'നിന്നെ കാണുമ്പോഴൊക്കേയും നിന്നോട് പ്രാര്‍ത്ഥിക്കണമെന്നെനിക്ക് തോന്നാതിരുന്നിട്ടില്ല. നിന്റെ ശബ്ദം കേള്‍ക്കുമ്പോഴൊക്കെയും നിന്നില്‍ വിശ്വാസമര്‍പ്പിക്കണമെന്നെനിക്ക് തോന്നാതിരുന്നില്ല. നിന്നോടഭിലാഷം തോന്നിയപ്പോഴൊക്കെയും നിനക്കായി യാതനയനുഭവിക്കണമെന്നെനിക്ക് തോന്നാതിരുന്നിട്ടില്ല. നിന്നോട് തൃഷ്ണ തോന്നിയപ്പോഴൊക്കെയും നിന്റെ മുന്നില്‍ മുട്ടുകുത്താനായെങ്കില്‍ എന്നെനിക്ക് തോന്നാതിരുന്നിട്ടില്ല'
- റില്‍ക്കെ (വിവ: വി. രവികുമാര്‍)

To advertise here,

'നളിനി' എന്ന പ്രണയകാവ്യത്തിന്റെ ഉപശീര്‍ഷകം 'ഒരു സ്‌നേഹം' എന്നാണ്. 'നളിനി അഥവാ ഒരു സ്‌നേഹം'. 'ഒരു'വിന് ഇവിടെ പ്രത്യേകമായ, സവിശേഷമായ എന്നാവാം അര്‍ത്ഥം. ഒരു സ്‌നേഹം എന്നാല്‍ ഭിന്നമായ ഒരു സ്‌നേഹം, അഥവാ അനന്യമായ ഒരു സ്‌നേഹം. പ്രണയം അനിതരസാധാരണമായ ഒരനുഭവവമാണെന്നും (A unique experience ) സ്‌നേഹത്തിന്റെ ഇതര ആവിഷ്‌കാരരൂപങ്ങളിലൂടെ സാക്ഷാത്ക്കരിക്കാനാവാത്ത ഒന്നിന്റെ - പലതിന്റെ - മാധ്യമമാണെന്നും ഈ ഉപശീര്‍ഷകവും 'കന്യ കേവലസുഖം സമാസ്വദിച്ചന്യദുര്‍ല്ലഭമലോകസംഭവം' എന്ന് വര്‍ണ്ണിക്കപ്പെട്ട നളിനിയുടെ പ്രണയ സായൂജ്യവും നമ്മോട് പറയുന്നു.

കേവലമായ പരസ്പരാകര്‍ഷണത്തെ കവിഞ്ഞ് 'കേവലമായ' സുഖത്തിന്റെ ഉറവിടമായി പരിണമിച്ച ഒരനുഭവം. കേവലമെന്ന പദത്തിന് തുച്ഛമായ ('കേവലം പത്തുരൂപയ്ക്ക് വേണ്ടി' എന്ന് പറയുന്നിടത്ത് വെറും (Mere) എന്നാണല്ലോ കേവലം എന്ന പദത്തിന്റെ വിവക്ഷ) എന്നനിലയില്‍ നിന്ന് കേവലമായ(Absolute) എന്ന നിലയിലേക്ക് കയറ്റം കിട്ടുന്ന ഒരു സാഹചര്യത്തെ സൃഷ്ടിക്കുന്നു പ്രണയം. വെറും ശരീരം ആത്യന്തിക ശരീരമായി മാറുകയാണ്. ശരീരം ചൈതന്യനിഭരമായി മാറുകയാണ്. ചര്‍മ്മക കഠോരബദ്ധമായ ശരീരം തളിര്‍ പോലുദിക്കുന്ന പരിണാമമാണത്. ഒരു സ്‌നേഹത്തില്‍ നിന്ന് 'ഒരു' സ്‌നേഹത്തിലേക്ക് ഉയര്‍ന്ന സ്‌നേഹമാണ് നളിനിയിലെ സ്‌നേഹം. അഥവാ പ്രണയം.

ആശാന്റെ ലോകത്തില്‍ പ്രണയിയായിരിക്കുക കാമ്യമായ ഒരവസ്ഥയാണ്. ഇന്ദ്രിയങ്ങള്‍ ഇന്ദ്രിയാതീതമായ അനുഭവങ്ങള്‍ക്ക് പ്രാപ്തി നേടുന്ന ഒരു ഘട്ടമാണത്. 'പടിമ മദിന്ദ്രിയമാര്‍ന്നിടുന്നു പാരം' എന്ന് ലീല. കാണുമ്മുമ്പേ അവള്‍ പ്രിയ സാന്നിധ്യമറിയുന്നു. ലക്ഷ്യത്തോടടുത്ത ലീലയിലുണ്ടാകുന്ന മാറ്റങ്ങളോര്‍ക്കുക. അവള്‍ പാടുന്നു, ഹൃദയഭേദകമായി.
'പ്രണയശിഖയില്‍ വെന്തിടുന്നിതാത്മാവ-/വണയുകതെന്നലണഞ്ഞു
ചെമ്പകത്തില്‍/ ഘൃണ തടവുകയെന്റെ യോമനേ പോ-/ ന്നണയുക
നിന്‍ പ്രിയ ലീല ഞാന്‍ വലഞ്ഞു
'. ചേതനത്തിലെല്ലാം സദയത ചേര്‍ക്കുന്നു ആ ഗാനം.

placeholder
ചിത്രീകരണം: മദനന്‍

'ഹൃദയഹരണമാ വിലാപഗീതം/ സദയത ചേ-
ര്‍ത്തിതു ചേതനത്തിനെല്ലാം/ മദനനിവിടെയെ
ത്തുകില്ലയോ/ തന്‍ഗദവുമവസ്ഥയുമോര്‍ത്തി
ടാതെ തന്നെ
'.
അസ്തമയസൂര്യന്റെ രശ്മികളിലവള്‍ ഓജസ്സ് ക്ഷയിച്ച കാന്തന്റെ ദുര്‍ബലമായ സാന്ത്വനമറിയുന്നു. 'ഓജക്ഷയദയനീ യനഹസ്‌ക്കരന്‍തലോടി / സ്വയമുപചിത രാഗമാം കരത്താല്‍/പ്രിയമൊടു ഭൂമിയെയങ്ങുമിങ്ങും.' ലക്ഷ്യപ്രാപ്തിയിലെത്തിയില്ലെങ്കിലും ഈ അവസ്ഥ അതില്‍ത്തന്നെ (In itself) പൂര്‍ണമാണ് എന്ന് ആശാന്‍ കരുതുന്നു.
'ഹൃദയികളിങ്ങനെ തന്നെ ധന്യരാം' എന്നത് പ്രണയിയുടെ ദര്‍ശനമാണ്. ഹൃദയിയായിരിക്കുക എന്ന സ്ഥിതി എത്ര കാവ്യസുന്ദരമായ ഒരവസ്ഥയാണ്! ഭാഷ കവിതയില്‍ എന്ന പോലെയാണ് വ്യക്തി പ്രണയിയില്‍. ഹൃദയംകൊണ്ടാണ് പിന്നീടയാള്‍ കാണുക, കേള്‍ക്കുക, സ്പര്‍ശിക്കുക, രുചിക്കുക, മണക്കുക.'

അസാധാരണമായതൊന്നും ഒരുവളിലില്ലെങ്കിലും പ്രണയിയുടെ കണ്ണില്‍ അവള്‍ അന്യാദൃശമായ സൗന്ദര്യമുള്ളവളായിത്തീരുന്നു. 'വീണപൂവി'ലാശാനത് ഹൃദ്യമായും സൂഷ്മമായുമാവിഷ്‌ക്കരിക്കുന്നു. 'ചേതോഹരങ്ങള്‍ സമജാതികളാം സുമങ്ങ/ളേതും സമാനമഴകുള്ളവയെങ്കിലും നീ/ ജാതാനുരാഗമൊരുവന്നു മിഴിക്കുവേദ്യ/ മേതോ വി ശേഷസുഭഗത്വവുമാര്‍ന്നിരിക്കാം'. ഈ വിശേഷസുഭഗതയില്‍ കഴിയാനാവുന്നു എന്നതാണ് കാമുകീകാമുകന്മാരനുഭവിക്കുന്ന അപ്രമാദിത്വം. ഓരോരുത്തരും അവരവരേക്കാള്‍ വലുതാവുന്ന, ചിലരെങ്കിലും ആദ്യമായി അവരവരോളമെങ്കിലുമാവുന്ന ഉജ്വലമുഹൂര്‍ത്തമാണിത്. അവളവളില്‍ ഏറ്റവും അഭിമാനത്തോടെ കഴിയുന്ന സന്ദര്‍ഭം. അവള്‍ക്കപ്പോള്‍ ഭൗമികതയില്‍ അഭൗമികതയെ ദര്‍ശിക്കാനാവുന്നു.

അവനെക്കാണാതാവുമ്പോള്‍ അവളോ അവളെക്കാണാതാവുമ്പോള്‍ അവനോ അനുഭവിക്കുന്നത് അവന്റേയോ അവളുടേയോ കേവലാഭാവം മാത്രമല്ല. അവന് നല്‍കാന്‍ കഴിയുന്ന ഭൗതികസുഖങ്ങളെന്ത് തന്നെ നല്‍കിയാലും മറ്റൊരാള്‍ അവന് പകരമാവില്ല. 'കര്‍ഷകന്‍ കിണറിനാല്‍ നനക്കിലും വര്‍ഷമറ്റ വരിനെല്ലു പോലവള്‍'എന്ന് നളിനിയിലും 'വരസുഖവിഭവങ്ങള്‍ മേല്‍ക്കുമേല്‍/ വരനരുളുന്നതവള്‍ക്കു ദുഃഖമായ്/ നരഹൃദയമതിന്നു ഭാവനാ -/പരികരമെങ്ങനെ ഭോഗമെങ്ങനെ' എന്ന് ലീലയിലും പകരം വെയ്ക്കാനാവാത്ത  ഹൃദയനാഥന്റെ അഭാവത്തെപ്പറ്റി പറയുന്നു. പകരമില്ലാത്തൊരുവനായി, ഒരുവളായി വ്യക്തി മാറുകയാണ്, ഉയരുകയാണ്. ഭാവനാപരികരമായ ഭോഗത്തിന് അപ്പോഴേ അവര്‍ പ്രാപ്തരാവുന്നുള്ളു. അവള്‍ തരുമ്പോള്‍ കൂടുതല്‍ രുചികരമായ അന്നം അവളെ വിവരിക്കുന്നു.

placeholder
ചിത്രീകരണം: എന്‍.എന്‍. സജീവന്‍

ഞാന്‍ ഗായികയാണെങ്കില്‍ പാടുമ്പോഴേ ഞാന്‍ ഞാനാവുന്നുള്ളൂ. ഞാന്‍ നര്‍ത്തകിയാണെങ്കില്‍ ആടുമ്പോഴേ ഞാന്‍ ഞാനാവുന്നുള്ളു. ഞാനൊരു കായികതാരമാണെങ്കില്‍ കളിക്കുമ്പോഴേ ഞാന്‍ ഞാനാവുന്നുള്ളു. പ്രണയവും അതുപോലൊരാത്മസാക്ഷാത്ക്കാരത്തിന്റെ മാധ്യമമാണ്. എന്നെ ഞാനാക്കുന്ന സ്‌നേഹമാണ് പ്രണയം. 'ആകേ വിടര്‍ത്തിച്ച് നൃത്തമാടിപ്പതാര്‍' (കെ.ജി. ശങ്കരപ്പിള്ള) എന്ന ചോദ്യത്തിന്റെ ഉത്തരം എന്നിലെ പ്രണയം എന്നതാണ്. ഈ സ്‌നേഹം(ഒരു സ്‌നേഹം) സ്വാതന്ത്യമാണ്. അവള്‍ക്ക് അവളേറ്റവും മതിയ്ക്കപ്പെടുന്ന ഭൂമിയില്‍ അവനൊപ്പം കഴിയാനും അവന് അവനേറ്റവും ഗണിക്കപ്പെടുന്ന ഭൂമിയില്‍ അവള്‍ക്കൊപ്പവും കഴിയാനും സന്ദര്‍ഭം വന്നിരിക്കയാണ്. താന്‍ താനായതില്‍ ഏറ്റം അഭിമാനം തോന്നുന്ന സന്ദര്‍ഭം. മറ്റൊരിടത്തും അവള്‍ പാകമല്ല.
'വരിക ഹൃദയനാഥ, വൈകി കാണ്മാന്‍/ തിരുവടി
മൗലിയില്‍ വെക്കുവാന്‍ മഹാത്മന്‍/ തരി ക ചിരവിയുക്ത
ദര്‍ശനം നീ/ കരുണ വഹിക്കുക ദാസി ഞാന്‍ വലഞ്ഞു
.'

'ധ്രുവമിഹമാംസനിബദ്ധമല്ല രാഗം' എന്ന വരികളുടെ പേരില്‍ ആശാനൊരുപാട് പഴി കേട്ടിട്ടുണ്ട്. അസ്ഥിമാത്രശേഷനായ മദനന്‍ ലീലയിലുണ്ടാക്കുന്ന വാത്സല്യവും കാരുണ്യവും പ്രണയ തരളതയും ഒപ്പം ആ അസ്ഥി മാത്രശേഷനില്‍ അബോധത്തില്‍പ്പോലും ഉണര്‍ന്ന പ്രേമവായ്പും കണ്ടുണ്ടായ വാക്യമാണത്.
'പറകില്‍ വികൃതരൂപമായതില്‍ത്താന്‍/
നിറയുമൊരമ്പൊടു ലീല കൈകള്‍ നീട്ടി/
വിറയൊടുമിണ മുമ്പ് വിസ്ഫുടാശം/ചിറക്
വിതിര്‍ത്ത കപോതി പോലണഞ്ഞാള്‍ /
അവനുമവശനെങ്കിലും, സ്വബോധം / വ്യവഹി
തമെങ്കിലുമാഞ്ഞു നോക്കിനിന്നാന്‍/ അവളെ
യതി വിരൂപനസ്ഥിശേഷന്‍/ ധ്രുവമിഹമാംസ
നിബദ്ധമല്ല രാഗം
.'
ആ 'ഇഹ' ദോഷൈക ദൃക്കുകളുടെ ദൃഷ്ടിയില്‍ പതിഞ്ഞതുമില്ല. കേവലമായ മാംസനിബദ്ധതയോ കേവലമായ മാംസനിബദ്ധരാഹിത്യമോ ആശാനിലില്ല. കാമത്തിന് കണ്ണില്ലെങ്കില്‍ പ്രണയത്തിന് കാണുന്ന കണ്ണുമാത്രമല്ല ഉള്ളത്.

placeholder
ചിത്രീകരണം: ദ്വിജിത്ത്‌

'ഉപകാരസ്മരണ പാടും മിഴി' പോലുമുണ്ട്. പ്രണയിനിയില്‍ സ്ത്രീ അവള്‍ക്ക് ചെന്നെത്താവുന്ന എല്ലാ വൈഭവങ്ങളും സാക്ഷാത്ക്കരിക്കുന്നുണ്ട്. 'ദയയൊടവര്‍ തലോടിയുമ്മ 
വെച്ചാള്‍/ ദയിതന്നെ രാഗമിരുന്ന ഹൃത്തത്തില്‍ /
നിയതമഴല്‍ ചുടുന്ന നെറ്റിമേലും/ പ്രിയതമ
പൈതലെയമ്മയെന്ന പോലെ
' പ്രിയത്തിന്റെ തമഭാവമാണല്ലോ പ്രിയതമ. പ്രിയതമയെ പിരിഞ്ഞുപാര്‍ത്തപ്പോള്‍ അമ്മയെപ്പണ്ടു പിരിഞ്ഞ പോലെ എന്നെഴുതിയ കവിയില്‍ 'പൈതലെയമ്മയെന്ന പോലെ' പോലെ എന്ന വരിയുടെ ഓര്‍മയുണ്ടാവാം. മദനനില്‍ അവളുണ്ടാക്കുന്ന പരിവര്‍ത്തനങ്ങളെന്തെല്ലാമാണെന്ന് നോക്കുക;
'മദജനമ ഭീഷ്ടരൂപവും തല്‍-/ കദനവിമര്‍ദ്ദന സംഗവും 
ഹാ!/സദയമധുരവാക്കുമുള്ളിലാഴും/മദനനു മോഹമകന്നപോലെ തോന്നി
.'
അല്‍പ്പനേരത്തേക്കെങ്കിലും അവനെ മൂടിയ തിരശ്ശീല ഭിന്നമാകുന്നുണ്ട്. അവളുടെ അഭാവംകൊണ്ടുണ്ടായതാണതാണത്തിരശ്ശീല, മോഹം, എന്നുമോര്‍ക്കുക.

പ്രേമം വരയ്ക്കുന്ന പ്രിയയുടെ ചിത്രത്തില്‍ കാമം വരയ്ക്കുന്ന ഇരയുടെ ചിത്രത്തിലേതുപോലെ അംഗലാവണ്യം മാത്രമല്ലാ ഹൃദയവുമുണ്ട്. (കാറ്റ് ബോഹന്നന്‍ (Cat Bohannan) എഴുതിയ 'Eve' എന്ന പഠനഗ്രന്ഥത്തില്‍ താന്‍ മോഡലായി പ്രവര്‍ത്തിച്ച കാലത്ത് തന്റെ നഗ്‌നശരീരത്തെ വരച്ച ആണ്‍കുട്ടികള്‍ മുലകള്‍ തുറിച്ച് നില്‍ക്കുന്ന, bulge ചെയ്യുന്ന, വിധത്തിലും പെണ്‍കുട്ടികള്‍ കൈയ്യോ മുഖമോ വരയ്ക്കുന്ന പോലെ സ്വാഭാവികമായുമാണ് വരച്ചതെന്ന് നിരീക്ഷിക്കുന്നുണ്ട്) പ്രേമം വരയ്ക്കുന്ന ചിത്രത്തില്‍ അഭിലാഷം മാത്രമല്ലാ അനുതാപവുമുണ്ട്. മര്‍ത്ത്യനിലെ നിരാലംബതയോട് വരെ സംവദിക്കുന്നുണ്ട് അതിലെ കരുണ. വിശദാംശങ്ങള്‍ക്കൊക്കെ സജീവതയും ന്യായവുമുണ്ടതില്‍. ഈ ചിത്രമാവാനുള്ള ആഗ്രഹമാണ് പ്രേമിക്കപ്പെടുന്നവരിലെ മുഖ്യപ്രേരണ. സ്വാതന്ത്ര്യദാഹമെന്നും അതിനെ പറയാമായിരിക്കാം. സകല സ്വരസ്ഥാനങ്ങളേയും സ്പര്‍ശിക്കുന്നൊരു രാഗമാവാനുള്ള മോഹമുണ്ട് അനുരാഗത്തില്‍.' നാമൊരുമിക്കുമ്പോള്‍ നമ്മള്‍ നമ്മളേക്കാള്‍' എന്ന് പറയുന്നു ജലാലുദ്ദീന്‍ റൂമി. ('Wen we are together we are more than we') 'ഒന്നും ഒന്നും കൂടിയാല്‍ ഇമ്മിണി വലിയ ഒന്ന്' എന്ന് ബഷീര്‍. അത് അതിലുള്‍പ്പെട്ടവരെ മാത്രമല്ല ചുറ്റുമുള്ളതിനേയും ചുറ്റുമുള്ളവരേയും ഉയര്‍ത്തുന്നു. 

'ഭൂവനത്തിന് മോടികൂട്ടുമസ്സുഖകാലങ്ങളുമോര്‍പ്പതുണ്ട് ഞാന്‍' എന്നു സീത ആ സ്‌നേഹകാലത്തെപ്പറ്റി.
'നളിനങ്ങളറുത്ത് നീന്തിയും പുളിനങ്ങളിലെന്നൊടോടിയും
കളിയാടും പ്രിയനന്ന് കുട്ടി പോല്‍
' എന്ന് അക്കാലത്തിന്റെ ഒരു സജീവ ദൃശ്യവും. ആ സ്വച്ഛന്ദ കാലത്ത് രാമന്റെ കൂടെ പിന്നിട്ട നാളുകളിലെ പ്രണയപശ്ചാത്തലമായിരുന്ന വനമാണ് 
'രമണീയവനങ്ങളെ, രണല്‍ ഭ്രമരവ്യാകുലമാം സുമങ്ങളേ ക്രമമെന്നിലസിച്ചു നിങ്ങളില്‍ പ്രമദം പൂണ്ടവള്‍ യാത്ര പൊല്‍വു ഞാന്‍' എന്ന അനശ്വരമായ വാക്യത്തിലെ രമണീയ വനം. ഡിറ്റെയ്ല്‍സ് (സംഗതികള്‍) ആണ് സംഗീതത്തെയാണെങ്കിലും ചിത്രത്തെയാണെങ്കിലും കവിതയെയാണെങ്കിലും പ്രണയത്തെയാണെങ്കിലും സചേതനമാക്കുന്നത്. 'ലോലനാര്യനുരുവിട്ട് കേട്ടൊരാ ബാലപാഠമഖിലം മനോഹരം' എന്ന് നളിനി. ആ സ്‌നേഹകാലത്തെ സ്വത്വത്തിലേക്കുള്ള ഒരു തീര്‍ത്ഥാടനമായിരുന്നല്ലോ നളിനീകാവ്യം. ദിവാകരനലിലൂടെ സ്വന്തം ആഗ്രഹ സാക്ഷാത്കാരമാണവള്‍ നേടുന്നത്.

മുന്‍പ് ഈ കൃതിയില്‍ ചൂണ്ടിക്കാട്ടിയ പോലെ 'എന്റെയോധനമങ്ങ് ജീവന/ങ്ങെന്റെ ഭോഗമതു മെന്റെ മോക്ഷവും/ എന്റെയീശ ദൃഢമീപ്പദാം
ബുജത്തി/ന്റെ സീമയതു പോകിലില്ല ഞാന്‍
'' എന്ന വാക്യത്തില്‍ മൂന്നങ്ങും അഞ്ച് ഞാനുമാണുള്ളത്. ഭോഗവും മുക്തിയും രണ്ടല്ല പ്രണയത്തില്‍. സ്ത്രീ സ്വാതന്ത്യമനുഭവിക്കുന്ന ഒരേയൊരു സ്‌നേഹം പ്രണയമാണ് ആശാന്റെ ലോകത്തില്‍. 

എന്താണ് പ്രണയം എന്നതിന് ഇടപ്പള്ളി രാഘവന്‍ പിള്ള നല്‍കിയ ഉത്തരം ഇതായിരുന്നു:
'അവളപങ്കില ദൂരെയാണെങ്കിലും/ അരികിലുണ്ടെനിക്കെപ്പോഴും
കൂട്ടിനായ്/ കദനകാലം കഠിനമൊരല്‍പ്പമ/ ക്കവിളിണ
യില്‍ കലര്‍ത്താതിരിക്കണേ.'

ഉപേക്ഷിക്കപ്പെട്ട ഒരു കാമുകന്‍ ജീവിതംകൊണ്ടുകൂടി നല്‍കിയ ആ ഉത്തരത്തിന്റെ പൊരുളിതായിരുന്നു, 'ഹൃദയികളിങ്ങനെ തന്നെ ധന്യരാം'.
ഇന്ദിയങ്ങളുടെ ഇന്ദ്രിയമായി ഹൃദയമുയരുകയാണ്. ആശാന്റെ 'ലീല'യില്‍ പ്രണയം എന്ന ഈ നിലപാട് മദനനിലൂടെ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്. 'അപഥമതില്‍ നടന്നതില്ലവന്ന/ല്ലപരയെ യോര്‍ത്തതുമില്ല നാരിയായ്/ അപകൃതനവളോട് വൈരമി/ ല്ലപചയമാര്‍ന്നതുമില്ല സൗഹൃദം.' ലീലയില്‍ നിന്നുണ്ടായ ഒരു ശാഖയെന്ന് നേരത്തെ ഈ കൃതിയിലൂഹിച്ച ചങ്ങമ്പുഴയുടെ 'രമണന്‍' ചന്ദ്രിക അവഗണിച്ചതില്‍ അവളോട് പരിഭവിച്ചല്ല, ജീവിതത്തോട് പരിഭവിച്ചുമല്ല ആത്മഹത്യചെയ്യുന്നത്. ചന്ദ്രികയുടെ അഭാവത്തിലും ചന്ദ്രികയോടുള്ള പ്രിയഭാവങ്ങള്‍ തന്നില്‍ തുലയാത്തതിനാലാണ്. പ്രണയം കൈ വിടാനാവാത്തതിനാലാണ്. പ്രണയം നിലനിര്‍ത്തുവാനായി ജീവിതം ത്യജിക്കുകയാണയാള്‍.

കാമത്തില്‍ ഒരു 'ഐ-ഇറ്റ്' ബന്ധമാണുള്ളതെങ്കില്‍ പ്രണയത്തില്‍ ഒരു 'ഐ. ദൗ' ബന്ധമാണുള്ളത്(മാര്‍ട്ടിന്‍ ബബര്‍). ഈയൊരുപനിഷല്‍ ബന്ധം(സഹ വീര്യം കരവാവഹൈ) 'ദുരവസ്ഥ'യില്‍ സാവിത്രി സങ്കല്‍പ്പിക്കുന്നുണ്ട്. മാതംഗി ആനന്ദനാലും ആനന്ദന്‍ മാതംഗിയാലും ഉയര്‍ത്തപ്പെടുന്നുണ്ട്. വാസവദത്തയോട് കക്ഷികള്‍ക്ക് യഥാര്‍ത്ഥത്തിലുണ്ടായിരുന്നത് ഒരു 'ഐ- ഇറ്റ്'ബന്ധമാണെങ്കില്‍, അവരവളെ നിസ്സങ്കോചം ഉപേക്ഷിക്കുന്നു, അവസാനമേ സാക്ഷാത്ക്കരിക്കപ്പെടുന്നുള്ളുവെങ്കിലും ഉപഗുപ്തനും വാസവദത്തയും തമ്മിലുണ്ടായത് ഒരു ഐ-ദൗ' ബന്ധമാണ്. രാമനുമായി ഒരിക്കലത് പങ്കിട്ടുണ്ട് സീത. ഐ. ഇറ്റ് ബന്ധം മടുത്തിട്ടുണ്ട് ലീലയ്ക്ക്. തരംഗവും ശിലയുമായിരുന്നുവല്ലോ ഭര്‍ത്താവും അവളും. 'തശിലപോലെ തരംഗലീലയില്‍'. നളിനി പ്രിയയായും പ്രിയ ശിഷ്യയായും മാറുന്നുണ്ട്.

placeholder
ചിത്രീകരണം: ദ്വിജിത്ത്‌

നളിനി ബദ്ധരാഗം മൊഴിഞ്ഞ വാക്കുകളെക്കുറിച്ച് ദിവാകരന്‍ പറഞ്ഞതോര്‍ക്കുക; 'ശ്രദ്ധയാര്‍ന്നതിനെയാസ്വദിച്ചു ഹാ, സിദ്ധസന്തതി സുഖിക്കുമോമലേ'. പരസ്പരം ഉയര്‍ത്തുന്ന ഉയര്‍ത്തപ്പെടുന്ന ഒരു സന്ദര്‍ഭമായി ആശാന്‍ പ്രണയത്തെ സങ്കല്‍പ്പിക്കുന്നു. സ്ത്രീ തുല്യത അനുഭവിക്കുന്ന ഏക സ്‌നേഹം പ്രണയമാണെന്ന് ആശാന്‍ കരുതുന്നു. പ്രണയത്തില്‍ ഒരുയര്‍ത്തലുണ്ടെങ്കില്‍ ഉയര്‍ത്തല്‍ പ്രണയതുല്യമായ ഒരനുഭവമായി മാറുന്നതിനുദാഹരണമാണ് ചണ്ഡാലഭിക്ഷുകിയിലെ മാതംഗി. അവള്‍ക്ക് പിന്നെ സമൂഹത്താല്‍ താഴ്ത്തപ്പെട്ട പഴയ അവളില്‍ ഒരു നിമിഷം കഴിയാനാവുന്നില്ല.  
'അവള്‍ പിന്നെ യത്യന്ത ഖിന്നയാ
യി/ അവശയായ് പ്രത്യക്ഷഹേതുവെന്ന്യേ.../
പൊറുതിയുണ്ടായില്ല രാവിലുമ/ ചെറുമിയന്നു
ണ്ടില്ലുറങ്ങിയില്ല/ അഴകേറും ഭിക്ഷുവുമപ്പേരാ
ലും/ വഴിയും കിണറും പരിസരവും/ ഒഴിയാത
വളഹോ മുന്നില്‍ക്കണ്ടു/ മിഴിയടച്ചെന്നാലുമല്ലെന്നാലും
'

ആത്മസാക്ഷാത്ക്കാരത്തിലേക്കുള്ള വഴിയായിരുന്നു ആശാന്റെ നായികമാര്‍ക്ക് പ്രിയതമനിലേക്കുള്ള വഴി. പുരുഷാഭിലാഷത്തിന്റെ കളിക്കോപ്പ് മാത്രമായിരുന്നില്ല, ആ സൗഭാഗ്യദിനങ്ങളിലും വാസവദത്ത. വിശപ്പിനുള്ള വിഭവങ്ങള്‍ വെറുപ്പോളമശിച്ചിട്ടും ഒരു വിശിഷ്ടവസ്തു അവളെ കൊതിപ്പിച്ചു.
'ഗുണബുദ്ധിയാല്‍ ഞാന്‍ തോഴി, കൊതിപ്പതക്കോമളന്റെ/പ്രണയം മാത്രമാണെന്ന് പറഞ്ഞില്ലേ നീ.' തന്നോടുള്ള പ്രതിപത്തിയുടെ അടിയിലുള്ള ഗുണബുദ്ധിയെ ഉപഗുപ്തന്‍ തിരിച്ചറിയാതിരുന്നിട്ടുമില്ല. ഒടുവില്‍ സകലരാലുമുപേക്ഷിക്കപ്പെട്ടപ്പോള്‍ അവളാല്‍ ചിരപ്രാര്‍ത്ഥിതമായ പ്രണയവുമായി അയാള്‍ അവള്‍ക്ക് സമീപത്തെത്തി.
'അറിയുന്നുണ്ടെങ്കിലും ഞാനകൃ
ത്രിമപ്രണയത്തി/ന്നുറവൊന്നു നിന്നുള്‍ക്കാ
മ്പിലൂറി നിന്നതും/ മുറയോര്‍ക്കുമ്പോളതു നി
ന്‍ മഹിതഗുണമെന്നോര്‍ത്തു/ നിറയുന്നുണ്ടെ
നിക്കുള്ളില്‍ നന്ദിതാനുമേ
' എന്ന് പറഞ്ഞ് അവളുടെ പ്രണയത്തെ സ്വീകരിക്കയും ചെയ്തു. 

'എന്നലിഞ്ഞവന്‍ കരതാരവള്‍ തന്‍ പൂവല്‍ നെറ്റിമേ/ലൊന്നു ചേര്‍ക്കുന്നവള്‍ക്ക് ചീര്‍ക്കുന്നു രോമം.' പ്രണയത്തിന്റെ ശരീരമായി മാറിയ വാസവദത്തയിലുണ്ടായ പരിണാമത്തെ ആശാന്‍ സംഗ്രഹിച്ചതിങ്ങനെ:
'പറയാവതല്ലാത്തൊരു പരമശാന്തിരസത്തി/ന്നുറവാ
യവള്‍ക്ക് തോന്നീയവളെത്തന്നെ
.'
ഈ ആത്മോദയം തന്നെ ആശാനില്‍ പ്രണയത്തിന്റെ സാഫല്യം.