പുകയിലവിരുദ്ധ ദിനം വരുമ്പോഴെല്ലാം ഞാൻ മാധവിയേട്ടത്തിയെ ഓർക്കാറുണ്ട്. ഒരു ക്യാമ്പിൽ വെച്ചാണ് ഞാൻ മാധവിയേട്ടത്തിയെ കണ്ടത്. ക്യാമ്പിൽ എപ്പോഴും  ഓടി നടക്കുന്ന മാധവിയേട്ടത്തിക്ക്  ഏകദേശം  65 വയസ്സു കാണും, എങ്കിലും  പ്രായം പരിക്കേൽപ്പിക്കാത്ത ചുറുചുറുക്കും വർത്തമാനങ്ങളും. ക്യാമ്പിലെ എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്യുന്നുണ്ട്.

To advertise here,

ഞങ്ങൾ വന്നതുമുതൽ ഏകദേശം ഒരു 10 തവണയെങ്കിലും ചോദിച്ചു കാണും ചായ കുടിച്ചോ എന്ന്.. ഞങ്ങളോട് മാത്രമല്ല എല്ലാവരോടും ആ ഒരു സ്നേഹം മാധവിയേട്ടത്തി കാണിക്കാറുണ്ട്. എല്ലാവർക്കും ചായയും വെള്ളവുമൊക്കെ കൊടുത്ത് ഓടിനടന്നു കാര്യങ്ങൾ ചെയ്യുന്ന ഒരാൾ.

ഞങ്ങൾക്ക് ചായ തരാൻ വേണ്ടി വന്നപ്പോഴാണ് കൂടെയുള്ള സ്ത്രീ അക്കാര്യം പറഞ്ഞത്. ഡോക്ടർക്ക് അറിയാമോ മാധവിയേട്ടത്തിക്ക്  കാൻസർ ആയിരുന്നു. അതിനുശേഷം ഇങ്ങനെയുള്ള എല്ലാ കാര്യങ്ങൾക്കും ഓടി നടക്കലാണ് പ്രധാന പരിപാടി. എല്ലാ ക്യാമ്പുകളിലും എത്തും.

"മാധവിക്കു കാൻസർ ആയിരുന്നു, ഇപ്പോഴും തൊലിക്കൊക്കെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്.

വിട്ടുമാറാത്ത ചുമയും ശ്വാസംമുട്ടലും വേറെ, മാധവി എല്ലാവരുടെയും കാര്യം നോക്കാൻ മുൻപന്തിയിൽ ആണെങ്കിലും സ്വന്തം കാര്യം വരുമ്പോൾ ഒന്നും ശ്രദ്ധിക്കില്ല.."

"ഡോക്ടർ ഒന്നു പറയാമോ?"

 ഒരുപാട് സ്നേഹത്തോടുകൂടിയാണ് ആ കൂട്ടുകാരി മാധവിയെപ്പറ്റി പറഞ്ഞത്..

എന്നാൽ വേഗം അവരെ ചെക്കപ്പിന് വിളിക്കു നമുക്ക് നോക്കാമെന്നു പറഞ്ഞ് ഞാൻ അവരെ വിട്ടു. കുറച്ചു സമയത്തിനുശേഷം മാധവിയേടത്തി വന്നു വളരെ  നിസ്സാരമെന്നോണം പറഞ്ഞു.

എന്റെ മാറി.. എടുത്തു കളഞ്ഞതാണ്.. ഇനിയിപ്പോ നോക്കണോ ഡോക്ടറെ? കുഴപ്പമില്ല നമുക്ക് വെറുതെ ഒന്ന് നോക്കാം എന്ന് ഞാൻ പറഞ്ഞു.

അതിനുശേഷം ഹിസ്റ്ററി ചോദിച്ചപ്പോഴാണ് അറിഞ്ഞത് മാധവിയേടത്തി ഒരു പുകയില കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്ന്. ഏകദേശം 15 വയസ്സുമുതൽ ബീഡി ചുരുട്ടലായിരുന്നു ജോലി. വീട്ടിലെ ആദ്യത്തെ സന്തതി ആയതുകൊണ്ടുതന്നെ ജോലിയെടുക്കലൊക്കെ നേരത്തെ തുടങ്ങി. അച്ഛന്റെ അകാലവിയോഗം അമ്മയെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടുണ്ടായിരുന്നു.അമ്മയ്ക്ക് മുഴുവനായി നോക്കാനും പറ്റുന്നുണ്ടായില്ല. ആളുകളുടെ സഹതാപം മാത്രമല്ലാതെ മറ്റൊരു സഹായവും ഉണ്ടായിരുന്നില്ല.

16 വയസ്സായപ്പോഴേക്കും കല്യാണം കഴിപ്പിച്ചു. പക്ഷേ കഷ്ടപ്പാടുകൾക്ക് മാത്രം ഒരു കുറവുണ്ടായിരുന്നില്ല. ഞാനെന്റെ രണ്ടാമത്തെ കുട്ടിയെ ഗർഭിണിയായിരിക്കുമ്പോഴാണ് മാറിൽ ചെറിയ മുഴ കാണുന്നത്. ഗർഭിണി ആയതുകൊണ്ടുതന്നെ എനിക്ക് നല്ല പേടി ഉണ്ടായി. ആരോടും അത് പറഞ്ഞതുമില്ല.. എങ്ങനെയെങ്കിലും കേടുപാടൊന്നുമില്ലാതെ കുട്ടിയെ പ്രസവിക്കണമെന്ന് മാത്രമേ അന്നേരം മനസ്സിൽ ഉണ്ടായിരുന്നുള്ളു.. മോള് പാലുകുടിച്ചു തുടങ്ങുമ്പോഴാണ് ബുദ്ധിമുട്ട് വന്നത്. പാല് കുടിക്കുമ്പോൾ വല്ലാത്ത ഒരു വേദന പോലെ തോന്നിത്തുടങ്ങി..

അങ്ങനെ രണ്ടും  കൽപ്പിച്ച് ഡോക്ടറുടെ അടുത്തു പോയി. ഡോക്ടർ പെട്ടെന്നുതന്നെ സ്കാൻ എടുക്കാൻ പറഞ്ഞു. കാൻസർ ആണെന്ന് ഉറപ്പായപ്പോൾ ചികിത്സയും തുടങ്ങി. മലബാർ കാൻസർ സെന്ററിലായിരുന്നു ഞാൻ കാണിച്ചിരുന്നത്. 

എനിക്കിപ്പോൾ അതിനേക്കാൾ ബുദ്ധിമുട്ട് ആയിട്ടുള്ളത് ഈ ചൊറിച്ചിലാണ്. ബീഡി ചുരുട്ടി കൈയിലും ദേഹത്തുമൊക്കെ നിറയെ ഒരുതരം പാടുകൾ വന്നിരുന്നു.15 വയസ്സു മുതൽ തുടങ്ങിയ ബീഡി നിർമ്മാണം. അതിന്റെ അടയാളങ്ങളെല്ലാം ആ ശരീരത്തിൽ ഉണ്ടായിരുന്നു. 

ഈ കഥ പറയുമ്പോൾ തന്നെ വല്ലാത്തൊരു ശ്വാസംമുട്ട് മാധവി ഏട്ടത്തിക്ക് ഉണ്ടായിരുന്നു.. സുഖമില്ലാത്ത തരം ഒരു ചുമയും. ബീഡി കമ്പനിയിലെ ഒരുവിധം എല്ലാവർക്കും ഈ പ്രശ്നം ഉള്ളതുകൊണ്ടുതന്നെ മാധവിയേടത്തിക്ക് അത് വളരെ സാധാരണമായ ഒരു കാര്യമായിരുന്നു. 

മാറു പരിശോധിച്ചപ്പോഴാണ് വലതുമാറിൽ ചെറിയൊരു മുഴയും  കക്ഷത്ത് ഒരു തടിപ്പും കണ്ടത്. മാറ് എടുത്തു കളഞ്ഞതുകൊണ്ടുതന്നെ ഇതൊന്നും ഒരു പ്രശ്നമേയല്ല എന്നൊരു ഭാവമായിരുന്നു മാധവിയേടത്തിക്ക്.
"ചെറിയൊരു മുഴ വന്നിട്ടുണ്ട് നമുക്കൊന്ന് ടെസ്റ്റ് ചെയ്തു നോക്കാം " എന്ന് ഞാനവരോട് പറഞ്ഞു.

അതു പറഞ്ഞപ്പോൾ ഇതൊന്നും എനിക്കൊരു കുഴപ്പമല്ല എന്ന മട്ടിലായിരുന്നു  മാധവിയേടത്തിയുടെ ഭാവം. ടെസ്റ്റുകളൊക്കെ കഴിഞ്ഞപ്പോൾ മനസ്സിലായി രണ്ടാമതൊരു കാൻസർ കൂടെ മാധവിയേടത്തിയെ പിടികൂടിയിരിക്കുന്നുവെന്ന്.. അത് ശ്വാസകോശത്തിലേക്കും പടർന്നിരുന്നു.

ഇടയ്ക്കിടെ ചുമ വരുന്നത് മാധവിയേട്ടത്തി ശ്രദ്ധിച്ചതേയില്ല. പിന്നീട് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് ബീഡി കമ്പനിയിലെ നിരവധിപേർക്ക് ഇങ്ങനെ ശ്വാസകോശ തടസ്സങ്ങളും ചുമയും എല്ലാമുണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞത്. അവരിൽ പലരും അതൊന്നും ശ്രദ്ധിക്കാറുമില്ല. പഠനങ്ങൾ പ്രകാരം പുകവലി സ്തനാർബുദത്തിലേക്ക് നയിച്ചേക്കാവുന്ന കാരണങ്ങളിൽ ഒന്നാണ്. മിക്ക തൊഴിലാളികളും പുകയില നേരിട്ട് ഉപയോഗിക്കുന്നവരോ നിഷ്ക്രിയ പുകവലിക്കാരോ ആയാണ് കാണാറുള്ളത്.

ഇന്ന് ലോക പുകയില വിരുദ്ധ ദിനത്തിൽ നാം ഓർമിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.

ലോകം ഇതുവരെ നേരിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പൊതുജനാരോഗ്യ ഭീഷണികളിലൊന്നാണ് പുകയില ഉപയോഗം. പുകയില ഉപയോക്താക്കളുടെ എണ്ണത്തിൽ ഇന്ത്യ ആഗോളതലത്തിൽ 2-ാം സ്ഥാനത്തും. ഇന്ത്യയിൽ 15 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവരിൽ 28.6% പേർ നിലവിൽ ഏതെങ്കിലും രൂപത്തിൽ പുകയില ഉപയോഗിക്കുന്നുണ്ട്. ഇതിൽ സംസ്ഥാനങ്ങളും പ്രദേശങ്ങളും തമ്മിൽ ശ്രദ്ധേയമായ വ്യത്യാസങ്ങളുണ്ട്. കേരളത്തിൽ 22.9% പുരുഷന്മാരും 3.6% സ്ത്രീകളും 12.7% മുതിർന്നവരും ഒന്നുകിൽ പുകയില വലിക്കുന്നു അല്ലെങ്കിൽ പുകയില്ലാത്ത പുകയില ഉപയോഗിക്കുന്നു.

ഓരോ വർഷവും ഏഴു ദശലക്ഷം പേരെയാണ് പുകവലി കൊല്ലുന്നത്. ഉത്പാദനനഷ്ടവും ആരോഗ്യരംഗത്തെ ചെലവുകളും 1.4 ട്രില്യൺ ഡോളർ വരും എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 6 ദശലക്ഷം മരണങ്ങൾ നേരിട്ടുള്ള പുകയില ഉപയോഗം മൂലമുണ്ടാകുന്നുണ്ട്. അടച്ചിട്ട മുറികളിലും മറ്റും ആളുകൾ പുകവലിക്കുന്നത് മൂലം അടുത്തുള്ളവർക്കും ഈ പുക ശ്വസിക്കേണ്ടി വരുന്നുണ്ട്. ഇതിനെ നിഷ്ക്രിയ പുകവലി എന്നാണ് പറയുന്നത്. നാലായിരത്തിൽ കൂടുതൽ രാസവസ്തുക്കളടങ്ങിയ ഈ പുകയിൽ 250 എണ്ണം അപകടകാരികളാണ്. എൺപതിലധികം രാസവസ്തുക്കൾ അർബുദത്തിന് കാരണമാകുന്നു. മുതിർന്നവരിൽ നിഷ്ക്രിയ പുകവലി ഹൃദയസംബന്ധവും ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കു കാരണമാകുന്നു. പൊതുസ്ഥലങ്ങളിൽ ഏതാണ്ട് പകുതിയോളം കുട്ടികളും പുകയിലയുടെ പുക ശ്വസിക്കാൻ ഇടവരുകയും ഹൃദയസംബന്ധവും ശ്വാസകോശസംബന്ധവുമായ അസുഖങ്ങൾക്കും പല തരത്തിലുള്ള അർബുദത്തിനും  കാരണമാവുകയും ചെയ്യുന്നു. ഗർഭിണികളിൽ ഭാരം കുറഞ്ഞ കുഞ്ഞു ജനിക്കാനും ഇടയാകുന്നു.

പുകയില ഉപയോഗം പരിപൂർണമായി നിർത്താൻ സാധിക്കുമോ?

പുകയില ഉപയോഗം കൃത്യമായ ചികിത്സയിലൂടെ പരിപൂർണമായി നിർത്താൻ സാധിക്കും. ഇതിനായി നിരവധി രീതികളുണ്ട്. 

1. 5 A model (Ask, Assess, Advise, Assist,Arrange): 

Ask-വ്യക്തിയോട് പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെക്കുറിച്ചും എത്രത്തോളം നിർത്താൻ ആഗ്രഹിക്കുന്നു എന്നതിനെപ്പറ്റിയും ചോദിച്ചു മനസ്സിലാക്കുന്നു.

 Assess- തീവ്രത , സിഗരറ്റുകളുടെ എണ്ണം , ഉപയോഗിക്കുന്നതിന്റെ ഇടവേള), സിഗരറ്റ് ഉപയോഗിക്കാൻ നയിക്കുന്ന കാര്യങ്ങൾ, മാനസികാരോഗ്യ ആരോഗ്യപ്രശ്നങ്ങൾ, നിർത്താൻ ഉണ്ടായ പ്രചോദനം എന്നിവയെ പറ്റി ചോദിച്ചു മനസ്സിലാക്കുന്ന ഘട്ടം. 

Advise -പുകയില നിർത്താനുള്ള ഉപദേശങ്ങൾ നൽകാം, brief ടെക്നിക്കുകൾ കൊടുക്കുന്നു, ദൂഷ്യവശങ്ങളെപ്പറ്റി ബോധവൽക്കരിക്കുന്നു. 

Assist-quit ഡേറ്റ് (നിർത്താൻ ഉദ്ദേശിക്കുന്ന ദിവസം ) കണ്ടെത്താനും ആവശ്യമായ ചികിത്സ ഉറപ്പിക്കാനും സഹായിക്കുന്നു..

 Arrange -ചികിത്സ തുടങ്ങിയവർക്ക് തുടർന്നുള്ള സേവനങ്ങൾ നൽകുന്നു

പുകവലി നിർത്തണമെങ്കിൽ ആദ്യം ചെയ്യേണ്ടത് പുകവലി പൂർണ്ണമായും ഉപേക്ഷിക്കാൻ തീരുമാനം കൈക്കൊള്ളുക എന്നതാണ്. പുകവലി നിർത്താൻ നിങ്ങൾ തീരുമാനിച്ചുകഴിഞ്ഞാൽ, അത് ഉപേക്ഷിക്കുന്ന തീയതി സജ്ജമാക്കാൻ തയ്യാറാകണം. ഭാവിയിൽ വളരെ ദൂരെയല്ലാത്ത ഒരു ദിവസം തിരഞ്ഞെടുക്കുക . ഇത് മാനസികമായും ശാരീരികമായും സ്വയം തയ്യാറാക്കാൻ നിങ്ങൾക്ക് മതിയായ സമയം നൽകുന്നു. പുകവലി നിർത്താൻ നിരവധി മാർഗങ്ങളുണ്ട്, ഏതു തിരഞ്ഞെടുക്കണം എന്ന് നിങ്ങൾക്ക് സ്വയം തീരുമാനിക്കാം ‌

  • പെട്ടെന്ന് ഉപേക്ഷിക്കുക, അല്ലെങ്കിൽ നിങ്ങൾ ഉപേക്ഷിക്കുന്ന തീയതി വരെ പുകവലി തുടരുക, എന്നിട്ട്  പെട്ടെന്ന്  നിർത്തുക.
  •  ക്രമേണ ഉപേക്ഷിക്കുക, അല്ലെങ്കിൽ നിങ്ങൾ ഉപേക്ഷിക്കുന്ന തീയതി വരെ സാവധാനം സിഗരറ്റ് വലിക്കുന്നതിന്റെ എണ്ണം കുറയ്ക്കുക, തുടർന്ന് നിർത്തുക. 

പുകവലി  നിർത്തേണ്ട ദിവസം തിരഞ്ഞെടുത്തു കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

  • പുകവലിക്കരുത്. 
  • തിരക്കുകളിൽ ഏർപ്പെടുക. 
  • എൻആർടി (NICOTINE REPLACEMENT THERAPY) ഉപയോഗിക്കാൻ നിങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ എൻആർടിയുടെ ഉപയോഗം ഉടൻ ആരംഭിക്കുക. 
  • പുകവലി നിർമ്മാർജന പരിപാടിയിൽ പങ്കെടുക്കുക
  • കൂടുതൽ വെള്ളവും ജ്യൂസും കുടിക്കുക
  • മദ്യം ഉപയോഗിക്കുന്നവരാണെങ്കിൽ അതും ഒഴിവാക്കുക 
  • പുകവലിക്കുന്ന വ്യക്തികളുമായുള്ള സമ്പർക്കം ഒഴിവാക്കുക.
  • പുകവലിക്കാനുള്ള ശക്തമായ പ്രേരണയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. 

പുകവലി നിർത്തുന്ന ദിവസത്തിൽ പലതവണ പുകവലിക്കാനുള്ള ത്വര നിങ്ങൾക്ക് മിക്കവാറും അനുഭവപ്പെടും, പുകവലിക്കാനുള്ള പ്രേരണയെ ചെറുക്കാൻ ഇനിപ്പറയുന്ന പ്രവർത്തനങ്ങൾ നിങ്ങളെ സഹായിച്ചേക്കാം:

  • ആസക്തി കടന്നുപോകുന്നതുവരെ കാത്തിരിക്കുക. പുകവലിക്കാനുള്ള ത്വര പലപ്പോഴും 3 മുതൽ 5 മിനിറ്റിനുള്ളിൽ വരുന്നു. 
  • ആഴത്തിലുള്ള ശ്വസനം. 
  • ആസക്തിയെ മറികടക്കാൻ വെള്ളം കുറച്ച് കുറച്ചായി കുടിച്ചുകൊണ്ടിരിക്കുക.
  • സ്വയം ശ്രദ്ധ തിരിക്കാൻ മറ്റെന്തെങ്കിലും ചെയ്യുക. വേണമെങ്കിൽ പുറത്ത് നടക്കാൻ പോകുക. 

ഈ നാല് കാര്യങ്ങൾ ഓർമ്മിക്കുന്നത് പലപ്പോഴും പുകവലിക്കുവാനുള്ള നിങ്ങളുടെ പ്രേരണയെ മറികടക്കാൻ സഹായിക്കും. 

2. NRT (Nicotine Replacement Therapy): പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്ന മികച്ച ഒരു മാർഗമാണിത്. പുകവലി ഉപേക്ഷിക്കാനുള്ള ശ്രമത്തെ തടസ്സപ്പെടുത്തിയേക്കാവുന്ന ആസക്തിയും പിൻവലിക്കൽ ലക്ഷണങ്ങളും എൻആർടിക്ക് കുറയ്ക്കാൻ കഴിയും. ശരീരം സിഗരറ്റിൽ നിന്ന് അകറ്റുന്നതിനും പുകയിലയിൽ കാണപ്പെടുന്ന മറ്റ് രാസവസ്തുക്കൾ നിൽക്കുന്നതിൽ നിന്ന് നിങ്ങളെ ഒഴിവാക്കുന്നതിനും ഇടയിലും, നിയന്ത്രിത അളവിൽ നിക്കോട്ടിൻ നൽകുന്നതിനാണ് എൻആർടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 

ചില NRT സംവിധാനങ്ങൾ ഇവയാണ്: 

  • തൊലിപ്പുറത്ത് ഒട്ടിക്കുന്നവ 
  • ച്യൂയിങ് ഗം 
  • ലോസേൻജസ് 
  • മൂക്കിൽ ഉപയോഗിക്കുവാനുള്ള നേസൽ സ്പ്രേ (ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രം)
  • ഇൻഹേലർ (ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രം) 

എൻആർടി പിന്തുടരുവാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ പുകവലി ഉപേക്ഷിക്കുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദ​ഗ്ധനുമായോ ടോബാകോ സെസ്സാഷൻ സ്പെഷ്യലിസ്റ്റുമായോ അവയുടെ ഡോസിനെ കുറിച്ച് ചർച്ച ചെയ്യുക. എൻആർടി ഉപയോഗിച്ച് നിങ്ങൾ പുകവലി ഉപേക്ഷിക്കാൻ കൂടുതൽ സാധ്യതയുണ്ടെങ്കിലും, പുകയില ഉപേക്ഷിക്കുക മാത്രമല്ല, നിക്കോട്ടിനിലേക്കുള്ള നിങ്ങളുടെ ആസക്തി അവസാനിപ്പിക്കലാണ്  ഇതിന്റെ പ്രധാന ലക്ഷ്യം. ഈ ഉത്പ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ തലകറക്കം, ബലഹീനത, ഓക്കാനം, ഛർദി, വേഗതയേറിയ അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയമിടിപ്പ്, അല്ലെങ്കിൽ ചർമത്തിന്റെ വീക്കം എന്നിവ ചിലരിലെങ്കിലും അനുഭവപ്പെടാറുണ്ട്. അത്തരം സാഹചര്യത്തിൽ ഉടൻ ഡോക്ടറെ ബന്ധപ്പെടുക.

 3. മരുന്നുപയോഗിച്ചുള്ള ചികിത്സ : പുകവലി ശീലം ഒഴിവാക്കാൻ സഹായിക്കുന്നതിന് നിക്കോട്ടിൻ രഹിതമായ രണ്ട് മരുന്നുകൾ എഫ്ഡിഎ അംഗീകരിച്ചിട്ടുണ്ട്. ബ്യൂപ്രോപിയോൺ (Bupropione ), വാരെനിക്ലൈൻ (varanicicline ) എന്നിവയാണ് അവ. ഇത് വാങ്ങുന്നതിനായി ഡോക്ടറുടെ ഒരു കുറിപ്പടി ആവശ്യമുള്ളതിനാൽ പുകവലി നിർത്താൻ സഹായിക്കുന്നതിന് ഇവയിലൊന്ന് പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന് തോന്നുകയാണെങ്കിൽ ഡോക്ടറോടോ ടുബാക്കോ സെസേഷൻ സ്പെഷ്യലിസ്റ്റിന്റെ അടുത്തോ ഇതിനെക്കുറിച്ച് സംസാരിക്കുക. തലച്ചോറിലെ രാസവസ്തുക്കളിൽ ബ്യൂപ്രോപിയോൺ പ്രവർത്തിക്കുന്നു, അത് നിക്കോട്ടിൻ ആസക്തിയിൽ കുറവ് വരുത്തുന്നതിന് പങ്കുവഹിക്കുകയും നിക്കോട്ടിൻ പിൻവലിക്കലിന്റെ ലക്ഷണങ്ങളും ബുദ്ധിമുട്ടുകളും കുറയ്ക്കുകയും ചെയ്യുന്നു. ബ്യൂപ്രോപിയോൺ ടാബ്ലെറ്റ് രൂപത്തിൽ പന്ത്രണ്ട് ആഴ്ച്ച കഴിക്കണം, എന്നാൽ ആ സമയത്ത് വിജയകരമായി പുകവലി ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ, പുകവലി വീണ്ടും തുടങ്ങുവാനുളള സാധ്യത കുറയ്ക്കുന്നതിന് 3 മുതൽ 6 മാസം വരെ ഇത് ഉപയോഗിക്കാം. തലച്ചോറിലെ നിക്കോട്ടിൻ റിസപ്റ്ററുകളുമായി വാരെനിക്ലൈൻ ഇടപെടുന്നു, ഇത് പുകയില ഉപയോഗത്തിൽ നിന്ന് ലഭിക്കുന്ന ആനന്ദം കുറയ്ക്കുകയും നിക്കോട്ടിൻ പിൻവലിക്കൽ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. പന്ത്രണ്ട് ആഴ്ചത്തേക്ക് വാരെനിക്ലൈൻ ഉപയോഗിക്കുക. പെരുമാറ്റ വ്യതിയാനങ്ങൾ, വിഷാദാവസ്ഥ, മോശം മാനസികാവസ്ഥ, കോപം, ശത്രുത മനോഭാവം, ആത്മഹത്യാ പ്രവണതകൾ അല്ലെങ്കിൽ ശ്രമങ്ങൾ എന്നിവ ഈ മരുന്നുകൾ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകാൻ സാധ്യതയുണ്ട് . 

4. പെരുമാറ്റശീലം മെച്ചപ്പെടുത്തുന്നതിന് പിന്തുണ തേടുക: പുകവലിയിലുള്ള വൈകാരികവും ശാരീരികവുമായ ആശ്രയത്വം മൂലം, അത് ഉപേക്ഷിച്ച ദിവസത്തിന് ശേഷം നിക്കോട്ടിൻ ഉപയോഗത്തിൽ നിന്നുള്ള വിട്ടുനിൽക്കൽ വെല്ലുവിളി ഉണ്ടാക്കുന്നു. ഇതിൽ നിന്ന് പുറത്തുകടക്കാൻ, ഈ ആശ്രയത്വം പരിഹരിക്കേണ്ടതുണ്ട്. കൗൺസിലിംഗ് സേവനങ്ങൾ, സ്വയം സഹായ സാമഗ്രികൾ തുടങ്ങിയവ തേടാം. ശാരീരിക ലക്ഷണങ്ങൾ കാലക്രമേണ മെച്ചപ്പെടുമ്പോൾ, വൈകാരികമായ പ്രശ്നങ്ങളും അകലുന്നു. ഇത്തരം പെരുമാറ്റശീലവുമായി ബന്ധപ്പെട്ട ചികിത്സ, ഗ്രൂപ്പ് തെറാപ്പി മുതൽ വ്യക്തിപരമായും ഫോൺ വഴിയോ ഓൺലൈൻ വഴിയോ ഉള്ളതുമായ വ്യക്തിഗത കൗൺസിലിംഗ് എന്നിങ്ങനെ പല തരത്തിൽ ആകാം. മറ്റുളള യാതൊരു പിന്തുണയുമില്ലാതെയുള്ള രീതി അവലംബിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വയം സഹായ സാമഗ്രികൾ ഉപയോഗിച്ചുള്ള രീതി പുകവലി ഉപേക്ഷിക്കുന്നതിന്റെ നിരക്ക് വർദ്ധിപ്പിക്കും. പക്ഷേ മൊത്തത്തിൽ, വ്യക്തിഗത കൗൺസിലിംഗ് ഏറ്റവും ഫലപ്രദമായ പെരുമാറ്റ പിന്തുണാരീതിയാണ്. നാഷണൽ ഹെൽത്ത് മിഷനും ഡിപ്പാർട്ടമെന്റ് ഓഫ് ഹെൽത്തും സംയുക്തമായുള്ള സംരംഭമായുള്ള ദിശ -1056 ഇത്തരം ചികിത്സകൾ സൗജന്യമായി നൽകുന്നുണ്ട്. പുകവലി ശീലമാക്കിയവർ അത് ഉപേക്ഷിക്കുമെന്ന തീരുമാനമെടുക്കുക ശാസ്ത്രീയമായ മാർ​ഗങ്ങൾ ഉപയോഗിച്ച് നിക്കോട്ടിൻ ആസക്തിയിൽ നിന്ന് പൂർണ്ണമായും മുക്തമാവാനും നല്ല ശീലം ആരംഭിക്കുവാനും കഴിയും. പുകവലി ശീലമാക്കിയവർ അത് ഉപേക്ഷിക്കുമെന്ന തീരുമാനമെടുക്കുക ആരോഗ്യമുള്ള സമൂഹത്തിനായും പരിസ്ഥിതിക്കായും പുകയില വിരുദ്ധ പ്രവർത്തനങ്ങളിൽ നമുക്കും പങ്കാളികളാകാം.