
വീടിനടുത്ത് തന്നെയാണ് ഗിരിജേച്ചിയുടെ വീട്. മറ്റുവീടുകളിൽ സഹായത്തിന് പോകലാണ് ഗിരിജേച്ചിയുടെ ജോലി. ഭർത്താവ് കൃഷ്ണേട്ടൻ ഓട്ടോ ഡ്രൈവറും. നന്നായി പാചകം ചെയ്യും. നല്ല വൃത്തിയിൽ ഏൽപ്പിച്ച എല്ലാ ജോലിയും ചെയ്യും. നല്ല പോലെ സംസാരിക്കും. വിശ്വസിച്ച് വീടേൽപ്പിക്കാവുന്ന ഒരാളാണ് ഗിരിജേച്ചി. ചുരുക്കിപ്പറഞ്ഞാൽ എല്ലാവർക്കും ഗിരിജേടത്തിയെ കാണുന്ന തന്നെ ഒരു സമാധാനമാണ്.
അങ്ങനെയാണ് ഒരു ദിവസം വീട്ടിൽ ഒരു പണിക്കുവേണ്ടി ഗിരിജേച്ചിയെ വിളിച്ചത്. അന്നാണ് ഞാൻ അക്കാര്യം ശ്രദ്ധിച്ചത്. ഗിരിജേച്ചി ചിരിക്കുമ്പോൾ മുഖത്ത് ആകെയൊരു വ്യത്യാസമുണ്ട്. മോണയുടെ ഭാഗത്തായി ചെറിയൊരു തടിപ്പ് തോന്നി. വൈകാതെ ഹോസ്പിറ്റലിൽ വന്നു കാണിക്കണമെന്ന് പറഞ്ഞിട്ടാണ് അന്ന് ഇറങ്ങിയത് .
പിന്നെയും രണ്ടു മാസം കഴിഞ്ഞു അവർ ഹോസ്പിറ്റലിലേക്കെത്താൻ. ബയോപ്സി എടുത്തു നോക്കുമ്പോൾ കാൻസർ തന്നെയാണ്. നോഡൽ ഇൻവോൾമെന്റ് നോക്കാനായി (കയലുകൾ ഉണ്ടോ എന്ന് അറിയാൻ), സി.ടി സ്കാൻ എടുത്തപ്പോഴാണ് ശ്വാസകോശ ഭാഗത്തും മാറ്റങ്ങൾ വന്നിട്ടുണ്ട് എന്ന് കണ്ടത്. ഒന്നുരണ്ട് ലീഷൻസ്, ശ്വാസകോശത്തിലെ കാൻസർ. ആദ്യംകണ്ട മോണയിലെ തടിപ്പിനു പിന്നാലെ കാരണം, ശ്വാസകോശത്തിൽ വന്ന കാൻസറാണ്.
തുടർന്ന് ഹിസ്റ്ററി ചോദിച്ചപ്പോഴാണ് തനിക്ക് ഇത് കാൻസർ ആയിരിക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് അവർ പറഞ്ഞത്. അത്രമാത്രം പുക കൊണ്ടിട്ടുണ്ട്. കൃഷ്ണേട്ടൻ വലിക്കുന്നതിന്റെ പുക മുഴുവൻ കൊള്ളുന്നത് ഞാനായിരുന്നു. വീടിന്റെ ഉള്ളിലും കിടപ്പുമുറിയിലും വരെ കൃഷ്ണേട്ടൻ വലിക്കുമായിരുന്നു..
കൃഷ്ണേട്ടന് ബീഡിതുറുപ്പ് ആയിരുന്നു ജോലി. പണ്ടത്തെ കാലമല്ലേ ഡോക്ടറെ. ബീഡിക്കമ്പനിയിലെ ജോലി അന്നത്തെ കാലത്തു സർക്കാർ ഉദ്യോഗസ്ഥന് തുല്യമാണ്. ചെറുപ്പത്തിലെ തുടങ്ങിയ ശീലം തന്നെയായിരുന്നു. ബീഡി വാങ്ങാൻ പൈസ ഇല്ലാതെയായപ്പോഴാണ് ബീഡി കമ്പനിയിൽ ജോലിക്ക് പോയത്. ഞങ്ങൾ പണ്ടേ അറിയുന്നവർ ആയതുകൊണ്ട് തന്നെ കൃഷ്ണേട്ടന്റെ ബീഡി വലി ആദ്യം എനിക്ക് അത്ര ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല, അസുഖം ബാധിക്കുന്നതുവരെ. ബീഡിക്കമ്പനിയിൽ ജോലി നഷ്ടപ്പെട്ടപ്പോൾ കിട്ടിയ പൈസ കൊണ്ടാണ് ഓട്ടോ വാങ്ങിയത്. ഓട്ടോ ഓടിച്ചു തുടങ്ങിയത് കാൻസർ സെന്ററിന്റെ റോഡിലൂടെ ആയിരുന്നു. ഓരോ ദിവസവും നൂറിൽ കൂടുതൽ ആളുകളെയാണ് കൃഷ്ണേട്ടൻ അവിടെ എത്തിച്ചിരുന്നത്. മിക്കവരെയും പിന്നെയും പിന്നെയും കണ്ട് കൂടുതൽ പരിചയമായി. ഹോസ്പിറ്റലിലെ കാര്യങ്ങളും മുഴുവനായി കൃഷ്ണേട്ടൻ അറിയാം. ഏതു ഭാഗത്താണ് അസുഖം, ഏതൊക്കെ ഡോക്ടർമാരാണ് ആണ് ഉണ്ടാവുക, ഇൻഷുറൻസ് എങ്ങനെ കിട്ടും എന്നതിനെപ്പറ്റിയൊക്കെ ആളുകൾക്ക് പറഞ്ഞുകൊടുക്കുന്നതിലാണ് കൃഷ്ണേട്ടന്റെ സന്തോഷം.
ആളുകൾ പറഞ്ഞ് കാൻസറിനെ കുറിച്ച് കൂടുതൽ അറിഞ്ഞതു കൊണ്ടായിരിക്കണം കൃഷ്ണേട്ടന്റെ രോഗം പെട്ടെന്ന് തന്നെ കണ്ടുപിടിക്കാൻ പറ്റിയത്. ചുമയാണ് കാര്യമായി വന്നത്, കൂടെ ചെറിയൊരു ശ്വാസംമുട്ടലും. ചുമ കുറയാതെ വന്നപ്പോൾ ഡോക്ടറെ കാണിച്ച് എക്സ്റേ എടുത്തപ്പോഴാണ് അറിഞ്ഞത് ശ്വാസകോശത്തിൽ ചെറിയ പ്രശ്നമുണ്ടെന്ന്. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. ബാക്കി ഇൻവെസ്റ്റിഗേഷൻസ് എല്ലാം അവിടുന്നുതന്നെ ചെയ്തു. രോഗം അധികം വ്യാപിക്കാത്തത് കൊണ്ടുതന്നെ കൃഷ്ണേട്ടന്റെ ട്രീറ്റ്മെന്റ് സർജറിയിലും റേഡിയേഷൻ തെറാപ്പിയിലും ഒതുങ്ങി. വലിയ സങ്കീർണതകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
ആറുമാസത്തിനുള്ളിൽ തന്നെ കൃഷ്ണേട്ടൻ പഴയ ഓട്ടോ ഓടിച്ചു തുടങ്ങി. ഇത് കൊണ്ടുവന്ന ആകെയുള്ള മാറ്റം പുകവലി നിർത്തി എന്നുള്ളതാണ്. ഇപ്പോൾ വലിക്കുന്നവരുടെ അടുത്ത് പോവുക പോലും ചെയ്യില്ല. അതുമാത്രമല്ല തനിക്ക് വന്ന അനുഭവങ്ങൾ പറഞ്ഞ് ബാക്കിയുള്ളവരെ അതിൽ നിന്നും പിന്തിരിപ്പിക്കുക കൂടെ ചെയ്യും. ഭർത്താവിന്റെ കാര്യങ്ങളൊക്കെ അവർ സ്വയം മറന്നാണ് സംസാരിച്ചുകൊണ്ടിരുന്നത്.
പക്ഷേ ഗിരിജേച്ചിയുടെ കാര്യത്തിൽ കുറച്ചു പ്രശ്നമായിരുന്നു. പ്രൈമറി ട്യൂമർ ശ്വാസകോശത്തിലും സെക്കൻഡറി ട്യൂമർ വായയിലുമാണ് വന്നത്. അതുമാത്രമല്ല, ലിവറിലേക്ക് വ്യാപിക്കുകയും ചെയ്തു. മൾട്ടിബോർഡിന്റെ ഡിസ്കഷൻസ് നടന്നു. ഈ വയസ്സിൽ സർജറി ബുദ്ധിമുട്ടായിരുന്നു. കുറച്ച് ബുദ്ധിമുട്ടാണെങ്കിലും നമുക്കു നോക്കാമെന്ന് ഞാനവരെ സമാധാനിപ്പിച്ചു. പക്ഷേ, മുഴുമിക്കാൻ പോലും ഗിരിജേടത്തി കാത്തുനിന്നില്ല.
അല്ലെങ്കിൽ അതിനു അവരുടെ ശരീരം അനുവദിച്ചില്ല. സെക്കൻഡ് കീമോതെറാപ്പി തുടങ്ങിയപ്പോഴേക്കും ശാരീരികാവസ്ഥ മോശമായി. പാലിയേറ്റീവ് കെയറിനായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും ഗിരിജേടത്തി അവരുടെ ലോകത്തേക്ക് യാത്രയായി. പുക ഉപയോഗിച്ച കൃഷ്ണേട്ടൻ ഇന്നും ജീവിക്കുന്നു. ആരോടും പരിഭവം പറയാതെ യാത്രയായ ഭാര്യയെ കുറിച്ചുള്ള ചിന്തകൾ കൊണ്ടാകാം, കൃഷ്ണേട്ടന്റെ മുഖത്തെ കുറ്റബോധം ഇനിയും മാഞ്ഞിട്ടില്ല..
ഇടയ്ക്കൊക്കെ അദ്ദേഹം എന്നെ വന്നു കാണാറുണ്ട്. അപ്പോളൊക്കെ പറയും.. "എന്റെ ജീവൻ എടുത്താൽ മതിയായിരുന്നില്ലേ. എന്തിനാണ് അവളെ കൊണ്ടുപോയത്? " അതും പറഞ്ഞു നിർത്തുമ്പോൾ വാക്കുകൾ ഇടറാറുണ്ടായിരുന്നു. സ്നേഹിച്ചു വിവാഹം കഴിച്ചവരാണ് അവർ... എന്നിട്ട് ആഗ്രഹിച്ച ജീവിതം ജീവിച്ചു തീർത്തോ എന്ന സംശയവും സങ്കടവുമാകാം ഒരുപക്ഷെ ആ മനുഷ്യനിൽ കുറ്റബോധമായി കാണുന്നത്. കാൻസർ രോഗത്തിന്റെ ചികിത്സ ഓരോരുത്തരിലും വ്യത്യസ്തമാണ്. എപ്പോൾ കണ്ടുപിടിക്കുന്നു? രോഗത്തിന്റെ സ്റ്റേജ്, രോഗിയുടെ വയസ്സ്, ആരോഗ്യസ്ഥിതി ഇതിനനുസരിച്ച് ഒക്കെ മാറ്റം വരാം. കൃഷ്ണേട്ടനെയും ഗിരിജേടത്തിയയും പോലെ ഒരുപാട്പേർ ഇനിയുമുണ്ട്. സെക്കൻഡ് ഹാൻഡ് സ്മോക്ക് കൊണ്ട് മരിച്ചവരുടെ എണ്ണം, ഒരുപക്ഷേ, പുക ഉപയോഗിച്ചവരെക്കാൾ അധികമായിരിക്കാം.
പഠനങ്ങൾ പ്രകാരം ലോകത്തിലെ കാൻസർ കാരണമുണ്ടാകുന്ന മരണങ്ങളിൽ 20 ശതമാനം മരണങ്ങൾ ശ്വാസകോശാർബുദം കാരണമാണെന്ന് തെളിഞ്ഞിട്ടുണ്ട്. പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസർ കൂടിയാണിത്.
ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
പ്രധാന കാരണങ്ങൾ
- പുകവലി - ഇതിൽ നിഷ്ക്രിയ പുകവലിയും ഉൾപ്പെടുന്നു
- റേഡിയേഷനുമായുള്ള ബന്ധം
- Radon ഗ്യാസ്, ആസ്ബറ്റോസ് തുടങ്ങിയവയുമായുള്ള സമ്പർക്കം
- പാരമ്പര്യം, പൊണ്ണത്തടി, മദ്യപാനം, എച്ച് പി വി വൈറൽ അണുബാധ
ലക്ഷണങ്ങൾ
- ഏറെനാൾ നീണ്ടുനിൽക്കുന്ന ചുമ-കഫത്തിൽ രക്തത്തിന്റെയോ തുരുമ്പിന്റെയും നിറം കാണപ്പെടൽ
- ശ്വാസംമുട്ടൽ, നെഞ്ചുവേദന
- ന്യുമോണിയ പോലുള്ള അണുബാധ
- തൊണ്ടയടപ്പ്, വിശപ്പില്ലായ്മ , വിശദീകരിക്കാനാവാത്ത ഭാരക്കുറവ്
- അസ്വാഭാവികമായ ക്ഷീണം
ഇത്തരത്തിലുള്ള ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണേണ്ടതാണ്.
കാൻസർ കണ്ടുപിടിക്കാനും അത് ശരീരത്തിൽ എത്രമാത്രം വ്യാപിച്ചിരിക്കുന്നു എന്ന് കണ്ടുപിടിക്കാനും വിവിധതരം പരിശോധനകളും രോഗനിർണയ ഉപാധികളും ആവശ്യമാണ്. ഈ പരിശോധനകൾ ഓരോ രോഗിക്കും വ്യത്യസ്തമായിരിക്കും.
X-ray- വിവിധതരം എക്സ്-റേ പഠനങ്ങളും കാൻസർ നിർണയത്തിന് ആവശ്യമാണ്. പ്ലെയിൻ എക്സറേ കൂടാതെ മരുന്നുകൾ കൊടുത്ത ശേഷം എടുക്കുന്ന CT, MRI പോലുള്ള സ്കാനുകൾ ശരീര ആന്തരിക ഭാഗങ്ങളെ കാണുന്നതിന് സഹായിക്കും. FNAC പരിശോധനയിൽ ഒരു ചെറിയ സൂചി കൊണ്ട് കട്ടിയോ തടിപ്പോ ഉള്ള ശരീര ഭാഗത്തിൽ നിന്ന് കോശങ്ങൾ കുത്തിയെടുത്തു പരിശോധിക്കുന്നു.
ബയോപ്സി
ശരീര കോശങ്ങളെടുത്ത് മൈക്രോസ്കോപ്പിലൂടെ പരിശോധിക്കുകയാണ് ഇതിലൂടെ ചെയ്യുക. ഇത് രോഗനിർണയത്തിന് മാത്രമല്ല, ചികിത്സാരീതി തീരുമാനിക്കാനും വിജയ സാധ്യതകൾ പ്രവചിക്കാനും സഹായകരമാകുന്നു.
PET scan (Positron Emission Tomography) പെറ്റ് സ്കാൻ ഓരോ അവയവത്തിലും നടക്കുന്ന വിവിധ ബയോകെമിക്കൽ പ്രവർത്തനങ്ങളാണ് കണ്ടുപിടിക്കുന്നത്. ഏതെങ്കിലും രോഗമോ ട്യൂമറോ അവയവങ്ങളിൽ എന്തെങ്കിലും ഘടനാപരമായ മാറ്റം ഉണ്ടാക്കുന്നതിനു മുമ്പ് കണ്ടുപിടിക്കാൻ സാധിക്കും എന്നതാണ് പെറ്റ് സ്കാനിന്റെ പ്രത്യേകത.
ചികിത്സാ രീതികൾ
ചികിത്സയ്ക്ക് ഒന്നിലധികം ചികിത്സാവിധികൾ എടുക്കേണ്ടതായി വരാം. പല ശ്വാസകോശ കാൻസറുകളും പരിപൂർണമായി സുഖപ്പെടുത്തുവാൻ ശസ്ത്രക്രിയയ്ക്ക് സാധിക്കും.
റേഡിയോതെറാപ്പി
കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത അണുപ്രസരണങ്ങൾ കാൻസർ ബാധിച്ച ഭാഗത്ത് പതിപ്പിച്ചു കോശങ്ങളെ നശിപ്പിക്കുന്ന ചികിത്സ ക്രമമാണ് റേഡിയോ തെറാപ്പി. X-ray എടുക്കുന്ന അതേ കിരണങ്ങൾ കൂടുതൽ ശക്തിയോടെ ശരീരത്തിലേൽപ്പിച്ച് ഈ ചികിത്സ ചെയ്യുന്നു.
കീമോതെറാപ്പി
മരുന്നുകൾ കൊണ്ടുള്ള ഈ ചികിത്സ ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നു. മറ്റ് അവയവങ്ങളിലേക്കു വ്യാപിക്കാൻ സാധ്യതയുള്ള കാൻസറുകൾക്ക് ഈ ചികിത്സാരീതി ഫലപ്രദമാണ്. കാൻസറിന്റെ രോഗ സ്വഭാവമനുസരിച്ച് ഇത്തരം മരുന്നുകൾ നിശ്ചിത സമയങ്ങളിൽ കൊടുക്കുന്നു. ശരീരത്തിലെ രക്താണുക്കളുടെ അളവ് മറ്റ് അവയവങ്ങളിലെ പ്രവർത്തനക്ഷമത എന്നിവ കൃത്യമായി നിരീക്ഷിച്ച് കൊണ്ടാണ് കീമോതെറാപ്പി മരുന്നുകൾ നൽകുന്നത്.
ഇമ്മ്യൂണോ തെറാപ്പി
കാൻസർ ചികിത്സയിൽ നമുക്ക് സുപരിചിതമായ കീമോതെറാപ്പിയുടെ പൊതുതത്വം അർബുദകോശങ്ങൾ പോലെ ശരീരത്തിൽ അതിവേഗം വളരുന്ന കോശങ്ങളെ നശിപ്പിക്കുക എന്നതാണ്. കാൻസർ കോശങ്ങളെ തിരിച്ചറിയുന്നതിനും അവയെ നേരിടുന്നതിനും ഉള്ള ജോലി മികച്ച രീതിയിൽ ചെയ്യാൻ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുക എന്നതാണ് ഇമ്മ്യൂണോതെറാപ്പി ലക്ഷ്യമിടുന്നത്. അതുവഴി അവയെ ആക്രമിക്കാനും നശിപ്പിക്കുവാനും കഴിയും. പ്രായോഗികമായി പറഞ്ഞാൽ കാൻസറിനെ പ്രത്യേകമായി ലക്ഷ്യമിടുന്ന ഒരു കൂട്ടം ടി സെല്ലുകൾ(T cells) സൃഷ്ടിക്കുക എന്നതാണ് ഇമ്മ്യൂണോതെറാപ്പിയുടെ ആത്യന്തിക ലക്ഷ്യം.
ഇൻറർവെൻഷൻ റേഡിയോളജി
റേഡിയോളജിയുടെ ഒരു വിഭാഗമായിത്തന്നെ കാൻസർ കണ്ടെത്താനും ചികിത്സിക്കാനും കഴിയുന്നു. CT MRI Fluoroscopy ചിത്രങ്ങളുടെ സഹായത്തോടെ റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ, കീമോ മൊബിലൈസേഷൻ എന്നിവയെല്ലാം ചെയ്യുന്നു. ആശുപത്രിയിൽ ചിലവഴിക്കുന്ന സമയം, ശസ്ത്രക്രിയയുടെ പാർശ്വഫലങ്ങൾ എന്നിവ കുറയ്ക്കാനും ഇതു സഹായിക്കുന്നു.
കാൻസറിനെ ജീവിതത്തിൽ നിന്നും അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- പുകവലി ഒഴിവാക്കുന്നതിലൂടെ തന്നെ ഒരു വിധം ശ്വാസ കോശാർബുദങ്ങൾ നമുക്ക് തടയാം.
- ഭക്ഷണത്തിൽ ധാരാളം പച്ചക്കറിയും പഴവർഗങ്ങളും ഉൾപ്പെടുത്തുക.
- കരിഞ്ഞതും പൊരിച്ചതുമായ ഭക്ഷണങ്ങളും, പൂപ്പൽ ബാധിച്ച ഭക്ഷണങ്ങളും ഒഴിവാക്കുക.
- ഭക്ഷണത്തിൽ ബീഫ്, മട്ടൻ, പോർക്ക് എന്നീ റെഡ് മീറ്റ് കുറയ്ക്കുക.
- എല്ലാ ദിവസവും ഒരു മണിക്കൂർ വ്യായാമം ജീവിതത്തിൻറെ ഭാഗമാക്കുക.
- മാനസിക പിരിമുറുക്കം ഒഴിവാക്കിയുള്ള ദിനചര്യ പാലിക്കാൻ ശ്രദ്ധിക്കുക.
- ആറ് മുതൽ എട്ടു മണിക്കൂർ വരെയുള്ള ഉറക്കം ശീലമാക്കുക
Content Highlights: how to diagnose lung cancer
Published: 01 Aug 2024, 04:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented