ഏറെ മരണങ്ങള്‍ നടന്ന വീടാണ് ആശാന്റെ കാവ്യവീട്. അകാലത്തില്‍ മരിച്ച വീണപൂവ്, നായികയും പിതാവും മാതാവും മരിച്ച നളിനി, ലീലാ മദനന്മാര്‍ മരിച്ച ലീല, സീത മരിച്ച ചിന്താവിഷ്ടയായ സീത, ഏ ആര്‍ മരിച്ച പ്രരോദനം, ഉറ്റവര്‍ കൊല്ലപ്പെട്ട ദുരവസ്ഥ, വാസവദത്ത മരിച്ച കരുണ. മരണത്തെ നന്നായി പരിചയിച്ച ആശാന്‍ സ്വന്തം മരണത്തിന്റെ വിശദാംശങ്ങള്‍ പോലും മുന്‍കൂട്ടി അറിഞ്ഞിട്ടുണ്ട്. 'ഹന്ത താഴുന്നു താഴുന്നു.' മരണത്താല്‍ ഇവ്വിധം വേട്ടയാടപ്പെടാനോ ഓമനിക്കപ്പെടാനോ ഇടയാക്കിയ ആശാനിലെ പ്രേരണകള്‍ എന്തെല്ലാമായിരിക്കാം? ഇതില്‍ നളിനിയും സീതയും ലീലയും മദനനും ഏ ആറും വാസവദത്തയും മരണത്താല്‍ ഉയര്‍ത്തപ്പെട്ടവരാണ്. ജീവിതത്തിന്റെ ടേമുകള്‍ കൊണ്ട് ഗ്രഹിക്കാവുന്നതല്ല മരണം. (Death is not an event in life -witginsteen ) ജീവിതത്തിന് തിരിച്ചറിയാന്‍ കഴിയാത്ത ജീവിതത്തിന്റെ അഭാവമായിരിക്കാം മരണം. അത് ആനന്ദമാണെങ്കില്‍ അതായിരിക്കാം മോക്ഷം. മരണാനന്തര ജീവിതത്തെക്കുറിച്ച്, ലാസ്സറസ്സിനോട് ചോദിച്ചറിയാന്‍ വിട്ടു പോയതോര്‍ത്ത് ഖേദിക്കുകയാണ് മര്‍ത്ത്യലോകമാകെ എന്ന് എലിസബത്ത് ജെന്നിങ്ങ്സ് എഴുതിയിട്ടുണ്ട് ('who doens't regret Lazarus was not questioned about afterlives'). മനുഷ്യന്‍ വന്നുചേര്‍ന്നയിടം പോലെ ലാസ്സറസ് എവിടെ നിന്ന് തിരിച്ചുവന്നുവോ ആയിടവും ഓര്‍മ്മകള്‍ അവശേഷിപ്പിക്കാത്തിടമായിരിക്കാം.

To advertise here,

'മരിച്ചോരല്ലേയേറെ ജീവിപ്പോര്‍ കുറവല്ലേ' എന്ന് ആശാനെഴുതിയിട്ടുണ്ട്. മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മിലുള്ള അനുപാതത്തെ ആശാന്‍ ഒരിക്കലും മറന്നിട്ടില്ല. മഹാഭാരതം ഐതരണേയ പര്‍വ്വത്തില്‍ യക്ഷന്‍ യുധിഷ്ഠിരനോട് ചോദിക്കുന്നു. ഭൂമിയിലെ ഏറ്റവും വലിയ അത്ഭുതം എന്താണ്? കൂടെയുള്ളവരില്‍പ്പലരും മരിക്കുന്നു. എന്നിട്ടും ജീവിതം ശാശ്വതമാണെന്ന മട്ടില്‍ മനുഷ്യര്‍ സ്വസ്ഥരായിക്കഴിയുന്നു. ഇതില്‍പ്പരമൊരത്ഭുതമുണ്ടോ? അബോധത്തില്‍ മനുഷ്യന്‍ അനശ്വരനാണ് എന്ന് ഫ്രോയ്ഡും പറയുന്നു. മരണത്തെക്കുറിച്ചുള്ള ജ്ഞാനമില്ലായ്കയിലൂടെ ഇതരജീവജാലങ്ങളും മരണത്തെ വിസ്മരിച്ചു കൊണ്ട് മര്‍ത്ത്യരും സ്വസ്ഥരായി ജീവിക്കുന്നു. എല്ലാ ഉപായങ്ങളും മരണത്തെ മറക്കാനുള്ള ഉപായങ്ങളായി. നിത്യമല്ല യാതൊന്നും എന്ന ബോധമില്ലാതെ, ഉണ്ടായത് ഇല്ലാതാവും ('ഉല്‍പ്പന്നമായത് നശിക്കും') എന്ന ധാരണയില്ലാതെ, വിസ്മൃതിയുടെ വനത്തില്‍ മൃഗതുല്യരായി നാം കഴിയുന്നു. ഇതര ജീവജാലങ്ങളുടെ അജ്ഞതയ്ക്ക് തുല്യമായ വിസ്മൃതി. ജ്ഞാനവ്യക്ഷത്തിന്റെ കനി ഭുജിച്ച് മനുഷ്യന്‍ അതിജീവിച്ചതായി പറയുന്ന പറു ദീസയില്‍ വിസ്മൃതിയിലൂടെ മനുഷ്യന്‍ ഒളിജീവിതം തുടരുകയാണ്. മിഥ്യയായ ഈ കൊട്ടാരം വിടിറങ്ങുകയായിരുന്നു ബുദ്ധന്‍. താല്‍ക്കാലികമായ സുഖം തന്നെയാണ് മരണത്തെ മറന്നുകൊണ്ടുള്ള ജീവിതംതന്നെയാണ്, ജീവിതത്തിലുള്ള അന്ധമായ അള്ളിപ്പിടുത്തമാണ് അഥവാ തൃഷ്ണയാണ് ദുഃഖകാരണമെന്ന്, അസ്വസ്ഥതകളുടെ കാരണമെന്ന് ബുദ്ധനറിഞ്ഞു. ആശാനിലെ ബുധസ്വത്വം കവിതയെ വിസ്മൃതിയിലകപ്പെട്ട ഓര്‍മ്മയുടെ വീണ്ടെടുക്കലായി പറയുന്നുണ്ട്. 'സ്മൃതിധാര യുപേക്ഷയാം തമോവൃതി നീങ്ങിച്ചിലനാള്‍ സ്ഫുരിക്കയാം'. 

ത്യാഗമല്ല മഹാപരിത്യാഗം. അനുകമ്പയല്ല മഹാനുകമ്പ. കനിവല്ല കരുണ. എന്താണ് ആ വ്യതിയാനമെന്ന് ബുദ്ധശിഷ്യനായ ഉപഗുപ്തനിലൂടെ ആശാന്‍ പറയുന്നുണ്ട്. വാസവ ദത്തയുടെ ചിതാഭസ്മത്തില്‍ ഇറ്റു വീണ കണ്ണുനീര്‍ത്തുള്ളി എന്തെല്ലാമല്ലെന്നും എന്തെല്ലാമാണെന്നും ആശാന്‍. ''ഉല്‍ക്കട ശോക തിക്ത മല്ലോര്‍ക്കുകിലന്നയനാംബു / ദുഃഖ സത്യജ്ഞനദ്ധീരന്‍ കരയുകില്ല / തല്‍ കൃതാര്‍ത്ഥ താസുഖത്തേന്‍ തുള്ളിയല്ലതു ജന്തുവി//ന്നു ല്‍ക്രമണത്തില്‍ മോദിക്കാ ഹൃദയാലുക്കള്‍/ ക്ഷിപ്രസിദ്ധി കണ്ടുതൂര്‍ന്ന വിസ്മയ രസവുമ ല/ തദ്ഭുതചാപലം ഹേതു ദര്‍ശിയാര്‍ന്നിടാ./ കരുതാം മറ്റൊന്നല്ല 'കരുണ' തന്‍ കയത്തിലെ /പ്പരിണതോജ്ജ്വലമുക്താഫലമല്ലാതെ '(കരുണ). പ്രബുദ്ധന്റെ ത്യാഗമാണ് മഹാപരിത്യാഗമെന്നും പ്രബുദ്ധന്റെ അനുകമ്പയാണ് മഹാനുകമ്പയെന്നും പ്രബുദ്ധന്റെ കനിവാണ് കരുണയെന്നുമാണ് പല കാവ്യങ്ങളിലായി ആശാന്‍ ബുദ്ധനെ മുന്‍നിര്‍ത്തി പറയുന്നത്.

ആരാണീ പ്രബുദ്ധന്‍? എന്താണീ ബോധോദയം? സിദ്ധാര്‍ത്ഥനെ ബുദ്ധനിലെത്തിച്ചതെന്ത്? (അര്‍ത്ഥസിദ്ധിയ്ക്കായി ഇച്ഛിക്കുന്നവനാണ് സിദ്ധാര്‍ത്ഥന്‍. എന്നായാലും ഏത് മതില്‍ക്കെട്ടിനുള്ളില്‍ ബന്ധിച്ചാലും ബുദ്ധനായിയിത്തീരുമായിരുന്നു സിദ്ധാര്‍ത്ഥന്‍ എന്ന പ്രവചനം സിദ്ധാര്‍ത്ഥപദത്തിലുണ്ട്). ഇരുപത്തൊമ്പതാമത്തെ വയസ്സില്‍ രാജാജ്ഞയ്ക് വിരുദ്ധമായി കൊട്ടാരത്തിന് പുറത്ത് കടന്ന സിദ്ധാര്‍ത്ഥന്‍ ആദ്യം ജരയേയും പിന്നെ രോഗത്തേയും മൂന്നാമതായി മരണത്തേയും കാണുന്നു. സിദ്ധാര്‍ത്ഥന്‍ ചുക്കിച്ചുളിഞ്ഞ തൊലിയും നരവീണ മുടിയുമുള്ള ഒരു മനുഷ്യനെക്കാണുന്നു. എന്താണിത്, സിദ്ധാര്‍ത്ഥന്‍ ചോദിക്കുന്നു. ജര. ജരയോ എന്താണത്? വാര്‍ദ്ധക്യത്തിന്റെ ലക്ഷണം. എന്താണ് വാര്‍ദ്ധക്യം? അതെല്ലാവരേയും ബാധിക്കുമോ? എല്ലാവരേയും. ഈ ലാവണ്യം ശാശ്വതമല്ലെന്നോ? അല്ല. അടുത്തതായി വേദന കൊണ്ട് പുളയുന്ന ഒരു മനുഷ്യനെക്കാണുന്നു. എന്താണയാള്‍ അസ്വസ്ഥനായി കാണപ്പെടുന്നത്? രോഗത്താല്‍. രോഗമോ അതെന്താണ്? എല്ലാവരേയും ബാധിക്കുമോ? എല്ലാവരേയും. ഈ സുഖാവസ്ഥ നിത്യമല്ലേ അപ്പോള്‍? അല്ല. എന്താണീ ശരീരം വെറുങ്ങലിച്ച് നിശ്ചലമായിരിക്കുന്നത്? അയാള്‍ ശ്വസിക്കുന്നതായോ എന്തെങ്കിലുമറിയുന്നതായോ തോന്നുന്നില്ലല്ലോ. ഇല്ല, അത് ശവശരീമാണ്. മരണാനന്തരമുള്ള ശരീരം. എല്ലാവരും മരിക്കുമോ? മരിക്കും. താങ്കളും ഞാനും? അതെ ജനിച്ചവരെല്ലാം. അതും എന്നെന്ന് നിശ്ചയിക്കാനുമാവില്ല. അപ്പോള്‍ ഒന്നും സ്ഥിരമല്ല. ഒന്നും ശാശ്വതമല്ല. വീണപൂവില്‍ ആശാന്‍ കണ്ടത് സിദ്ധാര്‍ത്ഥന്‍ കാണുന്നു  ''ഒന്നിന്നുമില്ല നില''. ഇതൊന്നുമറിയാതെ നിത്യസുഖത്തില്‍ എന്ന പോലെ ഇതുവരെ ജീവിച്ച തന്നോടും ഒന്നിനാലും തടയപ്പെടാതെ, ഒന്നോര്‍ത്തും ശങ്കിയ്ക്കാതെ അടുത്ത ലക്ഷ്യത്തിലേക്ക് സാകൂതം ചരിക്കുന്ന ചുറ്റുമുള്ള മനുഷ്യരേയും അയാള്‍ അനുകമ്പയോടെ കാണുന്നു.'' ഇഹത്തില്‍ പൂക്കളെ മാത്രം നേടും വ്യാസക്തചിത്തനെ;/ ഓര്‍ക്കാപ്പുറത്തു വന്നെത്തി കൊണ്ടുപോകുന്നിതന്തകന്‍, പെരുവെള്ളം ഉറങ്ങുന്ന ഗ്രാമത്തെയെന്ന മാതിരി' (ധര്‍മ്മപാത , വിവ: മാധവന്‍ അയ്യപ്പത്ത്.

പിന്നീടയാള്‍ക്ക് ഉറങ്ങാനാവുന്നില്ല. ഉറങ്ങുന്നവരെ ഉണര്‍ത്താതെ സിദ്ധാര്‍ത്ഥന്‍ കൊട്ടാരം വിട്ടിറങ്ങുന്നു. സംസാരം
എന്ന മിഥ്യാടനത്തില്‍ നിന്നെങ്ങനെയാണ് മോചിതനാകുക? ഉറങ്ങുന്ന ഈ മനുഷ്യരെ എങ്ങനെയാണുണര്‍ത്തുക? മറ്റാരിലും കണ്ടിട്ടില്ലാത്ത സന്തുഷ്ടമുഖത്തോടുകൂടിയ ഒരു സന്യാസിയെ താന്‍ കണ്ടതോര്‍ക്കുന്നു. അറിഞ്ഞവന്റെ, ഉണര്‍ന്നവന്റെ ആത്മചൈതന്യമായിരുന്നോ ആ മുഖതേജസ്സില്‍? ഒരാഗ്രഹവും അയാളെ അലട്ടുന്നതായി തോന്നിയില്ല. സിദ്ധാര്‍ത്ഥന്‍ ആ വഴി സഞ്ചരിക്കുന്നു. ആ സന്യാസി പോലും പൂര്‍ണ്ണമായി ഭേദിച്ചിട്ടില്ലാത്ത സുപ്താവസ്ഥയില്‍ നിന്ന് - എല്ലാവരും എല്ലായ്‌പോഴും ഉറങ്ങുകയാണ്-ദുഷ്‌ക്കരമായ ഒരു നീണ്ട യാത്രക്കൊടുവിലയാള്‍ ഉണരുന്നു. ('ആറുകൊല്ലത്തെ തീവ്രമായ അന്വേഷണങ്ങള്‍ക്ക് ശേഷം തന്റെ മുപ്പത്തഞ്ചാമത്തെ വയസ്സില്‍ വൈശാഖ പൗര്‍ണമി നാളില്‍ സിദ്ധാര്‍ത്ഥന്‍ ഉള്ള് വിളങ്ങിയ ബുദ്ധനായി') പലരായി പലതായി കാലാകാലമായിത്തുടരുന്ന നെടുമോഹനിദ്ര ഭേദിച്ച് അയാള്‍ എഴുന്നേല്‍ക്കുന്നു. മൃത്യുവിന്റെ ഗാഡാലിംഗനം വിട്ടെഴുന്നേല്‍ക്കുന്നു. മരണത്തെ വിസ്മരിച്ചു കൊണ്ടല്ലാ മരണത്തെ ബോധമായുള്‍ക്കൊണ്ടാണ് മരണത്തെ ജയിക്കുക. നചികേതസ്സിനെ സ്വതന്ത്രനാക്കിയതാണ്, ബുദ്ധനേയും സ്വതന്ത്രനാക്കിയത്. ആരില്‍ നിന്ന് വേണോ യഥാര്‍ത്ഥ ജ്ഞാനം നേടേണ്ടത് ആ ഗുരു ഇരുവര്‍ക്കും യമനാണ്. നചികേതസ്സിനെ പല വാഗ്ദാനങ്ങളും നല്‍കി യമന്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. സിദ്ധാര്‍ത്ഥനെ പ്രലോഭനങ്ങളിലൂടെ കാമനെന്ന പോലെ.'' പെരുന്തച്ചനെയന്വേഷിച്ചെത്ര ജന്മമെടുത്തു ഞാന്‍, ആവര്‍ത്തിച്ചു പിറക്കുന്നതത്രയ്ക്കയ്ക്ക് ദുഃഖമാം/ പെരുന്തച്ചാ ദുഷ്ടനായ് നീ, വീണ്ടും കൂട്ടേണ്ട നീ ഗൃഹം / ഉത്തരങ്ങളുടഞ്ഞല്ലോ. മോന്തായങ്ങള്‍ തകര്‍ന്നു പോയ് / മുന്‍ബാക്കിയറ്റതായ്ച്ചിത്തം, തൃഷ്ണജയെല്ലാമകന്നതായ്.' ( ധര്‍മ്മപാത - വിവ: മാധവന്‍ അയ്യപ്പത്ത്.

ബുദ്ധദര്‍ശനമാകെ ഒറ്റ വാക്യത്തില്‍ സംഗ്രഹിക്കുന്നുണ്ടാശാന്‍' ശ്രീബുദ്ധചരിതത്തില്‍'. ''മര്‍ത്ത്യനേ മര്‍ത്ത്യനല്ലാതീഭയത്തില്‍ നിന്നുദ്ധരിപ്പാനൊരുത്തനുണ്ടായ് വരാ''. മനുഷ്യനെ മനുഷ്യനല്ലാതെ രക്ഷിക്കാനാവില്ല എന്ന മാനവികതാവാദമല്ല ഇത്. മര്‍ത്ത്യനെ മനുഷ്യനല്ലാതെ രക്ഷിക്കാനാവില്ല എന്ന നവോത്ഥാനാശയവുമല്ല ഇത്. മര്‍ത്ത്യന്‍ കേവല മനുഷ്യനല്ല. എല്ലായിടത്തേയും എല്ലാ കാലത്തേയും എല്ലാ ജാതി മനുഷ്യരേയും പ്രതിനിധാനം ചെയ്യാന്‍ മര്‍ത്ത്യനല്ലാത്തൊരു പദമില്ല. മര്‍ത്ത്യന്‍ എന്നാല്‍ മരിച്ചു കൊണ്ടിരിക്കുന്നവന്‍ എന്നാണ് വിവക്ഷ. മരിച്ചുകൊണ്ടിരിക്കുന്നവരാണ് സകലരും. ('നിത്യം കടലെടുത്തീടും ജന്മത്തിന്റെ തുരുത്തില്‍ ഞാന്‍'- ആറ്റൂര്‍ രവിവര്‍മ്മ) കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ. ഇതറിയുന്നവന്‍ എല്ലാമറിയുന്നു എന്നും ഇതറിയാത്തവന്‍ ഒന്നുമറിയുന്നില്ലെന്നും ബുദ്ധനെ മുന്‍നിര്‍ത്തിപ്പറയാം. മനുഷ്യനൊഴിച്ചുള്ള ജീവജാലങ്ങളും മരിച്ചു കൊണ്ടിരിക്കുന്നവര്‍ തന്നെയെങ്കിലും അതവരറിയുന്നില്ല. ജീവിച്ചുകൊണ്ടിരിക്കുന്നവര്‍ അഥവാ ജീവികള്‍ ആണവര്‍. മനുഷ്യരാകട്ടെ അതറിഞ്ഞിട്ടും അറിയു ന്നില്ല. ആശനിപാതം പോലെ അത് പതിക്കുമ്പോള്‍ അവര്‍ ഞെട്ടിയുണരാറുണ്ടെങ്കിലും വീണ്ടും വശം തിരിഞ്ഞു കിടന്ന് അവരുറങ്ങുന്നു. 

മൃതിബോധമില്ലാത്തവര്‍ ഉണര്‍വ്വിലും ഉറങ്ങുന്നു, അതുള്ളവര്‍ ഉറക്കത്തിലും ഉണര്‍ന്നിരിക്കുന്നു. ആ ഉണര്‍ന്ന (awakened ) മനുഷ്യനാണ് ആശാന്റെ ബുദ്ധവചനത്തിലെ മര്‍ത്ത്യന്‍. മനുഷ്യന് മനുഷ്യനെ സഹായിക്കാനായേക്കാം, കരകയറ്റാനാവില്ല, മനുഷ്യന് മനുഷ്യനോട് ദയ കാട്ടാനായേക്കാം കരുണ കാട്ടാനാവില്ല. മര്‍ത്ത്യനേ ഈ 'ഭയ'ത്തില്‍ നിന്ന് മര്‍ത്ത്യനേ ഉദ്ധരിക്കാനാവു. 'ജാതി ചോദിച്ചതില്ല ഞാന്‍ സോദരീ' എന്ന് ജാത്യതീതമായി സംവദിക്കാനാവൂ. 'ശോഭന കാലങ്ങളില്‍ നീ ഗമ്യയായില്ലെനിക്ക്/ നിന്‍ സൗഭഗത്തില്‍ മോഹമാര്‍ന്ന സുഹൃത്തല്ല ഞാന്‍' എന്ന് പറയാനാവൂ. 'നീകടത്തില്‍ മദീയമാശ്രമം മകളേ പോരിക, ഇതോര്‍ക്ക നിന്‍ ഗഹം' എന്ന് നിരുപാധികമായി ക്ഷണിക്കാനാവൂ. തന്നെ അപമാനത്തിലാഴ്ത്തിയവനേയും ' നീതി തന്നറയില്‍ പാര്‍പ്പു തടങ്കലില്‍ ഭവാന്‍' എന്ന് ഉള്‍ക്കൊള്ളാനാവൂ.' ഗേഹവും സുഖവുമാക്കെ വിട്ട് തന്‍ സ്‌നേഹമോതിയത്' ചെയ്യാനാവൂ. 'ക രുതുവതിഹചെയ്യവയ്യ, ചെയ്യാന്‍ വരുതിലഭിച്ചതില്‍ നിന്നിടാവിചാരം' എന്ന് സംസാരഗതിയെ അറിയാനാകൂ. പരിമിതലീലയെ (finite game) അപരിമിതലീലയ്‌ക്കേ (infinite game ) ഉള്‍ക്കൊള്ളാനാവൂ. മരണത്തെ പുറത്തുനിര്‍ത്തുന്ന ചിന്താപദ്ധതിക്ക് വിവേകപൂര്‍ണ്ണമായി പ്രത്യക്ഷപ്പെടാനാവില്ല. 

തൊള്ളായിരത്തി മുപ്പത്തിനാലിലെ പ്രകൃതിക്ഷോഭത്തെപ്പറ്റി തൊട്ടുകൂടായ്മയ്ക്ക് കിട്ടിയ ദൈവശിക്ഷയാണ് ഇത് എന്ന് പറഞ്ഞപ്പോള്‍ മഹാത്മാഗാന്ധി സാക്ഷ്യപ്പെടുത്തിയത് തന്നിലെ മരണാവബോധത്തെ ആണ്. കൂട്ടമരണങ്ങളില്‍ അദ്ദേഹം വായിച്ചത് മനുഷ്യവിവേചനങ്ങളുടെ, വിഭാഗീയതകളുടെ അന്തസ്സാരശൂന്യതയെക്കുറിച്ചുള്ള ദൈവത്തിന്റെ അഭിപ്രായപ്രകടനമാണ്. മരണത്തെ കണക്കിലെടുക്കൂ എന്ന അഭ്യര്‍ത്ഥനയായിരുന്നു അത്. നിത്യതയില്ല, അനിത്യതയേളള്ളൂ, മതി മറക്കാതിരിക്കുക എന്ന്. വേഷം മാറി വന്ന, ജന്മം മാറി വന്ന ഒരു ബുദ്ധനായിരുന്നു ഗാന്ധി. ആശാന്‍ ബുദ്ധമത വിശ്വാസിയല്ലായിരിക്കാം, ഹിന്ദുമത പരിഷ്‌ക്കര്‍ത്താവായിരിക്കാം പക്ഷെ ദുഃഖമായിരുന്നു ആശാന്റെയും ഉപാസനാമൂര്‍ത്തി.'' ഉപാസിക്കുന്നു ദുഃഖത്തെഞാന്‍' എന്ന വരി അസ്സര്‍ഭത്തിലവസാനിക്കാത്ത, ആശാന്റെ എല്ലാ കൃതികളിലും ഇടമുള്ള, ഒരുണര്‍വ്വാണ്. 'ആകാശങ്ങളെയണ്ഡരാശികളൊടും ഭക്ഷിക്കുമാകാശമാ/ യീക്കാണായ സഹസ്രരശ്മിയെയിരുട്ടാക്കും പ്രഭാസാരമായ് / ശോകാശങ്കയൈൗഴാത്തശുദ്ധ സുഖവും ദുഃഖീകരിക്കുന്നതാ / മേകാ
ന്താദ്വയയ ശാന്തിഭൂവിനു നമസ്‌കാരം നമസ്‌കാരമേ' എന്ന വരികളിലവസാനിക്കുന്ന പ്രരോദനത്തിന്റെ ചരമ ശ്‌ളോകത്തില്‍ മരണത്തിന് തന്റെ മാത്രമായ പ്രത്യേക നമസ്‌ക്കാരവും ആശാന്‍ പറയുന്നുണ്ടല്ലോ.