
Representative Image| Photo: Canva.com
ഭാര്യയും ഭർത്താവും കൂടിയാണ് ക്ലിനിക്കിലേക്ക് ചെക്കപ്പിന് വന്നത്. രണ്ടുപേരും ബാങ്ക് ഉദ്യോഗസ്ഥരാണ്. വിദ്യാഭ്യാസമുള്ള ദമ്പതികൾ. റെഗുലറായ ചെക്കപ്പ് പോലെ തന്നെ ശാന്തമായിരുന്നു അവരുടെ മുഖം.
ഹിസ്റ്ററി ചോദിച്ചപ്പോൾ പ്രത്യേകിച്ചൊന്നും പറയാനില്ലായിരുന്നു. മുൻപ് സർജറികൾ ചെയ്തതായോ, അലർജിയോ, മെഡിക്കൽ ഹിസ്റ്ററികളോ അല്ലെങ്കിൽ കുടുംബത്തിൽ ആർക്കെങ്കിലും ബുദ്ധിമുട്ടോ ഒന്നും തന്നെയില്ല..
എന്നാൽ ക്ലിനിക്കൽ പരിശോധന നടത്തിയപ്പോൾ മാറിന്റെ ഭാഗത്തായി ചെറിയൊരു കട്ടി പോലെ കണ്ടു. ഞാൻ സാധാരണ പോലെ തന്നെ അവരോട് ചോദിച്ചു നിങ്ങൾ ഇത് മുൻപ് ശ്രദ്ധിച്ചിട്ടുണ്ടോ?
അവർ ബാഗിൽ നിന്ന് ഒരു മാമോഗ്രാം റിപ്പോർട്ട് പുറത്തെടുത്തു. റിപ്പോർട്ട് നോക്കിയപ്പോൾ ബിറാഡ്സ് 4 ലീഷൻ.
Adv FNAC എഫ്എൻഎസി (Fine Needle Aspiration Biopsy) കോ റിലേഷൻ.
FNAC റിപ്പോർട്ട് ചോദിച്ചപ്പോൾ, അത് ഞങ്ങൾ ചെയ്തില്ല ഡോക്ടർ എന്നാണ് ഉത്തരം പറഞ്ഞത്, എന്താണ് ചെയ്യാതിരുന്നതെന്നു ചോദിച്ചപ്പോൾ പറഞ്ഞതു കേട്ട് ഞാൻ ഞെട്ടിപ്പോയി. "അന്ന് കണ്ട ഡോക്ടർ അത് മുഴുവനായി നിർബന്ധിച്ച് ചെയ്യിപ്പിച്ചിട്ടുണ്ടായിട്ടില്ല. വേണമെങ്കിൽ ചെയ്യാം എന്ന രീതിയിലാണ് പറഞ്ഞതെന്ന്."
എന്താണെങ്കിലും ഒരു മാമോഗ്രാം ഇന്നുതന്നെ പെട്ടെന്ന് ചെയ്യണം അതിനുശേഷം നമുക്ക് തീരുമാനിക്കാം എന്ന് പറഞ്ഞ് അവരെ പറഞ്ഞുവിട്ടു.
ഉച്ചയായപ്പോൾ ബാക്കി ചെക്കപ്പിന്റെ റിപ്പോർട്ടുകൾ നോക്കി. അതിൽ മാമോഗ്രാം കാണുന്നില്ല. എന്താണ് മാമോഗ്രാം എടുക്കാതിരുന്നത്, ഞാൻ മാമോഗ്രാം എടുക്കണമെന്നുള്ളത് പ്രത്യേകം പറഞ്ഞതല്ലേ എന്ന് ചോദിച്ചു.
ഞങ്ങൾ ലീവ് എടുത്ത് കാനഡയിലേക്ക് മകളുടെ പ്രസവത്തിനായി പോവുകയാണ്. എന്തെങ്കിലുമുണ്ടെങ്കിൽ ബുദ്ധിമുട്ട് ആവില്ലേ എന്നോർത്താണ്. പരിശോധനകൾ കൊണ്ട് യാത്ര വൈകിയാൽ പിന്നീട് അത് ബുദ്ധിമുട്ടാവും- എന്നായിരുന്നു അവരുടെ മറുപടി.
അമ്മയുടെ മനസ്സിലെ സംഘർഷം എനിക്ക് മനസ്സിലായി. പക്ഷേ മാമോഗ്രാം എടുക്കാതെ അവരെ പറഞ്ഞയക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല.
പിന്നീട് നിർബന്ധിച്ചു പറഞ്ഞപ്പോഴും അവർ ഒട്ടും കേൾക്കുന്നുണ്ടായിരുന്നില്ല. അതേസമയം അവർ പറഞ്ഞ ഒരു വാചകം എന്റെ മനസ്സിൽ തങ്ങി "ആരും തന്നെ എന്നെ എഫ്എൻഎസി ചെയ്യാൻ നിർബന്ധിച്ചില്ല".
ഞാൻ പ്രാക്ടീസ് തുടങ്ങിയ സമയത്ത് രോഗികളെ ഒരു കാര്യത്തിനും നിർബന്ധിക്കരുതെന്ന് കരുതിയിരുന്നു. പക്ഷേ വർഷങ്ങൾക്കുശേഷം ചില സാഹചര്യങ്ങളിൽ ഒരിത്തിരി കൂടുതൽ നിർബന്ധിക്കുന്നത് നല്ലതാണെന്ന് മനസ്സിലായി. കാരണം നിർബന്ധിച്ചില്ലെങ്കിൽ ഇതുപോലെയാണ് പലരും ചെയ്യുക.
അങ്ങനെ അവരോട് കൃത്യമായി മാമോഗ്രാം ചെയ്യണമെന്ന് നിർബന്ധിച്ചു പറഞ്ഞു. റിപ്പോർട്ട് കിട്ടിയപ്പോൾ ബിരാഡ്സ് 4 ലീഷൻ. ഉടൻ തന്നെ ബയോപ്‌സി പറഞ്ഞു.
മക്കൾക്ക് അമ്മമാരെ ആരോഗ്യത്തോടെ കാണാനാണ് ഇഷ്ടം. കുറച്ചു ദിവസം വൈകിപ്പോയാലും ആരോഗ്യത്തോടെ പോകുന്നതല്ലേ നല്ലതെന്ന് ഞാൻ പറഞ്ഞു. അപ്പോഴാണ് പിന്നെയും ഞെട്ടിക്കുന്ന പറച്ചിൽ എന്റെ ചേച്ചിക്കും ഇതുപോലെ തന്നെ ആയിരുന്നു.
ഒന്നുകൂടി വിശദമായി ചോദിച്ചപ്പോഴാണ് 53-ാം വയസ്സിൽ ചേച്ചിക്ക് മാറിലെ കാൻസർ വന്നു ചികിത്സയെടുത്തതിനേക്കുറിച്ചും ഇപ്പോൾ കുഴപ്പമില്ലാതെയിരിക്കുന്നുവെന്നും പറഞ്ഞത്. ഇതെന്താ നേരത്തെ ചോദിച്ചപ്പോൾ പറയാതിരുന്നത് എന്നതിന് അന്നേ ആ ഡോക്ടർ എന്നോടും ടെസ്റ്റുകൾ ചെയ്യാനും ജനിതക പരിശോധന ചെയ്യാനുമൊക്കെ നിർദ്ദേശിച്ചിരുന്നു എന്നാണ് മറുപടിയായി പറഞ്ഞത്.
ഇനി മാഡവും അതുതന്നെ പറഞ്ഞാലോ എന്ന് വെച്ചിട്ടാ, എനിക്കതൊന്നും ചെയ്യാൻ സമയമില്ലല്ലോ? മോൾടെ അടുത്തു അങ്ങ് എത്തണമല്ലോ..
ഈ ചെക്ക്അപ്പ് തന്നെ മോൾടെ നിർബന്ധം കൊണ്ട് വന്നതാ.
മൂന്ന് ദിവസം കഴിഞ്ഞ് അവർ ബയോപ്‌സി റിപ്പോർട്ട് അയച്ചുതന്നു. മാറിലെ കാൻസർ തന്നെയാണ്. ബാക്കി ടെസ്റ്റുകൾ ചെയ്തപ്പോളാണ് സ്റ്റേജ് 2 കഴിഞ്ഞിരുന്നുവെന്ന് മനസ്സിലായത്. ഏകദേശം സ്റ്റേജ് 3 എത്തിയിട്ടുണ്ട്. അപ്പോഴും അവരുടെ സംശയം മകളുടെ പ്രസവം കഴിഞ്ഞിട്ട് ചികിത്സ എടുത്താൽ മതിയോ എന്നതായിരുന്നു. നിർബന്ധിച്ചാണേലും ഞാൻ ചികിത്സയ്ക്ക് വിട്ടു. വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ ചികിത്സ നടക്കുന്നു.
രോഗികളെ ഒട്ടും ഭയപ്പെടുത്താതെ ഒരുപാട് നിർബന്ധിക്കാതെ സമാധാനപരമായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം എന്നാണ് ഏതു ഡോക്ടറും ചിന്തിക്കുക. പക്ഷേ, ചില സാഹചര്യങ്ങളിൽ അതു നടക്കില്ല. സാധാരണ ഗതിയിൽ ഒരു രോഗിയുടെ അവകാശമാണ് എപ്പോൾ ചികിത്സ എടുക്കണം എന്നത്. പക്ഷേ ഇത്തരം സാഹചര്യത്തിൽ പലപ്പോഴും ആരോഗ്യ പ്രവർത്തകർ നിസ്സഹായരാണ്. എപ്പോഴും റിസ്ക് ആൻഡ് ബെനിഫിറ്റ് തമ്മിലുള്ള ബാലൻസ് നോക്കിയാണല്ലോ ഓരോ രോഗികളുടെയും ചികിത്സാരീതി തീരുമാനിക്കുന്നത് എന്നാലോചിച്ചു ഞാൻ ആശ്വസിച്ചു.
ഏറ്റവും കൂടുതൽ തടയാൻ പറ്റുന്നതും നേരത്തെ കണ്ടെത്താൻ പറ്റുന്നതും നേരത്തെ കണ്ടെത്തിയാൽ എളുപ്പത്തിൽ ചികിത്സിക്കാൻ പറ്റുന്നതുമായ ഒരു കാൻസറാണ് സ്തനാർബുദം. അതെ സമയം ലോകത്തിൽ ഏറ്റവുമധികം ആളുകളെ ബാധിക്കുന്ന കാൻസറുകളിൽ ഒന്നാണ് സ്തനാർബുദം. അതുകൊണ്ടുതന്നെ ഒക്ടോബർ മാസം സ്തനാർബുദത്തേക്കുറിച്ച് അവബോധം വളർത്താൻ ലോകം ഒന്നിക്കുന്ന സമയം കൂടിയാണ്.
സ്തനാർബുദത്തിന്റെ കണക്കുകൾ
സ്തനാർബുദ ബോധവൽക്കരണത്തിന്റെ പ്രാധാന്യം മനസിലാക്കാൻ ഈ രോഗത്തെ പറ്റിയുള്ള വ്യക്തമായ സ്ഥിതിവിവരക്കണക്കുകളെപ്പറ്റി അറിഞ്ഞാൽ മാത്രം മതി.
ഗ്ലോബോകാൻ ഡാറ്റ അനുസരിച്ച്, 2022 ൽ മാത്രം, ഏകദേശം 2296840 പുതിയ സ്തനാർബുദ കേസുകളും 6666 ,100 സ്തനാർബുദവുമായി ബന്ധപ്പെട്ട മരണങ്ങളും ഉണ്ടായിട്ടുണ്ട്. 100,000 സ്ത്രീകളിൽ 45.6 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ മരണനിരക്ക് 100,000 സ്ത്രീകളിൽ 15.2 ആണ്. കേരളത്തിലും സ്തനാർബുദം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. ഈ കണക്കുകൾ ഏറെ ഞെട്ടിപ്പിക്കുന്നതാണ്.
എന്താണ് സ്തനാർബുദം?
സ്തനങ്ങളിൽ പ്രധാനമായും മൂന്ന് ഭാഗങ്ങൾ ഉൾപ്പെടുന്നു: ലോബ്യൂളുകൾ (lobules), നാളങ്ങൾ (ducts), ബന്ധിത ടിഷ്യു (connective tissue). ഇതിൽ പാൽ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളാണ് ലോബ്യൂൾസ്. മുലക്കണ്ണിലേക്ക് പാൽ കൊണ്ടുപോകുന്ന കുഴലുകളാണ് നാളങ്ങൾ. നാരുകളും കൊഴുപ്പും അടങ്ങിയ ബന്ധിത ടിഷ്യു ഇവയെ താങ്ങി ഒരുമിച്ച് നിർത്തുന്നു. ഇതിലെ ഏതെങ്കിലും ഭാഗങ്ങളെ ബാധിക്കുന്ന കാൻസറിനെയാണ് സ്തനാർബുദം എന്ന് വിളിക്കുന്നത്.
വിവിധ സ്തനാർബുദങ്ങൾ
ഇൻവേസീവ് ഡക്റ്റൽ കാർസിനോമ (Invasive ductal carcinoma)
കാൻസർ കോശങ്ങൾ നാളങ്ങളിൽ ആരംഭിക്കുകയും പിന്നീട് നാളങ്ങൾക്ക് പുറത്ത് സ്തന കോശത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വളരുകയും ചെയ്യുന്നു. ഇത്തരം കാൻസർ കോശങ്ങൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയോ അല്ലെങ്കിൽ മെറ്റാസ്റ്റാസൈസ് ചെയ്യുകയോ ചെയ്യാം.
ഇൻവേസീവ് ലോബുലാർ കാർസിനോമ (Invasive lobular carcinoma)
കാൻസർ കോശങ്ങൾ ലോബ്യൂളുകളിൽ ആരംഭിക്കുകയും പിന്നീട് ലോബ്യൂളുകളിൽ നിന്ന് അടുത്തുള്ള സ്തന കോശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ഈ അക്രമണാത്മക കാൻസർ കോശങ്ങൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും.
ആരൊക്കെയാണ് സ്തനാർബുദത്തെ ഏറെ ശ്രദ്ധിക്കേണ്ടത് ?
ഒരിക്കൽ സ്തനാർബുദം ബാധിച്ച സ്ത്രീകൾക്ക് രണ്ടാമതും സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്. അർബുദമല്ലാത്ത ചില സ്തനരോഗങ്ങളായ എടിപിക്കൽ ഡക്‌ടൽ ഹൈപ്പർപ്ലാസിയ അല്ലെങ്കിൽ ലോബുലാർ കാർസിനോമ ഇൻ സിറ്റു എന്നിവ സ്‌തനാർബുദം വരാനുള്ള ഉയർന്ന സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
കൂടുതൽ ഡെൻസിറ്റിയുള്ള സ്തനങ്ങൾ ഉള്ളത്. കൂടുതൽ ഡെൻസിറ്റിയുള്ള സ്തനങ്ങൾക്ക് ഫാറ്റി ടിഷ്യുവിനേക്കാൾ കൂടുതൽ കണക്ടിവ് ടിഷ്യു ഉണ്ട്, ഇത് ചിലപ്പോൾ മാമോഗ്രാമിൽ മുഴകൾ കാണുന്നത് ബുദ്ധിമുട്ടാക്കും. ഡെൻസിറ്റി കൂടുതലുള്ള സ്തനങ്ങളുള്ള സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്.
12 വയസ്സിന് മുമ്പ് ആർത്തവം ആരംഭിച്ചവർക്ക്, 55 വയസ്സിന് ശേഷം ആർത്തവവിരാമം സംഭവിക്കുന്നവർക്ക് സ്തനാർബുദ സാധ്യത കൂടുതലാണ്. (ഹോർമോണുകൾ കൂടുതൽ കാലം ശരീരത്തിൽ നില നിൽക്കുന്നതാണിതിന്റെ കാരണം).
50 വയസിൽ കൂടുതലുള്ളവർ - പ്രായം കൂടുന്നതിനനുസരിച്ചു സ്തനാർബുദ സാധ്യത കൂടുതലാണ്. 50 വയസ്സിനു ശേഷമാണ് മിക്ക സ്തനാർബുദങ്ങളും കണ്ടുപിടിക്കുന്നത്.
ജനിതകമാറ്റങ്ങൾ- BRCA1, BRCA2 എന്നിങ്ങനെയുള്ള ചില ജീനുകളിൽ പാരമ്പര്യമായി മാറ്റങ്ങൾ (മ്യൂട്ടേഷനുകൾ) ഉള്ള സ്ത്രീകൾക്ക് സ്തന, അണ്ഡാശയ കാൻസറിനുള്ള സാധ്യത കൂടുതലാണ്.
അമ്മയോ സഹോദരിയോ മകളോ (ഫസ്റ്റ്-ഡിഗ്രി ബന്ധു) അല്ലെങ്കിൽ സ്തനാർബുദമോ അണ്ഡാശയ അർബുദമോ ഉള്ള കുടുംബത്തിലെ അമ്മയുടെയോ അച്ഛന്റെയോ ഭാഗത്തുള്ള ഒന്നിലധികം കുടുംബാംഗങ്ങളോ ഉണ്ടെങ്കിൽ സ്തനാർബുദത്തിനുള്ള സാധ്യത കൂടുതലാണ്.
റേഡിയേഷൻ തെറാപ്പി സ്വീകരിച്ചവർ: 30 വയസ്സിന് മുമ്പ് നെഞ്ചിലോ സ്തനങ്ങളിലോ റേഡിയേഷൻ തെറാപ്പി നടത്തിയ സ്ത്രീകൾക്ക് (ഉദാഹരണത്തിന്, ഹോഡ്ജ്കിൻസ് ലിംഫോമയുടെ ചികിത്സയുമായി ബന്ധപ്പെട്ട്) പിന്നീട് ജീവിതത്തിൽ സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്.
ഡൈതൈൽസ്റ്റിൽബെസ്ട്രോൾ (DES) എന്ന മരുന്നിന്റെ എക്സ്പോഷർ. ഗർഭം അലസുന്നത് തടയാൻ DES എടുത്ത സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്..
ഇപ്പോൾ ശ്രമിച്ചാൽ സ്തനാർബുദം തടയാൻ സാധിക്കുമോ?
ആക്റ്റീവ് ആയിരിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാൻ സാധ്യത വളരെ കുറവാണ്. ശാരീരികമായി സജീവമല്ലാത്ത സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്. അത് കൊണ്ട് ആക്റ്റീവ് ആയിരിക്കാൻ ശ്രദ്ധിക്കുക.
അമിതവണ്ണമുള്ള പ്രായമായ സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്. ആർത്തവവിരാമത്തിനു ശേഷം അമിതഭാരം അല്ലെങ്കിൽ അമിതവണ്ണം ഉള്ളവർ എത്രയും പെട്ടെന്ന് അമിതവണ്ണം ഒഴിവാക്കാനുള്ള ക്രമീകരണങ്ങൾ നടത്തുക വഴി സ്തനാർബുദ സാധ്യത തടയാം.
ഹോർമോൺ ചികിത്സ ശ്രദ്ധിച്ച് എടുക്കാം:ചില ഹോർമോൺ ചികിത്സകൾ സ്തനാർബുദ സാധ്യത വർധിപ്പിച്ചേക്കാം. അതുകൊണ്ട് ഇത്തരം ചികിത്സകൾക്കു വിദഗ്ധ ഡോക്ടർമാരുടെ സഹായം തേടാം. ആർത്തവവിരാമ സമയത്ത് എടുക്കുന്ന ചില ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (ഈസ്ട്രജനും പ്രൊജസ്റ്ററോണും ഉൾപ്പെടുന്നവ) അഞ്ച് വർഷത്തിൽ കൂടുതൽ എടുക്കുന്നത് സ്തനാർബുദ സാധ്യത വർധിപ്പിക്കും.
കോൺട്രാസെപ്റ്റീവ് ഗുളികകൾ ശ്രദ്ധയോടെ എടുക്കാം: ജനന നിയന്ത്രണ ഗുളികകളുടെ അമിതമായ ഉപയോഗം സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഗർഭധാരണം നേരത്തേയാക്കുക: നേരത്തെ വിവാഹം കഴിക്കുന്നവർ കുട്ടികൾ 30 വയസിനു മുൻപേ പ്ലാൻ ചെയ്യുന്നതാണ് നല്ലത്. 30 വയസ്സിനു ശേഷമുള്ള ആദ്യത്തെ ഗർഭധാരണം പലരിലും സ്തനാർബുദ സാധ്യത കൂട്ടുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കുഞ്ഞിനെ നല്ല പോലെ മുലയൂട്ടുക. മുലയൂട്ടാൻ കഴിയാത്ത അമ്മമാരിൽ സ്തനാർബുദ സാധ്യത കൂടുതലായി കണ്ടുവരുന്നുണ്ട്.
മദ്യപാനം പൂർണമായി ഒഴിവാക്കുക. കൂടുതൽ മദ്യം കഴിക്കുന്നതിനനുസരിച്ച് സ്ത്രീകൾക്ക് സ്തനാർബുദ സാധ്യത വർദ്ധിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.
പുകവലി സ്തനാർബുദത്തിനും കാരണമാകുന്നുണ്ട്. പുകവലി പരിപൂർണമായും ഒഴിവാക്കുക. പാസ്സീവ് സ്മോക്കിങ്ങും ഒഴിവാക്കുക.
രാസവസ്തുക്കളുമായുള്ള സമ്പർക്കം: കാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് സ്തനാർബുദ സാധ്യത കൂട്ടുന്നുണ്ട്. ഇത് ഒഴിവാക്കാൻ ശ്രമിക്കുക.
സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ മിക്ക ആളുകൾക്കും വ്യത്യസ്തമായിരിക്കും. ചില ആളുകൾക്ക് ലക്ഷണങ്ങൾ ഒന്നും കണ്ടില്ലെന്നും വരാം .
സ്തനാർബുദത്തിന്റെ ചില മുന്നറിയിപ്പ് സൂചനകൾ ഇവയാണ്
- സ്തനത്തിലോ കക്ഷത്തിലോ മുഴ.
- സ്തനത്തിന്റെ ഒരു ഭാഗം കട്ടിയാകുകയോ വീർക്കുകയോ ചെയ്യുക.
- സ്തനങ്ങളുടെ ചർമത്തിൽ ഏതെങ്കിലും രീതിയിലുള്ള മാറ്റം.
- മുലക്കണ്ണിൻറെ ഭാഗത്തോ സ്തനത്തിലോ ചുമപ്പ് നിറമോ അടർന്നു പോവുന്ന രീതിയിലുള്ള ചർമമോ.
- മുലക്കണ്ണ് വലിയുക അല്ലെങ്കിൽ മുലക്കണ്ണിൻറെ ഭാഗത്തുള്ള വേദന
- മുലപ്പാൽ ഒഴികെയുള്ള മുലക്കണ്ണിൽ നിന്ന് രക്തം ഉൾപ്പെടെയുള്ള ഡിസ്ചാർജ്.
- സ്തനത്തിന്റെ വലിപ്പത്തിലോ ആകൃതിയിലോ എന്തെങ്കിലും മാറ്റം.
- സ്തനത്തിന്റെ ഏതെങ്കിലും ഭാഗത്ത് വേദന.
ഇതെല്ലാം കാൻസറിന്റെ ലക്ഷണങ്ങൾ ആവണമെന്ന് നിർബന്ധമില്ല. കാൻസർ അല്ലാത്ത അല്ലാത്ത മറ്റ് പല അവസ്ഥകളിലും ഈ ലക്ഷണങ്ങൾ ഉണ്ടാവാം. എന്തെങ്കിലും ലക്ഷണങ്ങൾ കാണുകയാണെങ്കിൽ, ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.
എന്താണ് സാധാരണ സ്തനം?
ഒരു സ്തനവും സാധാരണമല്ല. നിങ്ങൾക്ക് സാധാരണമായത് മറ്റൊരു സ്ത്രീക്ക് സാധാരണമായിരിക്കില്ല. മിക്ക സ്ത്രീകളും അവരുടെ സ്തനങ്ങൾ മുഴയുള്ളതായും രണ്ടു സ്തനങ്ങൾ തമ്മിൽ വ്യത്യാസമുണ്ടെന്നും പറയുന്നു. നിങ്ങളുടെ സ്തനങ്ങളുടെ രൂപവും ചെറിയ വ്യത്യാസങ്ങളും മാസത്തിൽ ആർത്തവം വരുന്നത് അനുസരിച്ച്, ഗർഭിണിയായിരിക്കുന്ന സമയം, ശരീരഭാരം കുറയുകയോ കൂടുകയോ ചെയ്യുന്ന സമയം എന്നീ പല ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രായത്തിനനുസരിച്ച് സ്തനങ്ങളും മാറിക്കൊണ്ടിരിക്കും. കാൻസർ ഉൾപ്പെടെയുള്ള പല അവസ്ഥകളിലും സ്തനത്തിൽ മുഴകൾ ഉണ്ടാക്കാം. എന്നാൽ മിക്ക സ്തനമുഴകളും മറ്റ് മെഡിക്കൽ അവസ്ഥകൾ മൂലമാണ് ഉണ്ടാകുന്നത്. ഫൈബ്രോസിസ്റ്റിക് ബ്രെസ്റ്റ് അവസ്ഥയും സിസ്റ്റുകളും ആണ് സ്തന മുഴകളുടെ രണ്ട് പ്രധാന കാരണങ്ങൾ. വികസിക്കാൻ കഴിയുന്ന ചെറിയ ദ്രാവകം നിറഞ്ഞ സഞ്ചികളാണ് സിസ്റ്റുകൾ. ഇവ കാൻസറുകൾ അല്ലെങ്കിലും സ്തനങ്ങളിൽ മുഴയായും, ചിലപ്പോൾ വേദനയായുമൊക്കെ കാണപ്പെടാറുണ്ട്.
സ്തനത്തിലെ ചില മാറ്റങ്ങൾ പെട്ടെന്ന് അനുഭവപ്പെടുകയോ കാണുകയോ ചെയ്തില്ലെന്ന് വരാം. അവ മാമോഗ്രാം, എംആർഐ അല്ലെങ്കിൽ അൾട്രാസൗണ്ട് പോലുള്ള ഒരു ഇമേജിംഗ് പ്രക്രിയയിൽ മാത്രമേ കണ്ടെത്താനാകൂ എന്ന് ഓർമ്മിക്കുക.
സ്തനത്തിലെ മാറ്റങ്ങൾ കണ്ടെത്തുന്നുന്നതിന് സ്വയം പരിശോധന സഹായിക്കുന്നു. നിങ്ങൾ കുളിക്കുമ്പോഴോ, ബ്രാ ധരിക്കുമ്പോഴോ നിങ്ങളുടെ സ്തനങ്ങൾ സാധാരണയായി എങ്ങനെ അനുഭവപ്പെടുന്നു എന്നതിനെക്കുറിച്ച് പരിചിതമായിരിക്കുന്നത്, എന്തെങ്കിലും മാറ്റങ്ങൾ വരുന്നത് ശ്രദ്ധിക്കുന്നത് എളുപ്പമാക്കും. അതുകൊണ്ടു തന്നെ സ്വയം സ്തനപരിശോധന ജീവിതത്തിന്റെ ഭാഗമാക്കേണ്ടതാണ് .
സ്വയം സ്തനപരിശോധന എങ്ങനെ ?
- കൈകൾ തലയ്ക്കു മുകളിൽ ഉയർത്തിപ്പിടിച്ചും അരയിൽ കൈ വെച്ചും കണ്ണാടിയുടെ മുന്നിൽ നിന്ന് സ്തനങ്ങളിൽ വലിപ്പ വ്യത്യാസം ഉണ്ടോ എന്നും നിറവ്യത്യാസമുണ്ടോ എന്നും നോക്കുക
- കണ്ണാടിയുടെ മുന്നിൽ നിന്ന് കൈകൾ ഉയർത്തി സ്തനത്തിലും ചർമ്മത്തിലും നിറവ്യത്യാസം ഉണ്ടോയെന്നും രണ്ടു സ്തനങ്ങളും ഒരേ ലെവലിൽ ആണോ എന്നും നോക്കുക.
- കിടന്നുകൊണ്ട് ഇടതു സ്തനം വലത് കരം കൊണ്ട് അമർത്തി മുഴകൾ ഉണ്ടോ എന്ന് പരിശോധിക്കുക. തിരിച്ച് വലത് സ്തനവും പരിശോധിക്കുക. വലതു കൈകൊണ്ട് ഇടതു കക്ഷവും ഇടത് കൈ കൊണ്ട് വലതു കക്ഷവും പരിശോധിക്കുക (ചൂണ്ടുവിരൽ ,നടുവിരൽ, മോതിരവിരൽ എന്നിവയുടെ മധ്യഭാഗമാണ് ഉപയോഗിക്കേണ്ടത്)
- വിരലുകളുടെ ഉൾഭാഗം കൊണ്ട് വൃത്താകൃതിയിൽ മുഴകൾ ഉണ്ടോ എന്ന് പരിശോധിക്കണം.
- സ്തന ഞെട്ട് അമർത്തി സ്രവം ഉണ്ടോ എന്ന് നോക്കുക.
എന്താണ് സ്തനാർബുദ സ്ക്രീനിംഗ് ?
സ്തനാർബുദ സ്‌ക്രീനിംഗ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് തന്നെ ഒരു സ്ത്രീയുടെ സ്തനങ്ങളിൽ കാൻസറുണ്ടോ എന്ന് പരിശോധിക്കുക എന്നതാണ്.
സ്‌ക്രീനിംഗിന്റെ പ്രയോജനം, ചികിത്സിക്കാൻ എളുപ്പമായിരിക്കുമ്പോൾ , ക്യാൻസർ നേരത്തേ കണ്ടെത്തുന്നതാണ്.
സ്ക്രീനിംഗ് രീതികൾ
ക്ലിനിക്കൽ ബ്രെസ്റ്റ് എക്സാമിനേഷൻ
ഒരു ഡോക്ടറോ ട്രെയിൻഡ് നഴ്‌സോ നടത്തുന്ന പരിശോധനയാണ് ക്ലിനിക്കൽ ബ്രെസ്റ്റ് എക്‌സാമിനേഷൻ, കൈകൾ ഉപയോഗിച്ച് മാറ് പരിശോധിക്കുന്നു, 3 മുതൽ ആറു മാസം കൂടുമ്പോൾ ക്ലിനിക്കൽ ബ്രെസ്റ്റ് എക്സാമിനേഷൻചെയേണ്ടതാണ്.
മാമോഗ്രാം
സ്തനത്തിന്റെ എക്സ്-റേ ചിത്രമാണ് മാമോഗ്രാം. സ്തനാർബുദത്തിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടെത്താൻ ഡോക്ടർമാർ മാമോഗ്രാം ഉപയോഗിക്കുന്നു. മാമോഗ്രാം ചെയ്യുന്നത് സ്തനാർബുദം നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കും. 40 വയസ്സ് കഴിഞ്ഞ സ്ത്രീകൾ രണ്ട് വർഷത്തിലൊരിക്കൽ മാമോഗ്രാം ചെയ്യണമെന്ന് ശുപാർശ ചെയ്യുന്നു.
സ്തനാർബുദ സാധ്യത കൂടുതൽ ഉള്ളവർ കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിന് സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തിയതിന്റെ 10 വർഷം മുമ്പ് മാമ്മോഗ്രാം ചെയ്യാൻ ആരംഭിക്കേണ്ടതാണ്, ഇത് വർഷത്തിൽ ഒരിക്കൽ ചെയ്യേണ്ടതാണ്. (30 വയസിനു ശേഷം മാത്രം )
സ്‌ക്രീനിംഗ് മാമോഗ്രാം 40 ശേഷമേ ചെയേണ്ടതുള്ളൂ, 40 വയസ്സിന് മുമ്പ് മാമോഗ്രാം എടുക്കാൻ തുടങ്ങണമോ എന്ന് തീരുമാനിക്കുമ്പോൾ സ്‌ക്രീനിംഗ് ടെസ്റ്റുകളുടെ നേട്ടങ്ങളും അപകടസാധ്യതകളും ശ്രദ്ധിക്കേണ്ടതാണ്.
മാമോഗ്രാം എങ്ങനെയാണ് ചെയ്യുന്നത്?
നിങ്ങൾ ഒരു പ്രത്യേക എക്സ്-റേ മെഷീന്റെ മുന്നിൽ നിൽക്കും. ഒരു ടെക്‌നീഷ്യൻ നിങ്ങളുടെ സ്തനങ്ങൾ ഒരു പ്ലാസ്റ്റിക് പ്ലേറ്റിൽ സ്ഥാപിക്കും. മറ്റൊരു പ്ലേറ്റ് മുകളിൽ നിന്ന് നിങ്ങളുടെ സ്തനങ്ങൾ അമർത്തും. എക്സ്-റേ എടുക്കുമ്പോൾ പ്ലേറ്റുകൾ സ്തനത്തെ നിശ്ചലമാക്കും. എല്ലാ സ്തനങ്ങളും അല്പം വ്യത്യസ്തമായതിനാൽ ഓരോ സ്ത്രീയുടെയും മാമോഗ്രാം അല്പം വ്യത്യസ്തമായി കാണപ്പെടാം. മാമോഗ്രാം എടുക്കാൻ ഏകദേശം 10 മിനിറ്റാണ് എടുക്കുക.
മാമോഗ്രാം എടുക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ടത്
ആർത്തവം വരുന്നതിന് മുമ്പുള്ള ആഴ്‌ചയോ ആർത്തവ സമയത്തോ മാമോഗ്രാം ചെയ്യാതിരിക്കാൻ ശ്രമിക്കുക. ആ സമയത്തു സ്തനങ്ങൾ മൃദുവായതോ വീർത്തതോ ആകാം.
നിങ്ങളുടെ മാമോഗ്രാം ദിവസം, ഡിയോഡറന്റ്, പെർഫ്യൂം, പൗഡർ എന്നിവ ധരിക്കരുത്. ഈ ഉൽപ്പന്നങ്ങൾ എക്സ്-റേയിൽ വെളുത്ത പാടുകളായി കാണിച്ചേക്കാം
ബ്രെസ്റ്റ് മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (എം ആർ ഐ)
ബ്രെസ്റ്റ് എംആർഐ കാന്തങ്ങളും റേഡിയോ തരംഗങ്ങളും ഉപയോഗിച്ച് സ്തനത്തിന്റെ ചിത്രങ്ങൾ എടുക്കുന്നു. സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലുള്ള സ്ത്രീകളെ പരിശോധിക്കാൻ മാമോഗ്രാമിനൊപ്പം ബ്രെസ്റ്റ് എംആർഐയും ഉപയോഗിക്കുന്നു.
Content Highlights: A woman`s reluctance to undergo a mammogram due to travel plans highlights the critical importance of early breast cancer detection
Published: 17 Oct 2025, 04:11 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented