'എത്ര വെള്ളം കോരിയിട്ടും 
ആനന്ദന്‍ വന്നില്ല' (മാതംഗി) 

To advertise here,

രണ്ടായിരത്തിയഞ്ഞൂറ് വര്‍ഷം മുമ്പ് ഭാരതീയ സംസ്‌കാരം കണ്ടൊരു സ്വപ്നമാണ് മാതംഗി. ഇക്കാലത്തിലൂടെ പല മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ചിട്ടും നിറവേറാതെ, നിന്ന സ്വപ്നം. ജാതി ഭ്രാന്താലയമാക്കിയ കേരളത്തിലിരുന്ന് അന്നാ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച സമ്മര്‍ദ്ദങ്ങള്‍ വീണ്ടും തീക്ഷ്ണതരമായി അനുഭവിച്ച ഒരു മനസ്സില്‍ പുനഃപ്രത്യക്ഷപ്പെടുകയാണ് അവള്‍. സ്വപ്നമായിത്തന്നെ അവശേഷിക്കാന്‍, ഒരു പക്ഷെ മറവിയിലാണ്ടുപോകാതിരിക്കാന്‍, അതില്‍പ്പരമായ ഒരുപമ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍. അസ്പൃശ്യരില്‍ അസ്പൃശ്യയായ ഒരു പറയപ്പെണ്‍കൊടി, ബുദ്ധവിഹാരത്തില്‍ സ്വീകരിക്കപ്പെട്ടതിന്റേയും ജാതിരഹിതമായ ഒരു രാജ്യസൃഷ്ടിക്ക് അവള്‍ കാരണമായതിന്റേയും കഥ. ഉപയോഗ്യമല്ലെന്നതിനാല്‍ കാലങ്ങളായി ഉപേക്ഷിക്കപ്പെട്ട ഒരു ശില, എല്ലാ കാലത്തേക്കുമായി നിര്‍മ്മിക്കപ്പെട്ട പുതിയ മന്ദിരത്തിന്റെ അടിസ്ഥാനശിലയായി മാറിയതിന്റെ കഥ. കൊള്ളരുതാത്തവള്‍ (useless) കൊള്ളാവുന്നവളായി മാറിയപ്പോള്‍ അവളില്‍ ഉണര്‍ന്നെണീറ്റ ആനന്ദത്തിന്റെ കഥ.

രണ്ടായിരത്തഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു മുമ്പൊരു നട്ടുച്ച കൊടിയ വേനല്‍. ശ്രാവസ്തിക്കടുത്തൊരൂര്. ക്ഷീണമകറ്റി വിശ്രമിക്കാനായി പക്ഷികളും പഥികരും ഒരുപോലെയാശ്രയിക്കുന്ന ഒറ്റമരക്കാട് പോലൊരു വന്‍ പേരാല്‍. കീഴെ പഥികരിരുന്ന് തഴമ്പാര്‍ന്ന വേരാകുന്ന ഇരിപ്പിടം. സമീപത്തായി വായ്ക്കല്ലു പൊട്ടിയ ഒരു പഴംകിണര്‍. ആ രംഗഭൂവിലേക്ക് ചൂടും ദാഹവും കൊണ്ടുവലഞ്ഞ മധുരാകൃതിയായ ഒരു യുവസസന്യാസി വരുന്നു. കയ്യിലെ ദീര്‍ഘവൃത്താകൃതിയിലുള്ള മരയോട് വൃക്ഷമൂലത്തില്‍ വെച്ച്, ആടത്തുമ്പാലേ വിയര്‍പ്പ് തുടച്ച്, കിണറ്റിന്‍കരയിലേക്ക് കണ്ണോടിക്കുകയാണാ ഭിക്ഷു. എന്തൊരാകസ്മികത, കയ്യില്‍ ചെപ്പുകുടവുമായി, വലങ്കയ്യില്‍ പാളയും കയറുമായി 'അപ്പൊഴുതങ്ങൊരു' യുവതി കിണറ്റിന്‍ കരയിലേക്ക് വരുന്നു. കാക്കയും വന്നു, പനമ്പഴവും വീണു എന്നൊരാഹ്ളാദാതിശയം ആ ഭിക്ഷുവിലുണര്‍ന്നു. പ്രകൃത്യാസംഭവിക്കേണ്ടതാണ് സംഭവിച്ചത് അഥവാ അവരുടെ അന്യോന്യാനിവാര്യമായ സംഗമത്തില്‍ പ്രകൃതിയുടെ ഇച്ഛയുണ്ടായി എന്നൊരു സൂചനയും ആ യാദൃച്ഛികതയെ ഇവ്വിധം ഗ്രഹിച്ചതിലുണ്ടാവാം.

ദാഹാര്‍ത്തനായ യുവസന്യാസി അവളുടെ മുന്നിലെത്തി എല്ലാ പാത്രങ്ങളുടേയും പൂര്‍വമാതൃകയായ പാത്രമായ കൈക്കുമ്പിള്‍ കാട്ടി വെള്ളം ചോദിക്കുന്നു.

 'ദാഹിക്കുന്നു, ഭഗിനീ കൃപാരസ -/ മോഹനം കുളിര്‍ തണ്ണീരിതാശു നീ'. ആ ഭഗിനീപദം പറയപ്പെണ്‍കൊടിയില്‍ പ്രഥമ ശ്രവണത്തില്‍ പതിഞ്ഞില്ലായിരിക്കാം, പതിവല്ലാത്ത ആ സംബോധന അവിശ്വസിക്കാനാണവളുടെ ആജന്മപ്രേരണ എന്നതിനാലുമായിരിക്കാം, അതിനിന്നോളം അവള്‍ അര്‍ഹയായായിട്ടില്ലെന്നതിനാലുമാവാം അതുമുണ്ടാക്കിയ അമ്പരപ്പോടെ അവള്‍ അയാളുടെ അഭ്യര്‍ത്ഥന തിരസ്‌കരിക്കുന്നു. ഭഗിനീ (നാരീ) എന്നാണയാള്‍ നീചനാരി (sub woman) എന്ന് തലമുറകളായി സ്വയവും ധരിച്ചുപോരുന്ന അവളെ വിളിച്ചത്. യഥാര്‍ഥത്തില്‍ അവളേതു ജാതിയോ, ശരീരത്തില്‍ അവളേതു ജാതിയോ, അതിനെയാണ് ബുദ്ധഭിക്ഷു സംബോധന ചെയ്തത്. (''ആരു നീയെന്നുകേള്‍ക്കേണ്ട, നേര് മെയ് തന്നെ ചൊല്‍കിലാം '- ഗുരു). പക്ഷെ അയാള്‍ ജാതി മറന്നാലും മറക്കാനനുവാദമില്ലാത്തവളാണ് ആ 'നീചനാരി 'അങ്ങനെയൊന്നുണ്ടായെന്നറിഞ്ഞാല്‍ അയാളേക്കാള്‍ ശിക്ഷിക്കപ്പെടുക അവളാണ്. 'അല്ലല്ലെന്തു കഥയിതു കഷ്ടമേ! / അല്ലലാലങ്ങ് ജാതി മറന്നിതോ?/ നീചനാരിതന്‍ കൈയ്യാല്‍ ജലം വാങ്ങി / യാചമിക്കുമോ ചൊല്ലെഴുമാര്യന്മാര്‍?/ കോപമേലരുതേ ജലം തന്നാലും /പാപമുണ്ടാമിവളൊ രുചണ്ഡാലി.'(പാപം കൂടുതല്‍ പൗരാണികമായ അതിനാല്‍ ഗാഡവുമായ അപരാധമാണല്ലോ). അങ്ങ് മറന്നാലും ഞാനെന്റെ ധര്‍മ്മം മറക്കില്ലെന്നും അങ്ങയുടെ മാര്‍ഗ്ഗഭ്രംശത്തിന് ഞാന്‍ കാരണമാവില്ലെന്നും അത് അങ്ങേയ്ക്കീ അല്ലലില്‍ ഉള്‍ക്കൊള്ളാനാവാത്തത്ര വലിയ ധര്‍മ്മദ്രംശമാണുണ്ടാക്കുക എന്നും നീചനാരിയെന്ന് സ്വയം ധരിച്ചു വെച്ച മാതംഗി പറയുന്നു. കാലങ്ങളായി അവളനുഭവിക്കുന്ന അടിമത്തം എത്ര അഗാധമാണെന്നറിയുന്ന ബുദ്ധഭിക്ഷു അവളെ താന്‍ ഭഗിനീ എന്ന് വിളിച്ചത് ആലോചിക്കാതെയല്ലന്നും അവള്‍ ഏത് സ്ത്രീയോളവുമാണെന്നും സോദരി എന്ന പദം സുവ്യക്തമായുച്ചരിച്ച് ബോധ്യപ്പെടുത്തുകയാണ്.'' ജാതി ചോദിച്ചതില്ല ഞാന്‍ സോദരി, ചോദിക്കുന്നു നീര്‍ നാവു വരണ്ട ഹോ''.

മാതംഗി ആദ്യമായാണ് ജാത്യതീതമായ ഒരു സാഹോദരര്യത്താല്‍ അഭിസംബോധന ചെയ്യപ്പെടുന്നത്. 'ജാതി ചോദിച്ചതില്ല ഞാന്‍ സോദരീ' എന്ന വാക്യം ആ പറയയുവതിയില്‍ ചെയ്തത് ചെറുതല്ല. ഒറ്റ വാക്യത്താല്‍ അവള്‍ ഉയര്‍ത്തപ്പെട്ടു. ദളിതയായ മാതംഗിയില്‍ നിരവധി ജന്മങ്ങളിലായി ഉറങ്ങുകയായിരുന്ന ഒരുവളെ വിളിച്ചുണര്‍ത്തി ആ അഭിസംബോധന. 'ലീല'യെപ്പോലെ നെടു മോഹനിദ്ര വിട്ടുണരുകയായി അവളും. 'പാരം വിസ്മയമാര്‍ന്നു വിസ്ഫാരിത/ താരയായ് ത്തെല്ലു നിന്നുമയ്ക്കണ്ണിയാള്‍.'' അനന്തരം അവള്‍ അയാള്‍ക്കായി പകര്‍ന്ന ഓരോ തുള്ളി ജലവും അവളിലെ അന്തരാത്മാവിനെ സുകൃതം കൊണ്ട് ഹാരാര്‍പ്പണം ചെയ്തു എന്ന് കവി പറയുന്നുണ്ട്. 'പുണ്യശാലിനി നീ പകര്‍ന്നിടുമീ' തണ്ണീര്‍ തന്നുടെയോരോരോതുള്ളിയും/ അന്തമറ്റ സുകൃതഹാരങ്ങള്‍ നി/ ന്നന്തരാത്മാവിലര്‍പ്പിക്കുന്നുണ്ടാവാം.'' കൊടുക്കലെന്നോ എടുക്കലെന്നോ നിജപ്പെടുത്താനാവാത്ത ഒരു പകരലായിരുന്നു അത്. ശിക്ഷിതരില്‍ ആത്മനിര്‍വ്വാണം നല്‍കുന്നവരിലഗ്ര്യനായ ഗുരുവിന്റെ ദാഹമാണവള്‍ ആറ്റുന്നത്. അതവളെ അതുവരെ അല്ലായിരുന്നൊരുവളായി മാറ്റുന്നുണ്ടാവാം. അവളാ കൈക്കുമ്പിളിലേക്കൊഴിക്കുന്ന കുളിരാര്‍ന്ന ജലം, വിജ്ഞാനധാര പോലെയാണായുവസന്യാസി അനുഭവിക്കുന്നത്. അവനും അവളാല്‍ ഉയര്‍ത്തപ്പെട്ടു എന്നാവാമതിന്റെ സാരം. ജാതിയെന്ന തടസ്സത്തെ നിസ്സാരമാക്കിക്കാട്ടാനുതകിയ ആ സന്ദര്‍ഭം അവനെ കൃതാര്‍ഥനാക്കിയിരിക്കാം. അതവനിലുണ്ടാക്കിയ സംതൃപ്തി കണ്ട് അവള്‍ കോള്‍മയിര്‍ക്കൊണ്ടു നില്‍ക്കുന്നു. അവള്‍ അവളറിയാതെ അതിനകം നിര്‍വ്വാണ സുഖം (enlightenment) അറിഞ്ഞുതുടങ്ങിയിരുന്നു. ഇതുവരെ തന്നെ കെട്ടിയിട്ടിരുന്ന കയര്‍ അഴിഞ്ഞിരിക്കുന്നു, താന്‍ ബന്ധന വിമുക്തയായിരിക്കുന്നു. ''ആമയം തീര്‍ന്നു പോരും നീര്'' എന്ന് കയ്യുയര്‍ത്തി വിലക്കിയപ്പോള്‍ അതേക്കാളുമാമയം തീര്‍ന്നതവള്‍ക്കാണ്. താനാരുടെ ദൂതനാണെന്ന് തന്റെ ഉപകര്‍ത്രിയോട് പറഞ്ഞാണവന്‍ മറയുന്നത്.'' നിര്‍വ്വാണനിധി കണ്ടമഹാസിദ്ധന്‍ / സര്‍വ്വലോകൈകവന്ദ്യന്‍ ദയാകുലന്‍,/ ഗുര്‍വ്വദീശനനുഗ്രഹിക്കും നിന്നെ / പര്‍വ്വചന്ദ്രവദനേ, ഞാന്‍ പോകുന്നു.'' അവനല്ല അവളെ അനുഗ്രഹിക്കുന്നത്, അവനിലുടെ നിര്‍വ്വാണനിധികണ്ട മഹാഗുരു. അവനാ ഭുവന ഗുരുവിന്റെ ശിഷ്യന്‍ മാത്രം. യാത്ര പറയുന്നുവെങ്കിലും മാരജിത്തായ ശ്രീബുദ്ധനെപ്പോലെ ജ്വലിക്കുന്ന ആ ധന്യന്‍ വെയിലടങ്ങും വരെ ആല്‍ത്തറയില്‍ വിശ്രമിക്കുന്നു. കുടിലിലേക്ക് പോകുവാന്‍ മനസ്സ് വരാതെ അവളാ തേജോരൂപത്തെ നോക്കി നില്‍ക്കുന്നു. അനുവാചകരെ ഒട്ടൊന്നു കുഴക്കിയ ഒരു കല്‍പ്പന കവി ഇവിടെ ചേര്‍ക്കുന്നുണ്ട്. 'പാരിലൊറ്റക്കാലൂന്നി നിലകൊണ്ടാള്‍,/ മാരദൂതി പോല്‍ തെല്ലിട സുന്ദരി.'' ആമാരജിത്തിന് ചേര്‍ന്നതല്ലെങ്കിലും അവളിലെ ആ മധുരമായ പരിണാമത്തെ പറയാന്‍ ആ ഉപമയാവാം ഇണങ്ങുന്നത്. 

വെയിലൊതുങ്ങി ചൂടുമൊട്ടൊന്നു കുറ ഞ്ഞപ്പോള്‍ ആ യുവഭിക്ഷു അവിടം വിട്ടു. അ വളില്‍ അവന്‍ ചെയ്തത് അവളിലെ സ്വസ്ഥത യെ ഇല്ലാതാക്കി. ''പൊറുതിയുണ്ടായീല രാവി ലുമ,/ ചെറുമിയന്നുണ്ടില്ലുറങ്ങിയില്ല.'' കണ്ടതെല്ലാം അവള്‍ വീണ്ടും വീണ്ടും കണ്ടു. ''അഴകേ റുംഭിക്ഷുവുമപ്പേരാലും / വഴിയും കിണറും പരിസരവും / ഒഴിയാതവളഹോ മുമ്പില്‍ക്കണ്ടു / മിഴിയടച്ചെന്നാലുമില്ലെങ്കിലും.'' അവളിലെ പ്രണയിനിയുടെ പ്രഥമ രാത്രിയായിരുന്നു അതെന്ന് ധരിക്കാമെങ്കിലും അതിലുമേറെ അത് അവളുടെ മഹാനിഷ്‌ക്രമണത്തിന്റെ തലേ രാത്രിയായിരുന്നു എന്ന് ധരിക്കുന്നതാവുമുചിതം. ഒരു കാമിനിയ്ക്കും കൈ്വരാത്ത നിദ്രാരാഹിത്യമായിരുന്നു അത്. ഒരു സന്തുഷ്ടനായ സന്യാസിയാല്‍ ബുദ്ധ മാര്‍ഗ്ഗത്തിലേക്ക് നയിക്കപ്പെട്ട സിദ്ധാര്‍ത്ഥന്റെ ഒരിളയ സഹോദരിയാവുകയായിരുന്നു മാതംഗിയും. ആ യുവഭിക്ഷുവിന്റെ വാക്കുകളാല്‍ നീതയായ അവളുടെ വേരുകള്‍ ഒന്നൊന്നായി പൊട്ടുന്ന ഒരു വലിയ രാത്രിയായിരുന്നു അത്. ''ശമ്പളിതഭാ വയിവളകമേ./ വിപുലമാം പുണ്യവികാസത്താലേ/ ശബരാലയത്തിന്നിരുട്ടറയില്‍, സപദിയൊതുങ്ങാതുഴല്‍കയാവാം.'' കേവല പ്രണയത്തോളമല്ല ആ പുണ്യ വികാസം. അതില്ലാതാക്കിയ നിദ്ര പ്രണയമു ണ്ടാക്കുന്ന നിദ്രാരാഹിത്യത്തോളവുമല്ല. കുറുനരിയും കൂമനുമറിയിച്ച യാമങ്ങള്‍ പിന്നിട്ട് പൂങ്കോഴി കാഹളം മുഴക്കുന്ന യാമത്തിലവളെത്തുന്നു. സിദ്ധാര്‍ത്ഥന്‍ അരമനവിട്ടിറങ്ങിയ രാത്രിയ്ക്കു തുല്യമായ ഒരു രാത്രിയുടെ അന്തിമയാമത്തില്‍ അവളും ഉറങ്ങിക്കിടക്കുന്നവരുണരുണരുമ്മുമ്പെ വീട് വിട്ടിറങ്ങുന്നു. ''നടകൊണ്ടുടനേയവിടെ നിന്ന/ ങ്ങിടവഴിയെ ഇന്നു കാതരാക്ഷി / ഇടരാര്‍ന്നു വീണ്ടും തിരിഞ്ഞു നിന്നു/  ഝടിതി വീക്ഷിക്കുന്നു സ്‌നേഹശീല / ഒടുവില്‍ ജനിച്ചഹോതാന്‍ വളര്‍ന്ന / കുടിലോട് യാത്ര ചോദിക്കും പോലെ.'' ഒറ്റ വാക്യത്താല്‍ തന്നെ ഉയര്‍ത്തിയ, ജാതിയുടെ പാശം മുറിച്ചനുഗ്രഹി ച്ചവന്റെ പരിസരത്തിലേക്കവള്‍ ചെല്ലുന്നു. തലേന്നാ ശ്രേഷ്ഠനായ യതി തണ്ണീരിനായി കൈനീട്ടിയ ഇടത്തെ കാല്‍ച്ചുവടുകള്‍ നോക്കി നടന്ന്.

അവനിലേക്കല്ല, അവനുള്ളിടത്തേക്കാണ് അവള്‍ ചെല്ലുന്നത്. തലേന്ന് ഏതിലേക്കവള്‍ ഉയര്‍ത്തപ്പെട്ടുവോ അതിന്റെ ഉറവിടത്തിലേക്ക്. തലേന്ന് ഏതൊന്നിന്റെ ദര്‍ശനഞ്ഞാല്‍ അവളാകെ രൂപാന്തരപ്പെട്ടുവോ ആ ദര്‍ശനത്തിന്റെ പൊരുളിലേക്ക്.
''യതിപുംഗവന്റെ വഴി തുടര്‍ന്നീ/ മതിമുഖി പോകയാം തര്‍ക്കമില്ല.'' അവനിലേക്കല്ലാ ആ യതിപുംഗവന്റെ വഴിയിലേക്ക്. അവനെവിടെനിന്നയക്കപ്പെട്ടുവോ അവിടേക്ക്. വഴിപോക്കരോട് ചോദിച്ചറിഞ്ഞ് അവള്‍ ആ ബുദ്ധവിഹാരത്തിലെത്തുന്നു. ആ ''വിദിത സമസ്‌നേഹ രാജ്യലക്മീസദനമവളെ'' ഹൃദയ പൂര്‍വ്വം സ്വീകരിക്കുന്നു. തലേന്നാ ഭിക്ഷു നീട്ടിയ ' സോദരീ' പദത്തിലേക്കവള്‍ അവിടെ അ വരോധിക്കപ്പെടുന്നു. ''അകലെ നിന്നെത്തുമി വളങ്ങുള്ളോ, രകളങ്കര്‍ക്കന്‍പോലും പെങ്ങളുണ്ടല്ലോ.'' അവളറിയുന്നു താനാരുടെ പാദമലരുകള്‍ പിന്തുടര്‍ന്ന് അവിടെയെത്തിയോ ആര്‍ക്ക് താന്‍ തലേന്ന് തണ്ണീര്‍ നല്‍കിയോ ആര്‍ തന്നെപ്പറ്റിപ്പറയാതെ തന്റെ ഗുരുപദത്തെ ക്കുറിച്ച് മാത്രം പറഞ്ഞുവോ ആ യുകോമളന്‍ ഗുരുദേവരെക്കാണ്മാന്‍ പൂര്‍വ്യാരാമവ രവിഹാരത്തില്‍ നിന്ന് ഇങ്ങോട്ടു വന്ന ആനന്ദ ഭിക്ഷുവാണ് എന്ന്. അവിടെ വെച്ചവള്‍ അവന്റേയും ലക്ഷ്യമായ ആ ഭുവനഗ്ഗുരുവെ കാണുന്നു. സകലതും അറിയാതെ അറിയുന്ന ആ മഹാഗുരു അവളെ, ഗ്രാമത്തിന്റെ പുറത്തു വസിച്ചിരുന്ന ആ അസ്പൃശ്യയെ ആശ്രമത്തിലേക്ക് സാഹ്ലാദം ക്ഷണിക്കുന്നു.'' മകളേ നീ പോന്നതു ഭംഗിയായി ! /സകലമറിഞ്ഞു നാം കാര്യം ഭദ്രേ :/ അനഘനവന് തണ്ണീര്‍ നല്‍കി /ക്കനിവാര്‍ന്നു വല്‍സേ നീ ദാഹം തീര്‍ത്തു. അവളുടെ ഭാവമറിഞ്ഞ് ഗുരുവവള്‍ക്ക് ധര്‍മ്മോപദേശം നല്‍കുന്നു. ഭിക്ഷുകീ മന്ദിരത്തിന്‍ താമസിക്കാനനുവാദവും നല്‍കുന്നു. അവന്റെ വാക്കില്‍ തിരനോട്ടം നടത്തിയ ജാത്യതീതമായ ലോകത്തിലവള്‍ പാര്‍പ്പും തുടങ്ങി. ഇതുവരെ നീണ്ട രാത്രി പിന്നിട്ട് അവികല ശോഭയുള്ള ജന്മം ആ പൂവ് വഹിക്കുകയായി. ''ദിവസം പുലര്‍ന്നു വിടര്‍ന്നിനി നീ/ യവികലശോഭവഹിക്കും പൂവെ.''

അഷ്ടാംഗമാം ധര്‍മ്മമാര്‍ഗ്ഗം സ്വീകരിച്ച്, സഹോദരികള്‍ക്ക് ഏറ്റം പ്രിയപ്പെട്ട സഹോദരിയായി മാതംഗി ആ ഭിക്ഷുണീ മന്ദിരത്തില്‍ കഴിഞ്ഞു. പക്ഷെ ലോകത്തിന്റെ ജരത്തിലുണ്ടോ ഏകാന്ത സഖ്യം? ശുദ്ധചണ്ഡാലിനിയായ ഒരുവള്‍ വരവര്‍ണ്ണിനികള്‍ മാത്രം വസിക്കുന്ന ധര്‍മ്മമമഠത്തില്‍ വസിക്കുന്നുവെന്ന് അറിഞ്ഞ ഉന്നതസ്ഥാനീയര്‍ കുറ്റാരോപണങ്ങള്‍ തുടങ്ങി.'' താണ ചെറുമിയൊന്നിച്ചായ് അവര്‍ /ക്കൂണു മിരിപ്പും കിടപ്പും/ പാരില്‍ യജ്ഞങ്ങളില്ലാതായ് ദേവര്‍ക്കാരാധനകളില്ലാതായ്/ആരുംപഠിക്കാതെയായി വേദം/  പോരെങ്കില്‍ ജാതിയും പോയി.'' അഗ്രഹാരങ്ങള്‍തോറുമവര്‍ ആരോപണങ്ങള്‍ പരത്തി. വാര്‍ത്ത പട്ടണമാകെ പരന്നു. ജനമിളകി. മന്ത്രിമാര്‍ കഥയറിഞ്ഞു. കൊട്ടാരത്തിലത് ചര്‍ച്ചയായി. രാജാവും ബുദ്ധശിഷ്യനുമായ പ്രസേനജിത്ത് സര്‍വ്വജ്ഞനായ ബുദ്ധഭ ചഅകങ നിശ്ചയിക്കട്ടെ അതിലെ ന്യായന്യായങ്ങള്‍ എന്ന് എന്ന് വിധിച്ചു. ബുദ്ധന്‍ ആരാമത്തിലേക്ക് ക്ഷണിക്കപ്പെട്ടു. എത്തിച്ചേര്‍ന്ന പൗരമുഖ്യരടങ്ങുന്ന ജനാവലിയെ അഭിസംബോധന ചെയ്ത് ബുദ്ധന്‍ പുണ്യാരാമത്തില്‍ വെച്ച് മാതംഗിയെ ഭിക്ഷുണി മന്ദിരത്തില്‍ ചേര്‍ത്തതിലെ ന്യായവാദം ചെയ്തു. ''വത്സ മാതം ഗിയെച്ചൊല്ലി - വിചി /കിത്സയല്ലല്ലി വിഷയം? / എന്തു പറവൂ എന്തോര്‍പ്പൂ-ജാതി/ ഹന്ത വിഡംബനം രാജന്‍.'' ബ്രാഹ്‌മണരെയും പെറുന്നത് മനുഷ്യസ്ത്രീകളല്ലേ, അല്ലാതെ വല്ലി തന്നറ്റത്ത് നിന്നോ മേഘത്തില്‍ നിന്നോ അരണിയില്‍ നിന്നോ ജനിക്കുന്നതാണോ അവര്‍? അജ്ജാതി രക്തത്തിലോ അസ്ഥിമജ്ജകളിലോ ഉണ്ടോ? ചണ്ഡാലിയുടെ ദേഹം ബ്രാഹ്‌മണ ബീജത്തിന് നിഷിദ്ധമാണോ? കുടുമയോ പൂണുനൂലോ ജന്മജമാണോ? ശിക്ഷണം കൂടാതെയാണോ അവര്‍ ദ്വിജരായത്? ജനിച്ചതെല്ലാം മരിക്കുമെന്ന നിയമത്തില്‍ നിന്നവര്‍ക്കിളവുണ്ടോ? ഒരേ ബീജമല്ലേ പലതായി മാറുന്നത്?

'നാമ്പും കരുവര്‍ണ്ണം പൂണ്ട / കൂമ്പും മലരും സുമം താന്‍ / നെല്ലിന്‍ ചുവട്ടില്‍ മുളയ്ക്കും കാട്ടു / പുല്ലല്ല സാധു പുലയന്‍ / ശങ്ക വേണ്ടൊന്നായ് പുലര്‍ന്നാല്‍ അതും / പൊങ്കതിര്‍ പൂണുംചെടി താന്‍.' അതിനുത്തമോദാഹരണം സൗശീല്യം തികഞ്ഞ ഈ മാതംഗി തന്നെ. ബുദ്ധന്‍ രാജാവിനെ ഓര്‍മ്മിപ്പിക്കുന്നു. ആചാരങ്ങള്‍ ആരാധ്യങ്ങളാവണമെന്നില്ല.

 ''ഇന്നലെച്ചെയ്‌തോരബദ്ധം മൂഡര്‍/ക്കിന്നത്തെ ആചാരമാകാം/ നാളത്തെ ശാസ്ത്രമതാവാം അതില്‍/മൂളായ്ക സമ്മതം രാജന്‍'' അന്യജീവജാലങ്ങളെല്ലാം ഒരേ ജീവധാതുവാല്‍ പണിയപ്പെട്ടോര്‍, പിന്നെ മര്‍ത്ത്യര്‍ തമ്മില്‍ എന്തന്തരം? ജാതി എന്ന ഘോരരാക്ഷസിയാണ് മര്‍ത്യര്‍ക്കിടയിലെ എല്ലാ വൈഷമ്യങ്ങളുടേയും നിദാനം, അവളെ ജയിച്ചാല്‍ ഘോരമായ നരകവാതില്‍ അടഞ്ഞു. അന്യോന്യമുള്ള ഈര്‍ഷ്യയല്ലാതെ മറ്റൊന്നല്ല ജാതി. ബുദ്ധവചനങ്ങള്‍ സ്വീകരിച്ച് പ്രസേനജിത്ത് ജാതിയെ നിയമം മൂലം രാജ്യത്ത് നിന്ന് നീക്കി. ഭാരതത്തില്‍ ഒരു പത്തു ദശാബ്ദം അശ്ലാന്തിനിലനിന്നു എന്നാശാന്‍ കഥയവസാനിപ്പിക്കുന്നു. ഉദ്ദേശത്തിലേറെ ഉയര്‍ച്ച നേടി മാതംഗി. താനുയര്‍ന്നതിലൂടെ തന്റെ വംശത്തെയുമുയര്‍ത്തി. ജാതിരഹിതമായ പത്ത് ദശാബ്ദങ്ങള്‍! 

രണ്ടായിരത്തിയഞ്ഞൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും ആശാനാസ്വപ്നം വീണ്ടും അവതരിപ്പിച്ചതില്‍പ്പിന്നെ നൂറ്റാണ്ട് പിന്നിട്ട ശേഷവും ഇന്നുമാസ്വപ്നം സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു. ഞാനതിനെ ഇങ്ങനെ സംഗ്രഹിച്ചു.' എത്ര വെള്ളം കോരിയിട്ടും ആനന്ദന്‍ വന്നില്ല'. ആ വിമോചനം യാഥാര്‍ഥ്യത്തില്‍ നിന്നുമിപ്പോഴുമെത്രയോ അകലെ.