സ്തനാർബുദം മിക്കപ്പോഴും സ്ത്രീകളിലാണ് കാണപ്പെടുന്നത്, എന്നാൽ പുരുഷന്മാർക്കും സ്തനാർബുദം വരാറുണ്ട്. 100 സ്തനാർബുദങ്ങളിൽ ഒരെണ്ണം പുരുഷനിൽ കാണപ്പെടുന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

To advertise here,

രോഗലക്ഷണങ്ങൾ എന്തൊക്കെയാണ്?

പുരുഷന്മാരിൽ സ്തനാർബുദത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ ഇവയാണ്-

  • സ്തനത്തിൽ ഒരു മുഴ അല്ലെങ്കിൽ വീക്കം.
  • സ്തനത്തിൽ ചുവപ്പ് അല്ലെങ്കിൽ അടരുന്ന ചർമം.
  • മുലക്കണ്ണിൽ നിന്നുള്ള ഡിസ്ചാർജ്
  • മുലക്കണ്ണ് വലിക്കുക അല്ലെങ്കിൽ മുലക്കണ്ണ് ഭാഗത്ത് വേദന

കാൻസർ അല്ലാത്ത മറ്റ് അവസ്ഥകളിലും ഈ ലക്ഷണങ്ങൾ ഉണ്ടാകാം. നിങ്ങൾക്ക് എന്തെങ്കിലും ലക്ഷണങ്ങളോ മാറ്റങ്ങളോ ഉണ്ടെങ്കിൽ, ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.

എന്താണ് അപകട ഘടകങ്ങൾ?

ഒരു പുരുഷന് സ്തനാർബുദം വരാനുള്ള സാധ്യത വർദ്ധിപ്പിക്കാൻ നിരവധി ഘടകങ്ങൾ കാരണമാകും.

  • പ്രായത്തിനനുസരിച്ച് സ്തനാർബുദ സാധ്യത വർദ്ധിക്കുന്നു. 50 വയസ്സിനു ശേഷമാണ് മിക്ക സ്തനാർബുദങ്ങളും കണ്ടുവരുന്നത്
  • ജനിതകമാറ്റങ്ങൾ. BRCA1, BRCA2 പോലുള്ള ചില ജീനുകളിലെ പാരമ്പര്യ മാറ്റങ്ങൾ (മ്യൂട്ടേഷനുകൾ) സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നു.
  • സ്തനാർബുദത്തിന്റെ കുടുംബ ചരിത്രം
  • അടുത്ത കുടുംബാംഗങ്ങൾക്ക് സ്തനാർബുദമുണ്ടെങ്കിൽ പുരുഷന് സ്തനാർബുദ സാധ്യത കൂടുതലാണ്.

റേഡിയേഷൻ തെറാപ്പി ചികിത്സ

നെഞ്ചിൽ റേഡിയേഷൻ തെറാപ്പി നടത്തിയ പുരുഷന്മാർക്ക് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്.

ഹോർമോൺ തെറാപ്പി ചികിത്സ

മുൻകാലങ്ങളിൽ പ്രോസ്റ്റേറ്റ് കാൻസർ ചികിത്സിക്കാൻ ഉപയോഗിച്ചിരുന്ന ഈസ്ട്രജൻ (സ്ത്രീ ലൈംഗിക സ്വഭാവസവിശേഷതകൾ വികസിപ്പിക്കാനും നിലനിർത്താനും സഹായിക്കുന്ന ഹോർമോൺ) അടങ്ങിയ മരുന്നുകൾ പുരുഷന്മാരിൽ സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നു.

ക്ലൈൻഫെൽറ്റർ സിൻഡ്രോം

ക്ലൈൻഫെൽറ്റർ സിൻഡ്രോം എന്നത് ഒരു പുരുഷന് എക്സ് ക്രോമസോം കൂടുതലുള്ള ഒരു അപൂർവ ജനിതക അവസ്ഥയാണ്. ഇത് ശരീരത്തിൽ ഈസ്ട്രജന്റെ അളവ് ഉയരുന്നതിനും ആൻഡ്രോജന്‍ (പുരുഷ ലൈംഗിക സ്വഭാവസവിശേഷതകൾ വികസിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും സഹായിക്കുന്ന ഹോർമോണുകൾ) താഴ്ന്ന നിലയിലേക്ക് എത്തുന്നതിനും കാരണമാകുന്നു.

വൃഷണങ്ങളെ ബാധിക്കുന്ന ചില അവസ്ഥകൾ സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കും.

കരൾ രോഗം

കരളിലെ സിറോസിസ് പുരുഷന്മാരിൽ ആൻഡ്രോജന്റെ അളവ് കുറയ്ക്കുകയും ഈസ്ട്രജന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും, ഇത് സ്തനാർബുദ സാധ്യത കൂട്ടുന്നു.

അമിതഭാരം

സാധാരണ ഭാരമുള്ള പുരുഷന്മാരെക്കാൾ അമിതഭാരമോ അമിതവണ്ണമോ ഉള്ള പ്രായമായ പുരുഷന്മാർക്ക് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്.

അപകടസാധ്യത കുറയ്ക്കാൻ എന്തു ചെയ്യാം?

നിങ്ങളുടെ കുടുംബത്തിലെ നിരവധി അംഗങ്ങൾക്ക് സ്തനാർബുദമോ അണ്ഡാശയ ക്യാൻസറോ ഉണ്ടെങ്കിലോ നിങ്ങളുടെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും അറിയപ്പെടുന്ന BRCA1 അല്ലെങ്കിൽ BRCA2 മ്യൂട്ടേഷൻ ഉണ്ടെങ്കിലോ, ഈ വിവരം നിങ്ങളുടെ ഡോക്ടറുമായി പങ്കിടുക. ജനിതക കൗൺസിലിംഗിനായി നിങ്ങളുടെ ഡോക്ടർ നിങ്ങളെ റഫർ ചെയ്തേക്കാം. പുരുഷന്മാരിൽ, BRCA1, BRCA2 ജീനുകളിലെ മ്യൂട്ടേഷനുകൾ സ്തനാർബുദം, ഉയർന്ന ഗ്രേഡ് പ്രോസ്റ്റേറ്റ് കാൻസർ, പാൻക്രിയാറ്റിക് ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.

നിങ്ങൾക്ക് BRCA1 അല്ലെങ്കിൽ BRCA2 ജീൻ മ്യൂട്ടേഷൻ ഉണ്ടെന്ന് ജനിതക പരിശോധന കാണിക്കുകയാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം

സ്തനാർബുദം എങ്ങനെയാണ് ചികിത്സിക്കുന്നത്?

സ്തനാർബുദം പല വിധത്തിലാണ് ചികിത്സിക്കുന്നത്. ഇത് സ്തനാർബുദത്തിന്റെ തരത്തെയും അത് എത്രത്തോളം വ്യാപിച്ചു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു.പലപ്പോഴും ഒന്നിലധികം ചികിത്സകൾ വേണ്ടി വരുന്നു .

 

1. ശസ്ത്രക്രിയ 

2 .കീമോതെറാപ്പി

കാൻസർ കോശങ്ങളെ ചുരുക്കാനോ നശിപ്പിക്കാനോ പ്രത്യേക മരുന്നുകൾ ഉപയോഗിക്കുന്നു.

3. ഹോർമോൺ തെറാപ്പി

 കാൻസർ കോശങ്ങൾക്ക് വളരാൻ ആവശ്യമായ ഹോർമോണുകൾ ലഭിക്കുന്നത് തടയുന്നു.

4. റേഡിയേഷൻ തെറാപ്പി

 കാൻസർ കോശങ്ങളെ നശിപ്പിക്കാൻ ഉയർന്ന ഊർജ്ജ രശ്മികൾ (എക്‌സ്-റേയ്ക്ക് സമാനമായി) ഉപയോഗിക്കുന്നു.

സ്തനാർബുദ ചികിത്സയ്ക്കായി വിവിധ സ്പെഷ്യാലിറ്റികളിൽ നിന്നുള്ള ഡോക്ടർമാർ പലപ്പോഴും ഒരുമിച്ച് പ്രവർത്തിക്കുന്നു. ഓപ്പറേഷൻ നടത്തുന്ന ഡോക്ടർമാരാണ് സർജന്മാർ. കാൻസറിനെ മരുന്ന് ഉപയോഗിച്ച് ചികിത്സിക്കുന്ന ഡോക്ടർമാരാണ് മെഡിക്കൽ ഓങ്കോളജിസ്റ്റുകൾ. റേഡിയേഷൻ ഉപയോഗിച്ച് ക്യാൻസറിനെ ചികിത്സിക്കുന്ന ഡോക്ടർമാരാണ് റേഡിയേഷൻ ഓങ്കോളജിസ്റ്റുകൾ.

എന്താണ് ട്രിപ്പിൾ-നെഗറ്റീവ് സ്തനാർബുദം?

ട്രിപ്പിൾ-നെഗറ്റീവ് ബ്രെസ്റ്റ് കാൻസർ എന്നത് സ്തനാർബുദത്തിൽ സാധാരണയായി കാണപ്പെടുന്ന റിസപ്റ്ററുകളൊന്നും ഇല്ലാത്ത തരം സ്തനാർബുദമാണ്.

സാധാരണ കാൻസറുകളിൽ റിസപ്റ്ററുകൾ എന്ന് വിളിക്കപ്പെടുന്ന മൂന്ന് തരം ലോക്കുകൾ ഉണ്ടായിരിക്കാം-

സ്ത്രീ ഹോർമോണുകളായ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ, ഹ്യൂമൻ എപിഡെർമൽ ഗ്രോത്ത് ഫാക്ടർ (HER2) എന്ന പ്രോട്ടീൻ ഇവയൊക്കെയാണ് ആ ലോക്കുകൾ.

ശരീരത്തിൽ ബാധിച്ചിരിക്കുന്ന കാൻസറുകൾക്ക് ഈ മൂന്ന് ലോക്കുകളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ, അത്തരം ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ ഡോക്ടർമാർക്ക് താക്കോലുകളുമുണ്ട് (ഹോർമോൺ തെറാപ്പി അല്ലെങ്കിൽ മറ്റ് മരുന്നുകൾ എന്നിവയാണ് ആ താക്കോലുകൾ).

എന്നാൽ ട്രിപ്പിൾ-നെഗറ്റീവ് സ്തനാർബുദം ഉണ്ടെങ്കിൽ, അതിനർത്ഥം ആ മൂന്ന് ലോക്കുകൾ അവിടെ ഇല്ല എന്നാണ്. അതിനാൽ ചികിത്സയ്ക്കായി ഡോക്ടർമാർക്ക് താക്കോലുകൾ കുറവാണ്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ കീമോതെറാപ്പി ഒരു ഫലപ്രദമായ ഓപ്ഷനാണ്.

ട്രിപ്പിൾ-നെഗറ്റീവ് സ്തനാർബുദം എങ്ങനെയാണ് ചികിത്സിക്കുന്നത്?

  • ട്രിപ്പിൾ-നെഗറ്റീവ് രോഗികൾക്ക് ആദ്യം മുഴ നീക്കം ചെയ്യേണ്ടതുണ്ട്.
  • ഇതിനുള്ള പ്രധാന സർജറികൾ ലംപക്ടമിയും മാസ്റ്റക്ടമിയും ആണ്.

ലംപെക്ടമി

ഒരു ശസ്ത്രക്രിയാ വിദഗ്ധൻ സ്തനത്തിൽ നിന്ന് മുഴ നീക്കം ചെയ്യുന്നു. അർബുദം പടർന്നിട്ടുണ്ടോ എന്നറിയാൻ അടുത്തുള്ള ലിംഫ് നോഡുകളും നീക്കം ചെയ്യുന്നു.

മാസ്റ്റെക്ടമി

മിക്ക മാസ്റ്റക്ടമി സർജറികളിലും മുഴുവൻ സ്തനവും എടുത്തു കളയുകയാണ് ചെയ്യുന്നത് .മാസ്റ്റെക്ടമിയിൽ ശരീരത്തിൽ കാൻസർ പടർന്നിട്ടുണ്ടോ എന്നറിയാൻ സർജൻ അടുത്തുള്ള ലിംഫ് നോഡുകളും നീക്കം ചെയ്യുന്നു. ഇത്തരം ശസ്ത്രക്രിയയ്ക്കിടെ സ്തന പുനർനിർമ്മാണവും ചെയ്യാറുണ്ട്.

എന്നിട്ടും ചികിത്സിക്കാൻ കഴിയാത്ത ഏതെങ്കിലും കാൻസർ കോശങ്ങൾ ഉണ്ടെങ്കിൽ അത് ടാർഗെറ്റ് ചെയ്യാൻ കീമോതെറാപ്പി ചികിത്സയുണ്ട് - ഇങ്ങനെ ചെയ്തില്ലെങ്കിൽ സ്തനത്തിൽ അവശേഷിക്കുന്ന മറ്റ് കോശങ്ങൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചേക്കാം. ചിലപ്പോൾ കാൻസർ ശസ്ത്രക്രിയയ്ക്ക് മുന്‍പ് ഡോക്ടർമാർ കീമോതെറാപ്പി ശുപാർശ ചെയ്യാറുണ്ട്.

റേഡിയേഷൻ

ലംപെക്ടമിക്ക് ശേഷം സാധാരണയായി റേഡിയേഷൻ തെറാപ്പി നടത്തുന്നു. ശരീരത്തിൽ ഏതെങ്കിലും കാൻസർ കോശങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിൽ അവയെ നശിപ്പിക്കാനാണ് റേഡിയേഷൻ തെറാപ്പി ചെയ്യുന്നത് .. ഇതിനായി പ്രതിദിനം 20 മിനിറ്റ് സമയമെടുക്കും. ഈ ചികിത്സ എടുക്കുന്ന ഭൂരിഭാഗം പേരും ആഴ്ചയിൽ നാലോ അഞ്ചോ ദിവസം എന്ന കണക്കിൽ ഏകദേശം ആറാഴ്ചത്തേക്ക് ഈ ചികിത്സ എടുക്കാറുണ്ട് .

സ്തനാർബുദ സാധ്യത കുറയ്ക്കാൻ എന്തുചെയ്യാൻ കഴിയും?

നിത്യ ജീവിതത്തിൽ പല ഘടകങ്ങളും സ്തനാർബുദ സാധ്യതയെ സ്വാധീനിക്കും. പ്രായമാകൽ അല്ലെങ്കിൽ പാരമ്പര്യ ഘടകങ്ങൾ എന്നിവ മാറ്റാൻ നമുക്ക് കഴിയില്ല, എന്നാൽ ഇനി പറയുന്ന വഴികളിലൂടെ നിങ്ങളുടെ ആരോഗ്യം പരിപാലിക്കുന്നതിലൂടെ സ്തനാർബുദ സാധ്യത കുറയ്ക്കാൻ സാധിക്കും.

  • ആരോഗ്യകരമായ ഭാരം നിലനിർത്തുക.
  • ശാരീരികമായി സജീവമായിരിക്കുക.
  • മദ്യവും പുകവലിയും ഒഴിവാക്കുക .
  • ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി അല്ലെങ്കിൽ ഓവർ ദി കൗണ്ടർ ഗർഭനിരോധന ഗുളികകൾ എന്നിവ പരമാവധി ഒഴിവാക്കുക .
  • നിങ്ങൾക്ക് സ്തനാർബുദത്തിന്റെ ഫാമിലി ഹിസ്റ്ററിയോ BRCA1, BRCA2 ജീനുകളിൽ പാരമ്പര്യമായ മാറ്റങ്ങളോ ഉണ്ടെങ്കിൽ, നിങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള മറ്റു വഴികളെക്കുറിച്ച് ഡോക്ടറോട് സംസാരിക്കുക.
  • ആരോഗ്യത്തോടെ ചിട്ടയായുള്ള ജീവിതം ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കും, അഥവാ ക്യാൻസർ വന്നാലും അത് എളുപ്പത്തിൽ അതിജീവിക്കാൻ ചിട്ടയായ ജീവിതക്രമം സഹായിക്കും.

അതിജീവനത്തിനു ശേഷം

സ്തനാർബുദത്തെ അതിജീവിച്ചവർ ജീവിതത്തെ കൂടുതൽ അടുത്തറിയുന്നു. ഇവർക്കായി ലോകമെമ്പാടും നിരവധി കൂട്ടായ്മകൾ ഉണ്ട്. ചിലരെങ്കിലും വിഷാദ അവസ്ഥയിലേക്ക് കടന്നു പോകാറുണ്ടെങ്കിലും കൂടുതൽ പേരും കൂട്ടായ്മയിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നവരാണ്. ചില രാജ്യങ്ങളിലൊക്കെ സ്തനാർബുദ അതിജീവിതർ ഫോട്ടോ ഷൂട്ട് ഒക്കെ നടത്തി ആണ് ഇത്തരം തിരിച്ചു വരവുകൾ ആഘോഷിക്കാറുള്ളത്. സ്തനാർബുദ അതിജീവിതർക്കു നമ്മുടെ നാട്ടിലും ഒട്ടേറേ കൂട്ടായ്മകൾ നിലവിലുണ്ട്.ഡോക്ടർമാരും സന്നദ്ധ പ്രവർത്തകരും നല്ല സുഹൃത്തുക്കളായി അവരുടെ' കൂടെ ഉണ്ടാവാറുണ്ട്. യോഗ, നൃത്തം , സംഗീതം, കൃത്യമായ വ്യായാമം എന്നിവ അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ സഹായിക്കുന്ന ഘടകങ്ങൾ ആണ്. കാൻസറിനെ പേടിക്കാതെ എന്നാൽ മനസിലാക്കി കൊണ്ട് കാൻസർ ഇല്ലാത്ത ലോകത്തേക്ക് മുന്നേറാം.