
'അതാ ഒരു മനുഷ്യന്‍' എന്ന് കേട്ടാല്‍ നാം തലപൊത്തിച്ച് നോക്കുക ഒരു പുരുഷനെ പ്രതീക്ഷിച്ച് കൊണ്ടാണ്. സ്ത്രീയെ ഉദ്ദേശിച്ച് അതാ ഒരു മനുഷ്യന്‍ എന്നാരും പറയാറില്ല. മനുഷ്യന്‍ ഒരു പുല്ലിംഗപ്രത്യയാന്ത പദമാണ് എന്നത് കൊണ്ടാവാം, കാലാകാലമായുള്ള ശീലം കൊണ്ടാവാം, പരമ്പരാഗതമായ അനുബന്ധനം (conditioning) കൊണ്ടാവാം. മനുഷ്യന്‍ ഒരു പുല്ലിംഗപദമായതോടെ സ്ത്രീ മനുഷ്യനല്ലാതായി. അതോടെ സ്ത്രീക്ക് മനുഷ്യപ്രാതിനിധ്യമില്ലാതായെന്ന് മാത്രമല്ല, സ്ത്രീയ്ക്ക് പ്രാതിനിധ്യത്തിനായി പുരുഷനെ ആശ്രയിക്കേണ്ടിയും വന്നു. പുരുഷനെ പ്രതിനിധീകരിക്കുന്ന സര്‍വ്വനാമത്തിനല്ലാതെ സ്ത്രീയെ പ്രതിനിധീകരിക്കുന്ന സര്‍വ്വനാമത്തിന് പ്രാതിനിധ്യക്ഷമത കൈവന്നിട്ടില്ല. അവനെയല്ലാതെ അവളെക്കാണാനില്ല ഒരേടത്തും. നരവംശ ശാസ്ത്രജ്ഞയായ മാര്‍ഗ്ഗരറ്റ് മീഡ് പറയുമ്പോലെ 'ഹീ' 'ഷീ' യെയല്ലാതെ 'ഷീ' 'ഹി' യെ പ്രതിനിധീകരിക്കുന്നില്ല ഒരു ഭാഷയിലും. അവനല്ലാതെ അവളില്ല ഉദാഹരണങ്ങളിലോ, സ്ഥിതിവിവരക്കണക്കുകളിലോ. അവനല്ലാതെ അവളില്ല പൊതുസ്ഥലങ്ങളില്‍. അവള്‍ക്ക് ദൃശ്യത ഇല്ല. (അതുണ്ടാക്കുന്ന അധമ ബോധം അവളെ പട്ടുവസ്ത്രങ്ങള്‍ ധരിപ്പിക്കുന്നു, ദേഹത്തില്‍ കനകാഭിഷേകം ചെയ്യിക്കുന്നു). മനുഷ്യനെ പ്രതിനിധീകരിക്കുന്നതെപ്പോഴും അവനാണ്. ഈ വാക്യം നോക്കൂ: 'മുന്‍കാലത്ത് അവന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം മുപ്പത്തഞ്ചായിരുന്നെങ്കില്‍ ഇന്നവന്റെ ആയുര്‍ദൈര്‍ഘ്യം അമ്പതാണ്.' അവളുടെ കാര്യത്തില്‍ വൃത്യാസമുണ്ട് പക്ഷെ അത് രേഖപ്പെടുകയില്ല. അവള്‍ വേണ്ടിടത്തും അവളുടെ ധര്‍മ്മം നിര്‍വഹിക്കാന്‍ യോഗ്യനല്ലെങ്കിലും അവനാണ് വരിക. ഏതുദാഹരണവാക്യത്തിലും അവനേയും അവളേയും പ്രതിനിധീകരിച്ച് പ്രത്യക്ഷപ്പെടുക അവനാണ്. അവനെക്കുറിച്ച് പറയുമ്പോള്‍ അവളും പറയപ്പെടുന്നുവല്ലോ, പിന്നെ എന്തിന് വിശേഷിച്ച് അവളെക്കുറിച്ച് പറയണം എന്നാണ് പൊതുവായ ചോദ്യം. വര്‍ഗ്ഗ സമരം വിജയിക്കുമ്പോള്‍ അവളും വിജയിക്കില്ലേ, പിന്നെയെന്തിന് അവള്‍ക്കായി ഒരു പോരാട്ടം എന്ന കമ്മ്യൂണിസ്റ്റ് ചോദ്യം തന്നെ. അവന്റെ അളവ് അവള്‍ക്ക് പാകമല്ലെങ്കിലും ആ അളവിലുള്ളത് ധരിച്ച് പ്രത്യക്ഷപ്പെടാനേ പൊതുലോകത്തിലാവൂ. ഒരാളുയരമെന്നോ ഒരാള്‍ത്താഴ്ച്ചയെന്നോ പറയുമ്പോള്‍ അതിലെ ആള്‍ അവനാണ്. അവളില്ല പരിഗണണനകളില്‍. അനിന്നാലവള്‍ പരിക്കുപറ്റാനും മുങ്ങിത്താഴാനും കൂടുതല്‍ സാധ്യതയുള്ളവള്‍.
ഉല്‍പ്പത്തിക്കഥകളില്‍ നോക്കൂ. അവനാണ് ആദ്യം. അവന്റെ ആവശ്യത്തിനായി അവനില്‍ നിന്നോ അവന്റെ ഏകാന്തതയില്‍ കൂട്ടായിട്ട് ശൂന്യതയില്‍ നിന്നോ അവള്‍ സൃഷ്ടിക്കപ്പെടുകയാണ്. നരനില്‍ നിന്നാണ് നാരി, നായകനില്‍ നിന്ന് നായിക, മാനില്‍ (man) നിന്ന് വുമന്‍ (woman). പണ്ടോറയെ ക്കുറിച്ചുള്ള ഗ്രീക്ക് മിത്ത് നോക്കുക. ഏകാകിയായ പുരുഷന്റെ അവസ്ഥ കണ്ട് അനുകമ്പ തോന്നിയ ദേവന്മാര്‍ സ്ത്രീയെ അവന്‍ വിനോദിക്കുവാനൊരു ഭോഗവസ്തുവായി നിര്‍മ്മിച്ചുനല്‍കുന്നു. അവള്‍ പ്രസവിച്ചതാണ് അവനെ എന്നത് തമസ്‌ക്കരിച്ച് അവന്‍ പ്രസവിച്ചതാണ്. അല്ലെങ്കില്‍ അവനായി പ്രസവിച്ചതാണ് അവളെ എന്നൊരു കഥാ സംസ്‌കാരം നിര്‍മ്മിച്ചിരിക്കുന്നു.
ഭൂമി സ്ത്രീയായിരിക്കാം. ഭൂമീദേവി എന്ന സങ്കല്‍പ്പത്തിന് സാധുതയും സൗന്ദര്യവുമുണ്ട് താനും. പക്ഷേ, ഭൂമിയുടെ മേല്‍ മനുഷ്യന്‍ കെട്ടിപ്പടുത്ത ലോകം സ്ത്രീയല്ല. അത് പുരുഷനാണ്. 'വേള്‍ഡ്' എന്ന പദത്തിന് സമാനമായ ജര്‍മ്മന്‍ പദത്തിന് പുരുഷന്‍ എന്നാണര്‍ത്ഥമത്രേ. പുരുഷാരത്തിലോ 'മാന്‍കൈന്റിലോ ' സ്ത്രീയില്ല. ലോകം സൃഷ്ടിക്കപ്പെടുമ്പോള്‍ സ്ത്രീയില്ലാ അഥവാ സ്ത്രീയേ പരിഗണിച്ചില്ല എന്നാവാം ഉല്‍പ്പത്തിക്കഥകളുടെ വ്യാഖ്യാനങ്ങള്‍ നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്. സ്വാഭാവികമായും ലോകരുടെ ഭാഷയിലും സ്ത്രീ ഇല്ല. മനുഷ്യന്‍ ഒരു പുല്ലിംഗ പദമായതിന്റെ സാഹചര്യം ഇതാവാം. ഭാഷയിലെ അന്തര്‍ല്ലീനമായ വക്താവ് സ്വാഭാവികമായും പുരുഷനാണ്. പുരുഷന്‍ പുരുഷനോട് പറയുന്ന ഭാഷയില്‍ സ്ത്രീയെങ്ങനെ അവളുടെ ആവശ്യം പറയും? അവള്‍ പറയുന്നതെല്ലാം അവന്റെ ഇച്ഛയുടെ പ്രതിധ്വനി മാത്രം. സ്ത്രീശരീരത്തില്‍ ജീവിക്കുന്ന മനുഷ്യന്‍ പ്രതികൂല സാഹചര്യങ്ങളില്‍ ജീവിക്കുന്നു. ആവതും അവന്റെ ആഗ്രഹവുമായി തന്റെ ആഗ്രഹങ്ങളെ പരിഭാഷപ്പെടുത്തി പരുവപ്പെടുത്തി അവന്റെ ഉച്ഛിഷ്ടം ഭുജിച്ച് അവള്‍ ജീവിക്കുന്നു. അവള്‍ക്ക് ഭോഗങ്ങളില്ല, ഉപഭോഗങ്ങളേയുള്ളൂ. അവനുണ്ടാല്‍ ഉണ്ണാം എന്നത് അവളെ സംബന്ധിച്ച് ഉണിലൊതുങ്ങുന്നൊരു കാര്യ മല്ല. അവളൊരു പരാന്നഭുക്കാണ് എന്നാണ് നാര്‍സിസിന്റെയും എക്കോയുടേയും കഥയുടെയും വ്യംഗ്യം. അവന്‍ വസ്തുവാണെങ്കില്‍ അവള്‍ നിഴലാണ്, അവന്‍ ശബ്ദമാണെങ്കില്‍ അവള്‍ മാറ്റൊലിയാണ് പുരുഷനിര്‍മ്മിത ലോകത്തില്‍. ഇവള്‍ നിന്നെ നിഴല്‍ പോലെ പിന്തുടരും എന്ന് സീതയെ രാമന്‍ നല്‍കിക്കൊണ്ട് ജനകരാജാവ് പറയുമ്പോള്‍ ലോകം അതിന്റെ പിതാക്കളി ലൂടെ പുരുഷന നല്‍കുന്ന വാഗ്ദാനം നിറവേറ്റുകയാണ്. പരമ്പര്യമാണ്(tradition) ജനകനിലൂടെ ഈ വാക്കുകളുച്ചരിച്ച് സീതയെ രാമന് കൈമാറുന്നത്.
ഈ ലോകവ്യവസ്ഥയെ ലംഘിക്കുകയാണ് ആശാന്‍ തന്റെ കാവ്യലോകത്തില്‍. ലോകത്തില്‍ അവനാണ് അവന്റേയും അവളുടേയും വക്താവ് എങ്കില്‍ ആശാന്റെ കാവ്യലോകത്തില്‍ അവളാണ് ഏതാണ്ടെല്ലായ്‌പ്പോഴും അവന്റേയും അവളുടേയും വക്താവ്.'' കെട്ട ജീവിതം ഉണ്ടെനിക്കെന്നാല്‍ മറ്റൊരു കാവ്യജീവിതം മന്നില്‍ ' എന്ന് പില്‍ക്കാലത്ത് വൈലോപ്പിള്ളി അവകാശപ്പെട്ടത് മുന്‍പേ സാക്ഷാത്കരിച്ചു ആശാന്‍. ലോകത്തിലെ കേടുകള്‍ക്ക് കാവ്യലോകത്തി ല്‍ ആശാന്‍ പരിഹാരം ചെയ്തു. മലയാള കവിതയില്‍ മുമ്പാരും സാക്ഷാത്ക്കരിച്ചിട്ടില്ലാത്ത, പിന്നീടാരും അത്ര വ്യാപ്തിയോടെ ആവര്‍ത്തിച്ചിട്ടില്ലാത്ത ഒരു വിഛേദമായിരുന്നു ആശാന്‍. ''അന്യന്റെ താളഗതിയെഗ്ഗണിയാതെ പാടും/ വന്യന്‍ വനപ്രിയനിവന്‍, സ്വരഹീനകണ്ഠന്‍'' എന്ന് സമകാലികരക്കൊണ്ട് പറയിച്ച , യാഥാസ്ഥിതികര്‍ക്ക് സഹിക്കാനാവാത്ത വ്യത്യസ്തതയുള്ള കവിയായിരുന്നു ആശാന്‍. 'അവനെ' സേവിച്ച ലോകക്രമത്തെ പുതിയ ഒരു കാവ്യക്രമത്തിലൂടെ ആശാന്‍ ഭേദിച്ചു. അവന്റെ ' നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാവ്യശീലങ്ങളെ ആശാന്‍ വര്‍ജിച്ചു. ആ 'മന്ദ മര്‍ത്ത്യന്റെ' ആസക്തികളുടെ നേരെ ആശാന്‍ വിമുഖനായി. അതുവരെ ശൃംഗാരമായിരുന്നത് ആശാനോടെ ശൃംഗാരാഭാസമായി. അതുവരെ സ്വാതന്ത്ര്യമായിരുന്നത് ആശാനിലൂടെ അസ്വാതന്ത്ര്യമായി. പോയ കാലം ആരെ അഗണ്യരാക്കിയോ അവര്‍ ആശാനില്‍ ഗണനീയരായി. ഇക്കാലമത്രയും ആര്‍ക്ക് നീതി വിലക്കിയോ അവര്‍ ആശാനിലൂടെ നീതി ലഭിക്കപ്പെട്ടവരായി.
അസ്വതന്ത്രനേക്കാള്‍ അസ്വതന്ത്രയാണ് അസ്വാതന്ത്യമനുഭവിക്കുന്നത് എന്നതിനാലും പതിതനേക്കാള്‍ പതിതയാണ് പാതിത്യം അനുഭവിക്കുന്നത് എന്നതിനാലും സ്വാതന്ത്ര്യവും സമത്വവും മുഖ്യപ്രമേയങ്ങളായി പ്രത്യക്ഷപ്പെടുന്ന ആശാന്റെ കാവ്യലോകത്തില്‍ സ്ത്രീ മുഖ്യ കഥാപാത്രമായി. അഗണ്യരുടെ പ്രാതിനിധ്യം വഹിക്കാന്‍ അവള്‍ക്കാണധികയോഗ്യത എന്നതിനാല്‍ തീവ്രമായ അസ്വാതന്ത്ര്യങ്ങള്‍ ആശാന്‍ അവളിലൂടെ ആവിഷ്‌ക്കരിച്ചു. അനര്‍ത്ഥപരമ്പരയ്‌ക്കെല്ലാം പ്രഭവമെന്ന് ആശാന്‍ കരുതുന്ന 'അഭിജനസങ്കടദേശചര്യ' സ്ത്രീയിലിരുന്നേ മുഴുപ്പോടെ കാണാനാകൂ എന്ന് ലീലയും സീതയും സാവിത്രിയും മാതംഗിയുമെല്ലാം സാക്ഷ്യപ്പെടുത്തുന്നു.
മനുഷ്യരില്‍ രണ്ട് ജാതിയേയുള്ളൂ എന്ന് നാരായണ ഗുരു പറയുന്നു; ആണും പെണ്ണും. ഈ രണ്ട് ജാതികളില്‍ ' മനുഷ്യകഥാനുഗാനം ' ചെയ്യാന്‍ കൂടുതല്‍ ജീവിതമുള്ള സ്ത്രീയാണുചിതം എന്ന് ആശാന്‍ കരുതി. അഞ്ഞൂറ് വര്‍ഷം സ്ത്രീയും അഞ്ഞൂറ് വര്‍ഷം പുരുഷനുമായി ജീവിച്ച തെറീസിയാസും സ്ത്രീയേയാണ് ശുപാര്‍ശ ചെയ്തത്. അഞ്ച് പൂര്‍ണ്ണ സ്ത്രീജന്മങ്ങള്‍ ജീവിച്ച് തീര്‍ത്ത ആശാനുമതേ പക്ഷത്തായിരുന്നു. (വീണപൂവ് അതിന്റെ ജീവിത ദൈര്‍ഘ്യക്കുറവിനാലും വാസവദത്ത ജീവിതാവസാനത്തിലേ താനായിത്തീര്‍ന്നുള്ളു എന്നതിനാലും ഇവിടെ അവരെ പൂര്‍ണജന്മങ്ങളായി എടുത്തിട്ടില്ല) വേദനയുടെ കോപ്പയിലാണ് ആനന്ദവും വിളമ്പുക. അവള്‍ക്കെത്ര കോപ്പുകള്‍! അവളിലൂടെ പറയപ്പെടുമ്പോഴേ മനുഷ്യജീവിതത്തെ അടിയോടെ പറയാനാവൂ എന്ന് ആശാന്‍ തിരിച്ചറിഞ്ഞു. 'നരകം സര്‍വ്വമടുത്തറിഞ്ഞവളെ'' ആശാന്‍ കാവ്യം തോറും സമീപിച്ചു.
മുമ്പീ കോളത്തില്‍ പരാമര്‍ശിക്കപ്പെട്ട നാര്‍സിസിസ്-എക്കോ കഥയുടെ രൂപാന്തരങ്ങളാണ് ലോകത്തിലെ എല്ലാ സ്ത്രീ പുരുഷ കഥകളും. രാമകഥ നോക്കൂ. ആത്മാനുരാഗിയായ നാര്‍സിസ്തന്നെയല്ലേ യശോമോഹിയായ രാമന്‍? നിഴലു പോലെ നിന്നെ പിന്തുടരും എന്ന് ജനകനാല്‍ നല്‍കപ്പെട്ട വീട്ടിലും കാട്ടിലും അവനെ പിന്തുടര്‍ന്ന, മലഞ്ചെരിവില്‍ നിഷ്‌ക്കരുണം ഉപേക്ഷിക്കപ്പെട്ട ഊമയായ എക്കോ തന്നേയല്ലേ സീതയും? അവന്‍ ദൈവാനുഗ്രഹത്താല്‍ ഉണ്ടായവന്‍, ലോകാഭിരാമന്‍ അവളോ ചളിയില്‍ പിറന്നവള്‍. ദേശകാല വ്യതിയാനങ്ങള്‍ വിശദാംശങ്ങളില്‍ വരുത്തിയ മാറ്റങ്ങളേ രാമസീതാ കഥയിലുമുള്ളൂ. ഒരുപക്ഷെ ഒരു നീണ്ടകാലം ഏത് ദേശത്തേയും കഥയെ നിയന്ത്രിച്ച ഈ 'പാരഡൈമില്‍ ' നിന്ന് പുറത്ത് കടന്നു ആശാന്‍. മലയാളിയെ സംബന്ധിച്ച് അത് വരെയുണ്ടായ നായികമാരില്‍ നിന്ന് വൃത്യസ്തരാണ് ആശാന്റെ നായികമാര്‍. ഉച്ഛിഷ്ടം ഭുജിക്കയില്ലൊരു നാളുമേ ഞാന്‍ 'എന്ന് ശഠിച്ച ഉണ്ണായി വാരിയരുടെ ദമയന്തിയിലൊഴിച്ചാല്‍ നാം മുമ്പൊരു സീതയേയോ സാവിത്രിയേയോ നളിനിയേയോ അവ്യക്തമായിപ്പോലും കണ്ടിട്ടില്ല. സ്വന്തം ഭാഗധേയം സ്വയം നിര്‍ണ്ണയിക്കുന്ന സ്ത്രീകള്‍ ആശാന്റെ കാവ്യലോകത്തിലാണ് മലയാളിയുടെ ലോകത്തില്‍ ഉടലോടെ പ്രത്യക്ഷപ്പെടുമ്മുമ്പെ പ്രത്യക്ഷപ്പെടുന്നത്. പ്രബുദ്ധരാണവര്‍. വിദുഷികളാണവര്‍. സ്‌നേഹിക്കപ്പെടുന്നതിനേക്കാള്‍ സ്നേഹിക്കുന്ന സ്വേച്ഛകള്‍. പുരുഷന്റെ ലക്ഷ്യങ്ങളെ പിന്തുടരുന്നതിനപ്പുറം ലക്ഷ്യങ്ങളില്ലാതിരുന്ന സ്ത്രീ ധര്‍മ്മത്തെ ആശാന്റെ നായികമാര്‍ അതിവര്‍ത്തിക്കുന്നു. അതുവരെയുള്ള സ്ത്രീജന്മങ്ങളില്‍ സാക്ഷാത്ക്കരിക്കാനാവാത്തതിനായി അവര്‍ ആശാന്റെ കഥാപാത്രങ്ങളായി ജന്മമെടുത്തിരിക്കുന്നു.'' എന്നുടെ മൊഴി മൂടി നിന്നൊരത്തിരശ്ശീല ഭിന്നമായ് തീര്‍ന്നിതിപ്പോള്‍' എന്ന് ശ്രീബുദ്ധചരിതത്തിലെ സിദ്ധാര്‍ത്ഥനെപ്പോലെ നളിനിയും ലീലയും മാതംഗിയും. നോക്കുക, ഗൃഹം വിട്ടിറങ്ങിയവരാണ് അവരെല്ലാം തന്നെ. അവരുടെ ആദിരൂപം ഗൃഹം വിട്ടിറങ്ങിയ തഥാഗതന്‍ തന്നെയാവാം. ഉടല്‍ പ്രബുദ്ധതയുടെ ഉടലാവുന്നതുവരെ അവരെല്ലാം സഞ്ചരിച്ചു, വാസവദത്തപോലും. പ്രബുദ്ധ എന്തൊരു മോചനമാണ്!
പതിനഞ്ചാം നൂറ്റാണ്ടുവരെയുള്ള ശില്പങ്ങളിലേയും ചിത്രങ്ങളിലേയും സ്ത്രീരൂപങ്ങള്‍ പുരുഷന്‍ അഭിലഷിക്കുന്ന വിധത്തിലായിരുന്നു എന്ന് കലാനിരൂപകനായിരുന്ന ജോണ്‍ ബര്‍ജര്‍. ആണ്‍നോട്ടത്തിന്റെ (male gaze) ന്റെ വിളയാട്ടങ്ങള്‍. അതില്‍ ചരിതാര്‍ത്ഥകളുമായിരുന്നു അവയില്‍ ചിത്രീകരിക്കപ്പെട്ടിരുന്ന സ്ത്രീകള്‍. നളിനിയും ലീലയും സീതയും സാവിത്രിയുമൊന്നും അതില്‍ തൃപ്തരോ മുഗ്ദരോ അല്ല. അതില്‍ തൃപ്തയായിരുന്നു വാസവദത്ത എങ്കില്‍, ആ നീ എനിക്ക് യോഗ്യയല്ലെന്ന് അവളോടു പറയുന്ന ഉപഗുപ്ത്തനിലൂടേയും ഒടുവില്‍ പ്രബുദ്ധയുടെ ഉടലായി മാറിയപ്പോള്‍ അനുഭവിച്ച അഭൂതപൂര്‍വ്വമായ ആനന്ദത്തിലൂടെ അവള്‍ തന്നേയും പുരുഷേച്ഛയെ ആനന്ദിപ്പിക്കുന്നതിലൂടെ മാത്രം ആനന്ദമനുഭവിച്ചിരുന്ന കാലത്തെ ഓര്‍ത്ത് പശ്ചാത്തപിക്കുന്നുണ്ട്. 'ഉടലോര്‍ക്കുക ബാഹ്യം. ആയതില്‍ തടവും ലോകമതീവ ബാഹ്യമാം' എന്ന് ലീല. 'നിഴലിന്‍ വഴി പൈതല്‍ പോലെ പോയുഴറാ ഭോഗമിരന്നു ഞാനിനി ' എന്ന് മുജ്ജന്മങ്ങളിലൊന്നും അനുഭവിച്ചിട്ടില്ലാത്ത ആത്മബോധത്തോടെ സീത.'' സ്വന്തനിഷ്ഠയതിനായ്'' ആണ് നളിനി പുറപ്പെട്ട് പോകുന്നത്. അവന്റെ ധന്യതയിലേക്കുള്ള അവന്റെ സഞ്ചാരത്തിന്റെ മാറ്റൊലികളെല്ലാത്ത യഥാര്‍ത്ഥമനുഷ്യര്‍.
ആശാന്റെ നായികമാര്‍ക്ക് കമനീ വിമുഖരില്‍ ആണ് പ്രിയം. നായകരാരും ഭോഗപരായണരുമല്ല. 'നിന്‍ സൗഭഗത്തില്‍ മോഹമാര്‍ന്ന സുഹൃത്തല്ല ഞാന്‍' എന്ന ഉപഗുപ്ത വചനം അവരിലാരുടേതുമാവാം. അവര്‍ക്ക് വ്യത്യസ്ത വ്യക്തിത്വങ്ങള്‍ ഇല്ലെന്നല്ല, ആണ്‍ നോട്ടത്തിന്റെ അഭാവമെന്ന് പറയാവുന്ന ഒരു കുലീനത അവര്‍ പങ്കിടുന്നുവെന്നാണ് പറയേണ്ടത്. ഞാന്‍ ശബ്ദിക്കുന്നത് കൊണ്ടു നീ പ്രതിധ്വനിക്കുന്നു എന്നൊരൂറ്റവും ആശാന്റെ നായക കഥാപാത്രങ്ങള്‍ക്കുമില്ല. ഈ ഊറ്റമില്ലായ്മയെ മുന്‍നിര്‍ത്തി ആശാന്റെ നായകകഥാപാത്രങ്ങള്‍ക്ക് ആണത്തമില്ല എന്ന് പറയുന്ന വിമര്‍ശകര്‍ പിന്തുടര്‍ന്നു പോരുന്ന ആണത്ത സങ്കല്‍പത്തെ ഓര്‍ത്ത്, അതിന്റെ അന്തസ്സില്ലായ്മയോര്‍ത്തു, സഹതപിക്കാനേ പറ്റൂ. ദിവാകരന് നളിനിയുടേയോ ആനന്ദന് മാതംഗിയുടേയോ ഉപഗുപ്തന് വാസവദത്തയുടെയോ ഏകലക്ഷ്യമാവാന്‍ ഒട്ടുമില്ല താല്‍പ്പര്യം. അവര്‍ക്ക് ഉന്നതിയിലെത്താനുള്ള പടിയായിരിക്കാനേ അവര്‍ക്ക് ആഗ്രഹമുള്ളൂ. 'കാട്ടിലിങ്ങൊരു മഹാനുഭാവതന്‍ /കൂട്ടിലായി ഭവതി ഭാഗ്യമായി, ഞാന്‍, പോട്ടെ - ശാന്തി! - വിധിയോഗകമിന്നിയും/ കൂട്ടിയാകിലഥ കാണ്‍കിലാം ശുഭേ ' എന്ന് പറഞ്ഞാണ് ദിവാകരന്‍ വിരമിക്കുന്നത്. ''നിര്‍വ്വാണനിധി കണ്ട മഹാസിദ്ധന്‍,/' സര്‍വ്വലോകൈകവന്ദ്യന്‍ യോനിധി /ഗുര്‍വധീശനനുഗ്രഹിക്കും നിന്നെ/ പ്പര്‍വ്വ ചന്ദ്രവദനേ, ഞാന്‍ പോകുന്നു' എന്ന് ആനന്ദന്‍. അവളിലും വലിയ ലക്ഷ്യമുള്ള, തന്റേതിലും വലിയ ലക്ഷ്യമുള്ള മനുഷ്യരിലുള്ള ഈ ആഭിമുഖ്യത്തിനുള്ള പ്രേരണ അക്കാലം നല്‍കിയതുമാവാം. വിവേകാനന്ദനും അരവിന്ദഘോഷും രാമകൃഷ്ണ പരമഹംസരും മഹാത്മാഗാന്ധിയും എല്ലാമുണ്ടായിരുന്ന ത്യാഗത്തിന്റെ പരിവേഷമില്ലാത്ത ആരിലും രമിക്കാത്ത ഒരു കാലത്തിന്റെ പ്രേരണയും സജീവമായിരുന്നതല്ലേ? വിമുഖരില്‍ ആകര്‍ഷകത്വം തോന്നിയ നായികമാരെ സൃഷ്ടിച്ചതിനു പിന്നില്‍ അന്നുവരെ അപ്രാപ്യമായതിലക്കെല്ലാം ചെന്നെത്താനുള്ള കാലചേതനയിലുണ്ടായ ഉണര്‍വ്വും കാരണമായിട്ടു ണ്ടാവാം. സാദ്ധ്യമായത് നിസ്സാരമാണ് ആശാന്റെ ലോകത്തില്‍. 'പോക നാം/ നിനയായ് കത്തല്‍ നടക്ക നാം ദ്രുതം '( ലീല) എന്നതാണവരുടെ അനന്യത. സ്ത്രീ അവളില്‍ എന്‍ലൈറ്റന്‍ഡ് ആയത് ആശാന്‍ നല്‍കിയ ജന്മങ്ങളിലാണ്.
കാവ്യങ്ങളില്‍ എന്തേ സ്ത്രീയെ ആശാന്‍ വക്താവാക്കി എന്നതിനൊരുത്തരം 'ചിന്താവിഷ്ടയായ സീത'യില്‍ക്കാണാം. തന്റേതല്ലാത്ത കാരണങ്ങളാല്‍ പഴികേള്‍ക്കേണ്ടി വന്ന അഭിമാനിയായ ആശാന്‍ സീതയില്‍ തന്റെ അവസ്ഥയുടെ, ശൂദ്രന്റെ അവസ്ഥയുടെ, കൃത്യമായ പ്രതിരൂപം കണ്ടു. ശൂദ്രനേയും സ്ത്രീയേയും അവഗണിക്കുന്ന, സ്മൃതി നീതിബോധത്തിന്നടിസ്ഥാനമായ ഒരു രാജാവിന്റെ പരിമിതിയാണ് - ഭരണകര്‍ത്താവും ഭര്‍ത്താവുമൊരാളായ - തന്റെ ദുര്‍വ്വിധിയുടെ കാരണമെന്ന് സീത പറയുന്നു.'' നിരുപിക്കില്‍ മയക്കി ഭൂപനെ തരുണീ പാദജഗര്‍ഹിണീ സ്മൃതി ', സ്ത്രീ ശൂദ്രനെ ശൂദ്രനേക്കാള്‍ പ്രതിനിധീകരിക്കുന്നു എന്നതിനുള്ള സ്ത്രീയുടെ സാക്ഷ്യമാണ് സീത. ജ്ഞാനിയും ഉല്‍ക്കര്‍ഷേച്ചുവുമായ ഒരീഴവന്‍ അന്ന് കേട്ട് കുഴങ്ങിയത് ആവുന്നത് ചെയ്താല്‍പ്പോരെ, അനുവദിക്കപ്പെട്ടതില്‍ നിന്നാല്‍പ്പോരെ, കിട്ടിയ വേഷം ആടിയാല്‍പ്പോരെ എന്നെല്ലാമായിരിക്കും. സൂക്ഷ്മമായി പറഞ്ഞാല്‍ കുലത്തൊഴില്‍ ചെയ്താല്‍പ്പോരെ എന്ന് തന്നെ. ചെയ്യാവുന്നത് അനാകര്‍ഷകവും ചെയ്യാനാഗ്രഹിക്കുന്നത് അനുമതിയില്ലാത്തതുമായ ഒരു മനസ്സിന്റെ പൊള്ളല്‍ അല്ലേ 'കരുതുവതിഹ ചെയ്യവയ്യ ചെയ്യാന്‍ വരുതി ലഭിച്ചതില്‍ നിന്നിടാ വിചാരം' എന്ന വരിയിലുള്ളത്? ഈ നിന്ദ്യമായ നരത്വം തന്നെക്കാള്‍ തീവ്രമായി അനുഭവിക്കുന്ന സ്ത്രീയിലൂടെ പറഞ്ഞാല്‍ സമാനമായ ദുഃഖമനുഭവിക്കുന്ന സകലരും പറയപ്പെടുമെന്ന് ആശാന്‍ കണ്ടു. തീയ്യക്കുട്ടിയുടെ വിചാരങ്ങള്‍ക്ക് ഉചിതമായ വ്യാപ്തി കിട്ടാന്‍ ആശാന്‍ സ്ത്രീവേഷങ്ങള്‍ കെട്ടിയാടി. ജീവിതത്തിലത്രമാത്രം പൊള്ളലേറ്റ ഒരഭിമാനിയായ പ്രതിഭാശാലി തന്നെ വേണമായിരുന്നു സ്ത്രീക്ക് വെളിപ്പെടാന്‍. സ്ത്രീയില്‍ ആശാനും ആശാനില്‍ സ്ത്രീയും പരസ്പരം നിറവേറി. താഴ്ത്തപ്പെട്ടവന്റെ ഊര്‍ജ്ജത്താല്‍ താഴ്ത്തപ്പെട്ടവളും താഴ്ത്തപ്പെട്ടവളുടെ ഉള്‍ത്തീയാല്‍ താഴ്ത്തപ്പെട്ടവനും ജ്വലിച്ചു.
ആശാന്റെ നായികമാര്‍ ഭിന്നസ്വരങ്ങളില്‍ പറയുന്നു. ഇതുവരെ പിന്തുടരുകയിരുന്നു ഞങ്ങള്‍, ഇനി ഞങ്ങളിലോരോരുത്തരേയും അവരവര്‍ നയിക്കും. ഇതുവരെ കര്‍മ്മണി പ്രയോഗങ്ങളായിരുന്നു ഞങ്ങള്‍, ഇനി ഞങ്ങള്‍ കര്‍ത്തരിപ്രയോഗങ്ങള്‍. സ്നേഹിക്കപ്പെട്ടു ഇതുവരെ, സ്‌നേഹിക്കുന്നു ഇനി മുതല്‍.
ഇതുവരെ പുരുഷന്റെ വാക്യാവസാനങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു, ഇനി മുതല്‍ ഈ ഭാഷ കൊണ്ടുരിയാടാന്‍ കഴിയുന്ന ഏറ്റവും കെല്‍ പുള്ള വാക്യങ്ങള്‍ ഞങ്ങള്‍. ഇനി ഞാന്‍ പറയുക ഞങ്ങളിലൂടെ മാത്രം പറയാവുന്ന മനുഷ്യാവസ്ഥ. തന്റെ അവസ്ഥ ഗാഢമായാവിഷ്‌ക്കരിക്കാന്‍ സ്വന്തം കഥയേക്കാള്‍ സീതാ കഥയല്ലേ നല്ലത് എന്ന് തന്റെ ജീവിതവൃത്താന്തവര്‍ണ്ണനത്തിലൂടെ അതിന് ശ്രമിച്ച് പരാജയപ്പെട്ട (ഗ്രാമവൃഷത്തിലെ കുയില്‍) ആശാന്‍ കണ്ടെത്തുകയായിരുന്നില്ലേ? ഞങ്ങളിലിരുന്നല്ലേ ആശാന്‍ ബഹുവിതാനങ്ങളുള്ള സങ്കീര്‍ണ്ണഗംഭീരമായ മനുഷ്യാവസ്ഥ ആവിഷ്‌ക്കരിച്ചത്?
Content Highlights: kalpetta narayanan adaradarayi asan kumaranasan feminist perspective
Published: 03 Apr 2024, 03:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented