സ്വയം സ്നേഹിക്കുന്നത് സ്വാര്ത്ഥതയല്ല; ആരോഗ്യകരമായ ജീവിതത്തിന്റെ അനിവാര്യതയാണ്. ശരീരത്തിനും മനസ്സിനും ഒരുപോലെ പരിഗണന നല്കാനും ജീവിതത്തില് ആരോഗ്യകരമായ മാറ്റങ്ങള് കൊണ്ടുവരാനും ചില മനഃശാസ്ത്രപരമായ വഴികള്.

നേരം പുലരുന്നതുമുതൽ നമ്മുടെ ജീവിതം തിരക്കുകളുടേതാണ്. കുടുംബത്തിന്റെ ആവശ്യങ്ങൾ, മക്കളുടെ കാര്യങ്ങൾ, ജോലി, സാമ്പത്തിക ഉത്തരവാദിത്തങ്ങൾ, സാമൂഹികബന്ധങ്ങൾ... അങ്ങനെ തീരാത്ത തിരക്കുകൾ. എല്ലാവർക്കും വേണ്ടി സമയം കണ്ടെത്തുമ്പോൾ സ്വന്തം ആവശ്യങ്ങൾക്കും ഇഷ്ടങ്ങൾക്കും വേണ്ടി അല്പസമയം മാറ്റിവെക്കാൻ പോലും പലർക്കും കഴിയുന്നില്ല.
വീട്ടിലുള്ളവരുടെ ആരോഗ്യകാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുന്നവർ സ്വന്തം ശാരീരിക അസ്വസ്ഥതകളെ അവഗണിക്കുന്നു. മറ്റുള്ളവർക്ക് ആശ്വാസവും പിന്തുണയും നൽകുന്നവർ സ്വന്തം മാനസിക സംഘർഷങ്ങൾ ആരോടും പങ്കുവെക്കാതെ ഉള്ളിലൊതുക്കുന്നു. വിശ്രമിക്കാനുള്ള അവസരങ്ങളിൽപോലും എന്തെങ്കിലും ചെയ്യാതെ ഇരിക്കുന്നത് തെറ്റാണെന്ന കുറ്റബോധം പലരെയും അലട്ടുന്നു. ഇതിനിടയിൽ പലരും സ്വയം ചോദിക്കാൻ മറന്നുപോകുന്ന ഒരു ചോദ്യമുണ്ട്.
'എല്ലാവരുടെയും കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ എന്റെ കാര്യങ്ങൾ ആരാണ് ശ്രദ്ധിക്കുന്നത്?'
ഇവിടെയാണ് സ്വയം സ്നേഹിക്കുക , സ്വയം പരിചരിക്കുക എന്നീ ആശയങ്ങൾക്ക് പ്രസക്തിയേറുന്നത്.
സ്വയം സ്നേഹിക്കുന്നത് സ്വാർത്ഥതയാണോ?
സ്വന്തം സന്തോഷത്തിനും ആരോഗ്യത്തിനും മുൻഗണന നൽകുന്നതിനെ സ്വാർത്ഥതയായി കാണുന്ന ഒരു സാമൂഹിക മനോഭാവം ഇന്നും നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ച് കുടുംബപരിചരണവും മറ്റുള്ളവർക്കുവേണ്ടിയുള്ള ത്യാഗങ്ങളും ജീവിതത്തിന്റെ പ്രധാന ഉത്തരവാദിത്തങ്ങളായി ഏറ്റെടുക്കുന്നവരിൽ ഈ ചിന്ത ശക്തമായിരിക്കാം.
എന്നാൽ മറ്റുള്ളവരുടെ ആവശ്യങ്ങളെ പൂർണമായും അവഗണിച്ച് സ്വന്തം താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന സ്വാർത്ഥതയും, മറ്റുള്ളവരെ പരിഗണിക്കുന്നതോടൊപ്പം സ്വന്തം ആവശ്യങ്ങൾക്കും അർഹമായ സ്ഥാനം നൽകുന്ന സ്വയം സ്നേഹവും വ്യത്യസ്തമാണ്.
സ്വയം സ്നേഹിക്കുകയെന്നാൽ സ്വന്തം കുറവുകൾ നിഷേധിക്കുകയോ, എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കുകയോ, എപ്പോഴും സന്തോഷത്തോടെ ജീവിക്കുകയോ എന്നല്ല. സ്വന്തം വ്യക്തിത്വത്തെയും പരിമിതികളെയും തിരിച്ചറിയുക, തെറ്റുകളെ അംഗീകരിച്ച് തിരുത്തുക, ശാരീരികവും മാനസികവുമായ ആവശ്യങ്ങൾക്ക് പരിഗണന നൽകുക, ആത്മാഭിമാനം നിലനിർത്തുക എന്നിവയെല്ലാം അതിന്റെ ഭാഗമാണ്.
'മറ്റുള്ളവരെ ഞാൻ പരിഗണിക്കുന്നതുപോലെ എന്നെയും പരിഗണിക്കേണ്ടതുണ്ട്' എന്ന തിരിച്ചറിവാണ് ആരോഗ്യകരമായ സ്വയം സ്നേഹത്തിന്റെ അടിസ്ഥാനം.
സ്വയം സ്നേഹവും സ്വയം പരിചരണവും ഒന്നല്ല
സെൽഫ് ലവ്, സെൽഫ് കെയർ എന്നീ വാക്കുകൾ ഒരേ അർത്ഥത്തിൽ ഉപയോഗിക്കപ്പെടാറുണ്ടെങ്കിലും അവ തമ്മിൽ പ്രധാനപ്പെട്ട വ്യത്യാസമുണ്ട്.
സ്വന്തം വ്യക്തിത്വത്തോടും ജീവിതത്തോടും പുലർത്തുന്ന ആരോഗ്യകരമായ സമീപനമാണ് സ്വയം സ്നേഹം. ആ സമീപനം ദൈനംദിന ജീവിതത്തിൽ പ്രവർത്തനങ്ങളിലൂടെ പ്രകടമാക്കുന്നതാണ് സ്വയം പരിചരണം.
ഉദാഹരണത്തിന്, സ്വന്തം ആരോഗ്യവും വിശ്രമവും പ്രധാനമാണെന്ന് തിരിച്ചറിയുന്നത് സ്വയം സ്നേഹത്തിന്റെ ഭാഗമാണ്. അതിനായി മതിയായ ഉറക്കം ഉറപ്പാക്കുന്നതും കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതും ആവശ്യമായ ചികിത്സ തേടുന്നതും സ്വയം പരിചരണമാണ്.
ആഡംബരജീവിതമോ വിലകൂടിയ സൗന്ദര്യസംരക്ഷണ ഉപാധികളോ മാത്രമല്ല സ്വയം പരിചരണം. ചിലപ്പോൾ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതും, ആവശ്യമുള്ളപ്പോൾ സഹായം ചോദിക്കുന്നതും, ക്ഷീണിതനായിരിക്കുമ്പോൾ വിശ്രമിക്കുന്നതുമാണ് ഏറ്റവും പ്രധാനപ്പെട്ട സ്വയം പരിചരണം.
സ്വന്തം മനസ്സിനോട് അല്പം കരുണ കാണിക്കാം
മറ്റുള്ളവരുടെ തെറ്റുകളോട് ക്ഷമ കാണിക്കുന്ന പലരും സ്വന്തം ചെറിയ വീഴ്ചകളോടുപോലും അതികഠിനമായി പ്രതികരിക്കാറുണ്ട്.
'എന്നെക്കൊണ്ട് ഒന്നിനും കഴിയില്ല', 'ഞാൻ എപ്പോഴും പരാജയപ്പെടുന്നു', 'എല്ലാം എന്റെ കുറ്റമാണ്' തുടങ്ങിയ ചിന്തകൾ ആവർത്തിക്കുമ്പോൾ ആത്മവിശ്വാസത്തെയും വൈകാരികാരോഗ്യത്തെയും അത് പ്രതികൂലമായി ബാധിക്കാം.
ഇവിടെയാണ് സ്വയം കരുണയോടെ സമീപിക്കുക എന്ന മനഃശാസ്ത്ര ആശയം പ്രസക്തമാകുന്നത്. പ്രയാസകരമായ സാഹചര്യങ്ങളിൽ സ്വയം കുറ്റപ്പെടുത്തുന്നതിനുപകരം, സ്വന്തം അനുഭവങ്ങളെ യാഥാർഥ്യബോധത്തോടെയും കരുണയോടെയും സമീപിക്കുന്ന രീതിയാണിത്.
മനഃശാസ്ത്ര ഗവേഷണങ്ങളിൽ സ്വയം കരുണ വളർത്തുന്നതിനുള്ള പരിശീലനങ്ങൾ വിഷാദലക്ഷണങ്ങൾ, ഉത്കണ്ഠ, മാനസികസമ്മർദം എന്നിവ കുറയ്ക്കാൻ സഹായിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവയുടെ ഫലം എല്ലാവരിലും ഒരുപോലെയല്ല; ഗുരുതരമായ മാനസികാരോഗ്യപ്രശ്നങ്ങൾക്കുള്ള ചികിത്സയ്ക്ക് പകരവുമല്ല.
ഒരു കാര്യം പരാജയപ്പെട്ടാൽ 'ഞാൻ പരാജയമാണ്' എന്ന് വിലയിരുത്തുന്നതിനുപകരം, 'ഈ ശ്രമം വിജയിച്ചില്ല; എന്താണ് മെച്ചപ്പെടുത്തേണ്ടതെന്ന് മനസ്സിലാക്കി വീണ്ടും ശ്രമിക്കാം' എന്ന് ചിന്തിക്കാൻ പരിശീലിക്കുക. സ്വയം കരുണ കാണിക്കുന്നത് ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിഞ്ഞുമാറലല്ല. കുറ്റബോധത്തിൽ തളരാതെ സ്വന്തം തെറ്റുകളിൽനിന്ന് പഠിക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ സമീപനമാണത്.
'നോ' പറയുന്നത് ബന്ധങ്ങൾ തകർക്കാനല്ല
എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്നതിനിടെ സ്വന്തം സമയവും ഊർജവും നഷ്ടപ്പെടുന്ന അവസ്ഥ പലർക്കും പരിചിതമാണ്.
മറ്റുള്ളവർക്ക് വിഷമമാകുമോ എന്ന ഭയത്തിൽ സ്വന്തം ബുദ്ധിമുട്ടുകൾ തുറന്നുപറയാതിരിക്കുക, താൽപര്യമില്ലാത്ത കാര്യങ്ങൾക്കും സമ്മതം നൽകുക, വിശ്രമസമയം പോലും മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി മാറ്റിവെക്കുക തുടങ്ങിയവ കാലക്രമേണ മാനസികസമ്മർദം വർധിപ്പിച്ചേക്കാം.
ഇതിനുള്ള പ്രധാനപ്പെട്ട പരിഹാരങ്ങളിലൊന്നാണ് വ്യക്തിപരമായ അതിരുകൾ രൂപപ്പെടുത്തുന്നത്. 'ഇപ്പോൾ എനിക്ക് അതിന് സമയം കണ്ടെത്താൻ കഴിയില്ല', 'ഈ കാര്യത്തിൽ എനിക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമാണ്', 'ഇതിനെക്കുറിച്ച് പിന്നീട് സംസാരിക്കാം' എന്നിങ്ങനെ വ്യക്തവും മാന്യവുമായ രീതിയിൽ സ്വന്തം നിലപാടുകൾ അറിയിക്കാൻ പരിശീലിക്കാം.
ആരോഗ്യകരമായ ബന്ധങ്ങളിൽ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കൊപ്പം നമ്മുടെ ആവശ്യങ്ങൾക്കും സ്ഥാനമുണ്ടാകണം. പരസ്പര ബഹുമാനവും ആശയവിനിമയവും ഉത്തരവാദിത്തങ്ങളുടെ നീതിപൂർവമായ പങ്കുവെക്കലുമാണ് ബന്ധങ്ങളെ കൂടുതൽ ആരോഗ്യകരമാക്കുന്നത്.
അതേസമയം, നിയന്ത്രണമോ ഭീഷണിയോ അതിക്രമമോ നിലനിൽക്കുന്ന ബന്ധങ്ങളിൽ അതിരുകൾ സ്ഥാപിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമോ സുരക്ഷിതമോ ആയിരിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ വിശ്വസ്തരുടെയും ആവശ്യമായാൽ പ്രൊഫഷണലുകളുടെയും സഹായം തേടണം.
മാനസികാരോഗ്യം സംരക്ഷിക്കാൻ ശരീരത്തെ അവഗണിക്കരുത്
മനസ്സും ശരീരവും പരസ്പരം ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. അതിനാൽ മാനസികാരോഗ്യസംരക്ഷണം ചിന്തകളിലും വികാരങ്ങളിലും മാത്രമായി ഒതുക്കാനാവില്ല. ഉറക്കം, ഭക്ഷണം, ശാരീരിക പ്രവർത്തനം, വിശ്രമം തുടങ്ങിയവയ്ക്കെല്ലാം പ്രധാന പങ്കുണ്ട്.
ഉറക്കത്തിന് അർഹമായ പ്രാധാന്യം നൽകുക: 18 മുതൽ 60 വയസ്സുവരെയുള്ള മുതിർന്നവർക്ക് സാധാരണയായി രാത്രിയിൽ കുറഞ്ഞത് ഏഴുമണിക്കൂർ ഉറക്കം ശുപാർശ ചെയ്യപ്പെടുന്നു. ഉറക്കത്തിന്റെ ദൈർഘ്യത്തിനൊപ്പം ഗുണനിലവാരവും പ്രധാനമാണ്. ദിവസവും ഏകദേശം ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക. ഉറക്കത്തിന് തൊട്ടുമുമ്പുള്ള മൊബൈൽ ഉപയോഗവും വൈകുന്നേരങ്ങളിലെ അമിത കഫീൻ ഉപയോഗവും പരിമിതപ്പെടുത്തുക.
ശാരീരികമായി സജീവമായിരിക്കുക: ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശപ്രകാരം മുതിർന്നവർ ആഴ്ചയിൽ 150300 മിനിറ്റ് മിതമായ തീവ്രതയുള്ള ശാരീരിക പ്രവർത്തനത്തിൽ ഏർപ്പെടുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. കൂടാതെ ആഴ്ചയിൽ രണ്ടുദിവസമെങ്കിലും പേശികളുടെ കരുത്ത് വർധിപ്പിക്കുന്ന വ്യായാമങ്ങളും ഉൾപ്പെടുത്താം.
എന്നാൽ തുടക്കത്തിൽതന്നെ വലിയ ലക്ഷ്യങ്ങൾ നിശ്ചയിക്കേണ്ടതില്ല. പത്തോ പതിനഞ്ചോ മിനിറ്റ് നടത്തത്തിൽ ആരംഭിച്ച് ക്രമേണ സമയം വർധിപ്പിക്കാം. നടത്തം, നീന്തൽ, നൃത്തം, സൈക്ലിങ് തുടങ്ങിയവയിൽ സ്വന്തം ആരോഗ്യസ്ഥിതിക്കും താൽപര്യങ്ങൾക്കും അനുയോജ്യമായത് തിരഞ്ഞെടുക്കാം.
ഭക്ഷണത്തെ അവഗണിക്കരുത്: പോഷകസമൃദ്ധവും വൈവിധ്യമാർന്നതുമായ ഭക്ഷണക്രമമാണ് പ്രധാനം. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ, അനുയോജ്യമായ പ്രോട്ടീൻ സ്രോതസ്സുകൾ എന്നിവ ഉൾപ്പെടുത്തുക. അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളും അധിക ഉപ്പും പഞ്ചസാരയും പരിമിതപ്പെടുത്തുക.
എല്ലാവർക്കും വിളമ്പിയശേഷം സമയം തെറ്റി ഭക്ഷണം കഴിക്കുകയോ സ്വന്തം ഭക്ഷണാവശ്യങ്ങൾ നിരന്തരം മാറ്റിവെക്കുകയോ ചെയ്യുന്നത് സ്വയം പരിചരണവുമായി പൊരുത്തപ്പെടുന്നില്ല. ആരോഗ്യകരമായ ജീവിതശൈലി എന്നത് കർശനമായ ഭക്ഷണനിയന്ത്രണത്തിലൂടെയോ അമിത വ്യായാമത്തിലൂടെയോ ശരീരത്തെ ശിക്ഷിക്കുന്നതല്ല. ശരീരത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സ്ഥിരതയുള്ള ശീലങ്ങൾ രൂപപ്പെടുത്തുന്നതാണ്.
ഡിജിറ്റൽ ലോകത്ത് സ്വന്തം മനസ്സിനും ഇടം നൽകാം
ഉണർന്നയുടൻ മൊബൈൽ പരിശോധിക്കുകയും ഉറങ്ങുന്നതുവരെ സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുകയും ചെയ്യുന്ന ജീവിതശൈലി ഇന്ന് സാധാരണമാണ്.
മറ്റുള്ളവരുടെ നേട്ടങ്ങളും യാത്രകളും ആഘോഷങ്ങളും നിരന്തരം കാണുമ്പോൾ സ്വന്തം ജീവിതം അപൂർണമാണെന്ന തോന്നൽ ചിലരിൽ ഉണ്ടാകാം. താരതമ്യചിന്തകളും അംഗീകാരത്തിനായുള്ള അമിതമായ ആശ്രയവും മാനസികസമ്മർദത്തിന് കാരണമായേക്കാം.
എന്നാൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ലാവർക്കും മാനസികാരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന നിഗമനം ശരിയല്ല. ഡിജിറ്റൽ സാങ്കേതികവിദ്യകൾ പഠനത്തിനും സാമൂഹികബന്ധങ്ങൾ നിലനിർത്തുന്നതിനും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനും ഉപകാരപ്പെടുന്നുണ്ട്.
അതുകൊണ്ട് പൂർണമായ 'ഡിജിറ്റൽ ഡിറ്റോക്സ്' എല്ലാവർക്കും അനിവാര്യമല്ല. ഡിജിറ്റൽ ഉപയോഗത്തിന്റെ അളവിനൊപ്പം അത് നമ്മുടെ ഉറക്കത്തെയും ജോലിയെയും ബന്ധങ്ങളെയും മനസ്സിനെയും എങ്ങനെ ബാധിക്കുന്നു എന്നതും വിലയിരുത്തുകയാണ് വേണ്ടത്.
അനാവശ്യ നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കുക, ഭക്ഷണസമയത്തും കുടുംബാംഗങ്ങളുമായുള്ള സംഭാഷണങ്ങളിലും ഫോൺ മാറ്റിവെക്കുക, ഉറങ്ങുന്നതിന് മുമ്പ് സ്ക്രീനുകളിൽനിന്ന് ഇടവേള എടുക്കുക തുടങ്ങിയ ലളിതമായ ശീലങ്ങൾ പരീക്ഷിക്കാം.
ഒറ്റയ്ക്കുള്ള സമയം മാത്രം പോരാ; നല്ല ബന്ധങ്ങളും വേണം
സെൽഫ് ലവ് എന്നത് മറ്റുള്ളവരിൽനിന്ന് അകന്നുനിൽക്കലല്ല. ആരോഗ്യകരമായ സ്വയം സ്നേഹത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന് അർത്ഥവത്തായ സാമൂഹികബന്ധങ്ങൾ നിലനിർത്താനുള്ള കഴിവാണ്.
2025 ജൂണിൽ ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച സാമൂഹികബന്ധങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ലോകത്ത് ഏകദേശം ആറിലൊരാൾ ഏകാന്തത അനുഭവിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. ഏകാന്തതയും സാമൂഹികമായ ഒറ്റപ്പെടലും ശാരീരികവും മാനസികവുമായ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രധാന പൊതുജനാരോഗ്യപ്രശ്നങ്ങളാണ്.
ധാരാളം ആളുകൾക്കിടയിൽ ജീവിക്കുന്നവർക്കുപോലും വൈകാരികമായ ഏകാന്തത അനുഭവപ്പെടാം. മനസ്സുതുറന്ന് സംസാരിക്കാൻ ഒരാളില്ലാത്തതും സ്വന്തം വികാരങ്ങൾ മനസ്സിലാക്കപ്പെടുന്നില്ലെന്ന തോന്നലും ഇത്തരം അനുഭവങ്ങളെ കൂടുതൽ ബുദ്ധിമുട്ടേറിയതാക്കാം.
അതുകൊണ്ട് വിശ്വസിക്കാവുന്ന സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധം നിലനിർത്തുക. സ്വന്തം സന്തോഷങ്ങളും പ്രയാസങ്ങളും പങ്കുവെക്കുക. ആവശ്യമായപ്പോൾ സഹായം സ്വീകരിക്കാൻ മടിക്കരുത്.
മറ്റുള്ളവർക്ക് നൽകുന്നതുപോലെ സ്നേഹവും കരുതലും സ്വീകരിക്കാനുള്ള അവകാശവും നമുക്കുണ്ട്.
സ്വന്തം വികാരങ്ങൾക്ക് ഇടം നൽകുക
എല്ലായ്പ്പോഴും സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും ഇരിക്കണമെന്ന സമ്മർദംതന്നെ ചിലപ്പോൾ മാനസികഭാരമായി മാറാം.
ജീവിതത്തിൽ സന്തോഷം മാത്രമല്ല, സങ്കടം, ദേഷ്യം, നിരാശ, ഭയം, അസൂയ തുടങ്ങിയ വികാരങ്ങളും സ്വാഭാവികമാണ്. അവ അനുഭവപ്പെടുന്നത് വ്യക്തിത്വത്തിലെ ബലഹീനതയല്ല.
വികാരങ്ങളെ നിഷേധിക്കുന്നതിനുപകരം അവയ്ക്ക് പേരിടാനും അവയുടെ കാരണങ്ങൾ മനസ്സിലാക്കാനും ശ്രമിക്കുക.
'എനിക്കിപ്പോൾ ദേഷ്യമാണ്', 'ഞാൻ കടുത്ത ക്ഷീണം അനുഭവിക്കുന്നു', 'എനിക്ക് ഈ സാഹചര്യത്തിൽ പിന്തുണ ആവശ്യമാണ്' എന്നിങ്ങനെ സ്വന്തം അനുഭവങ്ങളെ തിരിച്ചറിയുന്നത് കൂടുതൽ ആലോചിച്ച് പ്രതികരിക്കാൻ സഹായിക്കും.
വികാരങ്ങളെ അംഗീകരിക്കുക എന്നത് അവയുടെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കാനുള്ള അനുവാദമല്ല. വികാരങ്ങളും പെരുമാറ്റങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനും ആരോഗ്യകരമായി പ്രതികരിക്കാനും പഠിക്കേണ്ടതുണ്ട്.
വിശ്രമം അലസതയല്ല; പരിചരണം വ്യക്തിയുടെ മാത്രം ഉത്തരവാദിത്തവുമല്ല
തിരക്കിനെയും അമിതാധ്വാനത്തെയും വിജയത്തിന്റെ അടയാളങ്ങളായി കാണുന്ന പ്രവണത നമ്മുടെ സമൂഹത്തിലുണ്ട്. വിശ്രമിക്കാൻ സമയം കണ്ടെത്തുന്നവർ ഉത്തരവാദിത്തബോധമില്ലാത്തവരാണെന്ന ധാരണയും ചില സാഹചര്യങ്ങളിൽ നിലനിൽക്കുന്നു.
എന്നാൽ നിരന്തരമായ സമ്മർദവും വിശ്രമക്കുറവും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം.
ലോകാരോഗ്യ സംഘടന 2026 സെപ്റ്റംബറിൽ പുതുക്കിയ തൊഴിൽസ്ഥലത്തെ മാനസികാരോഗ്യ മാർഗനിർദേശങ്ങളിൽ അമിത ജോലിഭാരം, നീണ്ടതും ക്രമരഹിതവുമായ ജോലിസമയം, തൊഴിലിടത്തിലെ വിവേചനം, പിന്തുണയുടെ അഭാവം തുടങ്ങിയവയെ പ്രധാന മാനസികാരോഗ്യ അപകടഘടകങ്ങളായി ചൂണ്ടിക്കാട്ടുന്നു.
ഇവിടെ ഒരു കാര്യം പ്രത്യേകം ഓർക്കണം. വ്യക്തിയുടെ എല്ലാ മാനസികപ്രശ്നങ്ങൾക്കും കാരണം സ്വന്തം ജീവിതശൈലിയിലെ കുറവുകളാണെന്ന് പറയാനാവില്ല.
സാമ്പത്തിക ബുദ്ധിമുട്ടുകൾ, കുടുംബത്തിലെ അസമമായ ഉത്തരവാദിത്തങ്ങൾ, പരിചരണജോലികളുടെ അമിതഭാരം, തൊഴിലിടത്തിലെ ചൂഷണം, സാമൂഹികസാഹചര്യങ്ങൾ എന്നിവയും മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു.
സ്വയം പരിചരണം വ്യക്തിപരമായ ശീലങ്ങൾ മെച്ചപ്പെടുത്തുന്നതിൽ മാത്രം ഒതുങ്ങരുത്. കുടുംബത്തിൽ ഉത്തരവാദിത്തങ്ങൾ പങ്കുവെക്കുന്നതും തൊഴിലിടങ്ങളിൽ ആരോഗ്യകരമായ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതും ആവശ്യമായ പിന്തുണാസംവിധാനങ്ങൾ സൃഷ്ടിക്കുന്നതും അതിന്റെ ഭാഗമാണ്.
മാറ്റങ്ങൾ എവിടെനിന്ന് തുടങ്ങണം?
ആരോഗ്യകരമായ ജീവിതത്തിനായി ഒറ്റദിവസംകൊണ്ട് എല്ലാ ശീലങ്ങളും മാറ്റേണ്ടതില്ല. അപ്രായോഗികമായ വലിയ ലക്ഷ്യങ്ങളേക്കാൾ സ്ഥിരമായി പിന്തുടരാൻ കഴിയുന്ന ചെറിയ മാറ്റങ്ങളാണ് ഉചിതം.
ദിവസവും ഏതാനും മിനിറ്റ് സ്വന്തം മാനസികാവസ്ഥ വിലയിരുത്തുക. അടുത്ത ദിവസം ചെയ്യേണ്ട കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനൊപ്പം വിശ്രമത്തിനും സമയം നിശ്ചയിക്കുക. സാധ്യമെങ്കിൽ പ്രകൃതിയോടൊത്ത് കുറച്ചുസമയം ചെലവഴിക്കുക. ഇഷ്ടപ്പെട്ട പുസ്തകം വായിക്കുകയോ സംഗീതം ആസ്വദിക്കുകയോ പുതിയൊരു കഴിവ് അഭ്യസിക്കുകയോ ചെയ്യാം.
ദിവസാവസാനം നിങ്ങളോടുതന്നെ മൂന്ന് ചോദ്യങ്ങൾ ചോദിച്ചുനോക്കൂ.
'ഇന്ന് എന്റെ ശരീരത്തിന് ആവശ്യമായ പരിചരണം ഞാൻ നൽകിയോ?'
'എന്റെ മനസ്സിനെ ബുദ്ധിമുട്ടിച്ച ഏതെങ്കിലും കാര്യം തിരിച്ചറിയാനും പരിഹരിക്കാനും ഞാൻ ശ്രമിച്ചോ?'
'നാളെ എനിക്കുവേണ്ടി ചെയ്യാൻ കഴിയുന്ന ചെറിയൊരു നല്ല കാര്യമെന്താണ്?'
ഈ ചോദ്യങ്ങൾക്ക് എല്ലാദിവസവും തൃപ്തികരമായ ഉത്തരങ്ങൾ ലഭിക്കണമെന്നില്ല. അതിൽ പരാജയബോധം തോന്നേണ്ടതുമില്ല. സ്വന്തം ആവശ്യങ്ങൾ തിരിച്ചറിയാനും ക്രമേണ ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കാനുമുള്ള അവസരമായി ഇതിനെ കാണാം.
എപ്പോഴാണ് പ്രൊഫഷണൽ സഹായം തേടേണ്ടത്?
സ്വയം പരിചരണം മാനസികാരോഗ്യസംരക്ഷണത്തിൽ പ്രധാനമാണെങ്കിലും എല്ലാ പ്രശ്നങ്ങൾക്കും അത് മാത്രം മതിയാകണമെന്നില്ല.
തുടർച്ചയായ സങ്കടം, അമിതമായ ഉത്കണ്ഠ, ഉറക്കത്തിലോ വിശപ്പിലോ പ്രകടമായ മാറ്റങ്ങൾ, ഒന്നിലും താൽപര്യമില്ലായ്മ, നിരന്തരമായ ക്ഷീണം, ബന്ധങ്ങളിലും ദൈനംദിന പ്രവർത്തനങ്ങളിലും ബുദ്ധിമുട്ടുകൾ തുടങ്ങിയവ അനുഭവപ്പെടുകയാണെങ്കിൽ അവ അവഗണിക്കരുത്.
പ്രത്യേകിച്ച് ഇത്തരം ലക്ഷണങ്ങൾ രണ്ടാഴ്ചയോ അതിലധികമോ തുടരുകയോ ജീവിതത്തെ കാര്യമായി ബാധിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ഒരു 'ബയോ-സൈക്കോ-സോഷ്യൽ കൗൺസലിങ് എടുക്കുന്നതിനു വേണ്ടി യോഗ്യതയുള്ള മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടുക . ലക്ഷണങ്ങൾ ഗുരുതരമാണെങ്കിൽ രണ്ടാഴ്ച കാത്തിരിക്കേണ്ടതില്ല.
പ്രൊഫഷണൽ സഹായം തേടുന്നത് ബലഹീനതയുടെ അടയാളമല്ല; സ്വന്തം ആരോഗ്യത്തോടുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്.
നിങ്ങളും നിങ്ങളുടെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒരാളാണ്
നമ്മുടെ ജീവിതത്തിന്റെ വലിയൊരു ഭാഗം മറ്റുള്ളവരുടെ സന്തോഷത്തിനും അംഗീകാരത്തിനും പ്രതീക്ഷകൾക്കും വേണ്ടി മാറ്റിവെക്കുമ്പോൾ സ്വന്തം ആവശ്യങ്ങൾ പലപ്പോഴും പിന്നിലാകുന്നു.
എന്നാൽ മറ്റുള്ളവരെ സ്നേഹിക്കാൻ സ്വന്തം സന്തോഷങ്ങൾ പൂർണമായി ഉപേക്ഷിക്കേണ്ടതില്ല. നല്ലൊരു ജീവിതപങ്കാളിയോ മാതാവോ പിതാവോ സുഹൃത്തോ സഹപ്രവർത്തകനോ ആകുന്നതിനൊപ്പം സ്വന്തം വ്യക്തിത്വവും താൽപര്യങ്ങളും ആരോഗ്യവും സംരക്ഷിക്കാനുള്ള അവകാശവും ഓരോ വ്യക്തിക്കുമുണ്ട്.
സ്വയം സ്നേഹിക്കുക എന്നത് ജീവിതത്തിലെ എല്ലാ ദിവസങ്ങളും സന്തോഷകരമാക്കാനുള്ള വിദ്യയല്ല. സന്തോഷത്തിലും സങ്കടത്തിലും വിജയത്തിലും പരാജയത്തിലും സ്വയം ബഹുമാനിക്കാനും ആവശ്യമായ പരിചരണം നൽകാനും പഠിക്കുന്ന പ്രക്രിയയാണ്.
മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്നതിനിടയിൽ സ്വന്തം ജീവിതം ജീവിക്കാൻ മറന്നുപോകരുത്. കാരണം, നിങ്ങളുടെ സ്നേഹവും കരുതലും പരിഗണനയും അർഹിക്കുന്നവരുടെ കൂട്ടത്തിൽ നിങ്ങളും ഉണ്ടാകണം.
Content Highlights: Discover the essential differences between self love and self care, and how each contributes uniquely to personal health and happiness.
Published: 26 Oct 2026, 09:55 am IST
ABOUT THE AUTHOR

Anwar Karakkadan
anwarkarakkadan@gmail.comസൈക്കോളജിസ്റ്റ്, മെഡിക്കൽ & സൈക്യാട്രിക് സോഷ്യൽ വർക്കർ, ചൈൽഡ്, അഡോളസെന്റ് & റിലേഷൻഷിപ്പ് കൗൺസിലർ.
കുട്ടികളുടെ സംരക്ഷണത്തിലും മാനസികാരോഗ്യ രംഗത്തും 15 വർഷത്തിലേറെയായി സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് അൻവർ കാരക്കാടൻ. മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും (MSW), സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും (MSc) നേടിയിട്ടുണ്ട്.
.Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented