
''വീണപ്പോള്‍ താങ്ങിയ അപരിചിതന്‍
എന്നെക്കുറിച്ചുള്ള ശങ്ക തീര്‍ത്തു തന്നില്ലേ," - ബുദ്ധന്‍ ചോദിക്കുന്നു.
'കരുണ'യ്ക്കവലംബമായ പോള്‍ കാരൂസിന്റെ 'ഗോസ്പല്‍ ഓഫ് ബുദ്ധ'യിലെ കഥ ആശാന്‍ ആമുഖമായി ശ്രദ്ധാപൂര്‍വം വിവര്‍ത്തനംചെയ്ത് ചേര്‍ത്തിട്ടുണ്ട്. അതിലെ ആദ്യവാക്യം ഇങ്ങനെയാണ്. ''ഉത്തരമഥുരാപുരിയില്‍ 'വാസവദത്ത' എന്ന് ശ്രുതിപ്പെട്ട ഒരു വേശ്യയുണ്ടായിരുന്നു.'' കേള്‍വികേട്ട എന്ന പ്രയോഗത്തിന് പകരം 'ശ്രുതിപ്പെട്ട' എന്ന പ്രയോഗമാണ് ആശാനുപയോഗിച്ചത്. ശ്രദ്ധയോടെ ശ്രവിച്ച് ഗ്രഹിക്കാനുള്ളത് എന്നതില്‍ നിന്നാവുമല്ലോ വേദോപനിഷത്തുകളെ ശ്രുതി എന്ന് വിളിച്ചത്. കേള്‍വി ശ്രുതിയാവുമ്പോള്‍ സാക്ഷാത്ക്കരിക്കുന്ന പരിണാമത്തിന് സദൃശമായ ഒന്ന്, മരണം മോക്ഷമാവുമ്പോള്‍ സാക്ഷാത്കരിക്കുന്ന പോലെ ഒന്ന്, വാസവദത്ത സ്വന്തം ഉടലില്‍ സാക്ഷാത്കരിക്കുന്ന കഥ എന്ന അബോധം ഈ വാക്യത്തിനുണ്ട്. കാമകായം ധര്‍മകായമായി പരിണമിച്ച മാരജിത്തായ ബുദ്ധന്റെ അപദാനകഥകളില്‍ ഒന്നാണല്ലോ അത്. ബുദ്ധാപദാനത്തില്‍ ആണ് കാവ്യമാരംഭിക്കുന്നതും. 'അനുപമ കൃപാനിധിയഖിലബാന്ധവന്‍ ശാക്യ/ജിനദേവന്‍ ധര്‍മ രശ്മി ചൊരിയും നാളില്‍'. ആ ജിനദേവന്റെ ധര്‍മരശ്മികളിലൊരുരശ്മിയെ സ്വാചാര ദൃഷ്ടിയില്‍ കാമരശ്മിയായി കണ്ട് സ്വഗൃഹത്തിലേക്ക് ക്ഷണിച്ച വാസവദത്തയെ സമുദ്ധരിക്കുന്ന(awaken) കഥയാണല്ലോ ഈ കഥ.
Also Read
കേവലമായ കാമശരീരത്തിന്നുപരിയായ ശരീരമായി സ്വശരീരത്തെ സാക്ഷാത്ക്കരിച്ചുകൊണ്ടാണവള്‍ മുക്തയാവുന്നത്.
'പറയാവതല്ലാത്തോരു പരമശാന്തിരസത്തി- ന്നുറവായവള്‍ക്ക് തോന്നീ അവളെത്തന്നെ.' അതിനുള്ള യോഗ്യത ആ സുന്ദരിയുടെ ശരീരത്തില്‍ ലീനമായുണ്ടായിരുന്നുവെന്നും സുപ്തമായ അതിനെ ഉണര്‍ത്താന്‍ തന്റെ ഉടലിന് പറ്റിയ ക്ഷതങ്ങള്‍ അവളെ സഹായിച്ചുവെന്നും കാവ്യം സൂചിപ്പിക്കുന്നു. ''ഭുക്ത ഭോഗയായ് സഹിച്ച പരിവേദനയാല്‍ പാപ-/ മുക്തയായി, സഹജേ, നീ മുക്തി പാത്രമായ്.'' പ്രബുദ്ധത തേടി ഗുരുവിനേത്തേടി നടന്ന് നിരാശനായ ഒരുവന്‍ ഒടുവിലെത്തിയ ഗുരുഗൃഹത്തിന്റെ പുറവാതില്‍ തുറന്നകത്ത് കയറാന്‍ ശ്രമിച്ചപ്പോള്‍ ഗുരു ശക്തിയായി പ്രവേശനകവാടമടച്ചുവെന്നും അതില്‍ കുടുങ്ങി മുറിവേറ്റ ദേഹം വലിച്ചെടുത്തപ്പോള്‍ അവന്‍ 'എന്‍ലൈറ്റന്‍ഡ് 'ആയി എന്നുമൊരു സെന്‍ കഥയുണ്ട്. ഇക്കഥ വാസവദത്തയുടെ കഥയില്‍ കാതോര്‍ത്താല്‍ കേട്ടുകൂടായ്കയില്ല. കാതുകൊണ്ട് മാത്രം കേള്‍ക്കാനാവില്ലെങ്കിലും.
'ജാതി ചോദിച്ചതില്ല ഞാന്‍ സോദരീ ചോദിക്കുന്നു നീര്‍ നാവു വരണ്ടഹോ' എന്ന ചണ്ഡാലഭിക്ഷുകിയിലെ വാക്യത്തിന്ന് തുല്യം കാവ്യപര്യന്തം ജ്വലിച്ച് നില്‍ക്കുന്ന ഒരു ഒരു താക്കോല്‍ വാക്യം കരുണയിലുമുണ്ട്.'' ശോഭനകാലങ്ങളില്‍ നീ ഗമ്യയായില്ലെനിക്ക്, നിന്‍ / സൗഈഭഗത്തില്‍ മോഹമാര്‍ന്ന സുഹൃത്തല്ല ഞാന്‍.'' കാവ്യഹൃദയത്തില്‍ നിന്ന് പുറപ്പെട്ടതാണാ വാക്യം. ഗോസ്പല്‍ ഓഫ് ബുദ്ധയിലെ ഏത് സന്ദര്‍ഭത്തോട് ചേര്‍ത്ത് വായിക്കുമ്പോള്‍ ആ വാക്യം കൂടുതല്‍ വെളിവാകുമോ ആ സന്ദര്‍ഭം ഇങ്ങനെയാണ്. ''അദ്ദേഹം ചെന്നത് കണ്ട് സാധു വാസവദത്ത തന്റെ വെട്ടിയിട്ടിരിക്കുന്ന അംഗങ്ങളെ ഒരു തുണികൊണ്ട് മൂടിക്കളയാന്‍ പരിചാരികയോട് ആജ്ഞാപിച്ചു. ഉപഗുപ്തന്‍ സ്‌നേഹപൂര്‍വം ഉപചാരവാക്കുകള്‍ പറഞ്ഞുകൊണ്ട് അവളുടെ അടുത്തുചെന്നു. അവള്‍ ചാപല്യത്തോടെ പറഞ്ഞു.'' മുമ്പ് ഈ ശരീരം താമരപ്പൂപോലെ സുരഭിലമായിരുന്നു. അന്ന് എന്റെ അനുരാഗത്തെ ഞാന്‍ അങ്ങയെ അറിയിക്കയും ചെയ്തിരുന്നു. അക്കാലത്ത് ഞാന്‍ മനോഹരങ്ങളായ ഹാരലതകളാലും മൃദുലങ്ങളായ ദുകൂലങ്ങളാലും അലംകൃതശരീരയും ആയിരുന്നു. ഇപ്പോഴാകട്ടെ, എന്നെ ആരാച്ചാര്‍ വെട്ടിമുറിച്ച് അഴുക്കിലും ചോരയിലും പൂഴ്ത്തിയിട്ടിരിക്കുന്നു.
'മറുപടിയായി ആ യുവാവ് പറയുന്നു, സഹോദരീ ഞാന്‍ വന്നത് എന്റെ സുഖത്തെ ഇച്ഛിച്ചല്ല. നിനക്ക് ഇപ്പോള്‍ നഷ്ടപ്പെട്ടു പോയിരിക്കുന്നതിനേക്കാളും ഉല്‍കൃഷ്ടതരമായ സൗഭാഗ്യത്തെ ഉണ്ടാക്കിത്തരാന്‍ ഉദ്ദേശിച്ചിട്ടാകുന്നു.'' ആ 'സാധു' വാസവദത്തയോടുള്ള ഈ കാരുണ്യപൂര്‍ണമായ വാക്യത്തിലുണ്ട് കരുണയിലെ കരുണ. അതാകട്ടെ ഈ വാക്യത്തില്‍ ഉജ്വലമായി ഉദ്ഗ്രഥിച്ചിരിക്കുന്നു. ശോഭന കാലങ്ങളില്‍ അവള്‍ അതീവ സു'ഭഗ'യായിരുന്നു, കാമികളില്‍ ഉല്‍ക്കടമായ മോഹമുണര്‍ത്തിയിരുന്നു.''അനുരക്തരവളുടെ കാലില്‍ കനാഭിഷേകം ചെയ്തി''രുന്നു. കുലലക്ഷ്യവുമതായിരുന്നതിനാല്‍ അവള്‍ അവളില്‍ അതീവ കൃതാര്‍ത്ഥയുമായിരുന്നു. അവളായിരിക്കുന്നതില്‍ അവളനുഭവിച്ച ഉല്ലാസം'' കൊണ്ടല്‍വേണീമണിയവള്‍ കുതുകമാര്‍ന്നൊരു മലര്‍/ച്ചെണ്ടൊരു കരവല്ലിയാല്‍ ചുഴറ്റിടുന്നു'' എന്ന ദൃശ്യത്തില്‍ കവി സംക്ഷേപിച്ചതുമോര്‍ക്കുക. ജീവിതത്തിന്റെ സജീവത അവളില്‍ സദാ തുളുമ്പി നിന്നു. അവളിലെ ജീവരാഗം അവളുടെ മൂക്കുത്തിയിലെ ധവളരത്തത്തെ മാണിക്യമാക്കി പരിവര്‍ത്തിച്ചു! കാമരാജ്യത്തിലെ ആ മഹാറാണിയുടെ ആഗ്രഹമായിത്തീരാന്‍ സകലരുമാഗ്രഹിച്ചു. ഒരഭിലാഷത്തിലും മങ്ങിയില്ല അവള്‍. അന്നാളുകളിലെ വാസവദത്തയെ അവതരിപ്പിച്ചുകൊണ്ടാണ് കാവ്യം ആരംഭിക്കുന്നത്. അവള്‍ക്ക് നേടാനാവാത്തതൊക്കെയും ആഗ്രഹിക്കത്തക്കതല്ലായിരുന്നു അന്ന്. അന്നവളെ എല്ലാവരും കൊണ്ടാടി, അവളും.
എന്നാലാ ശോഭനകാലത്ത് അവള്‍ക്ക് ഗമ്യനല്ലാത്ത ഒരാള്‍, ഒരു മധുരാകൃതി, ബുദ്ധഭിക്ഷുവിന്റെ രൂപത്തില്‍ ആ മധുരാപുരിയില്‍ പ്രത്യക്ഷപ്പെടുന്നു. (മധുരാകൃതിയും മധുരാപുരിയുമെല്ലാം ഭോഗതൃഷ്ണ ധ്വനിപ്പിക്കുന്ന പേരുകള്‍. കാമരാജ്യത്തിലെ സംബന്ധക്കാര്‍) അവളെയാഗ്രഹിച്ചവരില്‍ നിന്ന് ഭിന്നനായ, അവളില്‍ ആഗ്രഹമുണര്‍ത്തിയ ഒരാള്‍. അവളില്‍ അനുകമ്പയല്ലാതെ കാമമില്ലാത്ത ഒരാള്‍. കായഭംഗികൊണ്ടും അലഭ്യതകൊണ്ടും ആ യുവ ഭിക്ഷു ഇഷ്ട ഭോജ്യങ്ങള്‍ സുലഭമായതിനാല്‍ അതിലുദാസീനയായ അവളുടെ കണ്ണിലൊരു വിശിഷ്ടഭോജ്യ വസ്തുവായി. (ആരംഭത്തില്‍ മധുരാകൃതിയായിരുന്ന അവന്‍ ഒടുവില്‍ അവളുടെ കണ്ണില്‍ ഭാസുരാകൃതിയായി പരിണമിക്കുന്നുണ്ട്. മധുരാകൃതിയില്‍ ഭാസുരാകൃതിയെ സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞതിന്റെ കഥയുമാണല്ലോ വാസവദത്താ കഥ. തുടക്കം മുതലേ ആ മധുരാകൃതിയില്‍ അവളൊരു ഭാസുരാകൃതിയെ അറിഞ്ഞുകൊണ്ടല്ലെങ്കിലും ദര്‍ശിച്ചിട്ടുമുണ്ട്.)
ഒരു ഭിക്ഷുവിനെ ഭുജിക്കുക (വിഴുങ്ങുക) എന്ന കൗതുകവും മതിയാവോളം ഭുജിച്ച അവളില്‍ ഉണര്‍ന്നിരിക്കാം. ആ ശാക്യസ്ഥ വീരനെ തോല്‍പ്പിക്കുമ്പോള്‍ നേടുന്ന വിജയത്തെ ഓര്‍ത്തുള്ള ലഹരിയും അവളില്‍ പ്രവര്‍ത്തിച്ചിരിക്കാം. ആ യുവഭിക്ഷു ആരുടെ പ്രതിനിധിയോ ആ ശാക്യദേവന്റെ ശത്രുവായ കാമദേവന്റെ പട്ടം കെട്ടിയറാണിയാണല്ലോ അവള്‍. വേഷപ്രച്ഛന്നരായി പ്രത്യക്ഷപ്പെട്ട ബുദ്ധ, കാമന്മാരില്‍ കാമനായി പോരാടുവാനായി തെരഞ്ഞെടുക്കപ്പെട്ടവളാണ് താന്‍ എന്നവള്‍ അറിയാതെ അറിഞ്ഞിരിക്കണം. ബുദ്ധനെ യമപുരിക്കയക്കണം എന്നുമവള്‍ ആഗ്രഹിക്കുന്നുണ്ട്.
''അഥവാകഷ്ട!മീയുവാവശ്രമണഹതകന്റെ,/കഥയില്ലായ്മകള്‍ കേട്ട് കുഴങ്ങുന്നുണ്ടാം/ അവസരം നോക്കുന്നുണ്ടാം; യമരാജ്യത്തിലാ ശാക്യ/ സ്ഥവിരന്ന് പോയൊതുങ്ങാന്‍ സ്ഥലമില്ലെന്നോ?'' ഇതെല്ലാമാഭോജ്യവസ്തുവിന്റെ സ്വാദ് അതുല്ല്യമാക്കി. അതിനെ വിശിഷ്ടതരമാക്കി. ''വിശപ്പിന്നു വിഭവങ്ങള്‍ വെറുപ്പോള മശിച്ചാലും/ വിശിഷ്ട ഭോജ്യങ്ങള്‍ കാണ്‍കില്‍ കൊതിയാമാര്‍ക്കും.'' അവള്‍ക്കാ വിശിഷ്ട വിഭവം കിട്ടാതെ വയ്യെന്നായി. ഇപ്പറഞ്ഞതിലെല്ലാറ്റിനുമുപരിയായി, അവള്‍ തന്നെ സൂക്ഷ്മ സ്ഥിതി ഗ്രഹിച്ചിട്ടില്ലാത്ത ഒരുള്‍പ്രേരണ, അവനെ മോഹിക്കുന്നതില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.
അവള്‍ ആ വിശിഷ്ട ഭോജനത്തിന് മോഹിച്ച് തോഴിയെ അതിനായയച്ച് കാത്തിരിക്കുന്നു. തോഴി പക്ഷെ നിരാശയായാണ് മടങ്ങിവരുന്നത്. അത് പാകമായിട്ടില്ല പോലും. ''സമയമായില്ലെന്ന് താനിപ്പോഴും സ്വാമിനീ, വിമനസ്സായിരിക്കുന്നു വിഷമം.'' ഓരോ നിരാസവും അവളുടെ കണ്ണിലെ ആ വിശിഷ്ടഭോജ്യവസ്തുവിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു. അവനോട് തനിക്കുള്ളത് ശാരീരികമായ മോഹത്തില്‍ക്കവിഞ്ഞ ചിലതുമാണെന്ന് ഇപ്പോഴവവളറിയുന്നുണ്ട്. ഭോഗസ്സുഖമൊന്നുമവന്‍ തരണ്ട, തനിക്കവനെയൊന്നു കണ്ടാല്‍ മതി. അവള്‍ ആരായുന്നു, അവനിലവ്യക്തമായെങ്കിലും ഒരനുകൂല ഭാവമുണ്ടോ? അവനിലെന്തെങ്കിലും പ്രണയ സൂചനയുണ്ടോ? ''അനുനയം ചൊല്‍വാന്‍ ചെവിതരുന്നുണ്ടോ? സഖീയവ -/ ന്നനുരാഗാങ്കുരം വാക്കില്‍ സ്ഫുരിക്കുന്നുണ്ടോ?/ വിവിക്തദേശത്തില്‍ത്തന്നെ വചിച്ചിതോ, ദൂത്യമെന്റെ// വിവക്ഷിതമറിഞ്ഞെല്ലാം പറഞ്ഞിതോ നീ / യതി മര്യാദയില്‍ത്തന്നെയവനോര്‍ക്കില്‍ ക്ഷണിക്കുമെന്‍ / സദനത്തില്‍ വന്നു ഭിക്ഷ ഗ്രഹിക്കാമല്ലോ!/ അതു ചെയ്യുമായിരുന്നാലത്രമാത്രമായ് മിഴിക്കാ/ മധുരാകൃതിയെ നോക്കിലയിക്കാമല്ലോ!'' എല്ലാം വേണം പ്രണയമില്ലെങ്കിലും എന്ന് കരുതിയവള്‍ ഒന്നും വേണ്ട പ്രണയമുണ്ടായാല്‍ മതി എന്ന് കരുതുന്നൊരുവളില്‍ കുറഞ്ഞ നേരത്തേക്കെങ്കിലും എത്തിപ്പെട്ടിട്ടുണ്ട്. കുലനയവിരുദ്ധമായ ഒരു വികാരത്തിന്റെ പുറപ്പാട് അവളില്‍ക്കണ്ട് തോഴി അരുതെന്നവളെ വിലക്കുന്നുമുണ്ട്. തോഴിയുടെ ഉപദേശത്തില്‍ ഈര്‍ഷ്യ തോന്നുമാറ് അവളിലാരാഗം അവളുടെ സമ്മതം കൂടാതെ ശക്തിപ്പെട്ടിട്ടുമുണ്ട്. ആ നിരുപാധിക സ്‌നേഹത്തിന്റെ രൂപാന്തരങ്ങളില്‍ അവനതറിഞ്ഞിട്ടുണ്ട്. തോഴിയുടെ അവളോടുള്ള കൂറില്‍ അയാള്‍ പിന്നീടത് സുലഭമായി കാണുന്നു. ''നിയതം സ്‌നേഹയോഗ്യ നീ'' എന്ന് ആ ആസന്നമരണയുടെ സമീപത്ത് നിന്ന് പ്രഖ്യാപിക്കുന്നതിനെത്രയോ മുമ്പേ അവളിലാ യോഗ്യത അവന്‍ കണ്ടിട്ടുണ്ട്. ''അറിയുന്നുണ്ടെങ്കിലും ഞാനകൃത്രിമ പ്രണയത്തി-/ ന്നുറവൊന്നു നിന്നുള്‍ക്കാമ്പിലൂറി നിന്നതും/ മുറയോര്‍ക്കുമ്പോളതു നിന്‍ മഹിതഗുണമെ ന്നോര്‍ത്തു / നിറയുന്നുണ്ടെനിക്കുള്ളില്‍ നന്ദിതാനുമേ / പരമാവിപത്തിങ്കലും പരിജനം നിന്നെ വിട്ടു /പിരിയാതിങ്ങണഞ്ഞഹോ! പരിചരിപ്പൂ/ ചൊരിയുമിക്കണ്ണനീര്‍ നിന്‍ സ്ഥിര ദാക്ഷിണ്യ ശീലത്തെ/ യുരചെയ്യുന്നുണ്ടതും ഞാനോര്‍ക്കുന്നുണ്ടെടോ.'' '
ആ സ്നേഹയോഗ്യത ചില ക്ഷണങ്ങളില്‍ മാത്രം അവളില്‍ പ്രകാശിച്ചു. ''ബദ്ധപങ്കയായോടാനാ''യിരുന്നു ആ നദിയുടെ വിധി. മംഗലേതരകര്‍മത്താല്‍ അവള്‍ മലിനയായി. ''ലോകഭോഗങ്ങള്‍ പ്രതിനവരസങ്ങളാല്‍ ഭൂരി ശക്തങ്ങള്‍.'' ഭോഗത്വരയുടെ പരമാവധി അവളെക്കൊണ്ട് കഠിനകൃത്യങ്ങള്‍ ചെയ്യിച്ചു. ചെയ്ത കുറ്റത്തിന് ചെയ്തതിലും കഠിനമായ ശിക്ഷ അവളനുഭവിച്ചു കരചരണ ശ്രവണങ്ങള്‍ ഛേദിക്കപ്പെട്ട് ശ്മശാനത്തില്‍ തള്ളാനും ജീവനറും വരെ വേദനയനുഭവിക്കാനും അവള്‍ വിധിക്കപ്പെട്ടു. അവള്‍ ചെയ്ത കുറ്റത്തേക്കാള്‍ വലിയ കുറ്റം ചെയ്തുകൊണ്ട് നീതിപീഡമവളെ ശിക്ഷിച്ചു. ചെയ്തതിന്റെ സ്വരൂപം ശിക്ഷയിലൂടെ അവള്‍ കണ്ടു. ബുദ്ധനോ ശിഷ്യനായ ഉപഗുപ്തനോ ഈ നീതിയോടൊപ്പമല്ല. അന്യായം അന്യായം കൊണ്ട് തീര്‍പ്പ് കല്‍പ്പിക്കപ്പെടുകയില്ല. 'നാമവും രൂപവുമറ്റ നിര്‍ദയമാം നിയമമേ ഭീമമയ്യോ നിന്റെ ദണ്ഡപരിപാടികള്‍.' ആര്‍ക്കാരേയാണ് ശിക്ഷിക്കാനര്‍ഹത? 'സത്യമോര്‍ക്കുകില്‍ സംസാരയാത്രയില്‍ പാപത്തിന്‍ കഴല്‍/ കുത്തിടാതെ കടന്നവര്‍ കാണുകില്ലെടോ' എന്ന ഉപഗുപ്ത വാക്യം 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയുവിന്‍' എന്ന ക്രിസ്തുവചനത്തിന് സദൃശം. ഉപഗുപ്തന്റെ നീതി, അവളിലെ പാപിയേ, അവളിലെ ആ സ്‌നേഹാര്‍ഹയെ എപ്പോഴവള്‍ ഏറ്റവും വലിയ നീതിയര്‍ഹിക്കുന്നുവോ അപ്പോള്‍ച്ചെന്ന് കണ്ട് നല്‍കുന്നു. ഉപഗുപ്തന്‍ വാസവദത്തയെ സമാശ്വസിപ്പിക്കുന്നു. കാലം സത്യമല്ല, ഇക്ഷണമാണ് സത്യം. ചിരഞ്ജീവികള്‍ക്കും ബോധമുള്ളില്‍ ജ്വലിപ്പാനും ദുഃഖമുക്തരാവാനും ലോലമായ ക്ഷണമേ വേണ്ടൂ. അതിനാല്‍ കാലം വൈകി എന്ന് കരയരുത്. സംസാരമൂലമായ അജ്ഞാനം നീങ്ങാന്‍ നിമിഷനേരമേ വേണ്ടൂ. കരുണയോടെ ഉപഗുപ്തന്‍ അവളെ സ്വാന്തനിപ്പിക്കുന്നു, നീ നീയായ്‌ച്ചെയ്തതല്ല, നിജവൃത്തിവശയായ് നീ ചെയ്തു പോയതാണിക്കുറ്റം. നീ എനിക്കനര്‍ഹയല്ല.
നീ ഏറെ സഹിച്ചു. അപ്പോഴും നിന്നിലീ സ്‌നേഹം ഉറവ വറ്റാതെ നിന്നു. ആസന്നമരണയായപ്പോഴും എന്തിനെങ്കിലുമല്ലാത്ത, നിരുപാധികമായ, ആ സ്‌നേഹം ഞാന്‍ നിന്നില്‍ കാണുന്നു. 'രക്തമെല്ലാം ഒഴുകിപ്പോയ്, ക്ഷയിച്ചൂ ശക്തി, സിരകള്‍ /രിക്തമായി പ്രാണപാശ മറുമാറായി,/ അക്കിടപ്പിലുമവളാ യുവമുനിയെ വീക്ഷിപ്പാന്‍ / പൊക്കിടുന്നു തല, രാഗ വൈഭവം കണ്ടോ!/ അഥവായിവള്‍ക്കെഴുമി ബ്ഭാവ ബന്ധബലത്താല്‍ താന്‍/ ശിഥിലമായ തല്‍പ്രാണന്‍ തങ്ങിനില്‍ക്കയാം / അന്തിമമാം മണമര്‍പ്പിച്ചടിവാന്‍ മലര്‍ക്കാക്കില്ലേ/ ഗന്ധ വാഹനേ രഹസ്യമാര്‍ക്കറിയാവൂ'. അവള്‍ അവള്‍ പോലും മുഴുവനായറിഞ്ഞിട്ടില്ലാത്ത, ഗാഢമായ ആ രാഗബന്ധത്തിന്റെ ശക്തിയാലാവാം ദേഹം വിസമ്മതിച്ചിട്ടും പ്രാണന്‍ വെടിയാതെ കാത്തുനിന്നത് എന്ന് അവനെക്കണ്ടപ്പോളവളിലുണ്ടായ ഭാവമാറ്റങ്ങള്‍ പറയുന്നു. താന്‍ അതറിയുന്നതായി അവന്‍ പറയുന്നു. ഞാന്‍ നിന്റെ സ്‌നേഹം കൈക്കൊണ്ടിരിക്കുന്നു. പിന്നീട് ചിതാഭസ്മത്തില്‍ വീണ ആമലകീഫലങ്ങള്‍ പോലുള്ള കണ്ണുനീര്‍ ഉള്ളിലടക്കി നിര്‍ത്തി അവനവളോട് പറയുന്നു.
''ഇല്ല ഞാന്‍ താമസിച്ചു പോയില്ലെടോ സരളശീലേ /യല്ലല്‍ നീയെന്നെച്ചൊല്ലിയാര്‍ന്നിടായ് കെടോ;/ ശോഭനകാലങ്ങളില്‍ നീ ഗമ്യയായില്ലെനിക്കു നിന്‍/ സൗഭഗത്തില്‍ മോഹമാര്‍ന്ന സുഹൃത്തല്ല ഞാന്‍.'' എപ്പോള്‍ ഞാന്‍ നിനക്കേറ്റം അനിവാര്യനായിരിക്കുന്നുവോ അപ്പോഴിതാ ഞാനെത്തിയിരിക്കുന്നു. അന്ന് ഞാന്‍ നിനക്കോ നീയെനിക്കോ അര്‍ഹരായിരുന്നില്ല. ''ഞാന്‍ സ്വയം മടിച്ചു താന്‍ മുമ്പു വന്നു നിന്നെ മീളുവാന്‍/ കുശലമാര്‍ഗ്ഗങ്ങളന്നു കേള്‍ക്കുമായിരുന്നില്ല നീ / വിശസനം സുഖികളെ വിജ്ഞരാക്കുന്നു. ''വേഷം മാറി വന്ന അനുഗ്രഹമാണി വിപത്തെന്നും നീയറിയുക.''
വിപത്തിതൊരതുലാനുഗ്രഹമായ് നീ മതിയിലോര്‍ക്കണം - എന്തു കൊണ്ടെന്നോ?/ ഇതിനാലിന്നു കണ്ടില്ലേ, വിഭവത്തിന്‍ചലത്വവും/ രതി സമാനരൂപത്തിന്‍ രിക്തതയും നീ.'' അവന്‍ അവന്റെ കേവലമായ കൈ കൊണ്ടല്ല, അഷ്ടമാര്‍ഗ്ഗ ചാരിയായ ബുദ്ധന്റെ പരിശുദ്ധ പാദപത്മം ചിരകാലം തുടച്ച കൈ കൊണ്ട് അവളുടെ വാര്‍ നെറുക തലോടുന്നു. ബുദ്ധസ്പര്‍ശത്താല്‍ അവള്‍ ഉയര്‍ത്തപ്പെടുന്നു.'' ഖിന്നമുഖിയാമവള്‍ തന്‍ കെടുന്ന സംജ്ഞ വിരലാ-/ ലുന്നയിച്ച ദീപം പോലൊന്നുജ്ജ്വലിക്കുന്നു.'' അവളോടുരിയാടിയ അവന്റെ വാക്കുകളും ചെയ്തികളുമാണ്, എന്താണ് കരുണ എന്നതിന് ആശാന്‍ ആബുദ്ധാപദാനകഥയെ മുന്‍നിര്‍ത്തിത്തരുന്ന ഉത്തരം.

ശൂന്യതാവാദമല്ല, അനിത്യതാവാദമാണ് അഥവാ ക്ഷണികതാവാദമാണ് ബുദ്ധദര്‍ശനമായി ആശാന്‍ കൈക്കൊള്ളുന്നത്. ''ഇക്ഷണം മുങ്ങുമാര്‍ക്കോ കൈയ്യേകുവാന്‍ പോന്നെന്ന് തോന്നും / ദക്ഷതയും ത്വരയും ദാക്ഷി ണ്യവും കണ്ടാല്‍'' എന്നാണ് ബുദ്ധശിഷ്യനായ ഉപഗുപ്തന്‍ അവതരിപ്പിക്കപ്പെടുന്നത്. മുങ്ങുന്നൊരാള്‍ക്ക് കൈയ്യേകുവാന്‍ അക്ഷണത്തിലവിടെ എത്തിയാലല്ലേ പറ്റു, അതിന്റെ ദക്ഷതയാണയാളില്‍, അതിന്റെ ത്വരയാണയാളില്‍. വാസവദത്തയുടെ ക്ഷണം സമയമായില്ല സമയമായില്ല എന്ന് നിരസിക്കുവാനും അവളുടെ യഥാര്‍ത്ഥ ക്ഷണം വന്നപ്പോള്‍ അവള്‍ മുങ്ങുമ്പോള്‍ (when she was sinking) അക്ഷണം അവിടെ എത്തുകയും ചെയ്യുന്നു ആ ആര്‍ഹതന്‍. ജീവിതം മുന്‍പോ പിന്‍പോ അല്ല അക്ഷണമാണ് എന്നത് അനുഭവത്തില്‍ നിന്നറിയാത്തവരില്ലെങ്കിലും അതൊരു മോചനമാര്‍ഗ്ഗമായി ദര്‍ശനമായി അറിയുന്നവര്‍ ദുര്‍ല്ലഭം. അതറിഞ്ഞവര്‍ അറിയാത്തവരില്‍ കാട്ടുന്ന കരുണ(മഹാനുകമ്പ) ഉപഗുപ്തന്‍ വാസവദത്തയോട് കാട്ടുന്നുണ്ട്. അവള്‍ പൂര്‍വകാലത്തില്‍ നിന്ന് അക്ഷണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നുണ്ട്. ക്ഷണികതാദര്‍ശനത്തിന്റെ അനുഗ്രഹമവള്‍ക്കവസാനമായി കിട്ടുന്നുണ്ട്. അത് പൂര്‍വഭാരത്തില്‍ നിന്നവളെ മോചിപ്പിക്കുന്നു.
ക്ഷണികതയിലും ക്ഷണത്തിലും ക്ഷണമുണ്ടെന്നത് യാദ്യച്ഛികമാവാം. ക്ഷണിക സുഖത്തിലേക്കുള്ള ക്ഷണത്തെ ക്ഷണികതാബോധത്തിലേക്കുള്ള ക്ഷണമായി പരിവര്‍ത്തിപ്പിക്കാന്‍ ഉപഗുപ്തനായി. ക്ഷണികത മാത്രമാണ് ക്ഷണികമല്ലാത്തത്, അനിത്യതയ്ക്ക് മാത്രമാണ് നിത്യത എന്ന ബുദ്ധദര്‍ശനവും ഒരു ക്ഷണപ്രഭാവം. ബുദ്ധനും ബോധിസത്വന്മാരും സെന്‍ബുദ്ധന്മാരും ക്ഷണനേരംകൊണ്ടുണ്ടാവുന്ന ബോധോദയം സിദ്ധിച്ചവര്‍. അംഗുലീമാലനും ബോധോദയം നല്‍കിയ മഹാനുകമ്പ, കരുണ, വാസവദത്തയെ ഉണര്‍ത്തിയതിന്റേയും ഉയര്‍ത്തിയതിന്റെയും കഥ (ബോധവുമാര്‍ന്നുമോദവും എന്ന് ആശാന്‍ വിദ്യാലാഭത്തെ പറ്റിപ്പറഞ്ഞതും ഓര്‍ക്കുക) ആരാണ് ഭൂമിയില്‍ അയോഗ്യ എന്ന വലിയ ചോദ്യം ചോദിക്കുന്നു. ഉന്നതമായ കാവ്യകലയിലൂടെയല്ലാതെ ഇതസാദ്ധ്യം എന്ന് ക്ഷണത്തെ ക്ഷണമല്ലാതാക്കിയ രൂപമികവിലൂടെ കരുണ. 'ബോധവുമാര്‍ന്നു മോദവും' എന്നല്ലാതെ ഈ അനുഭവത്തെ എങ്ങനെ വിവരിക്കാം?
Content Highlights: Kalpetta Narayanan writes Adaradarayi asan column on Karuna poem
Published: 20 Mar 2024, 11:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented