കാൻസർ ആണെന്നുറപ്പിച്ച് അതിൽ നിന്നും തിരിച്ചുവന്ന രണ്ടുപേരേക്കുറിച്ചും കാൻസർ അല്ല എന്നുറപ്പിച്ച് പിന്നീട് കാൻസർ ആയ ഒരാളേക്കുറിച്ചുമാണ് ഇത്തവണ പങ്കുവെക്കുന്നത്. ഒരു വൈകുന്നേരമാണ് ആ ഉമ്മയും മകനും ക്ലിനിക്കിലെത്തുന്നത്.

To advertise here,

പേര് മുഹമ്മദ്‌, വയസ്സ് 10. തുടർന്ന് വളരെ ആവലാതിയോടെയാണ് അവർ കാര്യങ്ങൾ പറഞ്ഞത്. മുഹമ്മദിന്റെ വായിലെ അൾസർ മാറുന്നേയില്ല. അവർ ഒരുപാട് സ്ഥലങ്ങളിൽ പോയിട്ടും മാറിയില്ല. ഈ വിഷമം കേട്ട ഒരു ബന്ധു പറഞ്ഞതുപ്രകാരം കാൻസർ ആണോ എന്ന സംശയത്തിൽ ആണ് അവർ എന്നെ കാണാൻ വന്നത്. അതിന്റെ മുഴുവൻ ആധിയും പരിഭ്രമവും അവരുടെ മുഖത്തുണ്ടായിരുന്നു. 

കാൻസർ ആണെങ്കിലും എന്നോട് വേഗം പറയണം ഡോക്ടറെ. എത്രയോ കാത്തിരുന്ന് കിട്ടിയ കുട്ടിയാണ് ഓൻ. എത്ര പൈസ ആയാലും എവിടെ പോണേലും ഞാൻ പോകും- എന്നാണ് അവർ കണ്ണീരോടെ പറഞ്ഞത്.

അവരെ ആശ്വസിപ്പിച്ചതിനുശേഷം പരിശോധിക്കാൻ തുടങ്ങി.

നാലുവർഷമായി മുഹമ്മദിന് ഇത്തരത്തിലുള്ള അൾസർ വരാൻ തുടങ്ങിയിട്ട്. കവിളിലും ചുണ്ടിലും നാവിലുമെല്ലാം അൾസറുണ്ട്. വെള്ളം പോലും കുടിക്കാൻ പ്രയാസമാണ്. മരുന്നുകൾ കഴിക്കുമ്പാേൾ താൽക്കാലികാശ്വാസം ഉണ്ടെങ്കിലും നിർത്തുന്നതോടെ വീണ്ടും വരും. രണ്ടുതവണ ബയോപ്സി ചെയ്തിരുന്നു. പക്ഷെ അതിൽ എല്ലാം നോർമലായിരുന്നു എന്നാണ് പറഞ്ഞത്.

ചെറിയ പ്രായത്തിനുള്ളിൽ മുഹമ്മദിനെയും കൊണ്ട് ആ അമ്മ പോവാത്ത ആശുപത്രികൾ ഇല്ല. പോരാത്തതിന് ഇതര വൈദ്യങ്ങളും പരീക്ഷിച്ചിരുന്നു. മുഹമ്മദിനെ പരിശോധിക്കുന്നതിനിടയിൽ അവരുടെ ഫോൺ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. ഒരുപാട് തവണ റിംഗ് ചെയ്തപ്പോൾ മുഹമ്മദിന്റെ ഉപ്പ ഗൾഫിലാണെന്നും ഫോൺ എടുത്തോട്ടെ എന്നും ചോദിച്ചു.

കാൻസർ എന്നൊന്നും ഇതുവരെ ഡോക്ടർ പറഞ്ഞിട്ടില്ല, പരിശോധിച്ചു കൊണ്ടിരിക്കുകയാണ് എന്നെല്ലാം പറയുന്നതുകേട്ടു. അതിൽ നിന്നു തന്നെ ആ കുടുംബം എത്രത്തോളം സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസ്സിലായി.

നാലു വയസ്സ് കഴിഞ്ഞപ്പോഴാണ് മുഹമ്മദിന്റെ വായിൽ അൾസർ കൂടാൻ തുടങ്ങിയത്. മേജർ അഫ്തസ് അൾസർ പോലെയാണ് തോന്നിയത്. പലപ്പോഴും ചെറിയ രീതിയിലുള്ള മാറ്റങ്ങൾ തന്നെ ഇതുപോലുള്ള മുറിവുകൾ ഉണ്ടാക്കാറുണ്ട്. ടൂത്ത് പേസ്റ്റ് പെട്ടെന്ന് മാറ്റുമ്പോൾ, പുതിയ ഭക്ഷണം, ഭക്ഷണത്തിൽ ഉണ്ടാകുന്ന വ്യത്യാസം തുടങ്ങിയവ ഇത്തരം അൾസറുകൾക്ക് കാരണമാകാറുണ്ട്.

മാറ്റിയെടുക്കാമെന്നും സമയമെടുക്കുമെന്നും ഞാനവരോടു പറഞ്ഞു. ക്ഷമയോടെവേണം ചികിത്സയെ സമീപിക്കാനെന്നും പറഞ്ഞു. ഏഴുദിവസം കഴിഞ്ഞ് വരുമ്പോൾ കഴിക്കുന്ന എല്ലാ ഭക്ഷണത്തിന്റെയും ലിസ്റ്റ് കുറിക്കാൻ ഒരു ടാസ്ക് കൂടി കൊടുത്തു. ഒരാഴ്ച കഴിഞ്ഞപ്പോൾ പറഞ്ഞതുപോലെ ആ ഉമ്മ എല്ലാം എഴുതിയ ചാർട്ട് കൊണ്ടുവന്നു. കൂടാതെ എനിക്ക് വാട്സാപ്പിലും അവ അയച്ചു തന്നിട്ടുണ്ടായിരുന്നു.

എല്ലാദിവസവും മദ്രസയിൽ പോകുന്നതിനു മുൻപ് ഒരു മുട്ട കഴിക്കാറുണ്ട്. ആ ഏഴു ദിവസത്തിലും കോമൺ ആയി കാണുന്നത് അത് മാത്രം ആയിരുന്നു. അലർജി ആയിരിക്കും എന്നുതന്നെ ആയിരുന്നു എന്റെ ആദ്യ ചിന്ത. പക്ഷേ യാതൊരുവിധ ഉറപ്പുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പുതിയതായി മരുന്നുകൾ ഒന്നും കൊടുത്തില്ല.

15 ദിവസം മുട്ട മുഴുവനായി ഒഴിവാക്കാൻ പറഞ്ഞു. പിന്നീട് തിരിച്ചുവരുമ്പോൾ മുഹമ്മദിന്‍റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഇത്രയും കാലം അവന്റെ പുഞ്ചിരി ഇല്ലാതാക്കിയ അൾസർ ഏകദേശം മുഴുവനായി മാറിയിരുന്നു. മുഹമ്മദിന്റെ വേദനയില്ലാത്ത ചിരി എന്റെ മനസ്സ് നിറച്ചു.

അവന്റെ ഉമ്മ കെട്ടിപിടിച്ചാണ്‌ സ്നേഹം പറഞ്ഞത്. കാൻസർ ആണെന്നുറപ്പിച്ചു വന്നതായിരുന്നു അവർ.

**************

ആറുവയസ്സുള്ള അയാന്റേതാണ് മറ്റൊരു കേസ്. ആ കുഞ്ഞിനും ഇതുപോലെ വായിൽ ഉണങ്ങാത്ത ഒരു മുറിവ് ഉണ്ടായിരുന്നു. അത് ഇടയ്ക്കിടെ വരികയും പോവുകയും ചെയ്യും. കാൻസർ ആയിരിക്കുമോയെന്നായിരുന്നു അവരുടെയും പേടി. ഹിസ്റ്ററി ചോദിച്ചപ്പോഴാണ് രണ്ടുവയസ്സ് കഴിഞ്ഞതിനുശേഷം ആണ് അയാന് ഇതുപോലത്തെ മുറിവുകൾ കണ്ടു തുടങ്ങിയത് എന്ന് പറഞ്ഞത്.

ഭക്ഷണത്തിൽ മാറ്റം എന്തെങ്കിലും വരുത്തിയതിന്റെ ഹിസ്റ്ററി ചോദിക്കുമ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്. രണ്ടുവയസ്സുവരെ മുലപ്പാൽ മാത്രമാണ് കൊടുത്തിരുന്നത്. അതിനുശേഷം പശുവിൻപാൽ കൊടുത്തു തുടങ്ങി. അലർജി ആവാനുള്ള സാധ്യത കൂടുതലാണ്. പശുവിൻപാൽ തൽക്കാലത്തേക്ക് ഒഴിവാക്കൻ പറഞ്ഞു. കുറച്ചുദിവസങ്ങൾക്കുശേഷം നന്ദിപറയാൻ വേണ്ടിയാണ് അവർ വന്നത്. കാൻസറിന്റെ സാധ്യതയുണ്ട് എന്നു വിചാരിച്ച് അവർ കാണിക്കാത്ത ആശുപത്രികളോ, ഡോക്ടർമാരോ ഇല്ല എന്ന് ആ അമ്മ വളരെ സങ്കടത്തോടെ പറഞ്ഞു.

ശരീരഭാഗങ്ങളിൽ വായിലോ, മാറിലോ എവിടെയെങ്കിലും കാണുന്ന മുഴകൾ, അൾസറേഷൻസ്, പെട്ടെന്ന് ഭാരം കുറയുക, ഇടയ്ക്കിടെയുള്ള പനി ഇതൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് അവരോടുപറഞ്ഞു.

ഒരു നിമിഷം ആ അമ്മ ഒന്നും മിണ്ടാതെ നിന്നു. ശേഷം ഡോക്ടർ എനിക്ക് മാറിൽ ഒരു മുഴയുണ്ട്. എന്താണെങ്കിലും വന്നതല്ലേ ഒന്ന് പരിശോധിക്കാം എന്ന് പറഞ്ഞു. കട്ടിയുള്ള ഉറച്ച മുഴയായിരുന്നു അത്. സത്യം പറഞ്ഞാൽ ഞാൻ ഒന്ന് ഞെട്ടി. ഇത് നിങ്ങൾ ശ്രദ്ധിച്ചിരുന്നില്ലേ എന്ന് അവരോട് ചോദിച്ചു. കുഞ്ഞിന് ഒരു ചെറിയ അസുഖം വന്നപ്പോഴേക്കും നിങ്ങൾ ഇത്രയും ആശുപത്രികൾ കയറിയിറങ്ങി പലപല ഡോക്ടർമാരെ മാറിമാറി കാണിച്ചു. ഈ ഒരു മുഴ നിങ്ങൾ എന്താ ആരോടും പറയാതിരുന്നതെന്ന് ചോദിച്ചു.

കുട്ടികൾക്ക് എന്തെങ്കിലും വന്നാൽ നമ്മൾ വേഗം എടുത്തു ഓടില്ലേ..അവർക്ക് വേദന പോലും പറയാൻ അറിയില്ലല്ലോ. അവർക്കൊന്നും സംഭവിക്കരുത്, കുട്ടികൾ അല്ലേ നമ്മുടെ ഏറ്റവും വലിയ ശക്തി.- അവർ ചെറിയ കുറ്റബോധത്തോടെ പറഞ്ഞു.

എന്തു പറണമെന്ന് എനിക്കറിയില്ലായിരുന്നു. ഒരു വിധം എല്ലാ അമ്മമാരിലും കണ്ടുവരുന്ന ഒരു ശീലമാണിത്. മക്കൾക്കുവേണ്ടി എന്തും ചെയ്യും. സ്വന്തം കാര്യങ്ങൾ മറക്കും. അത് അറിവില്ലായ്മ കൊണ്ടൊന്നുമല്ല. സ്വന്തം കാര്യം പിന്നെ നോക്കാം എന്നുള്ള മാറ്റിവെക്കലാണ്.

ബാക്കി പരിശോധനകൾ ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ഞാൻ പറഞ്ഞു. മാമോഗ്രാം ചെയ്തു. ബിരാഡ്സ് 4 ആയിരുന്നു. കുത്തി പരിശോധന ചെയ്തു ബാക്കി റിപ്പോർട്ടുകൾ എല്ലാം വന്നപ്പോൾ കാൻസർ ഏകദേശം സ്റ്റേജ് 2 കഴിഞ്ഞിട്ടുണ്ട്.

ചികിത്സയൊക്കെ എടുത്ത് അവർ ഇപ്പോൾ വലിയ കുഴപ്പമില്ലാതെ ഇരിക്കുന്നു. ഇതിൽ ചിന്തിപ്പിക്കുന്ന ഒരു കാര്യമുണ്ട്..

കുട്ടിയുടേതുപോലെ തന്നെ അവരെയും ആദ്യം തന്നെ കാണിച്ചിരുന്നെങ്കിൽ അത് സ്റ്റേജ് സീറോയിലോ സ്റ്റേജ് ഒന്നിലോ കണ്ടുപിടിക്കാവുന്ന ഒരു കാൻസർ മാത്രമായിരുന്നു. സ്റ്റേജ് 2 ആയതുകൊണ്ട് തന്നെ ചികിത്സകൾക്ക് പരിമിതിയുണ്ട് എന്നുള്ളതാണ് സത്യം. അപ്പോഴെങ്കിലും കണ്ടെത്തിയത് ഭാഗ്യമായി എന്നത് മറ്റൊരു വശം.

"ആരോഗ്യമുള്ള രക്ഷിതാക്കൾ എന്നത് ഒരു കുഞ്ഞിന് കിട്ടാവുന്ന ഏറ്റവും വലിയ സുരക്ഷയാണ്". ഈ കാൻസർ ദിനത്തിൽ എനിക്ക് പറയാനുള്ളതും ഇതുതന്നെയാണ്.

കുട്ടികളിലെ കാൻസർ

ലോകമെമ്പാടുമായി എല്ലാ വർഷവും മൂന്ന ലക്ഷത്തിലധികം കുട്ടികൾക്ക് കാൻസർ കണ്ടെത്തുന്നു. ഇന്ത്യയിൽ, ഓരോ വർഷവും ഏകദേശം 50,000-ത്തിലധികം പുതിയ ബാല്യകാല കാൻസർ കേസുകൾ ഉണ്ടാകുന്നു.

കുട്ടിക്കാലത്തെ കാൻസറിന്റെ ലക്ഷണങ്ങൾ

മുതിർന്നവർക്ക് അവരുടെ ശരീരത്തിൽ കാൻസറിന്റെ ലക്ഷണങ്ങൾ നിരീക്ഷിക്കാനും വേണ്ട രീതിയിയിലുള്ള ചില നടപടികൾ സ്വീകരിക്കാനും കഴിയും. എന്നാൽ കുട്ടികളിൽ ഏതെങ്കിലും ലക്ഷണങ്ങൾ മാത്രമായി മനസ്സിലാക്കാനും നിരീക്ഷിക്കാനും പ്രയാസമാണ്. മുതിർന്നവരേക്കാൾ അപൂർവമായതിനാൽ കുട്ടികളിൽ കാൻസറിനെ കണ്ടെത്തുന്നത് കുറച്ചു ബുദ്ധിമുട്ടാണ്.

ചില ലക്ഷണങ്ങൾ ഇവയാണ്

  • തുടർച്ചയായ, വിശദീകരിക്കാനാവാത്ത ഭാരക്കുറവ്
  • തലവേദന , പലപ്പോഴും രാവിലെ ഛർദ്ദിയും ഉണ്ടാകുന്നു
  • എല്ലുകൾ, സന്ധികൾ, പുറം അല്ലെങ്കിൽ കാലുകൾ എന്നിവയിൽ വീക്കം അല്ലെങ്കിൽ സ്ഥിരമായ വേദന.
  • വയറ്, കഴുത്ത്, നെഞ്ച്, പെൽവിസ് അല്ലെങ്കിൽ കക്ഷങ്ങളിൽ മുഴ
  • കണ്ണിന്റെ കൃഷ്ണമണിയിൽ വെളുത്ത നിറം പ്രത്യക്ഷപ്പെടുകയോ കാഴ്ചയിൽ മാറ്റങ്ങൾ വരികയോ ചെയ്യുക.
  • അണുബാധ മൂലമല്ലാത്ത ആവർത്തിച്ചുള്ള പനികൾ
  • രക്തസ്രാവം (പലപ്പോഴും പെട്ടെന്ന്)
  • കാണപ്പെടാത്ത വിളർച്ച അല്ലെങ്കിൽ നീണ്ടുനിൽക്കുന്ന ക്ഷീണം

അപകടസാധ്യത ഘടകങ്ങൾ

കാൻസർ പോലുള്ള ഒരു രോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന എന്തും ഒരു അപകട ഘടകമാണ്. കുട്ടികളിലെ കാൻസറിന് അറിയപ്പെടുന്ന ഒരു കാരണമില്ല.

നമ്മുടെ കോശങ്ങൾക്കുള്ളിലെ ഡിഎൻഎയിലെ ഏതെങ്കിലും മാറ്റങ്ങളോ മ്യൂട്ടേഷനോ കാൻസർ കോശങ്ങളുടെ ഉത്പാദനത്തിന് കാരണമാകുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കുട്ടികളിലെ 5-10% കാൻസറുകളും പാരമ്പര്യമായി ലഭിക്കുന്നതോ, ജനിതക ഘടകങ്ങൾ മൂലമാണെന്നോ എന്ന് പഠനങ്ങൾ കാണിക്കുന്നു.

കുട്ടിക്കാലത്തെ കാൻസറുകളുടെ തരങ്ങൾ

കുട്ടിക്കാലത്തെ കാൻസറുകൾ പല തരത്തിലുണ്ട്, അവ മുതിർന്നവരിലെ കാൻസറുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ലക്ഷണങ്ങളേക്കുറിച്ചുള്ള അവബോധം നേരത്തെയുള്ള രോഗനിർണയത്തിന് ആവശ്യമാണ്. ഇന്ത്യയിൽ ഓങ്കോളജി സെന്ററുകളിൽ എത്തുന്ന കേസുകളിൽ ഭൂരിഭാഗവും രോഗം പടർന്ന് കഴിഞ്ഞ ഘട്ടങ്ങളിലാണ് വരുന്നത്.

രക്താർബുദം

ചൈൽഡ്ഹുഡ് അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (ALL) എന്നത് ഒരു തരം കാൻസറാണ്, അതിൽ അസ്ഥിമജ്ജ വളരെയധികം വളർച്ചയെത്താത്ത ലിംഫോസൈറ്റുകൾ (ഒരു തരം വെളുത്ത രക്താണുക്കൾ) ഉണ്ടാക്കുന്നു. രക്താർബുദം ചുവന്ന രക്താണുക്കളെയും, വെളുത്ത രക്താണുക്കളെയും, പ്ലേറ്റ്‌ലെറ്റുകളെയും ബാധിച്ചേക്കാം.

ലിംഫോമകൾ

ലിംഫ് സിസ്റ്റത്തിലെ കോശങ്ങളിൽ ആരംഭിക്കുന്ന കാൻസറിനെ സൂചിപ്പിക്കുന്ന ഒന്നാണ് ലിംഫോമ . രണ്ട് പ്രധാന തരങ്ങൾ ഹോഡ്ജ്കിൻ ലിംഫോമയും നോൺ-ഹോഡ്ജകിൻസ് ലിംഫോമയുമാണ് . ഹോഡ്ജ്കിൻ ലിംഫോമ പലപ്പോഴും സുഖപ്പെടുത്താവുന്നതാണ്. NHL യുടെ പ്രോഗ്നോസിസ് ഓരോ ടൈപ്പിനു അനുസരിച്ചു മാറും

ബ്രെയിൻ ട്യൂമറുകൾ(brain tumor )

തലച്ചോറിലെയോ സുഷുമ്‌നാ നാഡിയിലെയോ(spinal cord ) ടിഷ്യുകളിൽ അസാധാരണ കോശങ്ങൾ രൂപം കൊള്ളുന്ന ഒരു രോഗമാണ് തലച്ചോറ് അല്ലെങ്കിൽ സുഷുമ്‌നാ നാഡി ട്യൂമർ(brain and spinal cord tumors ). ശരീരത്തിലെ പല പ്രധാന പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് തലച്ചോറാണ്. ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലുമുള്ള നാഡികളുമായി തലച്ചോറിനെ ബന്ധിപ്പിക്കുന്നത് സുഷുമ്‌നാ നാഡിയാണ്.

തലച്ചോറിലും സുഷുമ്‌നാ നാഡിയിലും ഉണ്ടാകുന്ന മുഴകൾ കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന ഒരു തരം കാൻസറാണ്. ചില മുഴകൾ ബിനയിൻ ആണ് (കാൻസർ അല്ലാത്തത് ) , അവ ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്താൻ കഴിയും.

അസ്ഥിയിലെ കാൻസർ(bone cancer )

അസ്ഥി കാൻസർ അപൂർവമാണ്, ഇതിൽ പല തരങ്ങളും ഉൾപ്പെടുന്നു. ഓസ്റ്റിയോസാർകോമ , എവിംഗ് സാർകോമ എന്നിവയുൾപ്പെടെയുള്ള ചില അസ്ഥി കാൻസറുകൾ കുട്ടികളിലും യുവാക്കളിലും കൂടുതലായി കാണപ്പെടുന്നു.

ന്യൂറോബ്ലാസ്റ്റോമ

ന്യൂറോബ്ലാസ്റ്റോമ എന്നത് പ്രായപൂർത്തിയാകാത്ത നാഡീകോശങ്ങളെ ബാധിക്കുന്ന ഒരു കാൻസറാണ്, ഇത് മിക്കപ്പോഴും ചെറിയ കുട്ടികളിലാണ് കണ്ടു വരുന്നത് . ഇത് സാധാരണയായി അഡ്രീനൽ ഗ്രന്ഥികളിലാണ് ആരംഭിക്കുന്നത്, പക്ഷേ കഴുത്ത്, നെഞ്ച്, വയറ്, നട്ടെല്ല് എന്നിവിടങ്ങളിലും വരാം

വിൽംസ് ട്യൂമർ

വൃക്കയിൽ കാൻസറുകൾ ഉണ്ടാകുന്നത് മിക്കപ്പോഴും കുട്ടികളിലാണ്, സാധാരണയായി രണ്ടിനും നാലിനും ഇടയിൽ പ്രായമുള്ളവരിലാണ്, കൂടാതെ മുതിർന്നവരുടെ വൃക്ക കാൻസറുകളിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്, നേരത്തെയുള്ള രോഗനിർണയം ചെയ്താൽ രോഗശമന നിരക്ക് കൂടുതലാണ്

റാബ്ഡോമിയോസർകോമ

അസ്ഥികളിൽ ഘടിപ്പിച്ചിരിക്കുന്നതും ശരീരത്തെ ചലിപ്പിക്കാൻ സഹായിക്കുന്നതുമായ പേശികളിൽ നിന്നാണ് സാധാരണയായി റാബ്ഡോമിയോസാർകോമ ആരംഭിക്കുന്നത്, പക്ഷേ ശരീരത്തിന്റെ പല ഭാഗങ്ങളിലും ഇത് ആരംഭിച്ചേക്കാം. കുട്ടികളിൽ ഏറ്റവും സാധാരണമായ സോഫ്റ്റ് ടിഷ്യു സാർകോമയാണ് റാബ്ഡോമിയോസാർകോമ.

റെറ്റിനോബ്ലാസ്റ്റോമ

റെറ്റിനോബ്ലാസ്റ്റോമ എന്നത് റെറ്റിനയെ ബാധിക്കുന്ന ഒരു അപൂർവ തരം നേത്ര കാൻസറാണ്. സാധാരണയായി 5 വയസ്സിന് താഴെയുള്ള കുട്ടികളെ ഇത് ബാധിക്കാം. നേരത്തെ കണ്ടെത്തിയാൽ, റെറ്റിനോബ്ലാസ്റ്റോമ പലപ്പോഴും വിജയകരമായി ചികിത്സിക്കാൻ കഴിയും.

റെറ്റിനോബ്ലാസ്റ്റോമ ഒരു കണ്ണിനെയോ രണ്ട് കണ്ണുകളെയോ ബാധിക്കാം. രണ്ട് കണ്ണുകളെയും ഇത് ബാധിക്കുകയാണെങ്കിൽ, സാധാരണയായി ഒരു കുട്ടിക്ക് ഒരു വയസ്സ് തികയുന്നതിന് മുമ്പ് ഇത് നിർണ്ണയിക്കപ്പെടുന്നു. ഒരു കണ്ണിനെയാണ് ഇത് ബാധിക്കുന്നതെങ്കിൽ, പിന്നീട് (2 നും 3 നും ഇടയിൽ) രോഗനിർണയം നടത്താൻ സാധ്യതയുണ്ട്. നേരത്തെയുള്ള കണ്ടെത്തൽ കാഴ്ചയെയും ജീവനെയും രക്ഷിക്കുന്നതിനാൽ, ലക്ഷണങ്ങളിലും ലക്ഷണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്.

റെറ്റിനോബ്ലാസ്റ്റോമയുടെ ലക്ഷണങ്ങൾ

  • കൃഷ്ണമണിയിൽ അസാധാരണമായ ഒരു വെളുത്ത പ്രതിഫലനം
  • ഒരു കണ്ണ് ഇറുക്കി കൊണ്ടിരിക്കൽ
  • ഐറിസിന്റെ നിറത്തിലുള്ള മാറ്റം
  • ചുവന്നതോ വീർത്തതോ ആയ കണ്ണ്
  • കാഴ്ചശക്തി കുറയുക

ഈ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം വിദഗ്ധ പരിശോധന നടത്തണം .

കാൻസർ പ്രതിരോധം

എച്ച് പി വി പ്രതിരോധ വാക്‌സിൻ

ആൺകുട്ടികളിലും പെൺകുട്ടികളിലും HPV വാക്സിനേഷൻ ഫലപ്രദമാണ്. 9 തൊട്ട് 14 വയസ്സു വരെയുള്ള കുട്ടികളിൽ രണ്ട് ഡോസായാണ് വാക്സിനേഷൻ നൽകേണ്ടത്. ആദ്യ ഡോസ് കഴിഞ്ഞ് ആറുമാസത്തിനും 12 മാസത്തിനും ഇടയിലാണ് രണ്ടാമത്തെ ഡോസ് നൽകേണ്ടത്. മുതിർന്നവരിൽ 15 മുതൽ 45 വയസു വരെയുള്ളവർ 3 ഡോസായാണ് വാക്സിനേഷൻ നൽകുന്നത്. ആദ്യ ഡോസ് കഴിഞ്ഞ് 2 മാസം കഴിഞ്ഞ് രണ്ടാമത്തെ ഡോസും, രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 4 മാസം കഴിഞ്ഞ് മൂന്നാമത്തെ ഡോസും നൽകേണ്ടതാണ്. HPV വാക്‌സിനേഷൻ എല്ലാവരിലും എത്തിക്കുന്നതിലൂടെ ഗർഭാശയള കാൻസർ ഉൾപ്പെടെയുള്ള 8 കാൻസറുകളെ നമുക്ക് തടയാകും. കേരളത്തിലെ മിക്കവാറും എല്ലാ പ്രധാന ആശുപത്രികളിലും കാൻസർ പ്രിവെൻ്റിവ് ഹെൽത്ത് സെൻററുകളിലും HPV വാക്സിനേഷൻ ലഭ്യമാണ്.

ഒട്ടേറെ കാലത്തെ ഗവേഷണത്തിനും ക്ലിനിക്കൽ ട്രയലുകൾക്കും ശേഷമാണ് HPV വാക്സിനേഷൻ ജനങ്ങളിലേക്ക് എത്തിയത് അതുകൊണ്ടുതന്നെ സുരക്ഷിതമാണ് HPV വാക്സിൻ. അതിനാൽ 9 വയസു തൊട്ട് 14 വയസു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എച്ച് പി വി വാക്സിനേഷൻ നൽകി അവരെ കാൻസർ എന്ന മഹാമാരിയിൽ നിന്നും ഒരു പരിധിവരെ സുരക്ഷിതരാക്കാം. അടുത്ത തലമുറയെയെങ്കിലും ഈ മാരക രോഗങ്ങളിൽ നിന്ന് നമുക്ക് സംരക്ഷിക്കാം. പോളിയോ രോഗത്തെ പോലെ കാൻസർ എന്ന മഹാവ്യാധിയെയും ഈ ലോകത്ത് നിന്നും എന്നെന്നേക്കുമായി തുടച്ചു നീക്കാനുള്ള പ്രയാണത്തിൽ നമുക്കും പങ്ക് ചേരാം.