സ്തനാർബുദ  അവബോധമാസത്തിൽ ഇത്തവണ പറയാനുള്ളത് രവിയുടെ ജീവിതത്തെക്കുറിച്ചാണ്. ഭാര്യയും ഭർത്താവും കൂടിയാണ് അന്ന് ഒ.പിയിൽ വന്നത്. രോഗിയുടെ പേര് രവി, 52 വയസ്സ്. എന്താണ് ബുദ്ധിമുട്ട്  എന്ന് ചോദിച്ചപ്പോൾ രവി തെല്ല് ലജ്ജയോടെ തലതാഴ്ത്തിക്കൊണ്ട് പറഞ്ഞു.
 
നെഞ്ചിൽ ഒരു തടിപ്പുണ്ട്.

To advertise here,

എത്രകാലമായി എന്ന് ഞാൻ ചോദിച്ചതിനും, ഹിസ്റ്ററി കൂടുതൽ അറിയാൻ ചോദിക്കുന്ന ഓരോ ചോദ്യങ്ങൾക്കും ഉത്തരം പറയാൻ അയാൾ ഒരുപാട് വിമുഖത കാണിക്കുന്നത് പോലെ തോന്നി. എന്റെ മുഖത്തു നോക്കുന്നതേയില്ല.

അയാളുടെ ഈ പെരുമാറ്റം മനസിലാക്കിയ ഭാര്യയാണ് കാര്യങ്ങൾ പിന്നീട് പറഞ്ഞത്..

ഏകദേശം ഒരു വർഷത്തിൽ കൂടുതലായി മാഡം. ഇപ്പോൾ തന്നെ ഞാൻ നിർബന്ധിച്ചാണ്  കാണിക്കാൻ വരാൻ കൂട്ടാക്കിയത്. അദ്ദേഹം ഹിസ്റ്ററി അധ്യാപകനാണ്. ഞങ്ങൾക്ക് 17 വയസ്സും 15 വയസ്സുള്ള രണ്ട് ആൺകുട്ടികളുണ്ട്.

രവിയേട്ടൻ വളരെ ആക്ടീവായിട്ടുള്ള ആളാണ്. അതുകൊണ്ടുതന്നെ പൂർണ്ണ ആരോഗ്യവാനാണ് എന്നാണ് കരുതിയിരുന്നത്. അത്യാവശ്യം ആരോഗ്യ കാര്യങ്ങൾ  ശ്രദ്ധിക്കുന്നൊരാൾ തന്നെയാണ് അദ്ദേഹം.

ഭർത്താവിനെ കുറിച്ച് പറയുമ്പോൾ ആ സ്ത്രീയ്ക്ക് നൂറു  നാവായിരുന്നു, അവരെത്ര മാത്രം ഭർത്താവിന്റെ കാര്യത്തിൽ ആകുലപ്പെട്ടിരിക്കുന്നു എന്നുള്ളത്  അവരുടെ വർത്തമാനത്തിൽ നിന്നു തന്നെ വ്യക്തമായിരുന്നു.

ഒരു ദിവസം രാവിലെ കുളി കഴിഞ്ഞ്  തോർത്തുമ്പോഴാണ്  മുലക്കണ്ണിന്റെ കീഴിൽ ചെറിയ തടിപ്പുള്ളതായി കാണുന്നത്. ആദ്യം ഇതൊരു മുഖക്കുരു പോലെയേ തോന്നിയിരുന്നുള്ളു. ആഴ്ചകൾ കഴിഞ്ഞിട്ടും ആ തടിപ്പ്  മാറിയില്ല, മാത്രമല്ല കുറച്ചു വലുതാവുന്നുമുണ്ട്. അവർ പറഞ്ഞു തുടങ്ങി. ഭാര്യ പലപ്പോഴായി  ഡോക്ടറെ കാണിക്കാൻ പറയുമ്പോഴും  രവി പറഞ്ഞിരുന്നത്, മുഴ ഉപദ്രവകാരി ഒന്നുമല്ലല്ലോ എന്നാണ്. വേദനയോ മറ്റു വിഷമങ്ങളും ഒന്നും തന്നെയില്ല താനും. അതുകൊണ്ടുതന്നെ കുഴപ്പമില്ല എന്നാണ് രവി വിശ്വസിച്ചിരുന്നത്.

ഫാമിലി ഹിസ്റ്ററി ചോദിച്ചപ്പോഴാണ് രവിയുടെ 'അമ്മ അദ്ദേഹത്തിന് ഏകദേശം 10 വയസുള്ളപ്പോൾ മരിച്ചതാണ് ,എന്തോ കാൻസറായിരുന്നുവെന്നു മാത്രം അറിയാം , ഏതു ഭാഗത്തായിരുന്നു എന്നുള്ള കൃത്യധാരണ ആർക്കുമില്ല.

രവിക്ക് പരിശോധനക്കു വരെ മടിയായിരുന്നു. പിന്നീട്  കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി. പരിശോധനയ്ക്കും ബയോപ്സിക്കും വിധേയമാക്കി. രവിക്ക് ഒന്നുമില്ല എന്നാണ് അവരപ്പോഴും വിചാരിച്ചിരുന്നത്.

പക്ഷേ റിസൾട്ട്  വന്നപ്പോൾ സ്തനാർബുദം തന്നെയായിരുന്നു. രവിയെ സംബന്ധിച്ച് കാൻസർ ആയിരുന്നില്ല പ്രശ്നം. പക്ഷെ സ്തനാർബുദം എന്നതായിരുന്നു.
 
ശരീരത്തിന്റെ മറ്റേതു ഭാഗത്തെ കാൻസർ ആണെങ്കിലും  എനിക്ക് ഒരു കുഴപ്പമില്ലായിരുന്നു ഡോക്ടർ.. പക്ഷെ  ഇതിപ്പോൾ  സ്ത്രീകൾക്ക് വരുന്ന പോലത്തെ കാൻസർ  എനിക്ക് വന്നതാണ് എന്റെ ആകെയുള്ള  പ്രശ്നം.- രവി പറഞ്ഞു.

ഭാര്യ എല്ലാകാര്യത്തിനും രവിയുടെ കൂടെത്തന്നെ ഉണ്ടായിരുന്നു, കുട്ടികൾ ചെറുപ്പമാണ് അവർക്ക് മുഴുവനായും കാര്യങ്ങൾ  മനസ്സിലായില്ലെങ്കിലും എന്തോ കുഴപ്പമുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. അടുത്ത സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും വരെ രോഗം രഹസ്യമായി വെക്കാൻ രവി തീരുമാനിച്ചിരുന്നു. ചികിത്സ എടുക്കാൻ ആദ്യം വിമുഖത കാണിച്ചെങ്കിലും കൗൺസിലിങ്ങുകൾ രവിയെ സഹായിച്ചു.

സർജറിയും  കീമോതെറാപ്പിയും ഒന്നും  രവിയെ സംബന്ധിച്ച് വലിയ പ്രശ്നമേയായിരുന്നില്ല . പക്ഷേ "സ്തനാർബുദം" എന്ന പേരുമാത്രമായിരുന്നു രവിയെ അലട്ടിക്കൊണ്ടിരുന്നത്. മാസങ്ങൾക്ക് ശേഷം ശരിയായ ചികിത്സയിലൂടെ രവിയുടെ അസുഖം പരിപൂർണമായി മാറി. ഈ സമയം രവി ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കാണാൻ തയ്യാറായിരുന്നില്ല.

ഒരുപാടു കൗൺസിലിങ്ങുകൾക്ക് ശേഷമാണ് രവി നോർമലായി  തുടങ്ങിയത്. അസുഖത്തെ അസുഖമായി കാണാൻ രവി ശീലിച്ചിരുന്നു. എന്നാലും രവിക്ക് എങ്ങനെ ഈ അസുഖം വന്നു എന്നത് അയാളെ  ഏറ്റവും  അലട്ടിയിരുന്ന ഒരു ചോദ്യമായിരുന്നു. വ്യക്തമായൊരു ഉത്തരം നൽകാൻ ബുദ്ധിമുട്ടാണ്  , ഒരു പക്ഷെ രവിയുടെ  അമ്മക്ക് ഒവേറിയൻ കാൻസറോ, സ്തനാർബുദമോ ആയിരിക്കും ഉണ്ടായിരുന്നത്. പാരമ്പര്യമായി വന്നതോ, ജനിതക  മ്യൂട്ടേഷൻസ് സംഭവിച്ചതോ ആവാനുള്ള സാധ്യത കൂടുതലാണ്. രവിക്കും അനിയത്തിക്കും ജനറ്റിക് ടെസ്റ്റ് ചെയ്യാൻ ഞാൻ നിർദേശിച്ചിരുന്നു.

കണക്കുകൾ പ്രകാരം സ്ത്രീകളെ ബാധിക്കുന്ന അർബുദത്തിൽ ഒന്നാം സ്ഥാനത്താണ് സ്തനാർബുദം. പക്ഷെ അതു പുരുഷന്മാരിലും വരാം എന്ന് ആരും ചിന്തിക്കാറില്ല. ഒരുപക്ഷേ സ്ത്രീകൾക്ക് മാത്രം വരുന്ന രോഗം തനിക്കു വന്നെന്ന് അറിഞ്ഞാൽ സമൂഹം എങ്ങനെ പ്രതികരിക്കും എന്ന ചിന്താഗതിയാവാം രവി എന്ന വ്യക്തിയെ ലക്ഷണങ്ങൾ കണ്ടിട്ടും ഡോക്ടറെ കാണിക്കാൻ തോന്നിപ്പിക്കാതിരുന്നത്. അതുമല്ലെങ്കിൽ അതു സ്ത്രീകൾക്ക് മാത്രം വരുന്നതല്ലേ എന്ന തെറ്റിധാരണയുമാകാം.

പുരുഷന്മാരിൽ സ്തനാർബുദമോ ?

സ്തനാർബുദം മിക്കപ്പോഴും സ്ത്രീകളിലാണ് കാണപ്പെടുന്നത്, എന്നാൽ പുരുഷന്മാർക്കും സ്തനാർബുദം വരാറുണ്ട്.  100 സ്തനാർബുദങ്ങളിൽ 1 എണ്ണം  പുരുഷനിൽ കാണപ്പെടുന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

രോഗലക്ഷണങ്ങൾ എന്തൊക്കെയാണ്?

  • സ്തനത്തിൽ മുഴ അല്ലെങ്കിൽ വീക്കം.
  • സ്തനത്തിൽ ചുവപ്പ് അല്ലെങ്കിൽ അടരുന്ന ചർമം.
  • മുലക്കണ്ണിൽ നിന്നുള്ള ഡിസ്ചാർജ്
  • മുലക്കണ്ണ് വലിയുക, അല്ലെങ്കിൽ മുലക്കണ്ണ് ഭാഗത്ത് വേദന.

ക്യാൻസർ അല്ലാത്ത മറ്റ് അവസ്ഥകളിലും ഈ ലക്ഷണങ്ങൾ ഉണ്ടാകാം. നിങ്ങൾക്ക് എന്തെങ്കിലും ലക്ഷണങ്ങളോ മാറ്റങ്ങളോ ഉണ്ടെങ്കിൽ, ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.
 
എന്താണ് അപകട ഘടകങ്ങൾ?

  • ഒരു പുരുഷന് സ്തനാർബുദം വരാനുള്ള സാധ്യത വർധിപ്പിക്കാൻ നിരവധി ഘടകങ്ങൾ കാരണമാകും.
  • പ്രായം കൂടുന്നതിനനുസരിച്ച് സ്തനാർബുദ സാധ്യത വർധിക്കുന്നു.
  • പുരുഷന്മാരിൽ 50 വയസ്സിനു ശേഷമാണ് മിക്ക സ്തനാർബുദങ്ങളും കണ്ടുവരുന്നത്
  • ജനിതകമാറ്റങ്ങൾ: BRCA1, BRCA2 പോലുള്ള ചില ജീനുകളിലെ പാരമ്പര്യ മാറ്റങ്ങൾ (മ്യൂട്ടേഷനുകൾ) സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നു.
  • സ്തനാർബുദത്തിന്റെ കുടുംബ ചരിത്രം: അടുത്ത കുടുംബാംഗങ്ങൾക്ക് സ്തനാർബുദമുണ്ടെങ്കിൽ പുരുഷന് സ്തനാർബുദ സാധ്യത കൂടുതലാണ്.
  • റേഡിയേഷൻ തെറാപ്പി ചികിത്സ: നെഞ്ചിൽ റേഡിയേഷൻ തെറാപ്പി നടത്തിയ പുരുഷന്മാർക്ക് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്.

ഹോർമോൺ തെറാപ്പി ചികിത്സ

മുൻകാലങ്ങളിൽ പ്രോസ്റ്റേറ്റ് കാൻസർ ചികിത്സിക്കാൻ ഉപയോഗിച്ചിരുന്ന ഈസ്ട്രജൻ (സ്ത്രീ ലൈംഗിക സ്വഭാവസവിശേഷതകൾ വികസിപ്പിക്കാനും നിലനിർത്താനും സഹായിക്കുന്ന ഹോർമോൺ) അടങ്ങിയ മരുന്നുകൾ പുരുഷന്മാരിൽ സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നു.

ക്ലൈൻഫെൽറ്റർ സിൻഡ്രോം. ക്ലൈൻഫെൽറ്റർ സിൻഡ്രോം എന്നത് ഒരു പുരുഷന് എക്സ് ക്രോമസോം കൂടുതലുള്ള ഒരു അപൂർവ ജനിതക അവസ്ഥയാണ്. ഇത് ശരീരത്തിൽ ഈസ്ട്രജന്റെ ഉയർന്ന അളവിലും ആൻഡ്രോജന്റെ (പുരുഷ ലൈംഗിക സ്വഭാവസവിശേഷതകൾ വികസിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും സഹായിക്കുന്ന ഹോർമോണുകൾ) താഴ്ന്ന നിലയിലേക്ക് നയിക്കും.

വൃഷണങ്ങളെ ബാധിക്കുന്ന ചില അവസ്ഥകൾ സ്തനാർബുദ സാധ്യത വർധിപ്പിക്കും.

കരൾ രോഗം. കരളിലെ സിറോസിസ്  പുരുഷന്മാരിൽ ആൻഡ്രോജന്റെ അളവ് കുറയ്ക്കുകയും ഈസ്ട്രജന്റെ അളവ് വർധിപ്പിക്കുകയും ചെയ്യും, ഇത് സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നു.

അമിതഭാരവും പൊണ്ണത്തടിയും. സാധാരണ ഭാരമുള്ള പുരുഷന്മാരേക്കാൾ അമിതഭാരമോ അമിതവണ്ണമോ ഉള്ള പ്രായമായ പുരുഷന്മാർക്ക് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്.

റിസ്ക് കുറയ്ക്കാൻ  എന്തു ചെയ്യാം?

നിങ്ങളുടെ കുടുംബത്തിലെ ആർക്കെങ്കിലും സ്തനാർബുദമോ അണ്ഡാശയ ക്യാൻസറോ ഉണ്ടെങ്കിലോ നിങ്ങളുടെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും  BRCA1 അല്ലെങ്കിൽ BRCA2 മ്യൂട്ടേഷൻ ഉണ്ടെങ്കിലോ ശ്രദ്ധിക്കുക .

പുരുഷന്മാരിൽ, BRCA1, BRCA2 ജീനുകളിലെ മ്യൂട്ടേഷനുകൾ സ്തനാർബുദം, ഉയർന്ന ഗ്രേഡ് പ്രോസ്റ്റേറ്റ് കാൻസർ, പാൻക്രിയാറ്റിക് ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. നിങ്ങൾക്ക് BRCA1 അല്ലെങ്കിൽ BRCA2 ജീൻ മ്യൂട്ടേഷൻ ഉണ്ടെന്ന് ജനിതക പരിശോധന കാണിക്കുകയാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം
 
സ്തനാർബുദം എങ്ങനെയാണ് ചികിത്സിക്കുന്നത്?
 
സ്തനാർബുദം പല വിധത്തിലാണ് ചികിത്സിക്കുന്നത്. ഇത് സ്തനാർബുദത്തിന്റെ ടൈപ്പിനെയും  അത് എത്രത്തോളം വ്യാപിച്ചു എന്നതിനെയും  ആശ്രയിച്ചിരിക്കുന്നു. പലപ്പോഴും  ഒന്നിലധികം ചികിത്സകൾ വേണ്ടി വരുന്നു. സ്ത്രീകളിലാണെങ്കിലും പുരുഷന്മാരിലാണെങ്കിലും  നേരത്തെ കണ്ടെത്തിയാൽ സ്തനാർബുദ ചികിത്സ എളുപ്പവും സുരക്ഷിതവുമാണ്.