ന്ന് വളരെ അസ്വസ്ഥയായിട്ടാണ്  മരിയ  ഭർത്താവിനെയും കൂട്ടി ഒപിയിൽ വന്നത്. രണ്ടുവർഷം മുമ്പ്  എന്റെ  പേഷ്യന്റ് ആയിരുന്ന മേരിയുടെ മകളാണ്  മരിയ.

To advertise here,

മരിയയെ ഞാൻ ആദ്യം കണ്ടത് മേരി ആന്റിയുടെ കൂടെ വന്നപ്പോഴാണ്. അന്ന് മരിയയ്ക്ക് ഏകദേശം 28 വയസ്സ് കാണും. വളരെ ചുറു ചുറുക്കോടെയാണ്  കാര്യങ്ങളൊക്കെ ചെയ്തിരുന്നത്. സംശയങ്ങളൊക്കെ വിളിച്ചു ചോദിക്കാറൊക്കെയുണ്ട്. മരിയയ്ക്ക് ഒരു അനിയത്തിയാണുള്ളത്, മേരി ആന്റിയുടെ എല്ലാ കാര്യങ്ങളും മരിയ തന്നെയാണ് നോക്കിയിരുന്നത്. അച്ഛനും കിടപ്പിലായതുകൊണ്ടുതന്നെ ഏറെ കഷ്ടപ്പെട്ടിട്ടാണ് അവൾ മേരിയാന്റിയുടെ ചികിത്സ പൂർത്തീകരിച്ചത് എന്നറിയാമായിരുന്നു.

കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആകുന്നതേയുള്ളൂ. ശരീരം കണ്ടപ്പോഴേ കുറച്ച് മെലിഞ്ഞതുപോലെ തോന്നിയിരുന്നു. അമ്മയുടെ വിവരം പറയാൻ വന്നതാണ് എന്നാണ് ഞാനാദ്യം കരുതിയത്. പക്ഷേ  സ്വന്തം പ്രശ്നങ്ങളെ കുറിച്ചുള്ള ആധിയിലാണ് മരിയ വന്നത്.

അമ്മയ്ക്ക്  സ്തനാർബുദമായിരുന്നു. കാൻസർ  സ്ഥിരീകരിച്ചത് മുതൽ കാൻസറിനെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെക്കുറിച്ചുമെല്ലാം മരിയയ്ക്ക് അറിയുന്നതുകൊണ്ടുതന്നെ അവൾക്കും ചെറിയൊരു സംശയം തോന്നിയിട്ടുണ്ടാവും. പല രീതിയിലുള്ള വിഷമങ്ങളാണ് അവൾക്ക് പറയാനുണ്ടായിരുന്നത്. ഒട്ടും വിശപ്പില്ലായ്മ, ഒന്നും കഴിക്കാൻ പറ്റുന്നില്ല, കഴിക്കുമ്പോഴേക്കും വയറു നിറഞ്ഞതുപോലുള്ള തോന്നൽ.

അവൾ അതു പറഞ്ഞപ്പോൾ ഭർത്താവ് കൂട്ടിച്ചേർത്തു, ഓരോ ഡയറ്റ് എന്നു പറഞ്ഞ് ആറുമാസം എന്തൊക്കെയോ ചെയ്തിരുന്നു... അതിനുശേഷം ഇപ്പോൾ ഒന്നും കഴിക്കാൻ വേണ്ട എന്ന തോന്നലാണെന്ന്. ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം മുന്നിൽ  വെച്ചാൽപോലും കഴിക്കാൻ പറ്റാത്ത അവസ്ഥയായി. കട്ടിയുള്ള ആഹാരം ഒന്നും വേണ്ട എന്ന തോന്നൽ,  വല്ലപ്പോഴും ജ്യൂസ് ആണ് കുടിക്കാറുള്ളതെന്നും പറഞ്ഞു.

ഭക്ഷണം കഴിക്കാത്തതുകൊണ്ടാവാം ക്ഷീണവും കൂടുതലാണ്. ഞങ്ങൾ ബെംഗളൂരുവിൽ നിന്ന് ബ്ലഡ് ടെസ്റ്റുകൾ എല്ലാം ചെയ്തുനോക്കി നോർമൽ ആണെന്നാണ് കാണിക്കുന്നത്. വേറെ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ല താനും. 

ബാക്കി ഹിസ്റ്ററികൾ ചോദിച്ചപ്പോൾ പുറംവേദന ചെറുതായിട്ടുണ്ട് എന്ന് പറഞ്ഞു. പിന്നെ ഒരു വർഷമായിട്ടും കുട്ടിയാവാത്തതു കൊണ്ട് ഡോക്ടറെ കാണിച്ചിരുന്നു. കുടുംബ ജീവിതത്തിലും  ആകെ പ്രശ്നങ്ങളായിരുന്നു. ലൈംഗികബന്ധം കഠിനമായ വേദന നിറഞ്ഞതായിരുന്നു.

അമ്മയ്ക്ക്  മാറിലെ കാൻസറുള്ളത് കൊണ്ടുതന്നെ എല്ലാമൊന്ന് ടെസ്റ്റ് ചെയ്യാം എന്ന് മരിയയോട് പറഞ്ഞു. ബ്രെസ്റ്റ്  അൾട്രാസൗണ്ട്, വയറിന്റെ സ്കാൻ, CA 125 (അണ്ഡാശയ കാൻസർ കണ്ടുപിടിക്കാനുള്ള ട്യൂമർ മാർക്കർ), പാപ് സ്മിയർ ടെസ്റ്റ് (സെർവികൽ കാൻസർ സ്ക്രീനിംഗ് ) എന്നിവയെല്ലാം എഴുതിക്കൊടുത്തു. പിന്നീട് അവരെന്നെ കാണാൻ വന്നത് ആ റിസൾട്ടുമായാണ്. മരിയയുടെ റിസൾട്ടിൽ അണ്ഡാശയത്തിൽ മുഴ കണ്ടെത്തി (ORADS 4), കാൻസറാവാൻ സാധ്യതയുള്ള മുഴയായിരുന്നു അത്.

ബാക്കിയെല്ലാം നോർമലായിരുന്നു. പെട്ടെന്ന് തന്നെ ബയോപ്സിക്കു വിട്ടു. ഒവേറിയൻ കാൻസർ ആയിരുന്നു, സ്റ്റേജ് 2 ആയിട്ടുണ്ട്. എന്തോ ഭാഗ്യത്തിനാണ് മരിയക്ക് ഇപ്പോഴെങ്കിലും വരാൻ തോന്നിയത്, അമ്മയുടെ രോഗസമയത്ത് അവൾ കാണിച്ചിരുന്ന ധൈര്യമൊന്നും ഇപ്പോൾ ഇല്ലാത്തതു പോലെ തോന്നി.

അവസാനമായി എന്നോട് ഒന്നേ ചോദിച്ചുള്ളൂ.. ചികിത്സ കഴിഞ്ഞാൽ തനിക്ക് കുഞ്ഞുങ്ങളുണ്ടാവുന്നുമോയെന്ന്.

മരിയയോട് ആശ്വാസവാക്കുകൾ പറഞ്ഞിട്ട് കാര്യമില്ലെന്ന് എനിക്കറിയാമായിരുന്നു... ഇപ്പോൾ  എന്തു പറഞ്ഞാലും  ഉൾക്കൊള്ളാൻ പറ്റുന്ന ഒരു അവസ്ഥയിലല്ല അവളെന്ന് എനിക്ക് തോന്നി. നമുക്ക് നോക്കാം അസുഖം ആദ്യം മാറട്ടെ എന്നുപറഞ്ഞ് അവരെ സമാധാനിപ്പിച്ചു. ഒന്നര വർഷത്തിന് ശേഷം കുഞ്ഞുവയറുമായി സന്തോഷം പങ്കു വെക്കാനാണ് മരിയ പിന്നീട് വന്നത്. സർജറിയുടെ സമയത്ത് ​ഗർഭപാത്രം മുഴുവൻ എടുത്തു കളയേണ്ടി വന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഗർഭധാരണത്തിന് ബുദ്ധിമുട്ടുണ്ടായില്ല. അത്രയെങ്കിലും നേരത്തെ കണ്ടുപിടിച്ചതാണ് മരിയയുടെ കാര്യത്തിൽ തുണയായത്.

സ്ത്രീകളുടെ  നിശബ്ദ കൊലയാളി എന്നാണ് അണ്ഡാശയ കാൻസർ അറിയപ്പെടുന്നത്. അണ്ഡാശയത്തിലെ അസാധാരണമായ കോശ വളർച്ചയാണ് അണ്ഡാശയ കാൻസറായി മാറുന്നത്. മറ്റു കാൻസറുകളെപ്പോലെ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നില്ലെങ്കിലും അണ്ഡാശയ കാൻസറിന്റെ  എണ്ണം ഇന്ത്യയിൽ കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ സാധാരണമായ മൂന്നാമത്തെ ഗൈനക്കോളജിക്കൽ കാൻസറാണിത്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കനുസരിച്ച് സ്ത്രീകൾക്കിടയിലെ കാൻസറുകളിൽ ഏകദേശം 5 - 6%-വും ഇതു തന്നെയാണ്, അണ്ഡാശയ കാൻസർ ഇത്രയും ഭീകരമാകുന്നതിന്റെ പ്രധാന കാരണം അവബോധക്കുറവും വൈകിയുള്ള രോഗനിർണയവുമാണ്.

എന്താണ് അണ്ഡാശയ അർബുദം അഥവാ അണ്ഡാശയ കാൻസർ?

അണ്ഡാശയ കാൻസർ സാധാരണയായി അണ്ഡാശയത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. പക്ഷേ ഇത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കാറുണ്ട്.

എപ്പിത്തീലിയൽ  ട്യൂമറുകൾ

അണ്ഡാശയത്തിന്റെ പുറംഭാഗത്തെ മൂടുന്ന കോശങ്ങളിൽ നിന്ന് ഉണ്ടാകുന്നവയാണിത്. ജേം സെൽ ട്യൂമറുകൾ അണ്ഡങ്ങൾ  രൂപപ്പെടുന്ന കോശങ്ങളിൽ നിന്നാണ്  ഉത്ഭവിക്കുന്നത്.

സ്ട്രോമൽ ട്യൂമറുകൾ‍‌

 ഹോർമോൺ ഉൽപാദിപ്പിക്കുന്ന കോശങ്ങളിൽ നിന്ന് ഉണ്ടാവുന്നവ

കാരണങ്ങൾ

  • ജനിതക വ്യതിയാനങ്ങൾ (BRCA1,BRCA2)
  • കുടുംബത്തിലെ ആർക്കെങ്കിലും അണ്ഡാശയത്തിലോ സ്തനത്തിലോ ഉള്ള കാൻസർ
  • മൂന്നിലും പ്രായത്തിനനുസരിച്ച് അപകടസാധ്യത വർധിക്കുന്നു
  • ആദ്യകാല ആർത്തവം അഥവാ നേരത്തെ വരുന്ന ആർത്തവം
  • വൈകിയുള്ള ആർത്തവ വിരാമം
  • ഗർഭിണി ആവാതിരിക്കുന്നത്
  • അമിത വണ്ണം
  • Endometriosis എൻഡോമെട്രിയാസിസ് പോലുള്ള ചില മെഡിക്കൽ അവസ്ഥകൾ
  • ഹോർമോണുകളിലുള്ള വ്യതിയാനം

അണ്ഡാശയ കാൻസർ എറ്റവും അപകടകാരമാവുന്നത് അതിന്റെ അവ്യക്തമായ ലക്ഷണങ്ങൾ കൊണ്ടാണ്. അതുകൊണ്ടുതന്നെ പലപ്പോഴും സ്റ്റേജ്  മൂന്നിലും നാലിലുമാണ് അധിക കേസുകളും കണ്ടുപിടിക്കപ്പെടുന്നത്.  

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

  • വയറു വീർക്കുക അല്ലെങ്കിൽ നീരു വെച്ചതുപോലെ തോന്നുക
  • ഇടുപ്പ് ഭാഗങ്ങളിലുള്ള അസ്വസ്ഥത, പുറംവേദന
  • ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, വിശപ്പില്ലായ്മ
  • ഭക്ഷണം കഴിക്കുമ്പോൾ വയറു നിറഞ്ഞതായി തോന്നുക
  • മലബന്ധം പോലുള്ള മലവിസർജന ശീലങ്ങളിലെ മാറ്റങ്ങൾ
  • ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക  എന്നിവ സാധാരണ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

ഈ ലക്ഷണങ്ങൾ കാൻസറിന്റെ ആവണമെന്ന് ഒരു നിർബന്ധവുമില്ല. കാൻസർ അല്ലാത്ത ട്യൂമറുകൾക്കും ഈ ലക്ഷണങ്ങൾ കണ്ടേക്കാം.

അണ്ഡാശയ കാൻസർ നിർണയിക്കുന്നതിന് ഇമേജിംഗ് ടെസ്റ്റുകളും (അൾട്രാ സൗണ്ട്,  സി ടി സ്കാൻ അല്ലെങ്കിൽ എംആർഐ പോലുള്ളവ) രക്ത പരിശോധനകളും CA 125 ട്യൂമർ മാർക്കർ) പോലുള്ളവ ആവശ്യമാണ്. എന്നിരുന്നാലും കൃത്യമായ രോഗനിർണയം ബയോപ്സിയിലൂടെയോ മറ്റു ശസ്ത്രക്രിയ നടപടിക്രമങ്ങളിലൂടെയോ ആണ് ചെയ്യാറുള്ളത്.
 
അണ്ഡാശയ കാൻസറിനുള്ള ചികിത്സാരീതികൾ

രോഗത്തിന്റെ ഘട്ടം, അണ്ഡാശയ കാൻസറിന്റെ തരം, രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യം എന്നിവ ഉൾപ്പെടെ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

സാധാരണ രീതികളിൽ ശസ്ത്രക്രിയ, കീമോതെറാപ്പി, ടാർഗറ്റ് തെറാപ്പി, ചില സന്ദർഭങ്ങളിൽ റേഡിയേഷൻ തെറാപ്പി എന്നിവ ഉൾപ്പെടുന്നു.

ട്യൂമറും ചുറ്റുമുള്ള ടിഷ്യുവും നീക്കം ചെയ്യുക എന്നതാണ് ശസ്ത്രക്രിയയുടെ ലക്ഷ്യം. അതേസമയം കീമോതെറാപ്പിയിൽ കാൻസർ കോശങ്ങളെ നശിപ്പിക്കാൻ ഉള്ള മരുന്നുകൾ ഉപയോഗിക്കുന്നു.

PARP ഇൻഹിബിറ്ററുകൾ പോലെയുള്ള ടാർഗറ്റ് തെറാപ്പി ആരോഗ്യമുള്ള കോശങ്ങൾക്ക് കേടുപാടുകൾ കുറച്ചുകൊണ്ട്  കാൻസർ കോശങ്ങളെ മാത്രം പ്രത്യേകമായി ലക്ഷ്യമിടുന്നു.

അണ്ഡാശയ കാൻസറിനെതിരായുള്ള പോരാട്ടം വെല്ലുവിളികൾ നിറഞ്ഞതാണ്. പരിമിതമായ അവബോധം എപ്പോഴും രോഗനിർണയം വൈകുന്നതിനും  സമയബന്ധിതമായ ഇടപെടലിനെ തടസ്സപ്പെടുത്തുന്നതിനും ചികിത്സയുടെ ഫലപ്രാപ്തി കുറയ്ക്കുന്നതിനും കാരണമാകുന്നു. ബോധവൽക്കരണത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും  അണ്ഡാശയ കാൻസറിന്റെ ഭാരം ഒരു പരിധിവരെ കുറയ്ക്കാം.