ന്ന് മാർച്ച് 13. നോ സ്‌മോക്കിങ് ഡേ. ഇന്ത്യയിൽ എല്ലാ മാർച്ച് മാസത്തിലെയും രണ്ടാമത്തെ ബുധനാഴ്ച പുകവലി വിരുദ്ധ ദിനമായാണ് ആചരിക്കുന്നത്. ഇന്ന് പറയാനുള്ളത് രണ്ടുപേരുടെ ജീവിതമാണ്. ഒരു സുഹൃത്തിനെ സഹായിക്കണമെന്നു പറഞ്ഞാണ് സ്വാതി  എന്നെ വിളിച്ചത്, ആദ്യ പരിചയപപ്പെടുത്തലിൽ തന്നെ ചെറിയ പരുങ്ങലും വിഷമവുമൊക്കെ ഉണ്ടായിരുന്നു.

To advertise here,

"ഡോക്ടർ ഞാൻ കൊച്ചിയിൽ നിന്നാണ് വിളിക്കുന്നത്, ഡോക്ടർ ബിസി ആണോ? ഞാൻ ഒരു ഹെൽപ്പിന് വേണ്ടിയാണ് വിളിച്ചത്, ശ്രീവിദ്യ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണ്. അവളും കൊച്ചിയിൽ തന്നെയാണ് താമസം. അവൾക്ക് വേണ്ടിയാണ് ഞാൻ വിളിക്കുന്നത്.

ആള് ഭയങ്കര വർക്ക് ഹോളിക്ക് ആണ്. ഹൈ പൊസിഷനിലാണ്. എല്ലാംകൊണ്ടും ഭയങ്കര അടിപൊളിയാണ്, കുറെ അനാഥ കുട്ടികളെയൊക്കെ നോക്കി വളർത്തി അവരെ ലീഡ് ചെയ്തു കൊണ്ടൊക്കെ ഒരുപാട് സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന ഒരാളാണ് അവൾ.

അവർക്ക് നേരിട്ട് വരാൻ ബുദ്ധിമുട്ടാണ് ഡോക്ടർ. ദൂരം മാത്രമായിരുന്നില്ല അവരുടെ പ്രശ്നം, നേരിട്ട് ഡോക്ടറെ കാണാനും കൂടിയുള്ള ബുദ്ധിമുട്ട്.. ഓൺലൈൻ പറ്റുമോ എന്നായിരുന്നു ആദ്യ ചോദ്യം.

ഞാൻ നേരിട്ടുള്ള കൗൺസിലിംഗ് ഇഷ്ടപ്പെടുന്ന ഒരാളാണ്. ഓൺലൈൻ കൺസൾട്ടേഷൻ വളരെ ചുരുക്കം പേർക്കേ ചെയ്തിട്ടുള്ളൂ.. ഇങ്ങനെയൊരു ആവശ്യം പറഞ്ഞപ്പോൾ " നോ" പറയാനും തോന്നിയില്ല..

പിറ്റേദിവസം കൗൺസിലിങ് എടുക്കേണ്ടയാൾ തന്നെ എന്നെ വിളിച്ചു തുടങ്ങി. ഓൺലൈൻ കൺസൾട്ടേഷന്റെ ആദ്യ സെഷൻ ആരംഭിച്ചു..

അസെസ്​മെന്റ് ഫോമിലെ  ഓരോ ചോദ്യങ്ങളുടേയും ഉത്തരം ഞെട്ടിക്കുന്നതായിരുന്നു. പക്ഷേ, അത് മുൻവിധിയില്ലാതെ കേൾക്കുന്നതാണല്ലോ എന്‍റെ ഉത്തരവാദിത്വം.

ശ്രീവിദ്യയുടെ ഈ ശീലങ്ങൾ പ്ലസ് ടൂ കഴിഞ്ഞപ്പോഴാണ് തുടങ്ങിയതത്രേ, സാധാരണ ഒരു ഗ്രാമത്തിൽ നിന്ന് പ്ലസ് ടു വരെ നല്ല രീതിയിൽ പഠിച്ചു. ടോപ്പറായി ഏറ്റവും നല്ല കോളേജിൽ എൻജിനീയറിങ്ങിന് അഡ്മിഷൻ കിട്ടിയ കുട്ടി.. സത്യത്തിൽ എൻജിനീയറിങ്ങിനു ചേർന്നത് അവളെ സംബന്ധിച്ച് ഒരു വലിയ പറിച്ചുനടലായിരുന്നു.

പുതിയ ലോകത്തേക്കുള്ള പുതിയ പുതിയ ശീലങ്ങളിലേക്കുള്ള പറിച്ചുനടൽ.... ഒരുപക്ഷേ എൻജിനീയറിങ്ങിന്‍റെ കുറെ സപ്ലികൾക്കു പിന്നിൽപ്പോലും ഒരു രസത്തിന് തുടങ്ങിയ ഈ പുകവലി കാരണമായിരുന്നു.. പഠിക്കുന്ന രാത്രികളിൽ ഏകാന്തത മാറ്റാനും ഉറക്കം വരാതിരിക്കാനും ഒരു രസത്തിനും തുടങ്ങിയ പുകവലി. പിന്നീട്  എങ്ങനെയൊക്കെയോ പഠിച്ചു പാസ്സ് ആയി.

കാലങ്ങൾ പിന്നിട്ടിട്ടും ആ ശീലങ്ങൾ മാത്രം മാറ്റാൻ കഴിഞ്ഞില്ല. പതിയെ പതിയെ പുകവലി ജീവിതത്തിൽ തനി സ്വരൂപം കാണിക്കാൻ തുടങ്ങി. വായിൽ കയ്പ്പും ഭക്ഷണത്തിന് രുചിയില്ലായ്മ, വായിൽ വെളുത്ത പാടുകൾ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾ. പുകവലിയാണ് കാരണം എന്നറിയാം. പക്ഷേ നിർത്താൻ കഴിയുന്നില്ല.

കൗൺസിലിംഗിന്റെ ഒരുപാടു സെഷനുകൾ വേണ്ടിവന്നു സത്യത്തിൽ അവരെ ഈ ശീലത്തിൽ നിന്നും  പൂർണമായും പുറത്തേക്കു കൊണ്ടുവരാൻ. ഇന്ന് ശ്രീവിദ്യ പൂർണ സന്തോഷവതിയാണ്. ഇനിയൊരിക്കലും പഴയ പുകവലി ലോകത്തേക്കില്ല എന്ന് ശ്രീവിദ്യ ഉറപ്പിച്ചു.

മറ്റൊരു ജീവിതം ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ശ്രാവണിന്റേത് ആയിരുന്നു. ബി ടെക്കിന് പഠിക്കുമ്പോൾ തുടങ്ങിയ ശീലം ആണ്. മദ്യപാന സദസ്സിൽ വല്ലപ്പോഴും മാത്രം ഒരു കമ്പനിക്ക് വലിച്ച് തുടങ്ങിയതാണ്. വെറുതെ ഫോട്ടോ എടുക്കൽ, പാസ് ചെയ്തു വലിക്കുമ്പോഴുള്ള രസം ഇവ ഒക്കെയായിരുന്നു തുടക്കം. സുഹൃത്തുക്കളുടെ എണ്ണം കൂടിക്കൂടി വന്നു, ഒത്തു ചേരലുകളുടെ എണ്ണവും. അതോടൊപ്പം ജീവിതത്തിൽ സന്തോഷവും സങ്കടവും കൂടിക്കൂടി വന്നു. എല്ലാത്തിന്റെയും കൂടെ സിഗററ്റിന്റെയും എണ്ണം കൂടി. ഒന്നും രണ്ടുമല്ല, പാക്കറ്റ് കണക്കിന് സിഗരറ്റുകൾ നിർത്താതെ  വലിച്ച് തള്ളിക്കൊണ്ടിരുന്നു. എന്നിട്ടും മതിയാകുന്നില്ല. രാത്രി ഇടയ്ക്കിടെ എണീറ്റ് സിഗരറ്റ് വലിക്കുന്ന അവസ്ഥയിലേക്ക് വരെ എത്തി. സിഗരെറ്റിനൊപ്പം നിർത്താതെ ചുമയും കൂടെക്കൂടി.

ആദ്യമൊക്കെ ആരും അറിയാതെ സിഗരറ്റ് വലിക്കുന്ന ശ്രാവൺ ആരുടെ മുൻപിലും നിന്ന് സിഗരറ്റ് വലിക്കുന്ന അവസ്ഥയിലെത്തിയപ്പോളാണ് വീട്ടുകാർ എല്ലാം അറിഞ്ഞത്. അങ്ങനെ ശ്രാവണിന്റെ അനിയത്തിയാണ് അവനെയും കൊണ്ട് എന്റെ അടുത്തേക്ക് വന്നത്. ശ്രാവണിന് ഈ ഭീകരാവസ്ഥയിൽ നിന്ന് രക്ഷപ്പെടണം എന്നുണ്ടായിരുന്നു. പക്ഷേ,  കഴിയുന്നില്ല. അങ്ങനെ കൗൺസിലിങ്ങും മരുന്നുകളും തുടങ്ങി. പക്ഷേ, വീണ്ടും ബെംഗളൂരുവിൽ പോയപ്പോൾ മരുന്നുകളെല്ലാം നിർത്തി. വീണ്ടും വലി തുടങ്ങി. ചുമ പഴയതിനെക്കാളും ഭീകരമായി തിരിച്ചു വന്നു. ചുമക്കുമ്പോൾ രക്തം വരാൻ തുടങ്ങിയതോടെ തിരിച്ച് നാട്ടിലെത്തി. ഇപ്രാവശ്യം ശ്രാവൺ മനസ്സാൽ ഉറപ്പിച്ചിരുന്നു. പുകവലിയിലേക്ക് ഇനി മടക്കമില്ല എന്ന്. കൃത്യമായ കൗൺസിലിങ്ങും മരുന്നും ശ്രാവണിന്റെ ജീവിതം തിരിച്ചുതന്നു. നാട്ടിൽ വരുമ്പോൾ ടെസ്റ്റുകൾക്കായി ഇപ്പോഴും ശ്രാവൺ എത്താറുണ്ട്. എന്നാൽ പുകവലി ശ്രാവണിന്റെ കൂടെ പിന്നെ എത്തിയിട്ടേയില്ല. വലിയൊരു അപകടത്തിൽ നിന്നും ഒരുവിധത്തിൽ രക്ഷപ്പെട്ട രണ്ട് പേരായിരുന്നു ശ്രീവിദ്യയും ശ്രാവണും. 

പുകവലി അങ്ങനെയാണ്. എല്ലാവരും പുകവലി വെറുതെ ഒരു രസത്തിനു വേണ്ടി മാത്രം  പരീക്ഷിക്കുന്നതാണ്. പക്ഷേ,  ലഹരിയുടെ വല്ലാത്ത ഒരു ലോകത്തേക്ക് അത് വലിക്കുന്നയാളെ കൈ പിടിച്ചു കൊണ്ട് പോകും. തുടങ്ങിയ അധികം ആളുകളും പുകവലിക്ക് അങ്ങനെയാണ് അടിമയായിപ്പോകാറുള്ളത്. അതിൽ തിരിച്ചു വരുന്നവരുടെ എണ്ണം വളരെ വളരെ കുറവുമാണ്.

ഓരോ വർഷവും ഏഴു ദശലക്ഷം പേരെയാണ് പുകവലി കൊല്ലുന്നത്, ഉത്പാദന നഷ്ടവും ആരോഗ്യരംഗത്തെ ചെലവുകളും 1.4 ട്രില്യൺ ഡോളർ വരും എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 6 ദശലക്ഷം മരണങ്ങൾ നേരിട്ടുള്ള പുകയില ഉപയോഗം മൂലമാണ്. എന്നാൽ നിഷ്ക്രിയ പുകവലിയും അതുപോലെതന്നെ മാരകമാണ്‌. അധികമാരും ശ്രദ്ധിച്ചില്ലെങ്കിലും നിഷ്ക്രിയ പുകവലി സാദാ പുകവലി പോലെതന്നെ മാരകമാകുന്നു. കാരണം നാലായിരത്തിൽ കൂടുതൽ രാസവസ്തുക്കളടങ്ങിയ ഈ പുകയിൽ 250 എണ്ണം അതീവ അപകടകാരികളാണ്. ഇതിൽ എൺപതിലധികം രാസവസ്തുക്കൾ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളാണ്. കൂടാതെ  നിഷ്ക്രിയ പുകവലി ഹൃദയസംബന്ധവും ശ്വാസകോശസംബന്ധവുമായ നിരവധി രോഗങ്ങൾക്കും കാരണമാകുന്നു. പൊതുസ്ഥലങ്ങളിലെ പുകവലിമൂലം കുട്ടികളും പുകയിലയുടെ പുക ശ്വസിക്കാൻ ഇടവരുകയും ഇത് കുട്ടികളിലെ ശ്വാസകോശസംബദ്ധമായ അസുഖങ്ങൾക്കും പലതരത്തിലുള്ള അർബുദങ്ങൾക്കും വരെ കാരണമാകുകയും ചെയ്യുന്നു. നിഷ്ക്രിയ പുകവലി ഗർഭിണികളിൽ ഭാരം കുറഞ്ഞ കുഞ്ഞു ജനിക്കാൻവരെ ഇടയാക്കുന്നുണ്ട്.

പുകവലി നിർത്താൻ വിവിധ രീതികൾ നിലവിലുണ്ട്. തുടക്കത്തിലുള്ള പുകവലി കൗൺസിലിങ്ങിലൂടെ മാറ്റാൻ കഴിയുന്നതാണ്. പുകവലിക്ക് അടിമയായാൽ കൗൺസിലിങ്ങിലൂടെയും മരുന്നുകളിലൂടെയും പൂർണമായും മാറ്റാൻ കഴിയും. ഇത് തീർത്തും സുരക്ഷിതമായ രീതിയുമാണ്.

പുകവലി പൂർണമായും നിർത്താൻ പുകവലിക്കാർ നന്നായി ഒരുങ്ങേണ്ടതുണ്ട്. കൂടാതെ പുകവലി പിന്മാറ്റ ലക്ഷണങ്ങൾ ഫലപ്രദമായി നിയന്ത്രിക്കേണ്ടതുണ്ട്. ഈ സമയം അതീവ നിർണായകമാണ്. മരുന്നും കൃത്യമായ മാനസികപിന്തുണയും ഉണ്ടെങ്കിൽ നിക്കോട്ടിൻ നമ്മുടെ ശരീരത്തിൽ ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ ലളിതമായി മറികടക്കാവുന്നതാണ്.

പുകയില വിമുക്തിക്ക് 5 ഘട്ടങ്ങളുണ്ട്. 5 A മോഡൽ എന്നാണ് ഇതറിയപ്പെടുന്നത്.

Ask, Assess, Advise, Assist, Arrange ഇതാണ് 5 A model.

  • Ask - വ്യക്തിയോട് പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെക്കുറിച്ചും എത്രത്തോളം നിർത്താൻ ആഗ്രഹിക്കുന്നു എന്നതിനെപറ്റിയും ചോദിച്ചു മനസ്സിലാക്കുന്നു.
  •  Assess - തീവ്രത, സിഗരറ്റുകളുടെ എണ്ണം, ഉപയോഗിക്കുന്നതിന്റെ ഇടവേള, സിഗരറ്റ് ഉപയോഗിക്കാൻ നയിക്കുന്ന കാര്യങ്ങൾ, മാനസികാരോഗ്യ ആരോഗ്യപ്രശ്നങ്ങൾ, നിർത്താൻ ഉണ്ടായ പ്രചോദനം എന്നിവയെ പറ്റി ചോദിച്ചു മനസ്സിലാക്കുന്ന ഘട്ടം.
  • Advise - പുകയില നിർത്താനുള്ള ഉപദേശങ്ങൾ നൽകാം, brief ടെക്നിക്കുകൾ കൊടുക്കുന്നു, ദൂഷ്യവശങ്ങളെ പറ്റി ബോധവൽക്കരിക്കുന്നു.
  • Assist - Quit ഡേറ്റ് കണ്ടെത്താനും ആവശ്യമായ ചികിത്സ ഉറപ്പിക്കാനും സഹായിക്കുന്നു..
  • Arrange - ചികിത്സ തുടങ്ങിയവർക്ക് തുടർന്നുള്ള സേവനങ്ങൾ നൽകുന്നു.

പുകവലി നിർത്താൻ ആഗ്രഹിക്കുന്നവർ പുകവലി പൂർണമായും ഉപേക്ഷിക്കുന്ന ദിവസത്തിനായി തയ്യാറെടുക്കുക എന്നതാണ് ആദ്യം ചെയ്യണ്ടത്. ഇതിനായി പുകവലി പൂർണമായും ഉപേക്ഷിക്കാൻ തീരുമാനം കൈക്കൊള്ളണം. പുകവലി നിർത്താൻ  തീരുമാനിച്ചുകഴിഞ്ഞാൽ, അത് ഉപേക്ഷിക്കുന്ന തീയതി ഉറപ്പിക്കണം. അതായത് ന്യൂ ഇയർ, ബർത്ത് ഡേ, വിവാഹ വാർഷികദിവസം അങ്ങനെ ഏതെങ്കിലും ദിവസം തിരഞ്ഞെടുക്കാം. ഏറ്റവും അടുത്തുള്ള  തീയതി തിരഞ്ഞെടുക്കുന്നത് ആണ് ഏറ്റവും നല്ലത്. ഇത് മാനസികമായും ശാരീരികമായും സ്വയം തയ്യാറാക്കാൻ മതിയായ സമയം നൽകുന്നു.

  • പുകവലി നിർത്താൻ നിരവധി മാർഗങ്ങളുണ്ട്, ഏതു തിരഞ്ഞെടുക്കണം എന്ന് ഓരോരുത്തർക്കും  സ്വയം തീരുമാനിക്കാം
  • പെട്ടെന്ന് ഉപേക്ഷിക്കുക, അല്ലെങ്കിൽ നിങ്ങൾ ഉപേക്ഷിക്കുന്ന തീയതി വരെ പുകവലി തുടരുക, തുടർന്ന് ഒറ്റയടിക്ക് നിർത്തുക.
  • ക്രമേണ ഉപേക്ഷിക്കുക, അല്ലെങ്കിൽ നിങ്ങൾ ഉപേക്ഷിക്കുന്ന തീയതി വരെ സാവധാനം സിഗരറ്റ് വലിക്കുന്നതിന്റെ എണ്ണം കുറയ്ക്കുക, തുടർന്ന് നിർത്തുക.
  • പുകവലി നിർത്തുന്ന ദിവസം തിരഞ്ഞെടുത്തു കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; 
  • ഏതെങ്കിലും തരത്തിൽ തിരക്കിൽ ഏർപ്പെടുക. എൻ‌ആർ‌ടി (NICOTINE REPLACEMENT THERAPY) ഉപയോഗിക്കാൻ നിങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ എൻ‌ആർ‌ടിയുടെ ഉപയോഗം ഉടൻ ആരംഭിക്കുക.
  • പുകവലി നിർമാർജന പരിപാടിയിൽ പങ്കെടുക്കുകയോ അല്ലെങ്കിൽ ഒരു സ്വയം സഹായ പദ്ധതി പിന്തുടരുകയോ ചെയ്യുക.
  • കൂടുതൽ വെള്ളവും ജ്യൂസും കുടിക്കുക.
  • മദ്യം ഉപയോഗിക്കുന്നവരാണെങ്കിൽ അതും ഒഴിവാക്കുക
  • പുകവലിക്കുന്ന വ്യക്തികളുമായുള്ള സമ്പർക്കം ഒഴിവാക്കുക.
  • പുകവലിക്കാനുള്ള ശക്തമായ പ്രേരണയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
  • നിങ്ങൾ പുകവലി നിർത്തുന്ന ദിവസത്തിൽ പലതവണ പുകവലിക്കാനുള്ള ത്വര നിങ്ങൾക്ക് മിക്കവാറും അനുഭവപ്പെടും.
  • പുകവലിക്കാനുള്ള പ്രേരണയെ ചെറുക്കാൻ ഇനിപ്പറയുന്ന പ്രവർത്തനങ്ങൾ നിങ്ങളെ സഹായിച്ചേക്കാം.
  • ആസക്തി കടന്നുപോകുന്നതുവരെ കാത്തിരിക്കുക.
  • പുകവലിക്കാനുള്ള ത്വര പലപ്പോഴും 3 മുതൽ 5 മിനിറ്റിനുള്ളിൽ വരുന്നു.
  • അങ്ങിനെ തോന്നുമ്പോൾ ദീർഘശ്വാസം ഇടയ്ക്കിടെ എടുക്കുക.
  • ആസക്തിയെ മറികടക്കാൻ വെള്ളം കുറച്ച് കുറച്ചായി കുടിച്ചുകൊണ്ടിരിക്കുക.
  •  സ്വയം ശ്രദ്ധ തിരിക്കാൻ മറ്റെന്തെങ്കിലും ചെയ്യുക.
  • ഇടക്ക് പുറത്തിറങ്ങി  നടക്കുക.

NRT (Nicotine Replacement Therapy) പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്ന മികച്ച ഒരു മാർഗമാണിത്. പുകവലി ഉപേക്ഷിക്കാനുള്ള  ശ്രമത്തെ തടസ്സപ്പെടുത്തിയേക്കാവുന്ന ആസക്തിയും പിൻവലിയൽ  ലക്ഷണങ്ങളും എൻ‌ആർ‌ടിക്ക് കുറയ്ക്കാൻ കഴിയും. ശാരീരീരത്തിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി നിയന്ത്രിത അളവിൽ നിക്കോട്ടിൻ നൽകുന്നതിനാണ് എൻ‌ആർ‌ടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ തലകറക്കം, ബലഹീനത, ഓക്കാനം, ഛർദ്ദി, വേഗതയേറിയ അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയമിടിപ്പ്, വായ സംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ ചർമത്തിന്റെ വീക്കം എന്നിവ ചിലരിലെങ്കിലും അനുഭവപ്പെടാറുണ്ട്. അത്തരം സാഹചര്യത്തിൽ ഉടൻ ഡോക്ടറെ ബന്ധപ്പെടുക.

പുകവലി ശീലം ഒഴിവാക്കാൻ മരുന്നുപയോഗിച്ചുള്ള ചികിത്സയിൽ സഹായിക്കുന്നതിന് നിക്കോട്ടിൻ രഹിതമായ രണ്ട് മരുന്നുകൾ എഫ്ഡിഎ അംഗീകരിച്ചിട്ടുണ്ട്. ഡോക്ടറുടെയോ ടുബാക്കോ സെസേഷൻ സ്പെഷ്യലിസ്റ്റിന്റെയോ നിർദ്ദേശപ്രകാരവും മേൽനോട്ടത്തിലും മാത്രമാണ് ഈ മരുന്നുകളെല്ലാം ഉപയോഗിക്കാൻ പാടുള്ളു.

തലച്ചോറിലെ രാസവസ്തുക്കളിൽ പ്രവർത്തിക്കുന്ന ഈ മരുന്നുകൾ  നിക്കോട്ടിൻ ആസക്തിയിൽ കുറവ് വരുത്തുന്നതിൽ പങ്കുവഹിക്കുകയും നിക്കോട്ടിൻ പിൻവലിക്കലിന്റെ ലക്ഷണങ്ങളും ബുദ്ധിമുട്ടുകളും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഈ മരുന്നുകൾ ടാബ്‌ലെറ്റ് രൂപത്തിൽ പന്ത്രണ്ട് ആഴ്ച്ച കഴിക്കുന്ന മരുന്നുകളാണ്. ആ സമയം കൊണ്ട്  വിജയകരമായി പുകവലി ഉപേക്ഷിച്ചാലും പുകവലി വീണ്ടും തുടങ്ങുവാനുളള സാധ്യത കുറയ്ക്കുന്നതിനായി ഈ മരുന്നുകൾ  3 മുതൽ 6 മാസം വരെ  ഉപയോഗിക്കേണ്ടി വരാറുണ്ട്.

പെരുമാറ്റ വ്യതിയാനങ്ങൾ, വിഷാദാവസ്ഥ, മോശം മാനസികാവസ്ഥ, കോപം, ശത്രുതാ മനോഭാവം, ആത്മഹത്യാ പ്രവണതകൾ അല്ലെങ്കിൽ ശ്രമങ്ങൾ എന്നിവ ഈ മരുന്നുകൾ ഉപയോഗിക്കുന്നത് മൂലം ചിലരിൽ ഉണ്ടാകാൻ സാധ്യതയുണ്ട് . അതുകൊണ്ടുതന്നെ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഈ മരുന്നുകൾ ഉപയോഗിക്കാൻ പാടുള്ളു.

പുകവലി ഒഴിവാക്കാൻ വ്യക്തിഗത കൗൺസിലിംഗ് ഏറ്റവും ഫലപ്രദമായ പെരുമാറ്റ പിന്തുണാ രീതിയാണ്. നാഷണൽ ഹെൽത്ത് മിഷനും ഡിപ്പാർട്ടമെന്റ് ഓഫ് ഹെൽത്തും സംയുക്തമായുള്ള സംരംഭമായുള്ള ദിശ ഇത്തരം ചികിത്സകൾ സൗജന്യമായി നൽകുന്നുണ്ട്. പുകവലി ശീലമാക്കിയവർ അത് ഉപേക്ഷിക്കുമെന്ന തീരുമാനമെടുക്കുക. ശാസ്ത്രീയമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് നിക്കോട്ടിൻ ആസക്തിയിൽ നിന്ന് പൂർണമായും മുക്തമാവാനും നല്ല ജീവിതം  ആരംഭിക്കുവാനും കഴിയും. ആരോഗ്യമുള്ള സമൂഹത്തിനായും പരിസ്ഥിതിക്കായും പുകയില വിരുദ്ധ പ്രവർത്തനങ്ങളിൽ നമുക്കും പങ്കാളികളാകാം. ഏതെങ്കിലും തരത്തിൽ ഇങ്ങനെ ബുദ്ധിമുട്ടുന്നവരുണ്ടെങ്കിൽ പുകവലിയിൽ നിന്നും അവരെ മോചിപ്പിക്കാൻ  നമുക്കെല്ലാവർക്കും സഹായിക്കാം.