവനും ശ്രദ്ധിച്ചിരുന്നെന്ന് ആ കത്തിലൂടയാണ് ഞാനറിഞ്ഞത്. അത് വെറുമൊരു കത്തെന്നല്ല കവിതയെന്നായിരുന്നു പറയേണ്ടിയിരുന്നത്. അത്ര സുന്ദരമായിരുന്നു അതിലെ വരികളോരോന്നും. 

പ്രണയിക്കപ്പെടുന്നതുപോലെ മനോഹരമായി ഒന്നുമില്ല എന്നറിയാമായിരുന്നിട്ടും പ്രണയത്തെ ഞാന്‍ ഭയന്നു. എന്നെങ്കിലുമൊരിക്കല്‍ റോബി എന്നോട്
നേരിട്ട് പറയുകയാണങ്കില്‍ എങ്ങനെ നിരസിക്കണമെന്ന് ഞാനെന്നെത്തന്നെ പറഞ്ഞുപഠിപ്പിച്ചു. സ്‌നേഹം ദൗര്‍ബല്യമായ ഒരുവള്‍ സ്‌നേഹിക്കപ്പെടുന്നതിനേക്കാള്‍ അപകടകരമായി എന്തുണ്ട്! എന്നിലെ വിഡ്ഢിയായ സ്വപ്നജീവി ഇല്ലാത്ത ലോകത്തിലേയ്ക്ക് ഒരു നൂല്‍പ്പാലമിടുമെന്നും കണ്ണുകളടച്ചു എന്റെ കാമുകനെ മാത്രം സ്വപ്നംകണ്ട് അതിലൂടെ നടക്കുമെന്നും എനിക്കറിയാമായിരുന്നു.

കുറച്ചുദിവസങ്ങള്‍ക്കുശേഷം അഗുവും വിദ്യയും കൂടി ചേര്‍ന്നാണ് എനിക്ക് കത്തെഴുതിയത് റോബിയാണെന്ന് എന്നോട് പറയുന്നത്. ഞാനത്
നേരത്തെ അറിഞ്ഞിരുന്നതാണെന്ന് അവരോട് പറഞ്ഞില്ല. ആദ്യമായി അറിയുന്നതുപോലെ പെരുമാറി. ഞങ്ങള്‍ പ്രണയിക്കണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ചത് വിദ്യയായിരുന്നു. അതിനായി റോബിക്ക് എന്നോടുള്ള ഇഷ്ടത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമായിരുന്നു. പക്ഷെ ആ കത്തെഴുതിയത് ആരാണെന്നു ഞാന്‍ അറിഞ്ഞു എന്ന് അവന്‍ മനസ്സിലാക്കിയിട്ടു പോലും എന്റെ മുന്നില്‍ വരികയോ എന്നോട് ഇഷ്ടമാണെന്ന് പറയുകയോ ചെയ്തിരുന്നില്ല ഒരു പക്ഷെ ഞാന്‍ നിരസിക്കുമോ എന്ന ഭയം കൊണ്ടാവാം. വിദ്യയോടായിരുന്നു റോബി എല്ലാം പറഞ്ഞുകൊണ്ടിരുന്നത് അവളത് എന്നോടും പറയുമായിരുന്നു. ആദ്യമൊക്കെ അവന്റെ സ്‌നേഹത്തില്‍ എനിക്ക് അത്ഭുതം തോന്നിയിരുന്നില്ല. പിന്നീടത് സത്യമാണെന്നും ആഴമേറിയതാണെന്നും ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. ഒരു പെണ്‍കുട്ടിക്ക് പ്രണയം തോന്നാന്‍ മാത്രം എല്ലാ സവിശേഷതകളും അവനില്‍ ഉണ്ടായിരുന്നിട്ടും ഞാന്‍ ഒഴിഞ്ഞുമാറി. പഴയ പ്രണയത്തിന്റെ വടുക്കള്‍ ചോര കിനിഞ്ഞുകിടക്കുന്നതോര്‍ക്കുമ്പോള്‍ മനുഷ്യരാല്‍ ഉപേക്ഷിക്കപ്പെടാന്‍ എനിക്ക് ഭയമായിരുന്നു. ഞാന്‍ ചേര്‍ത്തുവച്ച ഓരോ സ്‌നേഹവും എന്നെ മുറിപ്പെടുത്തിക്കൊണ്ടേയിരുന്നു. കൈയില്‍ കിടന്നുപൊട്ടിയ ഒരു കുപ്പിവളക്കഷണം പോലും വഴിയിലുപേക്ഷിക്കാന്‍ കഴിയാത്തവള്‍ക്ക്
മനുഷ്യരില്‍ നിന്നുള്ള ഇറങ്ങിപ്പോകലുകള്‍ അത്രയും വേദനിപ്പിക്കുന്നതായിരുന്നു.

ഞാനിപ്പോഴും ഓര്‍ക്കുന്നു, അതൊരു മഴക്കാലത്തായിരുന്നു. കോളേജ് വരാന്തയിലെ ഇടനാഴിയില്‍ വച്ച് റോബി എന്നോട് പ്രണയം പറഞ്ഞ ദിവസം. അവന്റെ കണ്ണിലെ പ്രണയം നേരിടാനാവാതെ ഞാന്‍ പുറത്തേയ്ക്ക് കണ്ണുകള്‍ പായിച്ചു. ഒരേ സമയം അവന്റെ പ്രണയം തീവ്രമായി ആഗ്രഹിക്കുകയും അതേസമയം അവനെ ഭയപ്പെടുകയും ചെയ്തിരുന്ന വിചിത്രജീവിയായിരുന്നു ഞാന്‍. മറുപടിയൊന്നും പറയാതെ തിരിഞ്ഞുനടക്കുമ്പോള്‍ അതവനെ തകര്‍ത്തുകളയുമെന്നു അറിയാമായിരുന്നിട്ടും ഞാന്‍ ഒന്നുംതന്നെ പറഞ്ഞിരുന്നില്ല. ഓരോ ദിവസവും എന്റെ മറുപടിക്കായി അവന്‍ പ്രതീക്ഷയോടെ കാത്തിരുന്നു. ദിവസങ്ങള്‍ കഴിയുംതോറും എന്നിലുള്ള അവന്റെ പ്രതീക്ഷ കുറഞ്ഞു വരുന്നതായി ഞാനറിഞ്ഞു. കൂട്ടുകാര്‍വരെ എന്നോട് പറഞ്ഞു: 'നീ എന്ത് ക്രൂരയാണ്' എന്ന്. പക്ഷെ വേദനകളും ജീവിതം തന്ന മുറിവുകളും ഒറ്റപ്പെടലുകളും കലഹങ്ങളും പ്രിയപ്പെട്ടവരുടെ വേര്‍പിരിയലും ഒക്കെ എന്നെ എനിക്ക് പോലുമറിയാത്ത ഒരു ഞാനാക്കി മാറ്റിയിരുന്നു. കൊടുംകാട്ടില്‍ ഉപേക്ഷിക്കപ്പെട്ട ഉണങ്ങിയ മൃഗത്തോലുപോലെയായിരുന്നു ഞാന്‍.

പ്രണയത്തിന്റെ വിദൂര സാധ്യതകളെ പോലും ഭയന്നിരുന്നു. അത്രയേറെ മുറിവേല്‍ക്കപ്പെട്ടവളായതുകൊണ്ടാവാം എന്റെ പ്രിയ്യപ്പെട്ടവനേ നിന്റെ സ്‌നേഹത്തിനു മുന്നില്‍ ഞാന്‍ മൗനമായി നിന്നത്.

ഹോസ്റ്റല്‍ വാര്‍ഡനായ മദര്‍ ക്ലറീനയുടെ ആവശ്യപ്രകാരമായിരുന്നു ഹോസ്റ്റലിന്റെ അടുത്തുള്ള ഒരു അനാഥാലയത്തില്‍ ഞങ്ങള്‍ കുറച്ചുപേര്‍ ട്യൂഷന്‍ എടുക്കാന്‍ പോയത്. അതിനായി മാസാമാസം ചെറിയൊരു തുക ഞങ്ങള്‍ക്ക് തരുമായിരുന്നു. എല്ലാ ദിവസവും വൈകിട്ട് അഞ്ചുമണി മുതല്‍ ആറുമണി വരെയായിരുന്നു ട്യൂഷന്‍ സമയം. മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട കുട്ടികളും നിത്യജീവിതത്തിനും വിദ്യാഭ്യാസ ചെലവിനോ പോലും നിവൃത്തിയില്ലാത്ത മാതാപിതാക്കളുടെ കുട്ടികളെയൊക്കെ സംരക്ഷിക്കുന്ന ഇടമായിരുന്നു അത്. മുന്‍പ് ആ സ്ഥാപനത്തെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നെങ്കിലും ആദ്യമായിട്ടായിരുന്നു അവിടം കാണുന്നതും പോകാന്‍ഇടയാകുന്നതും.

ആദ്യമായി അതിനുള്ളിലേയ്ക്ക് കയറിച്ചെന്ന ദിവസം ഹൃദയത്തിനു എന്തെന്നില്ലാത്ത കനം തോന്നി. മൂന്നുനിലകളുള്ള മഞ്ഞയും ചുവപ്പും ചായങ്ങള്‍ പൂശിയ വലിയൊരു കെട്ടിടം. മുറ്റത്ത് വലിയൊരു പൂന്തോട്ടവും കുട്ടികള്‍ക്ക് കളിക്കാനുള്ള ഇടങ്ങളും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും അവിടവിടെയായി നിന്ന് ഞങ്ങളെ ഉറ്റുനോക്കുന്ന കുട്ടികളുടെ ഒരേ സമയം പ്രതീക്ഷയും ദൈന്യതയും നിറഞ്ഞ കണ്ണുകള്‍ എന്നെ വേദനിപ്പിച്ചു. ഉപേക്ഷിക്കപ്പെട്ടവരുടെ മാത്രം ലോകം. ഇത്ര ബാല്യത്തിലേ അനാഥത്വത്തിന്റെയും അരക്ഷിതാവസ്ഥയുടെയും കൈപ്പുനീര്‍ കുടിക്കാന്‍ വിധിക്കപ്പെട്ട കുരുന്നുകള്‍. അവരുടെ മൗനത്തിന് ഒരേ ഭാഷയായിരുന്നു.

അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മലയാളവും ഇംഗ്ലീഷും പഠിപ്പിക്കാനായിരുന്നു എന്നെ ഏല്‍പ്പിച്ച ഒന്‍പത് കുട്ടികളായിരുന്നു എന്റെ വിദ്യാര്‍ത്ഥികളായി അവിടെ ഉണ്ടായിരുന്നത്. എല്ലാവരെയും പരിചയപ്പെടുമ്പോഴും ആ പാവം കുട്ടികളുടെ അനാഥത്വത്തെ ഓര്‍ത്ത് എന്റെ ഉള്ള് പിടഞ്ഞുകൊണ്ടേയിരുന്നു. എന്തൊക്കെയോ പറഞ്ഞും പഠിപ്പിച്ചും ഞാനവിടെ ഇരുന്നെങ്കിലും എന്റെ മനസ്സ് ആയിരക്കണക്കിന് പാറക്കല്ലുകള്‍ ഉരുണ്ടു വീണ ഭൂപ്രദേശം പോലെ പിളര്‍ന്നു.

അവിടെ നിന്ന് തിരികെ മുറിയിലെത്തുമ്പോള്‍ മനസ്സും ശരീരവും അവശമായിരുന്നു. ഒരു ചുവടുപോലും മുന്നോട്ടുവെക്കാനാവാത്ത അത്രയും എന്റെ കാലുകളെന്നെ തളര്‍ത്തിയിരുന്നു. അതിനൊക്കെ മുകളിലായിരുന്നു ആ കുഞ്ഞുങ്ങളുടെ അനാഥത്വവും എന്നെ വേട്ടയാടിയത്. ആ രാത്രിയില്‍ ഉറക്കമില്ലാതെ കിടന്നു ഞാന്‍ പലതും ചിന്തിച്ചുകൊണ്ടിരുന്നു.

എനിക്ക് പിടിതരാത്ത ആ ദൈവത്തോട് എനിക്കൊന്നേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ: 'ദൈവമേ... നീ ഉണ്ടോ ഇല്ലയോ എന്നത് എനിക്കിന്നും അജ്ഞാതമാണ്. എങ്കിലും ഞാന്‍  പറയുകയാണ് അഥവാ നീ ഉണ്ടെങ്കില്‍ ഒരിക്കലും  എന്റെ മുന്നില്‍ വരാതിരിക്കുക. വന്നാല്‍ എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകാതെ നീ കുഴയും.  നിന്റെ നീതിക്ക് ഈ മനുഷ്യവംശവുമായി യാതൊരു ബന്ധവുമില്ലെന്ന് ഞാന്‍ തെളിയിക്കും.  നിന്റെ അസ്തിത്വം തന്നെ മനുഷ്യരേക്കാള്‍ ദുര്‍ബലമാണെന്ന് നീ തിരിച്ചറിയും.''

എന്റെ  ചിന്തകള്‍ കടിഞ്ഞാണില്ലാതെ കുതിച്ചുംതെറിച്ചും ആ രാത്രി മുഴുവനും പാഞ്ഞും അലറിയും നടന്നു. ഇനി അങ്ങോട്ട് പഠിപ്പിക്കാന്‍ പോകേണ്ട
എന്നുപോലും ചിന്തിച്ചു. പക്ഷെ മാസാന്തം കിട്ടുന്ന ചെറിയ തുക എനിക്ക് അത്രയും വലുതായിരുന്നു. വീട്ടുകാരെ ബുദ്ധിമുട്ടിപ്പിക്കാതെ എന്റെ
ആവശ്യങ്ങള്‍ക്കുള്ളതാകുമല്ലോ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. ഹോസ്റ്റലില്‍ നിന്ന് അല്‍പദൂരമേ നടക്കാന്‍ ഉണ്ടായിരുന്നുള്ളൂ എങ്കിലും എനിക്കത് വേദന നിറഞ്ഞതായിരുന്നു. എന്നോടൊപ്പം ഹോസ്റ്റലിലെ അഞ്ചു പെണ്‍കുട്ടികളും ഉണ്ടായിരുന്നു.

പിന്നീട് എല്ലാ ദിവസങ്ങളിലും കോളേജുവിട്ടു വന്നാല്‍ ഞാന്‍ പഠിപ്പിക്കാന്‍ പോകുമായിരുന്നു. കുറച്ചു ദിവസങ്ങള്‍ കൊണ്ടുതന്നെ കുട്ടികളുമായി ഞാന്‍ വളരെയടുത്തു. മലയാള പാഠപുസ്തകങ്ങളിലെ കവിതകള്‍ ഈണത്തില്‍ ചൊല്ലിക്കൊടുത്തും കഥകള്‍ പറഞ്ഞും ഞാനവരെ സന്തോഷിപ്പിച്ചു. കൂടാതെ വേദനകളെ കരുത്താക്കി മാറ്റുന്ന മാന്ത്രികവിദ്യ എന്റെ അനുഭവങ്ങളില്‍ നിന്നും ഞാന്‍ വിവരിച്ചുകൊടുത്തു. പോകെപ്പോകെ മലയാളവും ഇംഗ്ലീഷും കൂടാതെ ജീവിതമെന്ന ആഴമേറിയ വിഷയത്തിലും ഞാനവര്‍ക്ക് അധ്യാപികയായി. അവരുടെ ഒറ്റപ്പെടലിനെയും വേദനകളെയും എന്നെക്കൊണ്ടാവും പോലെ ലഘൂകരിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഞാനവര്‍ക്ക് ഏറെ പ്രിയപ്പെട്ട ചേച്ചിയായി.

എന്റെ ഒന്‍പത് കുട്ടികളില്‍ ഒരാള്‍ മാത്രമായിരുന്നു കൂടുതല്‍ വിഷാദിയായി കാണപ്പെട്ടത്. മനു എന്നായിരുന്നു ആ കുഞ്ഞിന്റെ പേര്. ആരോടും അധികം കൂട്ടുകൂടുകയോ സംസാരിക്കുകയോ ചെയ്യാത്ത പ്രകൃതമായിരുന്നു അവന്റേത്. എല്ലാ കുട്ടികളോടുമെന്നപോലെ അവനോടും ഞാന്‍ സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ അപ്പോഴൊക്കെയും അവന്‍ ഒഴിഞ്ഞുമാറി. പിന്നീട് ഞാനവനോട് കൂടുതല്‍ അടുക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. പതിയെ പതിയെ
അവനെന്നോട് മിണ്ടാന്‍ തുടങ്ങി. ദിവസങ്ങള്‍ കഴിയുംതോറും ഞങ്ങള്‍ നല്ല കൂട്ടുകാരായിമാറിക്കൊണ്ടിരുന്നു. എന്റെ സാന്നിധ്യത്തില്‍ അവന്‍ സന്തോഷവാനായി കാണപ്പെട്ടു. ഒരിക്കലവന്‍ എനിക്കായി പാട്ടുപാടിത്തന്നു. അവിശ്വസനീയതയോടെയാണ് ഞാനത് കേട്ടിരുന്നത്. അത്ര മനോഹരമായി പാട്ടുപാടുമായിരുന്നു അവന്‍. പിന്നീടൊരു ദിവസം മനു എനിക്കൊരു ചുരുട്ടിയ പേപ്പര്‍ തന്നു എന്നിട്ട് പറഞ്ഞു: ''ചേച്ചി ഇതിപ്പോള്‍ തുറക്കരുത് മുറിയില്‍
ചെന്നിട്ടേ തുറന്നു നോക്കാവൂ''ഞാനത് സമ്മതിക്കുകയും ചെയ്തു. മുറിയില്‍ ചെന്ന് ഞാനാപേപ്പര്‍ തുറന്നു നോക്കുമ്പോള്‍ മനു പെന്‍സില്‍ കൊണ്ട് വരച്ച എന്റെ മുഖമായിരുന്നു അത്.  ഞാന്‍ ഞെട്ടിപ്പോയി. എന്നെ അതുപോലെതന്നെ വരച്ചിരിക്കുന്നു. ഒരു ഫോട്ടോ പോലും നോക്കാതെ എന്റെ മുഖം ഓര്‍മയില്‍നിന്നാണ് അവന്‍ വരച്ചത്.''എത്രമാത്രം കഴിവുള്ളഒരു കുട്ടിയാണവന്‍! എത്ര മനോഹരമായാണ് അവന്‍ പാടുന്നതും വരയ്ക്കുന്നതും''അവനെയോര്‍ത്ത് സന്തോഷവും അഭിമാനവും തോന്നിയെങ്കിലും അവന്റെ കഴിവുകളെ പിന്തുണയ്ക്കാന്‍ അവന് ആരുമില്ലല്ലോ എന്നോര്‍ത്ത് എനിക്ക് വേദനിച്ചു. അവനോടുള്ള സ്‌നേഹവും വാത്സല്യവും കൊണ്ട് എന്റെ ഹൃദയം നിറഞ്ഞു. പിറ്റേ ദിവസം ഞാനവനെ കണ്ടപ്പോള്‍ മനുവിനെ ചേര്‍ത്തുപിടിച്ചു നെറ്റിയില്‍ ഉമ്മ കൊടുത്തപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ആദ്യമായിട്ടായിരിക്കാം അവന്‍ അങ്ങനൊരു സ്‌നേഹം അനുഭവിക്കുന്നത്. മനുവിനെ കാണാതിരിക്കുമ്പോള്‍ ഞാന്‍ അസ്വസ്ഥയായി. അവനും അങ്ങനെയായിരുന്നു. എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മണിയാകാന്‍ അവന്‍ കാത്തിരുന്നു. ഞാന്‍ വരുന്നതും നോക്കി ഗേറ്റിന്റെ അരികില്‍ വന്നുനിന്നു. ഞാന്‍ വരുന്നത് കാണുമ്പോള്‍ അവന്റെ കണ്ണുകള്‍ തിളങ്ങി. മുഖത്ത് സന്തോഷം പടര്‍ന്നു. നിഷ്‌കളങ്കമായ അവന്റെ ചിരി എനിക്ക് ഏറെ ഇഷ്ടമായിരുന്നു. എല്ലാ ദിവസവും അവന്റെ സ്‌കൂളിലെ വിശേഷങ്ങളൊക്കെ എന്നോട് പറയുമായിരുന്നു. അവന്റെ നെറുകയില്‍ തലോടിയും വിരലുകളില്‍ പിടിച്ചും കവിളില്‍ നുള്ളിയുമൊക്കെ ഞാനവനെ കേട്ടിരുന്നു. 

ഒരു ദിവസം ഞാന്‍ മനുവിന്റെ വീടിനെക്കുറിച്ചും വീട്ടുകാരെ കുറിച്ചും ചോദിച്ചു. അതുവരെ അവന്റെ മുഖത്തുണ്ടായിരുന്ന ചിരി മാറി സങ്കടം നിഴലിച്ചു. വിഷദംശനമേറ്റ് മരണപ്പെട്ടവരെപ്പോലെ അവന്‍ നീലിച്ചു. അത്രയും കഠിനമായ വേദന പേറുന്ന ജീവിതമായിരിക്കും അവന്റേത് എന്നെനിക്ക് മനസ്സിലായി. ഞാന്‍ പറഞ്ഞു ''മോന് സങ്കടമാകുമെങ്കില്‍ വേണ്ട. ചേച്ചി വെറുതെ ചോദിച്ചെന്നു മാത്രം''പക്ഷെ അവന്‍ സംസാരിച്ചു. ആദ്യമായി മനു എന്നോട് അവന്റെ
ജീവിതത്തെക്കുറിച്ച് പറഞ്ഞു.

കൊല്ലം ജില്ലയിലായിരുന്നു മനുവിന്റെ വീട്. അമ്മയും അച്ഛനും അവനും അടങ്ങുന്ന ഒരു ചെറിയ കുടുംബമായിരുന്നു അവന്റേത്. ഓര്‍മ്മവെച്ച കാലം
തുടങ്ങി അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക് കണ്ടായിരുന്നു അവന്‍ വളര്‍ന്നത്. കടുത്ത മദ്യപാനിയായിരുന്നു അച്ഛന്‍.അമ്മ അടുത്തുള്ള തുണിക്കടയില്‍ ജോലിക്ക് പോയാണ് അവരുടെ കുടുംബം കഴിഞ്ഞിരുന്നത്. രാത്രികളെ അവനും ഭയമായിരുന്നു. കാരണം അവന്റെ അച്ഛന്‍ മദ്യപിച്ചുവന്നിട്ട് അമ്മയെയും അവനെയും ക്രൂരമായി ഉപദ്രവിക്കുന്നതും വീട്ടുസാധനങ്ങള്‍ നശിപ്പിക്കുന്നതും പതിവായിരുന്നു. അടികൊണ്ട് അവശയായ അവന്റെ അമ്മ മനുവിനെയും
കെട്ടിപ്പിടിച്ചു കിടന്നുറങ്ങി. പിറ്റെ ദിവസം അവര്‍ പതിവുപോലെ ജോലിക്ക് പോയി. കഠിനമായതും അസ്വാഭാവികവുമായ ആ ജീവിതത്തോട് അവര്‍ അത്രമാത്രം ഇഴുകി ചേര്‍ന്നിരുന്നു. 

മനുവിന്റെ അച്ഛന്റെ ക്രൂരമായ ഉപദ്രവം കാരണം അമ്മയുടെ വായിലെ ഒട്ടുമിക്ക പല്ലുകളും അടര്‍ന്നു പോയിരുന്നു. ഓരോ ദിവസം കഴിയുംതോറും അവരുടെ ആരോഗ്യം നശിച്ചുകൊണ്ടിരുന്നു. എങ്കിലും മനുവിനു വേണ്ടി അവര്‍ ജോലി ചെയ്തു. അവന്റെ അയല്‍ വീട്ടുകാരും ഏതോ രാഷ്ട്രീയ നേതാക്കളുമൊക്കെ ഇടപെട്ട് അവന്റെ അച്ഛനെ പോലീസില്‍ ഏല്‍പ്പിച്ചപ്പോള്‍ അവന്റെ അമ്മ തന്നെ സ്റ്റേഷനില്‍ എത്തി അവര്‍ക്ക് പരാതിയൊന്നുമില്ല എന്നുപറഞ്ഞുകൊണ്ട് അയാളെ ഇറക്കിക്കൊണ്ട് വരികയാണുണ്ടായത്. അവരുടെ ഈ പെരുമാറ്റം കാരണം പിന്നെയാരും ആ കുടുംബത്തെ ശ്രദ്ധിക്കാതെയായി. പെട്ടെന്നൊരു ദിവസം മനുവിന്റെ അമ്മ അവനെയും കൂട്ടി ഈ അനാഥാലയത്തില്‍ എത്തുകയും അവനെ ഇവിടെ നിര്‍ത്തി മടങ്ങുകയും ചെയ്തു. അമ്മ പോയതിന്റെ സങ്കടത്തില്‍ അവന്‍ ദിവസങ്ങളോളം കരഞ്ഞു. പിന്നീട് ഈ ജീവിതവുമായി മെല്ലെ മെല്ലെ പൊരുത്തപ്പെടാന്‍ തുടങ്ങുമ്പോഴേയ്ക്കുമായിരുന്നു അവനെ തേടി ആ ദുരന്തവാര്‍ത്ത എത്തിയത്. മനുവിന്റെ അമ്മ മരണപ്പെട്ടു. അമ്മ അവനെ അനാഥാലത്തില്‍ ആക്കിയിട്ട് പോകുമ്പോള്‍ അതവന്റെ അവസാനത്തെ കാഴ്ചയായിരിക്കുമെന്നു ആ കുഞ്ഞ് അറിഞ്ഞിരുന്നില്ല. ഓരോ ദിവസവും അമ്മയെയും കാത്ത് അവന്‍ വഴിയിലേയ്ക്ക് നോക്കിയിരിക്കുമായിരുന്നു അവന്‍. മരിച്ചു കിടക്കുന്ന അവന്റെ അമ്മയുടെ ശരീരം നോക്കി അവന്‍ മരവിച്ചുനിന്നു. അവനുറപ്പായിരുന്നു അച്ഛന്‍ അമ്മയെ കൊലപ്പെടുത്തിയതാണെന്ന്. 

അയാള്‍ എന്റെ അമ്മയെ കൊന്നതാണ് എന്ന് പറഞ്ഞുകൊണ്ട് അവനെന്റെ മടിയില്‍ കിടന്നു വിങ്ങിപ്പൊട്ടി. എങ്ങനെ ഈ കുഞ്ഞിനെ ആശ്വസിപ്പിക്കണം എന്നറിയാതെ എന്റെ ഹൃദയം നുറുങ്ങി. അവനെ ചേര്‍ത്തുപിടിച്ചു ഒന്ന് ചുംബിക്കുകമാത്രം ചെയ്തിട്ട് ഞാന്‍ അവിടെനിന്നും എഴുന്നേറ്റ് തിരിഞ്ഞുനോക്കാതെ നടന്നു. എന്റെകണ്ണുകള്‍ നിറഞ്ഞൊഴുകി നടക്കുന്ന വഴി മറഞ്ഞുകൊണ്ടിരുന്നു..

തിരികെ മുറിയില്‍ വന്ന് കട്ടിലിലേയ്ക്ക് വീഴുകയായിരുന്നു  എത്രമാത്രം സങ്കടങ്ങളാണ് എനിക്ക് ചുറ്റുമുള്ളതെന്നോര്‍ത്തു എന്റെ ഹൃദയം പലതായി നുറുങ്ങി തെറിച്ചു. ''ഹോ എന്റെ കാലമേ, ഞാന്‍ എത്തിപ്പെടുന്ന മനുഷ്യരൊക്കെ എത്ര സങ്കടങ്ങള്‍ പേറുന്നവരാണ്. എനിക്കിതൊന്നും സഹിക്കാന്‍ ആവുന്നില്ലല്ലോ. ഈ ജീവിതത്തില്‍ ഇത്രയും വേദനകളും വേദനിക്കുന്ന മനുഷ്യരെയും എനിക്കുവേണ്ടി കരുതിവെക്കുന്നതെന്തിനാണ്? മരണത്തില്‍ നിന്നെന്നെ ജീവിതത്തിലേയ്ക്ക് കുടഞ്ഞിട്ടത് ഈ വേദനകള്‍ മാത്രം തരാന്‍ ആയിരുന്നോ? എന്റെ തലയ്ക്കുള്ളില്‍ കാട്ടുതീ ആളുന്നതുപോലെ തോന്നി. പലതരം ചിന്തകള്‍ എനിക്കുള്ളില്‍ ചൂളക്കുരു പോലെ പൊട്ടിത്തെറിച്ചു.

മനുവിന്റെ അമ്മ എന്തൊരു സ്ത്രീയായിരുന്നു! അവരുടെ ഭര്‍ത്താവ് അത്രയേറെ ഉപദ്രവിച്ചിട്ടും അവര്‍ അയാളെ സ്‌നേഹിച്ചത് എന്തിനായിരുന്നു എന്നത്
എന്നെ കുഴപ്പിച്ചു. ശരിയാണ് ''മനുഷ്യമനസ്സുപോലെ സങ്കീര്‍ണമായ ഒന്നുമില്ലല്ലോ'' ദസ്തയേവിസ്‌കിയുടെ നാച്ചോട്ക നെസ്വാനേവ എന്ന കഥാപാത്രത്തെയാണ് എനിക്കോര്‍മ്മ വന്നത്. ''സ്വന്തം മുത്തച്ഛനാല്‍ ആട്ടിയോടിക്കപ്പെട്ടിട്ടും ക്രൂരമായി ഉപദ്രവിക്കപ്പെട്ടിട്ടും ഭിക്ഷയാചിച്ചു കിട്ടിയ കാശുകൊണ്ട് വൃദ്ധനായ ആ മനുഷ്യന് ഭക്ഷണവും മരുന്നും മുടങ്ങാതെ വാങ്ങി കൊടുത്തുകൊണ്ടിരുന്ന ഒരു കൊച്ചു പെണ്‍കുട്ടിയായിരുന്നു അത്'' എന്നെ വല്ലാതെ തകര്‍ത്ത ഒരു കഥാപാത്രമായിരുന്നു അത്. ഇത്രത്തോളം വിചിത്രമായ മനോനിലയില്‍ എങ്ങനെയാവും ഒരു മനുഷ്യന്‍ എത്തിപ്പെടുന്നത്? ഒന്നുങ്കില്‍ അവരുടെ നിസ്സഹായതയാവാം അല്ലെങ്കില്‍ ഈ ലോകത്ത് ഒറ്റയ്ക്കാകാതിരിക്കാന്‍ മനുഷ്യര്‍ നടത്തുന്ന നിഗൂഢമായ ചെയ്തികളാവാം. എന്തായാലും മനുഷ്യജീവിതം പോലെ എന്നെ കുരുക്കിയ മറ്റൊന്നില്ല.

പിറ്റേ ദിവസം ക്ളാസില്‍ ഇരിക്കുമ്പോഴും മനുവിന്റെ മുഖവും അവന്റെ തേങ്ങിക്കരച്ചിലും എന്നെ വല്ലാതെ അലട്ടി. അവന്റെ അമ്മ എങ്ങനെയാവും മരിച്ചതെന്ന ചിന്ത എന്നില്‍ ആശങ്കയും ആകാംഷയും നിറഞ്ഞു. വൈകിട്ട് അഞ്ചുമണിയാകാന്‍ ഞാന്‍ കാത്തിരുന്നു. അനാഥാലയത്തിലെത്തിയതും ഞാന്‍
ഓഫീസിലെ ജീവനക്കാരിയുടെ അടുത്തേക്കായിരുന്നു പോയത്. അവരോട് മനുവിന്റെ അമ്മയുടെ മരണത്തെക്കുറിച്ചായിരുന്നു ചോദിച്ചത്. അവര്‍ പറഞ്ഞത് ഞെട്ടിക്കുന്ന മറ്റൊരു കഥയായിരുന്നു. ''മനുവിന്റെ അമ്മയ്ക്ക് രക്താര്‍ബുദം ആയിരുന്നു. അവര്‍ക്ക് മാത്രമേ അവരുടെ അസുഖത്തെകുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. ചികിത്സിക്കാനുള്ള നിവൃത്തി ഇല്ലാതിരുന്നതിനാലും ജോലിക്ക് പോകാതെ ആശുപത്രിയില്‍ പോയാല്‍ തന്റെ മകന് ഒരു നേരത്തെ ഭക്ഷണം പോലും കൊടുക്കാന്‍ ആരുമില്ലാതാവും എന്നവര്‍ ചിന്തിച്ചു. ഒടുവില്‍ അവരുടെ ആരോഗ്യനില കൂടുതല്‍ കുഴപ്പമായപ്പോള്‍ തന്റെ മകനെ സുരക്ഷിതമായ ഒരിടത്ത് ആക്കണമെന്ന് തീരുമാനിച്ചിട്ടാണ് അവര്‍ ഈ സ്ഥാപനത്തില്‍ മനുവിനെ ആക്കിയത്. മരണത്തിനു രണ്ടുദിവസം മുന്‍പ്
അവരുടെ അസുഖം മൂര്‍ച്ഛിച്ചു അവര്‍ ആശുപത്രിലായിരുന്നെന്നും അവിടെ കിടന്നാണ് മരണപ്പെട്ടതെന്നും ഓഫീസിലെ ജീവനക്കാരി പറഞ്ഞു. മനുവിന്റെ അമ്മയുടെ അസുഖത്തെക്കുറിച്ച് അവനു അറിയില്ലെന്നും ഇനി അവനോടതു പറയേണ്ടെന്നും അവരെന്നോട് പറഞ്ഞിരുന്നു.''മനുവിന്റെ ജീവിതമോര്‍ത്തപ്പോള്‍ എന്റെ നെഞ്ച് പൊട്ടി .പാവം കുഞ്ഞ് അവനിപ്പോഴും വിശ്വസിക്കുന്നത് അവന്റെ അമ്മയെ അച്ഛന്‍ കൊലപ്പെടുത്തി എന്നായിരുന്നു. അവന്റെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോള്‍ അത് ശരിയായിരുന്നു. മരണസമാനമായി അവന്റെ അമ്മയ്ക്ക് ഏല്‍ക്കേണ്ടിവന്ന ശാരീരിക മാനസിക ആഘാതമായിരുന്നു ഓര്‍മവെച്ച കാലം മുതല്‍ അവന്‍ കണ്ടുകൊണ്ടിരുന്നത്. അപ്രതീക്ഷിതമായി അമ്മയുടെ മരണം കണ്ട ഒരു പത്തു വയസ്സുകാരന് മറ്റെന്ത് ചിന്തിക്കാനാവും?

മനു എന്നെ കണ്ടതും അടുത്തേയ്ക്ക് ഓടി വന്നിട്ട് ചോദിച്ചു:'ചേച്ചിഎന്താ ഇന്നലെ എന്നോടൊന്നും മിണ്ടാതെ പോയത്, ഞാന്‍ കരഞ്ഞപ്പോള്‍ ചേച്ചിക്ക് സങ്കടായി അല്ലെ ?'' ''ഹേയ് സാരമില്ല മോനെ'' ഞാനവനെ ചേര്‍ത്തു പിടിച്ചു. ''ചേച്ചി ഒരു ദിവസം എന്നെ ചേച്ചിയുടെ വീട്ടിലേയ്ക്ക് കൊണ്ടുപോകുമോ? 'അതിനെന്താ കൊണ്ടുപോകാമല്ലോ''കണ്ണീരടക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു.  അവനെന്നോട് ഒത്തിരി വര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. 'നാളെ വരുമ്പോള്‍ ഞാന്‍ ചേച്ചിക്ക് ഒരു സമ്മാനം തരുന്നുണ്ട്.' അവന്‍ പറഞ്ഞു. ഞാന്‍ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.

അവിടെനിന്നിറങ്ങുമ്പോള്‍ എന്റെ ചിന്ത മനുവിനെ കുറിച്ച് മാത്രമായിരുന്നു. ഒരു ദിവസം അവനെ എന്റെ വീട്ടില്‍ കൊണ്ടുപോകണം. എന്നിട്ട് ''നീ ഒറ്റയ്ക്കല്ല കുഞ്ഞേ എനിക്കുള്ള എല്ലാവരും നിനക്കുമുണ്ട്'' എന്നവനോട് പറയണം.ഇഷ്ടമുള്ള സ്ഥലങ്ങളിലൊക്കെ കൊണ്ടുപോകണം നല്ല വസ്ത്രങ്ങളും ഭക്ഷണവുമൊക്കെ അവന് വാങ്ങി കൊടുക്കണം. എന്നാല്‍ കഴിയാവുന്ന സന്തോഷങ്ങളൊക്കെ അവനു നല്‍കണം എന്നൊക്കെ ഞാന്‍ തീരുമാനിച്ചു.

അന്നുരാത്രി പ്രാര്‍ത്ഥന സമയം കഴിഞ്ഞപ്പോള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ എന്റെ അടുത്തുവന്നു പറഞ്ഞു: 'രമ്യ ഇനി മുതല്‍ അനാഥാലയത്തില്‍ ട്യൂഷന്‍
എടുക്കാന്‍ പോകേണ്ട. രമ്യയ്ക്ക് പകരം മറ്റൊരാളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.' നെഞ്ച് പിളരുന്ന പോലെയാണ് ഞാന്‍ അവര്‍ പറഞ്ഞത് കേട്ടുനിന്നത് .കാര്യമെന്താണെന്ന് തിരക്കിയപ്പോള്‍ അവിടെയുള്ള കുട്ടികളുമായി ആരും അടുക്കാന്‍ പാടില്ലെന്നും അവരുടെ വ്യക്തിജീവിതത്തെക്കുറിച്ച് ചോദിക്കാനോ പറയാനോ പാടില്ലെന്നും ഞാന്‍ ആ നിയമം തെറ്റിച്ചിരിക്കുന്നു എന്നും അറിയാന്‍ കഴിഞ്ഞു. ഇതുകേട്ടതും എനിക്ക് ദേഷ്യം വന്നു.

'ഒരു കുഞ്ഞിന്റെ വേദന കേള്‍ക്കുന്നതും അവനെ ആശ്വസിപ്പിക്കുന്നതും അവനെ ചേര്‍ത്തുപിടിക്കുന്നതും സ്‌നേഹിക്കുന്നതും ഏതു നിയമത്തിനാണ് എതിര്?'' ഞാന്‍ ഹോസ്റ്റല്‍ വാര്‍ഡന് നേരെ ചീറി. 'സ്‌നേഹമാണ് ദൈവമെന്നു പഠിപ്പിക്കുന്ന നിങ്ങള്‍ ഈ മാനസികാവസ്ഥയും വച്ചുകൊണ്ട് എങ്ങനെയാണ് ഈ തിരുവസത്രം അണിയുന്നത്? എനിക്ക് നിങ്ങളെയോര്‍ത്ത് പുച്ഛം തോന്നുന്നു.'നിയന്ത്രണം നഷ്ടപ്പെട്ട ഞാന്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. എന്നെയും എന്തൊക്കെയോ പുലമ്പിക്കൊണ്ട് അവര്‍ നടന്നകന്നു.

പക്ഷെ, അവിടെ പഠിപ്പിക്കാന്‍ പോകുന്നതില്‍നിന്ന് എന്നെ പൂര്‍ണമായും വിലക്കി. മനുവിനെ കാണാതിരുന്നപ്പോള്‍ എനിക്ക് ഭ്രാന്തുപിടിച്ചു. അടുത്ത ദിവസം തന്നെ വൈകിട്ട് ഞാന്‍ അനാഥാലയത്തിന്റെ ഗേറ്റില്‍ ചെന്ന് അവനെ നോക്കി നിന്നു. എന്നെ കണ്ടതും അവന്‍ എന്റെ അടുത്തേക്ക് ഓടി വന്നു. ഞാന്‍ രണ്ടു ദിവസം ചെല്ലാതിരുന്നതിന്റെ പരിഭവം അവനെന്നോടുണ്ടായിരുന്നു. ഇനി ഞാന്‍ പഠിപ്പിക്കാന്‍ വരില്ലെന്നും മോന്‍ നന്നായി പഠിച്ചു വലിയ കുട്ടി ആകണമെന്നും പാട്ടും വരയും വിട്ടുകളയരുതെന്നുമൊക്കെ പറഞ്ഞു അവന്റെ നെറ്റിയില്‍ ചുംബിച്ചു തിരികെനടന്നു.

വേദനയുടെ മഹാസമുദ്രങ്ങള്‍ അലയടിക്കുന്ന രണ്ട് ഹൃദയങ്ങള്‍ ആ ഗേറ്റിന്റെ രണ്ടുവശങ്ങളിലുമായി ഇപ്പോഴും മിടിക്കുന്നുണ്ടാവാം.

(തുടരും)